സീറത്തു സയ്യിദിൽ ബശർ : നബിചരിതങ്ങള്‍ക്ക് കേരളീയ പണ്ഡിതന്റെ നിറച്ചാർത്ത് .
ഒരു മുസ്ലിമിനെ സംബന്ധിച്ച് പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവിതം ഒരിക്കലും വെറുമൊരു വ്യക്തിജീവിതമോ നിരൂപണാത്മകമായ വിവരണമോ അല്ല. മറിച്ച് അവന്‍ പിന്തുടരുന്ന ജീവിതരീതിയുടെയും അനുഷ്ഠിക്കുന്ന മതത്തിന്‍റെയും സമ്പൂര്‍ണ മാതൃകയാണത്. തിരുനബി ജീവിതത്തെ അന്വേഷിക്കുന്ന അസംഖ്യം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇനിയും ധാരാളം രചിക്കപ്പെടുകയും ചെയ്യും. എത്ര കോരിയെടുത്താലും കുറവുവരാത്ത ഉറവുവറ്റാത്ത ചരിത്ര സാഗരമാണ് പ്രവാചക ജീവിതം. എന്നാൽ എല്ലാ രചനകളുടെയും പ്രയാണം ഏക ദിശയിലേക്കല്ല. ചരിത്രരചനയുടെ മൗലിക ലക്ഷ്യങ്ങൾ ഫലപ്രദമായി സാക്ഷാത്കരിക്കുന്നതിലാണ് ഒരു കൃതിയുടെ വിജയം നിലകൊള്ളുന്നത്.
കേരളീയ സാഹചര്യത്തിൽ പഠിതാക്കൾ കൂടുതൽ ആശ്രയിക്കുന്ന, തിരുനബി(സ)യുടെ ബയോഗ്രഫി അക്ഷരാർത്ഥത്തിൽ വിവരിക്കുന്ന അറബീ ഗ്രന്ഥമാണ് സീറത്തു സയ്യിദിൽ ബശർ (സ). ഇതിലൂടെ ഗ്രന്ഥകാരൻ ഒരു മനുഷ്യന്‍റെ ഹൃദയഹാരിയും മാതൃകാപരവുമായ ജീവിതം കൂട്ടിച്ചേര്‍ക്കലുകളോ അലങ്കാരങ്ങളോ ഇല്ലാതെ വരച്ചിടുക മാത്രമാണ് ചെയ്യുന്നത്. കാരണം, പ്രകൃതിയുടെ സൗന്ദര്യത്തിന് ബാഹ്യവര്‍ണകനകളുടെ മേമ്പൊടികളോ കൂട്ടിച്ചേര്‍ക്കലുകളോ ആവശ്യമില്ലല്ലോ !!. സുഗന്ധപൂരിതമായ തിരുജീവിതത്തെ വളരെ കാലികമായും സമഗ്രമായും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സ്നേഹസമ്മാനമാണിത്.
സീറത്തു സയ്യിദിൽ ബശർ (സ) , കേരളക്കരയിലെ പണ്ഡിതന്മാർക്കും മുതഅല്ലിമുകൾക്കും പരിചയപ്പെടുത്തേണ്ടതില്ലാത്ത വിധം പ്രസിദ്ധിയാർജിച്ചതും വളരെ മനോഹരമായി തിരുനബി (സ) യെ അടയാളപ്പെടുത്തുന്നതുമായ അനുഗൃഹീത അറബീരചന. കേരള പണ്ഡിത സഭയിലെ അതികായനും രചനാ സാമ്രാജ്യത്തിലെ സാമ്രാട്ടും ഇസ്ലാമെഴുത്തുകളിൽ മഹാവിസ്മയം തീർത്ത് "ഇസ്ലാമിന്റെ തൂലിക(ഖലമുൽ ഇസ്ലാം)" എന്ന് ആദരവാഭിധാനത്തിന് അർഹനുമായ ഖലമുൽ ഇസ്ലാം അശ്ശൈഖ് അബ്ദുറഹ്മാൻ ബാവ ബ്നു മുഹമ്മദ് (കോടമ്പുഴ ബാവ മുസ്ലിയാർ ) എന്നവരാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ കർത്താവ്. ഇതിനകം മലയാളത്തിലും അറബിയിലുമായി നൂറ്റിമുപ്പതോളം ഗ്രന്ഥങ്ങൾക്ക് ആ തൂലിക നിറം പകർന്നിട്ടുണ്ട്. തഫ്സീർ , ഹദീസ്, ഫിഖ്‌ഹ് , തസവ്വുഫ്, വിശ്വാസ ശാസ്ത്രം, ചരിത്രം, സാഹിത്യം, പഠനം, ലേഖന സമാഹാരം എന്നിങ്ങനെ വിവിധ ഫന്നുകളിലായാണ് രചന നടത്തിയിട്ടുള്ളത്. വായനക്കാരെ ഏറെ ആകർഷിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ മികച്ച അറബീ ഗ്രന്ഥം ‘സയ്യിദുൽ ബശർ’ ആണ് . എന്നാൽ ഏറ്റവും പ്രചാരം ലഭിച്ച അറബീ ഗ്രന്ഥം ‘ഖുലാസതുൽ ഫിഖ്ഹിൽ ഇസ്‌ലാമി’യുമാണ്.
സയ്യിദുൽ ബശറിന്റെ എട്ടാം പതിപ്പാണ് നിലവിൽ വിപണിയിലുള്ളത്. 2001 ൽ ദാറുൽ മആരിഫ് പബ്ലിക്കേഷനാണ് പ്രഥമ പ്രസാധനം നടത്തിയത്. തുടർന്ന് 2007 , 2008, 2010, 2012, 2015, 2018, 2022 എന്നീ വർഷങ്ങളിലും പുനർപ്രസാധനം നടന്നു. 2010 ൽ കൈറോവിലെ വിശ്രുത ഗ്രന്ഥാലയമായ ദാറുൽ ബസാഇർ ആണ് പുനർപ്രസാധനം നിർവ്വഹിച്ചത്. ഇന്ത്യൻ ഗ്രാന്റ് മുഫ്തി സുൽത്വാനുൽ ഉലമാ കാന്തപുരം എ.പി. അബൂബകർ മുസ്ലിയാരും മർഹൂം നൂറുൽ ഉലമാ എം.എ അബ്ദുൽ ഖാദിർ മുസ്ലിയാരുമാണ് ഇതിന് അവതാരിക എഴുതിയിട്ടുള്ളത്. 496 പേജുകളിലായാണ് ഗ്രന്ഥകാരൻ തിരുനബി ജീവിതം വിവരിച്ചിട്ടുള്ളത്. ഇരുപത്തിയഞ്ച് അധ്യായങ്ങളിൽ 296 ഉപശീർഷകങ്ങളായാണ് ഗ്രന്ഥം വിന്യസിച്ചിരിക്കുന്നത്. ഈ അഞ്ഞൂറോളം പേജുകൾ മറിഞ്ഞു തീരുമ്പോൾ ഏത് അക്കാദമികന്റെയും സൂക്ഷ്മസംവേദനികളെ അത് തൃപ്തിപ്പെടുത്തുമെന്നതിൽ ശങ്കിക്കേണ്ടതില്ല. ജീവചരിത്ര വിവരണ ഗ്രന്ഥങ്ങളായ ഖിലാഫതുർ റാശിദ, ഖിലാഫതുൽ ഉമവിയ്യ , താരീഖുൽ ആലമിൽ ഇസ്ലാമിയ്യ എന്നീ ഗ്രന്ഥരചനകൾക്കു ശേഷമാണ് ഗ്രന്ഥകർത്താവ് മുർസലീങ്ങളുടെ ചരിതങ്ങൾ അടയാളപ്പെടുത്തി ബറകത്തെടുക്കാൻ ആശിച്ച് നബിചരിത്രങ്ങൾ രചിക്കുന്നത്. അങ്ങനെ ഈ സംശുദ്ധ പരമ്പരയിലെ ആദ്യ കണ്ണിയായ ആദം നബി (അ) യുടെ ജീവചരിത്രം തയ്യാറാക്കി. അതോടെ "അബുൽ ബശർ" പിറവിയെടുത്തു. തദനന്തരം തൂലികയുടെ കടിഞ്ഞാൺ പരമ്പരയുടെ അവസാന കണ്ണിയിലേക്ക് തിരിച്ചു. അങ്ങനെ അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ)യുടെ ജീവചരിത്ര രചനയിലേർപ്പെട്ടു.
ഹി 1422 റബീഉൽ അവ്വൽ 12 ( 2001 ജൂൺ 5 ) നാണ് ഗ്രന്ഥപൂർത്തീകരണം നടന്നത്. അതിനുശേഷം ഇരു ഹറമുകളിലും വിശിഷ്യാ തിരുസവിധത്തിൽ ചെന്ന് വായന നടത്തി ബറകത്തെടുക്കുകയും ഹബീബിനുള്ള സമ്മാനമായി സമർപ്പിക്കുകയും ചെയ്തു. അനുവാചകരുടെ വർധിത സ്വീകാര്യതയും വിപുല പ്രയോജനവും ഈ ഗ്രന്ഥത്തിനുള്ള അംഗീകാരമായി കണക്കാക്കാം. ദഅവാ കോളേജുകളിൽ പിന്തുടർന്ന് പോരുന്ന ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ സിലബസിൽ തിരുനബി(സ) യുടെ ജീവചരിത്രം പഠിക്കാനുള്ള പാഠ്യഗ്രന്ഥം കൂടിയാണ് സയ്യിദുൽ ബശർ. ഖുലാസതുൽ ഫിഖ്ഹിൽ ഇസ്‌ലാമി, ഖിലാഫതുർ റാശിദ, ഖിലാഫതുൽ ഉമവിയ്യ , താരീഖുൽ ആലമിൽ ഇസ്ലാമിയ്യ എന്നീ ഗ്രന്ഥകാരന്റെ മറ്റു കിതാബുകളും സിലബസിൽ പാഠ്യഗ്രന്ഥങ്ങളും തൈസീറുൽ ജലാലൈനി റഫറൻസ് ഗ്രന്ഥവുമാണെന്നത് എടുത്തു പറയേണ്ടത് തന്നെ.
തിരുനബി(സ) പ്രമേയമായുള്ള കൃതികൾ വിഭിന്ന ഭാഷകളിലായി രചനാലോകത്ത് സുലഭമായി പരിലസിക്കുന്നുണ്ട്. അതിൽ സിംഹഭാഗവും മുസ്ലിം പണ്ഡിതരുടേതാണ്. എന്നാൽ അവയിൽ ഗവേഷകരും ചരിത്രകാരന്മാരുമായ ഇതര മതസ്ഥരുടേതുമുണ്ട്. വാസ്തവത്തിൽ നബിചരിതം മുസ്ലിമേതര രചനകളെ അനവലംബമാം വിധം സമ്പന്നമാണ്. അതേസമയം ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെ അമുസ്ലിം രചനകളിലുള്ള വായടപ്പൻ മറുപടികൾ അവഗണിച്ചു കൂടാ. തിരുജീവിതം വിവരിക്കുന്ന അമൂല്യമായ നിരവധി ഗ്രന്ഥങ്ങൾ രചിച്ച് മുസ്ലിം പണ്ഡിതന്മാർ പുരാതനകാലം മുതൽ ആധുനികകാലം വരെ ചരിത്രത്തെ പുഷ്ക്കലമാക്കിയിട്ടുണ്ട്. രചനകളിൽ ബൃഹത്തായതും അതിബൃഹത്തായതും ഹ്രസ്വമായതും അതിഹ്രസ്വമായതും ഉൾകൊള്ളുന്നുണ്ട്.
എന്നാൽ തിരുനബി (സ) യെ പരിചയപ്പെടുത്തുന്ന മുൻഗാമികളുടെ കൃതികൾ നിരൂപകരായ ഗവേഷകർക്കനുസൃതമായി ഹദീസുകൾ ചർവ്വിത ചർവ്വണം നടത്തുന്നതും ഭിന്നാഭിപ്രായങ്ങൾ സവിസ്തരം പ്രതിപാദിക്കുന്നതും നിവേദകരുടെ ബലാബലം നിർണ്ണയിക്കുന്നതുമാണ്. ദ്രുതവായനയോ സംഗ്രഹാവലോകനമോ ഉദ്ദേശിക്കുന്നവൻ ഇവയെ ആശ്രയിക്കാത്തതു പോലെ ഇതൊരിക്കലും തന്നെ പ്രാഥമിക വിദ്യാർത്ഥികൾക്കും യോജിച്ചതല്ല. ആധുനിക ഗ്രന്ഥങ്ങളാകട്ടെ അവയിൽ ചിലത് യൂറോപ്യരുടെയും ഓറിയന്റലിസ്റ്റുകളുടെയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സവിശദം പ്രതിപാദിച്ച് അവയ്ക്ക് ഉരുളയ്ക്കുപ്പേരി നൽകുന്നതിലാണ് ശ്രദ്ധ പതിച്ചിട്ടുള്ളത്. ഇസ്‌ലാമിനും പ്രവാചകനുമെതിരെ ക്രൈസ്തക പാതിരിമാർ പ്രചരിപ്പിക്കുന്ന വികലചിത്രം പാശ്ചാത്യൻ ബുദ്ധിജീവികളിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. നബിചരിത്രത്തെ വികലമായാണ് പാശ്ചാത്യർ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ഓറിയന്റലിസ്റ്റുകളുടെ ഗ്രന്ഥങ്ങൾ ചികഞ്ഞാൽ അവർ എത്രകണ്ട് ഈ പ്രോപഗണ്ടക്ക് വശംവദരായിരിക്കുന്നുവെന്ന് സുതരാം വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. മറ്റു ചില ഗ്രന്ഥങ്ങൾ നബി(സ) യുടെ ശുഭ്രമായ ചര്യയെ ഇതര ചര്യകളുമായി താരതമ്യം ചെയ്ത് തിരുജീവിതത്തിന്റെ പരിപൂർണ്ണതയും രമ്യതയും തിട്ടപ്പെടുത്തുകയാണുണ്ടായത്. ഇതെല്ലാം പ്രശംസനീയ യത്നങ്ങളാണെന്നതിൽ സന്ദേഹിക്കേണ്ടതില്ല. പക്ഷേ ദീർഘചർച്ചകൾക്ക് ഇടം നൽകാതെ പ്രവാചക ജീവിതത്തിന്റെ കാതൽ മാത്രം അന്വേഷിക്കുന്നവന് . ഇതൊന്നും തന്നെ സ്വീകാര്യമായിക്കൊള്ളണമെന്നില്ല.
അതിലുപരിയായി ഒരുപാട് ആധുനിക എഴുത്തുകാർ അവർക്കന്യമായ സുവിദിതകാര്യങ്ങൾ തിരസ്ക്കരിച്ച് നബിചരിതം അവരുടെ അഭിപ്രായ മൂശയിലിട്ട് രൂപപ്പെടുത്തിയിട്ടുണ്ട്. പഠിതാക്കൾ ആശ്രയിച്ചിരുന്ന പല നബിചരിത്ര ഗ്രന്ഥങ്ങളും ബിദ്അത്തുകാരായ പണ്ഡിതന്മാരുടെതോ മോഡേണിസ്റ്റുകളുടെതോ ആയിരുന്നു. മാത്രമല്ല അവയിലെ പല പരാമർശങ്ങളും നമ്മുടെ സുന്നീ വിശ്വാസത്തോട് പൊരുത്തപ്പെടാത്തതും ഫിഖ്ഹീ വീക്ഷണങ്ങളോട് ഇണങ്ങാത്തതുമായിരുന്നു. ഈ സാഹചര്യത്തിലാണ് ശാഫിഈ മദ്ഹബുകാരനായ ഒരു സുന്നീ പഠിതാവിന് പ്രാഥമിക പ്രവാചക ചരിത്ര പഠനത്തിന് വളരെ സഹായകമാകുന്ന തരത്തിൽ ഗ്രന്ഥകാരൻ ‘സീറത്തു സയ്യിദിൽ ബശർ’ രചിക്കുന്നത്. നബിചരിത്ര സത്തയെ സത്യാസത്യമിശ്രിതവും വിഷയവ്യതിചലനവും അതിവൈപുല്യവും കൂടാതെയും താന്തോന്നിത്തത്തിലേക്ക് വഴിതെറ്റാതെയും നേരിന്റെ മൂശയിലിട്ട് വാർത്തെടുത്തതാണത്. പ്രാരംഭ വായനക്കാർക്ക് സഹായകവും അനുവാചക ഉൾവിളികൾക്കുള്ള പ്രത്യുത്തരവുമാണതെന്നത് സുനിശ്ചിതം. മറ്റു ചില ഈടുറ്റ ആധുനിക കൃതികളും ഉരുവം കൊണ്ടെന്നത് വിസ്മരിക്കാവതല്ല. ഈ ഗണത്തിലേക്കുള്ള ഒരു വിലയേറിയ ഈടുവെയ്പ്പാണ് ഗ്രന്ഥകാരന്റെ ഈ കനത്ത സേവനം.
ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കപ്പെട്ട വിശദാംശങ്ങളും ചർച്ചകളും ആധികാരിക ഉറവിടങ്ങളിൽ നിന്ന് പൊറുക്കിയെടുക്കാൻ ഗ്രന്ഥകാരൻ ഭഗീരഥയത്നം നടത്തിയുണ്ട്. ശുദ്ധവും ലളിതവും വിശ്വാസയോഗ്യവും സംക്ഷിപ്തവുമായ രചനയിലേക്കേ അനുവാചകരുടെ പ്രവാഹം ഉണ്ടാകൂ എന്ന യാഥാർത്ഥ്യം മനസ്സിലാക്കി ഗ്രന്ഥകാരൻ ഈ കൃതി അതിസമൃദ്ധമാക്കാതെ സംക്ഷേപിക്കാനും ശ്രദ്ധ പുലർത്തിയിട്ടുണ്ട്. മാത്രമല്ല വായനയും പ്രയോജനവും എളുപ്പകരവും കണ്ണും മനസ്സും ആകർഷിക്കും വിധം വശ്യമായ രീതിയിലുമാണ് ഈ ഗ്രന്ഥരചന നടത്തിയിട്ടുള്ളത്. ഗ്രന്ഥപ്രസാധനം നിർവ്വഹിക്കപ്പെട്ടിട്ടുള്ളത് നവീന പ്രിന്റിംഗ് രീതിയിലാണെന്നതും വായനക്കാർക്ക് ഏറെ ആശ്വാസകരമാണ്. എന്നാൽ തുലോം തുച്ഛം വായനക്കാർക്ക് ഇതിൽ അനുഭവപ്പെട്ടേക്കാവുന്ന അവ്യക്തതയും സങ്കീർണ്ണതയും നിറഞ്ഞ ചില പദങ്ങളുടെയും ആശയങ്ങളുടെയും ദുർഗ്രാഹ്യതയും അർത്ഥശങ്കയുമകറ്റാൻ ഇണക്കവും സുതാര്യതയുമുള്ള അനിവാര്യ ശറഹുകൾ രചയിതാവ് തന്നെ നടത്തിയിട്ടുണ്ട്. വിശ്രുത ചരിത്രകാരന്മാരുടെയും വിശിഷ്ട രചയിതാക്കളുടെയും വിശ്വസനീയവും സ്വീകാര്യയോഗ്യവുമായ സ്രോതസ്സുകളെ അവലംബിച്ച് ഇതിലെ വാക്യങ്ങളെ ലളിതവത്കരിക്കാനും പദങ്ങളെ സംശുദ്ധമാക്കാനും ഗ്രന്ഥകാരൻ നന്നായി ശ്രമിച്ചിട്ടുണ്ട്. വൈഷമ്യങ്ങളെ അപഗ്രഥിക്കുകയും പദങ്ങളെ വിശദീകരിക്കുകയും സംശയങ്ങളെ ദൂരികരിക്കുകയും
അധികവായനയും അഗാധാവഗാഹവും കാംക്ഷിക്കുന്നവർക്ക് അവലംബങ്ങൾ വ്യക്തമാക്കുകയും ചെയ്ത് മാർജിനിൽ ഗ്രന്ഥകാരന്റെ മികച്ച ടിപ്പണിയുമുണ്ട് .
നബി ജീവിതത്തിന്‍റെ സമ്പൂര്‍ണ ചിത്രം വായനക്കാരനു നല്‍കാനും സംഭവങ്ങളുടെ വിശദീകരണങ്ങളും കൃത്യതയും വ്യക്തമാക്കാനും ഗ്രന്ഥകാരൻ അങ്ങേയറ്റം പരിശ്രമിച്ചിട്ടുണ്ട്. ഓറിയന്റലിസ്റ്റുകൾ ആരോപിക്കുന്ന പല പ്രശ്നങ്ങളെയും പ്രമാണബദ്ധമായും ദാര്‍ശനികമായും ഗ്രന്ഥകാരൻ നേരിടുന്നുണ്ട്. ഈ ഗ്രന്ഥം വെളിച്ചം കണ്ടപ്പോൾ തന്നെ സഹൃദയലോകം ഇരുകൈകളും നീട്ടി സാമോദം സ്വീകരിച്ചിട്ടുണ്ട്. പ്രവാചക ജീവിതത്തിലെ സംഭവവികാസങ്ങളുടെ കാലക്രമത്തിലും ചില ഉപവിഷയങ്ങളിലും വ്യാപകമായ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെന്നതു നിമിത്തം ഇത്തരം ഭാഗങ്ങള്‍ അതിസൂക്ഷ്മമായി പഠനവിധേയമാക്കാനും ബഹുതലസ്പര്‍ശിയായി വിഷയം കൈകാര്യം ചെയ്യാനും ഗ്രന്ഥകാരൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇത്തരമിടങ്ങളിലെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ശരിയായി തോന്നിയ ഭാഗങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കുകയും ഭൂരിപക്ഷം എഴുത്തുകാരും തെറ്റായി ഉദ്ധരിക്കുകയോ വായനക്കാര്‍ക്ക് അവ്യക്തത ഉണ്ടാകാന്‍ സാധ്യത ഉള്ളതോ ആയ വിഷയങ്ങളില്‍ മാത്രം തെളിവുകള്‍ നിരത്തി , മറ്റുള്ളവയില്‍ കൂടുതല്‍ തെളിവുകള്‍ പറഞ്ഞ് വിശദീകരണം ദീര്‍ഘിപ്പിക്കാതിരിക്കുകയും ചെയ്തിട്ടുമുണ്ട്. നബിജീവിതം പഠിക്കാന്‍ തുടങ്ങുമ്പോള്‍ നബിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ സ്വീകാര്യതയും ബലഹീനതയുമായി ബന്ധപ്പെട്ട താരതമ്യത്തിലൂടെ എല്ലാ നിലയ്ക്കും സ്വീകാര്യമായത് മാത്രമാണ് ഗ്രന്ഥകാരൻ ഇതിൽ എഴുതിച്ചേര്‍ത്തിട്ടുള്ളത്. ഇവിടെയാണ് സീറത്തു സയ്യിദിൽ ബശർ ആധികാരികതയുടെ പര്യായമാകുന്നത്.
പ്രതിപാദ്യ വിഷയങ്ങൾ ഹിജ്റ വർഷങ്ങളുടെ അടിസ്ഥാനത്തിൽ ക്രമാനുഗതമായി സംവിധാനിച്ചത് വായനക്കാരന് ഏറെ ഗുണകരമാണ്. ഇന്ന വർഷത്തിൽ എന്തൊക്കെ സുപ്രധാന സംഭവവികാസങ്ങളാണ് അവിടുത്തെ ജീവിതത്തിൽ നടന്നതെന്ന് അറിയാനും അല്ലെങ്കിൽ ഇന്ന വർഷത്തിൽ നടന്ന പ്രത്യേക സംഭവത്തിന്റെ വിശദാംശങ്ങൾ ആധികാരികമായി തേടാനും ഈ കാലക്രമ രീതി ഏറെ സഹായകമാണ്. നബിമാരുടെ പിതാവ്, അറബികളുടെ പിതാവ്, അറേബ്യൻ സമൂഹം , അറേബ്യൻ ദ്വീപ് എന്നീ ആമുഖ വിഷയങ്ങൾ യഥോചിതം പരാമർശിച്ച് അവിടുത്തെ മഹിതമായ വംശപരമ്പരയും വിശുദ്ധ നാടും വിശദീകരിച്ചാണ് ഗ്രന്ഥം തുടങ്ങുന്നത്. ജനനവും ബാല്യവും, നിയോഗത്തിന് മുമ്പുള്ള ചരിത്രം, നിയോഗവും പ്രബോധനവും, പ്രബോധന വീഥിയിലെ വിഘ്നങ്ങൾ, ത്വാഇഫിലേക്കുള്ള പലായനവും ദുഃഖവർഷവും, അദൃശ്യലോകത്തെ അതിഥിസത്ക്കാരം, മദീനാ പലായനം , ശേഷം ഓരോ വർഷങ്ങളിലെയും പ്രധാന സംഭവങ്ങൾ ആ വർഷങ്ങൾക്ക് കീഴിലായി ക്രമാനുഗതമായി കൊണ്ടുവന്നിരിക്കുന്നു. ഉള്ളടക്കത്തിലെ മുഖ്യ തലക്കെട്ടുകളെ ഇങ്ങനെ സംഗ്രഹിക്കാം. ഓരോ വർഷങ്ങൾ തുടങ്ങുമ്പോഴും അതിൽ അനാവൃതമാക്കുന്ന വിഷയങ്ങളുടെ അനുക്രമണിക വിവരമടങ്ങുന്ന ചാർട്ടും കാണാവുന്നതാണ്. തിരുനബി(സ)യുടെ അവസാന നിയോഗം, അന്ത്യഭാഷണം, അന്തിമോപദേശം , വഫാത്ത്, തുടർന്നുണ്ടായ സ്വഹാബയുടെ പരിഭ്രമം, പൂമേനിയുടെ സംസ്ക്കരണം എന്നിവ വിവരിച്ചാണ് ഗ്രന്ഥസമാപ്തി കുറിക്കുന്നത്.
തിരുജീവിതത്തിലെ അമാനുഷികവും അതിശയകരവുമായ ചരിത്രപ്രാധാന്യമുള്ള സംഭവങ്ങളായ ഇസ്‌റാഉം മിഅ്‌റാജും ആനന്ദഹേതുക്കൾ വിപുലപ്പെടുത്താനാണെന്ന ജല്പനത്തിനതീതമായി പ്രബോധന മാർഗ്ഗങ്ങൾ തരളിതമാക്കാൻ അവിടുന്ന് നടത്തിയ ദൈവകൽപിതമായ വിവാഹങ്ങളും മര്‍ദനത്തിന്റെയും ചൂഷണത്തിന്റെയും ശക്തികളെ ഉന്മൂലനം ചെയ്ത് സമാധാനം നിലനിർത്താൻ അവിടുന്ന് നടത്തിയ ധർമ്മ സമരങ്ങളും ഗ്രന്ഥകാരൻ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നുണ്ട്. വിഷയങ്ങൾ ആധികാരികമായി ക്രോഡീകരിക്കാൻ ഗ്രന്ഥകാരൻ അറുപതിൽ പരം ഗ്രന്ഥങ്ങൾ പരതി അശ്രാന്തപരിശ്രമം നടത്തിയിട്ടുണ്ട്. പ്രതിപാദിക്കുന്ന ഓരോ വിഷയങ്ങൾക്കും ഉചിതമായ ആധികാരിക സ്രോതസ്സുകൾ കാണിച്ച് ബൃഹത്തായ ഗ്രന്ഥങ്ങളിലേക്കുള്ള ഗ്രന്ഥകാരന്റെ അംഗവിക്ഷേപം അനുവാചകനെ വായനയുടെ വിശാല ലോകത്തേക്ക് കൈപിടിച്ച് നടത്തുന്നുണ്ട്. അബുൽ ഹസൻ അലി നദ്‌വിയുടെ അസ്സീറത്തുന്നബവിയ്യയും മുഹമ്മദ് ഇല്യാസിന്റെ താരീഖുൽ മസ്ജിദുന്നബവിയും
മഹ്മൂദ് ശാക്കിറിന്റെ താരീഖുൽ ഇസ്ലാമിയും ഡോ. അബ്ദു യമാനിയുടെ ഗ്രന്ഥങ്ങളായ ഉമ്മുൽ മുഅ്മിനീൻ ഖദീജ(റ)യും ബദ്റുൽ കുബ്റയെയുമാണ് ഗ്രന്ഥത്തിൽ കൊടുത്ത അമ്പതിൽ പരം ചിത്ര-ഭൂപടങ്ങൾക്ക് ഗ്രന്ഥകാരൻ അവലംബമാക്കിയിട്ടുള്ളത്.
സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടി ചരിത്രം നിര്‍മ്മിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ചരിത്രാവബോധം വളരെ നിര്‍ണ്ണായകമാണ്. അവതരണത്തിന്റെ കൃത്യതയും പ്രതിപാദനഭംഗിയും പുസ്തകത്തെ ഏറെ വായനാക്ഷമമാക്കുന്നുണ്ടെന്നതിനാൽ പ്രാരംഭ പഠിതാക്കൾക്കും പഠനാർഹമായ പുസ്തകങ്ങൾ തയ്യാറാക്കുന്ന രചയിതാക്കൾക്കും തിരുനബിജീവിതം വിവരിക്കുന്ന പ്രഭാഷകർക്കും ഇതൊരു പ്രിഫർ ചെയ്യപ്പെടേണ്ട അത്യുചിതമായൊരു റഫറൻസ് ഗ്രന്ഥമാണെന്ന് പറയാം.
No comments:
Post a Comment