Tuesday, 2 May 2023

വിട പറയുന്ന റമളാൻ

 


ഓരോ നിമിഷങ്ങളും പാഴായി കടന്നുപോവുക എന്നുള്ളത് തന്നെ മനുഷ്യനെ സംബന്ധിച്ചിടത്തോളം നഷ്ടമാണ്. കാരണം നിമിഷങ്ങൾ കൂടിച്ചേർന്നാണ് മിനുട്ടുകളും മണിക്കൂറുകളും ദിവസങ്ങളും മാസങ്ങളും വർഷങ്ങളും രൂപപ്പെടുന്നത്. ഓരോ നിമിഷങ്ങളുടെയും കടന്നുപോക്ക് അവൻ്റെ മരണത്തിലേക്കുള്ള ദൂരം കുറയ്ക്കുന്നുണ്ട്. എന്നാൽ അനേകം പവിത്രത കൽപ്പിക്കപ്പെട്ട റമളാൻ നിമിഷങ്ങൾ കടന്നുപോവുക എന്നത് അത്യധികം ഖേദകരമാണെന്നത് പറയേണ്ടതില്ലല്ലോ. വിശ്വാസികളുടെ ഹൃദയാന്തരാളങ്ങളിലേക്ക് വിശുദ്ധിയുടെ കുളിർകാറ്റുമായി വന്ന വിശുദ്ധ റമളാൻ ഏതാനും ദിവസങ്ങൾ കൊണ്ട് പടിയിറങ്ങുകയാണ്. എത്ര വേഗമാണ് റമളാനിലെ പകലിരവുകൾ കടന്നുപോയത്. ജീവിതചക്രം അങ്ങനെയാണ്. ആരെയും ഒന്നിനും കാത്തുനിൽക്കാതെ സദാ കറങ്ങുന്നു. ദിവസങ്ങൾ കറങ്ങിത്തീരുമ്പോൾ നമ്മുടെ ആയുസ്സിലെ വിലപ്പെട്ട ഏടുകളാണ് മറിഞ്ഞുതീരുന്നത്. സമയമാണ് ഏറ്റവും വലിയ നിധിയെന്നാണ് റമളാൻ നമ്മെ ബോധ്യപ്പെടുത്തുന്ന സുപ്രധാനമായൊരു കാര്യം.
എന്നാൽ മരണം വരെ മടുക്കാതെ ആരാധനാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനാണ് ഖുർആനിന്റെ ആഹ്വാനം. മരണം വരുന്നതുവരെ നീ നിന്റെ നാഥനെ ആരാധിക്കുക.(ഹിജ്റ്-99).
റമളാനിലെ പ്രതിഫല വർധനവ് കണക്കിലെടുത്ത് വിശ്വാസികൾ അരമുറുക്കി ഈ ഒരു മാസം ഇതര മാസത്തിലെക്കാൾ ആരാധനാനിമഗ്നരാകുന്നുവെന്നത് പരമാർത്ഥം തന്നെ. ഒരു മാസത്തെ കഠിനപരിശ്രമത്തിലൂടെ നേടിയെടുക്കുന്ന ഇലാഹീസാമീപ്യവും പുണ്യവും ഇതരമാസങ്ങളില്‍ കൂടുതല്‍ വര്‍ധിപ്പിക്കാനായിരിക്കണം നാം ശ്രമിക്കേണ്ടത്. ദൈവസ്മരണയാൽ ആമൂലാഗ്രം ധന്യമാക്കി നേടിയെടുത്ത പരിശീലനം തുടർജീവിതത്തിൽ ചൈതന്യം ചോർന്നുപോകാതെ നിലനിർത്തണം. അങ്ങനെ റമളാനിലൂടെ നേടിയെടുക്കുന്ന നവചൈതന്യം ശിഷ്ടജീവിതത്തില്‍ തുടരാനാവുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ റമളാനും നോമ്പുമായിത്തീരുന്നത്. നോമ്പ്, ഹജ്ജ് തുടങ്ങിയ മഹത്തായ ആരാധനാകര്‍മ്മങ്ങളുടെ സ്വീകാര്യത, അവക്ക് ശേഷമുള്ള ജീവിതക്രമത്തിലും കര്‍മ്മങ്ങളിലും വരുന്ന മാറ്റങ്ങളിലൂടെ മനസ്സിലാക്കാമെന്നാണ് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. തഖ്‍വ കൈമുതലാക്കി ഉള്ളകം തേച്ചുമിനുക്കി അടിഞ്ഞുകൂടിയ മ്ലേഛതകൾ ഉരുക്കിക്കളഞ്ഞ് ആർജ്ജിച്ചെടുത്ത നന്മ ശേഖരവും രാപ്പകലിലെ അവിശ്രമ പരിശ്രമങ്ങൾക്കൊടുവിൽ സ്വായത്തമായ സ്ഫുടം ചെയ്യപ്പെട്ട മാനസവും വലിച്ചെറിഞ്ഞ്‍ വീണ്ടും തിന്മകളെ വാരിപ്പുണരാനാണ് ശ്രമിക്കുന്നതെങ്കിൽ വ്രതം ഒരു സ്വാധീനവും ചെലുത്തിയില്ലെന്ന് മനസ്സിലാക്കുക. വെറും പട്ടിണിയും പൈദാഹവും ഉറക്കമൊഴിക്കലും മാത്രം ബാക്കിയാക്കി റമളാൻ വിടപറഞ്ഞു എന്ന് തിരിച്ചറിയുക.
ഈ മാസം നമ്മെ വിട്ടു പിരിയുമ്പോള്‍, ഈ മാസത്തിലൂടെ സദ് വൃത്തരായ ആളുകള്‍ നമുക്കിടയിലുണ്ട്. ഈ മാസത്തില്‍ ചില ആളുകള്‍ മോശക്കാരായിത്തീര്‍ന്നിട്ടുമുണ്ട്. സദ്‌വൃത്തരായ വിശ്വാസികള്‍ക്ക് ഈ മാസം അനുകൂലമായി സാക്ഷി പറയും. ഈ വിശുദ്ധ മാസത്തില്‍ ജീവിക്കാന്‍ അവസരം ലഭിച്ചിട്ടും പാപങ്ങളില്‍ നിന്ന് മോചനം നേടാത്തവര്‍ക്കെതിരില്‍ ഈ മാസം സാക്ഷി പറയുകയും ചെയ്യും. പതിനൊന്ന് മാസക്കാലം അവയവങ്ങള്‍ക്ക് കടിഞ്ഞാണില്ലാതെ പാപത്തില്‍ മുഴുകിയ മനുഷ്യന് അതില്‍ നിന്ന് മുക്തി നേടാനുള്ള ഈ സുവര്‍ണ്ണാവസരം അല്ലാഹു നല്‍കിയിട്ട് തെറ്റ് തിരുത്താനും റബ്ബിലേക്ക് മടങ്ങാനും തൗബ ചെയ്ത് പാപങ്ങളില്‍ നിന്ന് രക്ഷപെടാനും അവന്‍ ശ്രമിച്ചിട്ടില്ലെങ്കില്‍ അവന്റെ അവസ്ഥ കഷ്ടം തന്നെ. റമളാൻ ആഗതമായിട്ടും അപരാധങ്ങളിൽ മുഴുകി, തെറ്റുകളിൽ അഭിരമിച്ച്, ആരാധനകളിൽ ശ്രദ്ധ പുലർത്താതെ, നന്മകളിൽ ഉത്സാഹം കാണിക്കാതെ, അങ്ങനെ പാപമോചനം നേടാതെ റമദാൻ വിട പറയുകയും ചെയ്താൽ അവർ അമ്പേ പരാജിതരാണ്. അവർക്കെതിരെ നബി (സ)യുടെ പ്രാർത്ഥനയുണ്ട്. 
ഒരിക്കല്‍ നബി(സ) പരിശുദ്ധ റമസാനില്‍ മദീന പള്ളിയിലെ മിമ്പറില്‍കയറവെ, ആദ്യപടി കയറിയപ്പോള്‍ ‘ആമീന്‍’ എന്ന് പറഞ്ഞു. രണ്ടാമത്തേതിലും മൂന്നാമത്തേതിലും നബി (സ) ‘ആമീന്‍’ എന്നു പറഞ്ഞു. സ്വാഹാബാക്കള്‍ ചോദിച്ചു; ‘പ്രവാചകരേ, മുമ്പ് ഒന്നും ഇല്ലാത്ത രീതിയിൽ അങ്ങ് ആമീന്‍ പറയുന്നതായി ഞങ്ങള്‍ കേട്ടു. എന്താണ് ഇത്? പ്രവാചകന്‍ (സ) പറഞ്ഞു: ‘ഞാന്‍ ആദ്യപടി കയറിയപ്പോള്‍ ജിബ്‌രീല്‍ (അ) അഭിമുഖമായി വന്നുകൊണ്ട് പ്രാര്‍ത്ഥിച്ചു. "ഒരു മനുഷ്യന് പരിശുദ്ധ റമസാന്‍ സമാഗതമാകുകയും എന്നിട്ട് അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്തിട്ടില്ലെങ്കില്‍ അവന്‍ അല്ലാഹുവിന്റെ റഹ്മത്തിനെ തൊട്ട് വിദൂരത്താവട്ടെ" എന്ന്. അപ്പോള്‍ ഞാന്‍ "ആമീന്‍" പറഞ്ഞു. രണ്ടാമത്തെ സ്റ്റെപ്പ് കയറിയപ്പോള്‍ ജിബ്‌രീല്‍ (അ) പ്രാര്‍ത്ഥിച്ചു: "ഒരു മനുഷ്യന് വയോവൃദ്ധരായ മാതാപിതാക്കള്‍ അല്ലെങ്കില്‍ രണ്ടില്‍ ഒരാള്‍ ജീവിച്ചിരിക്കുകയും അവരുടെ സേവനം കാരണം അവന് സ്വര്‍ഗപ്രവേശനം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്റെ റഹ്മത്തില്‍ നിന്ന് അവൻ വിദൂരത്താവട്ടെ" എന്ന് ജിബ്‌രീല്‍ (അ) പ്രാര്‍ത്ഥിച്ചപ്പോള്‍ ഞാന്‍ "ആമീന്‍" പറഞ്ഞു. മൂന്നാമത്തെ സ്റ്റെപ്പ് കയറിയപ്പോള്‍, "അങ്ങയുടെ പേര് ഒരു മുസ്‌ലിമായ മനുഷ്യന്റെ അരികില്‍ വെച്ച് പറയപ്പെട്ടു, എന്നിട്ട് തങ്ങളുടെ പേരില്‍ അവന്‍ സ്വലാത്ത് ചൊല്ലിയിട്ടില്ലെങ്കില്‍ അവന്‍ അല്ലാഹുവിന്റെ റഹ്മത്തില്‍ നിന്ന് വിദൂരത്താവട്ടെ" എന്ന് പ്രാര്‍ത്ഥിച്ചു. ഞാൻ "ആമീന്‍" പറഞ്ഞു.

റമളാൻ വിടപറയുക എന്നുള്ളത് ഒരു മുസ്വീബത്ത് തന്നെയാണ്. ജാബിർ (റ) നബി(സ) തങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നതായി കാണാം. "ഈ സമുദായത്തിന് വന്നു പതിച്ച മുസ്വീബത്ത് ഓർത്ത് കൊണ്ട് റമളാനിന്റെ അവസാന രാത്രിയായാൽ അല്ലാഹുവിന്റെ മലക്കുകളും ആകാശഭൂമിയും കരയും". നബി (സ) തങ്ങൾ ഇത്രയും പറഞ്ഞതും ഉടനെ സദസ്യരാരോ വിളിച്ചു ചോദിച്ചു: തിരുദൂതരേ, എന്ത് മുസ്വീബത്ത് ഓർത്തിട്ടാണ് അവർ കരയുന്നത് ? നബി തങ്ങളുടെ ഉത്തരത്തിനു ഒരു നിമിഷത്തെ ആലോചന പോലും വേണ്ടിവന്നില്ല. അവിടുന്ന് ഉടനടി പറഞ്ഞു : "റമളാൻ വിട ചോദിക്കലാണാ മുസ്വീബത്ത് . കാരണം റമളാനിലെ പ്രാർത്ഥനകൾക്കെല്ലാം ഉത്തരം നൽകപ്പെടും. റമളാനിലെ സ്വദഖകളെല്ലാം സ്വീകരിക്കപ്പെടും. റമളാനിൽ ചെയ്യുന്ന നന്മകൾക്കെല്ലാം ഇരട്ടി പ്രതിഫലം നൽകപ്പെടും. റമളാനിൽ എല്ലാ ശിക്ഷകളും ഉയർത്തപ്പെടുന്നതാണ്. അപ്പോൾ പിന്നെ റമളാൻ പോകുന്നതിനേക്കാൾ വലിയ മുസ്വീബത്ത് എന്താണ് !! നമ്മുടെ കാര്യം ആലോചിച്ചിട്ടാണ് ആകാശഭൂമികൾ കരയുന്നത്. പക്ഷേ ഈ വിഷയത്തിൽ കരയാൻ ഏറ്റവും അനുയോജ്യർ നമ്മളല്ലേ !? കാരണം ഈ ആദരവുകളെല്ലാം നിർത്തപ്പെടുന്നത് നമുക്കല്ലേ . അതുകൊണ്ട് അവരെക്കാൾ കരയൽ കൊണ്ട് ഏറ്റവും ബന്ധപ്പെട്ടവർ നമ്മളാണ്". നബി തങ്ങൾ പറഞ്ഞു നിർത്തി. (ദഖാഇറുൽ ഇഖ്‌വാൻ ഫീ മവാഇളി ശഹരി റമളാൻ )

പരിശുദ്ധ റമളാന്‍ വിടപറയുമ്പോള്‍ ഒരു ആത്മപരിശോധനക്ക് നാം തയ്യാറാകേണ്ടതുണ്ട്. റമളാന്റെ അനര്‍ഘ നിമിഷങ്ങള്‍ സമ്പൂര്‍ണമായി നാം ഉപയോഗപ്പെടുത്തിയോ? അതോ അലസമായി കഴിച്ചുകൂട്ടിയോ? അനുഗ്രഹവർഷത്തിന്റെ ദിനങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹം ചോദിച്ചു വാങ്ങിയോ? പാപങ്ങള്‍ കരിച്ചു കളയേണ്ട ദിനങ്ങളിൽ റബ്ബിന്റെ മുന്നില്‍ ഏറ്റ്പറഞ്ഞ് പാപമോചനം സ്വന്തമാക്കിയോ? അവനു മുമ്പിൽ നരകമുക്തിക്ക് വേണ്ടി യാചിച്ചോ ?ആജീവനാന്ത ശത്രുവായ പിശാചിനെ പരാജയപ്പെടുത്താനുള്ള പരിശീലനക്കളരിയില്‍ എത്രമാത്രം മുന്നോട്ട് പോയി ? ശരീരത്തെ സുകൃതങ്ങള്‍ ചെയ്തു പാകപ്പെടുത്തിയോ ? ആയിരം മാസത്തെക്കാള്‍ പുണ്യമായ രാത്രിയെ സമൃദ്ധമാക്കി സായൂജ്യമടഞ്ഞോ ? നോമ്പിന്റെ യഥാര്‍ത്ഥ ലക്ഷ്യമായ 'തഖ്‌വ' കൈമുതലാക്കിയോ ? ഹൃദയവും ചിന്തയും കറകൾ നീക്കി പരിശുദ്ധമാക്കിയോ? ശരീരത്തെ റബ്ബിന് തൃപ്തിയുള്ള മാര്‍ഗത്തില്‍ തിരിച്ചുവിടാന്‍ കരുത്തു നേടിയോ ? ചുരുക്കത്തിൽ , ഈ പരിശുദ്ധ റമളാനില്‍ നാം എന്ത് നേടി ? നാം സ്വയം ചോദിക്കുക. മുൻ വര്‍ഷത്തേതിലുപരി എന്ത് കരുത്തും ചൈതന്യവുമാണ് നാം കൂടുതല്‍ ആർജ്ജിച്ചത് ? ഈ ചോദ്യങ്ങള്‍ക്ക് യഥാര്‍ത്ഥ ഉത്തരം കണ്ടെത്തുന്നതിലാണ് ഒരു വിശ്വാസിയുടെ റമളാനും നോമ്പും വിജയകരമായിത്തീരുന്നത്.

പരിശുദ്ധ ഖുർആൻ ഇറങ്ങിയ മാസം എന്നതാണ് റമളാന്റെ മറ്റൊരു സവിശേഷത. അതുകൊണ്ട് തന്നെ ഖുർആനുമായി സുദൃഢമായ ബന്ധം സ്ഥാപിക്കാൻ ഈ റമളാൻ നാം പ്രയോജനപ്പെടുത്തിയോ എന്നതാണ് ഈ മാസം വിട പറയുമ്പോൾ സ്വന്തത്തോടുള്ള ഏറ്റവും പ്രസക്തമായ മറ്റൊരു ചോദ്യം. റമദാൻ വിശ്വാസികൾക്കുള്ള സ്രഷ്ടാവിന്റെ പ്രത്യേക മാസമാണ്. വർഷത്തിലൊരു മാസം മനസ്സും ശരീരവും പൂർണമായും സംസ്‌കരിക്കുവാനും സംശുദ്ധമാക്കുവാനും പ്രത്യേകം തെരഞ്ഞെടുത്ത മാസം. മണ്ണും വിണ്ണും അനുഗ്രഹങ്ങളുടെ പറുദീസയാക്കുന്ന സവിശേഷമായ കാലം. ജീവിതം മുഴുവനും സ്രഷ്ടാവിന് സമർപ്പിക്കുവാൻ പ്രതിജ്ഞാബദ്ധനായ വിശ്വാസിയെ തന്റെ ഉത്തരവാദിത്തം നിർവഹിക്കുവാനും ലക്ഷ്യം വെക്കുന്ന മാസം. ഈ ലക്ഷ്യത്തിലെത്തുവാൻ നമ്മുടെ നോമ്പുകൾ സഹായകമായിരുന്നോ എന്ന് ഓരോരുത്തരും വിലയിരുത്തൽ അത്യന്താപേക്ഷിതമാണ്. റമളാനിനെ ആത്മീയവും ശാരീരികവും മാനസികവുമായ തീവ്രപരിശീലനമായാണ് സംവിധാനിച്ചിട്ടുള്ളത്. ഇതര പതിനൊന്ന് മാസങ്ങളിൽ നമ്മുടെ ജീവിതത്തെ നേർവഴിയിൽ നയിക്കുകയും നന്മയുടെ സംസ്ഥാപനത്തിനായി സമൂഹത്തെ സജ്ജമാക്കലുമായിരുന്നു റമളാന്റെ പ്രധാന ലക്ഷ്യം. അതുകൊണ്ട് തന്നെ റമളാനിൽ ആരാധനാകർമങ്ങളിലും മറ്റു കാരുണ്യ പ്രവർത്തനങ്ങളിലും കാണിച്ചിരുന്ന ശ്രദ്ധയും സൂക്ഷ്മതയും ബാക്കി സമയത്തും തുടരുവാൻ നമുക്ക് സാധിക്കണം.

പൂര്‍വ്വ സൂരികളായ മഹത്തുക്കൾ റമളാന്‍ വിട വാങ്ങുമ്പോള്‍ അതീവ ദു:ഖിതരായിരുന്നു. അവര്‍ക്കുണ്ടായിരുന്നതു പോലെ ദുഃഖവും വിഷമവും നമുക്കും വേണം. ഇനിയുമൊരു റമളാൻ നമ്മുടെ കണക്കു പുസ്തകത്തിലുണ്ടോ എന്ന ആധിയുണ്ടായിരുന്നു അവര്‍ക്ക്. അതുകൊണ്ടാണവര്‍ റമളാന് ശേഷവും റമളാനിലെ ഞങ്ങളുടെ കര്‍മ്മങ്ങളെ സ്വീകരിക്കണമേയെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നതും പ്രാർത്ഥിക്കാൻ വേണ്ടി പഠിപ്പിച്ചതും. റമളാന്‍ കഴിഞ്ഞുള്ള ആറു മാസങ്ങളില്‍ കഴിഞ്ഞ റമളാനിലെ തങ്ങളുടെ കര്‍മ്മങ്ങളെ സ്വീകരിക്കണമേ ..... എന്നായിരുന്നു അവരുടെ പ്രാർത്ഥന. നമ്മുടേതും അതു തന്നെയാകണം. ഈ വിശുദ്ധ മാസത്തെ വിട്ടു പിരിയുന്നതിന്റെ വേദന സത്യവിശ്വാസികളുടെ ഉള്ളകങ്ങളിലുണ്ട്. ഞങ്ങള്‍ അത്യുഷ്ണം സഹിച്ച് നോറ്റ നോമ്പും, നിർവ്വഹിച്ച നമസ്‌കാരവും, ദീർഘമായ ഖുര്‍ആന്‍ പാരായണവും, ഭക്തി സാന്ദ്രമായ ഇഅ്തികാഫുമെല്ലാം പൂര്‍ണ്ണാര്‍ത്ഥത്തില്‍ സ്വീകരിക്കേണമേയെന്ന പ്രാര്‍ത്ഥനയിലായിരിക്കും ഇനി വിശ്വാസികള്‍. റമദാന്‍ നമ്മുടെ ഹൃദയങ്ങളില്‍ നിറച്ച ഭയഭക്തിയുടെയും ആത്മീയ ചൈതന്യത്തിന്റെയും അന്തരീക്ഷത്തിലായിരുന്നു ഇന്നലകളില്‍ നാം. ഇന്ന് നാം നിറ കണ്ണുകളോടെ, വൃണിത ഹൃദയത്തോടെ റമളാനെ യാത്രയാക്കുകയാണ്. 

നമ്മുടെ കര്‍മ്മങ്ങള്‍ എത്രത്തോളം സ്വീകാര്യമാണെന്നും എത്ര കാരറ്റ് പരിശുദ്ധ മാണെന്നും നമ്മളും ഭയപ്പെടേണ്ടിയിരിക്കുന്നു. ഭീതിയുടേയും പ്രത്യാശയുടേയും ഇടയിലാണ് വിശ്വാസി മാനസങ്ങൾ ഉണ്ടാവേണ്ടത്. പൂർവ്വീകരുടെ ശൈലിയും അതു തന്നെ. ഇമാം ഗസാലി (റ) അവിടുത്തെ മിൻഹാജുൽ ആബിദീൻ എന്ന വിഖ്യാത ഗ്രന്ഥത്തിൽ അത്വാഉ സ്സലീമി (റ) യുടെ സംഭവം വിവരിക്കുന്നത് കാണാം. അത്വാഅ് എന്നവർ ഒരു നെയ്ത്തുകാരനാണ്. ഒരിക്കൽ അദ്ദേഹം മനോഹരമായ ഒരു വസ്ത്രം നെയ്തെടുത്തു. താൻ നെയ്തെടുത്ത വസ്ത്രത്തിലേക്ക് നോക്കി അദ്ദേഹം ആത്മഗതം ചെയ്തു. "ഹോ, എന്തു ഭംഗി ! ഇത്രയും ഭംഗിയുള്ള ഒരു വസ്ത്രം ഞാൻ ഈ അടുത്തൊന്നും തുന്നിയിട്ടുണ്ടാവില്ല. മാർക്കറ്റിൽ ചെന്നാൽ നല്ല വില കിട്ടുമായിരിക്കും. വസ്ത്ര വ്യാപാരികൾ ഈ വസ്ത്രത്തിന്റെ പേരിൽ തർക്കിക്കും." മഹാനവർകളുടെ മനോവ്യവഹാരങ്ങൾ ഹിമാലയം കയറി. എങ്ങനെയാണെങ്കിലും വസ്ത്രത്തിന്റെ ഭംഗി കണ്ണഞ്ചിപ്പിക്കുന്നതാണ്. കൂടുതൽ ആലോചനക്കൊന്നും നിന്നില്ല. മഹാനവർകൾ വസ്ത്രവുമായി മാർക്കറ്റിലേക്ക് നടന്നു. താൻ കണ്ട ആദ്യ കടയിലേക്ക് മഹാനവർകൾ കയറി. ഈ കടക്കാരൻ വസ്ത്രത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നുള്ള അമിതമായ ആത്മവിശ്വാസത്തിലായിരുന്നു മഹാനവർകൾ.
കടക്കാരൻ വസ്ത്രം വാങ്ങി തിരിച്ചും മറിച്ചും നോക്കി. നോട്ടത്തിനിടക്ക് അയാളുടെ നെറ്റി ചുളിഞ്ഞു , ചുണ്ടുകൾ മുന്നോട്ടു കൂർത്തു, കവിളുകൾ ഒരു ഭാഗത്തേക്ക് ചെരിഞ്ഞു , കണ്ണുകൾ വസ്ത്രത്തിൽ ഓട്ടപ്രദക്ഷിണം നടത്തി കൊണ്ടിരുന്നു. വ്യത്യസ്ത വികാരങ്ങളുടെ ഭാവപ്രകടനങ്ങൾ അയാളുടെ മുഖത്ത് മിന്നി മറിഞ്ഞു. നോട്ടത്തിനുശേഷം ആ വസ്ത്രം ഇടതു കൈയിൽ പിടിച്ച് വലതുകൈ കൊണ്ട് വസ്ത്രത്തിലേക്ക് ചൂണ്ടിയിട്ട് അയാൾ പറഞ്ഞു: " ദാ, ഇതുകണ്ടോ ഇതൊട്ടും ശരിയായില്ല. ഇവിടെ കുറച്ചുകൂടി നന്നായി നെയ്തിരുന്നുവെങ്കിൽ ഒന്നുകൂടെ നന്നാവുമായിരുന്നു." മറ്റൊരു ഭാഗം കാണിച്ചിട്ട് അയാൾ പറഞ്ഞു : "ഇവിടെ ഒരു തുന്നുകൂടി നൽകിയിരുന്നെങ്കിൽ ഒന്നുകൂടി ബലം കിട്ടുമായിരുന്നു". അയാൾ വസ്ത്രത്തിന്റെ ന്യൂനതകൾ അത്വാഇന്റെ (റ) മുമ്പിൽ നിരത്താൻ തുടങ്ങി. 
അത്വാഅ് (റ) കടക്കാരന്റെ കൈയ്യിൽ നിന്ന് ആ വസ്ത്രം ത്സടുതിയിൽ തിരിച്ചു വാങ്ങി. മുഖം കരുവാളിച്ച് മഹാനവർകൾ വേച്ചുവെച്ച് കടയുടെ ഒരു മൂലയിൽ ഇരുന്നു കരയാൻ തുടങ്ങി. പരിസരം മറന്നു കരയുന്ന മഹാനവർകളെ കണ്ടു കടക്കാരൻ ഭയവിഹ്വലനായി. താൻ വസ്ത്രത്തിന്റെ ന്യൂനത പറഞ്ഞതു കൊണ്ടായിരിക്കും ഇയാൾ ഇവ്വിധം കരയുന്നത് എന്ന് കരുതി 'ഛെ, വേണ്ടായിരുന്നു' എന്ന മുഖഭാവവുമായി അയാൾ പാത്തും പതുങ്ങിയും മഹാനവർകളുടെ സമീപത്തു വന്നിരുന്നു. എന്നിട്ട് മഹാനവർകളെ സമാശ്വസിപ്പിക്കാൻ എന്ന രീതിയിൽ പുറംതടവിക്കൊണ്ട് പറഞ്ഞു : ''ഹേയ്, കരയേണ്ട, ഞാനത് പറയരുതായിരുന്നല്ലേ.....? സാരമില്ല. നിങ്ങൾ ഉദ്ദേശിച്ച വില എന്താണെങ്കിലും പറയൂ... ഞാനത് തരാം ... " . അയാൾ അയാളുടെ ഭാഗം ക്ലിയർ ആക്കി ആശ്വസിപ്പിച്ചു.   
പണിപ്പെട്ട് കരച്ചിലടക്കി കൊണ്ട് മഹാനവർകൾ വിക്കി: " നിങ്ങൾ ഉദ്ദേശിച്ച കാര്യമോർത്തല്ല സഹോദരാ, ഞാൻ കരയുന്നത്". പിന്നെ എന്തിനാ എന്ന ചോദ്യം അയാളുടെ മുഖഭാവത്തിൽ നിന്ന് വളരെ വേഗത്തിൽ തന്നെ അത്വാഅ് (റ) വായിച്ചെടുത്തു. മഹാനവർകൾ കരഞ്ഞുകൊണ്ടുതന്നെ തുടർന്നു : " മറിച്ച് , എത്ര ഭംഗിയായിട്ടായിരുന്നു ഞാനിത് നെയ്തെടുത്തത്. ഞാനെത്ര രാത്രികൾ ഉറക്കമിളച്ചിട്ടുണ്ട് ഈ വസ്ത്രം ഈ രൂപത്തിലെത്തിക്കാനെന്നറിയുമോ നിങ്ങൾക്ക് ! ഒരു ന്യൂനതയുമില്ലെന്ന് പലവട്ടം ഞാൻ നോക്കി ഉറപ്പുവരുത്തിയതാണ്. എന്നിട്ടും വസ്ത്രത്തെക്കുറിച്ച് വ്യക്തമായറിയുന്ന നിങ്ങളുടെ അടുത്ത് എൻറെ പരിപൂർണ്ണ സൃഷ്ടി ലഭിച്ചപ്പോൾ എത്ര ലാഘവത്തോടെയാണ് നിങ്ങൾ അതിലുള്ള ഓരോ ന്യൂനതയും ചൂണ്ടിക്കാണിച്ചത്. അതു കണ്ടപ്പോൾ ഞാൻ ഓർത്തുപോയി ഇതുപോലെയാണല്ലോ ഞാൻ ചെയ്യുന്ന ഓരോ അമലുകളും. ഏറ്റവും പരിപൂർണ്ണമാണെന്ന രൂപേണയാണല്ലോ ഞാനതെല്ലാം ചെയ്യുന്നത്. റബ്ബിനു ഒരിക്കലും എൻ്റെ അമൽ തട്ടാൻ കഴിയില്ല എന്ന ആത്മവിശ്വാസത്തോടെ !! പക്ഷേ, ആ അമലുകൾ റബ്ബിന്റെ മുന്നിലെത്തുമ്പോൾ ന്യൂനതകളുടെ പേമാരി തന്നെ അവൻ എന്റെ മുമ്പിൽ നിരത്തുമല്ലോ! ഇതോർക്കുമ്പോൾ പിന്നെയെങ്ങനെ ഞാൻ കരയാതിരിക്കും !! (മിൻഹാജുൽ ആബിദീൻ പേജ് 243).

നമ്മൾ ചെയ്യുന്ന കാര്യങ്ങളെല്ലാം ക്ലിയർ ആണെന്ന് തോന്നൽ നമുക്കും മനസ്സിൽ മതിച്ചു വരാറില്ലേ ? ഞാൻ എല്ലാ കാര്യത്തിലും പെർഫെക്റ്റ് ആണെന്ന തോന്നൽ. എന്നാൽ ഞാൻ പരിപൂർണ്ണനല്ല എന്ന ബോധ്യം വിനയത്തെയും പരിപൂർണ്ണനാണ് എന്ന ബോധ്യം അഹങ്കാരത്തെയും ജനിപ്പിക്കും. മറ്റുള്ളവരെ വിലയിരുത്തുന്നതിന് മുമ്പ് സ്വയം വിലയിരുത്തുക. നമ്മുടെ ആരാധനാ കർമ്മങ്ങളിലെ പാകപ്പിഴവുകളും പോരായ്മകളും കണ്ടെത്താൻ ഒരു ഭൂതകണ്ണാടിയുടെയും ആവശ്യമില്ല എന്ന ഉത്തമ ബോധ്യം നമുക്കുണ്ട്. നാഥൻ അവന്റെ കൃപാകടാക്ഷം കൊണ്ട് നമുക്കെല്ലാവർക്കും വിട്ടുവീഴ്ച നൽകട്ടെ... ആമീൻ.



  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...