"തൊട്ടിൽ മുതൽ കട്ടിൽ വരെ" അറിവന്വേഷണം നടത്തണമെന്നാണ് ഇസ്ലാമിൻ്റെ അധ്യാപനം. അറിവ് സമൃദ്ധമാക്കാനും പരിപോഷിപ്പിക്കാനും നബി(സ) മുസ്ലിം സമൂഹത്തെ നൈരന്തര്യം ഉണർത്തിയിട്ടുമുണ്ട്. അബൂഹുറൈറ (റ) ഉദ്ധരിക്കുന്ന ഹദീസിൽ പ്രവാചകൻ (സ) പറയുന്നതായി കാണാം. "ജ്ഞാനം" സത്യവിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. എവിടെ വെച്ച് കിട്ടിയാലും അത് നേടിയെടുക്കണം.(തുർമുദി). ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതും ഏറ്റം കൂടുതല്‍ ആളുകള്‍ അകതാരിൽ സൂക്ഷിക്കുന്നതും മാസ്‌മരിക ശക്തിയാല്‍ കൂടുതല്‍ പേരെ സ്വാധീനിക്കുന്നതും വിശുദ്ധ ഖുര്‍ആനാണെന്നത് ആത്മാഭിമാനത്തോടെ ഏതൊരു വിശ്വാസിക്കും അവകാശപ്പെടാവുന്നതാണ്. മലയാളിക്കരക്കും വിശിഷ്യാ ഇസ്ലാമെന്ന വിപുലമായ കുടുംബത്തിലെ സർവ്വാംഗങ്ങൾക്കും അഭിമാന നിമിഷമാണിത്. ഓരോ സത്യവിശ്വാസിയുടെയും ഭരണഘടനയായ വിശുദ്ധ ഖുർആനിൻ്റെ സാഗരസമാനമായ വ്യാഖ്യാനങ്ങളിലേക്ക് സർവ്വസ്വവും സമർപ്പിച്ച് ഊളിയിട്ട് മുത്തും പവിഴവും പൊറുക്കിയെടുത്ത് മുപ്പത് വാള്യങ്ങളിലായി കോർത്തിണക്കി അനുവാചകസമക്ഷം സമർപ്പിക്കുന്ന സുവർണ്ണനിമിഷം പ്രത്യേകിച്ചും മലയാളികളുടെ രചനാചരിത്രത്തിലേക്ക് പുതിയൊരേട് തുന്നിച്ചേർക്കുമെന്നതിൽ സംശയമില്ല. പറഞ്ഞുവരുന്നത്, സുന്നീ പണ്ഡിത തറവാട്ടിലെ രചനാവിലാസമായ ഖലമുൽ ഇസ്ലാം കോടമ്പുഴ ബാവ മുസ്ലിയാർ സാധ്യമാക്കിയ രചനാവിപ്ലവത്തെ അധികരിച്ചു തന്നെ. 14200 പേജുകളിലായി, മുഖദ്ദിമയടക്കം 31 വാള്യങ്ങൾ കൊണ്ടാണ് കോടമ്പുഴ ബാവ മുസ്ലിയാർ വിശുദ്ധ ഗ്രന്ഥത്തെ തേജോമയമാക്കിയത്. ഖുർആൻ വ്യാഖ്യാന ലോകം പുഷ്ക്കലമാണ്. എന്നാൽ ഇതര തഫ്‌സീറുകളിൽ നിന്ന് വ്യത്യസ്തമായി അതിസൂക്ഷ്മമായ ഭാഷാസൗന്ദര്യത്തോടെയുള്ള സംഗ്രഹരൂപമാണ് തഫ്‌സീറുൽ ജലാലൈനിക്കുള്ളത്. അശ്ശാരിഹുൽ മുഹഖിഖ് എന്നപരനാമത്തിൽ അറിയപ്പെടുന്ന ഇമാം ജലാലുദ്ദീൻ അൽമഹല്ലിയും (റ) ഇബ്നുൽ കുതുബ് എന്നപരനാമമുള്ള ഇമാം ജലാലുദ്ദീൻ അസ്സുയൂത്ഥി(റ)യുമാണ് വിശ്വവിഖ്യാതമായ തഫ്സീറുൽ ജലാലൈനിയുടെ രചയിതാക്കൾ. തൈസീറുൽ ജലാലൈനി എന്ന ഗ്രന്ഥനാമം ദ്യോതിപ്പിക്കുന്നത് പോലെ തഫ്സീറുൽ ജലാലൈനിയെ സരളമാക്കുന്ന പ്രക്രിയയാണ് കോടമ്പുഴ ബാവ മുസ്ലിയാരുടെ വ്യാഖ്യാന ഗ്രന്ഥം നിർവഹിക്കുന്നത്. തൈസീറുൽ ജലാലൈനിയുടെ സവിശേഷതകളിലേക്ക് വഴിയേ വരാം.
ഗ്രന്ഥരചയിതാക്കളായ മുസ്‌ലിം പണ്ഡിതകേസരികളുടെ ജീവിതം വിസ്മയങ്ങളുടെ കലവറയാണ്. ക്ഷണികമായ ഭൗതികജീവിതത്തെ സാര്‍ഥകമാക്കാന്‍ അവരൊക്കെയും വിവിധങ്ങളായ വൈജ്ഞാനിക സപര്യകളിൽ ഏര്‍പ്പെട്ടു. കൃത്യാന്തര ബാഹുല്യങ്ങൾക്കിടയിൽ അത്ഭുതാവഹമായ ഗ്രന്ഥരചനകള്‍ നടത്തുകയെന്നത് ഏറെ ശ്രമകരമാണ്. അത്തരം അതുല്യമായ ചില ഗതകാല തപസ്സുകൾ പരിചയപ്പെടാം. ആധ്യാത്മികതയുടെ ഉയർന്ന പദവികളില്‍ പരിലസിച്ചപ്പോഴും ജീവിതത്തിലുടനീളം ഗ്രന്ഥരചന നടത്താനും ജ്ഞാനത്തിൻ്റെ പൊൻകിരണങ്ങള്‍ തേടി ലോകസഞ്ചാരത്തിനിറങ്ങാനും ഇമാം ഗസാലി (റ) യത്നിച്ചു. ഗസ്സാലി(റ)യുടെ എല്ലാ ഗ്രന്ഥങ്ങളും പരിശോധിച്ച് മഹാൻ്റെ ആയുസ്സുമായി തുലനം ചെയ്തു നോക്കി ഗസ്സാലി(റ) ഒരു ദിവസം നാലു കുര്‍റാസയെങ്കിലും എഴുതിയിട്ടുണ്ടാകുമെന്ന് പണ്ഡിതലോകം നിഗമനത്തിലെത്തുന്നുണ്ട്. ഗ്രന്ഥങ്ങള്‍ കൊണ്ട് അത്ഭുതപ്പെടുത്തിയ പണ്ഡിതരുടെ കൂട്ടത്തില്‍ പ്രമുഖനാണ് ഇബ്‌നുല്‍ ജൗസി. എല്ലാ വിജ്ഞാനശാഖയിലും അദ്ദേഹത്തിന് ഗ്രന്ഥങ്ങളുണ്ടെന്നും 340-ലേറെ ഗ്രന്ഥങ്ങൾക്കുടമയാണെന്നും ഹാഫിള് ഇബ്‌നു റജബ് ‘ദൈലു ത്വബഖാത്തില്‍ ഹനാബില’ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ഒരു ദിവസം അദ്ദേഹം ചുരുങ്ങിയത് നാലു ചെറിയ നോട്ടുപുസ്തകങ്ങള്‍ വരെ എഴുതിയിരുന്നുവെന്ന് മുവഫഖ് അബ്ദുല്ലത്തീഫ് എന്നവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഞാൻ ഈ രണ്ട് വിരൽ കൊണ്ട് രണ്ടായിരത്തിലധികം വാള്യങ്ങൾ എഴുതിയിട്ടുണ്ടെന്ന് ഇബ്നുൽ ജൗസി തന്നെ പറഞ്ഞിട്ടുണ്ടെന്ന് പേരമകൻ പറയുന്നതായി ഹാഫിളുദ്ദഹബി തദ്കിറത്തുൽ ഹുഫ്ഫാളിൽ ഉദ്ധരിക്കുന്നുണ്ട്. തൻ്റെ മയ്യിത്ത് കുളിപ്പിക്കാനുള്ള വെള്ളം ചൂടാക്കേണ്ടത് താൻ എഴുതാനുപയോഗിച്ച തൂലികാവശിഷ്ടങ്ങൾ കൊണ്ടാകണമെന്നത് അദ്ദേഹത്തിൻ്റെ വസ്വിയ്യത്തായിരുന്നു. അതുപ്രകാരം വെള്ളം ചൂടാക്കിയതിന് ശേഷവും നിരവധി തൂലികകൾ അവശേഷിച്ചിരുന്നുവെന്ന് ചരിത്രത്തിൽ കാണാം. ഗ്രന്ഥരചനയിൽ മികവ് തെളിയിച്ച ഇതരനാണ് ഇബ്നു ജരീർ ത്വബരി. ഗ്രന്ഥങ്ങളുടെ പേജുകള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ദിവസവും പതിനാലു പേജുകള്‍ എഴുതിയതിനു തുല്യമാണെന്ന് ചരിത്രം. ആകെക്കൂടെ അദ്ദേഹം എഴുതിത്തീര്‍ത്ത പേജുകള്‍ 358000 ത്തോളം. ഇസ്‌ലാമിലെ ഏറ്റവും വലിയ ഗ്രന്ഥകാരനെന്ന് ചരിത്രം അദ്ദേഹത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. യാഖൂതുല്‍ ഹമവി തന്റെ ‘മുഅ്ജമുല്‍ ഉദബാ’ഇലും ഖത്വീബുല്‍ ബഗ്ദാദി തന്റെ ‘താരീഖു ബഗ്ദാദി’ലും അദ്ദേഹത്തെക്കുറിച്ച് വാചാലമായിട്ടുണ്ട്. ഗ്രന്ഥരചനാലോകത്തെ മറ്റൊരത്ഭുതമാണ് ഇമാം നവവി(റ). വെറും നാല്‍പത്തിയഞ്ചു വര്‍ഷം മാത്രം ജീവിച്ച മഹാനുഭാവൻ്റെ രചനാലോകം ശ്രദ്ധേയമാണ്. ഇന്നും ലോകവ്യപാകമായി പാരായണം ചെയ്യപ്പെടുന്ന അനവധി ഉൽകൃഷ്ട ഗ്രന്ഥങ്ങളിലൂടെ ആ മഹാത്മാവ് ജീവിക്കുന്നു. അദ്ദേഹമെഴുതിയ ഗ്രന്ഥങ്ങളെ ആ ജീവിതത്തിലെ ദിവസങ്ങളുമായി തുലനം ചെയ്തുനോക്കിയാല്‍ ഒരു ദിവസത്തില്‍ നാലു ചെറുപുസ്തകങ്ങളോളം വരും. വൈവിധ്യങ്ങളായ അഞ്ഞൂറിൽ പരം ഗ്രന്ഥങ്ങൾ ലോകത്തിനു സമർപ്പിച്ച ജ്ഞാനപുരുഷനാണ് ഇമാം സുയൂത്ഥി (റ). അവിടുത്തെ ശിഷ്യൻ ശംസുദ്ധീൻ ദാവൂദീ പറയുന്നു : എല്ലാ ദിവസവും മൂന്ന് പേജ് രചനക്കായും രചനാ ക്രമീകരണത്തിനായും ചെലവഴിക്കുന്നതായാണ് ശൈഖിനെ നിരീക്ഷിച്ചപ്പോൾ എനിക്ക് കണ്ടെത്താനായത്. അക്കാലഘട്ടത്തിൽ ജീവിച്ചിരുന്ന മഹാപണ്ഡിതനായിരുന്നു ഇമാം സുയൂത്ഥി (റ) (താരീഖുൽ ഖുലഫാഅ്). ഭരണകൂടം ചുമത്തിയ അന്യായമായ നികുതിക്കെതിരെ ശബ്ദമുയർത്തിയതിൻ്റെ പേരിൽ വെള്ളമില്ലാത്ത ഒരു കിണറ്റിൽ പതിനാലു കൊല്ലം തടവ്ശിക്ഷക്കു വിധേയമാകേണ്ടി വന്ന പണ്ഡിതനാണ് ഇമാം സർഖസി. ഈ അവസരം ഉപയോഗപ്പെടുത്തി അദ്ദേഹം 10 വാള്യമുള്ള മബ്സൂത്വ് എന്ന അതിബൃഹത്തായ ഗ്രന്ഥം രചിച്ചു. അലിയ്യു ത്വൻത്വാവി അദ്ദേഹത്തിന്റെ സുവറുൻ വ ഖവാതിറിൽ സർഖസിയെ പ്രതിപാദിക്കുന്നുണ്ട്.
അത്ഭുതകരമായ എണ്ണത്തിലും വണ്ണത്തിലും ഗ്രന്ഥരചനകള്‍ നിര്‍വഹിച്ച പണ്ഡിതരുടെ ചരിത്രങ്ങള്‍ ഇങ്ങനെ നീളുന്നു. പൂര്‍വകാല പണ്ഡിതരില്‍ ഗ്രന്ഥരചന മാത്രം ജീവിതവൃത്തിയാക്കിയവർ സുലഭമാണ്. രാപകല്‍ ഭേദമന്യേ അവര്‍ അശ്രാന്ത പരിശ്രമവുമായി അറിവിന്റെ പ്രസരണത്തിലായി ഭജനമിരുന്നു. അല്ലാഹു കനിഞ്ഞുനല്‍കിയ അറിവും ഹിക്മതും ഭാവിതലമുറകള്‍ക്കു വേണ്ടി അവര്‍ താളുകളില്‍ പകര്‍ത്തിവെച്ചു. ഇവരുടെ ചരിത്രത്തിൽ നിന്നും ഊർജ്ജമുൾക്കൊള്ളാനും അവർ രേഖപ്പെടുത്തിവെച്ചവ നുകർന്നെടുക്കാനും അതിൽ നിന്ന് പാഠങ്ങളുൾകൊള്ളാനും പുതുതലമുറ തയ്യാറാവേണ്ടതുണ്ട്. എന്നാൽ ആധുനിക ലോകത്ത് ഇത്തരത്തിലൊരു മേന്മ ചാർത്തപ്പെടുന്നവർ തുലോം തുച്ഛവും അംഗുലീ പരിമിതവുമാണ്. ഈയൊരു രചനാലോകത്തിൻ്റെ മഹാഭൂപടത്തിലാണ് കോടമ്പുഴ ബാവ മുസ്ലിയാർ തൻ്റെ നാമം തങ്കലിപികളാൽ ഉല്ലേഖനം ചെയ്തിട്ടുള്ളത്. "അറിവിന്നഴകിനാൽ കനമാർന്നു നിൽക്കുവോർ , അതിമാന്യരായ് താഴ്മയാലേ നടന്നിടും , നിറഫലം കായ്ക്കുന്ന ചില്ലകൾ താഴേക്കു , നിറവിൻ്റെ തോതു പോലെളിമയായ് തൂങ്ങിടും " എന്നാണു അറിവുതുന്ദിലരുടെ വിനയത്തെ കവി ആവിഷ്കരിക്കുന്നത്. "നിറകുടം തുളുമ്പില്ല" എന്ന മലയാളത്തിലെ ചൊല്ല് വളരെ ശരിയാണ്. നിറയാത്ത കുടങ്ങളാണ് തുളുമ്പിക്കളിക്കുക. എന്നാൽ വിജ്ഞാനത്തിന്റെ യഥാർത്ഥ ലക്ഷ്യവും ഗുണവും തിരിച്ചറിഞ്ഞ ‘കുടങ്ങൾ' ഒരിക്കലും തുളുമ്പില്ല. തുള്ളിക്കളിക്കില്ല. തങ്ങൾക്ക് ലഭിച്ച വിജ്ഞാനത്തിൽ അവർ അഹങ്കരിക്കില്ല. ‘Deep rivers run quiet' എന്ന ഇംഗ്ലീഷ് പഴമൊഴി ഇതുതന്നെയാണ് അർത്ഥമാക്കുന്നത്. ആഴമുള്ള നദികൾ ശാന്തമായേ ഒഴുകൂ. വിജ്ഞാനത്തിന്റെ പരപ്പും ആഴവും വർധിക്കുന്തോറും, പാണ്ഡിത്യത്തിന്റെ അളവ് ഉയരുന്തോറും യഥാർത്ഥ വിശ്വാസിയിൽ ശാന്തതയും അവധാനതയും വർധിക്കുക മാത്രമേ ചെയ്യൂ. അതില്ലാതാവുമ്പോഴാണ് പാണ്ഡിത്യം സമൂഹത്തിന് ശല്യമായി മാറുന്നത്. ഇത്തരത്തിൽ വിനയത്തിൻ്റെ പ്രതിരൂപം കൂടിയാണ് കോടമ്പുഴ ബാവ മുസ്ലിയാർ. അക്ഷരങ്ങളുടെ സ്വപ്നലോകം പണിതിട്ടും താനൊന്നുമല്ലെന്ന മട്ടിൽ അദ്ദേഹം കുറിച്ച വിനയത്തിന്റെ അക്ഷരച്ചീളുകൾ വിചാരവീചികളിലെ മുഖവുരയിൽ വായിക്കാം : "വലിയവർ തേങ്ങ ഉടയ്ക്കുമ്പോൾ കുട്ടികൾ ചിരട്ട ഉടയ്ക്കുന്നു ; മുതിർന്നവർ സിലിണ്ടറിൽ കെയ്ക്ക് ചുടുമ്പോൾ ( കുറ്റിയിൽ പിട്ട് ചുടുമ്പോൾ ) കുട്ടികൾ ചിരട്ടയിൽ പിട്ട് ചുടുന്നു. അതുപോലെ മഹാന്മാരോടുള്ള ഒരു അനുകരണം മാത്രമാണിത്. വിനീതൻ ഒരു ചിന്തകനാണെന്നോ ഇത് ചിന്താ ലോകത്ത് വിലമതിക്കുന്ന ചിന്താ ഫലങ്ങളാണെന്നോ അവകാശപ്പെടാൻ മാത്രമുള്ള വിഡ്ഢിത്തം , അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ , വിനീതനില്ല. എന്നിരുന്നാലും അധ്വാനഫലം നഷ്ടപ്പെട്ടു പോകരുതെന്ന തിടുക്കമുണ്ട്. ആ തിടുക്കമാണ് ഈ ശ്രമത്തിനു പ്രേരകം". (വിചാരവീചികൾ : ലേഖന സമാഹാരം) മലയാളിക്കിത് ആഹ്ലാദാതിരേകം പങ്കിടാനുള്ള നാഴികകല്ലാണ്. 31 വാള്യം ഖുർആൻ വ്യാഖ്യാനമടങ്ങുന്ന 150 ഓളം ഇസ്ലാമിക ഗ്രന്ഥങ്ങളാണ് ആ മഹാമനീഷിയുടെ തൂലികയിൽ നിന്ന് വിരചിതമായത്. പണ്ഡിത ലോകത്തിലെ മുടിച്ചൂടാമന്നനും ഇന്ത്യൻ ഗ്രാൻ്റ് മുഫ്തിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഈ ഭഗീരഥയത്നം മുൻനിർത്തിയാണ് "ഖലമുൽ ഇസ്ലാം" എന്നു സ്ഥാനപ്പേരു വിളിച്ചത്.
1946 ജൂലൈ 8 ന് മുഹമ്മദ് മുസ്ലിയാരുടെയും ആയിശയുടെയും മകനായി കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബേപൂർ എന്ന പ്രദേശത്താണ് അബ്ദുറഹ്മാൻ എന്ന ബാവ മുസ്ലിയാരുടെ ജനനം. വളർന്നതും പ്രാഥമിക വിദ്യാഭ്യാസം നേടിയതും അവിടെയാണ്. പത്താം വയസ്സിലാണ് തന്റെ കുടുംബത്തോടൊപ്പം പിതാവിന്റെ ജന്മസ്ഥലമായ കോടമ്പുഴ എന്ന ഗ്രാമത്തിലേക്ക് താമസം മാറ്റിയത്. വിശ്രുത പണ്ഡിതനും മാവൂർ മുദർരിസുമായിരുന്ന വന്ദ്യ പിതാവ് മുഹമ്മദ് മുസ്ലിയാരുടെ ശിക്ഷണത്തിൽ മാവൂർ പള്ളിയിൽ അഞ്ചു വർഷം മതവിജ്ഞാനം നേടി. പിന്നീട് പെരുമുഖം ബീരാൻ കോയ മുസ്ലിയാരുടെ ശിക്ഷണത്തിൽ കോടമ്പുഴ പള്ളിയിൽ രണ്ടു വർഷവും. പണ്ഡിതകുലപതി ശൈഖുൽ മശാഇഖ് കണ്ണിയത്ത് അഹ്‌മദ് മുസ്ലിയാരുടെ കീഴിൽ വാഴക്കാട് ദാറുൽ ഉലൂം അറബികോളേജിലാണ് ഉന്നത പഠനം പൂർത്തീകരിച്ചത്. ബാവ മുസ്ലിയാർ 5 വർഷക്കാലം വിദ്യാർത്ഥിയായി വാഴക്കാട് ദാറുൽ ഉലൂം കോളേജിൽ താമസിച്ചു പഠിച്ചു. അവിടെ നിന്നാണ് മുത്വവ്വൽ കോഴ്‌സും അഫ്ളലുൽ ഉലമയും പൂർത്തിയാക്കിയത്. പഠനാനന്തരം അധ്യാപന രംഗത്തേക്ക് തിരിഞ്ഞു. കോടമ്പുഴ ബാഅലവി മസ്ജിദിൽ ശൈഖുന്നുജൂം ബീരാൻകോയ മുസ്ലിയാരുടെ സഹമുദർരിസായി അധ്യാപനം നടത്തുകയും പ്രാദേശിക പ്രബോധന പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്തു. അതോടൊപ്പം ഇസ്‌ലാമിക കാഴ്ചപ്പാടുകളിൽ പഠനം, അദ്ധ്യാപനം, ഗവേഷണം, എഴുത്ത് എന്നിവയിൽ ശ്രദ്ധ പതിപ്പിച്ചു. പൊതു പ്രവർത്തകൻ എന്നതിലുപരി അനുഗൃഹീതനായ എഴുത്തുകാരൻ കൂടിയാണ് ബാവ മുസ്ലിയാർ. അറബി ഭാഷയിലേക്കും ഇസ്ലാമിക ശാസ്ത്രത്തിലേക്കും നടത്തിയ വിലമതിക്കാനാവാത്ത സേവനങ്ങളിലൂടെ ബാവ മുസ്ലിയാർ പ്രശസ്തനായി. കേരള അറബിക് ടെക്സ്റ്റ് ബുക്ക് എക്സ്പേർട്ട് കമ്മിറ്റി മെമ്പറായും സ്ക്രൂട്ടിനി കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തുന്ന പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി മദ്രസ ക്ലാസുകൾക്കായി അറബി ഭാഷയിൽ വ്യത്യസ്ത ഇസ്ലാമിക പാഠപുസ്തകങ്ങൾ രചിക്കുന്നതിൽ ഉസ്താദ് അഭിനന്ദനാർഹമായ സേവനങ്ങൾ കാഴ്ചവെച്ചു. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര പള്ളിയിൽ 10 വർഷം ഖത്വീബായി സേവനമനുഷ്ഠിച്ച ഉസ്താദ്, ഏടുകളും കുറിപ്പുകളും കൈയ്യിൽ എടുക്കാതെ ജുമുഅ ഖുത്ബ നിർവ്വഹിച്ച് ഖ്യാതി നേടി. തദനന്തരം ഉസ്താദ് ഫറോക്ക് ചുങ്കം പള്ളിയിൽ 5 വർഷം ഖത്വീബായി സേവനമനുഷ്ഠിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് നിരവധി സെഷനുകളിൽ മതപ്രഭാഷണങ്ങൾ നടത്തി. അതുപോലെ തന്നെ പത്ര മാസികകളിൽ സന്ദർഭോചിതമായി വിലപ്പെട്ട നിരവധി ലേഖനങ്ങൾ എഴുതി. എന്നാൽ മാതൃഭാഷയായ മലയാളത്തിലെ കൃതികളേക്കാൾ അറബി ഭാഷയിലെ വിലമതിക്കാനാവാത്തതും ഉപയോഗപ്രദവുമായ ഇസ്ലാമിക കൃതികളിലൂടെയാണ് ഉസ്താദ് കൂടുതൽ അറിയപ്പെടുന്നത്. നൂറ്റിയമ്പതോളം ഇസ്‌ലാമിക പുസ്‌തകങ്ങൾ ഉസ്താദിൻ്റെ തൂലികയിലൂടെ വെളിച്ചം കണ്ടു. 150 ഓളം ഗ്രന്ഥങ്ങളുടെ രചയിതാവെന്ന അതുല്യ വിശേഷണം ഇതര പണ്ഡിതന്മാരിൽ നിന്ന് ഉസ്താദിനെ വ്യതിരിക്തനാക്കുന്നു. സയ്യിദുൽ ബഷർ, അൽ ഇസ്‌ലാം, ഖുലാസത്തുൽ ഫിഖ്‌ഹിൽ ഇസ്‌ലാമിയ , തൈസീറുൽ ജലാലൈനി (30 വാള്യം) ഇങ്ങനെ നീളുന്നു ഉസ്താദിൻ്റെ മാസ്റ്റർപീസ് ഗ്രന്ഥങ്ങൾ . നൂറാമത്തെ പുസ്തകത്തിന്റെ (അൽ ഇസ്‌ലാം) പ്രകാശന ചടങ്ങിലാണ് ഉസ്താദിൻ്റെ നിസ്സീമ സേവനം കണക്കിലെടുത്ത് ഇന്ത്യൻ ഗ്രാന്റ് മുഫ്തി ശൈഖ് അബൂബക്കർ അഹമദ് "ഖലമുൽ ഇസ്‌ലാം" (ഇസ്ലാമിന്റെ തൂലിക) എന്ന പേരു നൽകി ആദരിച്ചത്. നാല് പ്രധാന കൃതികൾ കെയ്‌റോയിലെ ദാറുൽ ബസ്വായിർ ഏറ്റെടുത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. യനാബീഉൽ ഗിനാ. (പ്രസാധനം 2012 ) , രിസ്ഖുൽ അസ്ഫിയാ. (പ്രസാധനം 2012) , ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി. (പ്രസാധനം 2021 ) , സീറത്തു സയ്യിദിൽ ബഷർ. (പ്രസാധനം : ഒന്നാം പതിപ്പ് 2008 , നാലാം പതിപ്പ് 2010 ) . ദാറുൽ കുതുബ് അൽ ഇൽമിയ്യ ബൈറൂത്ത് (ലബനൻ ) 2020 ൽ സഹാബു സ്സുലാൽ എന്ന കൃതിയും പ്രസിദ്ധീകരിച്ചു. ദുബൈ ഔഖാഫ് വിഖ്യാതരചന അബുൽ ബഷർ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖൈറോവിലെ ദാറുസ്സ്വാലിഹ് 2021 ൽ ലിമാദാ എന്ന പ്രസക്തഗ്രന്ഥം പ്രസിദ്ധീകരിച്ചിരുന്നു. 2017 ലും 2018 ലും 2019 ലും ഷാർജയിൽ നടന്ന മൂന്നാമത്തെ വലിയ അന്താരാഷ്ട്ര പുസ്തകമേളയിൽ അദ്ദേഹത്തിൻ്റെ പുസ്തക ശേഖരത്തിനു മാത്രമായി ഒരു പ്രത്യേക സ്റ്റാൾ തന്നെ ദാറുൽ മആരിഫ് പബ്ലിക്കേഷൻ സംഘടിപ്പിച്ചിരുന്നു. അറബിയിലും മലയാളത്തിലുമായി ശൈഖുനായുടെ നൂറ്റി അമ്പതോളം വരുന്ന ഗ്രന്ഥങ്ങൾ ആധികാരികതയുടെ നേർസാക്ഷ്യങ്ങളാണ്. വിവിധ വിജ്ഞാന ശാഖകളിലും സമകാലിക വിഷയങ്ങളിലും വ്യാപിച്ചു കിടക്കുകയാണ് ഖലമുൽ ഇസ്ലാമിൻ്റെ രചനാലോകം.
അവാർഡ് ഓഫ് ജംഇയ്യത്തുൽ ഉലമ ( ഇസ്‌ലാമിക് എഡ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യ , ന്യൂഡൽഹി 1997) , മഖ്ദൂമിയ്യ അവാർഡ് 2022 (ഇഹ്യാഉസ്സുന്ന , ഒതുക്കുങ്ങൽ ) , മെറിറ്റ് അവാർഡ് 2007 ( മർകസു സ്സഖാഫത്തിസ്സുന്നിയ്യ , കോഴിക്കോട് ) , ശൈഖ് അബ്ദുൽ ഖാദിർ ജീലാനി അവാർഡ് 2012 ( മഹ്ളറത്തുൽ ഖാദിരിയ്യ ഇസ്ലാമിക് അറബിക് കോളേജ് , കായൽപട്ടണം , തമിഴ്നാട്) , ഇമാം നവവി അവാർഡ് 2013 ( ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ , അൽകോബാർ) , പി.എം.കെ. ഫൈസി മെമ്മോറിയൽ അവാർഡ് 2013 ( അൽ ഇർഷാദ് ചരിറ്റബിൾ സൊസൈറ്റി, ഫറോക്ക് ചുങ്കം) , ശൈഖ് അഹ്മദ് ബുഖാരി അവാർഡ് 2013 ( മഅ്ദിൻ അക്കാദമി, മലപ്പുറം ) , അറബിക് ലാംഗ്വേജ് എൻറിച്ച്മെൻ്റ് അവാർഡ് 2014 ( മർക്കസു സ്സഖാഫത്തിസ്സുന്നിയ്യ , കോഴിക്കോട് ) , അറബിക് ലാംഗ്വേജ് എൻറിച്ച്മെൻ്റ് അവാർഡ് 2015 ( കേരളാ സ്കൂൾ അറബിക് കലോത്സവ കമ്മിറ്റി , കോഴിക്കോട് ) , ഇമാം ശാഫി പുരസ്കാരം 2015 (തൻവീറുൽ മലക്ക, സ്റ്റുഡൻസ് അസോസിയേഷൻ ഹരിപ്പാട് ) , ജംഇയ്യത്തുൽ മുഅല്ലിമീൻ അവാർഡ് 2015 , നൂറുൽ ഉലമാ അവാർഡ് 2019 (ജാമിഅ സഅദിയ്യ കാസർഗോഡ്) , ഐ.സി. എഫ് ഗൾഫ് കൗൺസിൽ അവാർഡ് 2019 , അവേലത്ത് തങ്ങൾ അവാർഡ് (അവേലത്ത് മഖാം ഉറൂസ് കമ്മിറ്റി) , ഡോ. മുഹമ്മദ് അബ്ദു യമാനി അവാർഡ് 2020 ( അറബിക് ലാംഗ്വേജ് ഇമ്പ്രൂവ്മെൻ്റ് ഫോറം - അലിഫ് ) , കേരള സർവകലാശാല അസ്ഹരി തങ്ങൾ അവാർഡ് 2023 , അബ്ദുല്ല മെമ്മോറിയൽ അവാർഡ് 2023 , മർകസ് സ്കോളർലി എമിനൻ്റ്സ് അവാർഡ് 2023, ഐ.സി.എഫ് മക്ക അവാർഡ് 2024, ഐ.സി.എഫ് ഖത്തർ അവാർഡ് 2024 തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ഗ്രന്ഥകാരനു ലഭിച്ചിട്ടുണ്ട്. ഗുരുമാതൃകയിൽ വളർന്നു വരുന്ന ഇർഫാനികളും സമൂഹത്തിന് പ്രതീക്ഷാവഹമാണ്. ധാരാളം ഇർഫാനികൾ എഴുത്തുമേഖലയിൽ ശോഭിച്ചു നിൽക്കുന്നുണ്ട്. ജംഉൽ ജവാമിഇന് നാലു വാള്യങ്ങളിലായി അടുക്കും ചിട്ടയോടെയും കനപ്പെട്ട ശർഹു രചിച്ച് സ്തുത്യർഹമായ സേവനമാണ് നോളജ് സിറ്റി മുദരിസ് സഹ്ൽ ശാമിൽ ഇർഫാനി കോടമ്പുഴ നിർവഹിച്ചത്. അനേകം ഗ്രന്ഥങ്ങളുടെ ഉടമയും ധാരാളം കിതാബിന് തഅ്ലീഖാതുകളും തദ് രീബാതുകളും നിർവഹിച്ചയാളാണ് നൗഫൽ ശാമിൽ ഇർഫാനി കോടമ്പുഴ. കോടമ്പുഴ ബാവ മുസ്ലിയാരുടെ മകൻ അബ്ദുൽ കരീം ശാമിൽ ഇർഫാനിക്കും മികച്ച ഗ്രന്ഥങ്ങളുണ്ട്. ഉസ്താദിന്റെ ശ്രദ്ധേയവും പ്രസക്തവുമായ നിസ്കാരം വിഷമഘട്ടങ്ങളിൽ എന്ന മലയാള ഗ്രന്ഥം ഇംഗ്ലീഷിലേക്ക് ഇല്യാസ് ശാമിൽ ഇർഫാനി കോഡൂർ ഭാഷാന്തരപ്പെടുത്തിയിട്ടുമുണ്ട്.ധാരാളം മലയാള കൃതികളും ബാവ മുസ്ലിയാരുടെ ശിഷ്യന്മാരായ ഇർഫാനികളാൽ വെളിച്ചം കണ്ടിട്ടുണ്ട്.
കനപ്പെട്ട ധിഷണാവൈഭവമാണ് ഇതരരിൽ നിന്ന് ശൈഖുനാ കോടമ്പുഴ ബാവ മുസ്ലിയാരെ വ്യത്യസ്തനാക്കുന്നത്. ഉസ്താദിൻ്റെ വാക്കുകളിലെ കൃത്യതയും ചിന്തകളിലെ ആഴവും വരികളിലെ ഊർജ്ജവും എടുത്തു പറയേണ്ടതാണ്. ആഴവും പരപ്പുമുള്ള തന്റെ വായനയുടെയും അതുല്യമായ ജ്ഞാനത്തിൻ്റെയും ബഹിർസ്ഫുരണമായ ആ സുവർണ്ണതൂലിക കെട്ടിപ്പൊക്കിയ നയനാനന്ദകരമായ അംബരച്ചുംബി കണക്കെയുള്ള അക്ഷരഗോപുരം കണ്ട് അഭ്യുദയകാംക്ഷികളായ നമുക്കഭിമാനിക്കാൻ വകയുണ്ട്. അനുവാചക ലോകത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഉൽകൃഷ്ടവും പഠനാർഹങ്ങളുമായ , അറബിയിലും മലയാളത്തിലുമായുള്ള 150 ഓളം ഇസ്ലാമിക ഗ്രന്ഥങ്ങളാണ് ആ കൊച്ചു പണിപ്പുരയിൽ നിന്ന് വെളിച്ചം കണ്ടത്. ഒരായുഷ്‌കാലം മുഴുവന്‍ ദീനീ വിജ്ഞാനങ്ങളുടെ പോഷണത്തിനും പ്രചാരണത്തിനും പ്രസരണത്തിനും സമര്‍പ്പിച്ച മഹാനുഭാവന്റെ സൽജീവിതത്തിനുള്ള സത്യസാക്ഷ്യങ്ങളാണവ.
തഫ്സീർ , ഹദീസ് , ഫിഖ്ഹ്, തസ്വവ്വുഫ്, വിശ്വാസ ശാസ്ത്രം , ജീവചരിത്രം, ചരിത്രം , സാഹിത്യം , സംഭവക്കഥ, പ്രശ്നോത്തരം , പഠനം , ലേഖന സമാഹാരം , പാഠ്യഗ്രന്ഥങ്ങൾ , നിലണ്ടു എന്നിങ്ങനെ പല കാറ്റഗറിയായി ഉസ്താദിൻ്റെ ഗ്രന്ഥങ്ങളെ വേർതിരിക്കാവുന്നതാണ്. തഫ്സീർ വിഭാഗത്തിൽ തൈസീറുൽ ജലാലൈനി 31 വാള്യങ്ങളും തസ്ഹീലുൽ ബൈളാവി ഒന്നാം ഭാഗവും ഉൾപ്പെടുന്നു. ഇമാം ബൈളാവി(റ) യുടെ അൻവാറുത്തൻസീൽ വ അസ്റാറു ത്തഅവീൽ എന്ന തഫ്സീറിൻ്റെ വ്യാഖ്യാനസംഗ്രഹമാണിത്. ആമുഖവും ഫാതിഹ വ്യാഖ്യാനവും അൽബഖറയുടെ ആദ്യ ഭാഗവുമാണ് തസ്ഹീലുൽ ബൈളാവി ഒന്നാം ഭാഗത്തിൽ ഉൾകൊള്ളിച്ചിട്ടുള്ളത്. ഹദീസ് വിഭാഗത്തിൽ മൊഴിയും പൊരുളും , ഹദീസ് : വിവർത്തനം വിശകലനം , ഹജ്ജ് മബ്റൂർ , ഇഖ്തിബാറു ന്നഫ്സ് ഫീ ളവ്ഇൽ അഹാദീസി ന്നബവിയ്യ , ആത്മപരിശോധന തിരുവചനങ്ങളിലൂടെ എന്നീ ഗ്രന്ഥങ്ങളാണ് ഉൾക്കൊള്ളുന്നത്. ഫിഖ്ഹ് വിഭാഗത്തിലേക്ക് വരുമ്പോൾ മാസ്റ്റർപീസ് ഗ്രന്ഥമായ ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി , അത്തഅ്മീൻ , ജനിതകശാസ്ത്രത്തിന്റെ ഇന്ദ്രജാലം , നിസ്കാരം വിഷമ ഘട്ടങ്ങളിൽ , തഖ്ലീദ് : സംശയങ്ങൾക്കും മറുപടി , ആലമുൽ ഔലാദ്, വിശുദ്ധ ഖുർആൻ : വാഹന സ്പർശന നിയമങ്ങൾ, ജമാഅത്ത് നിസ്കാരം, ഉള്ഹിയ്യത്ത് , പ്രശ്നങ്ങൾ പ്രതിവിധികൾ , ത്വലാഖ് ഫത്‌വകൾ , ശ്രദ്ധേയ ഫത്‌വകൾ, ശർഹു മൻളൂമത്തു ഇബ്നിൽ ഇമാദ് , അത്യുത്തമ കർമ്മങ്ങൾ , ഹജ്ജ് ഉംറ സിയാറത്ത് , അൽ അമലു ബിൽ അഫ്ളൽ , നെറ്റ്‌വർക്ക് ബിസിനസ് : ഇസ്ലാമിക വീക്ഷണത്തിൽ എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങൾ കാണാം. ആത്മീയോന്നതി പകരുന്ന സൂഫിസത്തിന്റെ മാർഗരേഖ വരച്ചു കാണിക്കുന്ന ഗ്രന്ഥങ്ങളുൾച്ചേർന്നതാണ് തസവ്വുഫ് വിഭാഗത്തിലെ ഗ്രന്ഥങ്ങൾ. ഇബ്റാഹീമുല്ലഖാനി (റ) യുടെ ജൗഹറത്തുത്തൗഹീദ് , സൈനുദ്ദീൻ മഖ്ദൂം(റ) ൻ്റെ ഹിദായത്തുൽ അദ്കിയാഅ് , ഉമർ ഖാളി (റ) യുടെ നഫാഇസുദ്ദുറർ എന്നിവയുടെ ഗദ്യവ്യാഖ്യാനമാണ് രിസ്‌ഖുൽ അസ്ഫിയാഅ് എന്ന ഗ്രന്ഥം. അത്വാഉല്ലാഹി സിക്കന്തരിയുടെ (റ) തത്വോപദേശ സമാഹാരമായ അൽഹികം എന്ന ഗ്രന്ഥത്തിൻ്റെ വിവർത്തന വ്യാഖ്യാനവും ഈ വിഭാഗത്തിലുൾപ്പെടുന്നു. ആത്മീയോൽക്കർഷത്തിന്റെ വിഹായസ്സിലേക്ക് , ഫിർദൗസുൽ അദ്കാർ , മാതാപിതാക്കളുടെ മഹിമകളും അവരോടുള്ള കടമകളും കടപ്പാടുകളും പ്രതിപാദിക്കുന്ന ഔസത്തു അബ്വാബിൽ ജന്ന എന്നീ ഗ്രന്ഥങ്ങളും തസ്വവ്വുഫ് വിഭാഗത്തിൽപ്പെടുന്നു. വിശ്വാസശാസ്ത്രത്തിലും അനൽപമായ രചന നടന്നിട്ടുണ്ട്. അല്ലാഹുവിന്റെ തിരുനാമങ്ങൾ ആധാരമാക്കി രചിക്കപ്പെട്ട പ്രൗഢമായ ഗ്രന്ഥമാണ് യനാബീഉൽ ഗിനാ. അത്തവസ്സുലുൽ അസ്നാ ബിൽ അസ്മാഇൽ ഹുസ്നാ , അതീദത്തുൽ മഹാം , അൽ അംസിലത്തുർ റായിഅ: , സഹാബു സുലാൽ ശർഹു കിതാബി സ്സുആൽ എന്നീ ഗ്രന്ഥങ്ങളും വിശ്വാസസംബന്ധമാണ്. ചരിത്രവും ജീവചരിത്രവുമായി 20 ഓളം ഗ്രന്ഥങ്ങൾ പിറന്നിട്ടുണ്ട്. ആദം നബി (അ) , മുഹമ്മദ് നബി (അ) , ഇബ്റാഹീം നബി (അ), യൂസുഫ് നബി (അ) , ഇമാം ശാഫിഈ (റ) , ഇമാം ബുഖാരി (റ) , അബ്ദുൽ ഖാദർ ജീലാനി (റ) , ഉമറുബ്നു അബ്ദിൽ അസീസ് (റ) , ഇബ്രാഹിം ഇബ്നു അദ്ഹം (റ) , നഫീസത്തുൽ മിസ്രിയ (റ) , ഖളിർ (അ) തുടങ്ങിയവരുടെ സംഭവബഹുലമായ ജീവചരിത്രവും ഇസ്ലാമിക ഭരണചരിത്രവും ആധികാരികമായും വസ്തുനിഷ്ഠമായും വിവരിക്കുന്ന ഗ്രന്ഥങ്ങളാണിക്കൂട്ടത്തിലുള്ളത്. സാഹിത്യ മേഖലയിലും ഉസ്താദ് കയ്യൊപ്പ് ചാർത്തിയിട്ടുണ്ട് . അറബി സാഹിത്യ ലോകത്ത് ഏറ്റവും വിശ്രുതരായ ഗദ്യ- പദ്യ സാഹിത്യകാരന്മാരുടെ ഏറ്റവും മികച്ച സാഹിത്യ സൃഷ്ടികളുടെ മാതൃകകളും അതിനാവശ്യമായ വ്യാഖ്യാനങ്ങളും രചയിതാക്കളെ കുറിച്ചുള്ള ലഘുപരിചയവും വിശദീകരിച്ചുള്ള ഗ്രന്ഥവും ഉസ്താദി രചിച്ചിട്ടുണ്ട്. ജിനാനുൽ അദബ് അഥവാ സാഹിത്യോദ്യാനം എന്നാണിതിന് നാമകരണം ചെയ്തിട്ടുള്ളത്. യുഗങ്ങളെ അതിജീവിച്ച സാഹിത്യകാരനായ ഇമ്രുൽ ഖൈസ് , സാഹിത്യത്തിലൂടെ നോബേൽ സമ്മാനം നേടിയ നജീബ് മഹ്ഫൂള് , ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യതാരമായ ഡോ. ത്വാഹാ ഹുസൈൻ , ഇന്ത്യയിലെ ഏറ്റവും വലിയ അറബി സാഹിത്യകാരനായ അബുൽ ഹസൻ അലി നദ്‌വി , പ്രസിദ്ധ ബാലസാഹിത്യകാരൻ കാമിൽ കൈലാനി , പേമാരിക്ക് തുല്യം കവിത വർഷിച്ച അഹമ്മദ് ശൗഖി , ആധുനികയുഗത്തിലെ ഏറ്റവും പ്രശസ്ത അറബി സാഹിത്യ ലേഖകൻ മൻഫലൂത്ത്വി എന്നിവരുടെ സാഹിത്യ നിദർശനങ്ങളിലേക്കുള്ള വാതായനം തുറന്നിടുന്ന ഗ്രന്ഥമാണിത്. സംഭവക്കഥകൾ വിവരിക്കുന്ന അനേകം ഗ്രന്ഥങ്ങളുമുണ്ട് ഈ പട്ടികയിൽ . ഗുണപാഠകഥകളും അത്ഭുതജനക സംഭവങ്ങളും ഔദാര്യക്കഥകളും നിസ്കാര കഥകളും തിരുദർശനങ്ങളും ആരെയും കൊതിപ്പിക്കുന്ന മഹാന്മാരുടെ വഫാത്തുകളും ഉൾച്ചേർന്നതാണീ വിഭാഗം . അൽഫു ഖിസ്സ്വത്തിൻ വ ഖിസ്സ്വ , അൽ അജ്സാദുൽ അജീബ: , കിതാബുൽ ജൂദി വ സഖാഅ, അൽ ഇംദാദ് , വഫയാത്തുൽ അബ്റാർ , ഖിസസു സ്സ്വലാത്ത് എന്നിവയാണ് സംഭവ കഥകൾ പറയുന്ന ശ്രദ്ധേയ ഗ്രന്ഥങ്ങൾ. ലിമാദാ , ലിഹാദാ , കൈഫ ദാലിക എന്നിവ വിജ്ഞാസ ഉളവാക്കുന്ന ആയിരത്തൊന്നു പ്രശ്നങ്ങൾക്കുള്ള മറുപടിയുടെ സമാഹരണങ്ങളാണ്. ഇവ്വിധം മൂന്ന് ഭാഗങ്ങളിലായാണ് 1001 പ്രശ്നങ്ങൾക്കുള്ള മറുപടികൾ പ്രശ്നോത്തരി രൂപത്തിൽ അവതരിപ്പിക്കുന്നത്. പഠനങ്ങളായും ലേഖന സമാഹാരങ്ങളായും പാഠ്യഗ്രന്ഥങ്ങളായും ഇനിയുമുണ്ട് 40 ഓളം ഗ്രന്ഥങ്ങൾ. എല്ലാം ഒന്നിനൊന്നു മെച്ചം എന്നുപറയാം. പ്രകൃതിയുടെ മതം, നീതിയുടെ മതം, സാഹോദര്യത്തിന്റെ മതം, സഹിഷ്ണുതയുടെ മതം, സാർവ്വലൗകിക മതം, മിതത്വത്തിന്റെ മതം , വിജ്ഞാനത്തിന്റെ മതം എന്നിങ്ങനെ ക്രമീകരിച്ച് അടുക്കും ചിട്ടയോടെയും ഇസ്ലാമിൻ്റെ കാഴ്ചപ്പാടുകളെ മകുടോദാഹരണങ്ങൾ കോർത്തിണക്കിക്കൊണ്ട് ആധികാരിക അവലംബങ്ങളോടെ പരിചയപ്പെടുത്തുന്ന ഒരനുപമ റഫറൻസ് ഗ്രന്ഥമാണ് കോടമ്പുഴ ബാവ മുസ്ലിയാരുടെ നൂറാമത്തെ ഗ്രന്ഥമായ അൽ ഇസ്ലാം.
ഉസ്താദിന്റെ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ വായനക്കാരെ ഏറെ ആകർഷിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ മികച്ച അറബീ ഗ്രന്ഥം ‘സയ്യിദുൽ ബശർ’ ആണ് . എന്നാൽ ഏറ്റവും പ്രചാരം ലഭിച്ച അറബീ ഗ്രന്ഥം ‘ഖുലാസതുൽ ഫിഖ്ഹിൽ ഇസ്‌ലാമി’യുമാണ്. സീറത്തു സയ്യിദിൽ ബശർ (സ) , കേരളക്കരയിലെ പണ്ഡിതന്മാർക്കും മുതഅല്ലിമുകൾക്കും പരിചയപ്പെടുത്തേണ്ടതില്ലാത്ത വിധം പ്രസിദ്ധിയാർജിച്ചതും വളരെ മനോഹരമായി തിരുനബി (സ) യെ അടയാളപ്പെടുത്തുന്നതുമായ അനുഗൃഹീത അറബീരചന. ഇന്ത്യൻ ഗ്രാന്റ് മുഫ്തി സുൽത്വാനുൽ ഉലമാ കാന്തപുരം എ.പി. അബൂബകർ മുസ്ലിയാരും മർഹൂം നൂറുൽ ഉലമാ എം.എ അബ്ദുൽ ഖാദിർ മുസ്ലിയാരുമാണ് ഇതിന് അവതാരിക എഴുതിയിട്ടുള്ളത്. 496 പേജുകളിലായാണ് ഗ്രന്ഥകാരൻ തിരുനബി ജീവിതം വിവരിച്ചിട്ടുള്ളത്. ഇരുപത്തിയഞ്ച് അധ്യായങ്ങളിൽ 296 ഉപശീർഷകങ്ങളായാണ് ഗ്രന്ഥം വിന്യസിച്ചിരിക്കുന്നത്. ഈ അഞ്ഞൂറോളം പേജുകൾ മറിഞ്ഞു തീരുമ്പോൾ ഏത് അക്കാദമികന്റെയും സൂക്ഷ്മസംവേദനികളെ അത് തൃപ്തിപ്പെടുത്തുമെന്നതിൽ ശങ്കിക്കേണ്ടതില്ല. ജീവചരിത്ര വിവരണ ഗ്രന്ഥങ്ങളായ ഖിലാഫതുർ റാശിദ, ഖിലാഫതുൽ ഉമവിയ്യ , താരീഖുൽ ആലമിൽ ഇസ്ലാമിയ്യ എന്നീ ഗ്രന്ഥരചനകൾക്കു ശേഷമാണ് ഗ്രന്ഥകർത്താവ് മുർസലീങ്ങളുടെ ചരിതങ്ങൾ അടയാളപ്പെടുത്തി ബറകത്തെടുക്കാൻ ആശിച്ച് നബിചരിത്രങ്ങൾ രചിക്കുന്നത്. അങ്ങനെ ഈ സംശുദ്ധ പരമ്പരയിലെ ആദ്യ കണ്ണിയായ ആദം നബി (അ) യുടെ ജീവചരിത്രം തയ്യാറാക്കി. അതോടെ "അബുൽ ബശർ" പിറവിയെടുത്തു. തദനന്തരം തൂലികയുടെ കടിഞ്ഞാൺ പരമ്പരയുടെ അവസാന കണ്ണിയിലേക്ക് തിരിച്ചു. അങ്ങനെയാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ)യുടെ ജീവചരിത്ര രചനയിലേർപ്പെട്ടത്. ഹി 1422 റബീഉൽ അവ്വൽ 12 ( 2001 ജൂൺ 5 ) നാണ് ഗ്രന്ഥപൂർത്തീകരണം നടന്നത്. അതിനുശേഷം ഇരു ഹറമുകളിലും വിശിഷ്യാ തിരുസവിധത്തിൽ ചെന്ന് വായന നടത്തി ബറകത്തെടുക്കുകയും ഹബീബിനുള്ള സമ്മാനമായി സമർപ്പിക്കുകയും ചെയ്തു. അനുവാചകരുടെ വർധിത സ്വീകാര്യതയും വിപുല പ്രയോജനവും ഈ ഗ്രന്ഥത്തിനുള്ള അംഗീകാരമായി കണക്കാക്കാം. ദഅവാ കോളേജുകളിൽ പിന്തുടർന്ന് പോരുന്ന ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ സിലബസിൽ തിരുനബി(സ) യുടെ ജീവചരിത്രം പഠിക്കാനുള്ള പാഠ്യഗ്രന്ഥം കൂടിയാണ് സയ്യിദുൽ ബശർ. ഖുലാസതുൽ ഫിഖ്ഹിൽ ഇസ്‌ലാമി, ഖിലാഫതുർ റാശിദ, ഖിലാഫതുൽ ഉമവിയ്യ , താരീഖുൽ ആലമിൽ ഇസ്ലാമിയ്യ എന്നീ ഗ്രന്ഥകാരന്റെ മറ്റു കിതാബുകളും സിലബസിൽ പാഠ്യഗ്രന്ഥങ്ങളും തൈസീറുൽ ജലാലൈനി റഫറൻസ് ഗ്രന്ഥവുമാണെന്നത് വിസ്മരിക്കാവതല്ല. സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടി ചരിത്രം നിര്‍മ്മിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ചരിത്രാവബോധം വളരെ നിര്‍ണ്ണായകമാണ്. അവതരണത്തിന്റെ കൃത്യതയും പ്രതിപാദനഭംഗിയും ഗ്രന്ഥത്തെ ഏറെ വായനാക്ഷമമാക്കുന്നുണ്ടെന്നതിനാൽ പ്രാരംഭ പഠിതാക്കൾക്കും പഠനാർഹമായ പുസ്തകങ്ങൾ തയ്യാറാക്കുന്ന രചയിതാക്കൾക്കും തിരുനബിജീവിതം വിവരിക്കുന്ന പ്രഭാഷകർക്കും ഇതൊരു പ്രിഫർ ചെയ്യപ്പെടേണ്ട അത്യുചിതമായൊരു റഫറൻസ് ഗ്രന്ഥമാണെന്ന് പറയാം.
പഠനവിഭാഗത്തിൽ ഉസ്താദിന് ഇരുപതോളം ഗ്രന്ഥങ്ങളുണ്ട്. കളി വിനോദങ്ങളിലെ നെല്ലും പതിരും വേർതിരിക്കുന്ന ഉത്തമ കൃതിയാണ് "കളിയും വിനോദവും". പൂച്ചശാസ്ത്രം വിശദീകരിക്കുന്ന മാർജാരശാസ്ത്രമെന്ന ലഘുകൃതിയും ആധികാരികമാണ്. ആരോഗ്യത്തിനും മന:ശാന്തിക്കും യോഗയും ധ്യാനവും എത്രത്തോളം പ്രായോഗികമാവുന്നു എന്ന് അന്വേഷിക്കുന്ന കൊച്ചു കൃതിയാണ് യോഗ, ധ്യാനം ഇസ്‌ലാം. സപ്തങ്ങളുടെ വിസ്മയ പറുദീസയാണ് ബുസ്താനുസ്സബ്അ എന്ന ഗ്രന്ഥം . സഫീനത്തുസ്സഹ്റാഅ, ഖിസസും ലാ തുഖസ്സു , മഅൽ കുതുബ് , നുബദും മിൻ സുബദിൽ ഖുർആൻ , സകാഫത്തുർ റഈസ് , കിതാബുൻ ഉജാബ് എന്നിവയാണ് മറ്റു പഠനാർഹമായ അറബീഗ്രന്ഥങ്ങൾ. ഉറക്കവും സ്വപ്നവും , അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ , കാത്തിരുന്ന പ്രവാചകൻ, ഇൻഷൂറൻസും ഷെയർ ബിസിനസ്സും , പള്ളികൾ ഭൗമികപ്പറുദീസകൾ എന്നിവ മലയാളവും. വൈവിധ്യവും പ്രസ്ക്തവും ചിന്തോദ്ദീപവും കാലികവുമായ വിഷയങ്ങൾ പാത്രീഭവിക്കുന്ന ലേഖനസമാഹാരങ്ങൾ മികവുറ്റതാണ്. ചിന്താ കിരണങ്ങൾ, വിചാരവീചികൾ , നീതിയുടെ നിസ്തുല നിദർശനങ്ങൾ , തൂലികാ തരംഗങ്ങൾ , ദീപ്ത ലിഖിതങ്ങൾ , പഠന സരണി എന്നിവയാണവ. ഡി.എം.ഐ.സിക്കു കീഴിൽ നടത്തപ്പെടുന്ന ദൗറത്തുൽ ആരിഫ: യിലേക്കുള്ള കിതാബുകളും ഉസ്താദ് തയ്യാറാക്കിയതാണ്. തൻവീറുൽ ഈമാൻ (3 ഭാഗം) , അഖാഇദുൽ ഇസ്‌ലാം (2 ഭാഗം) , തൽഖീസു താരീഖിൽ ഇസ്‌ലാമി (5 ഭാഗം) , ബിദായത്തുന്നഹ് വി അസ്സ്വർഫ് ( 2 ഭാഗം) , അൽ മർഅതു ഫീ ളിലാലിൽ ഇസ്ലാം എന്നിവയാണ് ആരിഫ: കോഴ്സിലേക്ക് തയ്യാർ ചെയ്ത പാഠ്യ ഗ്രന്ഥങ്ങൾ. സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരിച്ച തസ്കിയത്തുൽ വിൽ ദാനും മആലിമുത്തുല്ലാബും ഉസ്താദ് മദ്രസാ പാഠപുസ്തകമായി തയ്യാർ ചെയ്തതാണ്. ഉസ്താദിൻ്റെ തന്നെ ഗ്രന്ഥങ്ങളായ അൽ മർഅ:ക്കും താരീഖുൽ ആലമിനുമുള്ള നിഘണ്ടുകളാണ് യഥാക്രമം മുഅജമുൽ മർഅയും മുഅജമു താരീഖിൽ ആലമിൽ ഇസ്ലാമിയും.
ഉസ്താദിന്റെ ഗ്രന്ഥാവലിയിൽ ഏറ്റം ബൃഹത്തായതും കൂടുതൽ സമയവും പ്രയത്നവും ത്യാഗവും ചെയ്ത് രചിച്ച ഗ്രന്ഥമാണ് തൈസീറിൻ്റെ 31 വാള്യങ്ങൾ. ഖുർആനിക വ്യാഖ്യാനമായി 14200 പേജുകൾ ആധികാരികത ചോദ്യം ചെയ്യപ്പെടാത്ത രീതിയിൽ കൃത്യവും വ്യക്തവും സ്പഷ്ടവുമായി കോർത്തിണക്കുന്നതിൻ്റെ ആയാസം വിവരിക്കാൻ എൻ്റെ തൂലിക അശക്തമാണ്. തൈസീറിനു വേണ്ടിയുള്ള അവിശ്രമ പരിശ്രമങ്ങൾക്കിടയിൽ നെടുവീർപ്പിട്ട് ഉസ്താദ് പറയാറുണ്ടായിരുന്നു : "നമ്മുടെ കഷ്ടപ്പാടോടെ സർവ്വ മുതഅല്ലിമുകളുടെയും മുദർരിസുമാരുടെയും മറ്റു അനുവാചകരുടെയും കഷ്ടപ്പാടുകൾ തീരണം". അക്ഷരാർത്ഥത്തിൽ അതു സംഭവിച്ചു കഴിഞ്ഞു !! ഏവർക്കും ഏറെ പരതാതെ ആവശ്യമായ എല്ലാ ശർഹുകളും തൈസീറിൻ്റെ ഇരു ചട്ടകൾക്കുള്ളിൽ ലഭ്യമാണ്. മുപ്പതോളം സുപ്രധാന ഗ്രന്ഥങ്ങൾ നേരിട്ട് അവലംബിച്ച് രചിച്ച തൈസീറിൽ അവതരണ പശ്ചാതലവും ഓരോന്നിൻ്റെയും പ്രാധാന്യവും വിശദീകരിക്കുന്നതോടൊപ്പം സാന്ദർഭികമായി വരുന്ന പ്രത്യേക വിഷയങ്ങൾ ചർച്ച ചെയ്യുകയും കഥാസ്പർശിയായ ആയത്തുകളുടെ അവസാനം സൂചിക കഥകളുടെ സംക്ഷേപങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. എല്ലാം ആധികാരിക റഫറൻസോടു കൂടെയാണെന്നത് തൈസീറിന് മാറ്റുകൂട്ടുന്നു. ആയത്തുകളുടെ സിയാഖും സബബുന്നുസൂലും അലാ ഹാമിശിൽ ആയ:യും അത്തഫ്‌സീറുമൊക്കെ തൈസീറുൽ ജലാലൈനിയുടെ സവിശേഷതകളാണ്. സന്ദർഭോചിതമായി കൃത്യതയോടെയും വ്യക്തതയോടെയും ആധികാരികതയോടെയും അവതരിപ്പിക്കുന്ന മബ്ഹസുകൾ തൈസീറിനെ ഉത്തമ റഫറൻസ് ഗ്രന്ഥമാക്കുന്നുണ്ട്. പ്രപഞ്ചോൽപ്പത്തി , മനുഷ്യാൽപ്പത്തി , സിഹ്റ് സംബന്ധമായ ചർച്ചകൾ, നസ്ഖ്, ഖിബ്ല മാറ്റം, മുത്വലാഖ്, ഇസ്രായേല്യരുടെ ഉൽഭവവും ചരിത്രവും , ത്രിയേകത്വം , കുരിശുമരണ ഖണ്ഡനം , മീസാൻ സംശയങ്ങളും മറുപടികളും, പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ രഹസ്യങ്ങൾ , ബഹുഭാര്യത്വയുക്തി, ഭൂമിയുടെ ഗോളാകൃതിയും ചലനവും തുടങ്ങി നൂറിലധികം വിഷയങ്ങളുടെ ആധികാരിക ചർച്ച തൈസീറിൽ പ്രത്യേകം തലക്കെട്ടുകൾക്ക് കീഴിൽ കൊടുത്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പണ്ഡിതന്മാർ വിവിധ വാള്യങ്ങൾക്ക് അവതാരികൾ എഴുതിയിട്ടുണ്ട്.
ആരോഗ്യപ്രശ്നങ്ങള്‍ വളരെനേരത്തെ തന്നെ ഉസ്താദിൻ്റെ കൂടപ്പിറപ്പായെങ്കിലും സഹനത്തിൻ്റെയും തവക്കുലിൻ്റെയും പ്രാർത്ഥനയുടെയും ബലത്തിൽ ഏറെ കാതം താണ്ടാൻ കഴിഞ്ഞു. രോഗപീഡകളും വാർധക്യക്രമക്കേടുകളും നൈരന്തര്യം കുത്തിനോവിച്ച് രംഗം തീക്ഷ്ണമാക്കുമ്പോൾ എഴുത്തും വായനയും വേദനസംഹാരികളുടെ വേഷമിടാറുണ്ട്. ഓരോ തൈസീർ കഴിയുമ്പോഴും അടുത്തതിലേക്കുള്ള പ്രതീക്ഷാപൂർവ്വമുള്ള തയ്യാറെടുപ്പ് ഏവർക്കും പ്രചോദനാത്മകമാണ്. മുപ്പതോളം അവലംബനീയ ഗ്രന്ഥങ്ങളിൽ നിന്ന് ആവശ്യമുള്ള നിർണ്ണിത ഭാഗങ്ങൾ ഫോട്ടോസ്റ്റാറ്റ് എടുക്കുകയും കുതുബ് ഖാനയിൽ നിന്നെടുക്കേണ്ടവ ലിസ്റ്റ് തയ്യാറാക്കി എടുപ്പിക്കുന്നതും വീട്ടിലെ അലമാരയിൽ നിന്നെടുക്കേണ്ടവ ആളെ വിട്ട് വരുത്തിക്കുന്നതും സജ്ജീകരണത്തിന്റെ വിവിധ ഭാവഭേദങ്ങളാണ്. രചനാപൂർത്തീകരണം കഴിഞ്ഞാലുള്ള മധുര വിതരണവും ദുആ മജ്ലിസും അനുകരണാത്മകമാണ്. രചനാത്മകതയെയും ചിന്തകളെയും മുറിച്ചു കളയും വിധം സർജറികളും കീമോ കളും താണ്ഡവമാടിയപ്പോഴും ശയ്യാവലംബിയാകേണ്ട ഉസ്താദ് അക്ഷരങ്ങളോട് രാജിയായില്ല. കഴിയും വിധം മുത്വാലഅ ചെയ്തും കിടന്ന് വായിച്ച് കേട്ടെഴുതിച്ചും കർമ്മനിരതനായി. അങ്ങനെയാണ് ശർഹു മൻളൂമത്തി ഇബ്നിൽ ഇമാദ് എന്ന ഗ്രന്ഥം പിറന്നത്. ഉസ്താദിന്റെ റൂമിലെ കണ്ണായ സ്ഥലത്ത് പ്രദർശിപ്പിക്കപ്പെട്ട "കുറച്ച് മാത്രം സംസാരിക്കുക ; സമയം വിലപ്പെട്ടത് നിങ്ങളുടെതും നമ്മുടെതും" എന്ന മൂർച്ചയേറിയ വാക്കുകൾ കാരണം ഉസ്താദിന് ധാരാളം സമയം ബോണസായി ലഭിച്ചിട്ടുണ്ടായിരിക്കണം. അക്ഷരങ്ങളോട് മതിമറന്ന് സല്ലപിച്ചിരുന്ന വല്ലഭനെയോർത്ത് അർധരാത്രി പിന്നിട്ടിട്ടും അണയ്ക്കപ്പെടാത്ത വെളിച്ചത്തിനും ഇസ്ലാമിൻ്റെ മിടുപ്പുകൾക്ക് ഇന്ധനം പകർന്നതിൽ അഭിമാനിക്കാം. രചനാചിന്തകളിലലിഞ്ഞു ചേർന്നതു നിമിത്തം ഫ്ലാസ്ക്കിൽ നിന്നൊഴിച്ച കഠിന ചൂടുള്ള ചായക്കപ്പുകൾ ഉപയോഗശൂന്യമായി തണുത്തുറഞ്ഞ എത്രയെത്ര ദിനരാത്രങ്ങൾ. മനസ്സിലങ്കുരിക്കുന്ന ചിന്താശകലങ്ങൾ പകർത്താനുള്ള വ്യഗ്രതയിൽ ഭക്ഷണം കഴിക്കാൻ മറന്നുപോയയെന്നതും അതിശയോക്തി പറയുന്നതല്ല. എല്ലാം നേർസാക്ഷ്യങ്ങളാണ്.
ഉസ്താദിൻ്റെ അധ്യാപനവൃത്തിയും എഴുത്തും തുടർന്നുകൊണ്ടിരിക്കുന്നു. ദാറുൽ മആരിഫ് ഇസ്ലാമിക് സെൻ്ററിൻ്റെ ജനറൽ സെക്രട്ടറിയുമാണ് ഉസ്‌താദ്. ദാറുൽ മആരിഫ് ഇസ്ലാമിക് സെൻ്ററിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ദാറുൽ മആരിഫ് പബ്ലിക്കേഷൻ ട്രസ്റ്റാണ് ഉസ്താദിൻ്റെ എല്ലാം ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുന്നത്. ലോകപ്രശസ്ത തഫ്സീറുൽ ജലാലൈനിക്ക് ഖലമുൽ ഇസ്ലാം കോടമ്പുഴ ബാവ മുസ്ലിയാർ തയ്യാർ ചെയ്ത തൈസീറുൽ ജലാലൈനി എന്ന വിഖ്യാത ഗ്രന്ഥാവലിയുടെ മുപ്പതാം വാള്യത്തിൻ്റെ പ്രകാശനവും 30 വാള്യങ്ങളുടെ സമർപ്പണവും തിരഞ്ഞെടുക്കപ്പെടുന്ന പണ്ഡിതന്മാർക്കുള്ള തൈസീർ ഗ്രന്ഥോപഹാരവും കോടമ്പുഴക്ക് തന്നെ തിലകച്ചാർത്താണ്. പണ്ഡിതന്മാർക്ക് സൗജന്യ ഗ്രന്ഥോപഹാരം നൽകുന്നതിനു സാമ്പത്തിക പിന്തുണ അനിവാര്യമാണ്. ഉസ്താദിൻ്റെ വലിയയത്നത്തിനുള്ള ഒരു പ്രോത്സാഹനമാണ് നമ്മുടെ ഭാഗത്തു നിന്നുള്ള ചെറുതും വലുതുമായ സാമ്പത്തിക സഹായം. ജാരിയായ സ്വദഖയായതിനാൽ നാളെയ്ക്കുള്ള ഒരു നിധിയാകുമെന്നതും തീർച്ച. ഉസ്താദിൻ്റെ എല്ലാ പ്രയത്നവും അല്ലാഹു ഖബൂൽ ചെയ്യട്ടെ. മനസ്സാ-വാചാ-കർമ്മണാ പിന്തുണയർപ്പിക്കുന്നവർക്ക് ഉത്തരോത്തരം അഭിവൃദ്ധി നൽകട്ടെ ..... ആമീൻ
No comments:
Post a Comment