Thursday, 3 July 2025

വിനയാന്വിതൻ

 ഹേയ്, എന്തിനിങ്ങനെ പേടിക്കണം !!



മക്കാവിജയ നാളിൽ വിജയശ്രീലാളിതനായി നിൽക്കുന്ന മുസ്ലിം സൈന്യത്തിൻ്റെ നേതാവായ നബി(സ) യുടെ അടുത്തേക്ക് ഒരാൾ സംസാരിക്കാൻ കടന്നുവന്നു. രാജസന്നിധിയിൽ എത്രമേൽ എളിമയും ഭയവിഹ്വലതയും താഴ്മയും വേണമെന്ന് ഇതര ദര്‍ബാറുകളിൽ നിന്നയാൾ കണ്ടുപഠിച്ചിട്ടുണ്ടായിരിക്കണം. അവ്വിധം അദ്ദേഹം സംസാരം തുടങ്ങുകയും താമസംവിനാ പേടിച്ചുവിറക്കാനും തുടങ്ങി. ഇതുകണ്ട മാത്രയിൽ അനുകമ്പയുടെ , ആർദ്രതയുടെ , വിട്ടുവീഴ്ചയുടെ ആൾരൂപമായ മുഹമ്മദ് നബി (സ) ആ സാധുമനുഷ്യനോടു സ്നേഹമസൃണത്തോടെ പറഞ്ഞു : "ഹേയ്, അടങ്ങൂ.. എന്തിനിങ്ങനെ പേടിച്ചരണ്ടു വിറച്ചു നിൽക്കണം. ഒരു രാജാവൊന്നുമല്ല ഞാൻ. ഉണക്കമാംസം പിച്ചി ഭക്ഷിക്കുന്ന, സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു സ്ത്രീയുടെ മകനാണ് ഞാൻ." 



ജനങ്ങളിലേറ്റവും സൽസ്വഭാവിയായിരുന്നു നബി (സ). എല്ലാ സ്വഭാവവൈശിഷ്ട്യത്തിനുമുടമ. സർവ്വാധികാരവുണ്ടായിട്ടും അണികൾക്കു മേൽ ആധിപത്യമിഷ്ടപ്പെടാതെ, താനൊരു സാധാരണക്കാരനാണെന്നു പറഞ്ഞ് ഭയചകിതനായ ആഗതനെ ആശ്വസിപ്പിക്കുന്ന വാക്കുകൾക്കെന്തു ചന്തം !! രാജകീയതയും സുഖലോലുപതയും തങ്ങൾക്കന്യമാണെന്ന് ദ്യോതിപ്പിക്കുന്ന സാധാരണത്വം തുളുമ്പുന്ന വാചകങ്ങളെത്ര മനോഹരം !! ഇത്രമേൽ വിനയം സ്ഫുരിക്കുന്ന എണ്ണമറ്റ സംഭവങ്ങൾ മറ്റൊരിതിഹാസത്തെക്കുറിച്ചും ചരിത്രത്താളുകളിൽ തുന്നിച്ചേർക്കപ്പെട്ടിട്ടില്ല.

No comments:

Post a Comment

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...