Thursday, 17 July 2025

ഇതവർക്ക് നൽകാൻ നീ സമ്മതം തരുമോ ?

ഇതവർക്ക് നൽകാൻ നീ സമ്മതം തരുമോ ?






ഒരിക്കൽ മുത്ത് നബി(സ)യുടെ സദസ്സിലേക്ക് അല്പം പാൽ കൊണ്ടുവരപ്പെട്ടു. അവിടുന്ന് കുറച്ച് കുടിച്ച് ബാക്കി അനുചരർക്ക് നൽകാറാണ് പതിവ്. എന്നാൽ വലതുഭാഗത്ത് ഒരു ചെറിയ കുട്ടിയും ഇടതുഭാഗത്ത് സ്വഹാബീ പ്രമുഖരുമാണ്. മുന്തിക്കപ്പെടേണ്ടത് വലതുഭാഗത്തേയും. തിരുനബി (സ) ആ ചെറിയ കുട്ടിയോട്,  ഇടതുഭാഗത്തുള്ള മുതിർന്നവർക്ക് പാൽ കൊടുക്കട്ടെയെന്ന് സമ്മതം ചോദിക്കുകയുണ്ടായി. എന്നാൽ കുട്ടി അമ്പരപ്പിച്ചു കളഞ്ഞു : അല്ലാഹുവാണ് സത്യം, അങ്ങയിൽ നിന്നുള്ള എൻ്റെ വിഹിതം ഞാൻ ഒരാൾക്കും വിട്ടുകൊടുക്കുകയില്ല. ഇതു കേൾക്കേണ്ട താമസം മുത്ത് നബി (സ) പാൽപ്പാത്രം ആ കുട്ടിയുടെ കരങ്ങളിൽ വെച്ചു കൊടുത്തു. 


മുന്തിക്കപ്പെടേണ്ട ഭാഗത്ത് ഒരു കൊച്ചു കുട്ടിയായിരുന്നിട്ടും മുത്ത് നബി (സ) അർഹമായ പരിഗണന നൽകി. ആ കുട്ടി ഇബ്നു അബ്ബാസ് (റ) ആയിരുന്നു. കുടിക്കാനുള്ള പാനീയമായതുകൊണ്ടല്ല,  തിരുനബിയുടെ ബറകത്ത് വിനഷ്ടമാകാതിരിക്കാനായിരുന്നു ഈ ശുഷ്കാന്തി.

വിശാലഹൃത്തിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാനാവുക !!

 വിശാലഹൃത്തിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാനാവുക !!




അല്ലാഹുവിൻ്റെ മാർഗത്തിൽ ജീവിക്കാനനുവദിക്കാതെ മുസ്ലീങ്ങൾക്കെതിരിൽ മുശ്രിക്കുകൾ കടുത്ത ആക്രമങ്ങളും ദ്രോഹവും അഴിച്ചുവിട്ടു. ഗത്യന്തരമില്ലാതെ അവർ തിരുസവിധത്തിലെത്തി. അസഹ്യമായ പീഡനങ്ങൾക്കുള്ള അറുതിയാണ് കാംക്ഷിക്കുന്നത്. അവർക്ക് പരാതിപ്പെടേണ്ടി വന്നു : നബിയേ , അവരൊന്നടങ്കം നശിച്ചു പോകാൻ അങ്ങ് അല്ലാഹുവിനോടൊന്ന് പ്രാർത്ഥിക്കുമോ ? ആധിപൂണ്ട വിശ്വാസികൾക്കുള്ള മുത്ത് നബി (സ) യുടെ പ്രതിവചനം അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. അതിങ്ങനെയാണ് : അതിനു ഞാൻ നിയോഗിക്കപ്പെട്ടത് ശപിക്കുന്നവനായിട്ടല്ലല്ലോ !!! കരുണാതുന്ദിലമായ വിശാലഹൃത്തിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാനാവുക !! 



അല്ലാഹുവിൻ്റെ ശാപമെന്നാൽ അവൻ്റെ കരുണാ പരിസരത്തുനിന്ന് ആട്ടിയോടിക്കലാണ്. ഒരുപക്ഷേ , തിരുനബി(സ) തദ്പ്രാർത്ഥന നടത്തിയിരുന്നുവെങ്കിൽ അവർ അഭിശപ്തരായേനെ, തിരുനബി (സ) നന്മാകവാടങ്ങളെ കൊട്ടിയടക്കുന്നവരും !! ഇവ്വിധമല്ലല്ലോ തിരുനിയോഗം . പ്രത്യുത, സർവ്വർക്കും കരുണയായിട്ടാണവിടുന്ന് വർഷിച്ചത്.

Tuesday, 8 July 2025

അധ്യാപനത്തിന്റെ മനോഹാരിത

 അധ്യാപനത്തിന്റെ മനോഹാരിത



മുആവിയതു ബ്നുൽ ഹകം (റ) ഒരിക്കൽ മുത്ത് നബി (സ്വ) തങ്ങളോടൊപ്പം നിസ്കരിക്കുകയായിരുന്നു. അതിനിടെ മഅ്മൂമിലൊരാൾ തുമ്മി. ഇതു കേട്ടയുടനെ മുആവിയ (റ ) ഉച്ചത്തിൽ യർഹമുകല്ലാഹു എന്നു ചൊല്ലി. പ്രതിവചനം നിസ്കാരത്തിൽ പാടില്ലെന്നത് അദ്ദേഹത്തിനറിയില്ലായിരുന്നു. ഉടനെ ചുറ്റുമുള്ളവർ സഗൗരവം നോക്കാൻ തുടങ്ങി. അവരുടെ പ്രതിഷേധമെന്തിനെന്നറിയാതെ അവരോടായി മുആവിയ (റ) ചോദിച്ചു : ശ്ശെ, എന്തിനാണിങ്ങനെ എന്നെ ദേഷ്യത്തോടെ നോക്കുന്നത്? ഇതു പറയേണ്ട താമസം സ്വഹാബാക്കൾ നിഷേധ ഭാവത്തിൽ അവരുടെ തുടകളിൽ അടിക്കാൻ തുടങ്ങി. അപ്പോഴാണ് അവർ തന്നോട് മിണ്ടാതിരിക്കാനാണ് ആവശ്യപ്പെടുന്നതെന്ന് മുആവിയ (റ) ന് മനസ്സിലായത്. അങ്ങനെ അദ്ദേഹം മൗനം പാലിച്ചു.


നിസ്കാരാനന്തരം നബി (സ്വ) സംസാരിച്ചയാൾ ആരാണെന്ന് അന്വേഷിച്ചു. അത് ഈ അഅ്റാബിയാണെന്ന് മറുപടിയും കിട്ടി. ശേഷം നബി (സ) യിൽ നിന്ന് ഉപദേശനിർദ്ദേശങ്ങൾ ലഭിച്ച മുആവിയ (റ) പറയുന്നത് കാണാം: ഇതിനു മുമ്പോ ശേഷമോ ഇത്രമേൽ മനോഹരമായി കാര്യങ്ങൾ പഠിപ്പിച്ചു തരുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. എത്ര മനോഹരമായിട്ടാണ് മുത്ത് നബി (സ) കാര്യഗൗരവം മനസ്സിലാക്കി തന്നത്. നബി (സ) എന്നെ അടിക്കുകയോ ആട്ടിയോടിക്കുകയോ ശകാരിക്കുകയോ ചെയ്തില്ല. ഏറ്റവും സ്വീകാര്യയോഗ്യവും സുതരാം വ്യക്തവുമായ രീതിയിൽ വിഷയം തെര്യപ്പെടുത്തി. നിസ്കാരത്തിൽ ജനങ്ങളോടുള്ള സംസാരം വിലക്കപ്പെട്ടതാണെന്നും തസ്ബീഹും തക്ബീറും ഖുർആൻ പാരായണവുമാണ് നിസ്കാരത്തിൽ ഉൾചേർന്നതെന്നും പറഞ്ഞുതന്നു. എന്തൊരു മനോഹാരിത നിറഞ്ഞ അധ്യാപനരീതി !!

സ്വഹാബാ... ധൃതി കാണിക്കാതിരിക്കൂ..

 സ്വഹാബാ... ധൃതി കാണിക്കാതിരിക്കൂ..


ഒരിക്കൽ ഒരു അഅ്റാബി പള്ളിയിൽ മൂത്രമൊഴിക്കാനിടയായി. ഉടനെ പരിസരത്തുള്ള സ്വഹാബികൾ അദ്ദേഹത്തെ വിരട്ടിയോടിക്കാൻ തുനിഞ്ഞു. ഇതുകണ്ട മുത്തുനബി (സ) അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു : നിങ്ങൾ ധൃതി കാണിക്കാതിരിക്കൂ.. അയാൾ ഒഴിച്ചുകഴിയട്ടെ. ആ മൂത്രമായ സ്ഥലത്ത് ഒരു ബക്കറ്റ് വെള്ളം ഒഴിക്കുക. അങ്ങനെ അദ്ദേഹം മൂത്രമൊഴിച്ച് പോകാൻ എഴുന്നേൽക്കവെ നബി (സ) അദ്ദേഹത്തെ വിളിച്ചു സൗമ്യതയോടെ പറഞ്ഞു: പള്ളികൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത് ഇതിനു വേണ്ടിയല്ല. നിസ്കാരത്തിനും ദിക്റിനും തസ്ബീഹിനുമാണ്. 


വിവരമേതുമില്ലാത്ത അപരിഷ്‌കൃതനായ ഒരു അഅ്‌റാബിയാണ് കഥാപാത്രം. പള്ളിയിലും ജനങ്ങള്‍ പെരുമാറുന്ന സ്ഥലങ്ങളിലും മലമൂത്രവിസര്‍ജനം പാടില്ലെന്ന് ആ മനുഷ്യന് അറിയില്ല. എത്ര സൗമ്യതയോടെയാണ് മുത്ത് നബി (സ) കാര്യങ്ങൾ നിർവഹിച്ചത് എന്ന് നോക്കൂ.. അറിവില്ലാത്തതിന്റെ പേരിൽ സംഭവിച്ച ഒരപരാധം മുൻനിർത്തി കൈകാര്യം ചെയ്യാൻ തയ്യാറെടുത്തവർക്ക് ,അഅ്‌റാബിയെ ഉപദ്രവിക്കരുതെന്ന് പറഞ്ഞു വിലക്കേർപ്പെടുത്തുകയാണുണ്ടായത്. കുറ്റകരമായ ഒരു കാര്യമാണെങ്കില്‍ പോലും അത് കൈകാര്യം ചെയ്യുന്നത് പ്രയാസം സൃഷ്ടിക്കുന്ന മാര്‍ഗത്തിലൂടെയല്ല. മറിച്ച്, പ്രയാസരഹിതമായ വഴിയിലൂടെയാകണം. ആളുകള്‍ക്ക് പ്രയാസം, വെറുപ്പ് എന്നിവ ഉണ്ടാക്കുന്ന ഇടപെടല്‍ അരുത് എന്നാണ് പ്രവാചകാധ്യാപനം.

Thursday, 3 July 2025

സംയമനം പാലിക്കുക

 *ഓ ആയിശാ.. സംയമനം പാലിക്കൂ..*



ഒരിക്കൽ മുത്ത് നബി (സ)യുടെ അടുക്കൽ ഒരു ജൂതസംഘം വന്നു. അഭിവാദ്യമെന്ന വ്യാജേന അവർ "അസ്സാമു അലൈക്കും" (നിങ്ങൾക്ക് മരണം ഉണ്ടാകട്ടെ ) എന്നു പറഞ്ഞു. ഇതിനു സാക്ഷിയായ ആയിശ(റ) ന് കാര്യം പിടികിട്ടി. ഉടനെ ''വ അലൈക്കുമു സ്സാമു വ ല്ലഅന:" (നിങ്ങൾക്കും മരണവും ശാപവും ഉണ്ടാവട്ടെ ) എന്നു പ്രതിവചിച്ചു. ഇതുകേട്ട മുത്ത് നബി (സ) മഹതിയെ തിരുത്തി , : ഓ ആയിഷാ.. ഒന്നടങ്ങൂ , തീർച്ചയായും അല്ലാഹു സർവ്വകാര്യങ്ങളിലും കാരുണ്യവും അലിവുമാണ് ഇഷ്ടപ്പെടുന്നത്. 


പരുപരുത്ത വാക്കുകൾ പരുഷമായ പ്രവർത്തനങ്ങളെയാണ് ഉത്പാദിപ്പിക്കുക. കഠിനഹൃദയത്തോടെയുള്ള സമീപനം അകൽച്ചക്കും ഉപേക്ഷക്കും വിമുഖതക്കും മാത്രമാണ് വഴിവെക്കുക. ഉദ്ധൃത സംഭവത്തിൽ ബീവി ആയിഷ (റ) തങ്ങൾക്കെതിരെ പ്രാർത്ഥിച്ചവർക്ക് നേരെ  മറുപടിയായി നിങ്ങൾക്കും മരണവും ശാപവുമുണ്ടാകട്ടെ എന്നു പറഞ്ഞപ്പോഴാണ് മുത്തുനബി(സ) അത് തിരുത്തിയത്. സംയമനം പാലിക്കാനാണ് അവിടുത്തെ ആഹ്വാനം. ജനങ്ങളോട് കാരുണ്യത്തോടെയും മയത്തോടെയും വർത്തിക്കാനാണ് തിരുനബി(സ) പഠിപ്പിക്കുന്നത്. അത് പരിപൂർണ്ണതയുടെ ഗുണവിശേഷമാണ്. അള്ളാഹു കൃപാലുവാണ്. അവന്റെ അടിമകളിൽ നിന്നും അവൻ ഇഷ്ടപ്പെടുന്നതും കരുണാമയമായ സമീപനമാണ്.

വിനയാന്വിതൻ

 ഹേയ്, എന്തിനിങ്ങനെ പേടിക്കണം !!



മക്കാവിജയ നാളിൽ വിജയശ്രീലാളിതനായി നിൽക്കുന്ന മുസ്ലിം സൈന്യത്തിൻ്റെ നേതാവായ നബി(സ) യുടെ അടുത്തേക്ക് ഒരാൾ സംസാരിക്കാൻ കടന്നുവന്നു. രാജസന്നിധിയിൽ എത്രമേൽ എളിമയും ഭയവിഹ്വലതയും താഴ്മയും വേണമെന്ന് ഇതര ദര്‍ബാറുകളിൽ നിന്നയാൾ കണ്ടുപഠിച്ചിട്ടുണ്ടായിരിക്കണം. അവ്വിധം അദ്ദേഹം സംസാരം തുടങ്ങുകയും താമസംവിനാ പേടിച്ചുവിറക്കാനും തുടങ്ങി. ഇതുകണ്ട മാത്രയിൽ അനുകമ്പയുടെ , ആർദ്രതയുടെ , വിട്ടുവീഴ്ചയുടെ ആൾരൂപമായ മുഹമ്മദ് നബി (സ) ആ സാധുമനുഷ്യനോടു സ്നേഹമസൃണത്തോടെ പറഞ്ഞു : "ഹേയ്, അടങ്ങൂ.. എന്തിനിങ്ങനെ പേടിച്ചരണ്ടു വിറച്ചു നിൽക്കണം. ഒരു രാജാവൊന്നുമല്ല ഞാൻ. ഉണക്കമാംസം പിച്ചി ഭക്ഷിക്കുന്ന, സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു സ്ത്രീയുടെ മകനാണ് ഞാൻ." 



ജനങ്ങളിലേറ്റവും സൽസ്വഭാവിയായിരുന്നു നബി (സ). എല്ലാ സ്വഭാവവൈശിഷ്ട്യത്തിനുമുടമ. സർവ്വാധികാരവുണ്ടായിട്ടും അണികൾക്കു മേൽ ആധിപത്യമിഷ്ടപ്പെടാതെ, താനൊരു സാധാരണക്കാരനാണെന്നു പറഞ്ഞ് ഭയചകിതനായ ആഗതനെ ആശ്വസിപ്പിക്കുന്ന വാക്കുകൾക്കെന്തു ചന്തം !! രാജകീയതയും സുഖലോലുപതയും തങ്ങൾക്കന്യമാണെന്ന് ദ്യോതിപ്പിക്കുന്ന സാധാരണത്വം തുളുമ്പുന്ന വാചകങ്ങളെത്ര മനോഹരം !! ഇത്രമേൽ വിനയം സ്ഫുരിക്കുന്ന എണ്ണമറ്റ സംഭവങ്ങൾ മറ്റൊരിതിഹാസത്തെക്കുറിച്ചും ചരിത്രത്താളുകളിൽ തുന്നിച്ചേർക്കപ്പെട്ടിട്ടില്ല.

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...