Friday, 11 October 2019

ദി ഹൺട്രഡ് (മൈക്കിൾ എച്ച് ഹാർട്ട് ) : ഒരു വിമർശന വായന



Abstract:

തോമസ് കാർലൈൽ തന്റെ ഗ്രന്ഥമായ "On Heros , Hero worship and the Heroic " ലൂടെയും വില്യം മൂർ "The Life of Muhammed " ലൂടെയും ലോർഡ് ഹെഡ്ലി "Western Awakenig of Islam" ലൂടെയും എച്ച്.എ.ആർ ഗിബ്ബൺ "Islam : A historical survey " ലൂടെയും ഫിലിപ്പ് കെ ഹിറ്റി " History of the Arabs " ലൂടെയും മൈക്കിൾ എച്ച് ഹാർട്ട് "The Hundred " ലൂടെയും തിരുനബിയെ വായിച്ചത് സുവിദിതമാണ്.എന്നാൽ ഇവരുടെ സാക്ഷ്യപത്രങ്ങളോ ഇതരരുടെ സമ്മതങ്ങളോ തിരുനബി മാഹാത്മ്യത്തെ മാറ്റുകൂട്ടുന്നതിൽ യഥാർത്ഥ വിശ്വാസിക്കാവശ്യമില്ല. പ്രത്യുത വിശുദ്ധ ഖുർആനിലെ നബി കീർത്തനങ്ങൾ തന്നെ പര്യാപ്തമാണ്.

മൈക്കിൾ എച്ച്. ഹാർട്ട് എന്ന പ്രമുഖ അമേരിക്കൻ എഴുത്തുകാരന്റെ തിരുനബി വായനയുൾക്കൊള്ളുന്ന The Hundred ആണ് ഇവിടെ പഠന വിധേയമാക്കുന്നത്.
മനുഷ്യ ചരിത്രത്തെ സ്വാധീനിച്ച നൂറു പ്രമുഖ വ്യക്തികളെപ്പറ്റിയുള്ള പഠനങ്ങളുടെ സമാഹാരമാണ് മൈക്കിൾ എച്ച്. ഹാർട്ടിന്റെ The Hundred: A ranking of the most influential persons in History എന്ന കൃതി.ഇതിൽ മുഹമ്മദ് നബിക്കാണ് അദ്ദേഹം ഒന്നാം സ്ഥാനം നൽകുന്നത്.മതകാര്യങ്ങളിലെന്ന പോലെ ലൗകിക കാര്യങ്ങളിലും നബി(സ)  നേതാവാണെന്ന് അദ്ദേഹം വിലയിരുത്തുന്നുണ്ട്. മുഹമ്മദ് എന്ന രാഷ്ട്രീയ നേതാവിനെയും മുഹമ്മദ് എന്ന മതതത്വജ്ഞനെയും അദ്ദേഹം ഒരേ ബിന്ദുവിൽ കൂട്ടിയിണക്കുന്നുണ്ട്.നബിയുടെ ജീവിതം തന്നെയാണ് ഇസ്ലാമിന്റെ പാഠം എന്നാണ് ഹാർട്ടിന്റെ ഭാഷ്യം.
ചുരുങ്ങിയ കാലം കൊണ്ട് വൻ വിറ്റഴിവുണ്ടായതു തന്നെ പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രസക്തി വിളിച്ചോതുന്നു.
ഒരുപക്ഷേ ജനസഹസ്രങ്ങൾ ഈ ഗ്രന്ഥം മുഖേനയായിരിക്കാം പ്രാഥമമായി പ്രവാചകനെ വായിക്കുന്നത്.

പ്രവാചകനെക്കുറിച്ചുള്ള ഒരു ആധികാരിക ലേഖനത്തിന്റെ സ്വഭാവത്തിലേക്ക് മുസ്ലിംകൾ തന്നെ ഈ ഗ്രന്ഥത്തെ പ്രമോട്ട് ചെയ്യുന്നത് കൊണ്ടും മൈക്കിൾ എച്ച്. ഹാർട്ടിനെ പ്രസംഗ വേദികളിൽ പരാമർശിക്കുന്നതു കൊണ്ടും അനുവാചകരും ശ്രോതാക്കളും അദ്ദേഹത്തിന്റെ വാക്കുകൾ അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ സാധ്യതയുണ്ട്.
മൈക്കിളിന്റെ നബി വായനയിലെ ആദ്യ ഖണ്ഡികയാണ് മുസ്ലിം വായനക്കാരെ രോമാഞ്ചമണിയിക്കുന്നത്.
ഇതാണ് പ്രസ്തുത വാക്കുകൾ “My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level.”

എന്നാൽ ഈ മാഹാത്മ്യം വരച്ചുകാണിച്ച  അതേ തൂലിക തന്നെ തുടർന്നുള്ള ഖണ്ഡികളിൽ വർണ്ണിക്കുന്നത് സ്വേച്ഛാധിപതിയും നിർബന്ധിത മതപരിവർത്തകനും മത സ്ഥാപകനും ഖുർആൻ രചയിതാവുമായ മുഹമ്മദിനെയാണ്.
ഇതല്ലല്ലോ ഖുർആനിലൂടെയും തിരുസുന്നത്തുകളിലൂടെയും നാം വായിച്ചെടുത്ത ശാന്തിയുടെയും സമാധാനത്തിന്റെയും വിജയധ്വജമേന്തി മാനവരാശിക്ക് കാരുണ്യത്തിന്റെ ദൂതനായി വർത്തിച്ച ലോകൈക ഗുരു മുഹമ്മദ് (സ).

ആദ്യഭാഗത്തുള്ള മധുര വായന മുസ്ലീം അനുവാചകരെ സ്വാധീനിക്കുന്നതു നിമിത്തം തുടർന്നങ്ങളോട്ടുള്ള വായന ഒരു തരം അർപ്പണ വായനയുടെ തലത്തിലേക്ക് നീങ്ങുന്നു.
തദ്വാരാ വിഷലിപ്ത വാക്കുകൾ മസ്തിഷ്ക പ്രക്ഷാളനത്തിനു ബീജാവാപം നടത്താതെ സ്വൈരമായി വിഹരിക്കുന്നു .
ആകയാൽ മുസ്ലിം പ്രബോധകർ ജാഗ്രത പാലിക്കണം. കാരണം ആദ്യമായി ഇസ്ലാമിനെയും തിരുനബിയെയും വായിക്കുന്നവൻ ഇവ്വിധത്തിൽ അബദ്ധ ധാരണ വെച്ചു പുലർത്തിയിൽ അതിനു നാം ഉത്തരവാദികളായേക്കും.

മൈക്കിൾ എച്ച്. ഹാർട്ട് പരിചയപ്പെടുത്തുന്ന സ്വേച്ഛാധിപതി , ഖുർആൻ രചയിതാവ്, ഇസ്ലാം സ്ഥാപകൻ ഇത്യാദി വിശേഷണങ്ങളെ വിമർശിച്ച് നബി (സ) യുടെ ശുഭ്രവും ലളിതവുമായ മാതൃകാ ജീവിതചിത്രം ആധുനിക സമൂഹത്തിനു മുമ്പിൽ അനാവരണം ചെയ്യൽ ഓരോ പ്രബോധകന്റെയും ബാധ്യതയാണ്.

Introduction

ഒരു സമ്പൂർണ്ണനായ മനുഷ്യന്റെ മകുടോദാഹരണമാണ് പ്രവാചകൻ(സ).അതുകൊണ്ടുതന്നെ അവിടുത്തെ വ്യക്തിത്വം വർണ്ണനാതീതമാണ്.ലോകൈക ഗുരു മുഹമ്മദ് നബി(സ)യുടെ സംഭവബഹുലമായ ജീവിതചരിത്രം പഠിച്ചവർ അസംഖ്യമാണ്. അവരിൽ മുസ്ലിംകളും അമുസ്ലിംകളും സ്വദേശികളും വിദേശികളും മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമുണ്ട്. പാശ്ചാത്യർ പ്രവാചകജീവിതം പഠിച്ച് അവ രേഖപ്പെടുത്തുന്നതിൽ ഭഗീരഥയത്നം നടത്തിയിട്ടുണ്ട്.അവർ നബിയുടെ മഹത്വം അംഗീകരിക്കുകയും അതിന് ഉപോദ്ബലകമായ ധാരാളം തെളിവുകൾ  നിരത്തുകയും ചെയ്തിട്ടുണ്ട്.ചില പാശ്ചാത്യർ അഭിപ്രായപ്പെടുന്നതിങ്ങനെ : "നബി(സ) യുടെ പ്രബോധനം സമുദായത്തെ ദൗർഭാഗ്യത്തിന്റെ കയത്തിൽ നിന്ന് വിജയത്തിന്റെ സോപാനത്തിലേക്ക് ഉയർത്തിയത് എണ്ണപ്പെടുന്ന ചുരുക്കം ചില കൊല്ലങ്ങൾ കൊണ്ടാണ്". ഇത്രയൊക്കെ പാശ്ചാത്യർ പറയുമ്പോഴും അവരുടെ ഗ്രന്ഥങ്ങളിൽ ധാരാളം പൂഴ്ത്തിവെപ്പും വിഷലിപ്ത പരാമർശങ്ങളുമുണ്ടെന്നത് നാം വിസ്മരിച്ചു കളയരുത്. ആകയാൽ നിരുപാധികം അവയെ വാരിപ്പുണരാവുന്നതല്ല.നബി(സ) യുടെ മഹത്വങ്ങൾ വിവരിച്ചുകൊണ്ട് അവർ ഏടുകളും വാള്യങ്ങളും നിറച്ചിട്ടുണ്ടെങ്കിലും, തങ്ങളുടെ സ്തുത്യർഹമായ ഗുണവിശേഷങ്ങളും അവിടുത്തെ പരിശുദ്ധ ജീവിതത്തിന്റെ മുഴുവൻ വശങ്ങളും അനാവരണം ചെയ്യുന്നതിൽ അവർ അശക്തരും മനപ്പൂർവ്വമായ അനാസ്ഥ കാണിച്ചവരുമാണ്.

  ക്രിസ്ത്യാനിയായ അമേരിക്കൻ എഴുത്തുകാരൻ മൈക്കിൾ എച്ച്. ഹാർട്ട് ലോക നേതാക്കളെ കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.1978 ലാണ് അദ്ദേഹത്തിന്റെ പ്രഥമപുസ്തകം " *THE 100 : A RANKING OF MOST INFLUENTIAL PERSONS IN HISTORY"* , Hart publishing Company , New York [ ISBN : 9780806513508 ]പുറത്തിറക്കിയത്. പ്രസ്തുത പുസ്തകം മനുഷ്യ ചരിത്രത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച 100 വ്യക്തികളെ പരിചയപ്പെടുത്തുന്നു. അവയിൽ ഒന്നാമനായി ഗ്രന്ഥകാരൻ എണ്ണുന്നത് മുഹമ്മദ് നബി(സ) യെയാണെന്നത്  ശ്രദ്ധേയമാണ്.ദൗർഭാഗ്യകരമെന്നു പറയട്ടെ,  അദ്ദേഹത്തിന്റെ കൃതിയിലും വിഷലിപ്ത ആശയങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രബോധകരെ സംബന്ധിച്ചിടത്തോളം അവ ഉണർത്തൽ അനിവാര്യവുമാണ്.

Content:

ചരിത്ര ഗവേഷണവും മൈക്കിൾ എച്ച്. ഹാർട്ടും
'ഗവേഷണം' എന്ന പദത്തിനർത്ഥം തന്നെ 'അന്വേഷണം' എന്നാണ് .( ശബ്ദതാരാവലി) അന്വേഷണത്തിന് പഠനം അനിവാര്യവുമാണ്.പഠനത്തിന്റെ ബഹുമുഖങ്ങളിലൊന്നാണ് 'വായന'. വായന ഇസ്ലാമിന്റെ മൗലികമായ വഴികളിലൊന്നുമാണ്.ഇസ്ലാം വായനയെ അത്യധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ചതുർപ്രമാണങ്ങളിലെ പ്രഥമ പരിഗണനയർഹിക്കുന്ന ഖുർആനിലെ ആദ്യവചനം തന്നെ 'വായിക്കുക' എന്ന താണ്. (വി.ഖു 1/96) എന്നാൽ നമ്മുടെ വായന വ്യക്തമായ ചില സ്വഭാവങ്ങളോടു കൂടിയായിരിക്കണം. അത് നാം വായിക്കുന്നതിലെ നെല്ലും പതിരും  വേർതിരിച്ച് വിശകലനം ചെയ്തു കൊണ്ടായിരിക്കണം.കഥ, കവിത , ചരിത്രം, ഫിലോസഫി തുടങ്ങി എന്തു തന്നെയായാലും അതെല്ലാം പുസ്തകങ്ങളിലുള്ളതിനെ അതേപടിയങ്ങ് അണ്ണാക്ക് തൊടാതെ വിഴുങ്ങരുത്.  പ്രത്യുത , സത്യത്തെ മാനദണ്ഡമാക്കിക്കൊണ്ടുള്ള ഒരു  discriminatory reading  ആയിരിക്കണം. അപ്പോഴേ വായനാവീഥിയിലെ കുതന്ത്രങ്ങളെയും ചതിക്കുഴികളെയും നമുക്ക് തിരിച്ചറിയാൻ കഴിയൂ.പരിശ്രമങ്ങൾക്ക് ഒടുവിൽ നാം ആർജ്ജിച്ചെടുത്ത വിജ്ഞാനം അനർഘങ്ങളായ മുത്തുകൾ കണക്കെ ശാശ്വതമായി പരിലസിക്കാനുള്ള മാർഗങ്ങളാണ് എഴുത്തും ഭാഷണവും.രക്തസാക്ഷികയുടെ രക്തത്തെക്കാൾ പണ്ഡിതന്റെ തൂലികയിൽ നിന്ന് നിർഗളിച്ച മഷിക്ക് സ്ഥാനമുണ്ടെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം.( അന്നുകതു അലാ മുഖദ്ദിമത്തി ഇബ്നി സ്വലാഹ് : ഇമാം സർക്കശി  3/590 ). അതുകൊണ്ട് തന്നെ അള്ളാഹു ആദ്യാവതരണത്തിൽ തന്നെ തദ്പ്രസക്തി നബി(സ)യെ തെര്യപ്പെടുത്തി." തൂലിക കൊണ്ട് വിദ്യാ പ്രസരണം പഠിപ്പിച്ചവനാണവൻ"(വി.ഖു 96/4 ) .മനുഷ്യർക്ക് പേന മുഖേന എഴുത്ത് പഠിച്ചവനാണ് അള്ളാഹു (സ്വാവി 4/317 ). മാനവന് എഴുത്ത് വിദ്യയിൽ മഹത്വമേറിയ നേട്ടങ്ങൾ ഉണ്ടെന്നും അവയെ ചൂഴ്ന്നറിയാൻ അല്ലാഹുവിന് മാത്രമേ കഴിയുകയുള്ളൂവെന്നും അവയില്ലാതെ മതവും ഭൗതികവുമായ കാര്യങ്ങൾക്ക് നിലനിൽപ്പില്ലെന്നും അള്ളാഹു ഉണർത്തുന്നു (അൽ ജമൽ 8/381 ) .
ഗവേഷകന്റെ ബാധ്യതകളെക്കുറിച്ച് ഒരു പരാമർശം ഇവിടെ പ്രസക്തമാണ്. ഒരു നിർദ്ദിഷ്ട പ്രശ്നത്തിലുള്ള ഗവേഷണവും അപഗ്രഥനവും വേണ്ടതെല്ലാം സുഗ്രാഹ്യമാക്കിയെന്ന് ബോധ്യമാകും വരെ, അത് സ്ഥിരീകരിക്കുവാനോ നിരാകരിക്കുവാനോ ഗവേഷകൻ തുനിയരുത്. അപഗ്രഥനത്തിന് വിധേയമാകുന്ന കൃതിയുടെ കർത്താവ് ആര് ? എന്ന പരിഗണനയില്ലാതെ വീക്ഷിക്കലാണ് അയാളുടെ ബാധ്യത. സത്യാന്വേഷണ വ്യഗ്രത സർവ്വ തലത്തിലും ഗവേഷകൻ കൈക്കൊള്ളണം. അത് പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട പര്യവേക്ഷണമായാലും തഥൈവ. ചരിത്രകാരൻ കേവലം ഒരു ഉദ്ധാരകനല്ല .ഒരു നിരൂപകൻ കൂടിയാണ്. താനുദ്ധരിക്കുന്ന ചരിത്രസംഭവങ്ങളെ അപഗ്രഥിച്ച് അവയിലടങ്ങിയ സത്യാംശത്തെ സ്ഥിരീകരിക്കുന്ന നിരൂപകൻ.അതിലുപരി നിരൂപണം സൂക്ഷ്മപരിശോധനയുടെ ഒരു മാർഗ്ഗമാണ്.
ചരിത്രഗവേഷകർ നിരവധിയാണ്. എന്നാൽ എന്നാൽ പൗരസ്ത്യ സംസ്ക്കാരത്തെക്കുറിച്ച് പഠിക്കുന്ന പാശ്ചാത്യ പണ്ഡിതൻമാരിൽ അധികപേരും സ്വന്തം മുൻവിധികളുടെ തടവുകാരാണന്നതാണ് യാഥാർത്ഥ്യം. ഇസ്‌ലാമിന്റെ പ്രവാചകനെയും മുസ്ലീങ്ങളെയും കുറിച്ച് വിവരിക്കുമ്പോൾ അവരുടെ മുൻധാരണകൾക്ക് മൂർച്ചയേറുന്നതായി കാണാം. വളരെ വസ്തുനിഷ്ഠമായ (objective) പഠനങ്ങൾ എന്ന നിലയിലാണ് ഈ വ്യക്തിനിഷ്ഠമായ (Subjective) നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നുവെന്നതാണ് വൈചിത്ര്യം. രചനാ പരമായ ഇത്തരം കൗശലങ്ങളെ വിദഗ്ധമായി തിരിച്ചറിയാനുള്ള പാടവം അത്യന്താപേക്ഷിതമാണ്. പ്രവാചക വ്യക്തിത്വത്തെ പങ്കിലമാക്കുകയും വികലപ്പെടുത്തുകയും ചെയ്യുന്ന ക്രിസ്ത്യൻ മിഷനറിമാരുടെയും  ഓറിയന്റിലിസ്റ്റുകളുടെയും ആരോപണങ്ങൾക്ക് മറുപടി പറയുമ്പോൾ വൈകാരികമായ വാചാടോപങ്ങളിൽ നിന്ന് മുക്തമായി തികച്ചും ആനുദ്ധതമായ ഒരു ശൈലിയാണ് നാം സ്വീകരിക്കേണ്ടത് . ഇത് ഗ്രന്ഥത്തിന്റെ അക്കാദമിക മൂല്യത്തിന് മാറ്റുകൂട്ടുന്നതാണ്.
നമ്മുടെ പ്രതിപാദ്യവിഷയം മൈക്കിൾ എച്ച്. ഹാർട്ടും അദ്ദേഹത്തിന്റെ കൃതിയുമാണ്. മുഹമ്മദ് നബി (സ)യെ വിലയിരുത്തുന്ന ഹാർട്ടിന്റെ ലേഖനത്തിൽ അവിടുത്തെ അനുയായികളുടെ വിശ്വാസങ്ങൾക്ക് നിരക്കാത്ത തീർപ്പുകളും പരാമർശങ്ങളും പലതുണ്ട്. മുസ്ലീങ്ങൾക്ക്  നബി(സ) യോടുള്ള സ്നേഹവും ബന്ധവും വിവരണാതീതമാണ്. അതിനാൽ തന്നെ ഈ സ്നേഹവികാരം (Affectionate Sentiment ) മുതലെടുക്കും വിധം മനശാസ്ത്രപരമായ രചനാരീതിയാണ് മൈക്കിൾ തെരഞ്ഞെടുത്തിരിക്കുന്നത് .തദ്വാരാ തന്റെ ഗ്രന്ഥത്തിന്റെ വ്യാപകമായ ദ്രുതപ്രചരണത്തിന് അദ്ദേഹം വഴി കണ്ടെത്തുകയായിരുന്നു.

My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular levels. [ The Hundred ] എന്ന് പറഞ്ഞ് കൊണ്ട് ആരംഭിക്കുന്ന ഈ ഗ്രന്ഥത്തിലെ പ്രഥമാദ്ധ്യായം ഏതൊരു മുസ്ലിം പ്രഭാഷകനെയും വല്ലാതെ സ്വാധീനിക്കുന്നു. നബിയോടുള്ള അതിരറ്റ സ്നേഹം നിമിത്തമാണ് മൈക്കിളിന്റെ "The Hundred " എന്ന കൃതിയെ നമ്മുടെ പ്രഭാഷകർ പ്രസംഗ വേദികളിലും മറ്റും നിർബാധം ഉദ്ധരിക്കുന്നത്. എന്താണ് ഈ കൃതിയിൽ പറയുന്നതെന്ന് നിഷ്പക്ഷതയുടെ അടിത്തറയിൽ നിന്ന് സാമാന്യ നിലയിൽ പഠിക്കാനെങ്കിലും അവരാരും തയ്യാറായില്ല എന്നത് ഖേദകരം തന്നെ.
ഗ്രന്ഥകാരനോടും അദ്ദേഹത്തിന്റെ പ്രസ്താവനയോടും മുസ്ലിം അനുവാചകർക്ക് സ്വാഭാവികമായും തോന്നുന്ന മതിപ്പ് , ബഹുമാനം, സ്നേഹം ഇവയെല്ലാം ഹുബ്ബുന്നബിയുടെ ഭാഗമായി ഹൃദയാന്തരത്തിൽ നിറയുമ്പോൾ വിശകലന മനസ്സ് നഷ്ടമാകുകയും ഒരു തരം dedicative mentality യോടു കൂടി മാത്രം ബാക്കി ഭാഗങ്ങൾ  വായിക്കുകയും ചെയ്യുന്നു. അപ്പോൾ കണ്ടേക്കാവുന്ന അബദ്ധങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. അങ്ങനെ  ഹുബ്ബുന്നബിയുടെ മറവിൽ മൈക്കിൾ തന്റെ സ്വാർത്ഥ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നു. മുസ്ലിം പ്രഭാഷകരില്ലായിരുന്നെങ്കിൽ  ഈ കൃതി ലോകം അറിയില്ലായിരുന്നു !!
അപ്പോൾ  സംഭവിച്ചിരിക്കുന്നത് വളരെ വിചിത്രമായ ഒരു സംഗതിയാണ്. ബോധപൂർവ്വമുള്ള മൈക്കിളിന്റെ പ്രവാചകന് നേരെയുള്ള വികലപ്പെടുത്തലുകളുടെ ഉത്തരവാദിത്വം മുസ്ലീങ്ങളെ കൊണ്ട് തന്നെ വഹിപ്പിക്കുന്നു. അത്  പ്രചരിപ്പിച്ച്  ഒരു മഹാസംഭവമാക്കുകയും ചെയ്തു. അങ്ങനെ The Hundred നെ ഒരു ആധികാരിക ഗ്രന്ഥമാക്കി ഉയർത്തി. ഇങ്ങനെ അമുസ്ലിം അന്വേഷകർക്ക്  പോലും ഈ ഗ്രന്ഥം ചരിത്ര പഠനമായി ശുപാർശ ചെയ്യപ്പെടുന്നു. ശുപാർശചെയ്തയാളാകട്ടെ ഒരിക്കൽപോലും ഈ പുസ്തകം വായിച്ച് നോക്കിയിട്ടുണ്ടാവില്ല താനും. സ്വാഭാവികമായും ഒരു മുസ്ലിമിനാൽ ശുപാർശ ചെയ്യപ്പെടുന്ന ഗ്രന്ഥത്തിൽ ഉദ്ധൃത വിശേഷണങ്ങളോടെയുള്ള പ്രവാചകവ്യക്തിത്വം വികലമായ സ്വാധീനമാണ് അനുവാചകരിൽ സൃഷ്ടിക്കുക . അഥവാ ക്രിസ്ത്യാനിസത്തിന്റെയും ജൂതായിസത്തിന്റെയും താൽപര്യങ്ങളായിരിക്കും അവരിൽ സ്വാധീനിക്കപ്പെടുക. ഈ അപകടമാണ് സമൂഹമധ്യേ സംജാതമായി കൊണ്ടിരിക്കുന്നത്.

ദൈവിക മതത്തിന് സ്ഥാപകനോ  ?

മൈക്കിൾ എച്ച്. ഹാർട്ടിന്റെ വികലമായ പരാമർശങ്ങളിൽ പെട്ട ഒന്നാണ്  " മുഹമ്മദ് നബിയാണ് ഇസ്ലാമിന്റെ സ്ഥാപകൻ " എന്നത്. അദ്ദേഹത്തിന്റെ   ഗ്രന്ഥത്തിലുള്ള വരികൾ വായിക്കുക:

"Of humble origins, Muhammad founded and promulgated one of the world's great religions, and became an immensely effective political leader".  [THE HUNDRED  : MICHAEL H. HART]

"എളിയ നിലയിൽ ജനിച്ചുവളർന്നവനായിട്ടും മുഹമ്മദിന് ലോകത്തിലെ മഹത്തായ മതങ്ങളിലൊന്നിന്റെ സ്ഥാപകനാകാൻ കഴിഞ്ഞു. കൂട്ടത്തിൽ അദ്ദേഹം ശക്തനായ രാഷ്ട്രീയ നേതാവായിത്തീരുകയും ചെയ്തു. [ ഭാഷാന്തരം: എം. എൻ. കാരശ്ശേരി  : പ്രവാചകൻ ( പഠനസമാഹാരം), പാപ്പിയോൺ പ്രസിദ്ധീകരണം, പേജ് 21]

ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറയായ ഖുർആനിക വചനം കൊണ്ടു തന്നെ നാന്ദി കുറിക്കാം. സൂറത്തു  ആലുഇംറാനിലൂടെ അള്ളാഹു പറയുന്നു:

وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ 
(ആലു ഇംറാൻ144)

"മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌ ".[3/144].
 
മറ്റൊരിടത്ത് അള്ളാഹു പറയുന്നു:

ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ 
(അൽ ബഖറ 285)

"തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ [മുഹമ്മദ് നബി (സ) ] വിശ്വസിച്ചിരിക്കുന്നു".(വി.ഖു 2 / 285)

വിശേഷബുദ്ധിയും ചിന്താശേഷിയും നന്മയോ തിന്മയോ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും നല്‍കി മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചയച്ച സ്രഷ്ടാവ് തന്നെ അവര്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ പാലിക്കേണ്ട വിധിവിലക്കുകള്‍ പഠിപ്പിക്കുവാനാവശ്യമായ സംവിധാനങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതിനു വേണ്ടിയാണ് അവന്‍ പ്രവാചകന്മാരെ നിയോഗിച്ചത്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ സമുദായങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരെല്ലാം പഠിപ്പിച്ചത് സ്രഷ്ടാവിന്റെ വിധിവിലക്കുകള്‍ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തുവാനാണ്. സര്‍വശക്തനുള്ള സമ്പൂര്‍ണ സമര്‍പ്പണം അഥവാ ഇസ്ലാമാണ് അവരെല്ലാം പ്രബോധനം ചെയ്ത ആദര്‍ശം.

കീഴടങ്ങുക, വഴങ്ങുക, അനുസരിക്കുക  എന്നൊക്കെയാണ് ഇസ്ലാം എന്ന പദത്തിനർത്ഥം. അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) അള്ളാഹുവിൽ നിന്ന് കൊണ്ടുവന്നതാണെന്ന് അനിഷേധ്യമായി സ്ഥിരപ്പെട്ട മുഴുവൻ കാര്യങ്ങളും അംഗീകരിക്കുന്നതാണ് സാങ്കേതിക തലത്തിൽ ഇസ്ലാം എന്ന് പറയുന്നത്. [ ഇസ്ലാമിക വിശ്വാസ കോശം 1/368 ]

പ്രവാചകന്മാരുടെ ഉപദേശ നിര്‍ദേശങ്ങളെല്ലാം ദൈവിക ബോധനത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു. ദൈവസമ ര്‍പ്പണത്തിന്റെ ആദര്‍ശം – ഇസ്ലാം – ഏതെങ്കിലുമൊരു മനുഷ്യന്‍ സ്ഥാപിച്ചതല്ല; പ്രത്യുത ദൈവംതമ്പുരാന്‍ പ്രവാചകന്മാരിലൂടെ അവതരിപ്പിച്ചതാണ്, എന്നതാണ് യാഥാര്‍ഥ്യം.
മാതൃകാജീവിതം നയിച്ച് മനുഷ്യത്വത്തിന്റെ പൂര്‍ണത പ്രാപിച്ച പ്രവാചകന്മാരൊന്നും തന്നെ തങ്ങള്‍ക്ക്
ദിവ്യത്വമുണ്ടെന്ന് വാദിച്ചിരുന്നില്ല. അവരെല്ലാവരും പാപ സുരക്ഷിതത്വമുള്ള മനുഷ്യരായിരുന്നു. ദൈവനിയുക്തരായ എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കേണ്ടത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്.
ഏകദൈവ വിശ്വാസത്തിലേക്കും ധാർമിക സനാതന മൂല്യങ്ങളിലേക്കും മനുഷ്യ സമൂഹത്തെ നയിക്കാൻ നിയോഗിക്കപ്പെട്ട ലക്ഷത്തിൽ പരം വരുന്ന പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി (സ). അദ്ദേഹത്തിലൂടെയാണ് ദൈവസമര്‍പ്പണത്തിന്റെ മതം പൂര്‍ത്തീകരിക്കപ്പെട്ടത്.
നൂഹ്(അ) , ഇബ്റാഹിം (അ), മൂസ(അ), ഈസ (അ) തുടങ്ങി ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരുടെയെല്ലാം പിന്‍ഗാമിയാണ് മുഹമ്മദ്(സ). പുതിയൊരു മതം സ്ഥാപിക്കുകയല്ല. പ്രത്യുത പൂര്‍വ പ്രവാചകന്മാരെല്ലാം പഠിപ്പിച്ച മതം പൂര്‍ത്തീകരിക്കുകയാണ് അദ്ദേഹം ചെയ്തത്.

ഇതര മതങ്ങളിൽ നിന്ന് ഇസ്‌ലാമിനെ വ്യതിരിക്തമാക്കുന്ന ഏറ്റവും അടിസ്ഥാനപരമായ പ്രത്യേകത തന്നെ അതൊരു വ്യക്തിയുടെ നിർമ്മിതിയോ ആവിഷ്കാരമോ അല്ല എന്നതാണ് . എന്നാൽ മനുഷ്യപ്രകൃതത്തെ  പൂർണ്ണമായും അറിയുന്ന ഏകജ്ഞാനിയായ അല്ലാഹുവിന്റെ മതം എന്ന പ്രത്യേകത ഇസ്ലാമിന് കൈവരുന്നത് ചിന്താശീലരെ ഇതിലേക്കാകർഷിക്കുമെന്നതിനാൽ സ്വാർത്ഥ താല്പര്യങ്ങളുള്ള വ്യാജ മതക്കാർ ഇസ്ലാമും ഇതര മതങ്ങളെപ്പോലെ ഏതെങ്കിലും വ്യക്തിയാൽ സ്ഥാപിക്കപ്പെട്ടതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു.പരിണിതഫലമായി, മുഹമ്മദ് നബിയോട് കൂടിയാണ് ഇസ്ലാം ആവിർഭവിച്ചതെന്നും അദ്ദേഹമാണ് ഇസ്ലാമിന്റെ സ്ഥാപകനെന്നും ചില അമുസ്ലിം സഹോദരങ്ങൾ ധരിച്ചുവശായി.
അല്ലാഹുവാണ്  ഇസ്ലാമിന്റെ സ്ഥാപകൻ  എന്നത് മുസ്ലിം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അതേസമയം ചരിത്ര രചന നടത്തുന്ന അമുസ്‌ലിംകൾക്ക് ഈയൊരു മാനദണ്ഡം പാലിക്കേണ്ടതില്ല എന്ന് വാദിക്കുന്നവർ യഥാർത്ഥത്തിൽ മുഹമ്മദ് നബിയെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും ചരിത്രം എഴുതിയ അമുസ്ലിം ഗ്രന്ഥകർത്താക്കളുടെ പുസ്തകങ്ങൾ വായിച്ചിട്ടില്ല എന്നതാണ് പരമാർത്ഥം.
പാശ്ചാത്യ-പൗരസ്ത്യ ചരിത്ര പണ്ഡിതന്മാരുടെ ഇസ്ലാമിന്റെ സ്ഥാപന സംബന്ധമായ വിവരണങ്ങളിൽ  "അത് മുഹമ്മദ് നബിയുടെ സ്വന്തം ആവിഷ്ക്കാരമല്ലെന്നും പൂർവ പ്രവാചകന്മാരുടെ പിന്തുടർച്ച എന്ന നിലയിലും അതേസമയം സമ്പൂർണ്ണമായി പ്രബോധനം ചെയ്യുക മാത്രമാണ് പ്രവാചകൻ ചെയ്തതെന്നുമാണ്  ഇസ്ലാമിക വിശ്വാസികളുടെ നിലപാട്. ഇതുതന്നെയാണ് ഇസ്ലാമിക ചരിത്രകാരന്മാരുടെയും പക്ഷം "എന്നാണ് ഇ.എം.വെറിയും എസ്. എം. സ്വീമറും ചേർന്ന് എഡിറ്റ് ചെയ്ത ചരിത്ര വിജ്ഞാന കോശത്തിൽ പറയുന്നത് .( New York 1981 ). ഇതുപോലെ എത്രയോ മാതൃകകൾ കാണാം . കേരളത്തിൽ തന്നെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും മറ്റും തയ്യാറാക്കിയ ചരിത്ര ഗ്രന്ഥങ്ങളിലും ഇതേ സ്വഭാവത്തിലുള്ള വിശദീകരണങ്ങളാണുള്ളത് .  അല്ലാത്തതിന്നെ   എതിർത്ത സംഭവങ്ങൾ,   അതിനു വേണ്ടി സമരം ചെയ്ത ചരിത്രങ്ങൾ സമീപകാലത്തു പോലും കേരളത്തിലുണ്ടായിട്ടുണ്ട് .പ്രീഡിഗ്രി  പാഠപുസ്തകത്തിൽ
"മുഹമ്മദ് നബി ഇസ്ലാമിക സ്ഥാപകനാണ് " എന്ന  പരാമർശം തിരുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് 1988 ൽ മുസ്ലിം വിദ്യാർത്ഥി സംഘടനകൾ രംഗത്തിറങ്ങിയിരുന്നു. അപ്പോൾ അത് വിശ്വാസത്തിന്റെ അടിച്ചേൽപ്പിക്കലാണ് എന്ന് ആരോപിക്കാൻ കമ്മ്യൂണിസ്റ്റ് -മാർക്സിസ്റ്റ് പക്ഷങ്ങളിൽ നിന്ന് പോലും ആരും മുന്നോട്ടു വരികയുണ്ടായില്ല. കാരണം ഇത് വിശ്വാസ പ്രശ്നമൊന്നുമല്ല. പ്രശ്നം  ചരിത്ര വിജ്ഞാനത്തിന്റേത് തന്നെ .
_ഇസ്ലാം ടി സ്ട്രൈറ്റ് പാത്ത്_ എന്ന പുസ്തകത്തിലെ ഒന്നാം അധ്യായത്തിൽ ജോൺ  എസ്പോസിറ്റോ എഴുതിയത് കാണുക:       
"ചരിത്രവും ഐതിഹ്യങ്ങളും മുസ്ലിം വിശ്വാസവും ഒരുപോലെ മുഹമ്മദ് നബിയെ ഒരു മനുഷ്യനും പ്രവാചകനുമായാണ് ചിത്രീകരിക്കുന്നത് ".ഇവിടെ "പ്രവാചകൻ " എന്ന് പ്രയോഗിച്ചതിന് കാരണം മുഹമ്മദ് നബി ഒരു സ്ഥാപകനല്ലെന്നും,  മറിച്ച് ഒരു മതത്തിന്റെ ദൂതൻ മാത്രമാണെന്നും ഗ്രാഹ്യമായത് കൊണ്ടാണ്.
എസ്പോസി റ്റോ മറ്റൊരിടത്ത് പറയുന്നതായി കാണാം: "മുഹമ്മദ് ആയിരുന്നില്ല ഇസ്ലാമിന്റെ സ്ഥാപകൻ. അദ്ദേഹം ഒരു പുതിയ മതം തുടങ്ങുകയുണ്ടായിട്ടില്ല.തന്റെ മുൻഗാമികളായ പ്രവാചകന്മാരെപ്പോലെ തന്നെ ഒരു മത പരിഷ്കർത്താവായാണ് അദ്ദേഹം വന്നത്. പുതിയ ദൈവത്തിൽ നിന്ന് പുതിയ സന്ദേശവുമായിട്ടാണ് താൻ വന്നിരിക്കുന്നത് എന്നല്ല മുഹമ്മദ് പറഞ്ഞത് . യഥാർത്ഥ ദൈവത്തിലേക്കും തന്റെ സമകാലികർക്ക് കൈമോശം വരികയും മറക്കുകയും ചെയ്ത ജീവിത വ്യവസ്ഥയിലേക്കും അവരെ തിരിച്ചു വിളിക്കുകയാണദ്ദേഹം ചെയ്തത്".ചരിത്ര ഗവേഷകനായ ഡോ.  എം.ജി.എസ് നാരായണൻ ഇക്കാര്യം അടിവരയിട്ട് എഴുതുന്നുണ്ട്: ക്രിസ്ത്വബ്ദം ഏഴാം ശതകത്തിൽ മുഹമ്മദ് നബിയുടെ ഇസ്ലാം ഉണ്ടായതെന്ന ധാരണ ചരിത്രകാരന്മാർക്കിടയിൽ പോലുമുണ്ട്. കുരിശുയുദ്ധങ്ങളുടെ അവശിഷ്ടമായി പാശ്ചാത്യലോകത്ത് ഇസ്ലാമിനെ പറ്റി പക്ഷപാതപരമായി വളർന്നുവന്ന ചിന്തയുടെ ഫലമാണിത്. പൗരസ്ത്യ വാദികൾ എന്നറിയപ്പെട്ട പാശ്ചാത്യ പണ്ഡിതന്മാർ പോലും പൗരസ്ത്യമായ ബൗദ്ധ-ഹൈന്ദവ - ഇസ്ലാമിക തത്വങ്ങളെക്കുറിച്ചെല്ലാം  വികലമായ വീക്ഷണങ്ങളാണ് പുലർത്തിയത്.  മുഹമ്മദിന്റെ മതം എന്ന അർത്ഥത്തിൽ മാഹമ്മദ മതം ( മുഹമ്മദിനിസം ) എന്ന പേരുകൂടി വളരെക്കാലം പ്രചാരത്തിലിരുന്നു.
മനുഷ്യവർഗത്തിന്റെ ആദികാലം തൊട്ട് നിലവിലിരുന്ന സത്യവിശ്വാസത്തെ ദൈവീകമായ ദൗത്യം ഏറ്റെടുത്തു പ്രചരിപ്പിക്കുകയും ചിട്ടപ്പെടുത്തുകയുമാണ് താൻ ചെയ്തതെന്ന് മാത്രമേ പ്രവാചകൻ അവകാശപ്പെട്ടുള്ളൂ. ഒരു പരമ്പരയിലെ അന്ത്യപ്രവാചകനാണദ്ദേഹം.
അമുസ്ലിം  ചരിത്രകാരന്മാരും  ഗ്രന്ഥകാരന്മാരുമൊക്കെയാവുമ്പോൾ ഇത്തരമൊരു പ്രസ്താവന സ്വാഭാവികമല്ലേ , അതിലിത്ര പ്രതിഷേധിക്കാനെന്തിരിക്കുന്നു , മൈക്കിൾ എച്ച്. ഹാർട്ട് മുസ്ലിമല്ലല്ലോ ? എന്ന് പലരും ചോദിച്ചേക്കാം. അങ്ങനെ ഈ പ്രസ്താവന "സ്വാഭാവികം "  എന്ന ഗണത്തിൽപ്പെടുത്തുമ്പോൾ ഇത് പോലെ ഇസ്ലാമിനും പ്രവാചകനുമെതിരെ എഴുതുന്ന മറ്റൊരുപാട് 'സ്വാഭാവികത' കളെ നമുക്ക് വകവെച്ച് കൊടുക്കേണ്ടിവരും.ഒരു മുസ്ലിം പണ്ഡിതൻ ഇസ്ലാമിനെക്കുറിച്ചോ  നബിയെക്കുറിച്ചോ ചരിത്രമെഴുതാൻ  ശ്രമിക്കുമ്പോൾ അതിന്  അവലംബനീയമായി മുസ്ലിം ചരിത്രകാരന്മാരുടെ  ആധികാരിക  ഗ്രന്ഥങ്ങൾ തീർച്ചയായും ഉൾപ്പെടും.
അതിനുശേഷം "ഇസ്ലാമിനെ സ്ഥാപിച്ചത് ദൈവം മാത്രമാണ് എന്നാണവരുടെ വിശ്വാസം" എന്നായിരിക്കും സാമാന്യമായി ആയി അയാൾ എഴുതുക. പകരം മൈക്കിൾ എച്ച്. ഹാർട്ട് പറഞ്ഞതുപോലെ  നബി (സ) ഇസ്ലാമിനെ സ്ഥാപിച്ചു എന്ന്  "ചരിത്രം " ദുരുദ്ദേശപൂർവ്വം ഗ്രന്ഥരചന നടത്തുന്നവർക്കേ സാധിമാകൂ.

സ്വേച്ഛാധികാരത്തിന്റെ ലാഞ്ഛനയില്ലാത്ത മനീഷി

മൈക്കിളിന്റെ മറ്റൊരു ജൽപ്പനം കാണുക :

In Mecca, he had had few followers. In Medina, he had many more, and he soon acquired an influence that made him a virtual dictator. [THE HUNDRED]

"മക്കയിൽ അദ്ദേഹത്തിന് ഏതാനും അനുയായികളെ ഉണ്ടായിരുന്നുള്ളൂ. മദീനയിലാകട്ടെ അനുയായികൾ അനവധി. അവിടെ ഒരു സ്വേച്ഛാധിപതിയായി മാറുവാൻ മുഹമ്മദിന്  ഏറെനേരം വേണ്ടിവന്നില്ല ".[ ഭാഷാന്തരം: എം. എൻ. കാരശ്ശേരി  : പ്രവാചകൻ ( പഠനസമാഹാരം), പാപ്പിയോൺ പ്രസിദ്ധീകരണം, പേജ് 22 ]

എന്നാൽ ഖുർആൻ പറയുന്നു:
وَمَآ أَرْسَلْنَٰكَ إِلَّا رَحْمَةً لِّلْعَٰلَمِينَ
(അൽ അമ്പിയാഅ 107 )

" ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിങ്ങളെ നാം അയച്ചിട്ടില്ല". ( വി.ഖു 21/ 107 )

ആ കാരുണ്യത്തിൽ   മുസ്ലിമെന്നോ അമുസ്ലിമെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ കുബേരനെന്നോ കുചേലനെന്നോ അടിമയെന്നോ ഉടമയെന്നോ ഉള്ള യാതൊരു വ്യത്യാസവും പ്രകടമല്ല.ഈ സ്നേഹസാമ്രാജ്യത്ത് ഭാഷയോ ദേശമോ തടസ്സമില്ലായിരുന്നു. ഗോത്ര മേന്മയുടെ വരമ്പില്ലായിരുന്നു. കറുത്ത നീഗ്രോ അടിമയായ ബിലാൽ (റ) നും  ചുവന്നുതുടുത്ത ഡൊമസ്റ്റിക് അറബിയായിരുന്ന ഉമർ(റ) നും ഫാരിസിയായ സൽമാനും (റ)  ഈ സ്നേഹത്തിന്റെ തണൽ  ലഭിച്ചു.

മറ്റൊരിടത്ത് അല്ലാഹു പറയുന്നു:
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ
(അൽ ഖലം 4 )

"തീര്‍ച്ചയായും നിങ്ങൾ മഹത്തായ സ്വഭാവത്തിലാകുന്നു". (വി.ഖു 68/4 )

തന്റെ അനുയായികളോട് മുഹമ്മദ് നബി(സ) നടത്തിയ ഉദ്ബോധനം കേട്ടുനോക്കൂ...   ഇത് ഒരു  സ്വേച്ഛാധികാരിയുടെ ഭാഷണമല്ലെന്നത്    സുതരാം വ്യക്തമാണ്.
إرحموا من في الأرض يرحمكم من في السماء
(തുർമുദി)
"ഭൂമിയിലുള്ളവർക്ക് നിങ്ങൾ കരുണ ചെയ്യൂ. എന്നാൽ ആകാശത്തിലുള്ളവൻ നിങ്ങൾക്കും കരുണ ചെയ്യുന്നതാണ്."
അന്യമതക്കാരോടും എതിരഭിപ്രായക്കാരോടും കാരുണ്യവും നീതിയും പുലർത്തണം. കാരുണ്യത്തിനോ നീതിക്കോ സഹായത്തിനോ അതിർവരമ്പുകളിടാൻ പാടില്ല. ജാതിയുടെയോ ഭാഷയുടെയോ ദേശത്തിന്റെയോ മതിൽ കെട്ടുകൾ വിശാലമായ മനുഷ്യസ്നേഹത്തെ  തടഞ്ഞു നിർത്താൻ പാടില്ല. ഇതാണ് തിരുനബി(സ)യുടെ അധ്യാപനത്തിന്റെ രത്നച്ചുരുക്കം. അതിന്റെ പ്രയോഗവൽക്കരണ മാണ് അവിടുത്തെ ജീവിതവും നടപടിക്രമങ്ങളും.സ്വേച്ഛാധിപത്യസ്വഭാവം നബി(സ)യുടെ  ജീവിതത്തിൽ എങ്ങും നമുക്ക് കാണാൻ കഴിയുകയില്ല. പകരം വിട്ടുവീഴ്ചയുടെയും മറ്റുള്ളവരുടെ  അഭിപ്രായങ്ങളെയും  നിർദ്ദേശങ്ങളെയും ഗൗരവപൂർവ്വം പരിഗണിക്കുന്നതിന്റെയും സ്വഭാവമഹിമകളാണ് നബി(സ)യുടെ ജീവിതത്തിലുടനീളം പ്രകടമായി കാണാൻ സാധിക്കുക.കൂടിയാലോചന നടത്തി കാര്യങ്ങൾ തീരുമാനമെടുക്കുക എന്ന രീതിയാണ് വിശുദ്ധ ഖുർആൻ നിർദേശിച്ചിട്ടുള്ളതും  നബി(സ) നടപ്പിൽ വരുത്തിയതും.(വി. ഖു 3/159 )

കൂടിയാലോചനാ സ്വഭാവത്തിന് ചരിത്രത്തിൽ ധാരാളം മാതൃകാപരമായ ഉദാഹരണങ്ങളുണ്ട്. അനുയായികളുടെ അഭിപ്രായം മാനിച്ച് സുപ്രധാന രംഗങ്ങളിൽ പോലും തന്റെ പ്ലാനുകളിൽ വ്യത്യാസം വരുത്തിയിരുന്നു.

ശത്രു വിഭാഗം യുദ്ധത്തിനൊരുങ്ങുകയാണെങ്കിൽ പടർക്കളത്തിൽ ഉറച്ചുനിൽക്കാൻ തന്നെ മുസ്ലിങ്ങൾ തീരുമാനിച്ചു. അതിന് ബദ്റിലെ ജലാശയത്തിനടുത്തേക്കായി അവർ കുതിക്കുകയും അതിനു സമീപം തന്റെ സൈന്യത്തെയുമായി നബി(സ) താവളമടിക്കുകയും ചെയ്തു . ആ സ്ഥലത്തെക്കുറിച്ച് നല്ല അറിവുള്ള ആളായിരുന്ന ഹുബ്ബാബു ബിൻ മുൻദിർ (റ) അപ്പോൾ പ്രവാചകനോട് ചോദിച്ചു : നബിയേ... ഇവിടെ നമുക്ക് ഒട്ടും നീക്ക് പോക്ക് നടത്താൻ പറ്റാത്ത സ്ഥലമാണ്. ദിവ്യസന്ദേശപ്രകാരമാണോ ഇവിടെ താവളമടിച്ചത് ?   അപ്പോൾ തിരുനബി  (സ)  പ്രതിവചിച്ചു:  "അല്ല, ഇത് സ്വാഭിപ്രായമാണ് ". ഒടുവിൽ ഹുബ്ബാബ് (റ) നിർദേശിച്ചേടത്തേക്കു നബിയും കൂട്ടരും മാറി. (ഇബ്നു ഹിശാം 2 / 259-260 , ദലാഇലുൽ ബൈഹഖീ 3/35 , അൽ ബിദായത്തു വന്നിഹായ 3/305 , സയ്യിദുൽ ബശർ 179 ).

കേവലം തന്റെ അനുയായിയുടെ അഭിപ്രായത്തോട് "സ്വേച്ഛാധികാരി"യെന്ന് മൈക്കിൾ  'ചരിത്ര'മെഴുതിയ പുണ്യനബി(സ)യുടെ സമീപനമെന്തായിരുന്നെന്നും പ്രസ്തുത സമീപനത്തിലടങ്ങിയ സന്ദേശമെന്താണെന്നും ചരിത്രകാരന്മാർ തന്നെ പറയുന്നുണ്ട്:
When they reached the first water well, Muhammad dismounted with the intention of camping there. Cognizant of the area, al Hubab ibn al Mundhir ibn al Jamuh approached the Prophet and said: "0 Prophet of God, is this spot where you have dismounted a place to which God has guided you and, therefore, may we neither step beyond it nor stay far behind it? Or is this simply a question of ordinary war strategy, of measures and moves and counter measures and moves?" Muhammad answered, "It is indeed the latter, just as you said." A1 Hubab then said, "0 Prophet of God, this is not a good place to be. We should move forward until we reach the well closest to the enemy. There we would bring a trough to it to fill with water and then fill the well with sand. We would fight the enemy; and when we withdraw we would be able to drink, whereas they would not." Muhammad, immediately agreeing, rose to go forward with his force. He sent a reminder to all his companions that he is but a man like them, that all decisions have to be taken by all of them in consultation with one another, that he will not decide anything without them finally, and that he stands in great need of their good counsel. [ The Muslim Camp at Badar]

washington Irving ന്റെ
Mohammed and His Successorട  : Belford Clarke: Chicago , 1849 : എന്ന ഗ്രന്ഥത്തിൽ വായിക്കാം: സ്നേഹിതരോടും അപരിചിതരോടും ശക്തരോടും അശക്തരോടും സമ്പന്നരോടും  ദരിദ്രരോടും പ്രവാചകൻ തുല്യനിലയിൽ പെരുമാറി ( പേജ് 192 - 193)

ആകയാൽ ചരിത്രകാരന്മാർ പോലും അവിടുത്തെ അഭിപ്രായ സമന്വയങ്ങളുടെ  സ്വീകരണവും കൂടായാലോചനാ താൽപര്യങ്ങളെയും     സമ്മതിക്കുന്നു . എന്നാൽ പ്രവാചകന്റെ രാഷ്ട്രീയം സോച്ഛാധിപത്യ (Dictartorship ) വാഴ്ചയായിരുന്നുവെന്ന് മൈക്കിൾ. ശുദ്ധ അസംബന്ധം !!

സ്വേച്ഛാധികാരിയുടെ  ലാഞ്ഛന പോലും ആ  വ്യക്തിത്വത്തിലില്ലായിരുന്നു . ചരിത്രത്താളുകളിലൂടെ വായിച്ചെടുക്കാൻ സാധിക്കുന്നത്  സഹിഷ്ണുതയുടെയും കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും ആൾരൂപമായ മുഹമ്മദ് നബി (സ) യെയാണ്. ഉദാഹരണങ്ങൾ മുഴുവൻ എഴുതിത്തീർക്കാൻ നാം അശക്തരാണെന്നതാണ് വാസ്തവം. അല്പം ചിലത് മാത്രം കണ്ണോടിക്കാം.
ഹിജ്റാനന്തരം കഅബ കാണാനും ആരാധനയർപ്പിക്കാനും മക്കയിലേക്ക് സ്വഹാബികൾ പുറപ്പെട്ടു . പക്ഷേ  ഹുദൈബിയ്യയിൽ ഖുറൈശികൾ സ്വഹാബികളെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു .എന്നാൽ മുസ്‌ലിം സൈന്യം തന്ത്രപരമായി അവരെ ബന്ദികളാക്കി തിരുസവിധത്തിൽ ഹാജരാക്കി. മഹാ മനസ്സിന്റെ ഉടമയായ  പ്രവാചകൻ അവർക്കു മാപ്പു നൽകി വിട്ടയച്ചു. പ്രതികാരം എളുപ്പമായിരുന്നുവെങ്കിലും ശത്രുക്കളെ പോലും അത്ഭുതപ്പെടുത്തുന്ന വിധം തിരുമേനി അവരെ മോചിപ്പിച്ചു. ( ഇബ്നു കസീർ 4/ 199, ഫത്ഹുൽ ബാരി 5 /342 )

ഹുദൈബിയ സന്ധിയിൽ കരാർ ലംഘനം നടക്കാതിരിക്കാൻ  നബി(സ) കൈകൊണ്ട വിട്ടുവീഴ്ചക്ക് ചരിത്രത്തിൽ സമാനതകളില്ല. ( ബുഖാരി 2731 നോക്കുക)ഹിജ്റ മൂന്നാം വർഷം നടന്ന  ഉഹ്ദ് യുദ്ധത്തിൽ ശത്രു പക്ഷത്തിന്റെ ആക്രമണം  നിമിത്തം നബി(സ)യുടെ പല്ല് പൊട്ടുകയും മുഖത്ത്  മുറിവേൽക്കുകയും ചെയ്തു . അതു മുസ്ലിംകൾക്ക് വളരെ മനോവിഷമം സൃഷ്ടിച്ചപ്പോൾ  അവർക്കെതിരെ പ്രാർത്ഥിക്കാൻ അപേക്ഷിച്ചു.     അപ്പോൾ തിരുമേനിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:  "ഞാൻ ശപിക്കുന്നവനായി നിയുക്തനായിട്ടില്ല. തീർച്ചയായും ഞാൻ  മാർഗ്ഗദർശനവും കാരുണ്യവുയിട്ടാണ് നിയുക്തനായിട്ടുള്ളത്. അല്ലാഹുവേ എന്റെ ജനതക്ക് മാർഗദർശനം നൽകേണമേ, അവർ വിവരമില്ലാത്തവരാണ്". ഇതായിരുന്നു കാരുണ്യ ദൂതന്റെ പ്രത്യുത്തരം.(ബുഖാരി 2903, മുസ്ലിം 1790)

സ്വന്തം തലയെടുക്കാൻ വന്നവനോട് ഇത്രത്തോളം  സഹിഷ്ണുത  കാണിച്ച ഒരു നേതാവിനെ ചരിത്രത്തിന് ചൂണ്ടിക്കാണിക്കാൻ കഴിയില്ല. സ്വഹീഹുൽ ബുഖാരിയിൽ 3906, 3911 ലും ഫത്ഹുൽ ബാരി 7/ 241-243 ലും  സുറാഖയുടെ ഹൃദ്യമായ ചരിത്രാഖ്യാനമുണ്ട്.

മുഹമ്മദ് നബി (സ)യുടെ ജീവിതം പഠിക്കാതെയാണ് മൈക്കിൾ തന്റെ പുസ്തകം തയ്യാറാക്കിയത് എന്ന് ഒരിക്കലും നാം കരുതിക്കൂടാ. കാരണം അദ്ദേഹമെഴുതിയ ഗ്രന്ഥം ചരിത്രത്തിന്റേതാണ്. മനുഷ്യ സമൂഹത്തിന് മേൽ സ്വാധീനം ചെലുത്തിയ 100 പേരെയാണല്ലോ അദ്ദേഹം പഠിച്ചത്.അപ്പോൾ പിന്നെ അതാത് മഹാത്മാക്കളുടെ ചരിത്രം വായിക്കുകയും പഠിക്കുകയും ഗവേഷണ മനസ്സോടു കൂടി വിശകലനം ചെയ്യുകയും അദ്ദേഹത്തിന് അത്യാവശ്യമാണ്. ഇതദ്ദേഹം മുറക്ക്  നിർവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ   THE HUNDRED  വായിച്ചാൽ നമുക്ക് മനസ്സിലാകും. പുസ്തകത്തിൽ ഒന്നാം സ്ഥാനത്ത്  നബി(സ)യെ മൈക്കിൾ നിർത്തിയിട്ടുണ്ടെങ്കിലും  അത് നാം പഠിച്ചറിഞ്ഞ പ്രവാചകനായ  മുഹമ്മദ് നബി (സ) യെയല്ല.  പകരം  മൈക്കിൾ അദ്ദേഹത്തിന്റെ താൽപര്യപ്രകാരം സ്വയം  വളച്ചൊടിച്ച് വികലമാക്കിയ ഒരു 'ചരിത്രപുരുഷ'നെയാണ്  അവതരിപ്പിച്ചിട്ടുള്ളത്.(പ്രവാചക വിരോധം മൈക്കിൾ എച്ച്. ഹാർട്ടിന്റെ കൃതിയിൽ : SAJ പ്രസിദ്ധീകരണം : പേജ് 17 ).


ദൈവിക ഗ്രന്ഥത്തിന് രചയിതാവോ ?

മറ്റൊരു  അബദ്ധ പരാമർശമാണ് ഈ ശീർഷകത്തിനു കീഴിൽ ഉൾക്കൊള്ളിക്കുന്നത്. "ഖുർആന്റെ രചയിതാവ് മുഹമ്മദ് നബി (സ) യാണ് " എന്നാണ് മൈക്കിൾ എച്ച്. ഹാർട്ടിന്റെ ഭാഷ്യം.

"Muhammad, however, was responsible for both the theology of Islam and its main ethical and moral principles. In addition, he played the key role in proselytizing the new faith, and in establishing the religious practices of Islam. Moreover, he is the author of the Moslem holy scriptures, the Koran " [THE HUNDRED ]

"ഇസ്ലാമിക സദാചാര  ധാർമിക പാഠങ്ങൾക്ക് എന്നപോലെ  ദൈവശാസ്ത്രത്തിനും രൂപം നൽകിയത്  മുഹമ്മദ് ആണ്. പുതിയ വിശ്വാസം  പ്രബോധനം ചെയ്യുന്നതിലും പുതിയ അനുഷ്ഠാനങ്ങൾ  സ്ഥാപിക്കുന്നതിലും അദ്ദേഹം കാര്യമായ പങ്കുവഹിച്ചു. എല്ലാറ്റിലുമധികം മുസ്ലിംകളുടെ വേദഗ്രന്ഥമായ ഖുർആന്റെ രചയിതാവ് മുഹമ്മദ് ആണ്". [ ഭാഷാന്തരം : എം എൻ കാരശ്ശേരി : പ്രവാചകൻ : പേജ് 24]

എന്നാൽ ഖുർആനിലൂടെ അള്ളാഹു തന്നെ പറയുന്നു:

إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَٰفِظُونَ
(അൽ ഹിജ്ർ 9 )
" തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌ ". [ വി.ഖു 15/9]
അന്ത്യപ്രവാചകനിലൂടെ അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. ദൈവവചനങ്ങാണ് അതുള്‍ക്കൊള്ളുന്നത്. അവസാന നാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള മാര്‍ഗദര്‍ശകഗ്രന്ഥമാണത്. അതുകൊണ്ടുതന്നെ അന്ത്യനാളുവരെ ഖുര്‍ആനിനെ യാതൊരു മാറ്റത്തിരുത്തലുകളുമില്ലാതെ നിലനിര്‍ത്തുമെന്ന് അത് അവതരിപ്പിച്ച ദൈവം തന്നെ മനുഷ്യര്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്. എല്ലാവിധ മാനുഷിക കൈകടത്തലുകളില്‍നിന്നും മുക്തമായി ഇന്നു നിലനില്‍ക്കുന്ന ഏക മതഗ്രന്ഥം ഖുര്‍ആനത്രേ. അത് ഒരേ സമയം ഒരു മാര്‍ഗദര്‍ശക ഗ്രന്ഥവും അതോടൊപ്പം അന്ത്യപ്രവാചകന് നല്‍കപ്പെട്ട ദൈവിക ദൃഷ്ടാന്തവുമാണ്.മനുഷ്യരുടെ ഇഹലോകത്തെയും മരണാനന്തര ജീവിതത്തിലെയും വിജയത്തിനാവശ്യമായ ധാര്‍മിക നിര്‍ദേശങ്ങളാണ് ഖുര്‍ആനിലുള്ളത്. സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ള ബന്ധമാണ് ഖുര്‍ആനിന്റെ മുഖ്യപ്രമേയമെന്ന് പറയാം. മാനവസമൂഹത്തെ ആത്യന്തികമായ നന്മയിലേക്ക് നയിക്കുന്ന വിശ്വാസാചാരങ്ങളെയും ജീവിതരീതിയെയും കുറിച്ച പ്രതിപാദനങ്ങളാണ് അതില്‍ നിറഞ്ഞുനില്‍ക്കുന്നത്. മനുഷ്യര്‍ക്ക് പാഠമായിത്തീരേണ്ട ഗതകാലസംഭവങ്ങളെ അത് എടുത്തുദ്ധരിക്കുന്നത് ദൈവിക മാര്‍ഗദര്‍ശനത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധക്ഷണിക്കുന്നതിനുവേണ്ടിയാണ്. ആത്മസംസ്കരണത്തിനുതകുന്ന ഉപദേശനിര്‍ദേശങ്ങളോടൊപ്പം ഭൗതികജീവിതത്തില്‍ പാലിക്കേണ്ട വിധിവിലക്കുകളും അതുള്‍ക്കൊള്ളുന്നു. സ്രഷ്ടാവിന്റെ അസ്തിത്വത്തെപ്പറ്റി മനുഷ്യരെ ബോധ്യപ്പെടുത്തുന്ന തരത്തില്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച വിശദീകരണങ്ങളും ഖുര്‍ആനിലുണ്ട്.

മനുഷ്യര്‍ക്കു രചിക്കുവാന്‍ കഴിയാത്ത സവിശേഷമായ ഒരു ഗ്രന്ഥമാണ് ഖുര്‍ആന്‍. നാല്‍പതു വയസ്സുവരെ യാതൊരു സാഹിത്യാഭിരുചിയും പ്രകടിപ്പിക്കാത്ത ഒരു നിരക്ഷരനിലൂടെ ലോകം ശ്രവിച്ച ഖുര്‍ആനിന്റെ അനിതരമായ സാഹിത്യശൈലി ആര്‍ക്കും അനുകരിക്കാനാവാത്തതാണ്. ഇന്നു നിലനില്‍ക്കുന്ന വേദഗ്രന്ഥങ്ങളില്‍ ദൈവികമെന്ന് സ്വയം അവകാശപ്പെടുന്നതും അവതരിപ്പിക്കപ്പെട്ട രൂപത്തില്‍തന്നെ ഇന്നും നിലനില്‍ക്കുന്നതുമായ ഏകഗ്രന്ഥം ഖുര്‍ആനാണ്. ഖുര്‍ആനിലെ ധാര്‍മിക നിയമങ്ങള്‍ സാര്‍വകാലികവും അത് പ്രദാനം ചെയ്യുന്ന സാന്മാര്‍ഗിക സംവിധാനം കിടയറ്റതുമാണ്. ദീര്‍ഘമായ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ വിഭിന്നങ്ങളായ പരിതസ്ഥിതികളില്‍ വിപുലവും ബൃഹത്തുമായ വിഷയങ്ങളെക്കുറിച്ച് അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തങ്ങളില്‍ യാതൊരു വൈരുധ്യവുമില്ലെന്നതാണ് ഒരു അത്ഭുതം.
ഖുര്‍ആന്‍ സൃഷ്ടിച്ച പരിവര്‍ത്തനമാകട്ടെ അതുല്യവും മഹത്തരവുമാണ്. എല്ലാ നിലക്കും അധമമായ ഒരു സമൂഹത്തെ കേവലം ഇരുപത്തിമൂന്ന് വര്‍ഷക്കാലം കൊണ്ട് ലോകത്തിന് മുഴുവന്‍ മാതൃകയായ ഒരു സമൂഹമാക്കി മാറ്റിയ ഗ്രന്ഥമാണത്. ഖുര്‍ആനിലെ പ്രവചനങ്ങളാകട്ടെ അക്ഷരംപ്രതി പുലര്‍ന്നുകൊണ്ട് അത് ത്രികാലജ്ഞാനിയില്‍നിന്നുള്ളതാണെന്ന് തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്.

പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ലോകം ശാസ്ത്രസാങ്കേതിക രംഗത്ത് വട്ടപ്പൂജ്യത്തിലായിരിക്കുമ്പോള്‍ അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളിലൊന്നുപോലും ആധുനിക ശാസ്ത്രഗവേഷണങ്ങളുടെ ഫലങ്ങള്‍ക്ക് വിരുദ്ധമായ യാതൊരു പ്രസ്താവനയും നടത്തുന്നില്ലെന്നതാണ് മറ്റൊരു മഹാത്ഭുതം. മാത്രവുമല്ല, ഖുര്‍ആനിലെ വചനങ്ങള്‍ സര്‍വശക്തനായ സ്രഷ്ടാവിന്റേതാണെന്ന് ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നുവെന്നതാണ് അതിന്റെ ദൈവികതക്കുള്ള മറ്റൊരു തെളിവ്.

ജോൺ എൽ. എസ്പോസിറ്റോയുടെ "ഇസ്ലാം ദ സ്ട്രൈറ്റ് പാത്ത് "എന്ന പുസ്തകത്തിലെ പ്രഥമാദ്ധ്യായത്തിൻ ശകലം ഭാഷാന്തരത്തിൽ വായിക്കാം:
മുസ്ലീങ്ങളെ  സംബന്ധിച്ചിടത്തോളം ഖുർആൻ ദൈവികഗ്രന്ഥമാകുന്ന.  മാനവസമൂഹത്തിന്  മാർഗദർശകമാവുന്ന തിനായി പ്രവാചകൻ മുഹമ്മദിന് ദൈവം ഇറക്കി കൊടുത്ത ശാശ്വത പ്രാധാന്യമുള്ള ദിവ്യവചനങ്ങളാണവ.(പ്രവാചകൻ : പാപ്പിയോൺ പ്രസിദ്ധീകരണം: പേജ് 100)
ഖുർആനിന്റെ അനശ്വരതയെ കുറിച്ച് അദ്ദേഹം തന്നെ പറയുന്നു:
ഖുർആൻ ദൈവിക ഗ്രന്ഥമായതിനാൽ ഖുർആനിന്റെ മൂലരൂപം  അതിന്റെ കർത്താവിനെ പോലെ തന്നെ അന്യൂനവും ശാശ്വതവും മാറ്റങ്ങൾക്ക് വിധേയമല്ലാത്തതുമായാണ് ഗണിക്കപ്പെടുന്നത്. ഖുർആനിന്റെ ഭാഷ,  ആശയങ്ങൾ , ശൈലി തുടങ്ങിയ കാര്യങ്ങൾ ഒരു നിലക്കും അനുകരിക്കാൻ സാധ്യമല്ലെന്നതാണീ സിദ്ധാന്തം. ( IBID 103)

അറേബ്യയിൽ സാഹിത്യത്തിലും ഭാഷയിലും ശൈലിയിലും ധാരാളം പ്രഗത്ഭർ ഉണ്ടായിട്ടും മുഹമ്മദ് എന്ന നിരക്ഷരൻ അവരെ അമ്പരപ്പിച്ചിരിന്നു.നബി ഓതികേൾപ്പിച്ചിരുന്ന  അതിമനോഹരമായ ഖുർആൻ സൂക്തങ്ങളിൽ  ഇതുപോലൊരു അധ്യായമെങ്കിലും  സൃഷ്ടിക്കാൻ ദൈവം അവരെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു . "നാം നമ്മുടെ അടിമക്ക് അവതരിപ്പിച്ചതിൽ സംശയാലുക്കളാണ് നിങ്ങളെങ്കിൽ അതിനു തുല്യമായ ഒരു അധ്യായ മെങ്കിലും നിങ്ങൾ ഹാജരാക്കുക. ദൈവത്തെ കൂടാതെ നിങ്ങൾക്കുള്ള  സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങൾ സത്യസന്ധരാണെങ്കിൽ!"  (വി.ഖു 2 / 23) ഈ വ്യത്യാസം മനസ്സിലാക്കാൻ പ്രവാചകന്റെ സ്വന്തം മൊഴികളായ ഹദീസുകളും ഖുർആനിക സൂക്തങ്ങളും തമ്മിൽ താരതമ്യം ചെയ്താൽ മതിയാകും. പ്രവാചകൻ നിരക്ഷരനാണെന്നത് അറേബ്യൻ ജനതക്കാകമാനം അറിയാവുന്ന സത്യമായിരിക്കെ ദൈവം ചോദിക്കുന്നു ഖുർആനിനു മുമ്പ് നിങ്ങൾ ഏതെങ്കിലും ഗ്രന്ഥം വായിക്കുകയോ വലതുകൈ കൊണ്ട് എഴുതുകയോ ചെയ്യുമായിരുന്നില്ല. അങ്ങനെയായിരുന്നുവെങ്കിൽ അസത്യവാദികൾക്ക് സംശയത്തിന് വകയുണ്ടായിരുന്നു.(വി.ഖു 29/48). ഖുർആൻ പ്രവാചകന്റെ സൃഷ്ടിയിരുന്നുവെങ്കിൽ  അതിൽ  പ്രവാചകനെതിരെ വിമർശനങ്ങൾ അസംഭവ്യം തന്നെ.
സൈനബി (റ)ന്റെ  വിവാഹ കാര്യത്തിൽ നബി മറച്ചുവെച്ച ആശങ്കയെ ഖുർആൻ വിമർശിച്ചതായി കാണാം.  നബിസംഘം അതിക്രമങ്ങളെ നേരിടാൻ  പുറപ്പെടുമ്പോൾ അകാരണമായി  ഒഴിഞ്ഞുമാറിയ കപട വിശ്വാസികൾക്ക് നിഷ്കപടമായ പ്രവാചകൻ അനുമതി നൽകിയതിന് അദ്ദേഹത്തെ ഖുർആൻ വിമർശിക്കുന്നുണ്ട്.(വി.ഖു 9/43).  വേറെ ഒരു സ്ഥലത്ത്  യുദ്ധത്തടവുകാരുടെ കാര്യത്തിൽ  പ്രവാചകൻ കൈകൊണ്ട തീരുമാനത്തെ ഖുർആൻ വിമർശിച്ചതായി നാം കാണുന്നു.(വി.ഖു 8/67).
(മുഹമ്മദ് നബി ജീവിതം തന്നെ സന്ദേശം: കെ.വി ഹംസ : കറന്റ് ബുക്സ്: പേജ് 48-49)

ലോകജനതയിലാകമാനം വിപ്ലവം സൃഷ്ടിച്ച് ആരാധനയിലും രാഷ്ട്രീയത്തിലും സാമൂഹിക-സാമ്പത്തിക കുടുംബജീവിത രംഗങ്ങളിലുമെല്ലാം ഒന്നും വേർപെടുത്താതെ വ്യക്തവും ശാസ്ത്രീയവുമായ കാഴ്ചപ്പാട് രൂപപ്പെടുത്തി, അറേബ്യയെ മാത്രമല്ല  ലോകത്താകമാനം മനുഷ്യരെ ഒരു ആദർശത്തിന്റെ പേരിൽ കോർത്തിണക്കി, ഏറ്റവും കൂടുതൽ പാരായണം ചെയ്യുകയും , ഹൃദ്യസ്ഥമാക്കുകയും , ഒരു അക്ഷരം പോലും മാറ്റം വരുത്താതെ ഇന്നേവരെ  കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന  അതുല്യമായ ഒരു ഗ്രന്ഥം നിരക്ഷരനായ ഒരു പ്രവാചകന്റെ വികലമായ സ്വയം കൃതിയാണെന്നാണ് വിശ്വസിക്കുന്നതെങ്കിൽ യാഥാർത്ഥ്യത്തിനു നേരെ  കണ്ണടയ്ക്കുന്ന വർക്കേ അതിന് കഴിയൂ. ( മുഹമ്മദ് നബി ജീവിതം തന്നെ സന്ദേശം : കറന്റ് ബുക്സ് : കെ. വി ഹംസ : പേ 49-50)

മറ്റേതൊരു മതവും പോലെ  ഇസ്ലാമും ഒരു വ്യക്തിയാൽ സ്ഥാപിക്കപ്പെട്ടതാണെന്ന് പറയുന്ന മൈക്കിൾ   മറ്റേതൊരു ഗ്രന്ഥവും പോലെ ഖുർആനും നബി(സ)യാൽ  എഴുതപ്പെട്ടതാണെന്ന് പറയുമ്പോൾ, ഇങ്ങനെ ഒരു മതഗ്രന്ഥ "സ്ഥാപകൻ" ആയ മുഹമ്മദ് നബിയാണ് ചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയത് എന്ന് പറഞ്ഞാൽ നാമെങ്ങനെയാണ് അത് വകവെച്ചു കൊടുക്കുന്നത്? (പ്രവാചക വിരോധം മൈക്കിൾ എച്ച്. ഹാർട്ടിന്റെ കൃതിയിൽ :പേജ് 27)

ജനസഞ്ചയത്തിന്റെ ഇസ്ലാം ചേക്കേറ്റം എങ്ങനെ നിർബന്ധിത മതപരിവർത്തനമാകും ?

മുഹമ്മദ് നബി (സ)യുടെ നേതൃത്വത്തിൽ  സൈനിക വിജയത്തിലൂടെ നിർബന്ധിത മതപരിവർത്തനം നടന്നുവെന്ന് മൈക്കിൾ എച്ച്. ഹാർട്ട് വ്യക്തമാക്കുന്നു:

"And everywhere that the armies conquered, large-scale conversion to the new faith eventually followed".[ THE HUNDRED : MICHAEL H. HART  ]

"എവിടെയൊക്കെ സൈന്യം യുദ്ധവിജയം നേടിയോ അവിടെയൊക്കെ പുതിയ മതത്തിലേക്ക് വ്യാപകമായ മതപരിവർത്തനവും നടന്നു ". [ ഭാഷാന്തരം : എം. എൻ കാരശ്ശേരി :പ്രവാചകൻ :പാപ്പിയോൺ :പേജ് 23]

എന്നാൽ മതാടിസ്ഥാനമായ ഖുർആൻ പറയുന്നു:
لَآ إِكْرَاهَ فِى ٱلدِّينِ       
(അൽ ബഖറ 256)

"മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല".(വി.ഖു 2/ 256).

ഇസ്ലാമും പ്രവാചകനും ( സ ) നിർബന്ധിത മതപരിവർത്തനത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നതിന് ചരിത്രം സാക്ഷ്യമാണ്.
ഹിജ്റ ഏഴാം വർഷം 'ദാത്തുർരിഖാഅ ' യുദ്ധം കഴിഞ്ഞു തിരിച്ചു വരുമ്പോൾ വിശ്രമാർത്ഥം നബിയും കൂട്ടരും  ഒരിടത്തിറങ്ങി.
നബിയെ ഒറ്റക്കു കിട്ടാൻ തക്കം പാർത്തിരുന്ന ശത്രു നബിക്കരികിലെത്തി വധിക്കാനൊരുങ്ങി. ഞൊടിയിടയിൽ ശത്രുവിന്റെ കൈയ്യിൽ നിന്ന് നബി (സ) വാൾ കൈക്കലാക്കി  ശത്രുവിനോട് ചോദിച്ചു: അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും  ഞാൻ  അവന്റെ  പ്രവാചകനാണെന്നും പ്രതിജ്ഞ എടുക്കുമോ? ശത്രു പറഞ്ഞു: ഇല്ല, പ്രതിജ്ഞയെടുത്തു മുസ്ലിമാവാൻ ഞാൻ തയ്യാറില്ല. തുടർന്ന് അനുചരന്മാർ ഒരുമിച്ചുകൂടി .നബി ശത്രുവിനെ വെറുതെവിട്ടു. യാതൊരു ശിക്ഷാനടപടിയും പ്രതികാര നടപടിയും അയാൾക്കെതിരെ  സ്വീകരിച്ചില്ല . അയാൾ തന്റെ കൂട്ടുകാരുടെ  സമീപം ചെന്ന് ഇപ്രകാരം പറഞ്ഞു: ജനങ്ങളിൽ ഏറ്റവും ഉത്തമനായ ഒരു മനുഷ്യന്റെ അടുത്തു നിന്നാണ് ഞാനിപ്പോൾ വരുന്നത്.  (ബുഖാരി നോക്കുക 4136, രിയാളു സ്വാലിഹീൻ 5/78).
ശത്രു തന്റെ പിടിയിൽ ഒതുങ്ങിയ സ്ഥിതിക്ക്, പ്രത്യേകിച്ച് അനുയായികൾ ഓടിക്കൂടിയ നിലക്ക്, ശത്രുവിനെ നിർബന്ധിച്ചു മതപരിവർത്തനം ചെയ്യുകയോ അല്ലെങ്കിൽ അയാളോട്  പ്രതികാരം വീട്ടുകയോ ചെയ്യാമായിരുന്നു. പക്ഷേ സഹിഷ്ണുതയുടെ  പര്യായമായ പ്രവാചകൻ (സ) അതു രണ്ടിനും മുതിർന്നില്ല.  അയാളുടെ മതസ്വാതന്ത്ര്യം  വകവെച്ചു കൊടുക്കുകയും തെറ്റിന് വിസ്മയകരമായ മാപ്പു നൽകുകയും ചെയ്തു. ഇതിനു സമാനമായ മറ്റൊരു സംഭവം ഹിജ്റ മൂന്നാം വർഷം "ഗത്ഫാൻ" യുദ്ധാനന്തര യാത്രയിലുമുണ്ടായിട്ടുണ്ട്. അതു "ദുഅസൂർ" എന്ന വ്യക്തിയായിരുന്നു. അയാൾ പ്രവാചകന്റെ മാപ്പ് ലഭിച്ചപ്പോൾ ഇസ്ലാം ആശ്ശേഷിക്കുകയാണുണ്ടായത്. (ശർഹുൽ മവാഹിബ്  2 /382).

തന്നെയും തന്റെ അനുയായികളെയും അതിരില്ലാതെ മർദ്ദിച്ച ശത്രുക്കളെ മുഹമ്മദ് നബി (സ) യുദ്ധവും കൊലയുമില്ലാതെ സമാധാനപരമായി കീഴടക്കിയ ദിവസമായിരുന്നു മക്കാവിജയ ദിവസം. അന്ന് ശത്രുക്കളായ  ഖുറൈശികളെ നിശ്ശേഷം കൊന്നൊടുക്കാൻ പ്രവാചകൻ  കൽപ്പിച്ചിരുന്നുവെങ്കിൽ അത് അനീതിയാകുമെന്ന് ഒരു നീതിശാസ്ത്രവും പറയുകയില്ല. മാത്രമല്ല നബിക്ക് അവരെ നിർബന്ധിച്ച് മതപരിവർത്തനവും നടത്താമായിരുന്നു. എന്നാൽ സകല ജേതാക്കൾക്കും ഉദാത്ത മാതൃക സൃഷ്ടിച്ചു കൊണ്ട് പ്രവാചകൻ അവർക്കെല്ലാം പൊതുമാപ്പ് നൽകുകയാണുണ്ടായത്. "നിങ്ങൾക്ക് നിങ്ങളുടെ വഴിക്ക് പോകാം, നിങ്ങൾ സ്വതന്ത്രരാണ് "എന്ന് ഖുറൈശികളോട് അന്ന് പ്രവാചകൻ പറഞ്ഞ വാക്യം ഇന്നും  കർണ്ണപുടങ്ങളെ കോൾമയിർ കൊള്ളിക്കുന്നു.

എന്നാൽ ശാന്തിയുടെയും സമാധാനത്തിന്റെയും  ആ ആദർശധാരക്ക് അഥവാ
ഇസ്ലാമിന് ഇന്ന് ഭീകരവാദത്തിന്റെ സായുധാക്രമണങ്ങളിലൂടെയുള്ള കീഴടക്കലിന്റെ ഒരു വികലമുഖം നൽകാൻ അമേരിക്കൻ നേതൃത്വത്തിലുള്ള ഒരു ഗൂഢാസൂത്രണ മാധ്യമ സാഹിത്യസംഘം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.  മൈക്കിളിന്റെ ഈ പരാമർശം പാശ്ചാത്യ കുബുദ്ധികൾക്ക് വളം വെക്കുന്ന ഒന്നായിട്ട് മാറുന്നു. മുസ്ലിം പ്രഭാഷകരും എഴുത്തുകാരും അവരുടെ ഭാഷണത്തിലും
ഗ്രന്ഥത്തിലും ഇസ്ലാമിന്റെ മതപരിവർത്തന വ്യാപനവും വിജയവും സൈനിക വിജയത്തിലൂടെ കൈവരിച്ചതാണെന്ന പ്രസ്താവനയുൾക്കൊള്ളുന്ന ഗ്രന്ഥമുദ്ധരിക്കുന്നത് എത്രമാത്രം ഗുരുതരമായ പ്രശ്നമാണുണ്ടാക്കുക എന്ന് നാം സഗൗരവം ചിന്തിക്കണം.

ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരാണ് ഇന്ത്യയിലെ സവർണ്ണ ഫാസിസ്റ്റുകൾ.  ഹിന്ദുയിസം സൃഷ്ടിച്ച ഉഛനീചത്തരങ്ങളുടെ ബലിയാടുകളായി, അയിത്തക്കാരായി മുദ്രയടിക്കപ്പെട്ട, സാമൂഹ്യജീവിതത്തിൽ നിന്നും മനുഷ്യാവകാശങ്ങളിൽ നിന്നും പിടിച്ചു മാറ്റപ്പെട്ട, ഇന്ത്യയിലെ അടിമ വർഗ്ഗങ്ങൾ ഇസ്ലാമിലെ സമത്വസ്വഭാവത്തിൽ ആകൃഷ്ടരായി ഇസ്ലാമികാശ്ലേഷണം നടത്തിയെന്ന സത്യം ഹിന്ദുയിസത്തിന് വലിയൊരു ചീത്തപ്പേരാണെന്നതിനാൽ , അതങ്ങനെയല്ലെന്ന് വരുത്തിത്തീർക്കാനാണ് വാളുപയോഗിച്ചുള്ള മതപരിവർത്തനമാണ്  ഇസ്ലാം നടത്തിയതെന്ന് കിംവദന്തി പരത്തുന്നത്.

CONCLUSION:

1) ഏകദൈവത്തെ സംബന്ധിച്ച പാഠങ്ങൾ യഹൂദന്മാരിൽ നിന്നും ക്രൈസ്തവരിൽ നിന്നുമാണ് നബി ആദ്യമായി പഠിച്ചതെന്ന് മൈക്കിൾ എച്ച്. ഹാർട്ട്. പ്രത്യുത ആ ജ്ഞാനം ദൈവദത്തമാണെന്ന് അള്ളാഹു പറയുന്നു (വി.ഖു 2 / 285)

2) മുഹമ്മദ് നബി  മദീനയിൽ സ്വേച്ഛാധികാരിയായിത്തീർന്നുവെന്ന് മൈക്കിൾ എച്ച് ഹാർട്ട്. പ്രത്യുത നബി(സ) മഹത്തായ സ്വഭാവത്തിന്മേലാകുന്നുവെന്നും (വി.ഖു 68/4) കാരുണ്യമായിട്ട് മാത്രമാണ് നബിയെ നിയോഗിച്ചതെന്നും  അല്ലാഹു പറയുന്നു.(വി.ഖു 21/107)

3 )മുഹമ്മദ് നബി (സ) യാണ് വേദഗ്രന്ഥമായ ഖുർആൻ രചിച്ചതെന്ന്  മൈക്കിൾ എച്ച് ഹാർട്ട്. പ്രത്യുത നാമാണ് അത് അവതരിപ്പിച്ചതെന്ന് അള്ളാഹു പറയുന്നു.(വി.ഖു 15/9)

4 )നബി (സ)യുടെ നേതൃത്വത്തിൽ സൈനിക വിജയത്തിലൂടെ നിർബന്ധിത മതപരിവർത്തനം നടന്നുവെന്ന് മൈക്കിൾ എച്ച്. ഹാർട്ട്. പ്രത്യുത മതകാര്യത്തിൽ ബലപ്രയോഗമില്ലെന്ന് അള്ളാഹു പറയുന്നു.(വി.ഖു 2 / 256)

ആകയാൽ  സോച്ഛാധിപതിയും  മതപരിവർത്തകരും ഖുർആൻ രചയിതാവും മതസ്ഥാപകനുമായ മുഹമ്മദിനെയാണ്  മൈക്കിൾ ഒന്നാം സ്ഥാനത്ത് അവരോധിച്ചത്. എന്നാൽ നാം ഖുർആനിലൂടെയും ഹദീസുകളിലൂടെയും വായിച്ചെടുത്ത ശാന്തിയുടെയും സമാധാനത്തിന്റെയും മാനവരാശിയെ ഏകദൈവ വിശ്വാസത്തിലേക്ക്  സവിനയം ക്ഷണിച്ച മുഹമ്മദുർ റസൂലുള്ളാഹി യെയാണ് അള്ളാഹു  ഒന്നാമനായി ഗണിച്ചത്.

"ഖിയാമത്ത് നാളിൽ   ഞാൻ സ്വർഗ കവാടത്തിൽ ചെല്ലും. കാവൽക്കാരനോട് തുറക്കാനാവശ്യപ്പെടും. അപ്പോൾ കാവൽക്കാരൻ ചോദിക്കും: നിങ്ങൾ ആരാണ്?  ഞാൻ പറയും: ഇത് മുഹമ്മദാണ് . അപ്പോൾ കാവൽക്കാരൻ പറയും: നിങ്ങൾക്ക് തുറന്നുതരാനാണ് എന്നോട് ആജ്ഞാപിച്ചിട്ടുള്ളത്. താങ്കൾക്ക് മുമ്പ് ഞാൻ ഒരാൾക്കും തുറന്നു കൊടുക്കുകയില്ല".(മുസ്ലിം 197)

REFERENCE

١ القرآن الكريم
٢ حاشية الصاوي
٣ حاشية الجمل
٤ تفسير ابن كثير
٥ صحيح البخارى
٦ سنن الترمذي
٧ صحيح مسلم
٨ فتح الباري
٩ رياض الصالحين للنووي
١٠ دلائل البيهقى
١١ ابن هشام
١٢ البداية والنهاية لإبن كثير
١٣ سيد البشر للشيخ عبد الرحمن باوا المليباري
١٤ شرح المواهب
١٥ النكت على مقدمة ابن الصلاح للزركشي

16 മൊഴിയും പൊരുളും : കോടമ്പുഴ ബാവ മുസ്ലിയാർ : IPB : ISBN 9788193083406

17 മുഹമ്മദ് : കെ പി കമാലുദ്ധീൻ , വി എ കബീർ : IPH : ISBN 8172041454

18 മുഹമ്മദ് റസൂലുള്ളാഹി (സ) : മുഹമ്മദ് ഫൈസി: കാപിറ്റൽ : ISBN 8177280473

19 മുഹമ്മദ് നബി ജീവിതം തന്നെ സന്ദേശം : കെ വി ഹംസ : കറന്റ് ബുക്സ് : ISBN 81 24014396

20 ഇസ്ലാമിക വിശ്വാസ കോശം : അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ : അലിഫ് ബുക്സ്

21 പഠനസരണി : കോടമ്പുഴ ബാവ മുസ്ലിയാർ : ദാറുൽ മആരിഫ് പബ്ലിക്കേഷൻ

22 പ്രവാചക വിരോധം മൈക്കിൾ എച്ച് ഹാർട്ടിന്റെ കൃതിയിൽ: ഡോ. ശാഫി സുഹൂരി: SAJ ബുക്സ്

23 ഹദീസ് വിവർത്തനം വിശകലനം :കോടമ്പുഴ ബാവ മുസ്ലിയാർ :  ദാറുൽ മആരിഫ് പബ്ലിക്കേഷൻ

24 പ്രവചകൻ ( പഠന സമാഹാരം) : പാപ്പിയോൺ പബ്ലിക്കേഷൻ

25 Islam the straight path : John I esposito: ISBN 9780195074727

26 Mohammed and his successors : washington Irving : ISBN 9788186787052

27 The history of Arab : philip K Hitti : ISBN 9780230628328

28 The Hundred : Michael h hart : ISBN 9788371290282

29 On heroes , hero-worship, and the hero : Thomas Carlyle : ISBN 9781582013145

30 Historie de la Turquie : Alphonse de Lamartine: ISBN 9782130381204

കോടമ്പുഴ ബാവ മുസ്ലിയാർ

വിവിധ ഫന്നുകളിലായി നൂറിലധികം അതുല്യ ഗ്രന്ഥങ്ങൾക്ക് ജന്മം നൽകിയ മഹാമനീഷി, ദാറുൽ മആരിഫ് സ്ഥാപനസമുച്ചയങ്ങളുടെ കാര്യദർശി, വാരാന്ത ക്ലാസ് ,മാസാന്ത സ്വലാത്ത്, ത്രൈമാസ ദിക്ർ ഹൽഖ തുടങ്ങിയ ആത്മീയ സദസ്സുകളുടെ സംഘാടകൻ, ദഅവാ വിദ്യാർത്ഥികളുടെ വഴികാട്ടി , പ്രലോഭനങ്ങൾക്കോ പ്രകോപനങ്ങൾക്കോ വശംവദനാകാത്ത ശാന്തപ്രകൃത മിതഭാഷി, വാഗ്വാദങ്ങൾക്കോ വിവാദങ്ങൾക്കോ വഴി വെക്കാതെ ആരുടെ മുമ്പിലും സത്യം തുറന്ന് പറയുന്ന തികഞ്ഞ പണ്ഡിതൻ, ആധുനിക സമസ്യകളോടും സംഭവ വികാസങ്ങളോടും യുക്തിഭദ്രമായി സംവദിക്കുന്ന എഴുത്തുകാരൻ, തന്റെ ചിന്താ വൈഭവം കൊണ്ട് പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും ഉന്മൂലനം ചെയ്യുന്ന വിചക്ഷണൻ, മുഴുസമയം ദീനിന് വേണ്ടി ഭഗീരഥ യത്നം നടത്തി "സമയ വിനിയോഗം " പഠിപ്പിച്ച വിദഗ്ധൻ ,തന്റെ സവിധത്തിൽ മസ്അലകളുടെ,  വിശിഷ്യാ ,അനന്തര സ്വത്തിന്റെയും സകാത്തിന്റെയും , ഊരാക്കുടുക്കുകളുമായി വരുന്നവർക്ക് സരളമായി പ്രത്യുത്തരം നൽകുന്ന ഫിഖ്ഹീ സ്പെഷ്യലിസ്റ്റ് , തന്റെ അനിതരസാധാരണ രചനാ വിപ്ലവവും അഗാധജ്ഞാനവും കർമ്മ കുശലതയും കണ്ട് ആധികാരിക കൂടിയാലോചന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര മുശാവറ അംഗം , പ്രശംസകരുടെ പ്രശംസകൾക്കും പ്രകീർത്തനങ്ങൾക്കും ചെവികൊടുക്കാത്ത വിനയാന്വിതൻ ……..

ഇതാണ് ആ  മഹാമനുഷ്യന്റെ ചെറിയ ചിത്രം.അള്ളാഹു ആഫിയത്ത് നൽകി അവരെയും നമ്മേയും അനുഗ്രഹിക്കട്ടെ… ആമീൻ

Wednesday, 9 October 2019

മുഹമ്മദ് നബി (സ): ലാളിത്യത്തിന്റെ പര്യായം

അള്ളാഹു പരമാധികാരിയാണ്. പ്രപഞ്ചം സമഷ്ടിയും അവന്റെ സൃഷ്ടിയാണ്. സൃഷ്ടികൾ വിവിധങ്ങളാണ്.പ്രാഥമികമായി അവയെ ചേതനം, അചേതനം എന്നിങ്ങനെ പരിച്ഛേദിക്കാം. അള്ളാഹു അവന്റെ തുച്ഛം സൃഷ്ടികൾക്ക് ഇതരരെക്കാൾ പ്രാധാന്യം കൽപ്പിച്ചു .ഇവ ചേതനാചേതനങ്ങളിലും ദർശിക്കാം.ദിവസങ്ങളിൽ നിന്ന് വെള്ളിയാഴ്ച, മാസങ്ങളിൽ നിന്ന് റമളാൻ, സൗധങ്ങളിൽ നിന്ന് പള്ളി, ജീവികളിൽ മനുഷ്യർ, മനുഷ്യരിൽ നബിമാർ, നബിമാരിൽ നിന്ന് മുഹമ്മദ്(സ). ഇങ്ങനെ നീളുന്നു പട്ടിക.
ഇത്തരുണത്തിൽ നാഥന്റെ പ്രത്യേക പരിഗണനക്ക് പാത്രീഭവിച്ചവർ ഒരിക്കലും നിസ്സാരരല്ലെന്ന് യുക്തിസഹമാണ്. ഗ്രന്ഥ ഗണത്തിൽ നിന്ന് ഉൽകൃഷ്ട ഗ്രന്ഥമായ ഖുർആനാണ് മനുഷ്യകുലത്തിന്റെ മൂലഗ്രന്ഥം. അത് ദൈവികമാണ്. സന്ദേഹങ്ങൾക്കും ധാരണകൾക്കും ഖുർആനിൽ സ്ഥാനമില്ല. ഇന്ന്, ശാസ്ത്രം പ്രസ്തുത ദൈവികഗ്രന്ഥത്തിനു മുമ്പിൽ ശിരസ്സ് നമിക്കുന്നു. അതുൾകൊള്ളുന്ന അർത്ഥഗർഭമായ ആശയങ്ങൾ അഖണ്ഡമാണ്, അചഞ്ചലമാണ്.

മനുഷ്യസമൂഹത്തെ അള്ളാഹു ആദരിച്ചുവെന്നും (വി.ഖു  17:70) അവർക്കു വേണ്ടിയാണ് ഇതര നിഖില സൃഷ്ടികൾ പടക്കപ്പെട്ടതെന്നും (വി.ഖു 2:29 ) ഖുർആൻ വ്യക്തമാക്കുന്നു. മനുഷ്യരിൽ നിന്നെന്നല്ല, സമസ്ത സൃഷ്ടികളിൽ നിന്നും മഹോന്നതനാണ് മുഹമ്മദ് (സ). ലോകൈക ഗുരുവാണ് ഹബീബ് (സ). ലോകർക്കാകമാനം കാരുണ്യമായിട്ടാണ് തിരു നിയോഗം (വി.ഖു 21/107 ) എന്തിനേറെ പറയണം, ഈ സമഗ്ര മൂലഗ്രന്ഥം പോലും തിരുദൂതർക്കാണ് ഇറക്കപ്പെട്ടത്.

നിഖില സംസ്ക്കാരങ്ങളിലും മനുഷ്യഭാഷാ പ്രകാശനരീതിയുടെയും സർഗ്ഗശക്തിയുടെയും ആയുധമായി വർത്തിച്ചവയാണ് സാഹിത്യങ്ങളും കവിതകളും. അവ സമൂഹത്തിലെ സ്ഥാനമാനങ്ങൾക്കുളള അളവുകോലായിരുന്നു. ഇതാണ് നബി(സ)യുടെ സമൂഹ പശ്ചാത്തലം. അവരിലേക്കാണ് ഖുർആൻ അവതരിച്ചത്. ചുരുക്കത്തിൽ, ഖുർആൻ മുഖേന ആളുകൾ ഇസ്ലാമിലേക്ക് ചേക്കേറാൻ നാന്ദി കുറിച്ചു.

അവാച്യമഹിമയുള്ള ഖുർആൻ നബി(സ)യുടെ വ്യക്തിത്വത്തിലേക്ക് അംഗവിക്ഷേപം നടത്തുന്നത് കാണുക."തീർച്ചയായും താങ്കൾ അതിമഹത്തായ സ്വഭാവത്തിനുടമയാകുന്നു". (വി.ഖു 68/4) . ആകയാൽ, അതിമഹത്തായ സ്വഭാവത്തിനു അത്യന്താപേക്ഷിതമായ ചേരുവകളെക്കുറിച്ചുള്ള പര്യവേക്ഷണം ഒരു വ്യക്തിയെ പൂർണ്ണ വിശ്വാസിയാക്കും . ഇക്കാലമത്രയും ഭൂമുഖത്ത് ഭൂജാതരായ നേതാക്കൾക്കവകാശപ്പെടാൻ സാധിക്കാത്ത വിധത്തിൽ സമഗ്ര സമ്പൂർണ്ണമാണ് ഈ അതുല്ല്യ നേതാവിന്റെ ചരിത്രം. ആർക്കും പരിശോധിക്കാനുതകുന്ന വിധത്തിൽ, ചരിത്രത്തിന്റെ ശുഭ്രമായ വെളിച്ചത്തിൽ ജീവിച്ച നബി(സ)യുടെ ജീവിതം മലക്കെ തുറന്നു വെക്കപ്പെട്ടിരിക്കുന്നു. ആർക്കും പരിശോധിക്കാം. ആ നേതാവിന്റെ ചലന നിശ്ചലനങ്ങളും, ഉറക്ക ഉണർച്ചാ വേളകളും അതിനും പുറമെ, തന്റെ പ്രിയതമകളോടുള്ള സമീപനങ്ങൾ പോലും ചരിത്രത്താളുകളിൽ ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

നബി(സ) പ്രസ്താവിച്ചതായി അനസ്(റ) ഉദ്ധരിക്കുന്നു. നിങ്ങളിലോരോരുത്തർക്കും തന്റെ മാതാപിതാക്കൾ, സന്താനങ്ങൾ, മറ്റു ജനങ്ങൾ എന്നിവരെക്കാൾ ഞാൻ ഏറ്റം പ്രിയങ്കരനാവുന്നത് വരെ നിങ്ങൾ സത്യവിശ്വാസിയാവുകയില്ല.(ബുഖാരി 16, മുസ്ലിം 169)
തിരുനബിയെക്കുറിച്ചു പഠിക്കൽ ഒരു മുസ്ലിമിന്റെ ബാധ്യതയാണ്.കാരണം ഒരാളെ നിഷ്കളങ്കമായി, വഞ്ചനയുടെ ലാഞ്ഛന യില്ലാതെ സ്നേഹിക്കൽ അയാളെക്കുറിച്ചുള്ള വിശദപഠനത്തെ ആശ്രയിച്ചിരിക്കുന്നു. തിരുജീവിത പഠിതാവിന് അവലംബനീയം ആത്യന്തികമായി ഖുർആനും സുന്നത്തുമാണ്. ഹദീസ് താളുകൾ പരതിയാൽ ഹബീബിന്റെ ജീവിതരീതി ഗ്രഹിക്കാവുന്നതാണ്. ലോകം ഇരുട്ടിൽ തപ്പിത്തടഞ്ഞ ഒരു കാലഘട്ടത്തിൽ, വെറും മദ്യത്തിലും മദിരാശിയിലും ജീവിതം തള്ളിനീക്കി രക്തച്ചൊരിച്ചിലും കലാപങ്ങളും കൊണ്ട് മാനവ സംസ്കൃതിയെ തന്നെ നശിപ്പിച്ച അറബികളെ വിശ്വസംസ്ക്കാരത്തിന്റെ മഹിത മാതൃകകളാക്കി പരിവർത്തിപ്പിച്ച നേതാവിന്റെ സ്വഭാവ വൈശിഷ്ട്യം പ്രസക്തമാണെന്നതിൽ സന്ദേഹമില്ല.
ഇവ നമുക്ക് ഹദീസുകളിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്. ലാളിത്യത്തിന്റെ പര്യായമായിരുന്നു റസൂൽ(സ).

ഏതൊരു വ്യക്തിയും ഇരു ലോകത്തും ഐശ്വര്യമാണ് ആഗ്രഹിക്കുന്നത്. അതിനു വേണ്ടി അവൻ കിണഞ്ഞു പരിശ്രമിക്കുന്നു. സർവ്വൈശ്വര്യവും നൽകുന്നവൻ ഏകനായ സ്രഷ്ടാവാണ്. ഏതൊരു വ്യക്തിയുടെയും ജീവിത വിജയത്തിൽ അവന്റെ പ്രാർത്ഥന നിർണ്ണായക പങ്ക് വഹിക്കുന്നു.

സാമൂഹിക ജീവിയായ മനുഷ്യന്റെ ചിന്തയിലും വാക്കിലും ചെയ്തികളിലും ആവശ്യവും അനാവശ്യവുമുണ്ട്. പക്ഷേ, എന്താണ് ആവശ്യവും അനാവശ്യവും അളക്കാനുള്ള മാനദണ്ഡം? പാരത്രിക സൗഭാഗ്യത്തിന് സഹായകമായതെല്ലാം ആവശ്യവും അല്ലാത്തത് അനാവശ്യവുമാണ്.

നമ്മുടെ നേതാവ് ലാളിത്യം മുഖമുദ്രയാക്കിയ വ്യക്തിത്വമാണ്. ഉദാഹരണങ്ങൾക്കായി, പ്രാഥമിക സ്രോതസ്സും ഖുർആന്റെ ആധികാരിക വ്യാഖ്യാനവുമായ ഹദീസുകളിലേക്ക് തന്നെ മടങ്ങാം. അലിയ്യുബ്നു ഹുസൈനി (റ)ൽ നിന്ന് നിവേദനം. അള്ളാഹുവിന്റെ തിരുദൂതർ പ്രസ്താവിച്ചു. ഒരാൾ തനിക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ വർജിക്കുകയെന്നത് അയാളുടെ ഇസ്ലാമിന്റെ സൗന്ദര്യത്തിൽ പെട്ടതാണ്.( മിശ്കാത്ത് 4839)

ഉമർ (റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഞാൻ നബി(സ)യുടെ സമീപത്തേക്ക് പോയി.തദവസരത്തിൽ തോലിനാൽ നിർമ്മിച്ച ഉപധാനത്തിൽ തല ചായ്ച്ച് ഈത്തപ്പനയോലയുടെ ഒരു പായയിൽ നബി(സ) കിടക്കുകയായിരുന്നു.തിരുശരീരത്തിനും പായക്കുമിടയിൽ ഒരു വിരിപ്പിന്റെ അഭാവം. പായയുടെ അടയാളങ്ങൾ തിരുശരീരത്തിൽ അടയാളങ്ങൾ വീഴാൻ കാരണമായി.ഇതു കണ്ട് ഖിന്നനായി ഉമർ (റ) പറഞ്ഞു: "നബിയേ ! അങ്ങ് അള്ളാഹുവിനോട് ദുആ ചെയ്യുക! അള്ളാഹു താങ്കളുടെ സമൂഹത്തിന് വിശാലത നൽകും.അള്ളാഹുവിന് ആരാധനയർപ്പിക്കാത്ത പേർഷ്യാ, റോം നിവാസികൾക്ക് വിശാലത നൽകപ്പെട്ടുവല്ലോ". ഇതു കേട്ട് നബി(സ) പ്രതിവചിച്ചു: ഓ ഉമർ! താങ്കളാണോ ഇതു പറയുന്നത്!! അവർ ഇഹലോക ഐശ്വര്യം ഉളരിക്കപ്പെട്ട ജനതയാണ്. ഐശ്വര്യം അവർക്ക് ദുൻയാവിലും നമുക്ക് ആഖിറത്തിലുമാകൽ താങ്കൾ തൃപ്തിപ്പെടുന്നില്ലേ? (മിശ്കാത്ത് 5240;മിർഖാത്ത് 9/426-427.)
ആകയാൽ ഹബീബ് (സ) കൊതിക്കുന്നത് ഇവിടുത്തെ ലളിത ജീവിതവും ആഖിറത്തിലെ ശാശ്വത സന്തോഷ  ജീവിതവുമാണ്.അമ്പിയാക്കളുടെ ശരീരം നരകത്തിന് ഹറാമാക്കിയിട്ടുണ്ട്. എന്നിട്ടുമെന്തേ, നബി(സ)ക്ക് ഒരു ആർഭാട ജീവിതം നയിക്കാമായിരുന്നില്ലേ?താൻ അറേബ്യൻ രാജാവാണെന്നിരിക്കെ, എന്തുകൊണ്ട് അംബരച്ചുംബികളായ സൗധങ്ങളും കൊട്ടാരങ്ങളും നിർമ്മിച്ചില്ല? ധന ദൗർലഭ്യം കൊണ്ടാണോ? അല്ലേയല്ല. അങ്ങനെയായിരന്നെങ്കിൽ " ഈ മലകൾ താങ്കൾക്കായി പൊന്നാക്കട്ടെയോ " എന്ന ജിബ്രീലിന്റെ ചോദ്യത്തിന് സമ്മതം മൂളിയാൽ മതിയായിരുന്നു.ഇവ ഉണർത്തിക്കൊണ്ടാണ് ഇമാം ബൂസ്വീരി (റ) ബുർദയിൽ ആവിഷ്കരിച്ചത്. " ഉയർന്ന സ്വർണ്ണപർവ്വതങ്ങൾ അവിടുത്തെ പ്രലോഭിപ്പിച്ചു; അപ്പോഴും അവിടുന്ന് ശക്തമായ വിമുഖത പ്രകടിപ്പിക്കുകയാണ് ചെയ്തത് " (ബുർദ 31 )

തന്റെ വശ്യമായ സ്വഭാവവൈശിഷ്ട്യം നിമിത്തം ധാരാളമാളുകൾ ഹബീബിൽ (സ) അഭയം പ്രാപിച്ചു. അവിടുത്തെ ലാളിത്യം നഗ്നനേത്രങ്ങൾക്ക് വിധേയമായപ്പോൾ കഠിന ശത്രുവായിരുന്ന അദിയ്യുബ്നു ഹാതിമിന്റെ അന്തരംഗവും വിളിച്ചു പറഞ്ഞു: "അല്ല, ഇത് ഒരു രാജാവിന്റെ നിലപാടല്ല, പ്രത്യുത തീർച്ചയായും ഇതൊരു പ്രവാചകൻ തന്നെ". അൽബിദായത്തു വന്നിഹായയിൽ പ്രസ്തുത സംഭവം പരാമർശിക്കുന്നു.(5/76-77) .ആശയ വിവർത്തനം ഇങ്ങനെ: പ്രവാചകരോട് കഠിനമായ മതവൈരാഗ്യം വെച്ചു പുലർത്തിയിരുന്ന ഒരു നാട്ടുരാജാവും ക്രിസ്തീയ നേതാവുമായിരുന്നു അദിയ്യുബ്നു ഹാതിം (റ). മദീനയിലെ പ്രവാചകനായ രാജാവിനെക്കുറിച്ച് കേൾക്കാത്ത കണ്ണപുടങ്ങളില്ലെന്നായി.അദിയ്യിനും അഭിമുഖമായൊന്ന് കാണണന്നമെന്നായി. പ്രവാചകനെ ആരാഞ്ഞ് മദീനയിലെത്തി. പള്ളിയിൽ വെച്ച് കണ്ടുമുട്ടുകയും അദിയ്യിനെ ഹബീബ് (സ) വീട്ടിലേക്ക് ക്ഷണിച്ച് കൊണ്ടു പോകുകയും ചെയ്തു.

വഴിമധ്യേ, ദുർബലയും വൃദ്ധയുമായ ഒരു സ്ത്രീ നബിയെ (സ) വഴിയിൽ തടഞ്ഞു നിർത്തി തന്റെ കഷ്ടാരിഷ്ടതകൾ തിരുമുമ്പിൽ സമർപ്പിച്ചു. അവിടുന്ന്  സഹതാപത്തോടെ ദീർഘനേരം ആ ദുർബല വൃദ്ധ സ്ത്രീയുടെ സങ്കടങ്ങൾ കേട്ട് പരിഹാരം നിർദ്ദേശിക്കുന്നു. ഇതു കാണേണ്ട താമസം അദിയ്യിന്റെ അന്തരാളം വിജൃംഭിക്കാൻ തുടങ്ങി."സത്യം, ഇതു ഒരു രാജാവല്ല ". അയാൾ ആത്മഗതം ചെയ്തു.വീട്ടിൽ പ്രവേശിച്ചപ്പോഴുള്ള കാഴ്ച വീണ്ടും അദ്ദേഹത്തെ അമ്പരിപ്പിച്ചു. പ്രവാചകന്റെ കൊച്ചു കൂരയിൽ സോഫയോ കസേരയോ കട്ടിലോ അദിയ്യിന് കാണാനായില്ല. ഇരിക്കാനും തലക്ക് വെക്കാനും ഉപയോഗിക്കുന്ന ഈന്തപ്പന നാരു നിറച്ച ഒരു തുകൽ തലയണ മാത്രമാണുള്ളത്.
അതിഥികളെ അത്യധികം ബഹുമാനിക്കുന്ന മദീനാ രാജാവ് അതെടുത്ത് അദിയ്യിനിട്ടു കൊടുത്തു, ഇരിക്കാനരുളി.ആതിഥേയന്റെ അവാച്യ വിനയം കണ്ട് വൈരം വിസ്മരിച്ച് അദിയ്യ് പ്രതിവചിച്ചു: "അങ്ങ് അതിലിരിക്കുക ". തിരുനബി(സ) അതിനു സമ്മതിക്കാതെ അദിയ്യിനെ നിർബന്ധിപ്പിച്ചിരുത്തി.തിരുദൂതർ നിലത്തുമിരുന്നു.

അദിയ്യ് വീണ്ടും മനസ്സാ പറഞ്ഞു. " ഇത് ഒരു രാജാവല്ല. രാജാധികാരത്തിനു വേണ്ടി ശ്രമിക്കുന്നയാളുടെ ലക്ഷണമല്ലിത്. തീർച്ചയായും ഇതൊരു പ്രവാചകൻ തന്നെ ". സഭ പിരിയും മുമ്പ് അദിയ്യ് സത്യം മനസ്സിലാക്കി ഇസ്ലാം പുൽകി.ഇത്യാദി മകുടോദാഹരണങ്ങൾ ഏറെയുണ്ട്.

ഒരിക്കൽ നബി (സ) സ്വഹാബിമാരോടൊത്ത് യാത്രയിലായിരിക്കെ വഴിവക്കിൽ ഒരു കൂറ്റൻ കെട്ടിടം കാണാനിടയായി.കണ്ട മാത്രയിൽ അവിടുന്ന് തിരക്കി: ഇതെന്താണ്? തദവസരം ഇത് ഒരു അൻസാരിയുടെ കെട്ടിടമാണെന്ന് സ്വഹാബ പ്രത്യുത്തരം നൽകി.നബി(സ) മറുത്തൊന്നും പറഞ്ഞില്ല. തദനന്തരം പ്രസ്തുത കെട്ടിടോടമ ജനമധ്യേ നബി (സ) സലാം പറഞ്ഞാ ഗതനായി. നബി(സ) അദ്ദേഹത്തെ തൊട്ട് മുഖം തിരിച്ചു കളഞ്ഞു. ഇത്തരുണത്തിൽ പലവുരു ആവർത്തിച്ചു. മുപടി ലഭ്യമായില്ല. ദുഃഖിതനായ അൻസാരി ഇതര അനുചരരോട് പരാതിപ്പെട്ടു. അപ്പോൾ ഗോപുരത്തിന്റെ കാര്യം അവർ അറിയിച്ചു. ഉടനെ അദ്ദേഹം ആ ഗോപുരം ഇടിച്ചു തരിപ്പണമാക്കി. മറ്റൊരു നാൾ നബി(സ) തദ് വഴിയിലൂടെ സഞ്ചരിക്കവെ, ഗോപുരമെവിടെയെന്ന് ചോദിച്ചു. അങ്ങയുടെ അവഗണയെക്കുറിച്ച് അതിന്റെ ഉടമസ്ഥൻ ഞങ്ങളോട് പരാതിപ്പെട്ടെന്നും തദവസരം  ഗോപുരമാണ്   അതിനു നിദാനമെന്നും ഞങ്ങൾ വെളിപ്പെടുത്തി. കേട്ടയുടനെ അദ്ദേഹം ആ ഗോപുരം തകർത്തു കളയുകയാണുണ്ടായതെന്ന് സ്വഹാബികൾ പറഞ്ഞു - ഈ വേളയിൽ നബി(സ) പറയുകയുണ്ടായി: "അറിയുക, എല്ലാ കെട്ടിടവും അതിന്റെ ഉടമസ്ഥനു വിനാശമാണ്, അത്യാവശ്യമായത് ഒഴികെ, അനിവാര്യമായതൊഴികെ. (അബൂദാവൂദ് 5234)

ആഹാര പാനീയങ്ങളിലും ലാളിത്യവും മിതത്വവുമാണ് മുസ്ലിം സ്വീകരിക്കേണ്ടത് .വിശുദ്ധ ഖുർആൻ പറയുന്നു: നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാൽ നിങ്ങൾ  ദുർവ്യയമരുത്. ദുർവ്യയം ചെയ്യുന്നവരെ  അള്ളാഹു  ഇഷ്ടപ്പെടുകയില്ല തന്നെ. (വി.ഖു 7/31)

മുഹമ്മദ് (സ) മഹാമനസ്കതയുടെ  പര്യായമാണ് . അവിടുത്തെ ജീവിതരീതിയാണ് നാം അനുവർത്തിക്കേണ്ടത്. മൂന്നിലൊന്നിലധികം  ഭക്ഷിക്കരുതെന്നും ഭക്ഷണം പാഴാക്കരുതെന്നും അവിടുന്ന് പഠിപ്പിച്ചു. അവിടുത്തെ ഭക്ഷണരീതി വ്യക്തമാക്കുന്ന തിരുമൊഴി ഒന്ന് വായിക്കാം.

മിഖ്ദാദു ബ്നു മഅദീ കരിബ (റ) പ്രസ്താവിച്ചു: റസൂലുല്ലാഹി(സ) പറയുന്നതായി ഞാൻ കേട്ടു :വയറിനെക്കാൾ ദുശിച്ച ഒരു പാത്രവും മനുഷ്യൻ നിറച്ചിട്ടില്ല . മനുഷ്യന് തന്റെ നട്ടെല്ല് നിലനിർത്തുന്നതിനാവശ്യമായ ഏതാനും ഉരുളകൾ മതി. കൂടുതൽ അനിവാര്യമെങ്കിൽ വയറിന്റെ മൂന്നിൽ ഒരു ഭാഗം ഭക്ഷണം, മൂന്നിലൊന്ന് പാനീയവും, മൂന്നിലൊന്ന് ശ്വസന സൗകര്യത്തിനും." (തുർമുദി 2380,ഇബ്നുമാജ 3349).

ബുഖാരി - മുസ്ലിം  റിപ്പോർട്ട് ചെയ്യുന്ന  മറ്റൊരു ഹദീസ് കാണുക: "നബി(സ) യുടെ കുടുംബം യവത്തിന്റെ റൊട്ടി തുടർച്ചയായി രണ്ടുനാൾ വയറു നിറച്ച് ഭക്ഷിച്ചിട്ടില്ല.  അഥവാ ഒരു നാൾ കിട്ടിയാൽ പിറ്റേന്നാൾ ഉണ്ടാവില്ല .ഇവ്വിധം നബി(സ)യുടെ ലാളിത്യം ചിത്രീകരിക്കുന്ന ധാരാളം ഹദീസുകളുണ്ട്. ഒരിക്കൽ നബി(സ)ദുആ ചെയ്തതായി കാണാം: "നാഥാ  മുഹമ്മദിന്റെ വീട്ടുകാരുടെ ഭക്ഷണം  ജീവൻ പിടിച്ചുനിർത്താൻ വേണ്ടതെത്രയോ അത്രയുമാക്കേണമേ."(സ്വഹീഹുൽ ബുഹാരി ).

നബി(സ)ക്ക് പട്ടിണി തോഴനായിരുന്നു. പട്ടിണി നിമിത്തം കല്ല് അരയിൽ കെട്ടിയ എത്രയോ സംഭവങ്ങളുണ്ട് .ഒരു രംഗം ബുർദാ രചയിതാവും സാഹിത്യകുലപതിയുമായ  ഇമാം ബൂസ്വീരി(റ) വർണ്ണിക്കുന്നത് ശ്രദ്ധേയമാണ് ."അവിടുന്ന് വിശപ്പു കാരണം ഉദരത്തെ വരിഞ്ഞുകെട്ടുകയും മൃദുല ചർമ്മിയായ  ആമാശയത്തെ കല്ലിനടിയിൽ ചുരുട്ടി വെക്കുകയും ചെയ്തു .( ബുർദ 30 )

ഇതിന് ഉപോദ്ബലകമായി വേറെയും ഹദീസുകളുണ്ട്. അബൂത്വൽഹ(റ)യെ തൊട്ട് നിവേദനം. സ്വഹാബിവര്യൻ പറയുന്നു."വിശപ്പിന്റെ കാഠിന്യത്തെ ചൊല്ലി ഞങ്ങൾ നബി തങ്ങളോട് പരാതിപ്പെടുകയും ഞങ്ങൾ ഓരോരുത്തരും അവരവരുടെ വസ്ത്രം ഉയർത്തി ഉദരത്തിൽ വെച്ചു കെട്ടിയ കല്ല് നബിതങ്ങൾക്ക് കാണിച്ചുകൊടുത്തു.തദവസരം തിരുദൂതരും അവിടുത്തെ വസ്ത്രം ഉയർത്തി.തിരു ഉദരത്തിൽ രണ്ടു കല്ലുകൾ ഉണ്ടായിരുന്നു. (മിഷ്കാത്ത് 5254)

ഇന്ന് നമുക്ക് പട്ടിണി എന്താണെന്നറിയാത്ത കാലമാണ്. ഭക്ഷണം എങ്ങും സുലഭം!! പലപ്പോഴും നമുക്കിടയിലുള്ള വിവാഹാഘോഷങ്ങളിലെ സദ്യയും മറ്റും തിരുസുന്നത്തുകളോട് കൂറുപുലർത്തുന്നില്ല. ആയിശ(റ) നിവേദനം ചെയ്തു.  നബി അരുളി: "ഏറ്റവും അനുഗൃഹീത വിവാഹം ഏറ്റവും ചെലവ് കുറഞ്ഞ വിവാഹമാകുന്നു". (മിശ്കാത്ത് 3097 )

ആകയാൽ വിവിധയിനം ഭക്ഷണവിഭവങ്ങൾ കുന്നുകൂട്ടി ദുരഭിമാനത്തിനും പൊങ്ങച്ചത്തിനും മാത്സര്യബുദ്ധിയോടെ ആഘോഷം ആർഭാടമാക്കുന്ന ധനാഢ്യർ സമൂഹത്തിന് ശാപമാണ്. താൻ  ധനാഢ്യനാണെന്ന ഹുങ്കോടെ വിലമതിക്കുന്ന വാഹനങ്ങളും വസ്ത്രങ്ങളും ഭക്ഷണങ്ങളും വാരിക്കൂട്ടുന്നവരാണവർ. തന്റെ ആവശ്യാനുസരണം  ഉപയോഗിച്ച് ശിഷ്ടം ദാനം ചെയ്യുകയാണ് ഉത്തമശീലം. പക്ഷേ ശിഷ്ടദാനം ,അഗതികളും അനാഥകളും വിധവകളും വികലാംഗരുമായ സമൂഹത്തിലെ അവശരുടെ അവകാശമാണെന്നും പരീക്ഷണാർത്ഥം അത് അള്ളാഹു തങ്ങളുടെ കരങ്ങളിൽ തന്നതാണെന്നും അവർ മനസ്സിലാക്കുന്നില്ല.

സമ്പന്നരെ അന്ധമായി അനുകരിച്ചു കൊണ്ട് സാധാരണക്കാരും ഇന്ന് തങ്ങളുടെ കല്യാണങ്ങളിലും സൽക്കാരങ്ങളിലും ഭക്ഷ്യമേളയൊരുക്കി  ധൂർത്തടിക്കുവാൻ ശ്രമിക്കുകയാണ്. അവസാനം ഋണബാധിതരായി സന്താപ പാരാവാരത്തിൽ മുങ്ങിച്ചാകുന്നു.

ആഹാരം അനുവദനീയമങ്കിലും അതിൽ ലാളിത്യം സ്വീകരിക്കൽ സുന്നത്താണ്. അതിൽ വിശാലത പുലർത്തൽ പൂർവീകരുടെ ശീലമല്ല. "എന്നാൽ അതിഥിസൽക്കാര വേളയിലും ,പെരുന്നാൾ, ആശൂറാ തുടങ്ങിയ സന്ദർഭങ്ങളിലും, അതിഥികളെയും ഭാര്യസന്താനങ്ങളെയും സന്തോഷിപ്പിക്കുവാനും  അവരുടെ ആഗ്രഹങ്ങൾ സഫലീകരിച്ചു കൊടുക്കാനും വേണ്ടി ആഹാരയിനങ്ങളിൽ വൈവിധ്യം വരുത്തി വിശാലത പുലർത്തുന്നത്, പൊങ്ങച്ചമോ ദുരഭിമാനമോ ഇല്ലെങ്കിൽ എങ്കിൽ അഭികാമ്യമാണ്, സുന്നത്താണ്."( ശർവാനി 9/397)

ആകയാൽ പിശുക്കന്മാമരുടെ   ലക്ഷണമായ അതിമിതത്വവും ധൂർത്തന്മാരുടെ  ലക്ഷണമായ അമിതത്വവും അരുത്. മിതത്വമാണ് അഭികാമ്യം.  അതാണ് സച്ചരിതരുടെ സരണി. അവരെക്കുറിച്ച് ഖുർആൻ പറയുന്നു: "ചെലവഴിക്കുകയാണെങ്കിൽ അമിതവ്യയം നടത്തുകയോ പിശുക്ക് കാണിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമാർഗം  സ്വീകരിക്കുന്നവരാണവർ. ( വി.ഖു 25: 67).

ഒരിക്കൽ നബി (സ)പറഞ്ഞു :വിവിധ  ആഹാര വിഭവങ്ങൾ ഭക്ഷിക്കുകയും വിവിധയിനം പാനീയങ്ങൾ കുടിക്കുകയും വ്യത്യസ്തയിനം വസ്ത്രങ്ങൾ ധരിക്കുകയും സംസാരത്തിൽ അതിരുവിടുകയും ചെയ്യുന്ന ചില വ്യക്തികൾ ഉണ്ടാകും.അവർ എന്റെ സമുദായത്തിലെ ദുഷ്ടന്മാരാകുന്നു (സവാജിർ 2/35).

നമ്മുടെ സമുദായത്തിന്  ഐശ്വര്യം  കൈവന്നപ്പോൾ  ഭൗതികതയിലുള്ള മത്സരമാണ് നാം കാണുന്നത് . എങ്ങും  ധനശേഖരത്തിനുള്ള നെട്ടോട്ടമാണ് .ധനം സംഭരിച്ച് സ്വന്തം വസതിയും പേടകങ്ങളും  ഭൂസ്വത്തുകളും മേന്മയിൽ നിന്ന്  അതി മേന്മയിലേക്ക് പെരുപ്പിക്കാനുള്ള ആധുനിക മനുഷ്യന്റെ അബദ്ധാഭിവാഞ്ഛ മൗഢ്യതയിലേക്ക്   വഴിവെക്കും.

വിവരസാങ്കേതിക വിദ്യയുടെ മുന്നേറ്റഫലമായി വാട്സ്ആപ്പും ഫേസ്ബുക്കും ഇതര അത്യാധുനിക സൗകര്യങ്ങളും രൂപംകൊണ്ടു. ഇന്ന് , അടുത്താണെങ്കിൽ പോലും എത്രയോ കാതങ്ങളകലെയുള്ള മനുഷ്യമനസ്സുകൾ സ്വൈരവിഹാരം ഇഷ്ടപ്പെടുന്നു.

നബി(സ) പറയുകയുണ്ടായി :  അള്ളാഹുവാണ് സത്യം,  ഞാൻ നിങ്ങൾക്കു മേൽ ദാരിദ്ര്യം ഭയക്കുന്നില്ല. പക്ഷേ നിങ്ങളുടെ പൂർവികർക്ക് ലോകം വിശാലമാക്കപ്പെട്ട പോലെ നിങ്ങൾക്കും അത് വിശാലമാക്കപ്പെടുന്നതിനെക്കുറിച്ചാണ് ഞാൻ ആശങ്കപ്പെടുന്നത്.അങ്ങനെ വന്നാൽ അവർ അതിനു വേണ്ടി മത്സരിച്ചതു പോലെ നിങ്ങളും മത്സരിക്കും, അത് അവരെ നശിപ്പിച്ചത് പോലെ നിങ്ങളെയും നശിപ്പിച്ചു കളയും. (ബുഖാരി 4015, മുസ്ലിം 2961)

നമ്മുടെ അപഥസഞ്ചാരത്തിന്റെ തിക്തഫലമാണ് പ്രസ്തുത ഹദീസ് കുറിക്കുന്നത്.

ഇന്ന് സുഖലോലുപതയിൽ കഴിയുന്ന ആളുകൾക്ക് ലളിത ജീവിതത്തിന്റെയും മഹാദാനത്തിന്റെയും പാഠങ്ങൾ പകർന്നു നൽകണം. അതിനുവേണ്ടി നമ്മുടെ ധാർമിക സംഘടന ഉപയോഗപ്പെടുത്തണം. തദ്വാരാ അവരെ സ്വാംശീകരിക്കണം. അവരുടെ ഹൃദയത്തിൽ ലാളിത്യത്തിന്റെ കണികകൾ പൊട്ടി മുളയ്‌ക്കട്ടെ.ഈ ബീജാവാപം  സമൂലമാറ്റത്തിനു കാരണമാകും. ദരിദ്രരെ തുണയ്ക്കൽ സുകൃതമാണെന്നും  ഇല്ലെങ്കിൽ നാളെ ചോദ്യം ചെയ്യപ്പെടുമെന്നും ധനാഢ്യനെ തെര്യപ്പെടുത്തണം.

ഇന്ന് ലോകത്ത് എട്ടിലൊരാൾ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 85.4 കോടി ജനങ്ങൾ ഒഴിഞ്ഞ വയറുമായാണ് അന്തിയുറങ്ങുന്നത്. ശകലം ഭക്ഷണത്തിനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിനൊടുവിൽ ഓരോ ദിവസവും 24000 പേർ പിടഞ്ഞുമരിക്കുന്നു. ഭൂമുഖത്തുള്ള 700 കോടി മനുഷ്യരിൽ 50 കോടിയോളം വരുന്ന അതിസമ്പന്നരാണ് ലോകത്തുള്ളത്. ഇവർ മൊത്തം ജനസംഖ്യയുടെ 7% ശതമാനം മാത്രമാണ്. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ റിപ്പോർട്ട് പ്രകാരം സാമ്പത്തികരംഗം വളരുന്നതിനനുസരിച്ച് വിശപ്പും വളരുന്നുണ്ട്. സമ്പത്ത് സുഖലോലുപരായ ഒരു ന്യൂനപക്ഷം കൈയ്യടക്കി വെച്ചിരിക്കുകയാണെന്നും ദരിദ്ര ബഹുഭൂരിപക്ഷത്തെ പരിഗണിക്കാതെ അവർ സമ്പത്ത് ധൂർത്തടിക്കുകയാണെന്നും ഈ റിപ്പോർട്ടുകൾ തെളിയിച്ചു കൊണ്ടിരിക്കുന്നു. വിശപ്പടക്കാൻ ആഹാരമോ അന്തിയുറങ്ങാൻ കിടപ്പാടമോ ലഭിക്കാതെ സഹജീവികൾ കഷ്ടപ്പെടുമ്പോഴാണ് പണക്കാർ അംബരചുംബികളായ അലങ്കാര കോട്ടകൾ നിർമ്മിച്ച് ഊറ്റം കൊള്ളുന്നത്. ആകയാൽ ഇവരെ ബോധവൽക്കരിക്കൽ നമ്മുടെ കടമയാണ്

നാം ഓരോരുത്തരും  അവരവരുടെ വീടുകൾ അംഗസംഖ്യക്കനുസൃതമായി മാത്രം വികസിപ്പിക്കുക. തഥൈവ വാഹനങ്ങളും, ആവശ്യത്തിനുമാത്രം പണം ചെലവഴിച്ച് മിച്ചം കുടുംബത്തിലെ അവശരെയും ഇസ്ലാമിക സ്ഥാപനങ്ങളെയും അനാഥ സംരക്ഷണ കേന്ദ്രങ്ങളെയും സഹായിക്കാൻ മാറ്റിവയ്ക്കുക.

ഇത് പരലോകത്തേക്ക് ഒരു കനമേറിയ ഫലമായി പരിണമിക്കുകയും ചെയ്യും.

അനുയായികൾ നേതാവിനെ സമ്പൂർണ്ണമായി പിന്തുണയ്ക്കുന്നവരാകണം. ഈ കുറിപ്പിലുടനീളം പ്രതിപാദിച്ച തിരുവചനങ്ങൾ തീർത്തും നമ്മുടെ ജീവിതരീതിക്കുള്ള  ബൗണ്ടറിയാണ്. നേതാവ് അടയാളപ്പെടുത്തിയ സീമകൾ ഭേദിച്ചു കടക്കുന്നവരാകരുത് അനുയായികൾ.

തിരുമൊഴികൾ  വാതോരാതെ വായിച്ചു വിട്ടിട്ടു കാര്യമില്ല . അവയുടെ അലയൊലികൾ കർണ്ണപുടങ്ങളെ കോൾമയിർക്കൊള്ളിച്ച്,  തദ്വാരാ അന്തരാളങ്ങളിൽ പ്രതിഫലനവും സൃഷ്ടിക്കുന്നതാകണം.  അവകളെ നാളെ നാം മാറോടു ചേർത്തു ജീവിതം ചിട്ടപ്പെടുത്തണം.

ആകയാൽ, ഓരോ ചുവടുവെയ്പ്പുകളിലും, അനുകരിക്കാനും സൽപാന്ഥാവ് തെര്യപ്പെ  ടുത്തിത്തരാനും ഒരു നേതാവുണ്ട് എന്നതിൽ നമുക്ക് അഭിമാനിക്കാം. അനുനിമിഷവും തിരുചര്യകളിൽ സായൂജ്യമടയാൻ സർവ്വശക്തൻ ഉതവി നൽകട്ടെ.... ആമീൻ

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...