ഇസ്‌ലാമിന്റെ പാരിസ്ഥിതിക കാഴ്ചപ്പാട്
പ്രശസ്ത ചിന്തകനും ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗത്തിലെ പ്രൊഫസറുമായ സയ്യിദ് ഹുസൈൻ നസ്ർ അഭിപ്രായപ്പെട്ട ഇസ്ലാമിന്റെ പാരിസ്ഥിതിക കാഴ്ചപ്പാടിലേക്കാണ് പ്രഥമമായി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. അദ്ദേഹം പറയുന്നു : പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഖുർആനിലെ ഒരു വാക്യമാണ് അല്ലാഹു മനുഷ്യനെ തന്റെ ഖലീഫയായി തെരഞ്ഞെടുത്തു എന്ന ആയത്ത് .
إِنِّی جَاعِلࣱ فِی ٱلۡأَرۡضِ خَلِیفَةࣰۖ
(ബഖറ 30 )
നാം മനുഷ്യനെ ഭൂമിയിൽ എന്റെ ഖലീഫയായി പ്രതിഷ്ഠിക്കുന്നു.
"ഖലീഫ " എന്ന പദത്തിനർത്ഥം മറ്റൊരാളുടെ പ്രവർത്തനം നിറവേറ്റുന്നയാൾ എന്നാണ്. അല്ലാഹു തന്റെ സൃഷടിയുടെ സ്രഷ്ടാവും സംരക്ഷകനുമായതിനാൽ അല്ലാഹുവിന്റെ ഖലീഫ എന്ന നിലയിൽ മനുഷ്യർ ഇവിടെ ഭൂമിയിലെ ആ പ്രവർത്തനം നിറവേറ്റണം. അതവന്റെ ബാധ്യതയാണ്. അതിനാൽ മനുഷ്യൻ അല്ലാഹുവിന്റെ സൃഷ്ടിയുടെ രക്ഷാധികാരിയാണ്. മൃഗങ്ങളെ എങ്ങനെ വളർത്തണം , എങ്ങനെ അറുക്കണം , മരങ്ങൾ ഏതു എങ്ങനെ വെച്ചുപിടിപ്പിക്കണം , എങ്ങനെ മുറിക്കരുത് , വെള്ളം എങ്ങനെ സംരക്ഷിക്കണം , എങ്ങനെ പാഴാക്കരുത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പ്രവാചകർ (സ) യുടെ വാക്കുകൾ പ്രസക്തമാണ്. എന്നാൽ പ്രൊഫസർ ഹുസൈൻ നസ്ർ പങ്കുവെച്ച ഈയൊരു മനോഹരമായ പാരിസ്ഥിതിക കാഴ്ചപ്പാട് കടം കൊണ്ടത് ഇസ്ലാമിന്റെ ഭരണഘടനയായ ഖുർആനിൽ നിന്നും അതിന്റെ വ്യാഖ്യാനമായ തിരുസുന്നത്തിൽ നിന്നുമാണ് ഉരുവം കൊള്ളുന്നത്. പരിസ്ഥിതി മനുഷ്യന്റെ ജീവിതഗന്ധിയാണെന്നും അത് സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നുമുള്ള പ്രവാചാകാധ്യാപനം എത്ര മധുരമാണ്. ഫലം കായ്ക്കുന്ന മരങ്ങൾ അത്യാവശ്യത്തിനല്ലാതെ മുറിക്കുന്നത് നിരോധിച്ച പ്രവാചകൻ (സ) പ്രകൃതിയെ സ്നേഹിച്ച നേതാവായിരുന്നു. ഈ പ്രപഞ്ച വ്യവസ്ഥയിലെ ഒന്നിനെയും അകാരണമായി നശിപ്പിക്കരുതെന്ന് തന്റെ അനുയായികളെ പഠിപ്പിച്ച പ്രവാചകൻ (സ) സർവ്വ പരിസ്ഥിതി പ്രവർത്തകർക്കും മഹത്തായ നിദർശനങ്ങൾ രേഖപ്പെടുത്തപ്പെട്ട നിരവധി അധ്യായങ്ങളുൾക്കൊള്ളുന്ന ഒരു മികച്ച പാഠപുസ്തകമാണ്. പരിസ്ഥിതി സംരക്ഷണം ദൈവിക പ്രതിഫലത്തിന് ഹേതുവാകുന്ന സൽകർമ്മമായി പ്രവാചകൻ (സ) പഠിപ്പിച്ചു. ഭവനങ്ങൾ വൃത്തിയോടെ പരിപാലിക്കാൻ അനുചരന്മാരോട് കണിശമായി കൽപ്പിച്ച പ്രവാചകൻ (സ) പരിസ്ഥിതി ശുചിത്വമാണ് ഇതിലൂടെ ഉറപ്പു വരുത്തുന്നത്. ഭൂമിയിൽ കൃഷിയിറക്കാനും അതുവഴി ഭൂമിയെ സജീവമാക്കാനും പ്രേരണ നൽകി ഇസ്ലാം കാർഷിക പ്രോത്സാഹനം നൽകുന്നുണ്ട്.
പ്രവാചകർ (സ) പറഞ്ഞു: ഒരു മുസ്ലിം കൃഷി ചെയ്താൽ അതിൽ ഭക്ഷിക്കപ്പെടുന്നതെന്തും ആ കർഷകന് സ്വദഖയായി രേഖപ്പെടുത്തുന്നതാണ്. ഇനി അതിൽ നിന്ന് വല്ലതും മോഷ്ടിക്കപ്പെട്ടാലും അതദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്വദഖയായിത്തീരും. വല്ല വന്യജീവികളോ പറവകളോ ഭക്ഷിച്ചാൽ അതും സ്വദഖ തന്നെ. ആരത് ഉപയോഗപ്പെടുത്തിയാലും അത് സ്വദഖയായല്ലാതെ ഭരിക്കുന്നില്ല. ഇത് പരിസ്ഥിതി മഹത്വവൽക്കരണം ഉയർത്തിപ്പിടിച്ചുള്ള ഇസ്ലാമിന്റെ ദർശനമാണ്. വെള്ളം പ്രകൃതിയിലെ അമൂല്യ സ്രോതസ്സാണ്. ജലസംരക്ഷണവും ജല മിതോപയോഗവും വളരെ പ്രാധാന്യത്തോടെ ഇസ്ലാം പരിഗണിച്ചിട്ടുണ്ട്. ഹൃദയഗ്രാഹിയായ ഒരൊറ്റ സംഭവം ഞാൻ പറയാം . പ്രവാചക ശിഷ്യനായ സഅദ്(റ) വുളു ചെയ്യുമ്പോള്‍ അതു വഴി കടന്നു പോകുകയായിരുന്ന നബി(സ) ചോദിച്ചു. സഅദേ, എന്താണിങ്ങനെ അമിതമായി വെള്ളമുപയോഗിക്കുന്നത്? സഅദ് (റ)അത്ഭുതത്തോടെ തിരിച്ചു ചോദിച്ചു. നബിയേ, വുളൂഇലുണ്ടോ ഈ അമിതോപയോഗത്തിന്റെ പ്രശ്‌നം? നബി(സ) പറഞ്ഞു. അതേ, സഅദേ. താങ്കള്‍ ഒഴുകുന്ന നദിയില്‍ നിന്ന് വുളു ചെയ്യുകയാണെങ്കില്‍ പോലും പരിധി വിടരുത്. ഇപ്രകാരം ജലമലിനീകരണവും പ്രവാചകൻ ( സ) വിലക്കിയിരുന്നു. കെട്ടിക്കിടക്കുന്ന ജലാശയത്തിൽ മൂത്രമൊഴിക്കുന്നത് തടഞ്ഞ് കൊണ്ടുള്ള പ്രവാചകന്റെ കൽപ്പന ഈ ആശയമാണ് വ്യക്തമാക്കുന്നത്.
ലോകത്തുള്ള ഇതര മതങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇസ്ലാം പ്രകൃതിക്കിണങ്ങിയ മതമാണ്. ഖുര്‍ആനിന്‍റെയും ആധുനിക ശാസ്ത്രത്തിന്‍റെയും വീക്ഷണമനുസരിച്ച് പ്രകൃതിയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. മനുഷ്യ സമൂഹത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത പ്രകൃതിയുടെ ഒരുല്‍പന്നമാണ് ജലം. അത് പോലെ തന്നെ പ്രകൃതിയുടെ കരളുകളായ മരങ്ങള്‍ വെട്ടി മുറിക്കരുതെന്നും അത് പ്രകൃതിയുടെ നശീകരണത്തിന് കാരണമാകുമെന്നും ഇസ്ലാം പറയുന്നുണ്ട്. റസൂല്‍ (സ്വ) സച്ചരിതരായ പടയാളികള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശങ്ങളില്‍ ഒന്ന് മരം മുറിക്കരുതെന്നാണെന്ന് കാണാം. മനുഷ്യനു ചുറ്റുമുള്ള പക്ഷി മൃഗാദികളുടേയും ഇതര ജീവ നിര്‍ജീവ ജാലങ്ങളുടെയും നേരെ ഇസ്ലാം സ്നേഹവികാരം വളര്‍ത്തി എടുക്കുന്നുണ്ട്. അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: ഭൂമിയില്‍ നടക്കുന്ന ഏത് മൃഗത്തേയും വായുവില്‍ പറക്കുന്ന ഏത് പറവയേയും നോക്കുവിന്‍, അവയൊക്കെയും നിങ്ങളെ പോലുള്ള സമുദായങ്ങള്‍ തന്നെയാകുന്നു (ആലു ഇംറാന്‍ 38).
ഇസ്ലാമിലെ പ്രധാന കര്‍മ്മമായ നിസ്കാരത്തിനിടയിലാണെങ്കിലും ഒരു ജീവി അത്യാഹിത നിമിഷങ്ങളിലാണെങ്കില്‍ നിസ്കാരം മുറിച്ച് ആ ജീവിയെ രക്ഷിക്കല്‍ മുസ ല്‍മാന്‍റെ കടമയാണ്. അത്തരം നിമിഷങ്ങളില്‍ നിസ്കാരത്തേക്കാള്‍ പ്രാധാന്യം നല്‍കിക്കൊണ്ട് പ്രകൃതിയുടെ തുടിപ്പുകളായ ജീവികളെ രക്ഷിക്കാന്‍ ഇസ്ലാം കല്‍പ്പിക്കുന്നുണ്ട്.
മുതലാളിത്തത്തിന്‍റെയും ആഗോളവത്കരണത്തിന്‍റെയും ഫലമായി പ്രകൃതി ഒന്നടങ്കം നശിച്ച് കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ ആണിക്കല്ലുകളാണെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച പര്‍വതങ്ങളെ ഇടിച്ച് നിരപ്പാക്കി വലിയ വലിയ ബില്‍ഡിംഗുകള്‍ നിര്‍മിച്ച്കൊണ്ട് പ്രകൃതിയുടെ തനിമയെ നിഷ്കാസനം ചെയ്യുന്ന സമൂഹത്തോട് ഖുര്‍ആന്‍ പറയുന്നത്, അല്ലാഹുവിന്‍റെ വിഭവങ്ങള്‍ ഭുജിക്കുകയും കുടിക്കുകയും ചെയ്ത് കൊള്ളുക. പക്ഷേ, ഭൂമിയില്‍ അധര്‍മകാരികളായി വിഹരിക്കരുത്.(അല്‍ബഖറ) എന്നാണ്. അംബര ചുംബികളായ കെട്ടിടങ്ങള്‍, കൂറ്റന്‍ അണക്കെട്ടുകള്‍, വന്‍കിട ഫാക്ടറികള്‍ തുട ങ്ങിയവ നിര്‍മിച്ച് ഭൂമിയുടെ മാഹാത്മ്യ ത്തെ നഷ്ടപ്പെടുത്തുന്ന ആധുനിക ജനത ഇസ്ലാമിന്‍റെ പ്രകൃതി നിയമം വായിക്കല്‍ അത്യാവശ്യമാണ്.
ലോകത്ത് വികസനം അത്യാവശ്യമാണ്. വികസനമുണ്ടെങ്കില്‍ മാത്രമേ മനുഷ്യന്‍റെ ജീവിതം പുഷ്ടിക്കുകയുള്ളൂ. ഏത് വികസനമാണെങ്കിലും പ്രകൃതിക്കിണങ്ങിയതാവണം. ഇന്ന് കണ്ട് കൊണ്ടിരിക്കുന്ന വികസനം ഇടുങ്ങിയതും ഏകപക്ഷീയവുമാണ്. ഒരു ന്യൂനപക്ഷത്തിന് കുറഞ്ഞ കാലത്തേക്ക് ഗുണപ്രദമാകുന്നതും വരാനിരിക്കുന്ന ഭൂരിപക്ഷത്തിന് ദീര്‍ഘ കാലത്തേക്ക് അല്ലെങ്കില്‍ എക്കാലത്തേക്കും ഉപദ്രവമാകുന്ന വഴിവിട്ട വികസനമാണ് ഇന്നത്തേത്. ഇതില്‍ നിന്ന് മാറി പ്രകൃതി എല്ലാവര്‍ക്കുമുള്ളതാണെന്ന ചിന്തയിലേക്ക് മനുഷ്യന്‍ മാറല്‍ അത്യാവശ്യമാണ്.