*പ്രസവം അടുത്താലുള്ള പ്രാർത്ഥന*
ദുആഉൽ കർബ് അത്യധികം വർധിപ്പിക്കൽ അഭികാമ്യമാണ്.
لاَ إِلَهَ إِلاَّ اللَّهُ الْعَظِيمُ الْحَلِيمُ، لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ.
കിതാബു അമലിൽ യൗമി വല്ലൈലി എന്ന ഗ്രന്ഥത്തിൽ ഇബ്നു സ്സുന്നി ഫാത്വിമ (റ) യെ ഉദ്ധരിക്കുന്നതായി കാണാം. മഹതിയുടെ പ്രസവം അടുത്തപ്പോൾ മുത്ത് നബി (സ) ഉമ്മു സലമയോടും സൈനബ് ബിൻത് ജഹ്ശിനോടും ഫാത്വിമ ബീവിയുടെ സമീപം വന്ന് ആയത്തുൽ കുർസിയ്യും അഅറാഫിലെ അമ്പത്തിനാലാം ആയത്തും ഒതാൻ പറഞ്ഞു.ശേഷം മുഅവ്വിദതൈനി പാരായണം ചെയ്ത് മന്ത്രിച്ചൂതുകയും ചെയ്തു. [അൽ അദ്കാർ : ഇമാം നവവി (റ) ] .
{ إِنَّ رَبَّكُمُ ٱللَّهُ ٱلَّذِی خَلَقَ ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضَ فِی سِتَّةِ أَیَّامࣲ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ یُغۡشِی ٱلَّیۡلَ ٱلنَّهَارَ یَطۡلُبُهُۥ حَثِیثࣰا وَٱلشَّمۡسَ وَٱلۡقَمَرَ وَٱلنُّجُومَ مُسَخَّرَ ٰتِۭ بِأَمۡرِهِۦۤۗ أَلَا لَهُ ٱلۡخَلۡقُ وَٱلۡأَمۡرُۗ تَبَارَكَ ٱللَّهُ رَبُّ ٱلۡعَـٰلَمِینَ }[അഅറാഫ്: 54] .
ഖുതുബുർ റബ്ബാനി അശ്ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) അവിടുത്തെ ഗ്രന്ഥമായ അൽഗുൻയയിൽ പറയുന്നു : പ്രസവം പ്രയാസകരമായാൽ അവൾക്കു വേണ്ടി താഴെ പറയുന്നവ ഒരു വൃത്തിയുള്ള പാത്രത്തിൽ എഴുതപ്പെടുകയും ശേഷം അത് അവൾ കഴുകി കുടിച്ച് ബാക്കി വെള്ളം നെഞ്ചിൽ പുരട്ടണമെന്നും ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.
പാത്രത്തിൽ എഴുതേണ്ട വാക്യങ്ങൾ:
بسم الله الرحمن الرحيم ، لا إله إلا الله الحليم الكريم ، سبحان الله رب العرش العظيم، الحمدلله رب العالمين ،
{ كَأَنَّهُمۡ یَوۡمَ یَرَوۡنَهَا لَمۡ یَلۡبَثُوۤا۟ إِلَّا عَشِیَّةً أَوۡ ضُحَىٰهَا }[നാസിആത്ത് 46]،
{كَأَنَّهُمۡ یَوۡمَ یَرَوۡنَ مَا یُوعَدُونَ لَمۡ یَلۡبَثُوۤا۟ إِلَّا سَاعَةࣰ مِّن نَّهَارِۭۚ بَلَـٰغࣱۚ فَهَلۡ یُهۡلَكُ إِلَّا ٱلۡقَوۡمُ ٱلۡفَـٰسِقُونَ }[അഹ്ഖാഫ് 35] .
[ അൽ ഗുൻയ 1/40 : അബ്ദുൽ ഖാദിർ ജീലാനി (റ) ] .
വിശ്വപ്രസിദ്ധ കർമ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈനിന്റെ വ്യാഖ്യാന ഗ്രന്ഥമായ ഇആനത്തിൽ മഹാനായ സയ്യിദുൽ ബക്രി (റ) രേഖപ്പെടുത്തിയതായി കാണാം.
"പ്രസവം പ്രയാസകരമായാൽ ശുദ്ധമായ പാത്രത്തിൽ താഴെ പറയുന്നവ എഴുതപ്പെടുകയും ശേഷം വെള്ളം കൊണ്ട് മായ്ച് , ഗർഭിണി ആ വെള്ളം കുടിക്കുകയും മുഖത്ത് കുടയുകയും ചെയ്യണം. ( ഇആനത്തു ത്വാലിബീൻ 2/339 : സയ്യിദുൽ ബക്രി ).
പാത്രത്തിൽ എഴുതേണ്ടത് :
أخرج أيها الولد من بطن ضيقة إلى سعة هذه الدنيا. أخرج بقدرة الله الذي جعلك في قرار مكين إلى قدر معلوم
* { لَوۡ أَنزَلۡنَا هَـٰذَا ٱلۡقُرۡءَانَ عَلَىٰ جَبَلࣲ لَّرَأَیۡتَهُۥ خَـٰشِعࣰا مُّتَصَدِّعࣰا مِّنۡ خَشۡیَةِ ٱللَّهِۚ وَتِلۡكَ ٱلۡأَمۡثَـٰلُ نَضۡرِبُهَا لِلنَّاسِ لَعَلَّهُمۡ یَتَفَكَّرُونَ (21) هُوَ ٱللَّهُ ٱلَّذِی لَاۤ إِلَـٰهَ إِلَّا هُوَۖ عَـٰلِمُ ٱلۡغَیۡبِ وَٱلشَّهَـٰدَةِۖ هُوَ ٱلرَّحۡمَـٰنُ ٱلرَّحِیمُ (22) هُوَ ٱللَّهُ ٱلَّذِی لَاۤ إِلَـٰهَ إِلَّا هُوَ ٱلۡمَلِكُ ٱلۡقُدُّوسُ ٱلسَّلَـٰمُ ٱلۡمُؤۡمِنُ ٱلۡمُهَیۡمِنُ ٱلۡعَزِیزُ ٱلۡجَبَّارُ ٱلۡمُتَكَبِّرُۚ سُبۡحَـٰنَ ٱللَّهِ عَمَّا یُشۡرِكُونَ (23) هُوَ ٱللَّهُ ٱلۡخَـٰلِقُ ٱلۡبَارِئُ ٱلۡمُصَوِّرُۖ لَهُ ٱلۡأَسۡمَاۤءُ ٱلۡحُسۡنَىٰۚ یُسَبِّحُ لَهُۥ مَا فِی ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضِۖ وَهُوَ ٱلۡعَزِیزُ ٱلۡحَكِیمُ (24) }
[الحشر : 21-24]
{ وَنُنَزِّلُ مِنَ ٱلۡقُرۡءَانِ مَا هُوَ شِفَاۤءࣱ وَرَحۡمَةࣱ لِّلۡمُؤۡمِنِینَ وَلَا یَزِیدُ ٱلظَّـٰلِمِینَ إِلَّا خَسَارࣰا }
(الاسراء: ٨٢).
*നവജാത ശിശുവിന്റെ ചെവിയിൽ ബാങ്കും ഇഖാമത്തും*
അബൂ റാഫിഅ് (റ) പറയുന്നു : ഫാത്വിമ ബീവി (റ) ഹുസൈൻ (റ) വിനെ പ്രസവിച്ച സമയം നബി (സ) ഹുസൈൻ (റ) ന്റെ ചെവിയിൽ ബാങ്കു വിളിക്കുന്നത് ഞാൻ കണ്ടു. ( തുർമുദി ) .
നബി (സ) പറഞ്ഞു: ഒരാൾക്ക് ഒരു കുഞ്ഞ് ജനിക്കുകയും അയാൾ ആ കുഞ്ഞിന്റെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇഖാമത്തും കൊടുത്താൽ ആ കുഞ്ഞിന് പൈശാചിക ബാധ ഉണ്ടാവില്ല. ( അമലുൽ യൗമി വ ല്ലൈല : ഇബ്നു സുന്നീ : ഹദീസ് നമ്പർ 628).
ഹസൻ (റ) ജനിച്ച ദിവസം നബി (സ) വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇഖാമത്തും കൊടുത്തിട്ടുണ്ട്. ( ശുഅബുൽ ഈമാൻ : ബൈഹഖി (റ) )
പ്രസവിച്ച ഉടനെ ശിശുവിന്റെ വലതു ചെവിയിൽ ബാങ്കും സൂറത്തുൽ ഇഖ്ലാസും ആലു ഇംറാനിലെ അമ്പത്തിയാറാം വചനവും
إِنِّیۤ أُعِیذُهَا بِكَ وَذُرِّیَّتَهَا مِنَ ٱلشَّیۡطَـٰنِ ٱلرَّجِیمِ .[ ആലു ഇംറാൻ : 36]
ഇടത്തേ ചെവിയിൽ ഇഖാമത്തും നിർവ്വഹിക്കൽ സുന്നത്താണ്. അവ നിർവ്വഹിക്കുന്നത് പെണ്ണാണെങ്കിലും ശരി. ഉദ്ധൃത ഹദീസിൽ പ്രതിപാദിച്ചതു പോലെ പൈശാചികോപദ്രവം ഏൽക്കാതിരിക്കാനാണിത്. ഹുസൈൻ (റ ) ന്റെ ചെവിയിൽ നബി തങ്ങൾ (സ) ബാങ്ക് വിളിച്ചെന്ന് നാം നേരത്തെ പറഞ്ഞുവല്ലോ. ദുൻയാവിൽ നിന്ന് പുറപ്പെടുമ്പോൾ തൗഹീദിൻ വചനം ചൊല്ലിക്കൊടുക്കുന്നതു പോലെ ദുൻയാവിലേക്ക് ജനിച്ചു വീഴുമ്പോഴും അവന്റെ കർണ്ണപുടങ്ങളിൽ തൗഹീദിൻ പ്രഖ്യാപനം മുഴങ്ങാനുമാണിത്. നവജാത ശിശുവിൻ സമീപത്ത് നിന്ന് പിശാചുക്കളെ ആട്ടിയകറ്റാനും ഇത് കാരണമാകും. ബാങ്ക് വിളി കേൾക്കേണ്ട താമസം പിശാചുക്കൾ ഓടിയകലും . നബി (സ) നവജാത ശിശുവിന്റെ വലത്തേ ചെവിയിൽ സൂറത്തുൽ ഇഖ്ലാസ് പാരായണം ചെയ്തതായി അബൂ റസീൻ എന്നവരുടെ മുസ്നദിൽ കാണാം.
*കുഞ്ഞ് പിറന്നാലുള്ള ആശംസയും പ്രാർത്ഥനയും*
മഹാനായ ഇമാം നവവി (റ) അവിടുത്തെ അദ്കാർ എന്ന ഗ്രന്ഥത്തിൽ പറയുന്നു: കുഞ്ഞ് പിറന്നാൽ ആശംസിക്കൽ സുന്നത്താണ് . നമ്മുടെ പണ്ഡിതന്മാർ പറയുന്നു : മനുഷ്യരെ ആശംസ പഠിപ്പിച്ചത് ഹുസൈൻ (റ) ആണ് . അതു പോലെ ആശംസിക്കൽ നമുക്കും സുന്നത്താണ് . അവിടുന്ന് പറഞ്ഞു:
بَارَكَ اللَّهُ لَكَ فِي الـمَوْهُوبِ لَكَ، وَشَكَرْتَ الوَاهِبَ، وبَلَغَ أشُدَّهُ، وَرُزِقْتَ بِرَّهُ
എന്നു നിങ്ങൾ പറയൂ.
ആശംസകനുള്ള പ്രത്യുത്തരമായി പ്രതികരിക്കലും സുന്നത്താണ് . ഇങ്ങനെയാണ് അവൻ പ്രതികരിക്കേണ്ടത്.
بَارَكَ اللَّهُ لَكَ، وبَارَكَ عَلَيْكَ، وجَزَاكَ اللَّهُ خَيْراً، ورَزَقَكَ اللَّهُ مِثْلَهُ،
[ അൽ അദ്കാർ 263-264 : ഇമാം നവവി (റ) ] .
*പൊക്കിൾകൊടി മുറിക്കലും കുളിപ്പിക്കലും*
ഒരു കുട്ടി ജനിച്ചാൽ എല്ലാത്തിനും മുമ്പ് അനിവാര്യമായും പൊക്കിൾകൊടി മുറിക്കണം. പൊക്കിൾകൊടി എന്നത് പൊക്കിളുമായി ബന്ധിക്കപ്പെട്ട കുടൽ പോലെയുള്ള ഭാഗമാണ്. നാലു വിരളുകളുടെ വീതിക്ക് മീതെയായിട്ടാണ് മുറിക്കേണ്ടത്. അതിന്റെ യഥാർത്ഥ നീളം കണക്കെ അതവിടെ അവശേഷിച്ചാൽ ചീഞ്ഞളിഞ്ഞ് അതിന്റെ ദുർഗന്ധം നവജാത ശിശുവിന് പ്രയാസം സൃഷ്ടിക്കും. മാത്രമല്ല ആ ജീർണ്ണത പൊക്കിളിലേക്ക് ഗ്രസിക്കാനും സാധ്യതയുണ്ട്. നാലു വിരളുകളുടെ വീതിക്ക് മീതെയായിട്ടാണ് മുറിക്കേണ്ടതെന്ന് പറഞ്ഞത് കുഞ്ഞിന് വേദനിക്കാതിരിക്കാനാണ്. അതിനു താഴെ മുറിച്ചാൽ കുഞ്ഞിന് ശക്തമായ വേദന അനുഭവപ്പെടും. ( ഇത്ഹാഫു സ്സാദത്തുൽ മുത്തഖീൻ ബി ശർഹി ഇഹ്‌യാഇ ഉലൂമിദ്ദീൻ : 7 / 363) .
തദനന്തരം വയറ്റാട്ടി ശീതോഷ്ണമായ വെള്ളം കൊണ്ട് കുഞ്ഞിനെ കുളിപ്പിക്കണം. മൂക്കിന്റെ ഇരു ദ്വാരങ്ങളും വൃത്തിയാക്കുകയും പിൻദ്വാരം വെളിപ്പെടാൻ വേണ്ടി പൃഷ്ഠഭാഗം കുലുക്കുകയും വേണം. ശേഷം ചുറ്റിപ്പൊതിയുന്ന തുണിയിൽ കിടത്തിയാൽ നേരിയ ഇമവെട്ടലോടെ എല്ലാ അവയവങ്ങളും സജീവമാകും. തലയ്ക്കു മീതെ വീണ് കിടക്കുന്ന രീതിയിൽ നേരിയ തൊപ്പിയോ മറ്റോ ധരിപ്പിക്കണം. കാഴ്ചശക്തി സംരക്ഷിക്കുന്നതിന് വേണ്ടി നേരിയ ഇരുട്ടുള്ള മിതമായ സ്ഥലത്ത് കുഞ്ഞിനെ ഉറക്കണം. ആകാശനീലിമ തുണി ഉപയോഗിച്ച് തൊട്ടിൽ മൂടുകയും വേണം.
കുഞ്ഞ് കരയുന്നത് പേൻ , ചെള്ള്, മൂട്ട എന്നിവയുടെ ഉപദ്രവം, വിശപ്പ് , വേദന, ശീതം , ഉഷ്ണം , എന്നിവ കാരണമായിട്ടാണ്. അങ്ങനെ വല്ലതും ഉണ്ടായാൽ ഉടനടി ആ പ്രശ്നങ്ങൾ അകറ്റിക്കൊടുക്കൽ അത്യന്താപേക്ഷിതമാണ്. കഴിയുന്നിടത്തോളം കുഞ്ഞിന്റെ ഉമ്മയുടെ മുലപ്പാൽ തന്നെ കൊടുക്കാൻ ബദ്ധശ്രദ്ധ പുലർത്തൽ അനിവാര്യമാണ്. കാരണം ഗർഭത്തിലായിരിക്കെ കുഞ്ഞിന് ലഭിച്ച ദ്രാവകസത്തയോട് ഏറ്റം സമഗുണമായത് ഉമ്മയുടെ മുലപ്പാലാണ്. ഉമ്മയുടെ മുലപ്പാൽ തന്നെയാണ് കുഞ്ഞിന് ഏറ്റവും സ്വീകാര്യയോഗ്യവും കൂടുതൽ ഇണക്കമുള്ളതും .
അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് കുഞ്ഞിന്റെ ശ്രദ്ധതിരിച്ച് അവയെ അകറ്റാൻ ഉമ്മയുടെ മുലക്കണ്ണ് വായയിൽ ഇട്ടു കൊടുക്കൽ വളരെ പ്രയോജനകരമാണെന്ന് പരിജ്ഞാനം കൊണ്ട് തെളിയിക്കപ്പെട്ടതുമാണ്. കുഞ്ഞിന്റെ പ്രകൃതിഗുണം പോഷിപ്പിക്കുന്നതിന് രണ്ടു കാര്യങ്ങൾ അനിവാര്യമായും ശ്രദ്ധിക്കേണ്ടതുണ്ട്. നേരിയ ഇളക്കമാണ് അതിലൊന്ന്. മറ്റൊന്ന് നമ്മുടെ പതിവ് പോലെ കുഞ്ഞിനെ ഉറക്കുമ്പോഴുള്ള രാഗമൊപ്പിച്ചുള്ള സ്വരങ്ങളുമാണ്. ഇളക്കം കുഞ്ഞിന്റെ സഹജമായ ചൂട് വീണ്ടെടുക്കുകയും സ്വരങ്ങൾ കുഞ്ഞിനെ പ്രവർത്തന സജ്ജമാക്കുകയും ചെയ്യുന്നു.
(ഇത്ഹാഫ്).
*കുഞ്ഞിന് മധുരം നൽകൽ*
നബി (സ) തങ്ങളുടെ അടുത്തേക്ക് കുട്ടികളെ മധുരം കൊടുക്കാൻ കൊണ്ടുവരപ്പെടാറുണ്ട്. അവിടുന്ന് അവർക്ക് മധുരം നൽകുകയും പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട് എന്ന് ആയിശ ബീവി (റ) യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ( അബൂദാവൂദ് 5106) .
അസ്മാഅ് ബീവിയിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസിൽ കാണാം. മഹതി പറയുന്നു: മക്കയിൽ ഞാൻ അബ്ദുള്ളാഹി ബ്നു സുബൈറിനെ ഗർഭം ചുമന്നു . ശേഷം മദീനയിലെ ഖുബാഇൽ പോയി . അവിടെ വെച്ചാണ് പ്രസവം നടന്നത്. അങ്ങനെ കുട്ടിയെയുമായി ഞാൻ നബി (സ) സവിധത്തിലെത്തി. അവിടുന്ന് കുഞ്ഞിനെ തിരുമടിത്തട്ടിൽ വെച്ചു. ശേഷം ഈത്തപ്പഴം കൊണ്ടുവരാൻ പറഞ്ഞു. കൊണ്ടുവരപ്പെട്ട ഈത്തപ്പഴം അവിടുത്തെ തിരുവായയിലിട്ട് ചവച്ചതിനുശേഷം ശറഫാക്കപ്പെട്ട അവിടുത്തെ ഉമിനീർ കുഞ്ഞിന്റെ വായയിലേക്ക് നേരിട്ട് പകർന്നുനൽകി. അങ്ങനെ കുട്ടിയുടെ ഉള്ളിലേക്ക് പ്രഥമമായി പ്രവേശിച്ചത് അവിടുത്തെ ഉമിനീരായിരുന്നു. ശേഷം ഈത്തപ്പഴം കൊണ്ട് മധുരം കൊടുക്കുകയും ബറകത്തിനു വേണ്ടി ദുആ നടത്തിത്തരുകയും ചെയ്തു. (ബുഖാരി , മുസ്ലിം ).
അബൂ മൂസൽ അശ്അരി (റ) പറയുന്നു: എനിക്കൊരു കുഞ്ഞ് പിറന്നു. ഞാൻ തിരുസവിധത്തിലെത്തി. തിരുനബി (സ) കുഞ്ഞിന് ഇബ്റാഹിം എന്ന് നാമകരണം നടത്തുകയും ഈത്തപ്പഴം കൊണ്ട് മധുരം നൽകുകയും ബറകത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. (ബുഖാരി , മുസ്ലിം ).
നവജാത ശിശു ആണാകട്ടെ പെണ്ണാകട്ടെ സദ് വൃത്തരായ പുരുഷൻ / സ്ത്രീ അവർക്ക് ഈത്തപ്പഴം അല്ലെങ്കിൽ ഉണക്കമുന്തിരി പോലെ വേവിക്കപ്പെടാത്ത മധുരമുള്ളത് കൊടുത്ത് മധുരം പകരൽ സുന്നത്താണ്. ഇത് പ്രസവിച്ച ഉടനെ ചെയ്യേണ്ട കർമ്മമാണ് . കുട്ടിയുടെ ചെവിയിൽ ബാങ്കും ഇഖാമത്തും കൊടുത്ത ശേഷമാണ് ചെയ്യേണ്ടത്. ബാങ്കും ഇഖാമത്തുമാണ് മധുരം നൽകുന്നതിനെക്കാൾ മുന്തിക്കപ്പെടേണ്ടത്. ഈത്തപഴം പോലോത്തത് വായയിലിട്ട് ചവച്ച് , അതിലൊരംശം കുട്ടിയുടെ ഉള്ളിലേക്ക് ഇറങ്ങാൻ വേണ്ടി കുട്ടിയുടെ അണ്ണാക്കിൽ തേച്ച് കൊടുക്കുകയാണ് മധുരം നൽകുക എന്നതു കൊണ്ടുള്ള വിവക്ഷ. ( ഫത്ഹുൽ മുഈൻ & ഇആനത്ത് 2/338 -339 )
*മക്കളെ മുലയൂട്ടൽ*
അള്ളാഹു പറയുന്നു :
{ ۞ وَٱلۡوَ ٰلِدَ ٰتُ یُرۡضِعۡنَ أَوۡلَـٰدَهُنَّ حَوۡلَیۡنِ كَامِلَیۡنِۖ لِمَنۡ أَرَادَ أَن یُتِمَّ ٱلرَّضَاعَةَۚ وَعَلَى ٱلۡمَوۡلُودِ لَهُۥ رِزۡقُهُنَّ وَكِسۡوَتُهُنَّ بِٱلۡمَعۡرُوفِۚ لَا تُكَلَّفُ نَفۡسٌ إِلَّا وُسۡعَهَاۚ لَا تُضَاۤرَّ وَ ٰلِدَةُۢ بِوَلَدِهَا وَلَا مَوۡلُودࣱ لَّهُۥ بِوَلَدِهِۦۚ وَعَلَى ٱلۡوَارِثِ مِثۡلُ ذَ ٰلِكَۗ فَإِنۡ أَرَادَا فِصَالًا عَن تَرَاضࣲ مِّنۡهُمَا وَتَشَاوُرࣲ فَلَا جُنَاحَ عَلَیۡهِمَاۗ وَإِنۡ أَرَدتُّمۡ أَن تَسۡتَرۡضِعُوۤا۟ أَوۡلَـٰدَكُمۡ فَلَا جُنَاحَ عَلَیۡكُمۡ إِذَا سَلَّمۡتُم مَّاۤ ءَاتَیۡتُم بِٱلۡمَعۡرُوفِۗ وَٱتَّقُوا۟ ٱللَّهَ وَٱعۡلَمُوۤا۟ أَنَّ ٱللَّهَ بِمَا تَعۡمَلُونَ بَصِیرࣱ }
[ബഖറ : 233]
മാതാക്കള്‍ അവരുടെ സന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ടുകൊല്ലം മുല കൊടുക്കണം; മുലകുടിക്കാലം പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്നവർക്കാണിത്. ആർക്കാണോ സന്താനം ജനിച്ചിരിക്കുന്നത് അവന്‍റെ മേലാണ് ആചാര മര്യാദയനുസരിച്ച് മുലകൊടുക്കുന്നവരുടെ ആഹാരവും, വസ്ത്രങ്ങളും ബാധ്യത ഉള്ളത്. ഒരു ദേഹത്തോടും അതിന്‍റെ കഴിവനുസരിച്ചല്ലാതെ ശാസിക്കപ്പെടുകയില്ല. ഒരു മാതാവ് അവളുടെ സന്താനം കാരണമായിട്ടോ , ആർക്കാണോ സന്താനം ജനിച്ചത് അവന്‍ അവന്‍റെ സന്താനം കാരണമായിട്ടോ ദ്രോഹിക്കപ്പെട്ടുകൂടാ. അനന്തരാവകാശിയായുള്ളവന്‍റെമേലും അതുപോലെ ബാധ്യതയുണ്ട്. ഇനി, അവര്‍ രണ്ടാളില്‍നിന്നുമുള്ള പരസ്പര തൃപ്തിയോടെയും, കൂടിയാലോചനയോടെയും മുലകുടി നിർത്തുവാൻ അവര്‍ രണ്ടാളും ഉദ്ദേശിച്ചുവെങ്കില്‍, അപ്പോള്‍, രണ്ടാളുടെമേലും മുലകുടി നിർത്തുന്നതിൽ തെറ്റില്ല. നിങ്ങളുടെ സന്താനങ്ങള്‍ക്ക് മറ്റൊരുവള്‍ മുലകുടിപ്പിക്കുവാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കിൽ നിങ്ങള്‍ കൊടുക്കുന്നത് ആചാരമര്യാദ പ്രകാരം നിങ്ങള്‍ ഏല്‍പിച്ചു കൊടുത്താല്‍ അതിനും നിങ്ങളുടെ മേല്‍ തെറ്റില്ല. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാണെന്ന് അറിഞ്ഞുകൊള്ളുകയും ചെയ്യുവിന്‍. (ബഖറ 233)
ഈ ആയത്തിന്റെ വ്യാഖ്യാനം : പ്രസവിച്ച സ്ത്രീകൾ അവരുടെ കുട്ടികളെ പൂർണ്ണമായും രണ്ടു വർഷം മുലയൂട്ടണം . പൂർണ്ണമായും രണ്ടു വർഷം മുലയൂട്ടണമെന്ന ഈ പറയപ്പെട്ട കൽപ്പന മുലകുടിക്കാലം പൂർത്തീകരിക്കാനുദ്ദേശിക്കുന്നവരോടണ് . പ്രസവിച്ച സ്ത്രീകളുടെ ഭക്ഷണവും വസ്ത്രവും കുട്ടിയുടെ ഉപ്പയുടെ മേൽ അദ്ദേഹത്തിന്റെ കഴിവനുസരിച്ച് നിർബന്ധമാകും. പ്രസവിച്ച സ്ത്രീകൾ മടക്കിയെടുക്കാൻ പറ്റാത്ത ത്വലാഖ് ചൊല്ലപ്പെട്ടവളാണെങ്കിൽ മക്കളെ മുലയൂട്ടുന്നതിന്റെ കൂലിയെന്ന നിലക്ക് അവരുടെ വസ്ത്രവും ഭക്ഷണവും കുഞ്ഞിന്റെ ഉപ്പയുടെ മേൽ നിർബന്ധമാണ്. പ്രത്യുത അവർ ഭർത്താവിന്റെ സംരക്ഷണത്തിലോ മടക്കിയെടുക്കാൻ പറ്റുന്ന ത്വലാഖ് ചൊല്ലപ്പെട്ടവരോ ആയാൽ , അവർ ആവശ്യപ്പെട്ടാലല്ലാതെ, കുട്ടികളെ മുലയൂട്ടുന്നതിനുള്ള കൂലി കുഞ്ഞിന്റെ ഉപ്പയുടെ മേൽ നിർബന്ധമാകുകയില്ല.
ഒരാളോടും അള്ളാഹു അവരുടെ കഴിവനുസരിച്ചല്ലാതെ ശാസിക്കുന്നില്ല. നിലവിലുള്ള ഒഴികഴി നിമിത്തം മാതാവ് തന്റെ കുഞ്ഞിനെ മുലയൂട്ടാൻ തയ്യാറായില്ലെങ്കിൽ അവളെ അതിന് നിർബന്ധിക്കപ്പെടരുത്. അതു പോലെ തനിക്ക് കഴിയാത്ത കാര്യങ്ങൾ കൊണ്ട് ഉപ്പയും നിർബന്ധിക്കപ്പെടരുത് .കുട്ടിക്ക് സമ്പത്തുണ്ടെങ്കിൽ കുട്ടിക്കുള്ള ഭക്ഷണ- വസ്ത്ര ചെലവുകൾ അതിൽ നിന്നെടുക്കാവുന്നതാണ്.
രണ്ടു വർഷത്തിനു മുമ്പേ മുല കുടി നിർത്താൻ മാതാപിതാക്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഇരുവരുടെയും കൂടിയാലോചനയും സംതൃപ്തിയും അതിലുണ്ടെങ്കിൽ കുഴപ്പമില്ല. ഓ പിതാക്കളെ ! നിങ്ങളുടെ മക്കളെ മറ്റൊരുവൾ മുല കുടിപ്പിക്കുവാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ നിങ്ങൾ അവർക്ക് ആചാരപ്രകാരമുള്ള മാന്യമായ കൂലി ഏൽപ്പിച്ചു കൊടുത്താൽ അതിനും നിങ്ങളുടെ മേൽ കുഴപ്പമില്ല. നിങ്ങളുടെ സർവ്വാവസ്ഥകളിലും നിങ്ങൾ അള്ളാഹുവിനെ ഭയപ്പെടുക. നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനാണെന്ന് നിങ്ങൾ അറിയുകയും ചെയ്യുക. ഒന്നും തന്നെ അവന് ഗോപ്യമല്ല. അതിനനുസരിച്ചാണവൻ പ്രതിഫലം തരുക.
ഈ ആയത്തിലൂടെ അല്ലാഹു മാതാവ് മുലയൂട്ടുന്നതിന്റെയും മറ്റൊരുവളോട് മുലയൂട്ടാനാവശ്യപ്പെടുന്നതിന്റെയും ഹുക്മുകൾ വിവരിക്കുന്നുണ്ട്. "പ്രസവിച്ച സ്ത്രീകൾ അവരുടെ മക്കളെ പൂർണ്ണമായ രണ്ടു കൊല്ലം മുലയൂട്ടണം " എന്ന അല്ലാഹുവിന്റെ കൽപ്പന സുന്നത്താണെന്ന രീതിയിലുള്ളതാണ്. കാരണം സൂറത്തു ത്ത്വലാഖിൽ അല്ലാഹു പറയുന്നു : "അവര്‍ നിങ്ങള്‍ക്കുവേണ്ടി (കുട്ടിക്കു) മുലകൊടുക്കുന്നപക്ഷം നിങ്ങള്‍ അവര്‍ക്കു അവരുടെ പ്രതിഫലം കൊടുക്കണം ". ( ത്വലാഖ് 6). സ്ത്രീകൾ അവരുടെ മക്കളെ പൂർണ്ണമായ രണ്ടു കൊല്ലം മുലയൂട്ടണമെന്നത് നിർബന്ധമായിരുന്നുവെങ്കിൽ അതിനു പകരത്തിൽ സ്ത്രീകൾ കൂലി അർഹിക്കുമായിരുന്നില്ല. "അവര്‍ നിങ്ങള്‍ക്കുവേണ്ടി (കുട്ടിക്കു) മുലകൊടുക്കുന്നപക്ഷം നിങ്ങള്‍ അവര്‍ക്കു അവരുടെ പ്രതിഫലം കൊടുക്കണം". ( ത്വലാഖ് 6) ഇങ്ങനെ ആയത്ത് ഉണ്ട് താനും.
ഉമ്മയുടെ മുലപ്പാൽ കൊടുത്തു കൊണ്ടുള്ള ശിശു പരിചരണമാണ് ഏറ്റവും നല്ലത് എന്ന അടിസ്ഥാനത്തിലാണ് അത് സുന്നത്താകുന്നത്. മാത്രമല്ല കുട്ടിയോട് ഏറ്റവും വാത്സല്യമുള്ളവളും അവളാണല്ലോ.
( ഗറാഇബുൽ ഖുർആൻ 1/ 640).
പ്രസവിച്ചയുടനെ പുറപ്പെടുന്ന ലബഅ് അഥവാ രക്തത്തിന്റെ കലർപ്പുള്ള പാൽ കുട്ടിക്ക് നൽകൽ ഉമ്മയുടെ മേൽ നിർബന്ധമാണ്. വളരെ കുറഞ്ഞ സമയം മാത്രമാണ് അത് ഉണ്ടാവുക. അത് മൂന്ന് ദിവസമാണെന്നും ഏഴ് ദിവസമാണെന്നും അഭിപ്രായമുണ്ട്. അനന്തരം കുട്ടിക്ക് മുലയൂട്ടാൻ ഉമ്മയോ അന്യസ്ത്രീയോ ആരാണോ ഉള്ളതെങ്കിൽ അവർ മുലയൂട്ടണം . കുട്ടിയുടെ ചെലവ് നിർബന്ധമാകുന്നവരുടെ പക്കൽ നിന്ന് അതിനുള്ള കൂലി ഈടാക്കാവുന്നതാണ്. ഉമ്മയും അന്യസ്ത്രീയും ഉണ്ടാകുന്ന പക്ഷം ഉമ്മയെ മുല കൊടുക്കാൻ നിർബന്ധിപ്പിക്കാൻ പാടില്ല. അവൾ കുട്ടിയുടെ പിതാവുമായി ബന്ധം വേർപ്പെടുത്തിയാലും ഇല്ലെങ്കിലും പ്രസ്തുത വിധിയാണ്. അവൾ കുട്ടിക്ക് മുല കൊടുക്കാൻ താല്പര്യം കാണിച്ചാൽ പിതാവിനെ അവളെ തടയാനും അർഹതയില്ല. എന്നാൽ മുല കൊടുക്കുന്നതിന് നിലവിലുള്ളതിനേക്കാൾ വലിയ പ്രതിഫലം അവൾ ആവശ്യപ്പെട്ടാൽ അവളെ തടയാവുന്നതാണ്. സൗജന്യമായി മുലയൂട്ടാൻ ആളില്ലെങ്കിൽ മുലയൂട്ടുന്നതിന് ഉമ്മക്ക് നിലവിലുള്ള പ്രതിഫലം നൽകൽ പിതാവിന് നിർബന്ധമാണ്. പതിവു പ്രതിഫലത്തിൽ താഴെ ആവശ്യപ്പെടുന്ന സ്ത്രീയും സൗജന്യമായി കാടുക്കുന്ന സ്ത്രീയും ഒരേ സ്ഥാനത്താണ് . (ഫത്ഹുൽ മുഈൻ )
മാതാപിതാക്കൾ ഇരുവരും തൃപ്തിപ്പെട്ടല്ലാതെ രണ്ടു വയസ്സ് തികയുന്നതിന് മുമ്പ് കുട്ടിയുടെ മുലകുടി നിർത്താൻ പാടില്ല. കുട്ടിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ രണ്ടു വയസ്സിന് മുമ്പും ഇരുവരുടെയും തൃപ്തിയോടെ മുലയൂട്ടൽ നിർത്താം. രണ്ടു വയസ്സിനു ശേഷം ഏകപക്ഷീയമായി തന്നെ നിർത്താം. കുട്ടിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ രണ്ടുവർഷത്തിലേറെയും മുല കൊടുക്കാം. എന്നാൽ ആവശ്യമില്ലാതെ രണ്ടു വർഷത്തിൽ കൂടുതൽ മുല കൊടുക്കാതിരിക്കലാണ് സുന്നത്ത് എന്നാണ് ഇമാം ഹന്ന്വാത്വി (റ) ഫത്‌വ നൽകിയിട്ടുള്ളത്. (ഫത്ഹുൽ മുഈൻ ) .
*സന്താന പരിപാലനം*
സ്വന്തമായി കാര്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത കുട്ടിയെ വകതിരിവ് പ്രായം വരെ പരിപാലിക്കാൻ ഏറ്റവും അർഹത പുനർവിവാഹിതയല്ലാത്ത മാതാവിനാണ്. പിന്നെ കുട്ടിയുടെ മാതാമഹികൾ , പിതാവ്, പിതാമഹികൾ സഹോദരി, മാതൃസഹോദരി, സഹോദരീ പുത്രി , സഹോദര പുത്രി, പിതൃസഹോദരി എന്നിവരാണ് യഥാക്രമം പരിപാലനത്തിനുതകുന്നവർ . ( ഫത്ഹുൽ മുഈൻ ) .
*പേര് വെക്കൽ*
കുട്ടികൾ എന്നത് മാതാപിതാക്കളുടെ ജീവിതാഭിലാഷവും കൺകുളിർമയും സ്നേഹകനിയും തുടങ്ങി എല്ലാമെല്ലാമാണ് . ഒരു വ്യകതിയുടെ മേൽവിലാസമാണ് അവന്റെ നാമം . ഒരു മനുഷ്യനിൽ നിന്ന് നാം ആദ്യമായി മനസ്സിലാക്കുന്ന വിശേഷണമാണ് അവന്റെ നാമം . അതുകൊണ്ട് തന്നെയാണ് ഇസ്ലാം സന്താനങ്ങൾക്ക് അവരെ അവമാനിക്കാത്ത, ഭംഗിയാർന്ന , കേൾക്കാൻ ഇമ്പമുള്ള, നല്ല അർത്ഥമുള്ള , അനുയോജ്യമായ നല്ല പേരുകൾ തെരഞ്ഞെടുക്കണമെന്നത് രക്ഷിതാക്കളുടെ കടമയായി എണ്ണിയത്.
നബി (സ) പറഞ്ഞു: സന്താനങ്ങളുടെ മര്യാദയും പേരും നന്നാക്കുക എന്നത് രക്ഷിതാവ് മക്കൾക്ക് ചെയ്ത് കൊടുക്കേണ്ട കടമയിൽപെട്ടതാണ്. ( മജ്മഉ സ്സവാഇദ് 48/8.) അന്ത്യനാളിൽ നിങ്ങളുടെയും നിങ്ങളുടെ പിതാക്കന്മാരുടെയും പേരുകൾ വെച്ചു കൊണ്ടാണ് നിങ്ങളോരോരുത്തരും വിളിക്കപ്പെടുക. ആകയാൽ നിങ്ങൾ പേരുകൾ നന്നാക്കുവിൻ. ( അബൂദാവൂദ് 4948).
നബി (സ) തങ്ങൾക്ക് നല്ല പേരുകൾ നന്നേ ഇഷ്ടമായിരുന്നു. അബൂ ഹദ്റദ് (റ) പറയുന്നു: ഒരിക്കൽ നബി തങ്ങൾ (സ) ചോദിച്ചു : "ആരാണ് നമ്മുടെ ഈ ഒട്ടകത്തെ തെളിച്ചു കൊണ്ടുവരുക ?" അപ്പോൾ സദസ്സിൽ നിന്നൊരാൾ എഴുന്നേറ്റ് " ഞാൻ കൊണ്ടു വരാം " എന്നു പറഞ്ഞു. അപ്പോൾ നബി തങ്ങൾ (സ) "തന്റെ പേര് എന്താണ്? " എന്ന് ചോദിച്ചു. അദ്ദേഹം പേര് പറഞ്ഞു. നബി തങ്ങൾ (സ) അദ്ദേഹത്തോട് അവിടെ തന്നെ ഇരിക്കാൻ പറഞ്ഞു. ഇതു കണ്ട് മറ്റൊരാൾ എഴുന്നേറ്റ് "ഞാൻ ഒട്ടകത്തെ തെളിക്കാമെന്ന് പറഞ്ഞു " . അദ്ദേഹത്തോടും നബി തങ്ങൾ (സ) പേരു ചോദിക്കുകയും അവിടെ തന്നെ ഇരിക്കാൻ പറയുകയും ചെയ്തു. മൂന്നാമതൊരാൾ എഴുന്നേറ്റപ്പോഴും നബി തങ്ങൾ (സ) അദ്ദേഹത്തോട് പേരു ചോദിച്ചു. അദ്ദേഹത്തിന്റെ പേര് നാജിയ എന്നായിരുന്നു. ഇത് കേൾക്കേണ്ട താമസം നബി തങ്ങൾ (സ) പറഞ്ഞു : അതെ, നീ തന്നെ . നീ ഒട്ടകത്തെ തെളിച്ചോളൂ ... ( അദബുൽ മുഫ്റദ് : ഇമാം ബുഖാരി , പേജ് 226).
പേരുകൾ ആളുകളെ തിരിച്ചറിയാനുള്ളതാണ്. വിളിക്കപ്പെടുന്നയാൾ ആദ്യമായി ഒരു ജീവിയാണെന്നും രണ്ടാമതായി ഒരു മനുഷ്യനാണെന്നും മൂന്നാമതായി ഒരു മുസ്ലിമാണെന്നും നാലാമതായി ഒരു പുരുഷൻ / സ്ത്രീ ആണെന്നും അഞ്ചാമതായി ഒരു നിർണ്ണിത വ്യക്തിയാണെന്നും പേരിലൂടെ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അതിനാൽ ജീവിയാണെന്നോ നിർജീവിയാണെന്നോ , മനുഷ്യനാണെന്നോ മൃഗമാണെന്നോ, മുസ്ലിമാണെന്നോ കാഫിറാണെന്നോ, സ്ത്രീയാണെന്നോ പുരുഷനാണെന്നോ തിരിച്ചറിയപ്പെടാത്ത പേരുകൾ നിഷ്പ്രയോജനകരവും നിരർത്ഥകവുമാണ്. മുസ്ലിംകൾക്കിടയിൽ പ്രസിദ്ധവും വിശിഷ്ടവുമായ വ്യക്തിത്വങ്ങളുടെ നാമങ്ങൾ തെരഞ്ഞെടുത്താൽ എല്ലാ ഉദ്ദേശ്യലക്ഷ്യങ്ങളും സ്വായത്തമാക്കാം. പേരുകളും അവയുടെ അർത്ഥങ്ങളുമടങ്ങുന്ന ധാരാളം ഗ്രന്ഥങ്ങൾ നിലവിൽ ലഭ്യമാണ്. ഇന്റർനെറ്റിൽ ഇത് സുലഭമാണെങ്കിലും അതിലുള്ള എല്ലാ നാമങ്ങളും നമുക്ക് സ്വീകാര്യയോഗ്യമല്ല. മുസ്ലിംകളായ നമ്മുടെ മക്കൾക്ക് ഉചിതവും അനുചിതവുമായ പേരുകൾ അതിലുണ്ട്.
ഒരു ചിന്തയും ആലോചനയുമില്ലാതെ എടുത്തുചാടി നാം ഒരു പേര് സ്വീകരിച്ചാൽ ഒരുപക്ഷേ അത് നമ്മെ നെടുംഖേദത്തിലേക്ക് നയിക്കും. പിന്നീട് നമ്മളോ അല്ലെങ്കിൽ മക്കളോ അവർ മുതിർന്നതിന് ശേഷം പേര് നന്നാക്കാനുദ്ദേശിച്ചാൽ അത് വളരെ ദുഷ്ക്കരമായിരിക്കും. കാരണം ഗവൺമെന്റ്, പ്രൈവറ്റ് ഓഫീസുകളിലും സ്കൂൾ മദ്രസകളിലുമുള്ള ധാരാളം രേഖകളിൽ ആ പേര് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാകും. ( ആലമുൽ ഔലാദ് : കോടമ്പുഴ ബാവ മുസ്ലിയാർ , പേജ് : 73 ).
*പേരു വെക്കേണ്ടത് എപ്പോൾ ?*
മഹാനായ ഇമാം നവവി (റ) പറയുന്നു: പ്രസവിക്കപ്പെട്ട നാളിലോ പ്രസവിച്ചതിന്റെ ഏഴാം നാളിലോ കുഞ്ഞിന് പേരു വെക്കപ്പെടൽ സുന്നത്തുണ്ട്.
ഏഴാം നാളിൽ പേരു വെക്കൽ സുന്നത്താണെന്നതിന് തുർമുദിയിലെ ഹദീസാണ് തെളിവ് . ഏഴാം ദിവസം കുഞ്ഞിന് പേരു വെക്കാനും മ്ലേഛതകൾ നീക്കം ചെയ്യാനും അഖീഖ അറുക്കാനും നബി (സ) പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്.
പ്രസവിക്കപ്പെട്ട നാളിൽ പേരു വെക്കൽ സുന്നത്താണെന്നതിന് തെളിവ് അബൂ മൂസൽ അശ്അരി (റ) യുടെ ഹദീസാണ്. തനിക്ക് കുഞ്ഞ് ജനിക്കുകയും അതുമായി തിരുസവിധത്തിലെത്തുകയും ചെയ്തപ്പോൾ തിരുനബി ( സ ) ഇബ്റാഹിം എന്ന് പേര് വെക്കുകയും കുഞ്ഞിന് മധുരം കൊടുത്ത് അഭിവൃദ്ധിക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തുവെന്ന് ഈ ഹദീസിലുണ്ട് . (ബുഖാരി 6198 ).
*ശ്രേഷ്ഠമേറിയ നാമങ്ങൾ*
ഏറ്റവും ശ്രേഷ്ഠമായ നാമങ്ങൾ അബ്ദുള്ളാഹ് , അബ്ദു റഹ്മാൻ എന്നിവയാണ്. നബിമാരുടെ യോ മലക്കുകളുടെയോ പേരു സ്വീകരിക്കുന്നതിനും കുഴപ്പമില്ല , കറാഹത്തില്ല.
എന്നാൽ "മുഹമ്മദ് " എന്ന് നാമകരണം നടത്തുന്നതിന് ഒരുപാട് മഹത്വങ്ങളുണ്ട്. മലികുൽ മുലൂക്ക് , ഖാളിൽ ഖുളാത്ത് , ഹാകിമുൽ ഹുക്കാം , അബ്ദുന്നബി , ജാറുള്ളാഹി എന്നിവയൊക്കെ പേര് വെക്കൽ ഹറാമാണ്. അബുൽ ഖാസിം എന്ന് കുൻയത്ത് വെക്കലും ഹറാമാണ്. (ഫത്ഹുൽ മുഈൻ).
എന്നാൽ വെറുക്കപ്പെടുന്ന പേരുകൾ വെക്കൽ കറാഹത്താണ് . മോശമായ കാര്യങ്ങളിൽ നിന്ന് വിലക്കാനും മര്യാദ പഠിപ്പിക്കാനും മോശമായ പേര് കൊണ്ട് സന്താനത്തെ വിളിക്ക അനുവദനീയമാണ്. അജ്ഞാതനായ ഒരാളെ അവന് ബുദ്ധിമുട്ടുണ്ടാക്കാത്ത നുണയും നിന്ദ്യതയും ഇല്ലാത്ത പേരു കൊണ്ടായിരിക്കണം വിളിക്കേണ്ടത്. ഉദാ: സഹോദരാ ... , മിസ്റ്റർ ... , ചങ്ങാതീ... ഓ ഇബ്നു അബ്ദില്ലാ .... .
വിളിക്കപ്പെടുന്നയാൾക്ക് പ്രയാസമില്ലെങ്കിൽ പേരുകൾ ചുരുക്കി വിളിക്കലും അനുവദനീയമാണ്. നബി തങ്ങൾ (സ) ഒരിക്കൽ അബൂഹുറൈറ(റ)യെ യാ അബാഹിർറ് എന്നും മഹതിയായ ആയിശ ബീവിയെ(റ) യാ ആയിശു എന്നും വിളിച്ചിട്ടുണ്ട്.
വിളിക്കപ്പെടുന്നയാൾക്ക് അനിഷ്ടകരമാണെങ്കിൽ അവരെ അന്ധൻ, ബധിരൻ , മുടന്തൻ എന്നിങ്ങനെ പേരിട്ടു വിളിക്കൽ ഹറാമാണെന്ന് പണ്ഡിതന്മാർ ഏകോപിച്ച് പറഞ്ഞിട്ടുണ്ട്. അങ്ങനെ വിളിച്ചാലല്ലാതെ അവർ തിരിച്ചറിയപ്പെടുന്നില്ലെങ്കിൽ ഒഴികെ. ( അൽ അദ്കാർ : ഇമാം നവവി (റ) ) .
*തലമുണ്ഡനം*
കുഞ്ഞ് പെണ്ണാണെങ്കിലും പ്രസവിത്തിന്റെ ഏഴാം നാൾ പേരിട്ടതിനും അറവ് നടത്തിയതിനും ശേഷം കുഞ്ഞിന്റെ തല മുണ്ഡനം ചെയ്യൽ സുന്നത്താണ് . ആദ്യം പേരിടുക. പിന്നെ അറവു നടത്തുക. ശേഷം തലമുണ്ഡനം ചെയ്യുക. ഇങ്ങനെയാണ് സുന്നത്തിന്റെ ക്രമം. കുഞ്ഞിന്റെ തലമുടിയുടെ തൂക്കത്തിന്റെയളവിൽ സ്വർണ്ണമോ വെള്ളിയോ സ്വദഖ ചെയ്യൽ സുന്നത്താണ് . വെള്ളിയെക്കാൾ സ്വർണ്ണത്തിനാണ് ശ്രേഷ്ഠത എന്നതിൽ സംശയമില്ലായെന്ന് ശർഹുർ റൗളയിൽ ഇമാം നവവി(റ) പറഞ്ഞിട്ടുണ്ട്. മ്ലേഛതകൾ നീക്കൽ കൊണ്ട് ഹജ്ജിനോട് സദൃശപ്പെടലുണ്ട് .ഹജ്ജ് എന്ന് പറയുന്നത് ഇസ്മായിൽ നബിയുടെയും ഇബ്രാഹിം നബിയുടെയും മതനിയമങ്ങളിൽ ഏറ്റവും പ്രസിദ്ധമായതാണ്. അതിൽ തലമുണ്ഡനവും അറവും ഉണ്ട് .
നബി (സ) ഹസൻ (റ) ന് അഖീഖയായി ഒരാടിനെയാണ് അറുത്തിത്."ഫാത്വിമാ ... നീ അവന്റെ തല മുണ്ഡനം ചെയ്യണം എന്നിട്ട് തലമുടിയുടെ തൂക്കമനുസരിച്ച് വെള്ളി സ്വദഖ ചെയ്യണം " നബി തങ്ങൾ (സ) പറഞ്ഞു. ഭ്രൂണാവസ്ഥയിൽ നിന്ന് പരിപൂർണ്ണ കുഞ്ഞിലേക്കുള്ള പരിവർത്തനം കൃതജ്ഞത രേഖപ്പെടുത്തൽ അനിവാര്യമായ മഹത്തായ അനുഗ്രഹമാണ് . ഇതാണ് സ്വദഖ ചെയ്യാൻ പറഞ്ഞതിലുള്ള താത്പര്യം. ( ഹുജ്ജത്തുൽ ബാലിഗ 2/ 145).
*അഖീഖ അറുക്കൽ*
ഒരു കുട്ടി ജനിച്ചാല്‍ ആ ശിശുവിനു വേണ്ടി അഖീഖ അറുക്കല്‍ സാധാരണമാണല്ലോ. അഖീഖത്ത് എന്നാല്‍ നവജാത ശിശുവിന്റെ മുടി എന്നാണര്‍ത്ഥം. ആ 'മുടി' കളയുന്ന സമയത്ത് ശിശുവിനുവേണ്ടി സുന്നത്തായി അറുക്കപ്പെടുന്ന നിശ്ചിത മൃഗം എന്നാണ് ഇതിന്റെ ശറഇയ്യായ ഭാഷ്യം (തര്‍ശീഹ്: 206).കുട്ടിയുടെ ജനനം പൂര്‍ണമായതുമുതല്‍ അറുപത് ദിവസത്തിനു മുമ്പു രക്ഷിതാവ് ഫിത്ര്‍ സക്കാത്ത് കൊടുക്കല്‍ നിര്‍ബന്ധമാകുന്ന വിധം കഴിവുള്ളവനാണെങ്കില്‍ അഖീഖത്തറവ് സുന്നത്താണ്. കഴിവില്ലാത്ത, സാമ്പത്തിക ബുദ്ധിമുട്ടുള്ളവരാണെങ്കില്‍ അഖീഖത്തറുക്കേണ്ടതില്ല. അവനത് സുന്നത്തില്ല (തുഹ്ഫ: 9/370).
അഖീഖത്തിനു കഴിവുണ്ടായിട്ടും അറുക്കാതിരുന്നാല്‍ മാതാപിതാക്കള്‍ക്കു വേണ്ടി അല്ലാഹുവിന്റെ മുമ്പില്‍ ശുപാര്‍ശ ചെയ്യാല്‍ കുട്ടിക്ക് അനുവാദം ലഭിക്കില്ലെന്നു പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട് (ഇആനത്ത്: 2/327). കുട്ടിയുടെ ജനനത്തോടെ അറവിന്റെ സമയമായി. ഒരു മൃഗത്തിന്റെ വില ദാനം ചെയ്താല്‍ അറവിനു പകരം അതു മതിയാവില്ല. ഒരു കുഞ്ഞു ജനിച്ചുവെന്ന മഹത്തായ അനുഗ്രഹത്താല്‍ സന്തോഷം പ്രകടിപ്പിക്കലും രക്തബന്ധം വിളംബരം ചെയ്യലും അറവിന്റെ ലക്ഷ്യത്തില്‍ പെട്ടതാണ്. പ്രസവശേഷം കുട്ടി മരണപ്പെട്ടാലും കുട്ടിയുടെ പേരിലുള്ള അറവു സുന്നത്തുണ്ട്. അതുപോലെത്തന്നെ റുഹു ഊതപ്പെടുന്ന കാലം (120 ദിവസം) കഴിഞ്ഞു പ്രസവിക്കപ്പെട്ട കുട്ടി ചാപ്പിള്ളയാണെങ്കിലും അറവു സുന്നത്തുണ്ട് (ബിഗ്‌യ: 162).
ഏഴാം ദിവസം അറവു നടത്തലാണ് സുന്നത്ത്. അതുതന്നെ അന്നു സൂര്യന്‍ ഉദിക്കുന്ന സമയത്താവല്‍ പ്രത്യേകം സുന്നത്തുണ്ട്. പ്രസവം നടന്നതു പകലിലാണെങ്കില്‍ ആ ദിവസം കൂട്ടിയാണ് ഏഴു ദിവസം കണക്കാക്കേണ്ടത്. പ്രസവം നടന്ന രാത്രി കണക്കിലെടുക്കുകയില്ല (തുഹ്ഫ: 9/372). ഏഴാം ദിവസം അറവ് നടത്തുന്നില്ലെങ്കില്‍ പിന്നെ 14, 21, 28 എന്നിങ്ങനെ ഏഴുകള്‍ ആവര്‍ത്തിച്ചുവരുന്ന ദിവസങ്ങളിലാണ് കുട്ടിയുടെ പേരിലുള്ള അറവ് സുന്നത്തുള്ളത് (ശര്‍ഹു ബാഫള്ല്‍, കുര്‍ദി: 2/308). കുട്ടിയുടെ രക്ഷിതാവിനു അറവു സുന്നത്തായിരിക്കെ അതു നിര്‍വഹിക്കപ്പെടാതെ നീട്ടിക്കൊണ്ടു പോയാല്‍ കുട്ടിക്കു പ്രായപൂര്‍ത്തി ആവലോടുകൂടി രക്ഷിതാവിനു പ്രസ്തുത കര്‍മം നഷ്ടപ്പെടും. ഇനി പ്രായം തികഞ്ഞവനു അവനെ തൊട്ടു അറവു സുന്നത്തുണ്ട്. കുട്ടി ആണായാലും പെണ്ണായാലും ഉളുഹിയ്യത്തിന്റെ നിബന്ധനയൊത്ത ഒരു ആടിനെ അറുത്താല്‍ മതിയാകും. കുട്ടി ആണാണെങ്കില്‍ തുല്യമായ രണ്ടാടും പെണ്ണാണെങ്കില്‍ ഒരാടും അറുക്കണമെന്നു ഹദീസില്‍ വന്നതുകൊണ്ട് അതു സുന്നത്താണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. ഉളുഹിയ്യത്തിനെപ്പോലെ അഖീഖയിലും ഏഴു ആട്, ഒരു ഒട്ടകം, മാട്, നെയ്യാട്, കോലാട്, ഒട്ടകത്തിന്റെ ഏഴിലൊരു ഭാഗം, മാടിന്റെ ഏഴിലൊന്ന് എന്ന ക്രമത്തിലാണ് ശ്രേഷ്ഠത. കുട്ടി ആണാണെങ്കിലും പെണ്ണാണെങ്കിലും (തുഹ്ഫ: 9/371).
ആദ്യം കുട്ടിക്ക് പേരിടുക, പിന്നീട് അറവ്, ശേഷം മുടി കളയുക എന്നതാണ് ക്രമം. കുട്ടിയുടെ പേര് പറഞ്ഞ്, അത് അവന്റെ ദബീഹത്താണ്, അല്ലാഹുവേ ഇതു നീ സ്വീകരിക്കേണമേ എന്നു പ്രാര്‍ത്ഥിച്ചു ബിസ്മി ചൊല്ലി മൃഗത്തെ അറവു നടത്തലാണ് സുന്നത്ത്. മൃഗത്തിന്റെ കഴുത്തിലും കുട്ടിയുടെ തലയിലും കുട്ടിയുടെ തലയിലും കത്തിവെക്കുന്നത് ഒരേ സമയത്താവണമെന്ന ധാരണ ചിലയിടങ്ങളിലുണ്ട്. ഇതിന് അടിസ്ഥാനമില്ല. അഖീഖത്തിന്റെ ഭാഷാര്‍ത്ഥവും ശര്‍ഈ അര്‍ത്ഥവും തമ്മിലുള്ള ബന്ധം വ്യക്തമാക്കാന്‍ വേണ്ടി മുടി കളയുന്ന സമയത്ത് അറവു സുന്നത്താണെന്നു കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം (ബാജൂരി: 2/312, തര്‍ശീഹ്: 206). അഖീഖത്തിന്റെ മാംസം വേവിച്ചു നല്‍കലും വലതു കുറക് വേവിക്കാതെ വയറ്റാട്ടിക്ക് (പേറ്റിച്ചി) നല്‍കലും സുന്നത്തുണ്ട്. ഒരു വയറ്റാട്ടിയും ഒന്നിലധികം മൃഗങ്ങളുമാണെങ്കില്‍ അവയുടെയെല്ലാം വലതു കുറക് അവര്‍ക്കു നല്‍കല്‍ സുന്നത്തുണ്ട് (തുഹ്ഫ: 9/372).
മാംസം മധുരം ചേര്‍ത്തു വേവിക്കലും അറുക്കുന്നവനും തിന്നുന്നവനും എല്ലുകള്‍ പൊട്ടിക്കാതിരിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കലും സുന്നത്തുണ്ട്. മധുരം ചേര്‍ക്കുന്നതില്‍ കുട്ടിയുടെ സ്വഭാവ മാധുര്യത്തിലുള്ള ശുഭലക്ഷണവും എല്ലു പൊട്ടാതിരിക്കുന്നതില്‍ കുട്ടിയുടെ അവയവങ്ങള്‍ രക്ഷപ്പെടുക എന്ന ശുഭലക്ഷണവുമാണുള്ളത് (തുഹ്ഫ: 9/372).അഖീഖത്തറുക്കുമ്പോള്‍ തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. ഏഴു കുട്ടികളെതൊട്ടു ഒരു മാടിനെ അറുത്താല്‍ ഏഴു പേരെ തൊട്ടും അതു അഖീഖത്താവും (തുഹ്ഫ, ശര്‍വാനി: 9/371).
കുട്ടിയുടെ നാട്ടില്‍തന്നെ അറവു നടത്തണമെന്നില്ല. ഏതു നാട്ടില്‍ വെച്ചറുത്താലും അഖീഖത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ് (ഫതാവല്‍ കുബ്‌റ: 4/257).
ഉള്ഹിയ്യത്തിന്റെ മിക്ക നിയമങ്ങളും അഖീഖത്തിലും ബാധകമാണ്. മൃഗത്തിന്റെ പ്രായം, ഇനം, ഗുണമേന്മ, ന്യൂന്യതകളെതൊട്ടു മുക്തമാകല്‍, നിയ്യത്ത്, അറവ്, സ്വയം ഭക്ഷിക്കല്‍, വിതരണം, സൂക്ഷിച്ചു വെക്കല്‍ എന്നിവയിലെല്ലാം രണ്ടിനും ഒരേ നിയമമാണുള്ളത് (തുഹ്ഫ: 9/371, നിഹായ: 8/138).അഖീഖത്തിനു മാത്രം ബാധകമാകുന്ന ചില നിയമങ്ങളുണ്ട്. ഒന്ന് അറവിന് നിശ്ചിത സമയമില്ല. രണ്ട്: വേവിക്കാതെ തന്നെ ദരിദ്രര്‍ക്കു മാംസ വിതരണം നടത്തല്‍ നിര്‍ബന്ധമില്ല. മൂന്ന്: ധനികര്‍ക്ക് മാംസം ഹദ്‌യയായി ലഭിച്ചാല്‍ ഉടമാവകാശം വരുന്നതാണ് (ഇആനത്ത്: 2/327). അഖീഖത്തിന്റെ ഇറച്ചി അമുസ്‌ലിമിനു ദാനം ചെയ്യാനോ ഭക്ഷിപ്പിക്കാനോ ഹദ്‌യ നല്‍കാനോ പാടില്ല. അഖീഖത്ത് നല്‍കപ്പെടുന്ന നിര്‍ധനരും സമ്പന്നരും മുസ്‌ലിമായിരിക്കണം (ബാജൂരി: 2/313).
സദ്യയിലേക്കു ജനങ്ങളെ വിളിച്ചു വരുത്താമെങ്കിലും വേവിച്ച മാംസം ദരിദ്രര്‍ക്കു കൊടുത്തയക്കലാണ് ഉത്തമം (ഇആനത്ത്: 2/327). അഖീഖത്ത് മൃഗത്തിന്റെ തോല് സ്വദഖ ചെയ്യുകയാണ് വേണ്ടത്. ഉടമസ്ഥന്‍ ഉപയോഗിക്കുന്നതിനും വിരോധമില്ല. വില്‍പന നിഷിദ്ധമാണ് (തുഹ്ഫ: 9/363). കടം വാങ്ങി അഖീഖത്തറുക്കുന്ന സമ്പ്രദായം ഇന്നു കണ്ടുവരുന്നുണ്ട്. അത് ഭൂഷണമല്ല. അതുപോലെത്തന്നെ കടം ഉള്ളവര്‍ അത് വീട്ടാനുള്ള സംഖ്യകൊണ്ട് അഖീഖത്ത് അറുക്കുന്നതും ശരിയല്ല.
No comments:
Post a Comment