Sunday, 7 June 2020

ഇന്നലെകൾ

ഒരു മോല്യേർ കുടുംബത്തിൽ ജനിച്ചതു കൊണ്ടാകാം ഭാവി കാര്യത്തെക്കുറിച്ച് മറിച്ചൊന്നും ചിന്തിക്കേണ്ടി വന്നിട്ടില്ല. അതു കൊണ്ടു തന്നെ കുട്ടികളുടെ അംബീഷനുകളന്വേഷിക്കുന്ന അധ്യാപക സമക്ഷം ഡോക്ടർ, എഞ്ചിനിയർ, ലെക്ച്ചറർ, ബിസിനസ്മാൻ .. . എന്നീ  ഉന്നതർക്കിടയിൽ ഒരു ഉസ്താദും  ഇടം പിടിച്ചു. വാപ്പ ( ഉപ്പയെ "വാപ്പ " എന്നാണ് വിളിച്ചിരുന്നത്. ശബ്ദതാരാവലിയിൽ "ഇസ്ലാം" എന്ന സങ്കേതസൂചിയിലൂടെ ഇടം പിടിച്ച വാക്കാണിത് ) സ്കൂൾ മാനേജ്മെന്റിൽ സ്ഥാനം വഹിക്കുന്നതിനാൽ അധ്യാപകർക്കും സ്കൂൾ അധികൃതർക്കും അദ്ദേഹം സുപരിചിതൻ. ആകയാൽ എന്നിലെ ഉസ്താദിനെ പരിഹസിക്കാനോ ഊതിക്കെടുത്താനോ ആരും തുനിഞ്ഞില്ല. അതു കൊണ്ട് തന്നെയാകണം വിക്രസുകൾക്കും പാരവെയ്പ്പുകൾക്കും വങ്കത്തരങ്ങൾക്കും സഹപാഠികൾ പോലും എന്നെ കൂട്ടുപിടിക്കാറില്ലായിരുന്നു. കേവലം ഒരു സാമ്പ്രദായിക ചടങ്ങായി  LKG മുതൽ പത്താം ക്ലാസ് വരെ 12 വർഷം ചെലവഴിച്ചു. അഥവാ വിദ്യാസമ്പാദന പ്രാധാന്യമോ അതിനുള്ള വ്യഗ്രതയോ തൊട്ടുതീണ്ടാതെ വെറും വിനോദ ലബ്ധിക്കായുള്ള വിഹാരമായിരുന്നെനിക്കാ വ്യാഴവട്ടക്കാലം.
പാന്റ്സും ഷർട്ടും, ഷൂസും സോക്സും , തൊപ്പിയും ധരിച്ച് ഇൻസൈഡ് ചെയ്ത് ഷൂ തേച്ച് മിനുക്കി കഴുത്തിൽ ടൈയും കെട്ടി മുതുകിൽ വലിയ ബാഗുമേന്തിയുള്ള ആ വർണാഭമായ ചിത്രം ഇന്നും ചിതലരിക്കാതെ ഓർമ്മത്താളുകളിലുണ്ട്. മറവിയുടെ  കരാളഹസ്തത്തിലകപ്പെട്ട് പൂർണ്ണത പ്രാപിക്കാതെ അർദ്ധചിത്രങ്ങളായവശേഷിക്കുന്ന  നിരവധി സംഭവങ്ങൾ, മറവിയുടെ കരവലയങ്ങളിൽ നിന്ന് കുതറി മാറി, പിടികൊടുക്കാത്ത ഒത്തിരി നല്ല ഓർമ്മകൾ, അശ്രദ്ധ നിമിത്തം വിനഷ്ടമായ സുവർണ്ണാവസരങ്ങളെക്കുറിച്ചുള്ള വ്യാമോഹങ്ങൾ  - ഇവയെല്ലാമണെൻ ബാല്യ കാലത്തിന്റെ ബാക്കിപത്രം. എങ്കിലും ഒരു ഗൃഹാതുരത്വം പോലെ മനസ്സിലെവിടെയോ ഒരു വിങ്ങലായി അവ അവശേഷിക്കുന്നു.
ഒമ്പതാം ക്ലാസിലെ ഫിസിക്സിന്റെ മോഡൽ പരീക്ഷയിൽ പൊട്ടിപ്പാളീസായതിനാൽ സാറിന്റെ  ശകാരവർഷമേറ്റ് വിതുമ്പിയപ്പോൾ കൂടെ നിന്ന്  സമാശ്വസിപ്പിച്ച്, ചിരി വിടർത്താനവശ്യപ്പെട്ട കൂട്ടുകാരും , ഗണിതഭാരം സഹിക്കവയ്യാതെ നെറ്റി ചുളിച്ചപ്പോൾ സമർത്ഥയായ സഹോദരിയെ മുൻനിർത്തി " ഒരേ വീട്ടിൽ നിന്ന് വരുന്ന നിങ്ങളെന്താ ഇങ്ങനെ?" എന്ന് വൈരുദ്ധ്യാത്മകതയെ ചോദ്യംചെയ്ത കണക്കു ടീച്ചറും , മിടുക്കനായ ഏട്ടന്റെ മലയാളാധ്യാപകൻ അവസാന വർഷം മലയാളവുമായി വന്നപ്പോൾ അദ്ദേഹത്തിന്റെ   മുമ്പിൽ മാനഹാനി ഭയന്ന് കാണാപാഠമാക്കിയ പാഠഭാഗങ്ങളും ,  ദിനേന തൊപ്പി ധരിച്ച് വരുന്നതിനാൽ ക്ലാസിൽ ചില പരിഗണനകൾ നൽകുന്ന ഉസ്താദുമാരും , കുട്ടികളുടെ പേടിസ്വപ്നമായിരുന്ന ആംഗലേയ ഭാഷാ മേധാവിയായ അധ്യാപകന്റെ ഭീതിജനകമായ ഭാവങ്ങളും , സ്കൂളിലെ സ്പോർട്സ് ഡേയിൽ ടീമിനു വേണ്ടി ബൂട്ടണിഞ്ഞപ്പോൾ കാണികളായ വിദ്യാർത്ഥി സഞ്ചയത്തിന്റെ കരഘോഷാകമ്പടിയോടെയുള്ള ആർപ്പുവിളികളുടെ അലയൊലികളും ,  ദൈർഘ്യമേറിയ സ്കൂൾ അസംബ്ലിയിൽ ഒരിക്കൽ സൂര്യനൊന്ന് കനത്തപ്പോൾ പരവശനായി നിലംപൊത്തിയതും, ശിശുദിനത്തോടനുബന്ധിച്ചുള്ള അസംബ്ലിയിൽ നറുക്കെടുപ്പിലൂടെ പ്രസംഗിക്കാനുള്ള ഊഴം ഭാഗ്യദോഷത്തിന് പ്രസംഗപാടവമില്ലാത്ത എന്നെ തേടിയെത്തിയപ്പോൾ എന്നിലുണ്ടായ ഭാവശബളതയും, വ്യത്യസ്ത അടുക്കളകളിൽ നിന്നും പാകം ചെയ്യപ്പെട്ട വിഭിന്ന വിഭവങ്ങൾ പങ്കുവെച്ചുള്ള സ്വാദിഷ്ടമായ ഉച്ചയൂൺ പകരുന്ന നിർവൃതിയും, സ്കൂൾ വിട്ട് ബാഗും വലിച്ചെറിഞ്ഞ് യൂണിഫോം പോലും അഴിച്ചുമാറ്റാതെ സാവേശം പ്ലേ ഗ്രൗണ്ടിലേക്കോടുമ്പോഴനുഭവിക്കുന്ന കിതപ്പും, കാണുമ്പോൾ ഇടക്കിടെ "നിസ്ക്കരിച്ചോ ? " എന്ന സഗൗരവ ചോദ്യമുയർത്തി വാപ്പ പകർന്ന  ശിക്ഷണപാഠങ്ങളും  കാലങ്ങൾ പിന്നിട്ടിട്ടും കൊഴിഞ്ഞ് പോകാറായ ഓർമ്മകളായി മനസ്സിന്റെ ഏതോ മൂലയിൽ അള്ളിപ്പിടിച്ചിരിക്കുന്നു.
സ്കൂൾ കാലയളവിലെ വസന്ത സമാനമായ രണ്ടു മാസത്തെ വേനലവധി കളിച്ചു തുലയ്ക്കാറാണു പതിവ്. കളി തലയ്ക്ക് പിടിക്കുമോ എന്ന ആധിയാവാം വാപ്പയെ ആ തീരുമാനത്തിലെത്തിച്ചത്. ഇനിയുള്ള വെക്കേഷനുകളിൽ ദർസിൽ പോകണം . ഒന്നുകിൽ സമീപത്തുള്ള ചാപ്പനങ്ങാടി മസ്വാലിഹിലോ ആല്ലങ്കിൽ അളിയന്റെ ദർസിലോ പോകണം. അപരിചിതത്വത്തിന്റെ ഭയാനകതയോർത്ത് ഞാൻ അളിയന്റെ കൂടെ പോകാമെന്നേറ്റു. അങ്ങനെ 8, 9 , 10 എന്നീ അധ്യയന വർഷാന്തം തോഴനായി  കുളിര് പകരേണ്ട വേനലവധിയുടെ നല്ല നാളുകളിൽ ദർസ് ജീവിതം രുചിച്ചു . 3 അവധികളിലായി 5-6 മാസം ജീവിച്ചത് ഒരു പങ്കുവെക്കലിന്റെയും  പാരസ്പര്യത്തിന്റെയും സഹനത്തിന്റെയും ജീവിതമായി ഇന്നും ഹൃദയത്തിൽ അവശേഷിക്കുന്നു. അളിയന്റെ സാമീപ്യവും മാസങ്ങൾക്കിടയിലുള്ള ഇടവേളയും സ്ഥലംമാറ്റവും ഉണ്ടായതിനാൽ ഈ ജീവിതത്തെ അതിവിരസമോ  അറുവഷളതയായോ ചിത്രീകരിക്കാവതല്ല. ഇങ്ങനെയാണ് എന്റെ മുതിർന്ന  രണ്ട് അളിയന്മാർ എനിക്കു ഗുരുതുല്യരാകുന്നത്.
പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് വീട്ടിലൊരു ചൂടേറിയ ചർച്ച. എന്നെ എവിടേക്കാണ് മതവിദ്യ നുകരാൻ പറഞ്ഞുവിടുക എന്നതാണ് അജണ്ട. വല്യ ജ്യേഷ്ഠൻ സഅദിയ്യയിലും ചെറിയ ജ്യേഷ്ഠൻ മർക്കസിലും പഠിക്കുന്ന കാലം. "സഅദിയ്യയിലേക്കാക്കിയാലോ ? " ജ്യേഷ്ഠനോടായി വാപ്പ ചോദിച്ചു. "അവിടുത്തെ കാന്റീൻ ഭക്ഷണവും താമസ സൗകര്യവും അവന്നു പിടിക്കുമോ ? " കൂടെപിറപ്പിനോടുള്ള നിഷ്കളങ്ക സ്നേഹത്തിൽ നിന്ന് ഉരുവം കൊണ്ട ശങ്ക കേട്ട് ഞാനും തെല്ലൊന്നാശ്വസിച്ചു. ഒടുവിൽ വാപ്പ പറഞ്ഞു : എന്നാൽ ബാവ മുസ്ലിയാരടുത്ത് ആക്കാം . ജീവിതത്തിൽ ആദ്യമായി ആ നാമം കേട്ട സന്ദർഭമായിരുന്നു അത്.  അങ്ങനെ ഉറപ്പിച്ചു.  കോടമ്പുഴ ദാറുൽ മആരിഫ് , ഇവിടുത്തെ ഉസ്താദുമാർ  വാപ്പയ്ക്ക് അന്നേ പ്രിയരും പരിചിതരുമായിരുന്നു . വിശിഷ്യാ , ശൈഖുന ബാവ ഉസ്താദും ശൈഖുന മാടവന ഉസ്താദും. അതിലുപരി വാപ്പ അന്നേ ദിക്ർ ഹൽഖ മെമ്പറുമായിരുന്നു.
അങ്ങനെ പത്രപ്പരസ്യം മുഖേന  ഇന്റർവ്യൂ ഡേറ്റ് കിട്ടി. അതിന് മുമ്പ് തന്നെ ജ്യേഷ്ഠൻ രജിസ്ട്രേഷൻ ഫോം വീട്ടിലെത്തിച്ചിരുന്നു. അങ്ങനെ  അളിയന്റെ കാർ തരപ്പെടുത്തി വാപ്പയും അളിയനും ഞാനും ഇന്റർവ്യൂവിന് പോയി. വീടുവിട്ടുള്ള ദൈർഘ്യമേറിയ യാത്രകളിലൊന്നായി അത് എനിക്ക് തോന്നി. അൽപം വൈകിയാണെങ്കിലും വാദീ ഇർഫാനിലെത്തി. ആ പടുകൂറ്റൻ കമാനം എന്നെ അന്നു തന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അതിലേക്ക് കണ്ണുകൾ പായിച്ച് അക്ഷരങ്ങൾ പൊറുക്കിയെടുത്തു. ദഅവാ കോളേജ് ... വാദീ ഇർഫാൻ ... കോടമ്പുഴ.
അന്ന് സീനിയർ ബാച്ചിൽ പഠിച്ചിരുന്ന ഹസൻകുട്ടി ഇർഫാനിയായിരുന്നു അഭിവാദനമർപ്പിച്ച് ഞങ്ങളെ വരവേറ്റത്. എക്സാം തുടങ്ങിയതിനാൽ പെട്ടെന്ന് തന്നെ പരീക്ഷ ഹാളിലേക്ക് നീങ്ങാൻ അദ്ദേഹം നിർദേശിച്ചു. ഹാളിൽ അവസാന ബെഞ്ചിലേക്ക് അംഗവിക്ഷേപം ചെയ്ത് കണ്ട്രോളർ സീറ്റ് കാണിച്ചു തന്നു.അറിയാവുന്നതെല്ലാം  എഴുതി . അതിനിടയിലാണ്  പരീക്ഷാ ഹാൾ നിയന്ത്രിക്കുന്ന സുസ്മേര വദനനായ ,  തന്റെ പ്രായത്തെ വെല്ലുന്ന ആരോഗ്യമുള്ള ആ ഉസ്താദിനെ ശ്രദ്ധിച്ചത്. മനസ്സ് മന്ത്രിച്ചു : ഇതായിരിക്കും ബാവ മുസ്ലിയാർ . എനിക്ക് പിഴച്ചു. യഥാർത്ഥത്തിൽ അത് ബാഖവി ഉസ്താദായിരുന്നു. എഴുത്തുപരീക്ഷാനന്തരം ശൈഖാനിമാരുൾപ്പെടെ വിവിധ ഉസ്താദുമാരുടെയും അധ്യാപകരുടെയും ഓറൽ ടെസ്റ്റിന് വിധേയമാകേണ്ടി വന്നു. തുടർന്നുള്ള ഉപദേശ നിർദേശങ്ങളുമെല്ലാം കഴിഞ്ഞ് തിരിച്ച് പോകുമ്പോഴും ബാവ മുസലിയാരെ യഥാവിധി മനസ്സിലാക്കിയില്ലായിരുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഉച്ചഭക്ഷണം കഴിക്കവേ വീട്ടിലേക്കൊരു ഫോൺ. ഇന്റർവ്യൂ പാസ്സായ വിവരം കേട്ട് ഞാനും അത്ഭുതപരതന്ത്രനായി. അപ്രതീക്ഷിതമായി വിജയിച്ചതിൽ സന്തോഷവും  സ്ഥായിയായ വിദൂര പഠനകേന്ദ്രത്തിലുള്ള ദുഷ്ക്കരമായ വാസമോർത്ത്  സന്താപവും സമ്മിശ്രമായി  എന്നിൽ നിഴലിച്ചു . ഗത്യന്തരമില്ലാതെ പോകാമെന്നുറപ്പിച്ചു. കോളേജിൽ നിന്നറിയിച്ച നിശ്ചിത തിയ്യതി വന്നെത്തി. വീട്ടിൽ നിന്നിറങ്ങി. വാപ്പയുടെ ആത്മസുഹൃത്ത് മർഹും സാജിദ ഉമർ ഹാജിയുടെ മകനോടൊപ്പം കാറിൽ യാത്രയാരംഭിച്ചു. ആദ്യം പൊന്മള ഉസ്താദിന്റെ സവിധം ചെന്ന് വിശേഷം പറഞ്ഞു. ഉസ്താദ് മന്ത്രിച്ചു തന്നു , ഉഷാറായി പഠിച്ചു വാ...  എന്നാശീർവദിച്ചു.  പത്താം ക്ലാസ് വരെ നാടിന്റെ ചുറ്റുവട്ടം മാത്രം പരിചയിച്ച എന്നെ കിലോമീറ്ററുകൾ താണ്ടി കോഴിക്കോടിൽ തളച്ചിടുന്നതിൽ വല്ലായ്മ തോന്നാതിരുന്നില്ല. അങ്ങനെ താജുൽ ഉലമയുടെ നേതൃത്വത്തിൽ ദർസ് ഉദ്ഘാടനം നടന്നു. എല്ലാം കഴിഞ്ഞ് രക്ഷിതാക്കളൊക്കെ ഓരോരുത്തരായി പിരിഞ്ഞു പോകാൻ തുടങ്ങി. മുപ്പതോളം നവവിദ്യാർത്ഥികൾ അവരവരുടെ രക്ഷിതാക്കളെ സങ്കടം ഉള്ളിലൊതുക്കി യാത്രയാക്കുന്ന കാഴ്ച കാമ്പസിനെ തന്നെ നൊമ്പരപ്പെടുത്തിയിരിക്കണം. ശേഷം  എല്ലാവരും  ശോകമൂകമായ ആ റൂമിൽ ഒരുമിച്ചുകൂടി. എല്ലാവരുടെയും സങ്കടങ്ങളും ഗദ്ഗദങ്ങളും നിറഞ്ഞ് ആ റൂം വീർപ്പുമുട്ടിക്കാണണം !!. ചിലർ  സദാ വീട്ടിലേക്ക് വിളിച്ച് പരിതാപം രേഖപ്പെടുത്തി. മറ്റുചിലർ റൂമിന്റെ കോണുകളിൽ സ്ഥലം പിടിച്ച് മൊബൈൽ ഗെയിമുകളിൽ സായുജ്യമടഞ്ഞു. വേറെ ചിലർ തലവിധി മനസ്സിലാക്കി സഹവാസികളുമായി ചങ്ങാത്തം സ്ഥാപിക്കാൻ തുടങ്ങി. ഹോ.. ആദ്യത്തെ ആഴ്ചയ്ക്ക് ഒരു മാസത്തെ ദൈർഘ്യം !! . ആ ഒരാഴ്ചയുടെ അതിതീക്ഷ്ണമായ നാളുകൾ വരച്ചു കാണിക്കൽ അസാധ്യം. ഇന്റർവ്യൂ ദിവസം നമ്മെ വരവേറ്റ് വാപ്പയോട് കുശലാന്വേഷണം നടത്തിയ ആ പുഞ്ചിരി തൂകുന്ന മുഖം, നിസ്സഹായാവസ്ഥയിൽ വീണ്ടും ഒരു കുളിർക്കാറ്റായി തഴുകിയെങ്കിൽ എന്ന പ്രത്യാശയോടെ  ഞാൻ അന്നേ ഹൃദയപുസ്തകത്തിൽ ഒട്ടിച്ചു വെച്ചിരുന്നു.  അദ്ദേഹം കോളേജിലെ ഉസ്താദാണെന്നാണ് ആദ്യം ധരിച്ചത്. പിന്നീടാണ് അദ്ദേഹം മുതിർന്ന ബാച്ചിലെ വിദ്യാർത്ഥിയാണെന്നും ശൈഖുനയുടെ ഖാദിമുമാണെന്നറിഞ്ഞത്.
2011 , സുന്നികൾക്ക് അങ്ങനെയൊന്നും മറക്കാനാവില്ല ഈ വർഷം. ശഅറേ മുബാറക് വിവാദം കൊടുമ്പിരി കൊണ്ട വർഷം. നഗരവീഥികളിളും ഊടുവഴികളിലും ഭീമൻ ഫ്ലക്സുകളും ബാനറുകളും സ്ഥാനം പിടിച്ചിരിക്കുന്നു. തലയുയർത്തി നിൽക്കുന്ന വശ്യമനോഹരമായ തിരുകേശപ്പള്ളിയുടെ അസൂയാവഹമായ കഥ പറയുന്ന ഫ്ലക്സുകൾക്ക് മറുപടിയായിട്ടായിരിക്കണം തൊട്ടപ്പുറത്ത് ആത്മീയ - സാമ്പത്തിക ചൂഷണമാരോപിച്ച് അസഭ്യവർഷം നടത്തിയുള്ള അനാവശ്യ ജാഗ്രതാ വിളംബരം നടത്തുന്ന വിഘടിതരുടെ ഫ്ലക്സുകൾ നിലകൊള്ളുന്നത്. നാടെങ്ങും ചർച്ചകളും സംവാദങ്ങളും മുഖാമുഖങ്ങളും കൊണ്ട് സജീവമായി. നിർഭാഗ്യവശാൽ ഇവ്വിഷയത്തിൽ വിഘടിതരുടെ മെഗാഫോണായി വർത്തിച്ചത് എന്റെ മൂത്താപ്പയായിരുന്നു. അങ്ങനെ വാർത്തകളിലും സോഷ്യൽ മീഡിയയിലും നദ് വിയും കൂരിയാടും നിറഞ്ഞുനിന്നു. ഇതെനിക്കൽപ്പം കുപ്രസിദ്ധി നേടിത്തന്നു. അത്കൊണ്ട് തന്നെ കോളേജിൽ എനിക്കൊരു  പുതിയ താരപരിവേഷം കൈവന്നു. എന്തിനേറെ പറയണം , കോളേജിലെ ആദ്യ ആഴ്ചയിൽ ഏകാന്തതയനുഭവപ്പെട്ടെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ കുപ്രസിദ്ധിയിലൂടെയാണെങ്കിലും ഏവർക്കും സുപരിചിതനായി.
ആ തിരുമിഴികൾ ആദ്യമായെന്നെ തലോടിയത് അന്നാണ്. ഒരു   ജമാഅത് നിസ്ക്കാരം. ശൈഖുനയാണ് ഇമാം. മഅ്മൂമായി ഞങ്ങൾ കുറച്ചു പേർ മാത്രം. നിസക്കാരശേഷം തിരിഞ്ഞിരുന്ന് ശൈഖുന പുതിയ ബാച്ചിലെ കുട്ടികളായ ഞങ്ങളോട് ഊരും പേരും ചോദിച്ചു. എന്റെ ഊഴത്തിൽ ഞാൻ കൂരിയാട് എന്ന് പറഞ്ഞപ്പോൾ  ശൈഖുന ചെറുപുഞ്ചിരിയോടെ ചോദിച്ചു: നദ് വിയുടെ അനിയന്റെ മകനാണല്ലേ ? . തലയാട്ടി മറുപടി കൊടുത്തു.
ക്ലാസുകളൊക്കെ തകൃതിയായി നടക്കുന്നു. ഞങ്ങളുടെ ക്ലാസ് ചാർജ്  സഹ്ൽ ഉസ്താദിനാണ് . ഭൗതിക കലാലയങ്ങളിലെ ഗുരു-ശിഷ്യ ബന്ധത്തിനപ്പുറം എന്തൊക്കെയോ അമേയമായ മൂല്യങ്ങൾ മുതഅല്ലിം - മുഅല്ലിമിനിടയിലുണ്ടെന്ന്  ജീവിച്ച് കാണിച്ച് തന്ന പ്രിയ ഗുരു. പാഠ്യവിഷയം കർമ്മശാസ്ത്ര സംക്ഷേപമായിരുന്നെങ്കിലും ഒരു ഉഖ്റവിയ്യയായ മുതഅല്ലിം അനുവർത്തിക്കേണ്ട മര്യാദകളുടെയും വിശേഷണങ്ങളുടെയും ബാലപാഠം മുതൽ സവിസ്തരം തര്യപ്പെടുത്താൻ  ഉസ്താദ് മറന്നില്ല. അതിവിശാലമായ അറബി വ്യാകരണ വീഥിയിലൂടെയുള്ള നടത്തത്തിൽ ചുവടു പിഴക്കുമ്പോൾ കൈപ്പിടിച്ച് മുന്നേറാൻ ഇന്ധനം പകർന്ന കരീം ഉസ്താദിനോടും കടപ്പാടുകളേറെ. വീണ്ടും വീണ്ടും തികട്ടി വരുന്ന ചാപല്യങ്ങളെ കുഴിച്ചുമൂടാൻ ശേഷിയുള്ള  ബാഖവി ഉസ്താദിന്റെ ഹൃദയസ്പർശിയായ  ക്ലാസുകളും ആദ്യനാളുകളിൽ നേടാനായി. പിന്നെ ശാഫി സാറിന്റെയും സമദ് സാറിന്റെയും ഉഗ്രൻ ക്ലാസുകൾ . എല്ലാം കൊണ്ടും ഹൃദ്യമായിരുന്നു പ്ലസ് വൺ ജീവിതം.
ശർഹുത്തഹ്ദീബോടെ തങ്ങളുസ്താദിന്റെ ശിഷ്യത്വവും കരസ്ഥമായി.  എങ്ങനെ നന്ദി പ്രകാശിപ്പിക്കണമെന്നറിയില്ല.  ഋജുത്വത്തിൽ നിന്ന് വക്രതയിലേക്കുള്ള വ്യതിചലനത്തിന്റെ ചെറിയ ലാഞ്ജന കണ്ടാൽ ആത്മീയതയുടെ ഭാഷയിൽ ഹൃദയം തൊടുന്ന ഉസ്താദ് ഞങ്ങൾക്ക് ഒരു ഉത്തമ മാർഗദർശകൻ കൂടിയാണ്. ഉസ്താദിന്റെ  ഉപദേശമുൾക്കൊള്ളുന്ന വാക്ശരങ്ങൾ പലരിലും ചലനം സൃഷ്ടിക്കുന്നത് അനുഭവവേദ്യമായിട്ടുണ്ട്. മുതിർന്ന ബാച്ചിലെത്തിയപ്പോൾ  ശൈഖുന മാടവന ഉസ്താദിന്റെ ക്ലാസും ലഭിച്ചു. അവിടുത്തെ ശൈലി അനിതരസാധാരണമാണ്.  ഇസ്ലാമിക ചരിത്രപുരുഷന്മാരുടെ വീരേതിഹാസങ്ങൾക്ക് സാക്ഷ്യം വഹിച്ച ദേശങ്ങൾ തീർത്ഥാടനം ചെയ്യുകയും അവയുടെ ചരിത്രങ്ങൾ ഹൃദിസ്ഥമാക്കുകയും ചെയ്ത് അവസരോചിതം അത് അനുഭവങ്ങളായി നിർഗളിക്കുന്ന ഉസ്താദിന്റെ  ക്ലാസുകൾ നിസ്തുലമാണ് . കേവലം കഥനം ദൃക്സാക്ഷിവിവരണത്തോളം വരില്ലല്ലോ. ശിഷ്യരെ പോലും മതവിദ്യാർത്ഥിയെന്ന നിലയിൽ "നിങ്ങൾ " എന്ന് ബഹുമാനപൂർവ്വം  അഭിസംബോധന ചെയ്യുന്ന ആത്മീയതയുടെ ആൾരൂപവും ഉസ്താദുൽ അസാതീദ് ഒ.കെ. ഉസ്താദിന്റെ അരുമ ശിഷ്യനുമായ ചെറുമറ്റം ഉസ്താദ് കൂടി ഗുരുപരമ്പരയിൽ വന്നുചേർന്നത് സ്തുത്യർഹമാണ്. ജീവിത സരണിയിലെ സകല പ്രതികൂല്യങ്ങളെയും തന്റെ ആത്മധൈര്യം കൊണ്ട് തരണംചെയ്ത ഇൽമിന്റെ നിറകുടവും വിനയത്തിന്റെ പര്യായവുമാണ് അബ്ദുൽ ഖാദിർ മുസ്ലിയാർ. കുട്ടികളുടെ സംശയ ജനകമായ ചോദ്യങ്ങൾക്ക് തഹ്ഖീഖേതര മറുപടി തത്സമയം പറയാതിരിക്കുകയും പിറ്റേന്ന് അവയ്ക്ക് അക്കമിട്ട് മറുപടി പറയുകയും ചെയ്യുന്ന ഉസ്താദിന്റെ തിയറി നാം ചേർത്തുപിടിക്കേണ്ടതാണ്. ആരാധനാ കർമ്മങ്ങളിലും മറ്റു ചട്ടങ്ങളിലും നുഴഞ്ഞു കയറുന്ന വികലതകളെ സ്നേഹബുദ്ധ്യാ ഉണർത്തുന്ന  മമ്മദുസ്താദിന്റെ ഇടപെടൽ മാതൃകാപരമാണ്. സ്നേഹ വാത്സല്യത്തോടെ അടുത്തു വിളിച്ച് പോരായ്മകൾ പറഞ്ഞു തരുമ്പോൾ തന്നെ മനസ്സാ ഒരായിരം നന്ദിയർപ്പിക്കാറുണ്ട്.  ശൈഖുനയുടെ ഒരു വല്ലാത്ത മുഹിബ്ബു കൂടിയാണ് താൻ എന്ന് ഉസ്താദിന്റെ ക്ലാസിൽ പങ്കെടുത്തവർക്ക് സുതരാം വ്യക്തം. ഇർഫാനി കുടുംബത്തിലെ കാരണവരായ ഉബൈദുസ്താദിന്റെ തെളിമയാർന്ന ജീവിതം തന്നെ ആത്മാവിന് ഊർജ്ജം പകരുന്നതാണ്. സർവ്വ കാര്യങ്ങൾക്കും ശൈഖുനയെ പരിഗണിക്കുന്ന സൽസ്വഭാവം ഏറെ മതിപ്പുളവാക്കി. വിവിധ ഭാഷകൾ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന ഈ ഭാഷാവല്ലഭനെ സൈനുദ്ധീൻ ഉസ്താദെന്ന് വിളിക്കാം. ആ പ്രകടനം കണ്ട് ഏവരും അമ്പരന്നിട്ടുണ്ടാകണം. അറബി,  ഇംഗ്ലീഷ്,  മലയാളം എന്നീ വ്യത്യാസമില്ലാതെ പദവൈജാത്യം തീർക്കൽ സബ്ഖുകളിലെ നിത്യകാഴ്ചയാണ്. മുണ്ടമ്പ്ര ഉസ്താദിന്റെ സർവതല സ്പർശിയായ  ക്ലാസ്സുകളും അർത്ഥ ഭാഷണവും അത്യാകർഷിച്ചു. കുട്ടികളെ സ്നേഹമസൃണമായി പേരെടുത്ത് വിളിക്കുന്ന ആ ശബ്ദം ഇന്നും ഒരു മാറ്റൊലിയായി അവശേഷിക്കുന്നു. ആ വിജ്ഞാന സാഗരത്തിൽ നിന്ന് മതിയാവോളം നുകരാൻ സാധിച്ചില്ലെന്ന ധർമ്മസങ്കടം ഉള്ളിലൊതുക്കുന്നു. തഹ്ഖീഖുകളും ചിന്തനീയ വിഷയങ്ങളും നിറഞ്ഞ അഹ്സനി ഉസ്താദിന്റെ ക്ലാസിനെപ്പോഴും പൂമ്പൊടിയായി ആരെയും  ചിരിപ്പിക്കുന്ന നർമ്മോകതികളുമുണ്ടാവും. അസ്ഹരി ഉസ്താദിന്റെയും ദാരിമി ഉസ്താദിന്റെയും നഈമി ഉസ്താദിന്റെയും ക്ലാസുകളും ഇന്നലെകൾക്ക് തേൻ പുരട്ടുന്നു. മൻത്വിഖിന്റെ ബാലപാഠങ്ങൾ പകർന്നു തന്ന ഷിഹാബുസ്താദിനെ മുന്നോട്ടുള്ള വിജ്ഞാന സപര്യയുടെ യാത്രാവഴിയിലും, ഉസ്താദ് അന്ന് കാർക്കശ്യത്തോടെ പഠിപ്പിച്ച ഖാഇദകളുടെയും മറ്റും ബലത്തിൽ, ഓർക്കാറുണ്ട്.

ഇനി കാലചക്രമെന്ന് പിന്നോട്ട് തിരിയട്ടെ. എനിക്കെന്നല്ല സകലർക്കും അതൊരു മായാത്തചിത്രമായിരിക്കും . എന്താണെന്നല്ലേ ?! പറയാം.  ഇന്ന് ഭാഗികമായി നിലകൊള്ളുന്ന ഓടിട്ട ആ പഴയ  കെട്ടിടത്തിലായിരുന്നു ഞങ്ങളുടെ ക്ലാസ് റൂം. ഇരുവശങ്ങളിലായി കാന്റീനും ലൈബ്രറിയും. ലൈബ്രറിക്കുമപ്പുറത്ത് ഒരു ക്ലാസ് റൂം കൂടിയുണ്ട്. ആ റൂമിന്റെ ജനൽ പാളിക്ക് സമീപം സദാസമയവും കൈയ്യിൽ കിതാബുമായി ഒരാളെ കാണാം. ചില സമയം അദ്ദേഹം മൗനിയായി വരികൾക്കിടയിലൂടെ വിജ്ഞാനത്തിനായുള്ള അലച്ചിലിലായിരിക്കും. മറ്റു ചിലപ്പോൾ വാചാലനായി സഹപാഠികൾക്കോ  ആശ്രിതർക്കോ അറിവ് ചൊരിയുകയായിരിക്കും. ഇൽമിനായി തന്നെ ആശ്രയിച്ച് വരുന്നവരെ മടക്കി വിടാറില്ല. അർധരാത്രി പിന്നിട്ട് ഏറെ വൈകിയാലും ആ ക്ലാസിലെ ലൈറ്റണയാറില്ല. അറിവാക്ഷരങ്ങളോടുള്ള നിതാന്ത  പ്രണയമായിരിക്കണം ഭക്ഷണ വീട്ടിലേക്ക് പോകുമ്പോഴും സന്തത സഹചാരിയായി കിതാബിനെ പുൽകാൻ കാരണം. അന്നത്തെ രാവന്തിയിലെ അവധാനതയും  ഗ്രന്ഥപ്പുരയിലെ  ഉറക്കമിളയ്ക്കലുമായിരിക്കാം ഇന്നത്തെ മർക്കസ് മുദരിസും യുവപ്രഭാഷകനും സർവകലാവല്ലഭനുമായ സയ്യിദ് ജസീൽ ശാമിൽ ഇർഫാനിയെ തഹ്ഖീഖിന്റെ മൂശയിലിട്ട് വാർത്തെടുത്തത്.  അധ്വാനമില്ലാതെ മഹത്തായ തൊന്നും ആരും നേടിയിട്ടില്ല എന്ന എമേഴ്സന്റെ വാക്കുകൾ സ്മര്യമാണ്. ഒരു സാമാജിക വേദി ഉദ്ഘാടനം ചെയ്യവെ ശൈഖുന മാടവന ഉസ്താദ് കുട്ടികളായ ഞങ്ങളോട് ജസീൽ തങ്ങളെ മാതൃകയാക്കാൻ പറഞ്ഞത് ഓർക്കുന്നു.
മോശമല്ലാത്ത രീതിയിൽ ഞാനും പഠിക്കാൻ ശ്രമിച്ചു. വർഷം കൂടുംതോറും പാഠ്യപദ്ധതി കിതാബുകളാൽ സമൃദ്ധമായി. സങ്കടകരമെന്നു പറയട്ടെ , ആർട്സും കിതാബും ഒരേ സമയം അർഹമാം വിധം പഠിക്കാൻ കഴിയാതായി. എന്നാൽ കഴിയും വിധം ഒപ്പിച്ചു. അത് കൊണ്ട് തന്നെ ആദ്യ വർഷങ്ങളിൽ ചെലവ് വീടുകളിൽ പോകുന്നത് പോലും സമയനഷ്ടമായി തോന്നി. പ്രീ ഇയറായ മൂന്നാം വർഷം നിരവധി അടിസ്ഥാന കിതാബുകൾ തുടങ്ങി. ഒഴിവു സമയം നന്നേ കുറവും. മൻത്വിഖും മആനിയുമടങ്ങി വിവിധ ഫന്നുകൾ രുചിച്ചു. എല്ലാം കൂടിയായപ്പോൾ ആകെ ഒരു തളർച്ച നേരിട്ടു. എന്റെ ചെറിയ ബുദ്ധിയും ഗ്രാഹ്യശക്തിയും അവയ്ക്കു മുമ്പിൽ അടിയറവ് പറഞ്ഞു. ചുരുക്കിപറഞ്ഞാൽ എന്റെ മുതഅല്ലിം ജീവിതത്തിൽ ആകുലതയുടെ  തീച്ചൂളയിൽ ജീവിച്ച വർഷം. അലസതയും ടെൻഷനും കൂട്ടിനെത്തിയപ്പോൾ സംഗതി ആകെ വഷളായി. ആരോടും ഒന്നും തുറന്നു പറയാതെ എല്ലാം സഹിച്ച് സങ്കടപ്പെട്ട് കണ്ണീരണിഞ്ഞ  ദിനരാത്രങ്ങൾ. എല്ലാം പരിഹൃതമാകുമെന്ന  ശുഭാപ്തി വിശ്വാസത്തിൽ മുന്നോട്ടുപായി. ആ വരൾച്ചയ്ക്ക് ഭാഗികമായെങ്കിലും ശമനം നൽകിയ സഹപാഠികളായ സ്വലാഹുദ്ധീൻ കൊടുമുടി, സ്വാലിഹ് പളളിക്കൽ , മുകളിലത്തെ ബാച്ചുകളിലുള്ള യൂനുസ് കാന്തപുരം , നുഅമാനുസ്താദ്, എന്നിവരെയൊക്കെ വിസ്മരിച്ചാൽ അതെന്റെ ഇന്നലെകളോടുള്ള അനീതിയായിരിക്കും.
ഒരു നബിദിന ഓർമ്മ മനസ്സിൽ വിളങ്ങി നിൽക്കുന്നുണ്ട്. അതൊന്ന് കുറിക്കട്ടെ. അന്നൊക്കെ  നബിദിനം പ്രമാണിച്ച് ക്ലാസ് അലങ്കരിക്കുകയും കാമ്പസിന്റെ വിവിധ ദിക്കുകളിൽ  ചെറിയ ആശംസാ ഫ്ലക്സും പോസ്റ്ററുകളും  സ്ഥാപിച്ചിരുന്നു.  ഞങ്ങളെ ബാച്ചും അങ്ങനെ ചെയ്തു. ഇടക്കിടെയുള്ള ശൈഖുനയുടെ കാന്റീൻ സന്ദർശനം അവിചാരിതമായി അന്നു നടന്നു. വഴിയിൽ സ്ഥാപിച്ച പോസ്റ്ററുകളും മറ്റും ശൈഖുന കാണാനിടയായി. ഒരു പോസ്റ്ററിലെ മാറ്റർ വായിച്ച് ശൈഖുന സ്വൽപ്പം ഗൗരവത്തോടെ ചോദിച്ചു : ഇതെന്താ എഴുതി വെച്ചിരിക്കുന്നത് !! ? ഇതാരാണെഴുതിയത് , ഒരു തലയും വാലുമില്ലാത്ത ഓരോ ഏർപ്പാട് ? "ഇതെഴുതിയയാളോട്  എന്നെയൊന്ന് കാണാൻ പറയണം"  എന്ന് ഓർഡറിട്ട്  അതും പറിച്ചോണ്ട് ശൈഖുന റൂമിലേക്ക് പോയി. ഇതിനൊന്നും ദൃക്സാക്ഷിയായില്ലെങ്കിലും ഭക്ഷണം കഴിച്ച് റൂമിലെത്തിയപ്പോൾ കൂട്ടുകാരുടെ അങ്കലാപ്പ് കണ്ട് കാര്യം തിരക്കി. ആരോ ഫോണിൽ കാണിച്ച് തന്നത് അപ്പടി  പകർത്തിയ ഞാൻ തന്നെ ഒന്നാം പ്രതി. ഹോ... ഇനി ശൈഖുനയെ റൂമിൽ പോയി കാണണം. അതും ഒറ്റക്ക്. ആദ്യമായി ശൈഖുനയെ ഒറ്റക്ക് കാണാൻ പോകുന്ന പ്ലസ് ടു കാരനായ ഒരു പ്രതിയുടെ മനസംഘർഷമൊന്നാലോചിച്ച് നോക്കൂ..... റൂമിലേക്കടുക്കും തോറും ഹൃദയമിടിപ്പ് വർധിച്ചു. റൂമിന്റെ മുമ്പിൽ എന്തു ചെയ്യണമെന്നറിയാതെ കുറച്ച് നിമിഷങ്ങൾ... വരുന്നിടത്ത് വെച്ച് കാണാം എന്ന മട്ടിൽ വാതിലിൽ ചെറുതായൊന്ന് മുട്ടി. അനുമതി കിട്ടിയപ്പോൾ പതുങ്ങി പതുങ്ങി ഉള്ളിലേക്ക് കടന്നു. കിതാബുകളിൽ നിന്ന് കണ്ണെടുക്കാതെ തന്നെ ഒരു ചോദ്യം : മ്... എന്തു വേണം ? അൽപ്പം ഇടർച്ചയോടെ ഞാൻ പറഞ്ഞു: ഞാനാണതെഴുതിയത് ? . ശൈഖുന: അത് നിനക്ക് എവിട്ന്ന് കിട്ടിയതാണ് ? ആ വാക്യങ്ങൾക്ക് തെളിവുണ്ടോ ?  , ഞാൻ: അത് നെറ്റിൽ നിന്ന്... പൂർത്തിയാക്കാൻ കഴിയാതെ  നിർത്തി. തുsർന്ന് ശൈഖുനയുടെ സാരോപദേശം.  അവിട്ന്നും ഇവിട്ന്നും  കണ്ടതും കേട്ടതും അപ്പടി പറയാനോ എഴുതാനോ പാടില്ല. അടിസ്ഥാനമുണ്ടോ എന്നുറപ്പ് വരുത്തിയിട്ടു വേണം എഴുതാൻ. പിന്നെ നെറ്റിനെയൊന്നും ഈ വക വിഷയങ്ങൾക്ക് അവലംബിച്ചു കൂടാ. അതിനല്ലേ കിതാബുകൾ. നെറ്റിൽ ഏത് അണ്ടനും അടകോടനും എന്തും പടച്ചു വിടാം . സുതാര്യമായ എത്രയോ ഹദീസുകളും വാക്യങ്ങളും ഇവ്വിഷയത്തിൽ ഉണ്ടായിരിക്കെ പിന്നെന്തിന് നൂലാമാലകൾ എഴുതണം!!?? ഇനി ഇത്തരത്തിൽ എഴുതരുത് ട്ടോ ..... എന്നിങ്ങനെ നീണ്ട ഉപദേശം. എല്ലാം ഭവ്യതയോടെ കേട്ട് റൂമിലേക്ക് തിരിച്ചു നടന്നു. അല്ലെങ്കിലും ആധികാരികതയുടെ രചനാ വിലാസമുള്ള ശൈഖുന യുക്തിരാഹിത്യത്തോട് രോഷം പ്രകടിപ്പിച്ചില്ലെങ്കിലല്ലേ  അത്ഭുതം !!!.
ജീവിതത്തിലെ തന്നെ ടേണിംഗ് പോയിന്റ് എന്നു വേണം അതിനെക്കുറിച്ച് പറയാൻ . മഹാഭാഗ്യം വന്നണഞ്ഞ വർഷം. ഡിഗ്രി ഫസ്റ്റ് ഇയർ. മുമ്പൊരു എഴുത്തിന്റെ പേരിൽ ശൈഖുന റൂമിലേക്ക് വിളിപ്പിച്ചത് ഓർമയില്ലേ. വീണ്ടും എഴുത്തിന്റെ പേരിൽ റൂമിലേക്ക് ഒരു വിളി. ശൈഖുനയുടെ വിളി കേട്ട് ആ സായാഹ്ന സന്ധ്യയിൽ റൂം ലക്ഷ്യമാക്കി ധൃതി പിടിച്ച് നടന്നു. ചെന്നയുടനെ ശൈഖുനയുടെ ചോദ്യം : നിനക്ക് അറബി എഴുതാനറിയുമോ ?  എന്തു പറയണമെന്നറിയാതെ ഉഴലുന്നതു കണ്ട് ശൈഖുന ഒരു പേപ്പറും പേനയും കൈയ്യിൽ തന്നു. കൂടെ ഒരു കിതാബും. അതിലുള്ള ഒരു പാരഗ്രാഫ് കാണിച്ചു തന്ന് പേപ്പറിലേക്ക് പകർത്താനവശ്യപ്പട്ടു . കിതാബുമായി കൂടുതലൊന്നും ബന്ധമില്ലെങ്കിലും സസന്തോഷം അതേറ്റുവാങ്ങി . സർവ്വകഴിവും പ്രയോഗിച്ച് മനോഹരമാക്കണമെന്ന് കരുതി തുടങ്ങിയെങ്കിലും ശൈഖുനയുടെ സാമീപ്യം ഉൾഭയം സൃഷ്ടിച്ചു. കൈ വിറക്കാൻ തുടങ്ങി. കൈപ്പട താളം തെറ്റി .  ചെരിഞ്ഞും നിവർന്നും അക്ഷരങ്ങൾ അനൈക്യം പ്രഖ്യാപിച്ചു. എന്നിലെ നിരീക്ഷകൻ ഉണർന്നു വിധിയെഴുതി ... പക്കാ ബോർ !!  ഒരു തരം ചമ്മലോടെ എഴുത്ത്  ശൈഖുനക്ക് കൈമാറി വേഗം സ്ഥലം കാലിയാക്കി. പക്ഷേ ശൈഖുനയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായപ്പോൾ എന്തോ ഒരു പ്ലസ് പോയിന്റ് കണ്ടിരിക്കണം. വൈകാതെ തന്നെ   ശൈഖുന ഒഴിവുസമയങ്ങളിൽ വിളിപ്പിച്ച്  അല്ലറ ചില്ലറ എഴുതാൻ തരാൻ തുടങ്ങി. അങ്ങനെ ഡിഗ്രി ഫസ്റ്റ് ഇയറിൽ തന്നെ ശൈഖുനക്ക് വേണ്ടി എളിയ സേവനമായി എഴുത്തുകൾ നടത്തി. ഈ കുറിപ്പെഴുതുന്ന ഈ ലോക്ക്ഡൗൺ ലീവിലും ശൈഖുനയുടെ രചനാവിപ്ലവത്തിന് കൂട്ടിരിക്കാൻ ഉതവി നൽകിയ റബ്ബിനെ സ്തുതിക്കട്ടെ. ലോക്ക്ഡൗൺ നാലാം ഘട്ടമെത്തിയപ്പോൾ ഈ ലീവിൽ നാലാമത്തെ  കിതാബിന് ജന്മം നൽകിയ ശൈഖുനയുടെ യത്നത്തിന് രചനാവിപ്ലവമെന്ന വിശേഷണം കേവലം അലങ്കാരമല്ല തന്നെ.
എന്നാലും "ശൈഖുന എന്തുകൊണ്ടാണ് എന്നെ എഴുതാൻ വിളിച്ചത് ?" എന്ന ചോദ്യം അവശേഷിക്കുന്നു. ഇതിനിടയിൽ വർത്തിച്ച ആ വ്യക്തിയോട് അന്നും ഇന്നും ബഹുമാനവും കടപ്പാടുകളുമുണ്ട്. ഹസൻകുട്ടി ഇർഫാനി . അദ്ദേഹം ശൈഖുനയുടെ ഖാദിമായിരുന്ന കാലം ശൈഖുനാ സമക്ഷം ചെന്നെത്തേണ്ട ചില എഴുത്തുകുത്തുകൾ  തൊട്ടപ്പുറത്തെ ഞങ്ങളുടെ ക്ലാസിൽ നിന്ന് കുട്ടികളെ വിളിച്ച് എഴുതിക്കാറുണ്ട്. വാസ്തവത്തിൽ ആദ്യം അദ്ദേഹത്തിന്റെ എഴുത്തുകാരനായിട്ടുണ്ട് .  മാത്രമല്ല എന്റെ കൈപ്പട കണ്ടു ശൈഖുന ഇതാരെഴുതിയതാണെന്ന്  അന്വേഷിക്കാറുണ്ടത്രെ. ഇങ്ങനെയാണ് ആ വിളി എന്നെ തേടിയെത്തിയത്.
വൈകുന്നേര സമയങ്ങളിലും മറ്റു ഒഴിവുകളിലും ചെറിയ സേവനം തുടർന്നു. രിസാലയിൽ നിന്നും സുന്നി വോയ്സിൽ നിന്നുമൊക്കെ ശൈഖുനക്ക് ലേഖനാവശ്യാർത്ഥം വിളി വരാറുണ്ട്. പിന്നെ എല്ലാ പ്രമുഖ കോളേജ് സോവനീർ കമ്മിറ്റി പ്രതിനിധികളും ഈ ആധികാരിക രചയിതാവിനെ തേടിയെത്താറുണ്ട്. ഇവയുടെയൊക്കെ ഫലമായാണ് ശൈഖുനയുടെ ലേഖന സമാഹാരങ്ങളടങ്ങിയ ആറ് പുസ്തകങ്ങൾ പിറവം കൊണ്ടത്. ശൈഖുനയ്ക്കൊപ്പം ഇത് അഞ്ചാമത്തെ റമളാനാണ്. ഒമ്പത് വർഷത്തിനിടെ ഇതര വിദ്യാർത്ഥികളെക്കാൾ അവിടുത്തെ സാമീപ്യം കിട്ടി. ശൈഖുന.... അതൊരു തുറന്ന പുസ്തകമാണ്..... അനേകം പാഠങ്ങളും ദർശനങ്ങളുമടങ്ങിയ ഒരുത്തമ ഗ്രന്ഥം. ലാളിത്യത്തിന്റെയും താഴ്മയുടെയും പരസഹായത്തിന്റെയും വാത്സല്യത്തിന്റെയും പാഠങ്ങൾ പകർന്നു തരുന്ന ഗ്രന്ഥം.
ശബ്ദതാരാവലിയും അൽ-മൗരിദും അൽ-മുൻജിദും രാമലിംഗൻ ഡിക്ഷണറികളുമൊക്കെ മറിച്ച് പരിചയിച്ചത് ശൈഖുനയോടൊപ്പം ചേർന്നപ്പോഴാണ്. അങ്ങനെ ഞാനറിയാതെ എന്റെ പദസഞ്ചയത്തിലേക്ക് പുതിയ കൂട്ടുകാർ വിരുന്നെത്തി. അങ്ങനെ വായനാ പ്രിയനല്ലാത്ത ഞാൻ സ്വൽപ്പം  വായിക്കാനും എഴുതാനും തുടങ്ങി. ചുരുക്കി പറഞ്ഞാൽ , കൂടുതൽ വായനയോ എഴുത്തോ നടത്തിയില്ലെങ്കിലും അവയോടുള്ള പ്രതിബദ്ധത കൈവന്നതിന് നിമിത്തം ഈ കൊച്ചു സേവനം തന്നെ. എഴുത്തും വായനയും എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് കേട്ട് പേനയും പേപ്പറുമൊരുക്കി എഴുതാൻ തുനിഞ്ഞ എന്നോട് അക്ഷരങ്ങൾ വിമുഖത കാണിച്ചതിനാൽ സങ്കടപ്പെട്ട ഒരു പൂർവ്വകാലം കൂടി ഇതിനോട് ചേർത്ത് വായിക്കുന്നത് നന്നായിരിക്കും. ശൈഖുനയോടൊപ്പമുള്ള ജീവിതം കുറേ നല്ല അനുഭവങ്ങൾ സമ്മാനിച്ചു.
എല്ലാ ഉസ്താദുമാരുടെയും പേര് ഞങ്ങളുടെ മനസ്സിൽ തങ്കലിപിയിൽ തന്നെ എഴുതപെട്ടിട്ടുണ്ട്. ഉയരങ്ങളിലേക്ക് പറക്കാൻ ചിറകുകൾ തരുന്ന നമ്മുടെ ഉസ്താദുമാരോടുള്ള കടപ്പാടുകൾ  നമുക്ക് മുമ്പിൽ എന്നും ചോദ്യചിഹ്നമാകും. പ്രാർത്ഥനാ വചസ്സുകളർപ്പിച്ച് സായുജ്യമടയാം.
വികാരനിർഭരമായ ചടങ്ങിൽ സംബന്ധിച്ച് വേദിയിലുള്ളവരെല്ലാം വിതുമ്പി പറഞ്ഞ് തീർക്കേണ്ട വാക്കുകൾ ഒരു എഴുത്തിലൊതുങ്ങുന്നു . വിടപറയലും യാത്രയയപ്പുമില്ല. ഒരുമിച്ചിരുന്നൊരു വർത്തമാനം പറച്ചിലില്ല. മനസ്സുനിറയെ സങ്കടവുമായി ചേർത്തു പിടിച്ച് സ്നേഹം പങ്കിടലുമില്ല. വിട പറയുന്ന ദിവസം ഓർമയിൽ സൂക്ഷിക്കാനൊരു അവസാന ദിനം....... അതും ഇല്ലാതാക്കി ഈ കെറോണക്കാലം. അല്ലെങ്കിലും കാലത്തെ പഴിച്ചിട്ടെന്ത്?  ശാഫിഈ ഇമാം (റ) ഉണർത്തിയത് പോലെ, കുഴപ്പം  കാലത്തിനല്ലല്ലോ ,  നമുക്ക് തന്നെയാണ്.
ജീവിതത്തിൽ ഏതു ഉയരങ്ങൾ കീഴടക്കുമ്പോഴും ഏതു അഗാധ ഗർത്തത്തിൽ നിപതിക്കുമ്പോഴും സമാധാനത്തിനായി ശാന്തിക്കായി നമ്മുടെ ഗുരുമുഖ സമക്ഷം അഭയം കൊള്ളുക. എല്ലാ ഉസ്താദുമാർക്കും നമുക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുകയും ദീനിന് ജീവിതാന്ത്യം വരെ ഖിദ്മ ചെയ്യാൻ തൗഫീഖ് നൽകുകയും ചെയ്യട്ടെ. ആമീൻ.......

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...