അല്ലാഹു പറയുന്നു: നിശ്ചയമായും പണ്ഡിതന്മാര്‍ മാത്രമേ അല്ലാഹുവിനെ ഭയപ്പെടുകയുള്ളൂ.(ഫാത്വിർ 28 ). വിവരമുള്ളവരും വിവരമില്ലാത്തവരും സമന്മാരാകുമോ? (സുമർ 9 ). നിങ്ങളില്‍ നിന്ന് സത്യവിശ്വാസം കൈക്കൊണ്ടവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പദവികള്‍ ഉയര്‍ത്തുന്നതാണ്. (മുജാദില 11 ).
അബുദ്ദര്‍ദാഇല്‍(റ) നിന്നുദ്ധരണം-മഹാൻ പറഞ്ഞു: തിരുമേനി(സ്വ) ഇങ്ങനെ പ്രസ്താവിച്ചതായി ഞാന്‍ കേള്‍ക്കുകയുണ്ടായി : വിജ്ഞാനം തേടിക്കൊണ്ട് ഒരാള്‍ ഒരു വഴിയില്‍ പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ളൊരു മാര്‍ഗം അവന് അല്ലാഹു സുഗമമാക്കിക്കൊടുക്കുന്നതാണ്. വിദ്യാര്‍ഥിക്ക് -അവന്‍ ചെയ്യുന്ന പ്രവൃത്തിയില്‍ സംതൃപ്തരായിക്കൊണ്ട്- മലക്കുകള്‍ ചിറക് വിരിച്ചുകൊടുക്കും. ഒരു പണ്ഡിതനുവേണ്ടി, ആകാശഭൂമികളിലുള്ള സര്‍വരും -സമുദ്രങ്ങളിലെ മത്സ്യങ്ങള്‍ വരെ- പൊറുക്കലിനെ തേടുന്നതാണ്. മറ്റു ഉപഗ്രഹങ്ങളെക്കാള്‍ ചന്ദ്രനുള്ള ശ്രേഷ്ഠത പോലെയാണ് ആരാധകനെക്കാള്‍ പണ്ഡിതനുള്ള മഹത്ത്വം. നിശ്ചയം, പണ്ഡിതന്മാര്‍ അമ്പിയാക്കളുടെ അനന്തരാവകാശികളാണ്. ദീനാറോ ദിര്‍ഹമോ അവര്‍ വിട്ടേച്ചുപോയിട്ടില്ല; ഇവിടെ അവര്‍ ഉപേക്ഷിച്ചുപോയത് വിജ്ഞാനം മാത്രമാണ്. അതുകൊണ്ട്, ആര് വിജ്ഞാനമാര്‍ജിച്ചുവോ അവന് സമ്പൂര്‍ണസൗഭാഗ്യമാണ് കൈവരിക്കാന്‍ കഴിഞ്ഞത്. (തുർമുദി, അബൂദാവൂദ്)
അബൂദര്‍റില്‍(റ) നിന്നുദ്ധരണം , നബി(സ്വ) പ്രസ്താവിച്ചു: അബൂദര്‍, നീ അല്ലാഹുവിന്റെ കിതാബില്‍ നിന്ന് ഒരു ആയത്ത് പഠിക്കുന്നത് നൂറ് റക്അത്ത് നമസ്‌കരിക്കുന്നതിനേക്കാള്‍. ഉത്തമമാണ്. നീ ഇല്‍മിന്റെ ഒരധ്യായം പഠിക്കുന്നത് -അതനുസരിച്ച് കര്‍മങ്ങളനുഷ്ഠിക്കപ്പെട്ടാലും ഇല്ലെങ്കിലും- ആയിരം റക്അത്ത് നമസ്‌കരിക്കുന്നതിനെക്കാള്‍ നിനക്കത് മഹത്തരമായിരിക്കും. (ഇബ്നു മാജ)
ഉസ്മാന്‍(റ) വില്‍ നിന്ന് നിവേദനം , റസൂല്‍(സ്വ) പ്രസ്താവിച്ചു: ഖിയാമനാളില്‍ മൂന്ന് വിഭാഗമാളുകള്‍ ശഫാഅത്ത് ചെയ്യുന്നതാണ്. പ്രവാചകന്മാരും പണ്ഡിതന്മാരും രക്തസാക്ഷികളും. (ബൈഹഖീ )
തിരുനബി(സ്വ) അരുളി: ഒരു മനുഷ്യന് അല്ലാഹു നന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവനെ മതകാര്യങ്ങളില്‍ പണ്ഡിതനാക്കും. (ബുഖാരി, മുസ്ലിം).
അബൂബക്ര്‍(റ) നിവേദനം ചെയ്യുന്നു , നബി തിരുമേനി(സ്വ) പ്രസ്താവിച്ചതായി ഞാന്‍ കേള്‍ക്കുകയുണ്ടായി: നീ ഒന്നുകില്‍ പണ്ഡിതനാവുക. അല്ലെങ്കില്‍ വിദ്യാര്‍ഥിയോ വിജ്ഞാനം ശ്രവിക്കുന്നവനോ അറിവിനെ സ്‌നേഹിക്കുന്നവനോ ആവുക. അഞ്ചാമതൊരു ഗണത്തില്‍ നീ അകപ്പെട്ടുപോകരുത്; അപ്പോള്‍ നീ നശിച്ചുപോകുന്നതാണ്.
ഒരു ദിവസം അസ്വര്‍ നമസ്‌കാരം കഴിഞ്ഞ് നബി(സ) ഒരു വ്യക്തിയുമായി സംസാരിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ മരണം അടുത്തിട്ടുണ്ടെന്ന് അല്ലാഹു വഹ്‌യ് അറിയിച്ചു കൊടുത്തു. അതറിഞ്ഞ അനുചരന്‍ ജീവിതത്തിലെ അന്ത്യ നിമിഷത്തില്‍ ഏത് പ്രവര്‍ത്തനത്തില്‍ മുഴുകണമെന്ന് ചോദിച്ചപ്പോള്‍ നീ വിജ്ഞാനവുമായി ബന്ധപ്പെട്ടു സമയം ചിലവഴിക്കുകയെന്നാണ് തിരുനബി(സ) കല്‍പ്പിച്ചത് (തഫ്‌സീര്‍ റാസി 2/176).
മതപ്രബോധന ഘട്ടത്തില്‍ പ്രതിരോധത്തിന് വേണ്ടി വാളെടുത്ത് പോരാടിയ മുസ്‌ലിംകള്‍ ശത്രുക്കളില്‍ നിന്ന് ബന്ധികളായി പിടിച്ചവരെ വിട്ടയക്കാനുള്ള മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് അവരില്‍ എഴുത്തും വായനയും അറിയുന്നവര്‍ മുസ്ലിംകൾക്ക് അത് പഠിപ്പിച്ചു കൊടുക്കുകയെന്നാണ്. വിദ്യാസമ്പന്നനും വിദ്യാ വിഹീനനും തത്തുല്യരാകുമോ എന്ന് ചോദിക്കാന്‍ ഖുര്‍ആന്‍ നബി(സ)യോട് ആവശ്യപ്പെടുന്നുണ്ട് (സുമര്‍-9). ഒരു വിഭാഗം ദീനിന്റെ സംരക്ഷണത്തിന് രണാങ്കണങ്ങളില്‍ പോരാടുമ്പോള്‍ ആ പാവന മതത്തിന്റെ അദ്ധ്യാപനങ്ങള്‍ പഠിക്കുന്ന മറ്റൊരു വിഭാഗം മദീനാ പള്ളിയില്‍ സുസജ്ജരായി നിലനിന്നിരുന്നുവെന്നതിന് ചരിത്രം സാക്ഷി. മനുഷ്യ ജീവിതത്തില്‍ നിര്‍വഹിക്കാവുന്നതും ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങള്‍ ഉപയോഗപ്പെടുത്തി നിര്‍വ്വഹിക്കപ്പെടുന്നതുമായ ഏറ്റവും വലിയ പുണ്യകര്‍മ്മം ശറഈ ജ്ഞാനങ്ങളും സഹായക ജ്ഞാനങ്ങളുമായി ബന്ധപ്പെടലാണെന്ന് മതം പഠിപ്പിക്കുന്നു(മിന്‍ഹാജ് ).
പ്രവാചകകാലഘട്ടം മുതല്‍ക്കു തന്നെ മുസ്‌ലിംകള്‍ തങ്ങളുടെ വീണു പോയ സ്വത്തായ വിജ്ഞാന മുത്തുകള്‍ പെറുക്കിയെടുക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നു.
പ്രവാചക സന്നിധാനത്തില്‍ വെച്ച് സ്വഹാബികളെല്ലാവരും വിജ്ഞാനം സമ്പാദിക്കുന്നവരായിരുന്നു. സമയ സന്ദര്‍ഭോചിതമായി അവതരിക്കപ്പെടുന്ന കാര്യങ്ങള്‍ തിരുവാക്യങ്ങളായി അവര്‍ മനസ്സില്‍രേഖപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാലും അബൂഹുറൈറ (റ) യുടെ നേതൃത്വത്തില്‍ മദീനാ പള്ളിയില്‍ വെച്ച് നബി(സ)യില്‍ നിന്ന് ഇല്‍മ് പഠിച്ചിരുന്ന സ്വഹാബികളുടെ ഒരു കൂട്ടമുണ്ടായിരുന്നു. അഹ്‌ലുസ്സുഫ്ഫ എന്നാണിവര്‍ അറിയപ്പെട്ടിരുന്നത്. ഇല്‍മിനുവേണ്ടി മാത്രം സമയം ചിലവഴിച്ചിരുന്ന ഇവരുടെ ഭക്ഷണകാര്യങ്ങള്‍ ഏറ്റെടുത്തിരുന്നത് മറ്റു സ്വഹാബികളായിരുന്നു. കാലങ്ങളോളമായി നമ്മുടെ നാടുകളില്‍ നില നിന്നു പോരുന്ന പള്ളി ദര്‍സ് സംവിധാനത്തിന്റെ ഏറ്റവും വലിയ മാതൃകയാണിത്.
ഹൃദയത്തില്‍ നിന്നും ഹൃദയങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഇലാഹിയ്യായ തിരിച്ചറിവാണ് ജ്ഞാനം. ലോകതലത്തില്‍ തന്നെ എക്കാലത്തും വിജ്ഞാനത്തിന് വലിയ പ്രാധാന്യം നല്‍കിയതായി കാണാം. എന്നാല്‍, വിശുദ്ധ ഇസ്ലാമിനോളം വിജ്ഞാനത്തിന് മഹത്വം കല്‍പ്പിച്ച മതങ്ങളോ ഇസങ്ങളോ പ്രത്യേയ ശാസ്ത്രങ്ങളോ ചരിത്രത്തിലും വര്‍ത്തമാനത്തിലും കാണാന്‍ സാധ്യമല്ല. വിജ്ഞാനത്തിന്‍റെ ആത്മാവ് അത്രത്തോളം തൊട്ടറിഞ്ഞ മതമാണ് വിശുദ്ധ ഇസ്ലാം. ഇസ്ലാമില്‍ വിജ്ഞാനത്തിന്‍റെ അദ്വിതീയത ഗ്രഹിക്കാനുതകുന്ന ഖുർആനോക്തികളും തിരുവചനങ്ങളും സുലഭമാണ്. തദ്വിഷയകമായ ഉദ്ധൃത ആയത്തുകളും ഹദീസുകളും അവയിൽ ചിലത് മാത്രമാണ്. സർവ്വവും അംഗവിക്ഷേപം ചെയ്യുന്നത് വിജ്ഞാന സമ്പാദനാ മാഹാത്മ്യത്തിലേക്കാണ്. വിജ്ഞാനസാഗരം എന്ന സ്ഥാനപ്പേരിൽ വിശ്രുതി നേടിയ കഥാപുരുഷനെ സ്മരിക്കുന്നിടം ഈയൊരാമുഖത്തിന്റെ സാംഗത്യം സുതരാം വ്യക്തമാണ്.
ജ്ഞാനസാഗരം.
ഉസ്താദുൽ അസാതീദ് എന്ന വിജ്ഞാനസാഗരത്തിന്റെ അഗാധമായ ആഴവും പരപ്പും കണ്ട് അമ്പരന്ന് നിൽക്കാനേ നമുക്ക് നിർവ്വാഹമുള്ളൂ. എങ്കിലും പ്രവിശാലമായ ആ പാരാവാരത്തിൽ നിന്ന് ഇരുകരങ്ങളും ചേർത്തുപിടിച്ചു ആവുന്നിടത്തോളം വികസിപ്പിച്ചു കോരിക്കുടിക്കാനുള്ള എളിയ ശ്രമമാണ് വിനീതൻ നടത്തുന്നത്. അവിടുത്തെ മദദും തർബിയ്യത്തുമാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. ദീനിന് വേണ്ടി അശ്രാന്ത പരിശ്രമം നടത്തിയ ശൈഖുനയോട് വാക്കുകൾ കൊണ്ടെങ്കിലും ഐക്യദാർഢ്യം പ്രകടിപ്പിച്ചാൽ അത് അല്ലാഹു സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു.
അധ്യയന കാലം.
25 വര്‍ഷത്തോളം നീണ്ടുനിന്നതായിരുന്നു മഹാനവർകളുടെ ഔദ്യോഗിക വിജ്ഞാനസമ്പാദന കാലം. പിതാവായ അലി ഹസന്‍ എന്ന കോയട്ടി മുസ്‌ലിയാര്‍ തന്നെയായിരുന്നു ആദ്യഗുരുനാഥന്‍. മക്കളെ സ്വന്തം ശിക്ഷണത്തില്‍ തന്നെ വളര്‍ത്തി കൊണ്ട് വരിക എന്നത് അക്കാലത്തെ മലബാറിലെ പണ്ഡിത കുടുംബങ്ങളുടെ പതിവ് രീതിയായിരുന്നു. കുഴിപ്പുറം പള്ളിയില്‍ അന്ന് മുദര്‍രിസായിരുന്ന അല്‍ഫിയക്കാരന്‍ അമ്പലവന്‍ കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാരില്‍ നിന്നായിരുന്നു നഹ്‌വിന്റെ ആദ്യ പാഠങ്ങള്‍ കരസ്ഥമാക്കിയത്. തുടര്‍ന്ന് ഉമ്മയുടെ വഫാതിന് ശേഷം മറ്റത്തൂരില്‍ മമ്മുട്ടി മോല്യാര്‍പാപ്പ എന്ന് ശൈഖുന പറയാറുള്ള കൈപ്പറ്റ കരിമ്പനക്കല്‍ മമ്മുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. മമ്മുട്ടി മുസ്‌ലിയാരുടെ അടുത്ത് നിന്ന് അല്‍ഫിയ ഓതിയതിന്റെ സംതൃപ്തി പലപ്പോഴും ശൈഖുനാ ഓര്‍ത്തെടുക്കാറുണ്ടായിരുന്നു. എല്ലാവരും അല്‍ഫിയയുടെ മത്‌ന് മാത്രം മനപ്പാഠമാക്കുമ്പോള്‍ ഞാന്‍ മത്‌നും ശറഹും മനപ്പാഠമാക്കിയിരുന്നു- ശൈഖുന ആത്മനിർവൃതി കൊള്ളാറുണ്ടായിരുന്നു. പിന്നീട് 1932 മുതൽ 1940 വരെ സുദീർഘകാലം ചെമ്മങ്കടവ് , വണ്ടൂർ , തലക്കടത്തൂർ എന്നിവിടങ്ങളിൽ സ്വദഖത്തുല്ല മുസ്‌ലിയാരുടെ കീഴിൽ പഠനം നടത്തി. സ്വദഖത്തുല്ല മുസ്‌ലിയാരുടെ സവിശേഷമായ അധ്യാപന ശൈലിയും വിശകലന പാടവവും ഉസ്താദിനെ നന്നായി സ്വാധീനിച്ചിരുന്നു. ശേഷം ശൈഖ് ഹസന്‍ ഹസ്രത്തുമായുള്ള കൂടിക്കാഴ്ചയില്‍ കാപ്പാട് കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരെ കുറിച്ചറിഞ്ഞു. കാപ്പാട് ദര്‍സിലെ രിസാലത്തുല്‍ മാറദീനിയുടെയും ഹിസാബിന്റെയും വിശേഷണങ്ങള്‍, ബുര്‍ഹാനുകളുടെ സമര്‍ഥനങ്ങള്‍ ഇതെല്ലാം കേട്ടപ്പോള്‍ ശൈഖുനാക്ക് ആ ഇല്‍മിനോടും കാപ്പാട് ഉസ്താദിനോടുമുള്ള താത്പര്യം പതിന്മടങ്ങ് വര്‍ധിച്ചു. അങ്ങനെ 1940 - 43 വരെ അദ്ദേഹത്തിന്റെ ദര്‍സില്‍ പഠനം നടത്തി.
കാപ്പാട് ഉസ്താദിന്റെ ആകര്‍ഷകമായ വിശകലന പാടവത്തില്‍ മതിമറന്ന് ശൈഖുനാ മുമ്പ് ഓതിയിരുന്ന മിക്ക കിതാബുകളും അവിടെ നിന്ന് ആവര്‍ത്തിച്ച് പഠിച്ചു. അവിടെ വെച്ച് രിസാലത്തുല്‍ മാറദീനി അടക്കമുള്ള വിവിധ കിതാബുകള്‍ ഓതുകയും വിവിധ വിജ്ഞാന മേഖലകളില്‍ പ്രാഗല്‍ഭ്യം നേടുകയും ചെയ്തു. രിസാലത്തുല്‍ മാറദീനി മുഴുവനും ശൈഖുന സ്വന്തം കൈപ്പടയില്‍ എഴുതി നന്നാക്കിയാണ് ഓതിയിരുന്നത്. അവിടെ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, കാടേരി, അണ്ടോണ അബ്ദുല്ല മുസ്‌ലിയാർ, ശൈഖ് ഹസൻ ഹസ്രത് മുതലായവർ പഠനം നടത്തിയിരുന്നു.
1944 ല്‍ ഉപരിപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തില്‍ ചേര്‍ന്നു. പൂന്താവനം അബ്ദുല്ല മുസ്ലിയാർ, പന്നൂർ സി. അബ്ദുറഹ്മാൻ മുസ്ലിയാർ, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ള പല പ്രമുഖരും ബാഖിയാത്തില്‍ ശൈഖുനയുടെ സതീർത്ഥ്യരായിരുന്നു. ശംസുല്‍ ഉലമാ ഇ.കെ അബൂബക്ർ മുസ്‍ലിയാരുടെ ശിഷ്യത്വം ലഭിച്ചത് അവിടെ വെച്ചായിരുന്നു.
അധ്യാപന കാലം.
ബാഖിയാത്തിലെ പഠനം കഴിഞ്ഞെത്തി ശൈഖുനാ 1946 ല്‍ ആദ്യ ദര്‍സ് ജന്മനാടായ കുഴിപ്പുറത്ത് ആരംഭിച്ചു. കെ സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ അടക്കമുള്ള പല പ്രമുഖരും ആദ്യവർഷം തന്നെ ശിഷ്യരായി. മദ്‌റസതു സിറാജുല്‍ ഉലൂം എന്ന് നാമകരണം ചെയ്യപ്പെട്ട ആ ദര്‍സിലേക്ക് പിന്നീട് വിജ്ഞാന കുതുകികളായ വിദ്യാര്‍ഥികളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു. 1948 ൽ കെ. സി ഉസ്താദടക്കമുള്ള ആദ്യ സംഘത്തെ ബാഖിയാത്തിലേക്കയച്ചു. 1951 ൽ ബാഖിയാത്തിൽ നിന്ന് ബിരുദമെടുത്ത് വന്ന കെ. സി. ജമാലുദ്ധീൻ മുസ്ലിയാർ കായംകുളം ഹസനിയ്യയിൽ മുദരിസായപ്പോൾ തന്റെ ഗുരു ഒ.കെ ഉസ്താദിനെ അവിടെ പ്രധാന മുദരിസായി നിയമിച്ചു. ശേഷം, തലക്കടത്തൂര്‍ കായംകുളം, ചെറുശ്ശോല, മാട്ടൂല്‍ വേദാമ്പ്രം, ചാലിയം, കിഴക്കേപ്പുറം, പൊടിയാട് തുടങ്ങിയ നാടുകളിലായി ദര്‍സ് തുടര്‍ന്നു. 1953 -ലാണ് ചാലിയത്ത് മുദരിസാകുന്നത്. തുടക്കത്തിൽ 80 മുതഅല്ലിമുകളായിരുന്നു ശൈഖുനക്കൊപ്പമുണ്ടായിരുന്നത്. എന്നാൽ 1959-60 രണ്ടു വർഷം തലക്കടത്തൂരിലായിരുന്നു ശൈഖുനയുടെ ദർസ് . അതിനു ശേഷം വീണ്ടും ചാലിയത്തെത്തുകയും 1979 വരെ അധ്യാപനം തുടരുകയും ചെയ്തു. ഏകദശം മൂന്ന് പതിറ്റാണ്ടോളം അവിടെ തന്നെ ദര്‍സ് നടത്തി. അതുകൊണ്ട് തന്നെ അക്കാലത്ത് ചാലിയത്തെ മൊയ്‌ല്യാര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കേരളത്തിലെ പല പണ്ഡിത പ്രമുഖരും ചാലിയം ദര്‍സിലെ ശൈഖുനയുടെ ശിഷ്യന്മാരാണ്. ചാലിയം ദര്‍സിന്റെ ആ സുവര്‍ണകാലത്തെ ഓര്‍മിപ്പിക്കുമാറ് ഇന്നും ചാലിയം പള്ളിക്കകത്ത് അദ്ദേഹം ദര്‍സ് നടത്തിയ ഇടം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. അതിനു ശേഷം 1980-88 കാലയളവിൽ രണ്ടത്താണി കിഴക്കെപുറത്ത് മുദരിസായി. 1989-ലാണ് പൊടിയാട്ട് ആലത്തൂർ പടിയിൽ ശൈഖുന ദർസ് നടത്തിയത്. തൊട്ടടുത്ത വർഷം , 1990 മുതൽ 2002 ( വഫാത് വരെ) ഒതുക്കുങ്ങൽ ഇഹ് യാഉസ്സുന്നയിലായിരുന്നു ശൈഖുനയുടെ തിരുസാന്നിധ്യം. ഇഹ്‌യാഉസ്സുന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത് 1958-ലാണ്. 1961-ൽ ഇഹ്‌യാഉസ്സുന്ന എന്ന പേരിൽ വിപുലീകരണവും ഉൽഘാടനവും നടന്നു. ബാഫഖി തങ്ങൾ, പൂക്കോയതങ്ങൾ, ശംസുൽ ഉലമ, സ്വദഖതുള്ള മുസ്‌ലിയാർ, ശൈഖ് ഹസൻ ഹസ്രത് മുതലായവർ സംബന്ധിച്ചു. 1966-ലാണ് റഈസുൽ ഉലമാ സുലൈമാൻ മുസ്‌ലിയാർ അവിടെ മുദരിസായി സേവനമാരംഭിച്ചത്.
അക്ഷരാർത്ഥത്തിൽ OK തന്നെയായിരുന്നു !!.
ദീനീ ചൈതന്യം സുസാധ്യമാകുന്നത് വിജ്ഞാന സമ്പാദനത്തിലൂടെയാണ്. തദ് ചൈതന്യം സമൂഹത്തിന് പകരുന്നത് പണ്ഡിതന്മാരുമാണ്. കേരളക്കര ഇത്രമേൽ പ്രോജ്ജ്വലിച്ച് വിജ്ഞാന പ്രസരണം നടത്തുന്നതിൽ നമുക്ക് അഭിമാനിക്കാം. എങ്കിലും ഈ അവർണ്ണനീയ പ്രഭയ്ക്ക് ശോഭയേകിയ രണ്ടക്ഷരങ്ങളെ നാം വിസ്മരിച്ചു കൂടാ. OK എന്ന അവിസ്മരണീയമായ രണ്ടക്ഷരങ്ങൾ ആംഗലേയ ഭാഷയിൽ പ്രതിനിധാനം ചെയ്യുന്നത് അംഗീകാരം, തൃപ്തി എന്നിവയെയൊക്കെയാണ്. അവ അന്വർത്ഥമാക്കും വിധം തന്നെയായിരുന്നു അവിടുത്തെ വ്യക്തിത്വം. സർവ്വരാലും അംഗീകരിക്കപ്പെട്ടവരും ഏവരാലും തൃപ്തിപ്പെട്ടവരുമായിരുന്നു ഒ.കെ ഉസ്താദ് . ഉസ്താദുൽ അസാതീദ് അഥവാ ഗുരുക്കന്മാരുടെ ഗുരു എന്ന് പണ്ഡിത ലോകം ഐക്യകണ്ഠേന നാമം ചാർത്തിയത് തന്നെ അതിനു മതിയായ തെളിവാണ്. ഗുരുനാഥന്മാരും സമകാലിക പണ്ഡിതന്മാരൊക്കെയും ശൈഖുനയെ പ്രശംസിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ശംസുല്‍ ഉലമ ഖുതുബി ഉസ്താദിന്റെ മകന്റെ വിവാഹ വേളയില്‍ ഇ.കെ. ഉസ്താദും സ്വദഖത്തുല്ല ഉസ്താദുമൊക്കെ ഇരിക്കുന്ന സദസ്സില്‍ ദൂരെ മാറി നിൽക്കുകയായിരുന്നു വിനയാന്വിതനായ ശൈഖുന. ദുആ നടത്താൻ സമയമായപ്പോൾ ഖുതുബി ഉസ്താദ് ശൈഖുനയെ വിളിച്ചിരുത്തി ദുആ ചെയ്യിപ്പിച്ചിട്ടുണ്ട്. ഇപ്രകാരം സ്വദഖത്തുല്ല ഉസ്താദിന്റെ ഭാര്യ മരണപ്പെട്ട് ജനാസയെടുക്കുന്ന നിർണ്ണായക സമയത്ത് ദുആ ഇരക്കാന്‍ ആവശ്യപ്പെട്ടത് ശൈഖുനയോടായിരുന്നു. ഇതിനെ കുറിച്ച് പിന്നീട് ചോദിച്ചപ്പോള്‍ സ്വദഖത്തുല്ല ഉസ്താദിന്റെ മറുപടി ഇപ്രകാരമായിരുന്നു : ‘അത് ഓടക്കലാണ്, കൈ ഉയര്‍ത്തിയാല്‍ അല്ലാഹു മടക്കില്ല’. സ്വന്തം ഗുരുക്കന്മാരുടെ ഇവ്വിധമുള്ള സാക്ഷ്യപത്രങ്ങൾ നേടിയ ശൈഖുനക്ക് ഇതിലപ്പുറം എന്തംഗീകാരമാണ് വേണ്ടത് !!!.
ശിഷ്യന്‍മാരുടെ ഉയര്‍ച്ചയില്‍ ശൈഖുനാ അതിയായി സന്തോഷിച്ച് എല്ലാവര്‍ക്കും ഗുരുത്വം മാത്രം നല്‍കി. തനിക്കു ലഭിച്ച രണ്ടനുഗ്രഹത്തെപ്പറ്റി ഇടക്കിടെ അവിടുന്ന് സ്മരിക്കാറുണ്ടായിരുന്നു. ഒന്ന്, കാര്യമായ രോഗം കൊണ്ട് ദര്‍സ് മുടങ്ങേണ്ടി വന്നില്ല. രണ്ട്, ശിഷ്യഗണത്തില്‍ അധികമാരും പരാജയപ്പെട്ടില്ല. അവരെല്ലാം ഇന്ന് ഉയര്‍ന്ന നിലയിലാണ്. നൈരന്തര്യം ഇല്‍മിനും ദീനിനും സേവനം ചെയ്യുന്നു. ഇന്ന് ലോകത്തിന്റെ ഗതിവിഗതികൾക്കനുസൃതമായി മതവൈജ്ഞാനിക മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്ന മുടിചൂടാമന്നന്മാരായ കൈരളിയുടെ പണ്ഡിത പടുക്കൾ ആ വിജ്ഞാന സാഗരത്തിൽ നിന്നോ അല്ലെങ്കിൽ അതിൽ നിന്ന് ഉരുവം കൊണ്ട പാരാവാരത്തിൽ നിന്നോ ദാഹമകറ്റിയവരാണെന്നത് പ്രസ്താവ്യമാണ്. ശൈഖുനായുടെ ഇല്‍മിൽ അല്ലാഹു ബറകത്ത് ചൊരിഞ്ഞിട്ടുണ്ട്. ആ ജീവിതം അവന്‍ അംഗീകരിച്ച് തൃപ്തിപ്പെട്ടിട്ടുണ്ട് എന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടത്? ഇബ്‌നു അത്വാഇല്ലാഹിസ്സിക്കന്തരി (റ) ‘ഹികമി’ല്‍ പറഞ്ഞതുപോലെ അല്ലാഹു ഒരാളുടെ അമലുകള്‍ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ദുന്‍യാവില്‍ വെച്ച് തന്നെ അതിന്റെ ഫലം അവന്‍ അനുഭവിക്കുക എന്നത് . ഈ വസ്തുത ശൈഖുനയെ സംബന്ധിച്ച് സൂര്യവെളിച്ചം കണക്കെ സുവ്യക്തമാണ്.
ഇല്‍മ് ഖബൂലാണെന്ന് തെളിയിക്കുന്ന, ശൈഖുനയുടെ ജീവിതത്തിലെ ഒരു സംഭവം ശിഷ്യന്മാര്‍ ഓര്‍ക്കാറുണ്ട്. ഉസ്താദ് രോഗശയ്യയിലായ കാലം, പൊതുവെ എവിടേക്കും പോകാറില്ലായിരുന്നു. മലപ്പുറത്തു നിന്ന് പ്രായമുള്ള ഒരു തങ്ങള്‍ വന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു പ്രശ്‌നമുണ്ട്. കുടുംബത്തില്‍നിന്ന് ഭ്രാന്ത് വിട്ടുപോവുന്നില്ല എന്നതാണ് പ്രശ്നം. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് എപ്പോഴും അതുണ്ടാവും. അയാള്‍ മരിച്ചാല്‍ അസുഖം അടുത്തയാളിലേക്ക് പകരും. എല്ലാ വാതിലുകളും മുട്ടിനോക്കിയിട്ടും ഫലം കണ്ടില്ല. ഇനി ഉസ്താദ് മാത്രമാണ് പ്രതീക്ഷ എന്ന് പറഞ്ഞാണ് അദ്ദേഹം ഒ.കെ ഉസ്താദിനെ സമീപിച്ചത്. തങ്ങന്മാരെ അതിരറ്റ് സ്‌നേഹിക്കുന്ന ശൈഖുനക്ക് ആ വയോധികന്റെ വാക്കുകള്‍ അവഗണിക്കാനായില്ല. അതിയായ അവശതയിലും ശൈഖുന അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. അവിടത്തെ പരാധീനതകള്‍ നേരില്‍ കണ്ട് ശൈഖുന മനസ്സറിഞ്ഞ് ഇങ്ങനെ ദുആ ചെയ്തുവത്രെ: ‘അല്ലാഹ്.. എന്റെ ഇല്‍മ് നിന്റട്ത്ത് ഖബൂലാണെങ്കില്‍ (സ്വീകാര്യമാണെങ്കില്‍) ഈ രോഗം നീ മാറ്റിക്കൊട്ക്ക്’ മൂന്ന് തവണ ആവര്‍ത്തിച്ച ആ ദുആയുടെ ഫലമായി ആ രോഗം പൂര്‍ണ്ണമായും സുഖപ്പെട്ടുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ഗുരുശ്രേഷ്ഠർക്കും ശിഷ്യഗണങ്ങൾക്കും പൗരപ്രമുഖർക്കും ബന്ധുമിത്രാദികൾക്കും ശൈഖുന ഏറ്റം പ്രിയമാവുന്നത് അവിടുത്തെ സ്വഭാവമഹിമ കൊണ്ട് തന്നെയായിരുന്നു. ശൈഖുനയുടെ ദർസ് രീതി വിശകലനം ചെയ്യുമ്പോഴാണ് ശിഷ്യരും ശൈഖുനയും എത്തരത്തിലായിരുന്നു എന്നു ബോധ്യമാവുക. ഇന്ന് ഒരു പാഠശാലയിൽ തന്നെ അനേകം ഉസ്താദുമാരും അവർക്കിടയിൽ തന്നെ നിലനിൽക്കുന്ന വിവിധങ്ങളായ അഭിപ്രായാന്തരങ്ങളും പല അസ്വാരസ്യങ്ങളിലേക്കും വഴി വെക്കുന്നു. അല്ലെങ്കിൽ ഒരു ഉസ്താദിനു കീഴിലുള്ള ശിഷ്യഗണങ്ങൾ തന്നെ അർഹമായ പരിഗണന ലഭ്യമാകുന്നില്ലെന്ന് തെറ്റുധരിച്ച് പരസ്പരം ഭിന്നിച്ച് കലഹം കൂട്ടുന്ന ദുരവസ്ഥയും സംജാതമായിരിക്കുന്നു.
ഇവിടെയാണ് ശൈഖുനയുടെ അധ്യാപന രീതിയുടെ പ്രസക്തി. പരിമിത ബുദ്ധികളായ വിദ്യാര്‍ഥികളെ പോലും തൃപ്തിപ്പെടുത്തും വിധം ലളിതവും ക്ഷമാപൂര്‍ണവുമായിരുന്നു ശൈഖുനയുടെ അധ്യാപനരീതി. ശൈഖുനയുടെ തിരുനോട്ടവും പരിഗണനയും കണ്ടാൽ ദർസിൽ പങ്കെടുക്കുന്ന ഏതൊരാൾക്കും തന്നെയാണ് ശൈഖുനക്ക് കൂടുതൽ ഇഷ്ടമെന്ന് തോന്നുമായിരുന്നു. അതുകൊണ്ടു തന്നെ മേൽപറഞ്ഞ അവഗണനയുടെ ഒരു കണിക പോലും ശിഷ്യരുടെ അന്തരംഗങ്ങളിൽ നാമ്പിടാറില്ലായിരുന്നു. അതിമിത ബുദ്ധിക്കാർക്കും മിതബുദ്ധിക്കാർക്കും പരിമിത ബുദ്ധിക്കാർക്കും ശൈഖുനയുടെ ക്ലാസിൽ നിന്ന് എന്തെങ്കിലുമൊക്കെ ആഗിരണം ചെയ്യാൻ കഴിയും വിധം ശ്രദ്ധേയമായിരുന്നു അവിടുത്തെ തദ്‌രീസ്. ഇത്തരുണത്തിലാണ് വ്യത്യസ്ത ദേശക്കാരായ പല പ്രായക്കാരായ വിവിധതരത്തിലുള്ള എണ്ണമറ്റ ശിഷ്യഗണങ്ങൾക്കൊക്കെയും ശൈഖുന പ്രിയപ്പെട്ട ഗുരുവര്യരാകുന്നത്. ഒരാളോടും പക്ഷപാതം തോന്നിക്കാതെ എല്ലാവര്‍ക്കും ഓര്‍ത്തെടുക്കുമ്പോള്‍ സന്തോഷത്തിന്റെ ഈറനണിയിക്കുന്ന സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന വിജ്യംഭിത സൂനമാണ് ശൈഖുനാ .
സർവ്വനടപ്പുകൾക്കും അവലംബം പ്രവാചക ചര്യ മാത്രമായിരുന്നു. ഹബീബായ നബി (സ) തങ്ങള്‍ വരച്ചുകാണിച്ചു തന്ന അത്യുൽകൃഷ്ട വിശേഷണങ്ങൾക്ക് സ്വശരീരത്തെ പാകപ്പെടുത്തിയെടുത്ത് സ്വന്തം മുതഅല്ലിമീങ്ങളുടെ സ്‌നേഹവായ്പുകൾക്ക് പാത്രീഭവിച്ച ശൈഖുനാ എന്നും ഏവർക്കും കണ്ണിലുണ്ണിയായിരുന്നു. ശകാര വര്‍ഷങ്ങളോ ശിക്ഷാ നടപടികളോ ഒന്നും തന്നെ ആ ദര്‍സില്‍ വേണ്ടി വന്നില്ല. ഒരാള്‍ക്കും വേദനയോ വിഷമമോ ഉണ്ടാക്കുന്ന ഒന്നും ആ അധരങ്ങളില്‍ അല്ലാഹു വരുത്തിയില്ല. അതിനാല്‍ തന്നെ അവിടുന്ന് പറയുന്ന വാക്കുകള്‍ക്കെല്ലാം പുലര്‍ച്ചയുണ്ടായിരുന്നു. ഹബീബായ നബി (സ) തങ്ങളോട് ദശാബ്ദം ഓരം ചേർന്ന് ഖിദ്മത്ത് ചെയ്ത അനസ്ബ്‌നു മാലിക്ക് (റ) പറയുന്ന അനുഭവം ഹദീസായി നമുക്ക് ഓതിത്തരുന്നതോടൊപ്പം അധ്യാപന ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്ത മഹാമനീഷിയാണ് ശൈഖുനാ . അനസ് (റ) അവർകളുടെ ആ വാക്കുകൾ ക്കെന്ത് ചാരുതയാണല്ലേ !! അവിടുന്ന് പറയുകയാണ് : അല്ലാഹുവാണ , ഞാൻ പത്തു വർഷം നബി (സ) ക്ക് നിസ്വാർത്ഥ സേവനം ചെയ്തിട്ടുണ്ട്. അക്കാലമത്രയും ഞാൻ പ്രവർത്തിച്ച കാര്യങ്ങളെ കുറിച്ച് ' എന്തിനാ അനസേ , നീ അങ്ങനെ ചെയ്തത് ' എന്നോ ഞാൻ ഉപേക്ഷ വരുത്തിയ കാര്യങ്ങളെ സംബന്ധിച്ച് ' എന്തേ അനസേ , നിനക്ക് അങ്ങനെ ചെയ്തു കൂടായിരുന്നോ ' എന്നോ ഹബീബ് തിരക്കിയിട്ടില്ല. നമ്മിൽ പലരും ഹദീസ് ഗ്രന്ഥങ്ങളിൽ ഈ ഹദീസ് പഠിച്ചതും പഠിപ്പിച്ചതുമാണ്. എന്നാൽ അത് പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ മാത്രം മാനസികസ്ഫുടത കൈവന്നില്ലെന്നു മാത്രം.
അനിഷ്ടമായത് വല്ലതും ആരുടെയെങ്കിലും ഭാഗത്ത് നിന്ന് വന്നുപോയാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അയാളുടെ മുഖത്തേക്ക് ശൈഖുനാ നോക്കില്ല. പ്രവാചകാധ്യാപനവും തഥൈവ തന്നെ. വിശുദ്ധഖുർആനിലെ സൂറത്തുത്തൗബ 118 - മത്തെ ആയത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് സ്വഹാബിമാരുടെ ഹൃദയഭേദകമായ നൊമ്പരങ്ങൾ ആവിഷ്കരിക്കുന്ന ഒരു ചരിത്രമുണ്ട്. കഥാ നായകൻ കഅ്ബ് (റ), തിരുനബിയുടെ അരുമശിഷ്യനാണ്. എങ്കിലും ഒരു കയ്‌പേറിയ അനുഭവം കഅബിനുണ്ടായിട്ടുണ്ട്. സ്വഹാബിമാർ തബൂക്ക് യുദ്ധത്തിന് പോകാൻ സജ്ജരായിക്കൊണ്ടിരിക്കുകയാണ്. അസഹ്യമായ ചൂട്, ചുട്ടുപൊള്ളുന്ന മണല്‍, മരുഭൂമിയിലൂടെയുള്ള യാത്ര, ശത്രുക്കളാണെങ്കില്‍ എണ്ണത്തില്‍ വളരെ കൂടുതല്‍, വേണ്ടത്ര സാധനസാമഗ്രികളില്ലാത്ത ദീര്‍ഘയാത്ര. അതിസങ്കീര്‍ണമായിരുന്നു കാര്യങ്ങള്‍. ശാരീരികമായും സാമ്പത്തികമായും നല്ല കഴിവുണ്ടായിരുന്ന കഅ്ബ്(റ) പക്ഷേ, യാതൊരു സജ്ജീകരണവും നടത്തിയില്ല. കഅ്ബ്(റ) താല്‍പര്യക്കുറവ് നിമിത്തം തബൂക് യുദ്ധത്തിന് കുറച്ചു കഴിഞ്ഞ് പോകാമെന്ന് വെച്ചു. അങ്ങനെ കാര്യങ്ങളെല്ലാം കൈവിട്ടു പോയി. യുദ്ധത്തിന് പോകാത്തതില്‍ കഅബിന് അതീവ ദുഃഖം തോന്നി. കുറച്ചു ബലഹീനര്‍ക്കും കപടവിശ്വാസികള്‍ക്കുമൊപ്പം മദീനയില്‍ നില്‍ക്കുന്നത് ആലോചിക്കാന്‍ വയ്യ. പക്ഷേ എന്തു ചെയ്യാന്‍. ഇനി പോയിട്ട് ഒരു കാര്യവുമില്ല. അദ്ദേഹം ആകെ അങ്കലാപ്പിലായി. സുദീര്‍ഘയാത്രക്കൊടുവില്‍ തിരുനബിയും, കൂട്ടരും തബൂക്കില്‍ എത്തി. അപ്പോഴാണ് കഅബ്(റ) ഇല്ലാത്തത് അവിടുത്തെ ശ്രദ്ധയില്‍ പെട്ടത്. നബി(സ്വ) കഅബിനെപ്പറ്റി അന്വേഷിച്ചു താനും. കഅ്ബിനെ കുറ്റപ്പെടുത്തിയും ന്യായീകരിച്ചും സ്വഹാബികൾക്കിടയില്‍ ചര്‍ച്ച നടന്നു. നബി (സ്വ) ഇതെല്ലാം കേട്ടു. പക്ഷേ ഒന്നും മിണ്ടിയതേയില്ല. യുദ്ധം കഴിഞ്ഞ് എല്ലാവരും നാട്ടിലെത്തി. അന്തരീക്ഷം മാറിമറിയാൻ തുടങ്ങി. ജനങ്ങളാരും ഇവര്‍ മൂന്ന് പേരോടും ഒരു കാരണവശാലും സംസാരിച്ച് പോകരുത് എന്ന് തിരുനബി(സ്വ) ആജ്ഞയിറക്കി. അതോടെ ഒരാളും അവരോട് മിണ്ടിയതേയില്ല. കണ്ടാല്‍ തിരിഞ്ഞു നടക്കും. വാതിലടക്കും. വിദേശത്ത് താമസിക്കുന്നതിന് തുല്യമായിരുന്നു ഈ മൂന്നു പേര്‍ക്കും അവിടെ. ഹിലാലും മുറാറയും (റ) കണ്ണീരൊലിപ്പിച്ച് വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടി. പുറത്തിറങ്ങിയതേയില്ല. എന്നാല്‍ കഅബ്(റ) നാട്ടിലിറങ്ങി നടക്കും അങ്ങാടിയില്‍ പോകും. സമയമായാല്‍ ജമാഅത്തിന് പള്ളിയില്‍ പോവുകയും ചെയ്തിരുന്നു. എന്നിരുന്നാലും ആരും ഒരക്ഷരം പോലും മിണ്ടുന്നുണ്ടായിരുന്നില്ല. കഅ്ബ്(റ) തിരുനബി (സ്വ)യുടെ അടുക്കല്‍ പോയി നിസ്‌കരിക്കും. നബി(സ്വ)യെ നോക്കും. അപ്പോഴൊക്കെ തിരുനബി മുഖം തിരിക്കുകയും കഅ്ബ്(റ)ന്റെ നോട്ടം തെറ്റിയാല്‍ അങ്ങോട്ടേക്ക് നോക്കുകയും ചെയ്യുമായിരുന്നു. കഅ്ബിന് വല്ലാത്ത വേദന തോന്നി. തിരുനബിയും മുഖം തിരിച്ചാല്‍ എന്തു ചെയ്യും? റബ്ബേ...!!!
ഭൂമി അതിന്റെ വിശാലതയില്‍ എത്രയോ ഇടുങ്ങിയതായി കഅ്ബിനു തോന്നിത്തുടങ്ങിയ ദിനങ്ങളായിരുന്നു അത്. ദിവസങ്ങള്‍ ഇഴഞ്ഞു നീങ്ങി. കഅ്ബിന്റെ നെഞ്ചില്‍ നീറ്റലിനറുതിയില്ലായിരുന്നു. ഒടുവിൽ അമ്പതാമത്തെ ദിവസം ആയത്ത് അവതരിക്കേണ്ടി വന്നു. കഅബിന് അതിരില്ലാത്ത സന്തോഷമായി. ഖുര്‍ആന്‍ ഉപമിച്ചത് പോലെ ഭൂമി വന്ന് ഞെരുക്കുന്ന പ്രതീതിയാവും ശൈഖുനായെ അകമറിഞ്ഞ് സ്‌നേഹിക്കുന്ന ശിഷ്യഗണങ്ങള്‍ക്ക് ആ തിരു നോട്ടരഹിത നിമിഷങ്ങള്‍ അനുഭവപ്പെടുക. ആയതിനാല്‍ എല്ലാവരും സ്വയം നിയന്ത്രിതരായി ആ ദര്‍സില്‍ കഴിഞ്ഞ് പോന്നു. ഈ രീതിയിലൊക്കെ തിരു ചര്യയോടുള്ള ബഹുമാനവും അവ പകര്‍ത്തുന്നതിലുള്ള ഉത്സാഹവും തിരുനബിയോടുള്ള സ്‌നേഹത്തില്‍ സത്യസന്ധതയും വെച്ച് പുലര്‍ത്തിയത് കൊണ്ടുള്ള ഗുണഫലമാണ് അവിടുത്തെ വിജയം.
ഈയിടെ ഫേസ്ബുക്കിൽ അൽ നുഹാസിയുടെ ഒരു കുറിപ്പ് വായിക്കാനിടയായി. പ്രമേയം ഒ.കെ. ഉസ്താദായിരുന്നു. കുറിപ്പുകാരൻ ശൈഖുനയെ മുഖതാവിൽ കാണാൻ പോയപ്പോൾ അനുഭവിച്ചറിഞ്ഞ ശൈഖുനയുടെ നിർമലമനസ്സാണിവിടെ പ്രതിപാദ്യം. അദ്ദേഹം തന്നെ പറയട്ടെ : പരപ്പനങ്ങാടി പാലത്തിങ്ങൽ ഹംസക്കോയക്കാടെ കൂടെയാണ് ഉസ്താദിന്റെ ഒതുക്കുങ്ങലിലെ വീട്ടിലേക്ക് ആദ്യമായി കടന്നു ചെല്ലുന്നത്. റൂമിലായിരുന്നു ഉസ്താദ്, പുറത്തു സന്ദർശകരുണ്ടെന്ന അറിയിപ്പു കിട്ടിയപ്പോൾ അവിടുന്നു പുറത്തേക്കു വന്നു.
ആ വരവ് ഇന്നും കണ്ണുകളിൽ നിന്നു മാഞ്ഞിട്ടില്ല. വുളൂ പുതുക്കിയതാണെന്നു തോന്നുന്നു, താടി രോമങ്ങളിൽ നിന്നു വെള്ളം ഇറ്റു വീഴുന്നുണ്ട്. പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യം, കോലായിലേക്കു കാലെടുത്തു വയ്ക്കുന്നതിനു മുമ്പു തല മറക്കാൻ കാണിച്ച ശുഷ്കാന്തിയാണ്. വാതിൽപ്പടിക്ക് അപ്പുറത്തു നിന്നു കൊണ്ടു തൊപ്പി തലയിൽ ശരിക്കും വച്ചു പിടിപ്പിച്ചതിനു ശേഷം മാത്രമേ മഹാനവർകൾ കാലെടുത്തു പുറത്തേക്കു വച്ചുള്ളൂ.
നബി (സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം) തങ്ങളെയാണ് ഓർമ്മ വന്നത്, സന്ദർശകർ ആരു വന്നാലും അവിടുന്ന് അലസമായ വസ്ത്രധാരണത്തോടെയോ അനാകർഷണീയമായ രൂപത്തിലോ അവരെ അഭിമുഖീകരിക്കാറുണ്ടായിരുന്നില്ലെന്നു ഹദീസിന്റെ ഗ്രന്ഥങ്ങളിൽ കാണാം.
പൂമുഖത്തേക്കു വന്നു, ആ ചാരുകസേരയിൽ ഇരുന്നു. എന്നിട്ടു ഞങ്ങളിരുവരുടെയും മുഖത്തു നോക്കി നന്നായി ഒന്നു പുഞ്ചിരിച്ചു. ആ ചിരിയും എന്റെ കണ്ണുകളിൽ നിന്നു മാഞ്ഞിട്ടില്ല, അതെങ്ങനെ മായാനാണ്?
നല്ല ഒരു ഉപ്പാപ്പാ, വെളുത്ത്, വട്ടത്തിൽ, നല്ല ചേലുള്ള മുഖം, അപ്പൂപ്പൻതാടിയെ ഓർമ്മിപ്പിക്കുന്ന നീണ്ട വെളുത്ത താടിരോമങ്ങൾ..നമ്മൾ കുട്ടിക്കഥകളിലൊക്കെ വായിച്ചു പരിചയപ്പെട്ട പോലോത്തൊരു ഉപ്പുപ്പാ.
സത്യമായും... അന്ന് അവിടെ, ആ മഹാരഥന്റെ ചാരുകസേരയ്ക്കു സമീപം, നിലത്തു മുട്ടു കുത്തിയിരിക്കുമ്പോൾ എനിക്കറിയില്ലായിരുന്നു ഞാൻ ഇരിക്കുന്നത് ഒരു ഇതിഹാസപുരുഷന്റെ സന്നിധിയിലാണെന്ന്.
കേരളക്കരയാകെ ഉസ്താദുൽ അസാതീദ് എന്ന് ഇത്തിഫാഖോടെ വിളിക്കുന്ന മഹാകേസരിയോടാണു ഞാൻ മിണ്ടിയും പറഞ്ഞും ഇരിക്കുന്നതെന്ന്.
നാടു ചോദിച്ചപ്പോൾ കൊടുങ്ങല്ലൂർ എന്നു പറഞ്ഞു. സ്വാഭാവികമായും ചേരമാൻ മസ്ജിദും അതിന്റെ പശ്ചാത്തല ചരിത്രവുമൊക്കെ സംസാരത്തിനു വിഷയീഭവിച്ചു.
കുറച്ചു നേരത്തെ പൊതുവായ സംസാരത്തിനു ശേഷം ഞാൻ എന്റെ ആഗമനോദ്ദേശം സൂചിപ്പിച്ചു... അതു കേട്ടു ചിരിച്ചു കൊണ്ടു ചോദിച്ചു.. (ഇജാസത്ത് സംബന്ധിച്ച് )
"എന്റെ അടുക്കൽ അതുണ്ടെന്ന് ആരാണു പറഞ്ഞത്?"
"അതൊക്കെ എനിക്കറിയാം..." ഒരു ചിരിയുടെ അകമ്പടിയോടെ ഞാൻ മറുപടി പറഞ്ഞു. ഞാൻ ആരുടേയും പേരു പറയാൻ പോയില്ല.
നിരാശപ്പെടുത്തിയില്ല, അൽഹംദുലില്ലാഹ്!
അല്ലെങ്കിലും ആ ഉപ്പാപ്പ ആരെയെങ്കിലും നിരാശപ്പെടുത്തിയിട്ടുണ്ടാകുമെന്നു തോന്നുന്നില്ല. ഒരു പച്ചപ്പാവം ഉപ്പാപ്പ... ഞാൻ അങ്ങനെയാണ് അവിടുത്തെ അനുഭവിച്ചത്. അങ്ങനെ തന്നെയാണു ഞാൻ മഹാനവർകളോടു പെരുമാറിയതും.
ഒരു പക്ഷെ ശൈഖുനാ കാന്തപുരം ഉസ്താദിന്റെയും ശൈഖുനാ ചെറുശ്ശേരി ഉസ്താദിന്റേയുമൊക്കെ ഉസ്താദാണ് ഇദ്ദേഹം എന്ന അറിവ് എനിക്ക് അപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ ഇത്രയും ആയാസരഹിതമായി ഇടപെടാനോ പിരിമുറുക്കമില്ലാതെ കാര്യങ്ങൾ സംസാരിക്കാനോ കഴിയുമായിരുന്നില്ല.
കൂടിക്കാഴ്ച്ച അവസാനിപ്പിച്ചു യാത്ര പറഞ്ഞു പിരിയുന്ന നേരത്ത്, മുസ്വാഫഹത്തിനായി കൈപിടിച്ചപ്പോൾ, ഇടറിയ കണ്ഠത്തോടെ ഒരു വസ്വിയ്യത്തെന്ന കണക്കിന് അവിടുന്നു പറഞ്ഞു, ഈമാനോടെ മരിക്കാൻ ദുആ ചെയ്യണം...അതു പറഞ്ഞപാടെ അവിടുത്തെ കണ്ണുകൾ ഈറനണിഞ്ഞു. ആ കാഴ്ച്ചയും ഇതുവരെ കണ്ണിൽ നിന്നു മാഞ്ഞിട്ടില്ല, അതൊട്ടു മായുകയുമില്ല, ഇൻശാ അല്ലാഹ്!
ഇത്ര വലിയ ഒരു മഹാൻ, നബി (സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം) തങ്ങളോടു മുശാവറഃ ചെയ്തിട്ടല്ലാതെ ഒരു കാര്യവും ചെയ്യാറുണ്ടായിരുന്നില്ലെന്നു വിശ്വസ്തർ സാക്ഷ്യം പറഞ്ഞ ഒരു ശ്രേഷ്‌ഠാത്മാവ്, തന്റെ ആഖിബത്തിനെക്കുറിച്ചോർത്ത് ഇത്ര വേപഥു പൂണ്ടുവെങ്കിൽ, നമ്മുടെ അവസ്ഥയിൽ നാം പരിതപിക്കുക തന്നെ!
സമയത്തിന് മൂല്യം കൽപ്പിച്ചവർ.
പ്രപഞ്ചനാഥൻ ചിലർക്ക് ഇതരരെക്കാൾ ആയുസ്സ് നൽകാറുണ്ട്. ചിലർക്ക് മറ്റുള്ളവരെക്കാൾ ബുദ്ധി നൽകാറുണ്ട്. ചിലർക്ക് വേറെ ചിലരെക്കാൾ സൗന്ദര്യം നൽകാറുണ്ട്. എന്നാൽ അഖിലർക്കും തുല്യമായി നൽകിയ ഒന്നാണ് സമയം. "കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ. . . ” എത്രയോ തവണ നാം ഇങ്ങനെ പറഞ്ഞിട്ടുണ്ടാവും, അല്ലേ? വാസ്‌തവത്തിൽ, സമയത്തിന്‍റെ കാര്യത്തിൽ സകലമനുഷ്യരും സമന്മാരാണെന്നു പറയാം! ശക്തർക്കും അശക്തർക്കും, പണ്ഡിതനും പാമരനും , കറുത്തവനും വെളുത്തവനും , സ്ത്രീക്കും പുരുഷനും, കുബേരനും കുചേലനും സമയം തുല്യമാണ്. ആർക്കും കൂടുതലുമില്ല, കുറവുമില്ല! സമയം അല്‌പം ‘സമ്പാദിച്ചുവെക്കാം’ എന്ന് ആരെങ്കിലും വിചാരിച്ചാലോ, അതും നടക്കില്ല! കൈവിട്ടുപോയാൽ, പോയതുതന്നെ! പിന്നൊരിക്കലും തിരിച്ചുപിടിക്കാമെന്നും വിചാരിക്കേണ്ട! അപ്പോൾപ്പിന്നെ, ഉള്ള സമയം മെച്ചമായി ഉപയോഗിക്കുകയെന്നതാണ് ബുദ്ധി. സമയമാണ് മനുഷ്യന്റെ ഏറ്റവും വിലയേറിയ സ്വത്ത്. കോടി രൂപ നഷ്ടമായാൽ അത് വീണ്ടെടുക്കാൻ കഴിഞ്ഞെന്നിരിക്കാം. എന്നാൽ, നഷ്ടമായ സമയം തിരിച്ചുകിട്ടില്ല.
‘ഓരോ ദിവസവും പ്രഭാതം വിളിച്ചുപറയും, ഞാനൊരു പുതിയ സൃഷ്ടിയാണ്. വേണ്ടതെല്ലാം എടുത്തോളൂ. ഞാന്‍ നഷ്ടപ്പെട്ടാല്‍ അന്ത്യനാള്‍ വരെ മടങ്ങിവരില്ല’. ഏറെ ചിന്തനീയമാണ് ഹസനുല്‍ ബസ്വരിയുടെ(റ) ഈ വാക്കുകള്‍. ജീവിതത്തിന്റെ അന്ത്യനിമിഷം വന്നുചേരുമ്പോൾ മാത്രമേ പലർക്കും സമയത്തിന്റെ വില മനസ്സിലാകൂ. ഇമാം ശാഫിഈ (റ) പറയുന്നത് കാണുക: ആത്മജ്ഞാനികളോടു കൂടെയുളള എന്റെ സഹവാസത്തില്‍ രണ്ടു കാര്യങ്ങള്‍ അവരില്‍ നിന്ന് പഠിക്കാനിടയായി. ആദ്യത്തേത്, ‘സമയം വാളാകുന്നു. നാമതിനെ മുറിച്ചില്ലെങ്കില്‍ അത് നമ്മെ മുറിക്കും. രണ്ടാമത്തേത്, ‘ശരീരത്തെ നന്മയുമായി സഹവസിപ്പിച്ചില്ലെങ്കില്‍ ശരീരം നമ്മെ തിന്മയുടെ കൂട്ടുകാരനാക്കും.’
സമയത്തെ കുറിച്ച് ഹസനുല്‍ ബസരി(റ) പറയുന്നത് ഏറെ ചിന്തോദ്ദീപകമാണ്: ‘ഹേ മനുഷ്യാ.. നീ തന്നെയാണ് കാലം, നിന്റെ ഒരു ദിവസം കഴിഞ്ഞു എന്നതിന്റെ അര്‍ഥം നിന്റെ ആത്മാവില്‍ നിന്ന് ഒരു കഷണം മുറിഞ്ഞുപോയി എന്നാണ്. സമ്പത്തിന് കൊടുക്കുന്ന പ്രാധാന്യത്തേക്കാള്‍ സമയത്തിന് വില കല്‍പ്പിക്കുന്ന സമൂഹങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്.’കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും സത്കര്‍മങ്ങളിലാണ് താന്‍ ചെലവഴിക്കുന്നത് എന്ന് ഉറപ്പിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. ജീവിതകാലം മുഴുക്കെ ജ്ഞാനപ്രസരണത്തിലും ഗ്രന്ഥരചനയിലുമായി സമയം ചെലവഴിച്ച ഇബ്നു ജരീറുത്വബരി(റ) മരണക്കിടക്കയില്‍ പോലും ഗ്രന്ഥരചനയിലേര്‍പ്പെട്ടു. ജീവിച്ച ആയുസിലെ ദിവസങ്ങളുടെ എണ്ണത്തേക്കാളുമധികം പേജുകള്‍ കിതാബുകള്‍ എഴുതിയും ഗ്രന്ഥരചനക്ക് ഉപയോഗിച്ച മരത്തിന്‍റെ പേനകള്‍ കൊണ്ട് മയ്യിത്ത് കുളിപ്പിക്കാനുള്ള വെള്ളം ചൂടാക്കാന്‍ വസ്വിയ്യത്ത് ചെയ്തും ചരിത്രത്തെ അത്ഭുതപ്പെടുത്തിയ മഹാമനീഷികള്‍ നമുക്ക് മുമ്പേ കടന്നു പോയിട്ടുണ്ട്. അവര്‍ക്കൊക്കെയും നമ്മുടേതിനു തുല്യമായി 24 മണിക്കൂര്‍ മാത്രം ദിവസവും നല്‍കപ്പെട്ടിട്ടും അത്രയും ചെയ്യാനായത് സമയത്തിന്‍റെ യഥാര്‍ഥ വിലയറിഞ്ഞു കൊണ്ട് അവര്‍ ജീവിച്ചു എന്നതു കൊണ്ടാണ്. സമയം വിശ്വാസിയുടെ മൂലധനമാണ്. എന്തിനുവേണ്ടി അതു ചെലവഴിച്ചുവെന്ന ചോദ്യത്തെ നാം അഭിമുഖീകരിക്കേണ്ടതുണ്ടെന്ന ബോധ്യം നമ്മിലുണ്ടാവണം.
മിന്‍ഹാജിന്‍റെ ആരംഭത്തിലെ നവവി ഇമാമിന്‍റെ വാക്കുകള്‍ കേള്‍ക്കാത്ത വിദ്യാര്‍ഥികള്‍ വിരളമായിരിക്കും. ‘ നിശ്ചയം വിജ്ഞാനസമ്പാദനത്തില്‍ സമയം ചെലവിടുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ സുകൃതവും അമൂല്യ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ ഏറ്റവും ഉചിതമായ കര്‍മവും എന്ന നവവി ഇമാന്‍റെ ഈ വാക്കുകളില്‍ തന്നെ വിദ്യാര്‍ഥി ജീവിതത്തിലെ സമയമൂല്യത്തിന്‍റെ സര്‍വ തലങ്ങളും ഉള്‍കൊണ്ടിട്ടുണ്ട്. സമയം വിദ്യാര്‍ഥി ജീവിതവുമായി എത്രമേല്‍ ഗാഢമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് ചരിത്രത്തിലെ യശശ്ശരീരായ പണ്ഡിതന്മാരുടെ ജീവിതം വായിക്കുമ്പോള്‍ നമുക്ക് ബോധ്യമാവും.
വല്ല കാര്യവും ചെയ്തു തീര്‍ക്കാനുള്ള സമയപരിധി കഴിഞ്ഞശേഷം ചെയ്യാത്തതില്‍ ഖേദിച്ച് വിരല്‍ കടിക്കേണ്ടി വരുന്ന അവസ്ഥ വിദ്യാര്‍ഥികള്‍ക്കിടയില്‍ സര്‍വസാധാരണമാണ്. ഇതിനുള്ള ഏകപരിഹാരം അവസരങ്ങളെ വിടാതെ പിന്തുടര്‍ന്ന് അവയെ കൃത്യമാംവിധം ഉപയോഗപ്പെടുത്തുക എന്നതു മാത്രമാണ്. വെറുതെ ഇരിക്കുക എന്ന പ്രവൃത്തി ഒരിക്കലും തന്നെ വിദ്യാര്‍ഥി ജീവിതത്തില്‍ ഉണ്ടാവാന്‍ പാടില്ലാത്തതാണ്. അവൻ മുഴുസമയവും വല്ല പ്രവര്‍ത്തനങ്ങളുമായി നിരതനാവണം. ഇതു തന്നെയാണ് ഖുർആനിന്റെ ഭാഷ്യവും : നിങ്ങള്‍ ഒരു ജോലിയില്‍ നിന്ന് വിരമിച്ചാല്‍ അടുത്തതില്‍ വ്യാപൃതമാവുക’ (സൂറത്തു ശറഹ്: 7,8) . ജനങ്ങളില്‍ അധികപേരും വഞ്ചിതരാവുന്നത് രണ്ട് അനുഗ്രഹങ്ങളുടെ വിഷയത്തിലാണ് എന്ന് പറഞ്ഞ തിരുനബി (സ) അതില്‍ രണ്ടാമതായി എണ്ണിയത് ഒഴിവു സമയത്തെയാണ് എന്നതും ഇതിന് ഉപോദ്ബലകമാണ്.
ഉള്ള സമയം എങ്ങനെയെങ്കിലും ജീവിച്ചു തീര്‍ക്കുക എന്നതാവരുത് ഒരിക്കലും വിദ്യാര്‍ഥിയുടെ അജണ്ട. സദാ പുതുതായി എന്തെങ്കിലും അറിവ് നേടിക്കൊണ്ടിരിക്കണം. പുതുതായി യാതൊരു അറിവും നേടാത്ത ഒരു ദിവസം എന്നില്‍ നിന്ന് കടന്നുപോയാല്‍ ആ ദിവസം എന്‍റെ ആയുസില്‍ പെട്ടതല്ല’ എന്ന കവിവാക്യം വിദ്യാര്‍ഥിക്ക് ചിന്തിക്കാന്‍ ഏറെ വക നല്‍കുന്നുണ്ട്. ചുരുക്കത്തില്‍, വിദ്യാര്‍ഥി ജീവിതവും സമയവും തമ്മില്‍ ഇഴപിരിക്കാനാവാത്ത ബന്ധമുണ്ട്. സമയത്തിന്‍റെ മൂല്യം തിരിച്ചറിഞ്ഞ് സദാ ബദ്ധശ്രദ്ധനായിരിക്കണം വിദ്യാര്‍ഥി, അല്ലാത്ത പക്ഷം വിരല്‍ കടിക്കേണ്ടി വരുമെന്ന് തീര്‍ച്ച .
ഇവ്വിധം സമയവിനിയോഗം പഠിപ്പിക്കാൻ വിനീതന് ഒരർഹതയുമില്ലെന്ന് നന്നേ ബോധ്യമുണ്ട് . എന്നാൽ, നമ്മുടെ സ്മര്യപുരുഷന്റെ ജീവിതത്താളുകൾ പരതി നോക്കിയപ്പോൾ ഒരിടത്തും ഒരു സമയനഷ്ടത്തിന്റെ ലാഞ്ഛനയുഭവപ്പെട്ടിട്ടില്ലെന്ന ആശ്വാസവുമുണ്ട്.
ശൈഖുനയെ കണ്ടും വായിച്ചും കേട്ടുമറിഞ്ഞവർ കൈമാറിയത് ഹൃദയസ്പർശിയായ വാക്കുകളാണ്. അധ്യാപനത്തിലും ജീവിത ശൈലിയിലും സമീപനത്തിലും ശൈഖുനയിലെ അറിവും മേന്മയും എളിമയും അറിഞ്ഞവർ സമൂഹമധ്യേ ശൈഖുനയുമായുള്ള ബന്ധങ്ങളും അനുഭവങ്ങളും ഓർത്തെടുത്തത് കേൾക്കുമ്പോൾ ആ മഹാമനീഷിയെ ഒരു നോക്കു കാണാൻ കഴിഞ്ഞില്ലല്ലോ എന്ന അതിയായ ഖേദമനുഭവപ്പെടുന്നുണ്ട്. ശൈഖുനയെ കണ്ടും വായിച്ചും കേട്ടുമറിഞ്ഞവർ കൈമാറിയത് ഹൃദയസ്പർശിയായ വാക്കുകളാണ്. അധ്യാപനത്തിലും ജീവിത ശൈലിയിലും സമീപനത്തിലും ശൈഖുനയിലെ അറിവും മേന്മയും എളിമയും അറിഞ്ഞവർ സമൂഹമധ്യേ ശൈഖുനയുമായുള്ള ബന്ധങ്ങളും അനുഭവങ്ങളും അയവിറക്കുമ്പോൾ ആ മഹാമനീഷിയെ ഒരു നോക്കു കാണാൻ കഴിഞ്ഞില്ലല്ലോ എന്ന അതിയായ ഖേദമനുഭവപ്പെടുന്നുണ്ട്. ശൈഖുനയുടെ പ്രിയ ശിഷ്യരുടെ അനുസ്മരണ ഭാഷണങ്ങൾ കേൾക്കാനിടയായി. വാക്കുകൾ കൊണ്ട് അവർ കൃത്യമായി ശൈഖുനയുടെ ജീവിതം അടയാളപ്പെടുത്തിയിട്ടുണ്ട്. അവരൊക്കെയും സാക്ഷ്യപ്പെടുത്തുന്നത് ഓരോ നിമിഷങ്ങളെയും നാളെയ്ക്കുള്ള സൂക്ഷിപ്പ് സ്വത്താക്കി മാറ്റി ദീനിന് ഖിദ്മ ചെയ്യുന്ന ശൈഖുനയെയാണ്. ശൈഖുനയുടെ ജീവിതത്തില്‍ നിന്ന് സകലരും പകര്‍ത്തേണ്ട പാഠം സമയത്തിനോടുള്ള ശൈഖുനയുടെ സമീപനമാണ്. ഒരാള്‍ ആവശ്യമില്ലാത്ത കാര്യങ്ങളുമായി ബന്ധപ്പെടുന്നത് അല്ലാഹു അയാളെ അവഗണിച്ചുവെന്നതിന്റെ അടയാളമാണെന്ന് ഇമാം ഗസ്സാലി (റ) അയ്യുഹല്‍ വലദില്‍ കുറിച്ചിട്ടുണ്ട്. ഇത്തരം അനാവശ്യ നിമിഷങ്ങൾ സാക്ഷിയായിട്ടില്ലാത്ത ജീവിതമായിരുന്നു ശൈഖുനയുടേത് . അതെ, ഒരു നിമിഷം പോലും പാഴാവാത്ത ഒരസാധാരണ ജീവിതം!. ഒരൊറ്റ നിമിഷവും അവിടുന്ന് പാഴാക്കാറുണ്ടായിരുന്നില്ല. ദിവസവും സുബ്ഹിയുടെ ഏറെ മുമ്പ് ഉണര്‍ന്ന് തഹജ്ജുദിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകും. പ്രാര്‍ത്ഥനകള്‍ക്ക് ഏറ്റവും ഉചിതമായ ഇരുട്ടുള്ള രാത്രികളില്‍ ഉസ്താദ് ഏറെ കരഞ്ഞ് നീണ്ടനേരം ദുആകളിലായി ചെലവഴിക്കും. നിഗൂഢാർത്ഥതലങ്ങളിലേക്ക് ആഴ്ന്നിറങ്ങി ചിന്തിച്ചുള്ള ആ ഓത്ത് കേട്ടാൽ തന്നെ തെളിഞ്ഞ ഈമാനുള്ള ശൈഖുനയുടെ ഹൃദയം വിറകൊള്ളുന്നതായി അനുഭവപ്പെടും. ശിക്ഷകൾ വിവരിക്കുന്ന ആയത്തുകൾ വീണ്ടും വീണ്ടും ഉരുവിട്ട് വിതുമ്പുന്നതും കാണാം. ചിലയിടങ്ങളിൽ ഓത്ത് നിർത്തി , അള്ളാഹ്..... എന്ന ജലാലത്തിന്റെ നാമം ഉരുവിട്ട് പ്രതീക്ഷകളർപ്പിക്കാറുമുണ്ട്. സുബഹ് നിസ്ക്കാരാനന്തരം ജ്ഞാനപ്രസരണം തുടങ്ങുകയായി. അതിവേഗം ക്ലാസ് തുടങ്ങാൻ ശിഷ്യരെക്കാൾ മുമ്പ് ശൈഖുനയാണ് ഹാജരാവുക. അനാവശ്യമായി ക്ലാസിലെത്താൻ വൈകിയാൽ ദേഷ്യപ്പെടാറുമുണ്ട്.
ശിഷ്യന്മാർ എത്ര പേർ ഹാജരായി എന്നൊന്നും നോക്കൂല. ഇൽമ് നേടണമെന്ന് ആവശ്യമുള്ളവർ കൃത്യത പാലിച്ച് ക്ലാസിൽ നേരത്തെ എത്തിച്ചേരുമെന്നതാണ് ഇതിനു പിന്നിലെ തത്വം. ഭക്ഷണത്തിനും നിസ്‌കാരത്തിനും വേണ്ടിയുള്ള ചെറിയ ഇടവേളകള്‍ മാത്രമേ പിന്നെയുണ്ടാവൂ. അതിരാവിലെ ക്ലാസ് ആരംഭിക്കുമ്പോഴും ഇടവേളകൾക്കു ശേഷവും ശൈഖുന തന്നെയാണ് ആദ്യം സ്ഥലത്ത് ഹാജരാവുക. മതാധ്യാപനത്തോടുള്ള അടങ്ങാത്ത മോഹവും സമയബോധവുമാണ് ഇവിടെ വ്യക്തമാകുന്നത്. വൈകുന്നേരങ്ങളിലും ക്ലാസുകള്‍ തന്നെയായിരിക്കും. മഗ്‌രിബിന് അല്‍പം മുമ്പ് നിര്‍ത്തി, കുളി കഴിഞ്ഞ് തസ്ബീഹും മറ്റുമായി, ഹദീസുകളില്‍ പറയപ്പെട്ടതുപോലെ മഗ്‌രിബ് നിസ്കാരത്തെ പ്രതീക്ഷിച്ചിരിക്കും. മഗ്‌രിബിന് ശേഷം സ്വഹീഹ് മുസ്‌ലിമിന്റെ പ്രത്യേക ദര്‍സ് ആയിരിക്കും. ബാഖിയാത്തിലെ റഈസുല്‍ ജാമിഅ ആയിരുന്ന അബ്ദുര്‍റഹീം ഹസ്രത്തിനെ കുറിച്ച് പറയുമ്പോഴൊക്കെ ശൈഖുന വികാരാധീതനാകാറുണ്ട്. ജീവിത സയാഹ്നത്തില്‍ ദര്‍സ് വിശേഷങ്ങള്‍ സംസാരിക്കുമ്പോള്‍ കൂട്ടത്തില്‍ പറയും: "ഇപ്പോ കോളജില്‍ പോകലുണ്ട്, സ്വഹീഹ് മുസ്‌ലിം മാത്രം ദര്‍സ് നടത്തും. വെല്ലൂരീന്ന് പോരുമ്പോള്‍ അബ്ദുര്‍റഹീം ഹസ്രത്ത് പറഞ്ഞതാ ഹദീസ് എപ്പോഴും ദര്‍സ് നടത്തണമെന്ന്. കയ്യിണത്രയും അത് വിടരുതെന്നും . ഇത് വരെ അത് മൊടങ്ങീട്ടില്ല". മുസ്ലിം ദര്‍സ് ഒഴിവാക്കിയ കാലം ഉസ്താദിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലത്രെ!!!. ഇശാ നിസ്‌ക്കാരം കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന ഇടവേളയില്‍ പതിവ് ദിക്റുകളില്‍ മുഴുകും. ഹദ്ദാദ്, വിർദുല്ലത്തീഫ്, ദലാഇലുൽ ഖൈറാത്ത് ... തുടങ്ങിയവ.
ശൈഖുനയുടെ ശൈഖാണു ചെറിയമുണ്ടം കുഞ്ഞിപ്പോക്കർ മുസ്‌ലിയാർ (മരണം ഹിജ്‌റഃ:1371). അലവിയ്യഃ, ബാഅലവിയ്യഃ എന്നെല്ലാം അറിയപ്പെടുന്ന ഹള്റമീ സാദാത്തുക്കളുടെ ആത്മീയസരണിയിൽ ശൈഖുനക്ക് ഇജാസത്തു കൊടുത്തതു ചെറിയമുണ്ടം മൂപ്പരാണ്. മറ്റു പല ഇജാസത്തുകളും മൂപ്പരിൽ നിന്ന് ശൈഖുനക്കുണ്ട്. അല്ലാമാഃ അഹ്‌മദ് കോയ അശ്ശാലിയാത്തി, പുതിയാപ്പിള അബ്ദുർറഹ്‌മാൻ മുസ്‌ലിയാർ, കക്കിടിപ്പുറം അബൂബകർ മുസ്‌ലിയാർ (റഹ്‌മതുല്ലാഹി അലൈഹിം) എന്നിവരിൽ നിന്നെല്ലാം ശൈഖുനക്ക് ഇജാസത്തുകളുണ്ട്. കേരളത്തിൽ അധികം പ്രചാരത്തിലില്ലാത്ത അപൂർവ്വമായ ഒരു ഇജാസത്തു കൂടി ശൈഖുനയുടെ പക്കലുണ്ടായിരുന്നു. ഏതിനം വിഷമിറക്കാനും ഉപകരിക്കുന്ന ഒരപൂർവ്വ മന്ത്രം. ഇമാം_നവവി റഹിമഹുല്ലാഹിയുടെ വിർദുന്നവവിയുടെ സനദും ശൈഖുനക്കുണ്ട്.
കുട്ടികള്‍ ഭക്ഷണം കഴിച്ച് തിരിച്ചെത്തിയാല്‍, കുട്ടികളുടെ വായ്ച്ചോത്ത് നിരീക്ഷിച്ചും അവരുടെ സംശയകുരുക്കുകൾ കെട്ടഴിച്ചു നല്‍കിയും അവര്‍ക്കിടയില്‍ തന്നെ കഴിച്ച് കൂട്ടും. അവിടുത്തെ ശിഷ്യനായ അലി ബാഖവി ആറ്റുപുറം ഉസ്താദ് അക്കാലത്തെ വായ്ച്ചോത്ത് അനുഭവം പങ്കുവെക്കുന്നുണ്ട്. ഒരിക്കൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വായ്ച്ചോത്ത് നടത്തുകയായിരുന്നു. ശൈഖുന വരാന്തയിലും മറ്റുമായി സശ്രദ്ധം എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് ക്ലാസിൽ ശൈഖുന ഒരു ഭാഗം വിശദീകരിക്കാൻ ഉസ്താദിനോട് ആവശ്യപ്പെടുകയുണ്ടായി. അപ്പോൾ ഉസ്താദിന് എന്തോ അപാകത ഇന്നലെ രാത്രിയിലെ വായ്ച്ചോത്തിൽ സംഭവിച്ചുവെന്ന് ബോധ്യമാവുകയും ഉടനെ അർത്ഥം മാറ്റി വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. തദവസരത്തിൽ ശൈഖുന പറഞ്ഞു: ഇന്നലെ അവിടെ വേറൊരു തരത്തിലാണല്ലോ കേട്ടത് ?!. ശൈഖുന ശിഷ്യരുടെ വായ്ച്ചോത്ത് സാകൂതം ശ്രവിക്കുകയും അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇതിൽ നിന്നും സുവ്യക്തമാണ്. ദര്‍സില്‍ എത്തിക്കഴിഞ്ഞാല്‍ ചൊല്ലിക്കൊടുക്കുന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ. അങ്ങനെത്തന്നെ ശിഷ്യരും വളര്‍ന്നു. നാട്ടില്‍ നടക്കുന്ന തര്‍ക്കങ്ങളോ രാഷ്ട്രീയ ചര്‍ച്ചകളോ ഒന്നും അവിടെ പ്രമേയമായില്ല. എപ്പോഴും ശൈഖുനയുടെ ഭാഗത്ത് നിന്നുള്ള പ്രചോദനവും പ്രോത്സാഹനവും ശിഷ്യർക്ക് ചാലക ശക്തിയായി. ക്ലാസ് സമയത്ത് സന്ദർശകർ വന്നാൽ നല്ലസമീപനം കൈകൊണ്ട് അവരെ സന്തോഷിപ്പിച്ച് വേഗം ക്ലാസ് തുടരും . പരിപാടിക്ക് ക്ഷണിക്കാൻ വരുന്നവരോട് കാര്യങ്ങൾ യഥാവിധി തര്യപ്പെടുത്തി ഞാൻ ഇവിടുന്ന് ദുആ ചെയ്തോളാം എന്ന് പറഞ്ഞ് സമാധാനിപ്പിക്കും. ദുൻയവിയ്യായ വർത്തമാനവുമായി ശൈഖുനക്കരികിൽ വരാൻ ആരും ധൈര്യപ്പെടില്ലായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, ശൈഖുനയുടെ ഒരു നിമിഷവും ഇബാദത്ത് ആയിട്ടല്ലാതെ കടന്നുപോയിട്ടില്ല.
നവരത്നങ്ങൾ വാരിക്കൂട്ടിയ ത്യാഗിവര്യൻ.
അല്ലാഹുവില്‍ ലയിച്ച് അവന്റെ പ്രീതി നേടിയ ഔലിയാഇന്റെ മാര്‍ഗത്തില്‍ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരിൽ പ്രധാനമായും മേളിക്കേണ്ട ഒമ്പത് ഘടകങ്ങൾ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) അവിടുത്തെ അദ്കിയാ എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഈ നവഘടകങ്ങളും ശൈഖുനയുടെ ജീവിതവും തമ്മിൽ ഇഴപിരിയാത്ത ബന്ധമുണ്ട്.
തൗബ.
ഒന്നാമത്തേത് തൗബയാണ്(പശ്ചാതാപം). അവന്റെയും അല്ലാഹുവിന്റെയും, തന്റെയും മറ്റു സൃഷ്ടികളുടെയും ഇടയില്‍ സംഭവിച്ച ചെറുതും വലുതുമായ മുഴുവന്‍ പാപങ്ങളില്‍ നിന്നും നിഷ്കളങ്കമായ പശ്ചാതാപം നടത്തിയിരിക്കണം. ദോഷം സംഭവിച്ചാല്‍ പെട്ടെന്ന് അതില്‍ നിന്ന് തൗബ ചെയ്ത് മുക്തനാവല്‍ നിര്‍ബന്ധമാണ്. സൂറതുശ്ശംസില്‍ ഇങ്ങനെ കാണാം: ‘ആത്മാവിനെക്കൊണ്ടും അതിനെ ന്യൂനതാമുക്തമാക്കി നന്മതിന്മകള്‍ ഗ്രഹിപ്പിച്ചുകൊടുത്ത മഹാശക്തിയെ കൊണ്ടും സത്യം . ആത്മാവിനെ ശുദ്ധീകരിച്ചവന്‍ വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു; അതിനെ മലിനീകരിച്ചവന്‍ നിശ്ചയം പരാജിതനായിരിക്കുന്നു’. അപ്പോള്‍ ആത്മാവിനെ ശുദ്ധീകരിക്കലാണ് വിജയ മാര്‍ഗം എന്ന് വ്യക്തം. ഇതുമായി ശൈഖുനയുടെ ജീവിതം ഉരച്ചു നോക്കിയാൽ തിരുജീവിതത്തിന്റെ മാറ്റ് കുറയുന്നതായി ദർശിക്കാവതല്ല. പശ്ചാത്താപം ചെയ്യുന്നവരെ ഉൽകൃഷ്ടരായി ചിത്രീകരിക്കുന്ന നിരവധി ഹദീസുകൾ നമുക്ക് മുമ്പിലുണ്ട്. " ആദം സന്തതികള്‍ തെറ്റു ചെയ്യുന്നവരാണ്. തങ്ങളുടെ തെറ്റുകളില്‍ പശ്ചാത്താപം ചെയ്യുന്നവരാണ് അവരില്‍ ഉത്തമര്‍ " എന്ന ഹദീസ് പശ്ചാത്താപത്തിന്റെ മഹത്വമറിയിക്കുന്നുണ്ട്. അള്ളാഹുമായി കൂടുതൽ സാമീപ്യം നേടിയ അടിമകൾക്ക് തങ്ങളിൽ നിന്ന് അറിയാതെ സംഭവിച്ച ചെറിയ പിഴവു പോലും വലിയ പാതകമായി നെഞ്ചകത്തിൽ നീറ്റലുണ്ടാക്കികൊണ്ടേയിരിക്കും. അതുകാരണം സദാ പരനോട് പരിഭവിക്കുകയും ചെയ്യും. രാത്രിയുടെ അന്ത്യയാമങ്ങളിലെ ശൈഖുനയുടെ ആരാധനകളും പടച്ച റബ്ബിലേക്കുള്ള ആവലാതി ബോധിപ്പിച്ചുള്ള പ്രാർത്ഥനാ വചസ്സുകളും ഇങ്ങനെ വേണം വ്യാഖ്യാനിക്കാൻ. പുലർച്ചെ മൂന്നു മണിക്ക് എഴുന്നേറ്റ് ആരാധനാനിരതനാകുന്ന ശൈഖുനയുടെ ജീവിതക്രമം മാതൃകാപരമാണ്. കളങ്കരഹിത ജീവിതം നയിച്ചിട്ടും പാപപങ്കിലനാണെന്ന തരത്തിൽ റബ്ബിനോട് കേഴുകയായിരുന്നു ശൈഖുന . ഖുർആൻ പാരായണം ചെയ്യുമ്പോൾ ആയത്തുകളിലെ ഗൗരവതരമായ വിഷയങ്ങൾ ചിന്തിച്ച് പലപ്പോഴും അവിടുത്തെ നയനങ്ങൾ സജലമാകാറുണ്ട്. ആയുസ്സിനെക്കുറിച്ചുള്ള നഷ്ടബോധത്തില്‍നിന്നാണ് പശ്ചാത്താപമുണ്ടാകുന്നത്. ആയുസ്സ് മുഴുവനും വിജ്ഞാനസമ്പാദനത്തിനും പ്രസരണത്തിനും ചെലവഴിച്ചിട്ടും പരലോകമോർത്ത് പരിതപിക്കുന്ന ശൈഖുനയുടെ ഖേദമനസ്സ് നാം കാണേണ്ടതു തന്നെയാണ്. തൗബയെന്നത് കുറേ ചെല്ലിപ്പറയുന്ന വാക്കുകളോ വാചകക്കസര്‍ത്തുകളോ അല്ല. മനസില്‍ ആത്മാര്‍ഥമായി രൂപപ്പെടുന്ന ഖേദമാണ്. 'ഖേദമാണ് തൗബ’ എന്ന് തിരുനബി(സ) അരുളിയിട്ടുണ്ട്. അപ്പോള്‍ അത് വാക്കുകളായി വന്നില്ലെങ്കിലും മനസ്സിലാണ് ഉണ്ടാകേണ്ടത്. സംഭവിച്ച് പോയതിലുള്ള അടങ്ങാത്ത വേദനയാണ് ഒരു മനുഷ്യനെ ഉരുക്കി നന്നാക്കുന്നത്. തിന്മകളെ നിസാരമായി കാണാന്‍ വിശ്വാസിക്ക് സാധിക്കില്ല. നബി(സ)യില്‍ നിന്നുദ്ധരിച്ചു അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറഞ്ഞു: ‘ഒരു മലയുടെ താഴ്ഭാഗത്തിരിക്കുന്നവനെപ്പോലെയാണ് സത്യവിശ്വാസിയായ മനുഷ്യന്‍ തന്റെ പാപങ്ങളെ ദര്‍ശിക്കുക. മല അവന്റെ മീതെ വീണേക്കുമോയെന്ന് ഭയമായിരിക്കുമവന്. ദുര്‍മാര്‍ഗ്ഗികള്‍ അവന്റെ പാപങ്ങളെ ദര്‍ശിക്കുക മൂക്കിന്റെ മുമ്പിലൂടെ പാറിപ്പോകുന്ന ഈച്ചയെ പോലെയായിരിക്കും. (ബുഖാരി). പ്രസ്തുത ഹദീസ് പ്രതിപാദിച്ച സത്യവിശ്വാസിയുടെ മഹാമനസ്സ് ശൈഖുനക്കുണ്ടായിരുന്നു. സത്യവിശ്വാസികൾ അവർക്ക് സംഭവിച്ചു പോയ പാപങ്ങളെ സഗൗരവം നോക്കിക്കാണുന്നു. ഈമാനിന്റെ പ്രഭ നിമിത്തം അവനിൽ ഭയാധിക്യം ഉടലെടുക്കുന്നു. അവൻ ചെയ്തുകൂട്ടിയ സുകൃതങ്ങളെ അവൻ ചെറുതായിക്കാണുകയും അവനിൽ നിന്ന് സംഭവിച്ചു പോയ ദുഷ്കൃതങ്ങളെ അവൻ വലുതായി കാണുകയും ചെയ്യുന്നു. പലപ്പോഴും ശൈഖുന മഹാന്മാരുടെ ജീവിതവും മഹിമയും അവതരിപ്പിച്ച് താൻ പാപ്പരനാണെന്ന് തെളിയിക്കാൻ വിഫലശ്രമം നടത്താറുണ്ട്. ആഖിറത്തിന്റെ കാര്യത്തിലുള്ള പരവശത എപ്പോഴും പ്രകടിപ്പിക്കുമായിരുന്നു. ഇതാണ് സത്യവിശ്വാസിയായ മനുഷ്യന്റെ പ്രകൃതി. ആകയാൽ അവൻ സദാ ഭയചകിതനും വിചാരണാ മനസ്കനുമായിരിക്കും. " ഒരു സത്യവിശ്വാസിയായ മനുഷ്യന്‍ എപ്പോഴും ഭയത്തിന്‍റെയും പ്രതീക്ഷയുടെയും ഇടയിലായിരിക്കണം " എന്ന ഹദീസ് കൂടി ഇതിനോട് ചേർത്തുവായിക്കുമ്പോൾ ആശയവൈപുല്യം കൈവരുന്നതാണ്.
ഖനാഅത്ത്.
രണ്ടാമത്തേത് ഖനാഅത്താണ് (കുറഞ്ഞതുകൊണ്ട് തൃപ്തിപ്പെടല്‍). ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം പോലോത്തതില്‍ ആഡംബരം വെടിഞ്ഞ് ലഭ്യമായതില്‍ തൃപ്തിപ്പെടുക എന്നതാണിത്കൊണ്ട് ലക്ഷ്യമാക്കുന്നത്. സംതൃപ്തിയുടെ രാജപാതയാണ് ‘ഖനാഅത്ത്. ഭക്ഷണ വസ്ത്ര ഭവന സൗകര്യങ്ങളില്‍ മിതത്വം പാലിക്കല്‍ ആത്മീയ യാത്രികന്‍റെ ഉത്തമ ഗുണങ്ങളില്‍ പ്രധാനമാണ്. ഇഹലോകത്തിന്‍റെ നിസ്സാരതയും പരലോകത്തിന്‍റെ വിശാലതയും യഥോചിതം വിവരിക്കുന്ന ഖുര്‍ആനും സുന്നത്തും ഭൗതിക വ്യവഹാരങ്ങളില്‍ മിതത്വം പാലിക്കണമെന്ന് ഊന്നിപ്പറയുന്നുണ്ട്. തീര്‍ച്ചയായും സമ്പത്തും സന്താനങ്ങളും നിങ്ങള്‍ക്ക് പരീക്ഷണങ്ങളാണ്. അല്ലാഹുവിങ്കലാണ് യഥാര്‍ത്ഥ പ്രതിഫലം (10/64). അല്ലാഹുവിലുള്ള പ്രതിഫലത്തേക്കാള്‍ ആരെങ്കിലും സമ്പത്തും മക്കളെയും തെരഞ്ഞടുത്താല്‍ അവര്‍ പരാജയപ്പെടുമെന്ന് സാരം. നബി(സ്വ) പറയുന്നു: ഭൗതിക വ്യവഹാരങ്ങളോടുള്ള താല്‍പര്യം വെള്ളം വൃക്ഷത്തെ വളര്‍ത്തും പോലെ മനുഷ്യ മനസ്സില്‍ കാപട്യം നിറക്കും (ബുഖാരി). ഐഹിക ലോകത്തിലെ സൗഭാഗ്യം വര്‍ധിക്കും തോറും പാരത്രിക ജീവിതം ക്ലേശകരമായിത്തീരുമെന്നും ഹദീസില്‍ കാണാം.
മനുഷ്യന്‍ ആഗ്രഹങ്ങളുടെ അടിമയായത് കൊണ്ടു തന്നെ അവന്‍റെ ഹൃദയം ഭൗതിക താല്‍പര്യങ്ങള്‍ക്കും വര്‍ധിത സൗകര്യങ്ങള്‍ക്കും വേണ്ടി മോഹിച്ചുകൊണ്ടേയിരിക്കും. അപ്പോഴൊക്കെയും അതിനെതിരെ സന്ധിയില്ലാസമരം നടത്തി ആ മോഹത്തെ കുഴിച്ചുമൂടാൻ കഴിയണം. അപ്പോഴാണ് അവൻ വിജയം വരിക്കുക. ഇവിടെയാണ് ശൈഖുനയുടെ ജീവിതമേന്മ അനാവൃതമാക്കപ്പെടേണ്ടത്.ശൈഖുനയുടെ അധ്യയന കാലമായാലും അധ്യാപനകാലമായാലും അത് ഖനാഅത്തുള്ളതായിരുന്നു. ഒരു മുദരിസ് അർഹിക്കുന്ന സുഖസൗകര്യങ്ങൾ അവിടുന്ന് ആഗ്രഹിക്കുകയോ ആസ്വദിച്ചിട്ടോയില്ലായിരുന്നു. ഇന്നത്തെ മുദരിസുമാർക്കും മുതഅല്ലിമുകൾക്കും അവിടുത്തെ ജീവിതത്തിൽ നിന്ന് ഊഹ്യമല്ലാത്ത പല കാര്യങ്ങളും വായിച്ചെടുക്കാനുണ്ട്.
ചാലിയത്ത് പ്രാഥമികാവശ്യങ്ങള്‍ക്കായി ഒരു കിലോ മീറ്റര്‍ നടന്ന് ഖാളിയാരകത്തേക്ക് പോകണമായിരുന്നു . മൂന്ന് പതിറ്റാണ്ട് കാലം ചാലിയത്ത് ദര്‍സ് നടത്തിയിട്ടും ഒരിക്കല്‍ പോലും പള്ളിയുടെ പരിസരത്ത് ഒരു ബാത്‌റൂം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന ആഗ്രഹം പോലും ശൈഖുന പ്രകടിപ്പിച്ചിട്ടില്ലായിരുന്നു . ഇത്തരത്തിൽ ധാരാളം സംഭവങ്ങൾ കാണാം.
1956 ലെ ഹജ്ജ് വേളയിൽ മദീനാ സിയാറത്ത് കഴിഞ്ഞു സമീപമുള്ള സിയാറത്ത് കേന്ദ്രങ്ങളിലേക്കെല്ലാം പോയി. അവിടെയെല്ലാം വിവിധ സ്വഹാബിമാരുടെ നാമധേയത്തിൽ ചെറിയ ചെറിയ പള്ളികള്‍ കണ്ടപ്പോൾ ഒരു പള്ളി നിര്‍മിക്കണമെന്ന ആഗ്രഹം മനസ്സിലുദിച്ചു. ഹജ്ജ് കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയപ്പോൾ പള്ളി നിര്‍മാണത്തിനുള്ള ഒരുക്കത്തിലായിരുന്നു ശൈഖുന . തലചായ്ക്കാന്‍ ഒരു കൂര പണിതിട്ടുമതി പള്ളി നിര്‍മാണമെന്ന് പറഞ്ഞ് പലരും എതിർത്തു. പക്ഷേ ശെെഖുന കൂട്ടാക്കിയില്ല .സ്ഥലം വാങ്ങി പള്ളി നിര്‍മ്മാണമാരംഭിച്ചു. ശൈഖുന ഈ ദുന്‍യാവിലെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഭൗതിക വ്യവഹാരങ്ങളോട് പുറം തിരിഞ്ഞു നിന്ന് അക്ഷയലോകത്തെ വിജയം കാംക്ഷിച്ച് അതിനുവേണ്ടി ഭഗീരഥയത്നം നടത്തുകയായിരുന്നു. അത്യന്താപേക്ഷിതമായ സ്വവസതിയെക്കാൾ ആഖിറത്തിനു മുൻഗണന നൽകിയ ശൈഖുനയുടെ മാനസിക ഇച്ഛാശക്തി അപാരം തന്നെ. ലാളിത്യം ജീവിതത്തിന്‍റെ സൗന്ദര്യമാണെന്നും വിനയവും എളിമയും കൈമുതലാക്കിയവര്‍ എവിടെയും ആദരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുമെന്നതിന്റെയും മകുടോദാഹരണമാണ് ശൈഖുനയുടെ ജീവിതം.
ദുൻയാവിനെ തേടിപ്പോയാൽ ദുൻയാവ് അവനെയും വിട്ട് ഓടിയകലുമെന്നും ദുൻയാവ് ത്യജിച്ച് ആഖിറം ലക്ഷ്യം വെച്ചാൽ നാമറിയാതെ ദുൻയാവ് നമ്മെ തേടി ഇങ്ങോട്ട് വരുമെന്നും ശൈഖുന എപ്പോഴും ഉപദേശിക്കാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ദുആ വസ്വിയത്ത് ചെയ്യുമ്പോൾ ആഖിറവിജയത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നാണ് പറയാറുണ്ടായിരുന്നത്. ഭൗതികതയെ തൃണവൽക്കരിച്ചുള്ള ജീവിതയാത്രയായിരുന്നു ശൈഖുന തെരഞ്ഞെടുത്തത്. ദുൻയാവിലെ സുഖലോലുപത തൊട്ടുതീണ്ടിയിട്ടില്ലാത്ത ജീവിതമാണവിടുന്ന് നയിച്ചത്. ആഡംബരങ്ങളോട് വിമുഖത കാണിച്ച് ലാളിത്യത്തെ മാറോട് ചേർത്ത ആ തിരുജീവിതം സർവ്വർക്കും അനുകരണീയമാണ്.
സുഹ്ദ് .
മൂന്നാമത്തേത് സുഹ്ദ് (ലൗകികതകളെ ത്യജിക്കല്‍). സമ്പത്തിനോടും മറ്റുമുള്ള ഹൃദയബന്ധം വിഛേദിക്കുക. പ്രസ്തുത ബന്ധം പരമമായ ലക്ഷ്യത്തിന് വിഘാതമാകുമെന്നതില്‍ തര്‍ക്കമില്ലല്ലോ. അപ്പോള്‍ പരിത്യാഗം (സുഹ്ദ്) എന്നു വെച്ചാല്‍ ദുന്‍യാവിനോടുള്ള സ്‌നേഹത്തില്‍ നിന്നും ഭൗതികഭ്രമങ്ങളില്‍ നിന്നും ഹൃദയത്തെ ഒഴിപ്പിച്ചെടുക്കലും അല്ലാഹുവിനോടുള്ള സ്‌നേഹത്താലും അവനെക്കുറിച്ചുള്ള ജ്ഞാനത്താലും ഹൃദയം നിറഞ്ഞുനില്‍ക്കലുമാകുന്നു. ഭൗതികമായ ജോലികള്‍, ദുന്‍യവിയ്യായ അലങ്കാരാര്‍ഭാടങ്ങള്‍ എന്നിവയുമായുള്ള ബന്ധങ്ങളില്‍ നിന്ന് ഹൃദയം എത്രമാത്രം സുരക്ഷിതമായിത്തീരുന്നുവോ അത്ര കണ്ടായിരിക്കും അല്ലാഹുവിനോടുള്ള സ്‌നേഹവും അവനെ അഭിമുഖീകരിക്കലും നിരീക്ഷിച്ചിരിക്കലും അറിയലും ഹൃദയത്തില്‍ വര്‍ധിച്ചുവരുന്നത്. ഇമാം ജുനൈദുല്‍ ബഗ്ദാദി(റ) പറയുന്നു: ദുന്‍യാവിനെ നിസ്സാരമായി കാണലും അതിന്റെ ലക്ഷണങ്ങളെ ഹൃദയത്തില്‍ നിന്ന് മായ്ച്ചുകളയലുമാണ് പരിത്യാഗം. പ്രമുഖ സ്വഹാബിവര്യന്‍ സഹ്‌ലുബ്‌നു സഅദ്‌നിസ്സാഇദി(റ) ഉദ്ധരിക്കുന്നു-തിരുമേനി(സ്വ)യുടെ അടുത്തുവന്ന് ഒരു മനുഷ്യന്‍ അപേക്ഷിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, എനിക്ക് ഒരു കര്‍മം നിര്‍ദേശിച്ചുതന്നാലും! അത് ഞാനനുഷ്ഠിച്ചാല്‍ അല്ലാഹുവും ജനങ്ങളും എന്നെ സ്‌നേഹിക്കണം. നബി(സ്വ) പ്രതികരിച്ചു: നീ ദുന്‍യാവിനെക്കുറിച്ച് പരിത്യാഗിയാവുക, എങ്കില്‍ അല്ലാഹു നിന്നെ സ്‌നേഹിക്കും; ജനങ്ങളുടെ കൈയിലുള്ളതില്‍ നിന്ന് നീ പരിത്യാഗിയാവുക, എന്നാല്‍ അവരും നിന്നെ സ്‌നേഹിക്കുന്നതാകുന്നു. ഭൗതിക പുരോഗതിക്കു വേണ്ടി ജീവിതത്തിൽ ശൈഖുന ഒരു വിരലനക്കം പോലും നടത്തിയിട്ടില്ല. ദുൻയാവിനോടുള്ള വിപ്രതിപത്തി മുഖമുദ്രയാക്കിയ ശൈഖുനയുടെ ജീവിതവിശുദ്ധി പറയേണ്ടതില്ലല്ലോ. ഇല്‍മിന് മുന്നിലല്ലാതെ മറ്റൊരാള്‍ക്ക് മുന്നിലും ആ ശിരസ്സ് കുനിയേണ്ടി വന്നില്ല. ആരുടെയും ഔദാര്യം സ്വീകരിച്ചിരുന്നുമില്ല. ഹദിയയായി കൊടുക്കുന്നത് സന്തോഷത്തോടെ സ്വീകരിക്കും. ആവശ്യം വന്നാല്‍ കോളജിന്റെ ചെലവിന് കൊടുക്കുകയും ചെയ്യും. ചാലിയത്ത് ദര്‍സ് നടത്തുന്ന കാലത്ത് ഒരിക്കല്‍ പോലും ഒഴിവുകാലത്ത് അങ്ങോട്ട് പോയിരുന്നില്ല. ‘നാട്ടുകാര്‍ വല്ലതും തന്നാല്‍, അത് സ്വദഖയാകാം സകാത്താകാം അതൊന്നും സ്വീകരിക്കാന്‍ നമുക്ക് പറ്റില്ലല്ലോ’ എന്ന ചിന്തയായിരുന്നു ശൈഖുനക്ക്.
പരീക്ഷണങ്ങളുടെയും കാഠിന്യങ്ങളുടെയും ദാരിദ്ര്യത്തിന്റെയും ഭിന്നഘട്ടങ്ങള്‍ അവരിലൂടെ കടന്നുപോയിട്ടുണ്ടായിരുന്നു. അപ്പോഴെല്ലാം അവര്‍ക്ക് ക്ഷമയും വിധേയത്വവും വിധിയിലുള്ള സംതൃപ്തിയും വര്‍ധിക്കുക മാത്രമാണുണ്ടായത്. പണം എന്നിലേക്ക് വരരുതെന്ന് ഒരുപാട് ആശിക്കാറുണ്ടെന്നും എന്നിട്ടും അത് വന്നുകൊണ്ടിരിക്കുകയാണെന്നും ഒരാവലാതി കണക്കെ സ്വന്തം നാട്ടുകാരനോട് ശൈഖുന പറഞ്ഞതായി വാമൊഴിയായി കേട്ടിട്ടുണ്ട്. തന്നോട് വിരക്തിയാണെന്നറിഞ്ഞിട്ടും ശൈഖുനക്ക് മുമ്പിൽ പഞ്ചപുച്ഛമടക്കി അടിയറവ് പറഞ്ഞ് കൈകൂപ്പി നിൽക്കുന്ന ഭൗതികതയുടെ ഇളിഭ്യത വരികൾക്കിടയിലൂടെ വായിച്ചെടുക്കാവുന്നതാണ്. എന്നാല്‍ അവരതിനെ അല്ലാഹുവിന്റെ പ്രീതി നേടാനുള്ള മാധ്യമവും ആഖിറത്തിലേക്കുള്ള ചവിട്ടുപടിയുമായി സ്വീകരിക്കുകയായിരുന്നു. കിട്ടിയ പണം കൊണ്ട് ഹജ്ജ് - ഉംറ നിർവ്വഹിക്കാനും മറ്റും കാണിക്കുന്ന വ്യഗ്രത അതിനു തെളിവാണ്. മറിച്ച് അവര്‍ അല്ലാഹുവിലും അവന്റെ ആരാധനയിലും നിന്ന് വ്യതിചലിക്കുകയോ ആഡംബരത്തിലും താന്‍പോരിമയിലും വീണുപോവുകയോ അഹങ്കാരം, പിശുക്ക്, വഞ്ചന, ലോഭം എന്നിവയില്‍ നിപതിക്കുകയോ ചെയ്യുകയല്ല സംഭവിച്ചത്. പലപ്പോഴും കോളജില്‍ കഞ്ഞി വെക്കാന്‍ അരിയില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ശൈഖുന സ്വന്തം കീശയില്‍ നിന്ന് പണമെടുത്ത് കൊടുക്കും. ചിലപ്പോള്‍ വീട്ടിലേക്ക് വാങ്ങിവെച്ച അരി കൊണ്ടുവന്ന് കോളജിലെ മുതഅല്ലിമീങ്ങള്‍ക്ക് ഭക്ഷണം കൊടുത്തിട്ടുണ്ട്. തന്നിൽ നിന്ന് അപരനിലേക്കല്ലാതെ ഇതരരിൽ നിന്ന് സ്വന്തത്തിലേക്ക് ഒരു ചില്ലിക്കാശ് അന്യായമായി കടന്നുകൂടാത്ത വിധം സർവ പഴുതുകളും അടച്ചുള്ള ജീവിതത്തിനെന്തൊരു അന്തസ്സാണ് !!!.
ജ്ഞാനസമ്പാദനം.
നാലാമത്തേത് മതപരമായ കാര്യങ്ങള്‍ പഠിക്കല്‍. അല്ലാഹുവിലേക്ക് അടുക്കാന്‍ അവന്‍ സംവിധാനിച്ച ദീനിന്റെ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടതും വര്‍ജിക്കേണ്ടതുമായ കാര്യങ്ങള്‍ വ്യക്തമായി പഠിക്കുക. അല്ലെങ്കില്‍ വലിയ അബദ്ധത്തില്‍ അകപ്പെട്ടവൻ താന്‍ സത്യത്തിലും ഔന്നത്യത്തിലും അല്ലാഹുവിന്റെ തൃപ്തിയിലുമാണെന്ന് ധരിക്കും. മഹാനായ ഇമാം ശാഫിഈ (റ) പറയുന്നു: ''സഹോദരാ, ആറു കാര്യങ്ങൾ കൊണ്ടല്ലാതെ ഇൽമു നേടുക സാധ്യമല്ല. അവയേതെന്നു ഞാൻ വിശദമാക്കാം, കുശാഗ്ര ബുദ്ധി, അതിയായ ആഗ്രഹം, കഠിനാധ്വാനം, ലക്ഷ്യപ്രാപ്തി, ഗുരുസഹവാസം, കാലദൈർഘ്യം".
പ്രസ്തുത ആറു കാര്യങ്ങളും അക്ഷരാർത്ഥത്തിൽ മേളിച്ച വ്യക്തിത്വമാണ് ശൈഖുനാ ഒ.കെ. ഉസ്താദ് . ജീവിതം വിജ്ഞാനത്തിനായി നീക്കിവെച്ച മഹാമനീഷിയാണ് ശൈഖുന. ജ്ഞാനസാഗരം എന്നർത്ഥം വരുന്ന ബഹ്റുൽ ഉലൂം എന്നാണ് പണ്ഡിതലോകം അവരെ ആദരിച്ചു വിളിച്ചത്. അതിൽ നിന്നു തന്നെ ശൈഖുനയുടെ ഇൽമിലുള്ള അവഗാഹം ഗ്രഹിച്ചെടുക്കാം. വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയാണ് ശൈഖുന . പർവതത്തോളം വളർന്നിട്ടും ഭൂമിയോളം താഴ്ന്ന് ജീവിച്ചു. തൊണ്ണൂറാണ്ടുകാലം മലബാറിന്റെ വിളക്കുമാടമായി ആ ജ്ഞാന ജ്യോതിസ്സ് ജ്വലിച്ചുനിന്നു. മഹാജ്ഞാനികളുടെ സവിശേഷത ജ്ഞാനങ്ങൾ തേടി പർണശാലകളിലേക്ക് ആർത്തിയോടെയുള്ള തീർത്ഥാടനമായിരുന്നു. ഉസ്താദിന്റെ രീതിയും അതായിരുന്നു. ജ്ഞാനങ്ങൾക്കായി ജീവിതം സമർപ്പിച്ച ശൈഖുനയെയോർത്ത് നമുക്കഭിമാനിക്കാം. ശൈഖുനയെ സംബന്ധിച്ചുള്ള ഗതകാല സ്മരണകൾ പുതുക്കാൻ ഉതകുന്ന കുറിപ്പുകളും പുസ്തകളും നമുക്ക് ലഭ്യമാണ്. ഒരു വരിയിൽ നിന്ന് തൊട്ടടുത്ത വരിയിലേക്കും ഒരു ഖണ്ഡികയിൽ നിന്ന് തൊട്ട്താഴെയുള്ള ഖണ്ഡികയിലേക്കും , ഒരു പേജിൽ നിന്ന് തൊട്ടപ്പുറത്തെ പേജിലേക്കും വായന വികസിക്കുമ്പോൾ അർത്ഥഗർഭമുള്ള ഒ.കെ. എന്ന ആ രണ്ടക്ഷരങ്ങൾ അഷ്ടദിക്കുകളിലും പ്രഭ പരത്തി വിളങ്ങുന്നത് കാണാം. ഇഖ്‌ലാസ്, ക്ഷമ, വിവേകം, തുടങ്ങിയ സ്വഭാവ വൈശിഷ്ട്യങ്ങൾ കൈമുതലാക്കിയ ഒരു പഠിതാവ് , മുകളിൽ പറഞ്ഞ ആറു കാര്യങ്ങളെക്കുറിച്ച് ബോധവാനാവേണ്ടതുണ്ട്. ബുദ്ധിയില്ലാത്തവനു വിജ്ഞാനം നേടാൻ കഴിയില്ല. അത് പോലെ അതിയായ ആഗ്രഹത്തോടെ, തന്റെ ലക്ഷ്യ സാക്ഷാത്കാരത്തിന് തുനിയാതിരിക്കുകയോ കഠിനാധ്വാനം ഉപേക്ഷിക്കുകയോ ചെയ്താൽ അറിവ് വിനഷ്ടമാകുകയും കിട്ടാക്കനിയായി അകലെ നിൽക്കുകയും ചെയ്യും. ഇൽമു നേടാൻ ഗുരുമുഖത്തു നിന്നല്ലാതെ കിതാബുകളെ മാത്രം ആശ്രയിക്കുന്നത് പോലും സലഫുകൾ വിലക്കിയതായി കാണാം.
പഠനകാലത്തു തന്നെ ജ്ഞാനത്തോടുള്ള അതിയായ ആഗ്രഹമുണ്ടായിരുന്നു. തലക്കടത്തൂരില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ വല്ലപ്പോഴുമാണ് നാട്ടില്‍ പോകാറുള്ളത്. അതും രണ്ടാം ദര്‍സ് കഴിഞ്ഞ് പാതിരാത്രിയില്‍. അതുവരെയും തന്റെ സമയം മുഴുവനും ജ്ഞാനസമ്പാദനത്തിനു വേണ്ടി മാറ്റിവെക്കുകയായിരുന്നു. ത്വലബുൽ ഇൽമിന് പ്രത്യേക കാലമില്ലെങ്കിലും, അതുമായി ദീർഘകാലം ഏർപ്പെട്ടാൽ മാത്രമേ പുർണ്ണമായ ഫലം ലഭിക്കുകയുള്ളൂ. ആവേശത്തോട് കൂടി, യാതൊരു മടുപ്പുമില്ലാതെ സഹനം കൈക്കൊണ്ടു പടിപടിയായി കൊല്ലങ്ങളോളം ഗുരുവുമായി സഹവസിച്ചു നേടിയെടുക്കുന്ന അറിവിന് മധുരം കൂടുതലായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ശൈഖുനയുടെ അറിവിന്റെ ആഴവും ആന്തരിക ദീപ്തിയും കാലത്തെ പ്രശോഭിപ്പിച്ചു.ദര്‍സില്‍ എത്തിക്കഴിഞ്ഞാല്‍ ചൊല്ലിക്കൊടുക്കുന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ. മുഖ്തസ്വർ, ഖുലാസതുൽ ഹിസാബ്, മുല്ലാഹസൻ, മഹല്ലി, മുസ്‌ലിം തുടങ്ങിയ സബ്ഖുകളായിരുന്നു ശൈഖുനയുടെ അടുത്തുണ്ടായിരുന്നത്. താഴെയുള്ള സബ്ഖുകളുണ്ടായിരുന്നില്ല. എല്ലാ ഫന്നിലും ഒരുപോലെ താൽപര്യമായിരുന്നു ഉസ്താദിന്. ഏതു ഫന്നിലെ കിതാബുകളും മുടിനാരിഴ കീറി ചർച്ചചെയ്യാനുള്ള ഉസ്താദിന്റെ കഴിവ് വിസ്മയാവഹമായിരുന്നു. തന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടപ്പോഴും അവിടുന്ന് ദർസ് നിർത്തിയില്ല. തന്നെ ബാധിച്ച പ്രയാസം പ്രിയ ശിഷ്യരെ അറിയിക്കാതെ ദർസ് നടത്തുകയായിരുന്നു. ഒരിക്കൽ അത് വെളിച്ചത്തായി. കിതാബ് കൈയ്യിലേന്തി ശൈഖുന ഹദീസ് ദർസ് നടത്തുകയായിരുന്നു. ഓതിക്കൊണ്ടിരിക്കുന്ന ഗ്രന്ഥ വാള്യം തീർന്നിട്ടും അകക്കണ്ണ് തുറന്ന് സനദടക്കം തെറ്റാതെ വായിക്കുന്നുണ്ട്. അപ്പോഴാണ് കുട്ടികൾക്ക് കാര്യം മനസ്സിലായത് . ഇത് പലപ്പോഴും ശൈഖുന തന്നെ പറഞ്ഞതായി അവിടുത്തെ ശിഷ്യന്മാർ പറയുന്നതായി കേട്ടിട്ടുണ്ട്. ശൈഖുനക്ക് ഇത്രമേൽ പ്രധാനമായിരുന്നു ദർസ് .
പ്രവാചക ചര്യ.
അഞ്ചാമത്തേത് നബിചര്യകള്‍ സൂക്ഷിക്കല്‍. സംശുദ്ധമായ മനുഷ്യജീവിതത്തിന്റെ സര്‍വമേഖലകളും പ്രതിപാദിക്കുന്നതാണ് നബിചര്യ. അവ സാധിക്കും വിധം പൂര്‍ണമായി ജീവിതത്തില്‍ കൊണ്ടുവരികയെന്നതാണ് ഇതിന്റെ താല്‍പര്യം. സുന്നത്ത് അഥവാ നബിചര്യ എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത് നബി ﷺ യുടെ വാക്കുകളും പ്രവൃത്തികളും മൗനാനുവാദങ്ങളും അടങ്ങുന്ന പ്രവാചക ജീവിതത്തെയാണ്. പൂര്‍വ കാലം മുതല്‍ക്കേ ഇസ്‌ലാമിക സമൂഹം നബിചര്യകള്‍ സ്വീകരിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നിട്ടുണ്ട്. അതിന്റെ പഠനത്തിനും പ്രചാരണത്തിനും വേണ്ടി നിരവധി ത്യാഗങ്ങളും പ്രയാസങ്ങളും മുന്‍കാല പണ്ഡിതന്മാര്‍ക്ക് സഹിക്കേണ്ടിവന്നിട്ടുണ്ട്. നബി ﷺ യുടെ അധ്യാപനം ലഭ്യമായാല്‍ അതിന് കീഴ്‌പ്പെട്ട് അനുസരിക്കുക എന്നതാണ് സത്യവിശ്വാസിയുടെ സ്വഭാവം.
ഹബീബായ നബി (സ) തങ്ങള്‍ കാണിച്ചു തന്ന പോലെ ഏത് കഠിനഹൃദയരെയും ആകര്‍ഷിക്കും വിധം ശൈഖുന മനസ്സും സ്വഭാവവും പാകപ്പെടുത്തിയെടുത്തു. സ്വന്തം മുതഅല്ലിമീങ്ങളുടെ സ്‌നേഹത്തിന് ശൈഖുന അതിയായ വില കല്‍പ്പിച്ചു. ശകാര വര്‍ഷങ്ങളോ ശിക്ഷാ നടപടികളോ ഒന്നും തന്നെ അവിടുത്തെ ദര്‍സില്‍ വേണ്ടി വന്നില്ല. ഒരാള്‍ക്കും വേദനയോ വിഷമമോ ഉണ്ടാക്കുന്ന ഒന്നും ആ അധരങ്ങളില്‍ ഉരിയാടിയില്ല. അതിനാല്‍ തന്നെ അവിടുന്ന് പറയുന്ന വാക്കുകള്‍ക്കെല്ലാം പുലര്‍ച്ചയുണ്ടായിരുന്നു. ഹദീസായി നമുക്ക് ഓതിത്തരുന്നതോടൊപ്പം ശൈഖുന അവ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തു. നിഖില മേഖലകളിലും തിരുസുന്നത്തുകളോട് ഓരം ചേർന്നു ജീവിതം ചിട്ടപ്പെടുത്തിയ ശൈഖുന സർവ വിഷയങ്ങളിലും നമുക്ക് മാർഗദർശകരാണ്.
അവിടുത്തെ ജീവിതത്തിന്റെ ഊടും പാവും പ്രവാചകചര്യയായിരുന്നു. ഇഹ് യാഉ സ്സുന്ന എന്ന മഹനീയ വിജ്ഞാന കേന്ദ്രത്തിന്റെ നാമകരണവും ദ്യോതിപ്പിക്കുന്നത് അതു തന്നെ. ശൈഖുനയുടെ സ്ഥാപനത്തിന്റെ വളർച്ചയും ഉയർച്ചയും അതു നിമിത്തമാണ്. അവിടുത്തെ പ്രഗത്ഭ ശിഷ്യനും സുന്നീ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ ബഹുവന്ദ്യരായ റഈസുൽ ഉലമാ സുലൈമാൻ ഉസ്താദിന്റെ കാർമികത്വത്തിൽ ഇന്നും സ്ഥാപനം ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് കുതിക്കുന്നു.
തവക്കുൽ .
ആറാമത്തേത് തവക്കുല്‍ (മുഴുവന്‍ കാര്യങ്ങളും അല്ലാഹുവിലേക്കര്‍പ്പിക്കല്‍). കാര്യങ്ങള്‍ നേടുന്നതില്‍ കാരണങ്ങളില്‍ അവലംബിക്കാതെ ആ കാരണങ്ങളുടെയും സ്രഷ്ടാവായ അല്ലാഹുവില്‍ അവലംബിക്കുക എന്നതാണ് വിവക്ഷ. തവക്കുല്‍ എന്ന അറബി പദത്തിന് സാമാന്യേന നല്‍കുന്ന അര്‍ത്ഥം ഭരമേല്‍പിക്കല്‍ എന്നാണ്. എന്നുവെച്ചാല്‍ സൃഷ്ടിയെ ഭരിക്കാനുള്ള സമ്പൂര്‍ണാധികാരം സ്രഷ്ടാവിനുണ്ടെന്ന് സ്വയമറിഞ്ഞ് വകവെച്ചുനല്‍കല്‍. ദൈവവിശ്വാസമാണ് തവക്കുലിന്റെ അടിത്തറ. തവക്കുലിന്റെ പാരമ്യതയില്‍ വിശ്വാസം പ്രോജ്വലിക്കുന്നു. ഇതിലൂടെ അടിമ അല്ലാഹുവിന്റെ ഏകത്വം മാത്രമല്ല അംഗീകരിക്കുന്നത്. സൃഷ്ടികളുടെ ഗുണവിശേഷങ്ങള്‍ക്ക് വിരുദ്ധമായതോ/ അതിര്‍ലംഘിക്കുന്നതോ ആയ അല്ലാഹുവിന്റെ സര്‍വ ഗുണങ്ങളെയും(സ്വിഫാത്) അവന്‍ സര്‍വാത്മനാ അംഗീകരിക്കുന്നു. നാഥന്റെ സവിശേഷ വിവരണങ്ങളറിയുമ്പോഴല്ലേ വിശ്വാസവും അത് മുഖേന തവക്കുലും വിശ്വാസിയില്‍ രൂഢമൂലമാവുക. മുഅ്മിനിനെ അല്ലാഹുവില്‍ ഭയമുള്ളവനും പ്രതീക്ഷയുള്ളവനുമാക്കിത്തീര്‍ക്കുന്നതും ഈ തിരിച്ചറിവാണ്. സംരക്ഷിക്കുന്ന നാഥനോട് നന്ദികേടില്ലാതെ ജീവിക്കാനുള്ള നിതാന്ത ജാഗ്രതയും അവന്‍ തന്നെ കൈവെടിയില്ലെന്ന പ്രതീക്ഷയും ചേരുമ്പോഴാണ് തവക്കുല്‍ സമ്പൂര്‍ണമാകുന്നത്. ജഗന്നിയന്താവിന് മുന്നില്‍ താനാരുമല്ലെന്ന ബോധത്തിലൂടെ സൃഷ്ടിയില്‍ ഉളവാകുന്ന തവക്കുലിനെ(കൈകാര്യകര്‍തൃത്വം ഏല്‍പിച്ചുകൊടുക്കല്‍) ജീവിതത്തിലേക്ക് ചാലിക്കുകയായിരുന്നു ശൈഖുന. വിപദ്കരമായ സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കുമ്പോഴാണ് ഒരാളിലെ ഔജ്ജല്യം പ്രകടമാവുക. വിപദ്ഗ്രസ്ത ഘട്ടങ്ങൾ ശൈഖുനയെയും തേടിയെത്തി. അപ്പോഴെല്ലാം അള്ളാഹുവിനെ സംരക്ഷകനായി മുന്നില്‍കണ്ട് പ്രതിസന്ധികളെ തരണം ചെയ്യുകയായിരുന്നു ശൈഖുന . ദുന്‍യവിയായ ഒരു പ്രതിസന്ധിഘട്ടത്തിലും തവക്കുൽ കൈവിടാതിരുന്ന ശൈഖുന സ്വന്തം മകള്‍ മരിച്ചപ്പോഴും വിഷമങ്ങളെല്ലാം മനസ്സില്‍ ഒതുക്കിവെച്ച് കൂടെ നിന്നവരെ സമാധാനിപ്പിച്ചു. ആ മനോസ്ഥൈര്യം കണ്ട് കൂടി നിന്നവരുടെ കണ്ണ് നിറഞ്ഞുപോയി.
ശൈഖുന എപ്പോഴും പ്രാര്‍ഥിക്കാറുണ്ടായിരുന്നു. "ഞങ്ങളുടെ തമ്പുരാനേ, ഞങ്ങളുടെ കാര്യങ്ങളുടെ നിയന്ത്രണം ഒരിക്കല്‍ പോലും ഞങ്ങളിലേക്കു തന്നെ നീ ഏല്‍പ്പിക്കരുതേ". ശൈഖുന നാന്ദി കുറിച്ച സ്ഥാപനസംരംഭങ്ങൾ ഇന്നും സാർത്ഥമായ മുന്നേറ്റം നടത്തുന്നത് ആ പ്രാര്‍ഥനക്കുള്ള ഉത്തരമാണ്.
ആത്മാർത്ഥത.
ഏഴാമത്തേത് ഇഖ്ലാസ് (ആത്മാര്‍ത്ഥത). ഓരോ പ്രവൃത്തിയിലും അല്ലാഹു എന്ന ഏകലക്ഷ്യം മാത്രമായിരിക്കുക. ലോകമാന്യം, അഹങ്കാരം, അഹംഭാവം പോലോത്ത രോഗങ്ങളില്‍ നിന്ന് മുക്തനായി അല്ലാഹുവിന്റെ പ്രീതിക്കായി മാത്രം പ്രവര്‍ത്തിക്കല്‍. അല്ലാഹു പറയുന്നു: ആത്മാര്‍ത്ഥതയോടെ അല്ലാഹുവിന് ആരാധന ചെയ്യാനല്ലാതെ അവരോട് ആജ്ഞാപിക്കപ്പെട്ടിട്ടില്ല’ (അല്‍ബയ്യിന/5).
അബൂഹുറൈറ(റ)യില്‍ നിന്നും ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു: ‘ഒരു ദിവസം നബി(സ്വ) സ്വഹാബത്തിന്റെ കൂടെയിരിക്കുമ്പോള്‍ ഒരാള്‍ കടന്നുവന്ന് ഈമാന്‍, ഇസ്‌ലാം എന്നതിനെക്കുറിച്ച് ചോദിച്ച ശേഷം ഇഹ്സാന്‍ എന്നാല്‍ എന്ത് എന്ന് നബി(സ്വ)യോടു ചോദിച്ചു. അവിടുന്ന് പറഞ്ഞു: നീ അല്ലാഹുവിനെ ദര്‍ശിക്കുന്നതുപോലെ അവനെ ആരാധിക്കലാണ്. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്. പ്രസ്തുത വ്യക്തി പോയ ശേഷം നബി(സ്വ) പറഞ്ഞു. ആഗതന്‍ ജിബ്രീല്‍(അ) ആയിരുന്നു. നിങ്ങളെ ദീന്‍ പഠിപ്പിക്കാന്‍ വന്നതാണ്. ഇത് നിവേദനം ചെയ്ത ശേഷം ഇമാം ബുഖാരി(റ) ഇങ്ങനെ പറയുന്നു: ഈ കാര്യങ്ങളെയെല്ലാം നബി(സ്വ) ദീന്‍ (മതം) ആക്കി.
അപ്പോള്‍ ദീന്‍ എന്നാല്‍ ഈമാന്‍, ഇസ്‌ലാം, ഇഹ്സാന്‍ എന്നിവ ഉള്‍പ്പെടുന്നതാണെന്നും ഇഹ്സാന്‍ ശരീഅത്തിന്റെ പുറത്താണെന്ന വാദം നിരര്‍ത്ഥകമാണെന്നും സ്പഷ്ടമാകുന്നു. അതുകൊണ്ടാണ് ഇഹ്സാനിനെക്കുറിച്ചുള്ള ചോദ്യത്തിന്റെ മറുപടിയില്‍ നബി(സ്വ) നേരത്തെ പറയാത്ത പുതിയ കാര്യങ്ങളൊന്നും പറയാതെ, മേല്‍ കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കലാണെന്ന് പറഞ്ഞത്. കര്‍മങ്ങളില്‍ ആത്മാര്‍ത്ഥത ആവാഹിച്ചെടുക്കുമ്പോഴാണ് ശരീഅത്ത് പൂര്‍ണമാകുന്നതെന്നും അതാണ് പരമമായ വിജയയവും. ഇത് കൈവരിക്കുന്നതിനാണ് ഇഹ്സാന്‍ എന്നു പറയുന്നത്.
അറിവിന്റെ അനുഗ്രഹവർഷം ചൊരിഞ്ഞ ആത്മാർത്ഥതയുടെ ആൾരൂപമായിരുന്നു ശൈഖുന. ഹൃദയപരതയും ആത്മീയതയും ശൈഖുനയുടെ ഓരോ മൊഴിയിലും അതിന്റെ പ്രാണനായി തുടിച്ചു നിന്നു. അവിടുത്തെ അറിവിന്റെ ആഴവും ആന്തരിക ദീപ്തിയും കാലത്തെ പ്രശോഭിപ്പിച്ചിട്ടുണ്ട്. അതിന്റെ ജ്വലനത്തിൽ നമ്മുടെ കാലം ധന്യമായി എന്നതിനുള്ള നിത്യ ഹരിതോദാഹരണങ്ങളാണ് അവിടുത്തെ ശിഷ്യഗണങ്ങൾ. ശൈഖുനയുമായി ആർജ്ജിക്കാനായ ഉറ്റ ബന്ധവും അദ്ദേഹം പകർന്നേകിയ ആത്മ സൗഹൃദത്തിന് പാത്രീഭൂതനാകാൻ സാധിച്ചതിന്റെ സൗഭാഗ്യവും ജീവിതത്തിലെ തന്നെ അനർഘനിധികളായി എന്നെന്നും ഉള്ളിൽ സൂക്ഷിക്കുന്നവരാണ് അവിടുത്തെ മുഹിബ്ബീങ്ങൾ .
ഏകാന്തത.
എട്ടാമത്തേത് ഉസ്ലത്ത് (സൃഷ്ടികളില്‍ നിന്നുള്ള ഏകാന്തത). കാലം ദുശിച്ച് ജനങ്ങള്‍ക്കിടയില്‍ മതചിട്ടകളുമായി ജീവിക്കാന്‍ സാധിക്കില്ലെന്ന് കാണുമ്പോള്‍ ജനങ്ങളുമായുള്ള സഹവാസം വെടിഞ്ഞ് ഏകാന്തവാസം സ്വീകരിക്കുക. ശൈഖുന അനാവശ്യ നാട്ടുവർത്തമാനങ്ങൾക്കും രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും ജയ് വിളികൾക്കും ചെവി കൊടുക്കാതെ , അവയെല്ലാം തന്റെ ആരാധനാനിരതയ്ക്ക് വിഘ്നമായി ഭവിക്കുമെന്ന് നിനച്ച് വിട്ടുനിൽക്കുകയായിരുന്നു. അവിടുത്തെ സംസാരത്തിലും സബ്ഖുകളിലും ഭൗതികത ഇടം പിടിക്കാറില്ലായിരുന്നു. ഇബാദത്തുകൾക്കും ദർസിനും മുടക്കം വരുന്ന ഒരു ഏർപ്പാടിനും ശൈഖുന പച്ചക്കൊടി കാണിക്കുമായിരുന്നില്ല.
സമയ ദുർവിനിയോഗ രാഹിത്യം.
ഒമ്പതാമത്തേത് ആവശ്യമില്ലാത്തതില്‍ സമയം ചെലവഴിക്കാതിരിക്കല്‍. സമയം വളരെ വിലപ്പെട്ടതാണ്. ശൈഖുനയുടെ സമയവിനിയോഗം മുമ്പ് നാം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഓരോ നിമിഷവും അല്ലാഹുവിന്റെ ഇബാദത്തിലായി കഴിയാൻ ശൈഖുന ബദ്ധശ്രദ്ധ പുലർത്തിയിരുന്നു.
നിർഭരമായ മഷിക്കുപ്പിയിൽ മുക്കിയെടുത്ത തൂവലിൽ നിന്ന് ഇറ്റിവീണ ഒരു തുള്ളി മാത്രമാണിത്.
വിഭവം തീരാ അക്ഷയപാത്രത്തിൽ നിന്നുള്ള ഒരു പിടി മാത്രമാണിത്.
പ്രവിശാലമായ സമുദ്രത്തിൽ നിന്ന് അലയടിച്ച ഒരു തിര മാത്രമാണിത്.
അങ്ങിങ്ങായി ഒരുപാട് ചിതറിക്കിടക്കുന്നുണ്ട്. ഒപ്പിയെടുക്കാൻ ഏറെയുണ്ട്. വാമൊഴിയുണ്ട് വരമൊഴിയുണ്ട്. മിന്നായം പോലെ മിന്നിമറഞ്ഞവയുണ്ട്. മിന്നാടം പോലെ മിന്നിത്തിളങ്ങുന്നവയുണ്ട്.
പവിഴം കണക്കെ പെറുക്കിയെടുത്ത് സൂക്ഷിച്ച് വരും തലമുറക്ക് കാണിക്ക വെക്കാൻ മാത്രം പവിത്രമാണാ ജീവിതം .
അമ്പിയാക്കളെ സ്മരിക്കല്‍ ആരാധനയുടെ ഭാഗമാണെന്നും സജ്ജനങ്ങളെ സ്മരിക്കല്‍ പാപമോചനത്തിന് സഹായകമാണെന്നുമുള്ള പ്രവാചക വചനത്തിന്റെ ചുവട്പിടിച്ച് നമുക്കേവർക്കും മുന്നേറാം. ഈ സദുദ്യമം മുഖേന അനുവാചകരുടെ അന്തരംഗങ്ങളിൽ നന്മയുടെ വിത്തുകൾ മുള പൊട്ടിയാൽ അത് നമ്മുടെ കണക്കു പുസ്തകത്തിലേക്കുള്ള ലാഭങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമായ് ഒഴുകുമെന്ന പ്രത്യാശയോടെ........
ദുആ വസ്വിയ്യത്തോെടെ....
SNK