മുത്ത് നബി(സ)യോടുള്ള അനുയായികളുടെ സ്നേഹം കണ്ടമ്പരന്ന ഖുറൈശീ പ്രതിനിധി ഉർവത്തു ബ്നു മസ്ഊദ് വാചാലനാകുന്നുണ്ട്.
"കിസ്റയും ഖൈസറും നജ്ജാശിയുമുൾപ്പെടെ ഒരുപാട് രാജാക്കന്മാരെ ഞാൻ കണ്ടിട്ടുണ്ട്. അല്ലാഹുവാണ, ഈ അനുയായികൾ മുഹമ്മദിനെ സ്നേഹിക്കുന്നത് പോലെ ഒരു രാജാവിനെയും അവരുടെ പ്രജകൾ സ്നേഹിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. പ്രവാചകൻ ഒന്ന് തുപ്പിയാൽ അത് ചെന്ന്പതിക്കുക ഏതെങ്കിലും സ്വഹാബിയുടെ കരങ്ങളിലാകും. അവരതെടുത്ത് ശരീരത്തിലും മുഖത്തും പുരട്ടി ബറക്കത്തെടുക്കും. അംഗസ്നാനം ചെയ്തു കഴിഞ്ഞാൽ ശേഷിച്ച വെള്ളത്തിനവർ തിക്കുംതിരക്കും കൂട്ടും".
നബിയേ , നിങ്ങൾ ഒരു പരുഷസ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കില്‍ സ്വഹാബ നിങ്ങളുടെ ചുറ്റിൽ നിന്ന് വേറിട്ടുപോകുക തന്നെ ചെയ്യുമായിരുന്നുവെന്നാണ് ഖുർആൻ ഭാഷ്യം.
ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ് ....
❤️❤️❤️
മുത്ത്നബി(സ)യും ഭാര്യമാരും മക്കളും ചേർന്നുജീവിച്ച സ്‌നേഹസംഗമം കുടുംബ ജീവിതത്തിനുള്ള മകുടോദാഹരണമാണ്. തകർച്ചയുടെ നൂൽപ്പാലത്തിലൂടെ ആടിയുലയുന്ന ആധുനിക കുടുംബബന്ധങ്ങൾ ഇതൊന്നു പഠിക്കണം.
റീലും വ്ളോഗും ബിഗ് സ്ക്രീനും പകരുന്ന ജീവിതസങ്കല്പങ്ങൾ യഥാർത്ഥ ജീവിതത്തിൽ ലഭിക്കാതെ വരുമ്പോഴാണ് ബന്ധങ്ങൾ വിഘ്നങ്ങളാകുന്നത്. സ്‌നേഹമസൃണമായ പെരുമാറ്റവും പൊറുത്തുകൊടുക്കാനുള്ള സുമനസ്സുമുണ്ടെങ്കില്‍ ഏത് വിള്ളലുകളും വിളക്കിചേര്‍ക്കാനാകും.
ദാരിദ്ര്യ നിർമാർജ്ജനത്തിന് ജനസംഖ്യാ നിയന്ത്രണം പരിഹാരമെന്ന് പറഞ്ഞവർ ഇപ്പോൾ കൂടുതൽ പ്രസവിക്കുന്ന മാതാക്കൾക്ക് സ്വപ്നതുല്യമായ പാക്കേജുകൾ നൽകുന്ന തിരക്കിലാണ്. അവിടെയാണ് പ്രവാചക വചനത്തിൻ്റെ പ്രസക്തി : നിങ്ങൾ സ്നേഹനിധികളും വീരപ്രസുക്കളുമായ സ്ത്രീകളെ വിവാഹം കഴിക്കുക !.
ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ് ...
❤️❤️❤️
പണ്ടൊരു തിങ്കളുദിക്കാനിരിക്കുമ്പോഴാണാ പൂതിങ്കളുദിച്ചത്. അതിൽ പിന്നെ അതിശോഭ പൂതിങ്കൾക്കായി.
സര്‍വ്വർക്കും അനുഗ്രഹമായിട്ടായിരുന്നാ നിയോഗം. അതുകൊണ്ടാണ് മക്കാനിവാസികള്‍ അല്‍ അമീനിനെ സ്നേഹിച്ച് തുടങ്ങിയതും. എന്നല്ല സസ്യലതാദികള്‍ മുതല്‍ വന്യമൃഗങ്ങള്‍വരെ ആ നിയോഗത്തില്‍ സന്തോഷിച്ചു.
അജ്ഞതയുടെ ഘനാന്ധകാരം മാത്രമുണ്ടായിരുന്നിടത്ത് ഒരു നുറുങ്ങുവെട്ടമായി തുടങ്ങി അധികം വൈകാതെ ഒരു പ്രകാശഗോപുരമായി മാറി, ഒളിമങ്ങാതെ ഇന്നും മനുഷ്യത്വത്തിലേക്ക് വഴി നടത്തുകയാണവിടുന്ന്.
ആ നിത്യഹരിത ജീവിതസന്ദേശങ്ങള്‍ ഇന്നും അടുക്കളയിലും മണിയറയിലും അരങ്ങിലും അണിയറയിലും മുഖരിതമാണ്.
സാരസമ്പൂർണ്ണമായ നിരവധി അധ്യായങ്ങളാൽ നിബിഢമായ ഒരു പാഠപുസ്തകമാണ് തിരുനബി (സ). ക്ഷണികമായ ഈ ജീവിതത്തിൽ ആ കൈപ്പുസ്തകം നെഞ്ചോടു ചേർത്ത് ജീവിക്കാനുതവി നൽകണേ നാഥാ....
ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ്....
❤️❤️❤️
No comments:
Post a Comment