അധ്യാപനത്തിന്റെ മനോഹാരിത
മുആവിയതു ബ്നുൽ ഹകം (റ) ഒരിക്കൽ മുത്ത് നബി (സ്വ) തങ്ങളോടൊപ്പം നിസ്കരിക്കുകയായിരുന്നു. അതിനിടെ മഅ്മൂമിലൊരാൾ തുമ്മി. ഇതു കേട്ടയുടനെ മുആവിയ (റ ) ഉച്ചത്തിൽ യർഹമുകല്ലാഹു എന്നു ചൊല്ലി. പ്രതിവചനം നിസ്കാരത്തിൽ പാടില്ലെന്നത് അദ്ദേഹത്തിനറിയില്ലായിരുന്നു. ഉടനെ ചുറ്റുമുള്ളവർ സഗൗരവം നോക്കാൻ തുടങ്ങി. അവരുടെ പ്രതിഷേധമെന്തിനെന്നറിയാതെ അവരോടായി മുആവിയ (റ) ചോദിച്ചു : ശ്ശെ, എന്തിനാണിങ്ങനെ എന്നെ ദേഷ്യത്തോടെ നോക്കുന്നത്? ഇതു പറയേണ്ട താമസം സ്വഹാബാക്കൾ നിഷേധ ഭാവത്തിൽ അവരുടെ തുടകളിൽ അടിക്കാൻ തുടങ്ങി. അപ്പോഴാണ് അവർ തന്നോട് മിണ്ടാതിരിക്കാനാണ് ആവശ്യപ്പെടുന്നതെന്ന് മുആവിയ (റ) ന് മനസ്സിലായത്. അങ്ങനെ അദ്ദേഹം മൗനം പാലിച്ചു.
നിസ്കാരാനന്തരം നബി (സ്വ) സംസാരിച്ചയാൾ ആരാണെന്ന് അന്വേഷിച്ചു. അത് ഈ അഅ്റാബിയാണെന്ന് മറുപടിയും കിട്ടി. ശേഷം നബി (സ) യിൽ നിന്ന് ഉപദേശനിർദ്ദേശങ്ങൾ ലഭിച്ച മുആവിയ (റ) പറയുന്നത് കാണാം: ഇതിനു മുമ്പോ ശേഷമോ ഇത്രമേൽ മനോഹരമായി കാര്യങ്ങൾ പഠിപ്പിച്ചു തരുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. എത്ര മനോഹരമായിട്ടാണ് മുത്ത് നബി (സ) കാര്യഗൗരവം മനസ്സിലാക്കി തന്നത്. നബി (സ) എന്നെ അടിക്കുകയോ ആട്ടിയോടിക്കുകയോ ശകാരിക്കുകയോ ചെയ്തില്ല. ഏറ്റവും സ്വീകാര്യയോഗ്യവും സുതരാം വ്യക്തവുമായ രീതിയിൽ വിഷയം തെര്യപ്പെടുത്തി. നിസ്കാരത്തിൽ ജനങ്ങളോടുള്ള സംസാരം വിലക്കപ്പെട്ടതാണെന്നും തസ്ബീഹും തക്ബീറും ഖുർആൻ പാരായണവുമാണ് നിസ്കാരത്തിൽ ഉൾചേർന്നതെന്നും പറഞ്ഞുതന്നു. എന്തൊരു മനോഹാരിത നിറഞ്ഞ അധ്യാപനരീതി !!
No comments:
Post a Comment