Thursday, 17 August 2023

 നിബ്റാസുൽ ഉലമാ : നിറപ്രഭ ചൊരിഞ്ഞ ലൈറ്റ്ഹൗസ്.



എന്തു സവിശേഷ ഗുണമാണ് ജീവിതത്തിലുണ്ടായിരിക്കേണ്ടതെന്നു ചോദിക്കപ്പെട്ടപ്പോൾ ഉസ്താദിന്റെ മറുപടി : "നമ്മൾ പാകമായ ഒരു മാവിനെ പോലെയാകണം. എല്ലാം തികഞ്ഞു നിൽക്കുന്ന ഒരവസ്ഥയാണ് പാകമായ മാവിനുണ്ടാവുക. ആ അവസ്ഥയിൽ മാവിന്റെ കൊമ്പുകൾ ഭാരം കൊണ്ട് താഴ്ന്നിട്ടുണ്ടാകും. അങ്ങനെയുള്ള ഒരു താഴ്മ ഉയരങ്ങളിലേക്കെത്തുമ്പോൾ നമുക്കുണ്ടായിരിക്കണം". ഇത് വായിച്ചപ്പോഴാണ് തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തെ വിശ്രുത പണ്ഡിതനായിരുന്ന ശൈഖ് മഹ്മൂദ് ഇബ്‌നു അബ്ദുല്‍ ഖാദിര്‍ അല്‍ ഖാഹിരിയുടെ വിശ്രുത കാവ്യരചനയായ ‘റസാനത്ത് ‘ എന്ന കൃതിയിലെ കാവ്യശകലവും ഓർമ്മയിൽ തെളിഞ്ഞത്. വിജ്ഞാനത്തിന്റെ വലിയ ഭാരം പേറി നടക്കുന്നവർ ഭൂമിയിൽ താഴ്മയോടെ യാണ് നടക്കുക. ഉയർന്നുനിൽക്കുന്ന മരക്കൊമ്പുകളിൽ പഴങ്ങൾ കൂടുന്നതിനനുസരിച്ച് അവ താഴ്ന്നു വരുന്നതായി കാണാം. ഇതാണ് ആശയം . പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരം തന്നെയായിരുന്നു അക്ഷരാർത്ഥത്തിൽ സ്മര്യപുരുഷനായ നിബ്റാസുൽ ഉലമ അഥവാ പണ്ഡിതന്മാരിലെ ലൈറ്റ്ഹൗസ് എ.കെ അബ്ദുറഹ്മാൻ മുസ്ലിയാർ. 


1942 ആഗസ്റ്റ് 21 വെള്ളിയാഴ്ച ( 1361 ശഅബാൻ 8 ) എ.കെ കുഞ്ഞഹമ്മദ് മുസ്ലിയാർ - ആഇശ ദമ്പതികളുടെ മകനായി 

അണ്ടിക്കാടൻകുഴിയിലെ വീട്ടിലാണ് ഉസ്താദ് ജനിക്കുന്നത്. ദീനിചിട്ടയിലും പാണ്ഡിത്യത്തിലും പേരുകേട്ട ആ കുടുംബ പരിസരം ഉസ്താദിനും വരച്ചുകൊടുത്തത് അത്തരത്തിലുള്ള ഒരു വിശുദ്ധ ജീവിതത്തിന്റെ രേഖാചിത്രമായിരുന്നു. അങ്ങനെ തറവാട്ടിലെ ഒന്നാമത്തെ പേരമകൻ എല്ലാവരാലും "മോൻ" എന്നു വിളിക്കപ്പെട്ട ഉസ്താദ് ഇളം പ്രായത്തിൽ തന്നെ ഓത്തുപലയുമായി അണ്ടിക്കാടൻ കുഴിയിൽ അമ്മാറമ്പത്ത് മുഹമ്മദ് മൊല്ലയുടെ ഓത്തുപള്ളിയിലെത്തി. അവിടുന്നാണ് അക്ഷരങ്ങൾ എഴുതാനും മൊഴിയാനും പഠിച്ചത്. മാത്രമല്ല ഖുർആൻ പാരായണത്തിനുള്ള പരിശീലനവും അവിടുന്ന് നേടി.


മതപരമായ ചിട്ടകളിൽ അങ്ങേയറ്റം കണിശത പുലർത്തുന്ന ഉസ്താദിന്റെ ഉപ്പ ഒരിക്കൽ ഒരു സ്വപ്നം  കാണാനിടയായി. തൻ്റെ മകൻ തലമുടി വളര്‍ത്തി ഫാഷനായി നടക്കുന്നതായിരുന്നു ആ സ്വപ്നം. ഇത് അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥമാക്കി. തൻ്റെ മകനെ തികഞ്ഞ ഒരു പണ്ഡിതനാക്കണമെന്ന അഭിലാഷ സാക്ഷാത്കാരത്തിലേക്കുള്ള ദ്രുതഗതിയിലുള്ള കാൽവെപ്പുകളിലേക്കാണ് ഈ സംഭവം കാരണമായിത്തീർന്നത്. അങ്ങനെ ഉപ്പയുടെ തീരുമാനത്തിന് വിധേയനായി ഒമ്പതു വയസ്സ് മാത്രം പ്രായമുള്ള ഉസ്താദ് എളാപ്പയായ കുഞ്ഞർമുട്ടി മുസ്ലിയാരുടെ തലശ്ശേരിയിലെ ആലി ഹാജി പള്ളിയിലെ ദർസിൽ ചേർന്നു പഠനം തുടങ്ങി. ദർസിൽ പഠനം നടത്തുന്ന തൻ്റെ മകന് ഭൗതിക വിഷയങ്ങളിലും അത്യാവശ്യം പരിജ്ഞാനം ഉണ്ടാകണമെന്ന് ഉപ്പയായ കുഞ്ഞഹമ്മദ് മുസ്ലിയാർക്ക് ആഗ്രഹമുണ്ടായിരുന്നു. തദടിസ്ഥാനത്തിൽ പള്ളിയുടെ പരിസരത്തുള്ള ടൗൺ മാപ്പിള ഹയർ എലിമെന്ററി സ്കൂളിൽ ഉസ്താദിനെ ചേർത്തി. ഒന്നു മുതൽ മൂന്നു വരെ ക്ലാസുകളിലാണ് പ്രസ്തുത വിദ്യാലയത്തിൽ പഠനം നടത്തിയത്. ശേഷം പരിസരത്തുള്ള തഅലീമുൽ അവാം സ്കൂളിൽ നാലാം ക്ലാസിൽ ചേർന്നു. അഞ്ചാം ക്ലാസോടെ ഔദ്യോഗിക സ്കൂൾ പഠനം നിർത്തി. എളാപ്പയായ കുഞ്ഞർമുട്ടി മുസ്ലിയാരുടെ തലശ്ശേരി ആലിഹാജി പള്ളിയിലെ ദർസ് പരിസരത്തുള്ള മട്ടാമ്പുറം പള്ളിയിലേക്ക് മാറിയപ്പോൾ  ഉസ്താദിന്റെ തുടർന്നുള്ള മതപഠനവും മട്ടാമ്പുറം പള്ളിയിലായി. തുടർന്ന് അവിടെ നാലുവർഷം പഠിച്ചു. ഇതിനുശേഷമാണ് ദർസ് ഒരു വർഷത്തേക്ക് ചപ്പാരപ്പടവിലേക്ക് മാറുന്നത്. ശേഷം ദർസ് കോഴിക്കോട് മുദാക്കര പള്ളിയിലായി. ദർസുകളില്‍ ഓതുന്ന പ്രധാന കിതാബുകളായ അൽഫിയ്യയും ഫത്ഹുൽ മുഈനും മുദാക്കര ദർസിൽ നിന്നാണ് പൂർത്തീകരിച്ചത്. മഹല്ലി (ഒന്നാം വാള്യം) , മുഖ്തസ്വറുൽ മആനി , തസ്രീഹുൽ മൻതിഖ് , ശർഹുത്തഹ്ദീബ് തുടങ്ങിയ കിതാബുകളും ഇവിടെ നിന്നാണ് ഓതിയത്. സമസ്തയുടെ പ്രഥമ ഖാരിഉം കേരളത്തിൽ അങ്ങോളമിങ്ങോളം ഹിസ്ബ് ക്ലാസുകൾ നടത്തിയ പണ്ഡിതനുമായിരുന്നു സ്നേഹഗുരുവും എളാപ്പയുമായ കുഞ്ഞർമുട്ടി മുസ്ലിയാർ. വശ്യമായ ശൈലിയിൽ നിയമങ്ങൾ പാലിച്ച് ഖുർആൻ പാരായണം ചെയ്യാനുള്ള ഉസ്താദിന്റെ പ്രത്യേക കഴിവിനു പിന്നിൽ കുഞ്ഞർമുട്ടി മുസ്ലിയാർ തന്നെയാണ്. മുദാക്കരയിലെ പഠനത്തോടുകൂടി ഉസ്താദായ കുഞ്ഞർമുട്ടി മുസ്ലിയാരുടെ ആഗ്രഹപ്രകാരം എ.കെ ഉസ്താദ് ദർസിൽ നിന്ന് പടിയിറങ്ങി. പിന്നീട് കോഴിക്കോടിനടുത്തുള്ള വെള്ളിപറമ്പ് ജുമുഅത്ത് പള്ളിയിൽ കടമേരി മമ്മദ് മുസ്ലിയാരുടെ ദർസിലാണ് ഒരു വർഷം പഠിച്ചത്.


തദനന്തരം ഇരുപതാം നൂറ്റാണ്ടിൽ കേരളക്കരയെ വിസ്മയിപ്പിച്ച പണ്ഡിത കുലപതി കൈപ്പറ്റ ബീരാൻകുട്ടി മുസ്ലിയാരുടെ ഇരുമ്പുചോലയിലെ ദർസിൽ ചേർന്നു. മലയാളത്തിനു പുറമേ അറബി,ഉറുദു, പാർസി, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ കൈപ്പറ്റ ഉസ്താദിന് പരിജ്ഞാനമുണ്ടായിരുന്നു. മാത്രമല്ല ഉപ്പയായ കുഞ്ഞഹമ്മദ് മുസ്ലിയാരുടെയും എളാപ്പയും ഉസ്താദുമായ കുഞ്ഞർമുട്ടി മുസ്ലിയാരുടെയും സതീർത്ഥ്യനുമായിരുന്നു കൈപ്പറ്റ ഉസ്താദ് . അവരൊക്കെ ഒന്നിച്ച് പഠിച്ചത് ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ ദർസിലാണ്. 1961 ലാണ് ഉസ്താദ് കൈപ്പറ്റ ഉസ്താദിന്റെ ഇരുമ്പുചോലയിലെ  ദർസിൽ എത്തുന്നത്. ഇവിടെ വെച്ചാണ് നിലവിലെ സമസ്ത പ്രസിഡന്റ് ബഹുമാനപ്പെട്ട റഈസുൽ ഉലമാ സുലൈമാൻ മുസ്ലിയാരുമായി സതീർത്ഥ്യത കൈവരിക്കുന്നത്. ഉപ്പയുടെ രോഗപരിചരണാർത്ഥം ഉസ്താദിന് അത്യാവശ്യമായ ലീവുകൾ എടുക്കേണ്ടി വന്നു. അതിനിടയിൽ നഷ്ടപ്പെട്ട ക്ലാസുകളെല്ലാം ഒന്നൊഴിയാതെ വീണ്ടെടുക്കാനും കൈപ്പറ്റ ഉസ്താദ് പഠിപ്പിച്ചത് പോലെ ലഭിക്കാനും തന്റെ കൂട്ടുകാർക്കിടയിൽ നിന്ന് സുലൈമാൻ മുസ്ലിയാരെയാണ്  തെരഞ്ഞെടുത്തത്. അങ്ങനെ ആ ബന്ധം  ഊഷ്മളമായി. ഇരുവരും തമ്മിലുള്ള സൗഹൃദവും അവർക്കിടയിൽ നടക്കുന്ന വൈജ്ഞാനിക ചർച്ചകളും മുൻനിർത്തി ഇന്ത്യനൂർ മുഹമ്മദ് മുസ്ലിയാർ പറയുന്നത് കാണാം : "അവർ ഇൽമുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാതെ മറ്റൊന്നും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല" . 


ഇരുമ്പുചോലയിലെ രണ്ടു വർഷത്തെ പഠനശേഷം ഉസ്താദുൽ അസാത്തീദ് ബഹ്റുൽ ഉലൂം ഒ.കെ ഉസ്താദിന്റെ ചാലിയത്തുള്ള ദർസിലേക്ക് ഉസ്താദും സുലൈമാൻ മുസ്ലിയാരും കൈപ്പറ്റ ഉസ്താദിന്റെ സമ്മതപ്രകാരം പോയി.  സമ്മതം തേടിയപ്പോഴുള്ള കൈപ്പറ്റ ഉസ്താദിന്റെ മറുപടി ശ്രദ്ധേയമാണ്: "അങ്ങോട്ട് തന്നെയാണ് പോകേണ്ടത്. അദ്ദേഹം ഇൽമും നസബും ഒത്തിണങ്ങിയ ആളാണ്. നിങ്ങൾ അങ്ങോട്ട് പോയിക്കോളൂ....'' ചാലിയത്തെ മൂന്നുവർഷത്തെ പഠനശേഷം 1966 ൽ  ശംസുൽ ഉലമാ ഇ.കെ ഉസ്താദ് പ്രിൻസിപ്പാൾ ആയിട്ടുള്ള പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്കാണ് കുഞ്ഞർമുട്ടി മുസ്ലിയാരുടെ നിർദ്ദേശപ്രകാരം ഒ.കെ ഉസ്താദിന്റെ എല്ലാവിധ ആശീർവാദവും ഏറ്റുവാങ്ങി ഉസ്താദ് പോയത്. അതേ വർഷമാണ് പ്രിയപ്പെട്ട ഉപ്പ കുഞ്ഞഹമ്മദ് മുസ്ലിയാർ വഫാത്തായത് .


1966 ൽ രണ്ടാമത്തെ ബാച്ചിലെ വിദ്യാർത്ഥിയായാണ് ഉസ്താദ് കോളേജിൽ എത്തുന്നത്. കോളേജ് പ്രിൻസിപ്പാൾ ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്ലിയാരാണ്. കോട്ടുമല അബൂബക്കർ മുസ്ലിയാർ, കെ സി ജമാലുദ്ദീൻ മുസ്‌ലിയാർ തുടങ്ങിയ പ്രമുഖർ പ്രധാന ഉസ്താദുമാരായി അന്ന് അവിടെയുണ്ട്. കോളേജിൽ അഡ്മിഷൻ കിട്ടണമെങ്കിൽ ശംസുൽ ഉലമയുടെ ഇൻറർവ്യൂ മറികടക്കണം. ശംസുൽ ഉലമ മുന്നിലേക്കിട്ട കാഠിന്യമേറിയ എല്ലാ ചോദ്യങ്ങൾക്കും നിഷ്പ്രയാസം ഉസ്താദ് മറുപടി നൽകി. പരീക്ഷയുടെ അവസാനം വരെ ഒരല്പം പോലും പതറാതെ പിടിച്ചുനിൽക്കാൻ ഉസ്താദിന് സാധിച്ചു. ദർസുകളിൽ നിന്ന് എല്ലാ ഫന്നുകളും തഹ്ഖീഖാക്കി വന്ന ഉസ്താദിന്റെ മറുപടികൾ കേട്ട് ശംസുൽ ഉലമാ അതിശയം പൂണ്ടു . സയ്യിദ് അലി ബാഫഖി തങ്ങൾ, പാണക്കാട് സയ്യിദ് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, പടനിലം ഹുസൈൻ മുസ്‌ലിയാർ, നിറമരുതൂർ കുഞ്ഞഹമ്മദ് മുസ്ലിയാർ, പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ തുടങ്ങിയ പ്രമുഖരും ജാമിഅ നൂരിയ്യയിൽ ഉസ്താദിന്റെ സഹപാഠികളാണ്. രണ്ടു വർഷത്തെ കോളേജ് ജീവിതത്തിന് 1968 ഡിസംബറോടെ വിരാമമായി. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് മൗലവി ഫാളിൽ ഫൈസി ബിരുദം കരസ്ഥമാക്കി റാങ്ക് ഹോൾഡറായാണ് ഉസ്താദ് പടിയിറങ്ങിയത്. ഇതോടെ ഉസ്താദിന്റെ ഔദ്യോഗിക വിദ്യാർത്ഥി ജീവിതത്തിന് പരിസമാപ്തിയായി.


ഉസ്താദിന്റെ ആദ്യ ദർസ് 1969 ൽ  ഒളവട്ടൂരിലാണ്. അന്ന് വിദേശികളായി ദർസിൽ 24 കുട്ടികൾ ഉണ്ടായിരുന്നു.നാട്ടുകാരായ വിദ്യാർത്ഥികൾ വേറെയും. അന്ന് ഉസ്താദ് പുളിക്കലിൽ ബസ് ഇറങ്ങി എട്ടു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് ഒളവട്ടൂരിലെത്താറുള്ളത്.


ഒളവട്ടൂരിൽ മൂന്നുവർഷം ദർസ് നടത്തി. അതിനുശേഷമാണ് ഐക്കരപ്പടി പുത്തൂപ്പാടം മഹല്ലിൽ ദർസ് ഏൽക്കുന്നത്. സുന്നി കേരളത്തിന്റെ അജയ്യനായ ആദർശ പോരാളി ഇ.കെ ഹസൻ മുസ്ലിയാരുടെ ശ്രമഫലമായാണ് കുഞ്ഞർമുട്ടി മുസ്ലിയാർ മുഖേന ഉസ്താദ് പുത്തൂപ്പാടം എത്തുന്നത്. 1961 ൽ ഇ.കെ ഹസൻ മുസ്ലിയാർ പുത്തൂപാടത്ത് മുദർരിസ് ആയി വന്നെങ്കിലും ശേഷം  മറ്റിടങ്ങളിലേക്ക് ദർസ് മാറി. എങ്കിലും പുത്തൂപ്പാടം മഹല്ല് ഖാളിയും ഖത്വീബും ഇ.കെ ഹസൻ മുസ്ലിയാർ തന്നെയായിരുന്നു. മൂന്നുവർഷത്തെ പുത്തൂപാടത്തെ സേവനത്തിനു ശേഷം ഉസ്താദ് കടമേരി റഹ്മാനിയ അറബിക് കോളേജിലേക്ക്  മുദർരിസായി പോയി. ഒ.കെ ഉസ്താദിന്റെ അനുമതിയോടെ  കടമേരി റഹ്മാനിയ അറബിക് കോളേജിന്റെ അന്നത്തെ പ്രിൻസിപ്പാൾ ചേറൂർ എം.എം ബഷീർ മുസ്ലിയാരാണ് ഉസ്താദിനെ അങ്ങോട്ടേക്ക് കൊണ്ടുപോയത്. ഒരു വർഷമാണ് കടമേരി റഹ്മാനിയ്യയിൽ ഉസ്താദ് അധ്യാപനം നടത്തിയത്. ശേഷം പണ്ഡിതശ്രേഷ്ഠനും പന്തിരിക്കര മുൻ മുദർരിസും സമസ്ത മുശാവറ അംഗവുമായിരുന്ന ആവള മൊയ്തു മുസ്ലിയാരുടെ കത്തിലൂടെയുള്ള നിർദ്ദേശപ്രകാരം ഉസ്താദ് പേരാമ്പ്രക്കടുത്തുള്ള പന്തിരിക്കര ജുമുഅ മസ്ജിദിൽ ദർസ് നടത്തി. പന്തിരിക്കരയിലെ ദർസിനു ശേഷമാണ് ഉസ്താദ് രാമനാട്ടുകര ചെമ്മൽ പള്ളിയിൽ മുദർരിസായി എത്തുന്നത്. ചെമ്മലിൽ ഖാളി,  ഖത്വീബ് എന്നീ ഉത്തരവാദിത്വം കൂടിയുണ്ടായിരുന്നു ഉസ്താദിന്. 


ഉസ്താദിന്റെ ധീരവും തന്ത്രപരവുമായ ഇടപെടലുകളാണ് രാമനാട്ടുകരയിൽ എസ്.എസ്.എഫ് ഉടലെടുക്കാൻ കാരണം. ഫാറൂഖ് കോളേജിലെ സുന്നി വിപ്ലവത്തിനും ഉസ്താദ് അനല്പമായ പങ്കുവഹിച്ചു. എസ്.എസ്.എഫിന്റെ ചുണക്കുട്ടികൾക്ക് അന്ന് താങ്ങും തണലുമായി രണ്ടു കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഒന്ന് എ.കെ ഉസ്താദും മറ്റൊന്ന് വന്ദ്യഗുരു കോടമ്പുഴ ബാവ മുസ്ലിയാരും. എ.കെ ഉസ്താദ് ചെമ്മൽ പള്ളിയിൽ മുദർരിസും ഖാളിയുമായി കർമ്മനിരതനാകുമ്പോൾ ശൈഖുനാ കോടമ്പുഴ ബാവ മുസ്ലിയാർ രാമനാട്ടുകര ടൗൺ പള്ളിയിൽ  ഖത്വീബായി സേവനം അനുഷ്ഠിച്ചിരുന്നു. അങ്ങനെ രണ്ടു അബ്ദുറഹ്മാൻ മുസ്ലിയാർമാരായിരുന്നു  

രാമനാട്ടുകരയിലെ അന്നത്തെ പ്രസ്ഥാനത്തിന്റെ  തുറുപ്പുചീട്ടുകൾ .


1983 ൽ ഖമറുൽ ഉലമാ എ.പി ഉസ്താദ് നായകത്വം വഹിച്ച ഐതിഹാസികമായ കൊട്ടപ്പുറം സംവാദത്തിലും ഉസ്താദ് സജീവമായി പങ്കെടുത്തിരുന്നു. സുദീർഘമായ എട്ടു വർഷത്തെ സേവനത്തിനു ശേഷമാണ് ചെമ്മലിൽ നിന്ന് തിരൂരിനടുത്തുള്ള നടുവിലങ്ങാടിയിലേക്കുള്ള ഉസ്താദിന്റെ ദർസ് മാറ്റം. അവിടുത്തെ മുൻ മുദർരിസ് പി.കെ അബ്ദു മുസ്ലിയാർ മുഖേനയാണ് ഉസ്താദ് അവിടെയെത്തുന്നത്. എൺപതുകളിൽ നടന്ന സുന്നി മുന്നേറ്റങ്ങളെ ജനങ്ങളിലെത്തിക്കുന്നതിൽ മുൻനിരയിൽ ഉണ്ടായിരുന്ന വാരികയായിരുന്നു അൽ മുബാറക് . സുന്നത്ത് ജമാഅത്തിന് വേണ്ടി ശബ്ദിക്കുന്ന അൽ മുബാറക്കിന്റെ സ്ഥിരം വായനക്കാരനായിരുന്നു ഉസ്താദ് . അന്ന് ഉസ്താദ് ദർസ് നടത്തിയിരുന്ന നടുവിലങ്ങാടിയുടെ അയൽനാട്ടുകാരനായിരുന്ന മുസ്തഫൽ ഫൈസി ആയിരുന്നു അൽ മുബാറക്കിന്റെ എഡിറ്റർ. മുസ്തഫൽ ഫൈസിയുമായി ഉസ്താദ് നല്ല പരിചയം സ്ഥാപിച്ചിരുന്നു. അൽ മുബാറക്കിലെ എല്ലാ എഴുത്തുകളും സസൂക്ഷ്മം വായിച്ച് തന്റെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഫൈസിയെ ഉസ്താദ് അറിയിക്കാറുണ്ടായിരുന്നു. ഉസ്താദിലെ പാണ്ഡിത്യവും കഴിവുകളും തിരിച്ചറിഞ്ഞ മുസ്തഫൽ ഫൈസിയാണ് പിന്നീട് ഉസ്താദിനോട് അൽ മുബാറക്കിൽ കർമശാസ്ത്രം പംക്തി എഴുതാനാവശ്യപ്പെട്ടത്. അങ്ങനെ 1983 ലാണ് അൽ മുബാറക്കിൽ ഉസ്താദിന്റെ കന്നിലേഖനം പ്രസിദ്ധീകരിക്കുന്നത്. തുടർന്നങ്ങോട്ട് സുദീർഘമായ 28 ലക്കങ്ങളിലായി ഉസ്താദിന്റെ ഫിഖ്‌ഹെഴുത്തുകൾ വെളിച്ചം കണ്ടു. അൽ മുബാറക്കിലെ "ചോദ്യോത്തരം" കോളവും കുറച്ചുകാലം ഉസ്താദ് കൈകാര്യം ചെയ്തിരുന്നു. നടുവിലങ്ങാടിയിലെ ഒരു വർഷത്തെ സേവനത്തിനു ശേഷമാണ് ഉസ്താദ് കാസർഗോഡ് സഅദിയ്യയിലെത്തുന്നത്. 


സ്ഥാപനത്തിന്റെയും വിദ്യാർത്ഥികളുടെയും ഉയർച്ചക്കായി യത്നിക്കുന്ന ഒരു മുദർരിസിനെയും അന്വേഷിച്ചു നടക്കുകയായിരുന്നു സഅദിയ്യയുടെ ശിൽപിയും അന്നത്തെ SYS സംസ്ഥാന പ്രസിഡന്റുമായ നൂറുൽ ഉലമാ എം.എ അബ്ദുൽ ഖാദിർ മുസ്ലിയാർ. തൻ്റെ ആവശ്യവുമായി എം.എ ഉസ്താദ് ആദ്യം സമീപിച്ചത് ശംസുൽ ഉലമയെയാണ്. ശംസുൽ ഉലമയുടെ മറുപടി : "എൻ്റെ ഒരു ശിഷ്യനുണ്ട്. എ.കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ , അദ്ദേഹത്തോടൊന്ന് ചോദിച്ചു നോക്കൂ. കോളേജിലേക്കായതുകൊണ്ട് അദ്ദേഹം വരുമോ എന്നറിയില്ല. നല്ല കഴിവുള്ള മുദരിസുമാരൊക്കെ ഒ.കെ സൈനുദ്ദീൻ കുട്ടി മുസ്ലിയാരുടെ അടുത്താണ് . അദ്ദേഹത്തോടും ഒന്നു ചോദിച്ചു നോക്കൂ". ശംസുൽ ഉലമയുടെ നിർദ്ദേശപ്രകാരം എം.എ ഉസ്താദ് തന്റെ ആവശ്യവുമായി ഒ.കെ ഉസ്താദിന്റെ സവിധത്തിലെത്തി. ഒ.കെ ഉസ്താദ് നിർദ്ദേശിച്ചതും തൻ്റെ പ്രിയപ്പെട്ട ശിഷ്യനായ എ.കെ ഉസ്താദിനെയായിരുന്നു. അതേസമയം സഅദിയ്യയിൽ നേരത്തെ സേവനം ചെയ്തിരുന്ന കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ പിരിഞ്ഞു പോകുമ്പോൾ അദ്ദേഹത്തോട് എം.എ ഉസ്താദ് " നിങ്ങൾ പോകുകയാണെങ്കിൽ സഅദിയ്യയിലേക്ക് കഴിവുള്ള ഒരു മുദരിസിനെ നിർദ്ദേശിച്ചു തരണം" എന്നു പറഞ്ഞിരുന്നു. കോട്ടൂർ ഉസ്താദ് നിർദ്ദേശിച്ചതും എ.കെ ഉസ്താദിനെയായിരുന്നു. അങ്ങനെ ഒടുവിൽ 1985 ൽ ഉസ്താദ് മുദർരിസായി സഅദിയ്യയിലെത്തി. 


പിന്നീട് വിദ്യാഭ്യാസ ബോർഡിന്റെ പാഠപുസ്തക പരിശോധന സമിതിയിലേക്കും ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുശാവറയിലേക്കും ഉസ്താദ് തിരഞ്ഞെടുക്കപ്പെട്ടു. 


ജന്മനാടായ അണ്ടിക്കാടൻകുഴി മഹല്ലിനെ നാലു പതിറ്റാണ്ടുകാലം ഉസ്താദ് മഹല്ല് പ്രസിഡന്റ് എന്ന ഔദ്യോഗിക പദവിയിലിരുന്ന് നയിച്ചു. ഉസ്താദിന്റെ പിതൃവ്യനും പ്രൊഫസർ ഹമീദ് സാഹിബിന്റെ ഉപ്പയുമായ മാമുക്കുട്ടി മുസ്‌ലിയാരുടെ വിയോഗാനന്തരമാണ് 1972 ൽ പ്രസിഡന്റ് പദവി ഉസ്താദിന്റെ ചുമലിലെത്തുന്നത്. അക്കാലത്ത് മഹല്ല് മുതവല്ലി പിതൃവ്യനും ഉസ്താദുമായ കുഞ്ഞർമുട്ടി മുസ്ലിയാരായിരുന്നു. 1985 ൽ കുഞ്ഞർമുട്ടി മുസ്ലിയാരുടെ വഫാത്തിന് ശേഷം മഹല്ലിന്റെ മുതവല്ലി സ്ഥാനവും ഉസ്താദിനെ തേടിയെത്തി. 


ഉസ്താദിന്റെ പ്രധാനപ്പെട്ട ആത്മീയ ഗുരു ബഹ്റുൽ ഉലൂം ഒ.കെ ഉസ്താദ് തന്നെയാണ്. തന്നെ അറിവിന്റെ ആഴങ്ങളിലേക്ക് വഴി നടത്തിയ ഒ.കെ ഉസ്താദ് നടന്നുപോയ ആത്മീയ സരണിയിലൂടെയാണ് ഉസ്താദും സഞ്ചരിച്ചത്. ഒ.കെ ഉസ്താദിൽ നിന്ന് ബാഅലവീ ത്വരീഖത്ത് സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചവരിൽ ഒരാളാണ് ഉസ്താദ് . ഒ.കെ ഉസ്താദിൽ നിന്ന് അസ്മാഅ് ത്വൽസമാത്ത് സംബന്ധമായ "നൂറു സ്വാതിഅ് ഫീ മഅ് രിഫതിൽ ഔഫാഖ് " എന്ന കിതാബും ഉസ്താദ് ഓതിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അസ്മാഅ് ത്വൽസമാത്തിലും ഉസ്താദിന് അഗാധ പ്രാവീണ്യം ഉണ്ടായിരുന്നു. എന്നാൽ തനിക്കുള്ള കഴിവുകളെല്ലാം പുറം ലോകത്തെ അറിയിക്കുന്ന പ്രകൃതമായിരുന്നില്ല ഉസ്താദിന്റേത് എന്നുമാത്രം. ചാവക്കാട് ഹിബത്തുള്ള തങ്ങളുടെ പക്കലിൽ നിന്ന് ബദ്രിയത്തിന്റെ ഇജാസത്ത് ,സുമ്മിന്റെ ഇജാസത്ത്, സുബഹിക്ക് ശേഷം ചൊല്ലാനുള്ള ദിക്റുകൾ തുടങ്ങിയ പലതും ഉസ്താദ് സ്വീകരിച്ചിട്ടുണ്ട്. കക്കടിപ്പുറം അബൂബക്കർ മുസ്‌ലിയാരിൽ നിന്ന് മന്ത്രത്തിനും മുത്വാലഅക്കുമുള്ള ഇജാസത്തും ഉസ്താദ് സ്വീകരിച്ചിട്ടുണ്ട്. പ്രസിദ്ധമായ ശാദുലി ത്വരീഖത്തിലും ഉസ്താദ് കണ്ണിയായിട്ടുണ്ട്. കണ്ണൂർ കമ്പിൽ സ്വദേശിയായ അൽ ഹാജ് മുഹമ്മദ് അബ്ദുൽ ഫത്താഹ് അശ്ശാദുലി മുഖേനയാണ് ഉസ്താദ് ബൈഅത്ത് ചെയ്തത്. ഉസ്താദ് സന്ദർശിച്ച ആത്മീയ ഗുരുക്കളുടെ പട്ടികയിൽ ഉൾപ്പെട്ട വിശ്രുത പണ്ഡിതനാണ് ചാലിയം ഇമ്പിച്ചിക്കോയ തങ്ങൾ .


നിലവിലെ സഅദിയ്യ മുദർരിസും അറബിക് വിഭാഗം തലവനുമായ വന്ദ്യഗുരു ഉബൈദുള്ളാഹി സഅദി അന്നദ് വിയുടെ പിതാവ് പി.എ അബ്ദുള്ള മുസ്ലിയാർ ആയിരുന്നു എ.കെ ഉസ്താദ് സഅദിയ്യയിലെത്തുമ്പോഴുള്ള പ്രിൻസിപ്പാൾ. പി.എ ഉസ്താദിന്റെ വഫാത്തിനു ശേഷം പ്രിൻസിപ്പാൾ പദവി അക്കാദമിക് രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവന്ന് വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തിയ എ.കെ ഉസ്താദിനെ തേടിയെത്തി. ഗോളശാസ്ത്രത്തിൽ ഉസ്താദ് എഴുതിയ കനപ്പെട്ട രചനകളാണ് മദ്ഖലുൻ ഇലാ ഇൽമിൽ ഫലകും ഇത്വ് ലാലതുൻ അലാ ഇൽമിൽ ഫലകും. നിലവിൽ ജാമിഅത്തുൽ ഹിന്ദിന്റെ സിലബസിൽ ഇടം പിടിച്ച ഗ്രന്ഥമാണ് മദ്ഖൽ . അടുക്കും ചിട്ടയും കൊണ്ട് ശ്രദ്ധേയമായതാണ് ഉസ്താദിന്റെ പ്രസംഗങ്ങൾ . ഓരോ വേദിയിലും പരിപാടിയുടെ പശ്ചാത്തലവും ശ്രോതാക്കൾ ആരാണെന്നതും നോക്കി അവിടെ എന്താണോ പറയേണ്ടത് അതുമാത്രം പറയുന്ന രീതിയാണ് ഉസ്താദിന്റേത്. റമദാനിൽ ദുബൈ ഗവൺമെന്റ് നടത്തുന്ന ഹോളി ഖുർആൻ പരിപാടിയിൽ സഅദിയ്യയുടെ പ്രതിനിധികളായി എ.കെ ഉസ്താദിനെയും പ്രസിദ്ധ പ്രഭാഷകനായിരുന്നു മർഹൂം അബ്ദുല്ലത്തീഫ് സഅദി പഴശ്ശിയേയും സഅദിയ്യ കമ്മിറ്റി പങ്കെടുപ്പിച്ചിരുന്നു. 1995 ലാണ് ഉസ്താദിന്റെ ഹജ്ജ് യാത്ര . സഅദിയ്യ ഗ്രൂപ്പിന്റെ ആദ്യ ഹജ്ജ് യാത്രയിലെ ചീഫ് അമീറായാണ് ഉസ്താദ് പോയത്.


2011 ഏപ്രിലിൽ കോട്ടക്കൽ കോഴിച്ചെനയിൽ നടന്ന ഉലമാ കോൺഫറൻസിനോടനുബന്ധിച്ചുള്ള നേതൃയോഗമാണ് ഉസ്താദിനെ സമസ്തയുടെ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തത്. താജുൽ ഉലമാ ഉള്ളാൾ തങ്ങൾ പ്രസിഡന്റും ഖമറുൽ ഉലമാ എ.പി ഉസ്താദ് സെക്രട്ടറിയുമായ ആധികാരിക പണ്ഡിതസഭയിൽ നൂറുൽ ഉലമാ എം. എ ഉസ്താദ് , റഈസുൽ ഉലമാ സുലൈമാൻ ഉസ്താദ് തുടങ്ങിയ  വൈസ് പ്രസിഡന്റുമാരുടെ പേരിനൊപ്പം എ.കെ ഉസ്താദിന്റെ പേരും ഇടംപിടിച്ചു. ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങളുടെ നേതൃത്വത്തിൽ മലപ്പുറം മഅ്ദിൻ അക്കാദമി ഉസ്താദിന് ശ്രദ്ധേയമായൊരു ആദരവ് നൽകുകയുണ്ടായി. 2013 ഡിസംബർ 26 ന് സ്വലാത്ത് നഗറിൽ നടന്ന പരിപാടിയിൽ "സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് " നൽകിയാണ് മഅ്ദിൻ അക്കാദമി ഉസ്താദിനെ ആദരിച്ചത്. അറബി ഭാഷാ രംഗത്ത് നിസ്തുലമായ സേവനങ്ങൾ നടത്തിയ പണ്ഡിതന്മാർക്കാണ് ഖലീൽ തങ്ങളുടെ പിതാവായ സയ്യിദ് അഹ്മദുൽ ബുഖാരിയുടെ നാമധേയത്തിലുള്ള അവാർഡ് നൽകിവരുന്നത്. ആദരവിന്റെ ഭാഗമായി ഉസ്താദിന്റെ പാണ്ഡിത്യത്തോടും പ്രൗഢിയോടും യോജിച്ച ഒരു സ്ഥാനപ്പേര് കൂടി ഉസ്താദിൽ ചാർത്തുകയുണ്ടായി. സദസ്സിലും വേദിയിലുമായി നിറഞ്ഞു നിൽക്കുന്ന വിശ്വാസികളെ സാക്ഷിയാക്കി ബദ്റുസ്സാദാത്ത് ഖലീൽ തങ്ങൾ എ.കെ ഉസ്താദിനെ "നിബ്റാസുൽ ഉലമാ " എന്ന സ്ഥാനപ്പേരു വിളിച്ചു. 


എം.എ ഉസ്താദിന്റെ വഫാത്തിന് ശേഷമുള്ള പ്രഥമ സമ്മേളനമായിരുന്നു സഅദിയ്യയുടെ 46 മത് വാർഷിക സനദ് ദാന മഹാസമ്മേളനം. ദർസീ രംഗത്ത് സ്തുത്യർഹമായ സേവനങ്ങളർപ്പിച്ചവർക്കുള്ള എം.യു.എസ് ( മജ്‌ലിസുൽ ഉലമാഇസ്സഅദിയ്യീൻ ) കേന്ദ്ര കമ്മിറ്റി അവാർഡ് ( നൂറുൽ ഉലമാ അവാർഡ്) ഏർപ്പെടുത്തിയത് ഈ സമ്മേളനത്തോടെയാണ്. പ്രസ്തുത പ്രഥമ അവാർഡിനർഹനായി അവാർഡ് ജൂറി തെരഞ്ഞെടുത്തത് എ.കെ  ഉസ്താദിനെയായിരുന്നു. അക്കാലയളവിൽ വീട്ടിൽ വിശ്രമിക്കുന്ന ഉസ്താദിനെ അവാർഡ് സ്വീകരിക്കാനായി സമ്മേളനത്തിലേക്ക് കൊണ്ടുവരാനുള്ള ആലോചനയും നടന്നു. അങ്ങനെ സമാപന സമ്മേളനം നടക്കുന്ന വേദിയിലേക്ക് ഉസ്താദെത്തി വിനയാന്വിതനായി "നൂറുൽ ഉലമാ അവാർഡ് " ഏറ്റുവാങ്ങി. ഇതായിരുന്നു ഉസ്താദിന്റെ അവസാന സഅദിയ്യ സന്ദർശനം. 


അതിഥികളെ സൽക്കരിക്കുന്നതിലും പണ്ഡിതന്മാരെ ആദരിക്കുന്നതിലും കേളികേട്ട കുടുംബമായ  ആക്കോട് ദേശത്തെ കുറുന്തോട്ടത്തിൽ തറവാട്ടിലെ അംഗമായ  ആയിശകുട്ടിയാണ് ഉസ്താദിന്റെ ആദ്യഭാര്യ. 2011 ജൂണിലാണ് മഹതി ഇഹലോകവാസം വെടിയുന്നത്. മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളുമടക്കം അഞ്ചു സന്താനങ്ങളാണ് ഉസ്താദിനുള്ളത്. അബ്ദുൽ വഹാബ്, അബ്ദുൽ വാഹിദ് സഅദി ( സിറാജുൽ ഹുദാ മുദരിസ് ) , ജാബിർ , റാബിഅ, റാഫിദ . അബ്ദുൽഹമീദ് സഅദി അണ്ടോണയും  അബ്ദുൽ ജലീൽ സഖാഫി പുത്തൂപാടവും മരുമക്കളാണ്. വണ്ടൂരിനടുത്തുള്ള നിരന്നപറമ്പ് സ്വദേശിനി ഫാത്തിമ സഹ്റയെയാണ് ഉസ്താദ് രണ്ടാമതായി വിവാഹം ചെയ്തത്.


2018 ഒക്ടോബർ 14 ഞായർ , 1440 സഫർ 5 തിങ്കളാഴ്ച രാവിലാണ് ഉസ്താദ് ഈ ലോകത്തോട് വിട പറഞ്ഞത്. അണ്ടിക്കാടൻകുഴി മർഹൂം കുഞ്ഞർമ്മുട്ടി മുസ്ലിയാർ സ്മാരക സുന്നി സെന്ററിന് സമീപം ഉസ്താദ് അന്ത്യവിശ്രമം കൊള്ളുന്നു. അല്ലാഹു ഖബർജീവിതം സന്തോഷത്തിലാക്കി കൊടുക്കുമാറാകട്ടെ ..... ആമീൻ


എ.കെ ഉസ്താദ് വിജ്ഞാനത്തിന്റെ നിറകുടമായിരുന്നു. അരക്കുടം ആരവമിടും  നിറകുടം നിശബ്ദം എന്നാണല്ലോ ചൊല്ല് . അതിനുള്ള മകുടോദാഹരണമാണ് ഉസ്താദ് . അതുകൊണ്ട് തന്നെ ആരെയും വിരോധികളാക്കാതെ സംഘര്‍ഷങ്ങളില്‍പെടാതെ ശാന്തമായി അജാതശത്രുവായി ഉസ്താദ് ജീവിച്ചു. ശാന്തതയുടെ, സമചിത്തതയുടെ, മാന്യതയുടെ ആ പര്യായം ചുറ്റിലും ജ്ഞാനപ്രഭ വിതറി ജ്ഞാനപ്രസരണ ലോകത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. പെരുമാറ്റത്തില്‍ സൗമ്യന്‍, നിലപാടില്‍ കാര്‍ക്കശ്യക്കാരന്‍, പ്രവൃത്തിയില്‍ നിതാന്തജാഗരൂകന്‍ അങ്ങനെ എത്രയോ വിശേഷണങ്ങള്‍ക്കര്‍ഹനാണ് ഉസ്താദ് . ഊഷ്മളമായ സൗഹൃദത്തിന്റെയും നിര്‍മ്മല സ്‌നേഹത്തിന്റെയും ആദര്‍ശ ജീവിതത്തിന്റെയും ആള്‍രൂപവും സ്‌നേഹവും സൗമ്യതയും ശാന്തതയും കൈമുതലാക്കിയ വ്യക്തിത്വവുമായിരുന്നു ഉസ്താദ് . പെരുമാറ്റത്തിലെ തികഞ്ഞ വിനയം, പരപക്ഷ ബഹുമാനം എന്നിവ ഉസ്താദിന്റെ  വ്യക്തിത്വത്തിന്റെ മിഴിവുകളാണ്. പരന്നവായനയും അഗാധമായ അറിവും ഓര്‍മ്മശക്തിയും ഉസ്താദിന്റെ വ്യക്തിത്വത്തിന് മാറ്റു കൂട്ടി. അനിതരസാധാരണമായ വിനയത്തിന്റെ മാതൃക കൂടിയായിരുന്നു ഉസ്താദ്. ഏതുതരം വിദ്വേഷത്തിന്റെയും അതിരുകളെ മായ്ച്ചുകളയാനുള്ള കരുത്ത് ഉസ്താദിന്റെ പെരുമാറ്റപെരുമക്കുണ്ട്. 


പ്രശസ്തി, പദവി, പുരസ്‌കാരങ്ങള്‍,  ആദരവുകള്‍ എന്നിവയില്‍ നിന്നൊക്കെ കൃത്യമായ അകലം പാലിച്ചുകൊണ്ട് തന്റെ ദൗത്യത്തിൽ വ്യാപൃതനായ കര്‍മ്മനിരതനായ പണ്ഡിതൻ കൂടിയായിരുന്നു ഉസ്താദ്.

എല്ലാവരുമായി ഹൃദയബന്ധം സൂക്ഷിച്ചിരുന്ന ഉസ്താദ് നല്ലൊരു മുദരിസ്, സംഘാടകന്‍, ചിന്തകന്‍, വാഗ്മി, അവതാരകൻ, ഗോളശാസ്ത്ര വിശാരദൻ  എന്നീ നിലകളിലും മികവ് തെളിയിച്ചിട്ടുണ്ട്. ലളിതജീവിതം മുഖമുദ്രയാക്കിയ ആ മഹാമനീഷി പ്രശസ്തി പരാങ്മുഖന്‍ കൂടിയായിരുന്നു. ആദ്ധ്യാത്മിക രചനകളിലെ അതുല്യവും അനിര്‍വചനീയവുമായ രചനകളിലൊന്നായ കിതാബുല്‍ ഹികമിൽ ശൈഖ് ഇബ്നു അത്വാഇല്ലാഹി സ്സിക്കന്തരി (റ) പറഞ്ഞതു പോലെ അപ്രശസ്തിയുടെ ഭൂമികയിൽ അവർ അവരെത്തന്നെ കുഴിച്ചുമൂടുകയായിരുന്നു. ഭൗതികതയുടെ ആഡംബരത്തിലോ സുഖലോലുപതയിലോ ഉസ്താദ് വശംവദനായിരുന്നില്ല. ഒരു പണ്ഡിതന്റെ ചുമതലകള്‍ വ്യത്യസ്ത ദേശങ്ങളിൽ നിര്‍വ്വഹിക്കുമ്പോഴെല്ലാം സഹപ്രവര്‍ത്തകരോടുളള ഉസ്താദിന്റെ  സമീപനങ്ങളെല്ലാം വളരെ മാതൃകാപരമാണ്. ഉസ്താദിന്റെ നിസ്വാര്‍ത്ഥമായ, എന്നാല്‍ കണിശവും കുറ്റമറ്റതുമായ പ്രവര്‍ത്തന പന്ഥാവും, നിഖില വിജ്ഞാന ശാഖകളിലെ പാണ്ഡിത്യവും എടുത്തു പറയേണ്ടതു തന്നെയാണ്. സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും സ്‌നേഹവും ആദരവും പിടിച്ചുപറ്റിയ ഒരു പ്രവര്‍ത്തന ശൈലി കൂടിയായിരുന്നു ഉസ്താദിന്റേത്.


സ്വജീവിതം കൊണ്ടുതന്നെ ഉസ്താദ് ഒരു ഉത്തമ പണ്ഡിതന്റെ മാതൃക സൃഷ്ടിച്ചിട്ടുണ്ട്. നല്ല ആഴത്തിലുള്ള വായനയും കാര്യഗ്രഹണപാടവവും ഏതു സംഗതിയുടെയും മര്‍മം ഗ്രഹിക്കാനുള്ള കഴിവും ഉസ്താദിനുണ്ടായിരുന്നു. ഏറ്റെടുത്ത കാര്യം ആത്മാര്‍ത്ഥതയോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി ചെയ്തു തീര്‍ക്കുന്നതില്‍  അതീവ ശ്രദ്ധാലുവായിരുന്നു ഉസ്താദ്. ഉറവ വറ്റാത്ത ഹൃദയബന്ധമാണ് ഉസ്താദ് ശിഷ്യർക്ക്  സമ്മാനിച്ചത്. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും ലാളിത്യവും പണ്ഡിതോചിതവും നര്‍മ്മരസപ്രദാനവുമായ ആഖ്യാനശൈലികൊണ്ടും ശിഷ്യരുടെ  മനസില്‍ ചിരപ്രതിഷ്ഠ നേടാനും ഉസ്താദിനു സാധിച്ചു. നിരവധി ശിഷ്യഗണങ്ങള്‍ക്ക് ഉസ്താദ് അറിവിന്റെ അമൃത് പകര്‍ന്നു കൊടുത്തിട്ടുണ്ട്. ഗുരുവാത്സല്യം  എങ്ങനെയാണ് ശിഷ്യഗണങ്ങളെ കാത്തുവെക്കുന്നതെന്നും കരുതിവെക്കുന്നതെന്നും സ്വജീവിതത്തിലൂടെ ഉസ്താദ് തെളിയിച്ചിട്ടുണ്ട്. പഠനത്തിന് ശേഷം ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോഴെല്ലാം ചേര്‍ത്ത് പിടിച്ചിരുന്ന വലിയൊരു സഹായഹസ്തമാണ് നഷ്ടപ്പെട്ടതെന്ന് പറഞ്ഞു മുറിഞ്ഞുപോയ വാക്കുകളിലൂടെ അനുഭവം പങ്കുവെക്കുന്ന ശിഷ്യഗണങ്ങൾ ഇതിന് ഉബോദ്ബലകമാണ്. ഈ നിലയില്‍ ജീവിതാനുഭവമുള്ള വലിയൊരു ശിഷ്യ സമൂഹത്തിന് ഉടമയായിരുന്നു ഉസ്താദ്. സൗഹൃദങ്ങള്‍ ഊഷ്മളമായ അനുഭവമാക്കുന്നതില്‍, വിദ്യാര്‍ത്ഥികളുമായുള്ള ബന്ധം വാല്‍സല്യം നിറഞ്ഞതാക്കുന്നതില്‍, പ്രതിസന്ധികളെ പരിഭവമില്ലാതെ പരിഹരിക്കുന്നതില്‍, അങ്ങനെ ഇടപെട്ട രംഗങ്ങളിലെല്ലാം മാതൃക സൃഷ്ടിച്ചുകൊണ്ടാണ് ഉസതാദ് കടന്ന്പോയത്. ജനക്കൂട്ടത്തെ ഇളക്കിമറിക്കുന്ന പ്രഭാഷകനായിരുന്നില്ല ഉസ്താദ്. എന്നാല്‍ ഏവർക്കും സുഗ്രാഹ്യമാം വിധം സുതരാം വ്യക്തമായി കാര്യങ്ങള്‍ വിശദീകരിക്കാനുള്ള പാടവം അപാരം തന്നെയായിരുന്നു. സംശയങ്ങള്‍ക്കിട നല്‍കാതെ കേള്‍ക്കുന്നവനെ ബോധ്യപ്പെടുത്താനുള്ള ഉസ്താദിന്റെ കഴിവ് പണ്ഡിതനെന്ന നിലയ്ക്ക് ഉസ്താദിന് നല്ലസ്ഥാനം നേടിക്കൊടുത്തിട്ടുണ്ട്. ധാരാളം വിഷയങ്ങളെക്കുറിച്ച് വ്യക്തമായ അറിവും കാഴ്ചപ്പാടും ഉണ്ടായിരുന്ന ഉസ്താദിനോടൊപ്പമുള്ള യാത്രകള്‍ വിജ്ഞാനപ്രദമായിരുന്നുവെന്ന് സന്തത സഹചാരികളുടെ സാക്ഷ്യം കാണാം. വിവിധ ഭാഷകളിലും വിഷയങ്ങളിലുള്ള വായനയിലൂടെയും വ്യത്യസ്ത മേഖലകളിലെ പ്രമുഖരുമായുള്ള സമ്പര്‍ക്കത്തിലൂടെയും നേടിയെടുത്ത അനുഭവ സമ്പത്ത് കാരണം ഏതൊരാള്‍ക്കും ഏത് വിഷയത്തെക്കുറിച്ചും ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് നിവൃത്തി വരുത്താന്‍ ഉസ്താദിന് കഴിഞ്ഞിരുന്നു. ഉസ്താദിന്റെ  ഇച്ഛാശക്തിയുള്ള മനസ്സും അന്വേഷണാത്മകതയും പ്രതിബന്ധങ്ങള്‍ നേരിടാനുള്ള മനക്കരുത്തും പ്രസ്താവ്യമാണ്. ഈ ഗുണങ്ങള്‍ ഉസ്താദിന്റെ വിശിഷ്ടമായ ജീവിതത്തെ അടയാളപ്പെടുത്തുന്നതായിരുന്നു.


ആത്മാര്‍ത്ഥതയിൽ കുരുത്ത ആദര്‍ശമായിരുന്നു ഉസ്താദിനെ നയിച്ചത്. ആ പണ്ഡിതജീവിതം നമുക്കെന്നും വഴിവെളിച്ചമാണ്. ഉദ്ദേശശുദ്ധിയും ആത്മാര്‍ത്ഥതയും ഉസതാദിന്റെ വാക്കുകളിലും പ്രവൃത്തികളിലുമുടനീളം  നിഴലിച്ചിരുന്നു. പ്രവര്‍ത്തനമണ്ഡലങ്ങളായിരുന്ന ഓരോ പ്രദേശത്തെയും പരിതസ്ഥിതികളെ  കൃത്യമായി മനസ്സിലാക്കുകയും അതിനോട് വളരെവേഗം ഇണങ്ങിച്ചേരുകയും ചെയ്യുന്ന പ്രകൃതമായിരുന്നു ഉസ്താദിന്റേത്. മറ്റുള്ളവരുടെ ക്ഷേമവും വിവരവും ഔത്സുക്യത്തോടെ അറിയാനായിരുന്നു അവസാനം വരെ ശ്രമിച്ചത്. ജീവിതത്തിൽ നേരിടേണ്ടി വരുന്ന കഷ്ടാരിഷ്ടതകളിലും അസൗകര്യങ്ങളിലും  ആരോടും പരിഭവപ്പെടാതെ, ഒരു പരാതിയുമില്ലാത്ത നിഷ്കളങ്ക ജീവിതം നയിച്ച ഒരു പച്ചയായ മനുഷ്യനായിരുന്നു ഉസ്താദ്. വലിയ ഗതാഗത സൗകര്യങ്ങളോ താമസിക്കാനുള്ള നല്ല ചുറ്റുപാടുകളോ ഇല്ലാതിരുന്നിടങ്ങളിൽ പോലും യാതൊരു മടിയും കൂടാതെ ഈ സാഹചര്യങ്ങളോടൊക്കെ ഇണങ്ങിച്ചേര്‍ന്ന് ഉസ്താദ് ദീനിസേവനം നടത്തി. മണിക്കൂറുകള്‍ നീണ്ട നടത്തവും ഭക്ഷണത്തിന്റെ ബുദ്ധിമുട്ടുകളും ഒന്നും ഉസ്താദിൽ ഒരംശം പോലും വൈഷമ്യമോ വിമുഖതയോ  ഉൽപാദിപ്പിച്ചില്ല. സാർത്ഥകമായ കര്‍മ്മപരിപാടികളിലൂടെ നാട്ടുകാരെ മുഴുവന്‍ കര്‍മ്മോന്‍മുഖരാക്കി മഹല്ലിനെ സജ്ജമാക്കുന്നതിലും ഉസ്താദ് വിജയിച്ചു. കാപട്യങ്ങളില്ലാതെ, അന്തര്‍മുഖത്വം ഇഷ്ടപ്പെട്ട, എന്നാല്‍ പൊതുസമൂഹത്തോടൊപ്പം മുന്‍നിരയില്‍ തന്നെ നടന്ന് നീങ്ങിയ ഉസ്താദിന്റെ അഭാവം ഇസ്ലാമിക വൈജ്ഞാനികാന്തരീക്ഷത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ്.



അവിടുത്തെ വർണ്ണവൈവിധ്യം നിറഞ്ഞ സംഭവബഹുലമായ ജീവിത ചിത്രങ്ങൾ ശ്രമകരമായി തേടിപ്പിടിച്ച് ക്രമാനുഗതമായി അവ വിന്യസിച്ച് അക്ഷരങ്ങളിൽ നിന്ന് തൊട്ടടുത്ത അക്ഷരങ്ങളിലേക്ക് വാക്കുകളിൽ നിന്ന് തൊട്ടടുത്ത വാക്കുകളിലേക്ക് വരികളിൽ നിന്ന് തൊട്ടടുത്ത വരികളിലേക്ക് പേജുകളിൽ നിന്ന് തൊട്ടടുത്ത പേജുകളിലേക്ക് അധ്യായങ്ങളിൽ നിന്ന് തൊട്ടടുത്ത അധ്യായങ്ങളിലേക്ക് അവിരാമ പ്രയാണത്തിന് പ്രചോദനാത്മകമായ വായനാക്ഷമത സമ്മാനിച്ച ചരിത്രായന സമാഹാരകൻ ഹിശാം നുസ് രി സഅദിക്കും പ്രസാധകർ എം.യു.എസ്സിനും അകൈതവമായ കൃതജ്ഞത അറിയിക്കുന്നു. ചരിത്രായനത്താളിൽ ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി അവർകൾ പറഞ്ഞതു പോലെ "തൻ്റെ പുരുഷായുസ്സ് മുഴുവനായും ദീനിനും ഇൽമിനും വിനിയോഗിച്ച എ.കെ ഉസ്താദ് അവസാനത്തെ മൂന്നു പതിറ്റാണ്ടുകാലം സഅദിയ്യയിലാണ് സേവനനിരതനായത്. അതിനാൽ ഉസ്താദിന്റെ സ്ഥാനവും മഹത്വവും മധ്യകേരളത്തിൽ,  വിശിഷ്യാ പുതിയ തലമുറക്ക് വേണ്ടത്ര സുപരിചിതമല്ല. എല്ലാവരും ഉസ്താദിനെ വേണ്ടതുപോലെ മനസ്സിലാക്കേണ്ടതുണ്ട്" എല്ലാവരും ആ വലിയ ജീവിതം വായിച്ചറിയേണ്ടതുണ്ട്. അതിനുള്ള പരിഹാരമാണ് ചരിത്രായനത്തിന്റെ പിറവിയെന്ന് മനസ്സിലാക്കുന്നു. ഈ കുറിപ്പിന്റെ സർവ്വ കടപ്പാടും ചരിത്രായനത്തോടാണ്. എ.കെ ഉസ്താദിന്റെ മാഹാത്മ്യത്തിന്റെ മേന്മ പ്പെയ്ത്തുകൾ ചാലിട്ടൊഴുകുന്നുണ്ട് ഓർമ്മപുസ്തകമായ ചരിത്രായനത്തിൽ . ഏതാനും ചിലത് മാത്രം താഴെ ചേർക്കുന്നു. 


സഹപാഠിയായിരുന്ന റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് ഓർമ്മകൾ അയവിറക്കുന്നു : "പഠനത്തിൽ യാതൊരു വീഴ്ചയും വരുത്താത്ത ആളായിരുന്നു അബ്ദുറഹ്മാൻ മുസ്ലിയാർ . മാതാപിതാക്കളെ പരിചരിക്കുന്നതിനായി ഇടക്കിടെ നാട്ടിൽ പോകും. ദർസ് മുടങ്ങിയാൽ പള്ളിയിൽ തിരിച്ചെത്തിയ ഉടനെ എന്നെ സമീപിക്കും. എന്റെയടുത്തു നഷ്ടപ്പെട്ടതൊക്കെ ഓതിയെടുക്കും. ഞങ്ങൾക്കിടയിൽ വലിയ സ്നേഹമായിരുന്നു. എപ്പോഴും ഞങ്ങളൊന്നിച്ചായിരിക്കും. കിതാബുകൾ മുന്നിൽ വെച്ച് വൈജ്ഞാനികമായ ചർച്ചകളിൽ മുഴുകലാണ് ഞങ്ങളുടെ പതിവ്" .


സുൽത്താനുൽ ഉലമാ എ പി ഉസ്താദിന്റെ വാക്കുകൾ : "പാണ്ഡിത്യത്തിന്റെ നിറകുടമാണ് എ.കെ ഉസ്താദ് . ഫിഖ്ഹിൽ അദ്ദേഹത്തിന് അഗാധമായ ജ്ഞാനം ഉണ്ടായിരുന്നു. മറ്റു ഫന്നുകളിലും തഥൈവ. വളരെ കുറച്ചേ സംസാരിക്കുകയുള്ളൂ. പക്ഷേ, പറയുന്നതെല്ലാം കൃത്യവും സത്യവുമായിരിക്കും. സംസാരത്തിലും എഴുത്തിലും അങ്ങേയറ്റം സൂക്ഷ്മത പുലർത്തിയിട്ടുണ്ട്. അധ്യാപന രംഗത്ത് അദ്ദേഹം നടത്തിയ ശ്രദ്ധേയവും പ്രശംസനീയവുമായ സേവനങ്ങൾക്ക് ജീവിക്കുന്ന ഉദാഹരണങ്ങൾ അദ്ദേഹത്തിന്റെ ശിഷ്യന്മാർ തന്നെയാണ്. അദ്ദേഹത്തിനും ശിഷ്യന്മാർക്കും ഇടയിൽ നല്ലൊരു സ്നേഹബന്ധം നിലനിൽക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്". ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹീമുൽ ഖലീൽ തങ്ങൾ ഉസ്താദിനെക്കുറിച്ച് പങ്കുവെക്കുന്നതിങ്ങനെ : "തന്റെ പുരുഷായുസ്സ് മുഴുവനായും ദീനിനും ഇൽമിനും വിനിയോഗിച്ച എ.കെ ഉസ്താദ് അവസാനത്തെ മൂന്നു പതിറ്റാണ്ടു കാലം സഅദിയ്യയിലാണ് സേവന നിരതനായത്. അതിനാൽ ഉസ്താദിന്റെ സ്ഥാനവും മഹത്വവും മധ്യകേരളത്തിൽ, വിശിഷ്യാ പുതിയ തലമുറക്ക് വേണ്ടത്ര സുപരിചിതമല്ല. എല്ലാവരും ഉസ്താദിനെ വേണ്ടതു പോലെ മനസ്സിലാക്കേണ്ടതുണ്ട്. പഠിക്കുന്ന കാലം മുതലേ എ.കെ ഉസ്താദിനെ അനുഭവിച്ചിട്ടുണ്ട്. കോടമ്പുഴ ബാഅലവി മസ്ജിദിൽ ശൈഖുനാ പെരുമുഖം ബീരാൻകോയ ഉസ്താദിന്റെ ദർസിലാണ് ഞാൻ പഠിച്ചിരുന്നത്. കോടമ്പുഴയുടെ തൊട്ടടുത്ത മഹല്ലാണ് എ.കെ ഉസ്താദിന്റെ നാടായ അണ്ടിക്കാടൻ കുഴി. അന്ന് ഉസ്താദ് ദർസ് നടത്തിയിരുന്നത് കോടമ്പുഴയിൽ നിന്ന് അൽപ്പം ദൂരെയുള്ള ചെമ്മൽ പള്ളിയിലാണ്.  ഒ.കെ ഉസ്താദിന്റെ ചാലിയത്തെ ദർസിൽ ഒരേ സമയം പഠനം നടത്തിയ ബീരാൻകോയ ഉസ്താദും എ.കെ ഉസ്താദും കൂട്ടുകാരായിരുന്നു. ഞങ്ങളുടെ ദർസിൽ സമാജത്തിനു കീഴിൽ നടന്ന പല പരിപാടികൾക്കും അതിഥിയായി എ.കെ ഉസ്താദ് വന്നിട്ടുണ്ട്. അന്നു തന്നെ ഉസ്താദിന്റെ ആകർഷണീയമായ സ്വഭാവം മനസ്സിനെ കുളിരണിയിച്ചിട്ടുണ്ട് . വിവിധ വിജ്ഞാനശാഖകളിൽ ഉസ്താദിനുള്ള അവഗാഹവും എന്തു ചോദിച്ചാലും കൃത്യമായ മറുപടി പറയാനുള്ള പാടവവും കണ്ട് അതിശയം പൂണ്ടിട്ടുണ്ട്. പിൽക്കാലത്ത് സമസ്തയുടെ മുശാവറയിലും ആ പാണ്ഡിത്യത്തിന്റെ നിബ്റാസ് അനുഭവിക്കാനായത് അഭിമാനമുള്ള ഓർമ്മയായി ഇന്നും മനസ്സിൽ ജീവിക്കുന്നു. വിദ്യാർത്ഥിത്വം , അധ്യാപനം, ഗുരുശിഷ്യ ബന്ധം, മഹല്ലുഭരണം, സംഘാടനം, പുതുമകളുടെ സ്വാംശീകരണവും പഴമയുടെ നിലനിൽപ്പും തുടങ്ങി ഒരു പണ്ഡിതൻ തന്റെ ജീവിതത്തിൽ വിശേഷണങ്ങളോരോന്നും ഉസ്താദ് ജീവിച്ച് കാണിച്ചിട്ടുണ്ട്". മർഹൂം കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാർ അനുസ്മരിക്കുന്നു : "എ.കെ ഉസ്താദിനെ കുറിച്ച് ഒറ്റവാക്കിൽ പറയുകയാണെങ്കിൽ അദ്ദേഹം തഹ്‌ഖീഖുള്ള ഒരു പണ്ഡിതനാണ്. മുശാവറയിൽ ചർച്ചകൾ നടക്കുമ്പോൾ അദ്ദേഹം നടത്തുന്ന ഇടപെടലുകളിൽ നിന്ന് അദ്ദേഹത്തിലെ പാണ്ഡിത്യത്തിന്റെ ഗരിമ മനസ്സിലാക്കാൻ സാധിക്കും. മസ്അലകളെല്ലാം നന്നായി അവതരിപ്പിക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവായിരുന്നു. എല്ലാം ശാന്തമായി പറയും. എടുത്തുചാട്ടം അദ്ദേഹത്തിൽ തീരെ ഉണ്ടായിരുന്നില്ല. സാധാരണ ഉസ്താദുമാർ വേണ്ടത്ര പരിഗണിക്കാത്ത പല വിജ്ഞാനശാഖകളിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. അതിനൊരു ഉദാഹരണം മാത്രമാണ് ഗോളശാസ്ത്രത്തിൽ അദ്ദേഹം ആർജ്ജിച്ചടുത്ത അവഗാഹം". 


ഖലമുൽ ഇസ്ലാം ശൈഖുനാ കോടമ്പുഴ ബാവ മുസ്ലിയാരുടെ വാക്കുകൾ : "ദീർഘകാലം ദർസ് നടത്തി പരിചയമുള്ള നല്ല തഹ്ഖീഖുള്ള പണ്ഡിതനാണ് അബ്ദുറഹ്മാൻ മുസ്‌ലിയാർ . എല്ലാ ഫന്നുകളിലും പ്രാവീണ്യമുണ്ടായിരുന്നു. ദർസീ കിതാബുകൾ മാത്രം മുത്വാലഅ ചെയ്യുന്നയാളായിരുന്നില്ല , മറ്റു കിതാബുകളും വിശദമായി വായിക്കും. പുതിയ വിഷയങ്ങൾ പഠിക്കുകയും അതു കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്യും. ഞാനെഴുതിയ കിതാബുകളിൽ ചിലത് അദ്ദേഹത്തെക്കൊണ്ട് പരിശോധിപ്പിച്ചിട്ടുണ്ട്. സുന്നി വിദ്യാഭ്യാസ ബോർഡ് രൂപീകരിച്ചപ്പോൾ പുസ്തകം തയ്യാറാക്കുന്ന വർക്ക്ഷോപ്പിൽ അദ്ദേഹമുണ്ടായിരുന്നു. മതപരമായ വിഷയങ്ങളിൽ കർശനമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. എവിടെയും ആരുടെ മുമ്പിലും ദീനിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. സംഘടനാപരമായി നല്ല സ്പിരിറ്റും ആവേശവും ഉണ്ടായിരുന്നു. പ്രശസ്തി തീരെ ആഗ്രഹിച്ചിരുന്നില്ല". മുഹ് യിസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഓർമകളിങ്ങനെ : "ഞാൻ കോട്ടൂർ ഉസ്താദിന്റെയടുത്ത് കൊണ്ടോട്ടിയിൽ ഓതുന്ന കാലം. അന്ന് അബ്ദുറഹ്മാൻ മുസ്‌ലിയാർ ചെമ്മലിൽ മുദരിസ് ആണ് . അബ്ദുറഹ്മാൻ മുസ്‌ലിയാർ കോട്ടൂർ ഉസ്താദിനെ കാണാൻ വരാറുണ്ടായിരുന്നു. എന്നാൽ ഉസ്താദിനെ കാണാൻ വരുന്ന ഈ മുസ്ലിയാർ ആരാണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല . ഒരു ദിവസം അദ്ദേഹം അവിടെ വന്ന് തിരിച്ചു പോയപ്പോൾ കോട്ടൂർ ഉസ്താദ് ക്ലാസിൽ ഞങ്ങളോട് പറഞ്ഞു: ഇവിടെ വന്ന മുസ്ലിയാർ പ്രശസ്ത പണ്ഡിതനായ കുഞ്ഞർമുട്ടി മുസ്ലിയാരുടെ സഹോദരന്റെ മകനാണ്. ഇദ്ദേഹം നമ്മുടെ ഉസ്താദായ ഒ.കെ ഉസ്താദിന്റെ അടുത്താണ് അവസാനം ഓതിയത്. അവിടെ നിന്നാണ് കോളേജിൽ പോയത്. ഒ.കെ ഉസ്താദിന് ഇഷ്ടപ്പെട്ട ശിഷ്യനാണ് ഇദ്ദേഹം. കിതാബ് നല്ലവണ്ണം തിരിയുന്ന വ്യക്തിയാണ്. എല്ലാം തഹ്ഖീഖോട് കൂടി പഠിച്ച് മനസ്സിലാക്കിയിട്ടുണ്ട്. അങ്ങനെയാണ് ഞാൻ ആദ്യമായി അബ്ദുറഹ്മാൻ മുസ്ലിയാരെ അറിയുന്നത്. പിൽക്കാലത്ത് എ.കെ ഉസ്താദുമായി കൂടിയിരുന്ന് വൈജ്ഞാനികമായ ചർച്ചകൾ നടത്തിയപ്പോൾ അവിടുത്തെ പാണ്ഡിത്യത്തിന്റെ മികവ് ഞാൻ അനുഭവിച്ചറിഞ്ഞു. സമസ്തയുടെ മുശാവറയിലും അദ്ദേഹത്തെ അനുഭവിക്കാനായി".


ഇത്യാദി നിരവധി പണ്ഡിത കേസരികളുടെ തിലകക്കുറികളാൽ സമ്പന്നമാണ് ചരിത്രായനം. ചരിത്രായനത്തിലൂടെ ഒരു അയനം നടത്തി അവ കൂടി ഉൾകൊള്ളണമെന്ന് ഉണർത്തുന്നു. സദുദ്യമം വെളിച്ചം കാണിക്കാൻ യത്നിച്ച സർവർക്കും നാഥൻ പ്രതിഫലം നൽകുമാറാകട്ടെ .

Wednesday, 26 July 2023

 *കണ്ണുകാണാത്ത പാവക്കുട്ടി*



ചുടുമണലിൽ

ജീവിതം തീർക്കുകയാണയാൾ

അവൾക്കും അവളുടെ മക്കൾക്കുമായ്

നിറയാത്ത വയറും അടയാത്ത മിഴിയും

ത്യാഗങ്ങളേറെ താണ്ടുന്നയാൾ


ചൊന്നില്ലയാളൊന്നും തൻ രക്തങ്ങളോട്

അറിയരുതൊന്നുമെൻ ജീവൻ തുടിപ്പുകൾ


അറിഞ്ഞില്ല അവളും അവളുടെ മക്കളും

വിശപ്പിന്റെ അല്ലലും ഉറക്കത്തിൻ വിലയും

ജീവിതം തിമിർത്താടി പൊളിച്ചു

തനിക്ക് വേണ്ടവർക്കൊപ്പം

പ്രവാസിയുടെ ഭാര്യ എന്നവൾ ഉറക്കെ പറഞ്ഞു


ഇടക്കയാൾ വന്നു തൻ ഭൂമിയിൽ 

നിന്നിടുമയാൾ എണ്ണം ദിനങ്ങൾ

ഓടിടുമയാൾ തൻ നാട്ടുകാർക്കായ്

കൂരയില്ലാത്തവർക്കാരുകൂര വെക്കാൻ

അന്നമില്ലാത്തവർക്കൊന്നു കൈനീട്ടാൻ

തീർന്നിടുമയാളുടെ അവധി

കയറിടും വീണ്ടും മരുഭൂ മണലിൽ

ആളുകൾ അയാളെ , നോക്കി പറഞ്ഞു !!

കണ്ണുകാണാത്തൊരു പാവ തന്നെ !!!




Tuesday, 2 May 2023

വിട പറയുന്ന റമളാൻ

 


ഓരോ നിമിഷങ്ങളും പാഴായി കടന്നുപോവുക എന്നുള്ളത് തന്നെ മനുഷ്യനെ സംബന്ധിച്ചിടത്തോളം നഷ്ടമാണ്. കാരണം നിമിഷങ്ങൾ കൂടിച്ചേർന്നാണ് മിനുട്ടുകളും മണിക്കൂറുകളും ദിവസങ്ങളും മാസങ്ങളും വർഷങ്ങളും രൂപപ്പെടുന്നത്. ഓരോ നിമിഷങ്ങളുടെയും കടന്നുപോക്ക് അവൻ്റെ മരണത്തിലേക്കുള്ള ദൂരം കുറയ്ക്കുന്നുണ്ട്. എന്നാൽ അനേകം പവിത്രത കൽപ്പിക്കപ്പെട്ട റമളാൻ നിമിഷങ്ങൾ കടന്നുപോവുക എന്നത് അത്യധികം ഖേദകരമാണെന്നത് പറയേണ്ടതില്ലല്ലോ. വിശ്വാസികളുടെ ഹൃദയാന്തരാളങ്ങളിലേക്ക് വിശുദ്ധിയുടെ കുളിർകാറ്റുമായി വന്ന വിശുദ്ധ റമളാൻ ഏതാനും ദിവസങ്ങൾ കൊണ്ട് പടിയിറങ്ങുകയാണ്. എത്ര വേഗമാണ് റമളാനിലെ പകലിരവുകൾ കടന്നുപോയത്. ജീവിതചക്രം അങ്ങനെയാണ്. ആരെയും ഒന്നിനും കാത്തുനിൽക്കാതെ സദാ കറങ്ങുന്നു. ദിവസങ്ങൾ കറങ്ങിത്തീരുമ്പോൾ നമ്മുടെ ആയുസ്സിലെ വിലപ്പെട്ട ഏടുകളാണ് മറിഞ്ഞുതീരുന്നത്. സമയമാണ് ഏറ്റവും വലിയ നിധിയെന്നാണ് റമളാൻ നമ്മെ ബോധ്യപ്പെടുത്തുന്ന സുപ്രധാനമായൊരു കാര്യം.
എന്നാൽ മരണം വരെ മടുക്കാതെ ആരാധനാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനാണ് ഖുർആനിന്റെ ആഹ്വാനം. മരണം വരുന്നതുവരെ നീ നിന്റെ നാഥനെ ആരാധിക്കുക.(ഹിജ്റ്-99).
റമളാനിലെ പ്രതിഫല വർധനവ് കണക്കിലെടുത്ത് വിശ്വാസികൾ അരമുറുക്കി ഈ ഒരു മാസം ഇതര മാസത്തിലെക്കാൾ ആരാധനാനിമഗ്നരാകുന്നുവെന്നത് പരമാർത്ഥം തന്നെ. ഒരു മാസത്തെ കഠിനപരിശ്രമത്തിലൂടെ നേടിയെടുക്കുന്ന ഇലാഹീസാമീപ്യവും പുണ്യവും ഇതരമാസങ്ങളില്‍ കൂടുതല്‍ വര്‍ധിപ്പിക്കാനായിരിക്കണം നാം ശ്രമിക്കേണ്ടത്. ദൈവസ്മരണയാൽ ആമൂലാഗ്രം ധന്യമാക്കി നേടിയെടുത്ത പരിശീലനം തുടർജീവിതത്തിൽ ചൈതന്യം ചോർന്നുപോകാതെ നിലനിർത്തണം. അങ്ങനെ റമളാനിലൂടെ നേടിയെടുക്കുന്ന നവചൈതന്യം ശിഷ്ടജീവിതത്തില്‍ തുടരാനാവുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ റമളാനും നോമ്പുമായിത്തീരുന്നത്. നോമ്പ്, ഹജ്ജ് തുടങ്ങിയ മഹത്തായ ആരാധനാകര്‍മ്മങ്ങളുടെ സ്വീകാര്യത, അവക്ക് ശേഷമുള്ള ജീവിതക്രമത്തിലും കര്‍മ്മങ്ങളിലും വരുന്ന മാറ്റങ്ങളിലൂടെ മനസ്സിലാക്കാമെന്നാണ് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. തഖ്‍വ കൈമുതലാക്കി ഉള്ളകം തേച്ചുമിനുക്കി അടിഞ്ഞുകൂടിയ മ്ലേഛതകൾ ഉരുക്കിക്കളഞ്ഞ് ആർജ്ജിച്ചെടുത്ത നന്മ ശേഖരവും രാപ്പകലിലെ അവിശ്രമ പരിശ്രമങ്ങൾക്കൊടുവിൽ സ്വായത്തമായ സ്ഫുടം ചെയ്യപ്പെട്ട മാനസവും വലിച്ചെറിഞ്ഞ്‍ വീണ്ടും തിന്മകളെ വാരിപ്പുണരാനാണ് ശ്രമിക്കുന്നതെങ്കിൽ വ്രതം ഒരു സ്വാധീനവും ചെലുത്തിയില്ലെന്ന് മനസ്സിലാക്കുക. വെറും പട്ടിണിയും പൈദാഹവും ഉറക്കമൊഴിക്കലും മാത്രം ബാക്കിയാക്കി റമളാൻ വിടപറഞ്ഞു എന്ന് തിരിച്ചറിയുക.
ഈ മാസം നമ്മെ വിട്ടു പിരിയുമ്പോള്‍, ഈ മാസത്തിലൂടെ സദ് വൃത്തരായ ആളുകള്‍ നമുക്കിടയിലുണ്ട്. ഈ മാസത്തില്‍ ചില ആളുകള്‍ മോശക്കാരായിത്തീര്‍ന്നിട്ടുമുണ്ട്. സദ്‌വൃത്തരായ വിശ്വാസികള്‍ക്ക് ഈ മാസം അനുകൂലമായി സാക്ഷി പറയും. ഈ വിശുദ്ധ മാസത്തില്‍ ജീവിക്കാന്‍ അവസരം ലഭിച്ചിട്ടും പാപങ്ങളില്‍ നിന്ന് മോചനം നേടാത്തവര്‍ക്കെതിരില്‍ ഈ മാസം സാക്ഷി പറയുകയും ചെയ്യും. പതിനൊന്ന് മാസക്കാലം അവയവങ്ങള്‍ക്ക് കടിഞ്ഞാണില്ലാതെ പാപത്തില്‍ മുഴുകിയ മനുഷ്യന് അതില്‍ നിന്ന് മുക്തി നേടാനുള്ള ഈ സുവര്‍ണ്ണാവസരം അല്ലാഹു നല്‍കിയിട്ട് തെറ്റ് തിരുത്താനും റബ്ബിലേക്ക് മടങ്ങാനും തൗബ ചെയ്ത് പാപങ്ങളില്‍ നിന്ന് രക്ഷപെടാനും അവന്‍ ശ്രമിച്ചിട്ടില്ലെങ്കില്‍ അവന്റെ അവസ്ഥ കഷ്ടം തന്നെ. റമളാൻ ആഗതമായിട്ടും അപരാധങ്ങളിൽ മുഴുകി, തെറ്റുകളിൽ അഭിരമിച്ച്, ആരാധനകളിൽ ശ്രദ്ധ പുലർത്താതെ, നന്മകളിൽ ഉത്സാഹം കാണിക്കാതെ, അങ്ങനെ പാപമോചനം നേടാതെ റമദാൻ വിട പറയുകയും ചെയ്താൽ അവർ അമ്പേ പരാജിതരാണ്. അവർക്കെതിരെ നബി (സ)യുടെ പ്രാർത്ഥനയുണ്ട്. 
ഒരിക്കല്‍ നബി(സ) പരിശുദ്ധ റമസാനില്‍ മദീന പള്ളിയിലെ മിമ്പറില്‍കയറവെ, ആദ്യപടി കയറിയപ്പോള്‍ ‘ആമീന്‍’ എന്ന് പറഞ്ഞു. രണ്ടാമത്തേതിലും മൂന്നാമത്തേതിലും നബി (സ) ‘ആമീന്‍’ എന്നു പറഞ്ഞു. സ്വാഹാബാക്കള്‍ ചോദിച്ചു; ‘പ്രവാചകരേ, മുമ്പ് ഒന്നും ഇല്ലാത്ത രീതിയിൽ അങ്ങ് ആമീന്‍ പറയുന്നതായി ഞങ്ങള്‍ കേട്ടു. എന്താണ് ഇത്? പ്രവാചകന്‍ (സ) പറഞ്ഞു: ‘ഞാന്‍ ആദ്യപടി കയറിയപ്പോള്‍ ജിബ്‌രീല്‍ (അ) അഭിമുഖമായി വന്നുകൊണ്ട് പ്രാര്‍ത്ഥിച്ചു. "ഒരു മനുഷ്യന് പരിശുദ്ധ റമസാന്‍ സമാഗതമാകുകയും എന്നിട്ട് അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്തിട്ടില്ലെങ്കില്‍ അവന്‍ അല്ലാഹുവിന്റെ റഹ്മത്തിനെ തൊട്ട് വിദൂരത്താവട്ടെ" എന്ന്. അപ്പോള്‍ ഞാന്‍ "ആമീന്‍" പറഞ്ഞു. രണ്ടാമത്തെ സ്റ്റെപ്പ് കയറിയപ്പോള്‍ ജിബ്‌രീല്‍ (അ) പ്രാര്‍ത്ഥിച്ചു: "ഒരു മനുഷ്യന് വയോവൃദ്ധരായ മാതാപിതാക്കള്‍ അല്ലെങ്കില്‍ രണ്ടില്‍ ഒരാള്‍ ജീവിച്ചിരിക്കുകയും അവരുടെ സേവനം കാരണം അവന് സ്വര്‍ഗപ്രവേശനം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്റെ റഹ്മത്തില്‍ നിന്ന് അവൻ വിദൂരത്താവട്ടെ" എന്ന് ജിബ്‌രീല്‍ (അ) പ്രാര്‍ത്ഥിച്ചപ്പോള്‍ ഞാന്‍ "ആമീന്‍" പറഞ്ഞു. മൂന്നാമത്തെ സ്റ്റെപ്പ് കയറിയപ്പോള്‍, "അങ്ങയുടെ പേര് ഒരു മുസ്‌ലിമായ മനുഷ്യന്റെ അരികില്‍ വെച്ച് പറയപ്പെട്ടു, എന്നിട്ട് തങ്ങളുടെ പേരില്‍ അവന്‍ സ്വലാത്ത് ചൊല്ലിയിട്ടില്ലെങ്കില്‍ അവന്‍ അല്ലാഹുവിന്റെ റഹ്മത്തില്‍ നിന്ന് വിദൂരത്താവട്ടെ" എന്ന് പ്രാര്‍ത്ഥിച്ചു. ഞാൻ "ആമീന്‍" പറഞ്ഞു.

റമളാൻ വിടപറയുക എന്നുള്ളത് ഒരു മുസ്വീബത്ത് തന്നെയാണ്. ജാബിർ (റ) നബി(സ) തങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നതായി കാണാം. "ഈ സമുദായത്തിന് വന്നു പതിച്ച മുസ്വീബത്ത് ഓർത്ത് കൊണ്ട് റമളാനിന്റെ അവസാന രാത്രിയായാൽ അല്ലാഹുവിന്റെ മലക്കുകളും ആകാശഭൂമിയും കരയും". നബി (സ) തങ്ങൾ ഇത്രയും പറഞ്ഞതും ഉടനെ സദസ്യരാരോ വിളിച്ചു ചോദിച്ചു: തിരുദൂതരേ, എന്ത് മുസ്വീബത്ത് ഓർത്തിട്ടാണ് അവർ കരയുന്നത് ? നബി തങ്ങളുടെ ഉത്തരത്തിനു ഒരു നിമിഷത്തെ ആലോചന പോലും വേണ്ടിവന്നില്ല. അവിടുന്ന് ഉടനടി പറഞ്ഞു : "റമളാൻ വിട ചോദിക്കലാണാ മുസ്വീബത്ത് . കാരണം റമളാനിലെ പ്രാർത്ഥനകൾക്കെല്ലാം ഉത്തരം നൽകപ്പെടും. റമളാനിലെ സ്വദഖകളെല്ലാം സ്വീകരിക്കപ്പെടും. റമളാനിൽ ചെയ്യുന്ന നന്മകൾക്കെല്ലാം ഇരട്ടി പ്രതിഫലം നൽകപ്പെടും. റമളാനിൽ എല്ലാ ശിക്ഷകളും ഉയർത്തപ്പെടുന്നതാണ്. അപ്പോൾ പിന്നെ റമളാൻ പോകുന്നതിനേക്കാൾ വലിയ മുസ്വീബത്ത് എന്താണ് !! നമ്മുടെ കാര്യം ആലോചിച്ചിട്ടാണ് ആകാശഭൂമികൾ കരയുന്നത്. പക്ഷേ ഈ വിഷയത്തിൽ കരയാൻ ഏറ്റവും അനുയോജ്യർ നമ്മളല്ലേ !? കാരണം ഈ ആദരവുകളെല്ലാം നിർത്തപ്പെടുന്നത് നമുക്കല്ലേ . അതുകൊണ്ട് അവരെക്കാൾ കരയൽ കൊണ്ട് ഏറ്റവും ബന്ധപ്പെട്ടവർ നമ്മളാണ്". നബി തങ്ങൾ പറഞ്ഞു നിർത്തി. (ദഖാഇറുൽ ഇഖ്‌വാൻ ഫീ മവാഇളി ശഹരി റമളാൻ )

പരിശുദ്ധ റമളാന്‍ വിടപറയുമ്പോള്‍ ഒരു ആത്മപരിശോധനക്ക് നാം തയ്യാറാകേണ്ടതുണ്ട്. റമളാന്റെ അനര്‍ഘ നിമിഷങ്ങള്‍ സമ്പൂര്‍ണമായി നാം ഉപയോഗപ്പെടുത്തിയോ? അതോ അലസമായി കഴിച്ചുകൂട്ടിയോ? അനുഗ്രഹവർഷത്തിന്റെ ദിനങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹം ചോദിച്ചു വാങ്ങിയോ? പാപങ്ങള്‍ കരിച്ചു കളയേണ്ട ദിനങ്ങളിൽ റബ്ബിന്റെ മുന്നില്‍ ഏറ്റ്പറഞ്ഞ് പാപമോചനം സ്വന്തമാക്കിയോ? അവനു മുമ്പിൽ നരകമുക്തിക്ക് വേണ്ടി യാചിച്ചോ ?ആജീവനാന്ത ശത്രുവായ പിശാചിനെ പരാജയപ്പെടുത്താനുള്ള പരിശീലനക്കളരിയില്‍ എത്രമാത്രം മുന്നോട്ട് പോയി ? ശരീരത്തെ സുകൃതങ്ങള്‍ ചെയ്തു പാകപ്പെടുത്തിയോ ? ആയിരം മാസത്തെക്കാള്‍ പുണ്യമായ രാത്രിയെ സമൃദ്ധമാക്കി സായൂജ്യമടഞ്ഞോ ? നോമ്പിന്റെ യഥാര്‍ത്ഥ ലക്ഷ്യമായ 'തഖ്‌വ' കൈമുതലാക്കിയോ ? ഹൃദയവും ചിന്തയും കറകൾ നീക്കി പരിശുദ്ധമാക്കിയോ? ശരീരത്തെ റബ്ബിന് തൃപ്തിയുള്ള മാര്‍ഗത്തില്‍ തിരിച്ചുവിടാന്‍ കരുത്തു നേടിയോ ? ചുരുക്കത്തിൽ , ഈ പരിശുദ്ധ റമളാനില്‍ നാം എന്ത് നേടി ? നാം സ്വയം ചോദിക്കുക. മുൻ വര്‍ഷത്തേതിലുപരി എന്ത് കരുത്തും ചൈതന്യവുമാണ് നാം കൂടുതല്‍ ആർജ്ജിച്ചത് ? ഈ ചോദ്യങ്ങള്‍ക്ക് യഥാര്‍ത്ഥ ഉത്തരം കണ്ടെത്തുന്നതിലാണ് ഒരു വിശ്വാസിയുടെ റമളാനും നോമ്പും വിജയകരമായിത്തീരുന്നത്.

പരിശുദ്ധ ഖുർആൻ ഇറങ്ങിയ മാസം എന്നതാണ് റമളാന്റെ മറ്റൊരു സവിശേഷത. അതുകൊണ്ട് തന്നെ ഖുർആനുമായി സുദൃഢമായ ബന്ധം സ്ഥാപിക്കാൻ ഈ റമളാൻ നാം പ്രയോജനപ്പെടുത്തിയോ എന്നതാണ് ഈ മാസം വിട പറയുമ്പോൾ സ്വന്തത്തോടുള്ള ഏറ്റവും പ്രസക്തമായ മറ്റൊരു ചോദ്യം. റമദാൻ വിശ്വാസികൾക്കുള്ള സ്രഷ്ടാവിന്റെ പ്രത്യേക മാസമാണ്. വർഷത്തിലൊരു മാസം മനസ്സും ശരീരവും പൂർണമായും സംസ്‌കരിക്കുവാനും സംശുദ്ധമാക്കുവാനും പ്രത്യേകം തെരഞ്ഞെടുത്ത മാസം. മണ്ണും വിണ്ണും അനുഗ്രഹങ്ങളുടെ പറുദീസയാക്കുന്ന സവിശേഷമായ കാലം. ജീവിതം മുഴുവനും സ്രഷ്ടാവിന് സമർപ്പിക്കുവാൻ പ്രതിജ്ഞാബദ്ധനായ വിശ്വാസിയെ തന്റെ ഉത്തരവാദിത്തം നിർവഹിക്കുവാനും ലക്ഷ്യം വെക്കുന്ന മാസം. ഈ ലക്ഷ്യത്തിലെത്തുവാൻ നമ്മുടെ നോമ്പുകൾ സഹായകമായിരുന്നോ എന്ന് ഓരോരുത്തരും വിലയിരുത്തൽ അത്യന്താപേക്ഷിതമാണ്. റമളാനിനെ ആത്മീയവും ശാരീരികവും മാനസികവുമായ തീവ്രപരിശീലനമായാണ് സംവിധാനിച്ചിട്ടുള്ളത്. ഇതര പതിനൊന്ന് മാസങ്ങളിൽ നമ്മുടെ ജീവിതത്തെ നേർവഴിയിൽ നയിക്കുകയും നന്മയുടെ സംസ്ഥാപനത്തിനായി സമൂഹത്തെ സജ്ജമാക്കലുമായിരുന്നു റമളാന്റെ പ്രധാന ലക്ഷ്യം. അതുകൊണ്ട് തന്നെ റമളാനിൽ ആരാധനാകർമങ്ങളിലും മറ്റു കാരുണ്യ പ്രവർത്തനങ്ങളിലും കാണിച്ചിരുന്ന ശ്രദ്ധയും സൂക്ഷ്മതയും ബാക്കി സമയത്തും തുടരുവാൻ നമുക്ക് സാധിക്കണം.

പൂര്‍വ്വ സൂരികളായ മഹത്തുക്കൾ റമളാന്‍ വിട വാങ്ങുമ്പോള്‍ അതീവ ദു:ഖിതരായിരുന്നു. അവര്‍ക്കുണ്ടായിരുന്നതു പോലെ ദുഃഖവും വിഷമവും നമുക്കും വേണം. ഇനിയുമൊരു റമളാൻ നമ്മുടെ കണക്കു പുസ്തകത്തിലുണ്ടോ എന്ന ആധിയുണ്ടായിരുന്നു അവര്‍ക്ക്. അതുകൊണ്ടാണവര്‍ റമളാന് ശേഷവും റമളാനിലെ ഞങ്ങളുടെ കര്‍മ്മങ്ങളെ സ്വീകരിക്കണമേയെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നതും പ്രാർത്ഥിക്കാൻ വേണ്ടി പഠിപ്പിച്ചതും. റമളാന്‍ കഴിഞ്ഞുള്ള ആറു മാസങ്ങളില്‍ കഴിഞ്ഞ റമളാനിലെ തങ്ങളുടെ കര്‍മ്മങ്ങളെ സ്വീകരിക്കണമേ ..... എന്നായിരുന്നു അവരുടെ പ്രാർത്ഥന. നമ്മുടേതും അതു തന്നെയാകണം. ഈ വിശുദ്ധ മാസത്തെ വിട്ടു പിരിയുന്നതിന്റെ വേദന സത്യവിശ്വാസികളുടെ ഉള്ളകങ്ങളിലുണ്ട്. ഞങ്ങള്‍ അത്യുഷ്ണം സഹിച്ച് നോറ്റ നോമ്പും, നിർവ്വഹിച്ച നമസ്‌കാരവും, ദീർഘമായ ഖുര്‍ആന്‍ പാരായണവും, ഭക്തി സാന്ദ്രമായ ഇഅ്തികാഫുമെല്ലാം പൂര്‍ണ്ണാര്‍ത്ഥത്തില്‍ സ്വീകരിക്കേണമേയെന്ന പ്രാര്‍ത്ഥനയിലായിരിക്കും ഇനി വിശ്വാസികള്‍. റമദാന്‍ നമ്മുടെ ഹൃദയങ്ങളില്‍ നിറച്ച ഭയഭക്തിയുടെയും ആത്മീയ ചൈതന്യത്തിന്റെയും അന്തരീക്ഷത്തിലായിരുന്നു ഇന്നലകളില്‍ നാം. ഇന്ന് നാം നിറ കണ്ണുകളോടെ, വൃണിത ഹൃദയത്തോടെ റമളാനെ യാത്രയാക്കുകയാണ്. 

നമ്മുടെ കര്‍മ്മങ്ങള്‍ എത്രത്തോളം സ്വീകാര്യമാണെന്നും എത്ര കാരറ്റ് പരിശുദ്ധ മാണെന്നും നമ്മളും ഭയപ്പെടേണ്ടിയിരിക്കുന്നു. ഭീതിയുടേയും പ്രത്യാശയുടേയും ഇടയിലാണ് വിശ്വാസി മാനസങ്ങൾ ഉണ്ടാവേണ്ടത്. പൂർവ്വീകരുടെ ശൈലിയും അതു തന്നെ. ഇമാം ഗസാലി (റ) അവിടുത്തെ മിൻഹാജുൽ ആബിദീൻ എന്ന വിഖ്യാത ഗ്രന്ഥത്തിൽ അത്വാഉ സ്സലീമി (റ) യുടെ സംഭവം വിവരിക്കുന്നത് കാണാം. അത്വാഅ് എന്നവർ ഒരു നെയ്ത്തുകാരനാണ്. ഒരിക്കൽ അദ്ദേഹം മനോഹരമായ ഒരു വസ്ത്രം നെയ്തെടുത്തു. താൻ നെയ്തെടുത്ത വസ്ത്രത്തിലേക്ക് നോക്കി അദ്ദേഹം ആത്മഗതം ചെയ്തു. "ഹോ, എന്തു ഭംഗി ! ഇത്രയും ഭംഗിയുള്ള ഒരു വസ്ത്രം ഞാൻ ഈ അടുത്തൊന്നും തുന്നിയിട്ടുണ്ടാവില്ല. മാർക്കറ്റിൽ ചെന്നാൽ നല്ല വില കിട്ടുമായിരിക്കും. വസ്ത്ര വ്യാപാരികൾ ഈ വസ്ത്രത്തിന്റെ പേരിൽ തർക്കിക്കും." മഹാനവർകളുടെ മനോവ്യവഹാരങ്ങൾ ഹിമാലയം കയറി. എങ്ങനെയാണെങ്കിലും വസ്ത്രത്തിന്റെ ഭംഗി കണ്ണഞ്ചിപ്പിക്കുന്നതാണ്. കൂടുതൽ ആലോചനക്കൊന്നും നിന്നില്ല. മഹാനവർകൾ വസ്ത്രവുമായി മാർക്കറ്റിലേക്ക് നടന്നു. താൻ കണ്ട ആദ്യ കടയിലേക്ക് മഹാനവർകൾ കയറി. ഈ കടക്കാരൻ വസ്ത്രത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നുള്ള അമിതമായ ആത്മവിശ്വാസത്തിലായിരുന്നു മഹാനവർകൾ.
കടക്കാരൻ വസ്ത്രം വാങ്ങി തിരിച്ചും മറിച്ചും നോക്കി. നോട്ടത്തിനിടക്ക് അയാളുടെ നെറ്റി ചുളിഞ്ഞു , ചുണ്ടുകൾ മുന്നോട്ടു കൂർത്തു, കവിളുകൾ ഒരു ഭാഗത്തേക്ക് ചെരിഞ്ഞു , കണ്ണുകൾ വസ്ത്രത്തിൽ ഓട്ടപ്രദക്ഷിണം നടത്തി കൊണ്ടിരുന്നു. വ്യത്യസ്ത വികാരങ്ങളുടെ ഭാവപ്രകടനങ്ങൾ അയാളുടെ മുഖത്ത് മിന്നി മറിഞ്ഞു. നോട്ടത്തിനുശേഷം ആ വസ്ത്രം ഇടതു കൈയിൽ പിടിച്ച് വലതുകൈ കൊണ്ട് വസ്ത്രത്തിലേക്ക് ചൂണ്ടിയിട്ട് അയാൾ പറഞ്ഞു: " ദാ, ഇതുകണ്ടോ ഇതൊട്ടും ശരിയായില്ല. ഇവിടെ കുറച്ചുകൂടി നന്നായി നെയ്തിരുന്നുവെങ്കിൽ ഒന്നുകൂടെ നന്നാവുമായിരുന്നു." മറ്റൊരു ഭാഗം കാണിച്ചിട്ട് അയാൾ പറഞ്ഞു : "ഇവിടെ ഒരു തുന്നുകൂടി നൽകിയിരുന്നെങ്കിൽ ഒന്നുകൂടി ബലം കിട്ടുമായിരുന്നു". അയാൾ വസ്ത്രത്തിന്റെ ന്യൂനതകൾ അത്വാഇന്റെ (റ) മുമ്പിൽ നിരത്താൻ തുടങ്ങി. 
അത്വാഅ് (റ) കടക്കാരന്റെ കൈയ്യിൽ നിന്ന് ആ വസ്ത്രം ത്സടുതിയിൽ തിരിച്ചു വാങ്ങി. മുഖം കരുവാളിച്ച് മഹാനവർകൾ വേച്ചുവെച്ച് കടയുടെ ഒരു മൂലയിൽ ഇരുന്നു കരയാൻ തുടങ്ങി. പരിസരം മറന്നു കരയുന്ന മഹാനവർകളെ കണ്ടു കടക്കാരൻ ഭയവിഹ്വലനായി. താൻ വസ്ത്രത്തിന്റെ ന്യൂനത പറഞ്ഞതു കൊണ്ടായിരിക്കും ഇയാൾ ഇവ്വിധം കരയുന്നത് എന്ന് കരുതി 'ഛെ, വേണ്ടായിരുന്നു' എന്ന മുഖഭാവവുമായി അയാൾ പാത്തും പതുങ്ങിയും മഹാനവർകളുടെ സമീപത്തു വന്നിരുന്നു. എന്നിട്ട് മഹാനവർകളെ സമാശ്വസിപ്പിക്കാൻ എന്ന രീതിയിൽ പുറംതടവിക്കൊണ്ട് പറഞ്ഞു : ''ഹേയ്, കരയേണ്ട, ഞാനത് പറയരുതായിരുന്നല്ലേ.....? സാരമില്ല. നിങ്ങൾ ഉദ്ദേശിച്ച വില എന്താണെങ്കിലും പറയൂ... ഞാനത് തരാം ... " . അയാൾ അയാളുടെ ഭാഗം ക്ലിയർ ആക്കി ആശ്വസിപ്പിച്ചു.   
പണിപ്പെട്ട് കരച്ചിലടക്കി കൊണ്ട് മഹാനവർകൾ വിക്കി: " നിങ്ങൾ ഉദ്ദേശിച്ച കാര്യമോർത്തല്ല സഹോദരാ, ഞാൻ കരയുന്നത്". പിന്നെ എന്തിനാ എന്ന ചോദ്യം അയാളുടെ മുഖഭാവത്തിൽ നിന്ന് വളരെ വേഗത്തിൽ തന്നെ അത്വാഅ് (റ) വായിച്ചെടുത്തു. മഹാനവർകൾ കരഞ്ഞുകൊണ്ടുതന്നെ തുടർന്നു : " മറിച്ച് , എത്ര ഭംഗിയായിട്ടായിരുന്നു ഞാനിത് നെയ്തെടുത്തത്. ഞാനെത്ര രാത്രികൾ ഉറക്കമിളച്ചിട്ടുണ്ട് ഈ വസ്ത്രം ഈ രൂപത്തിലെത്തിക്കാനെന്നറിയുമോ നിങ്ങൾക്ക് ! ഒരു ന്യൂനതയുമില്ലെന്ന് പലവട്ടം ഞാൻ നോക്കി ഉറപ്പുവരുത്തിയതാണ്. എന്നിട്ടും വസ്ത്രത്തെക്കുറിച്ച് വ്യക്തമായറിയുന്ന നിങ്ങളുടെ അടുത്ത് എൻറെ പരിപൂർണ്ണ സൃഷ്ടി ലഭിച്ചപ്പോൾ എത്ര ലാഘവത്തോടെയാണ് നിങ്ങൾ അതിലുള്ള ഓരോ ന്യൂനതയും ചൂണ്ടിക്കാണിച്ചത്. അതു കണ്ടപ്പോൾ ഞാൻ ഓർത്തുപോയി ഇതുപോലെയാണല്ലോ ഞാൻ ചെയ്യുന്ന ഓരോ അമലുകളും. ഏറ്റവും പരിപൂർണ്ണമാണെന്ന രൂപേണയാണല്ലോ ഞാനതെല്ലാം ചെയ്യുന്നത്. റബ്ബിനു ഒരിക്കലും എൻ്റെ അമൽ തട്ടാൻ കഴിയില്ല എന്ന ആത്മവിശ്വാസത്തോടെ !! പക്ഷേ, ആ അമലുകൾ റബ്ബിന്റെ മുന്നിലെത്തുമ്പോൾ ന്യൂനതകളുടെ പേമാരി തന്നെ അവൻ എന്റെ മുമ്പിൽ നിരത്തുമല്ലോ! ഇതോർക്കുമ്പോൾ പിന്നെയെങ്ങനെ ഞാൻ കരയാതിരിക്കും !! (മിൻഹാജുൽ ആബിദീൻ പേജ് 243).

നമ്മൾ ചെയ്യുന്ന കാര്യങ്ങളെല്ലാം ക്ലിയർ ആണെന്ന് തോന്നൽ നമുക്കും മനസ്സിൽ മതിച്ചു വരാറില്ലേ ? ഞാൻ എല്ലാ കാര്യത്തിലും പെർഫെക്റ്റ് ആണെന്ന തോന്നൽ. എന്നാൽ ഞാൻ പരിപൂർണ്ണനല്ല എന്ന ബോധ്യം വിനയത്തെയും പരിപൂർണ്ണനാണ് എന്ന ബോധ്യം അഹങ്കാരത്തെയും ജനിപ്പിക്കും. മറ്റുള്ളവരെ വിലയിരുത്തുന്നതിന് മുമ്പ് സ്വയം വിലയിരുത്തുക. നമ്മുടെ ആരാധനാ കർമ്മങ്ങളിലെ പാകപ്പിഴവുകളും പോരായ്മകളും കണ്ടെത്താൻ ഒരു ഭൂതകണ്ണാടിയുടെയും ആവശ്യമില്ല എന്ന ഉത്തമ ബോധ്യം നമുക്കുണ്ട്. നാഥൻ അവന്റെ കൃപാകടാക്ഷം കൊണ്ട് നമുക്കെല്ലാവർക്കും വിട്ടുവീഴ്ച നൽകട്ടെ... ആമീൻ.



  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...