Sunday, 21 December 2025

ജിഹാദ്

 


ജിഹാദ്

ആധുനിക സാഹചര്യത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് ജിഹാദ്. ജിഹാദ് നിർവചിക്കുന്നിടത്തും തുടർന്ന് അതിൻ്റെ ഓരോ തലങ്ങൾ മനസ്സിലാക്കുന്നിടത്തും ഏറെ തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. സായുധ കലാപം, മതയുദ്ധം, വിശുദ്ധ കൊല എന്നൊക്കെയാണ് പലരും അതിന് നൽകുന്ന വിവക്ഷ. അന്ധമായ ഇസ്ലാമിക വിരോധത്തിൽ നിന്നാണ് ഈ തെറ്റിദ്ധാരണകൾ എല്ലാം ഉടലെടുക്കുന്നത്. അതുവഴി ഇസ്ലാമിനെ വർഗീയ വൽക്കരിക്കലാണ് ലക്ഷ്യം.
ജിഹാദ് എന്ന പദം ‘ജഹദ’ എന്ന ക്രിയയുടെ ധാതുവാണ്. ജഹദ എന്ന പദത്തിന് അറബി ഭാഷ നിഘണ്ടുകളിലും ഭാഷാശാസ്ത്ര ഗ്രന്ഥങ്ങളിലും നല്‍കിയിട്ടുള്ള വിവക്ഷ പ്രയത്‌നിക്കുകയും കഠിനമായി പരിശ്രമിക്കുകയും ചെയ്യുക, പരമാവധി അധ്വാനിക്കുക എന്നിങ്ങനെയാണ്. കഠിനമായ പരിശ്രമം, മുഴുവന്‍ കഴിവും ശക്തിയും ഉപയോഗിച്ചുകൊണ്ടുള്ള ശ്രമം എന്നാണ് ജിഹാദിന്റെ യഥാര്‍ഥ ആശയം. ചുരുക്കത്തിൽ ‘പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിച്ചുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതുവിധത്തിലുമുള്ള ത്യാഗപരിശ്രമങ്ങള്‍ക്കും പൊതുവായി പറയപ്പെടുന്ന പേരാണ് ജിഹാദ്. എന്നാൽ ‘മുഹമ്മദീയര്‍ നടത്തുന്ന പോര് ; മതപ്രചാരണാര്‍ത്ഥം ഇസ്ലാം നിയമം അനുശാസിച്ചിട്ടുള്ള വിശുദ്ധയുദ്ധം’ എന്നാണ് മലയാള ഭാഷാകാരന്‍മാരില്‍ പ്രമുഖനായ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള തന്റെ പ്രസിദ്ധമായ ‘ശബ്ദ താരാവലി’യില്‍ ജിഹാദിനെ നിര്‍വചിച്ചത്. പ്രമുഖ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ ആര്‍തര്‍ ജോണ്‍ ആര്‍ബറി തന്റെ ഖുര്‍ആന്‍ പരിഭാഷയിലുടനീളം ‘ജിഹാദി’നെ പരിഭാഷപ്പെടുത്തിയിരിക്കുന്നത് ”Struggle" എന്നാണ്, "War " എന്നല്ല എന്നത് ശ്രദ്ധേയമാണ്. പോരാട്ടത്തിനും യുദ്ധത്തിനുമെല്ലാം Struggle എന്നു പറയുമെങ്കിലും, എന്തെങ്കിലുമൊരു കാര്യം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള തീവ്രമായ യജ്ഞത്തിനാണല്ലോ പൊതുവായി ആ ആംഗലേയ ശബ്ദം പ്രയോഗിക്കപ്പെടാറുള്ളത്. ഇതു തന്നെയാണ് ജിഹാദ് എന്ന അറബി പദത്തിന്റെയും അവസ്ഥ. ‘തീവ്രമായ പരിശ്രമമെന്നാണ്’ പ്രസ്തുത പദത്തിന്റെ വിവക്ഷ. നന്‍മക്കു വേണ്ടിയുള്ള പോരാട്ടം തിന്‍മയെ വിപാടനം ചെയ്യുന്നതിനായി സ്വന്തം ജീവന്‍ നല്‍കിക്കൊണ്ട് നടത്തുന്ന തീവ്രയജ്ഞമായതിനാല്‍ അത് ജിഹാദാണ്. ജിഹാദ് എന്നാല്‍ പോരാട്ടമല്ല; എന്നാല്‍ പോരാട്ടം ജിഹാദായിത്തീരുമെന്നര്‍ഥം. ഇന്ന് വ്യാപകമായി തെറ്റിധരിച്ചതു പോലെ ജിഹാദ് യുദ്ധത്തിന്റെ പര്യായപദമേ അല്ല. യുദ്ധത്തിന് അറബിയില്‍ ‘ഖിതാല്‍’ എന്നാണ് സാധാരണ ഉപയോഗിക്കാറുള്ളത്. ജിഹാദിന് അതിനേക്കാള്‍ എത്രയോ വിപുലവും വിശാലവുമായ അര്‍ത്ഥമാണുള്ളത്. നന്മക്കും പുണ്യത്തിനും വേണ്ടിയുള്ള എല്ലാവിധ ത്യാഗ പരിശ്രമങ്ങളും ജിഹാദില്‍ ഉള്‍പ്പെടുന്നു. ലക്ഷ്യത്തെ കുറിച്ച ചിന്ത, നാവും തൂലികയും കൊണ്ട് പടപൊരുതല്‍, ആധുനിക സാങ്കേതിക വിദ്യകളത്രയും നന്മക്കു വേണ്ടി ഉപയോഗിക്കല്‍  എന്നിവയെല്ലാം ജിഹാദ് ആകുന്നു. ആകയാൽ War എന്ന ആശയമല്ല, Struggle എന്ന ആശയമാണ് ജിഹാദ് ഉള്‍ക്കൊള്ളുന്നത്. മലയാളത്തില്‍ നമുക്കതിനെ സമരം എന്നു വിളിക്കാം. പദപരമായി നോക്കിയാൽ ജിഹാദ് എന്ന പദത്തിന് യുദ്ധവുമായി ബന്ധമൊന്നുമില്ല. ആദ്യകാലത്തോ പില്‍ക്കാലത്തോ ഉള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കളാരും തന്നെ ജിഹാദിനെക്കുറിച്ച ചര്‍ച്ചയില്‍ അത് ‘അല്‍ഹര്‍ബുല്‍ മുഖദ്ദസ’യാണെന്ന് സമര്‍ഥിച്ചതായി കാണാനാവില്ല. ജിഹാദിനെ അല്ലാഹു ഫീസബീലില്ലാഹ് (ദൈവിക മാര്‍ഗത്തില്‍) എന്ന വിശേഷണം ചേര്‍ത്താണ് പരിചയപ്പെടുത്തുന്നത് എന്നതു തന്നെ അതിനെ പൈശാചികവത്കരിക്കുന്നവര്‍ക്കുള്ള താക്കീതാണ്. ധര്‍മ്മയുദ്ധങ്ങള്‍ ജിഹാദിന്റെ ഗണത്തില്‍ പെടുമെന്ന കാര്യത്തില്‍ സംശയമില്ല. "ജിഹാദ് അഥവാ സത്യവേദത്തിന്റെ ആത്മഭാവം" എന്ന കൃതി രചിച്ച ശ്രീ. വാണിദാസ് എളയാവൂരിന്റെ  വരികള്‍ പ്രസക്തമാണ് : "എല്ലാ ജിഹാദുകളും ഖിതാലുകളല്ല; ചില ഖിതാലുകള്‍ ജിഹാദുകളും ആവാം". ചുരുക്കത്തില്‍ മൂല്യനിഷ്ഠമായ ഒരു ലോകംപടുത്തുയര്‍ത്താന്‍ സ്വന്തം ദേഹേഛകളെ കീഴ്‌പ്പെടുത്തി സര്‍വ്വവിധ അനീതികള്‍ക്കും അക്രമങ്ങള്‍ക്കും എതിരേയുള്ള ധര്‍മ്മബന്ധിയായ പോരാട്ടമാണ് ജിഹാദ്.

പ്രസ്തുത പദം വിവിധ സ്വഭാവത്തിൽ ഖുർആനിൽ 41 തവണ വന്നിട്ടുണ്ട്. എല്ലാ വിശ്വാസികളും നിർബന്ധമായും നിർവഹിക്കേണ്ട ബാധ്യതയാണ് ജിഹാദെന്ന് ഖുർആൻ പറയുന്നു. മരണാനന്തര ജീവിത വിജയത്തിന് അത് അനിവാര്യമാണെന്ന് ഊന്നിപ്പറയുന്നു. ശാരീരികേച്ഛകളെ നിയന്ത്രിച്ച് സ്വന്തത്തെ തെറ്റുകുറ്റങ്ങളിൽനിന്ന് സംസ്കരിക്കുന്നതിനെ ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് എന്നാണ് പ്രവാചകൻ (സ) വിശേഷിപ്പിച്ചത്. വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും രാജ്യത്തും ലോകത്തും സത്യവും സന്മാർഗവും സമാധാനവും ധർമവും നീതിയും നന്മയും സ്ഥാപിക്കാനും നിലനിർത്താനുമുള്ള ഏത് ശ്രമവും ജിഹാദാണ്. അത് കൊണ്ടുതന്നെ അക്രമവും അനീതിയും അധർമവും അസത്യവും ദുർമാർഗവും ഇല്ലാതാക്കാനുള്ള എല്ലാവിധ അധ്വാന പരിശ്രമങ്ങളും അതുൾക്കൊള്ളുന്നു. വിശുദ്ധ ഖുർആൻ വലിയ ജിഹാദ് ചെയ്യാൻ ആവശ്യപ്പെട്ടത് ഖുർആൻ കൊണ്ടാണ്. ഇസ്ലാമിലെ ജിഹാദിന്റെ മർമം ആദർശതലമാണെന്നും അതിന് മതയുദ്ധമെന്ന് വിശേഷിപ്പിക്കുന്നത് തീർത്തും തെറ്റാണെന്നും ഇതൊക്കെയും അസന്നിഗ്ദമായി വ്യക്തമാക്കുന്നു. മറ്റു പല അർത്ഥങ്ങൾ പോലെ ജിഹാദ് യുദ്ധം എന്ന അർത്ഥവും കൽപ്പിക്കപ്പെടാറുണ്ട്. കാരണം ഏറെ ത്യാഗവും ക്ലേശവും ആവശ്യമുള്ള രംഗമാണല്ലോ യുദ്ധ മേഖല. എന്നാൽ ആ അർത്ഥം മാത്രമേ ഈ പദത്തിനുള്ളുവെന്ന ധാരണ അബദ്ധവും അൽപ്പത്വവുമാണ്.

ഖുർആനിൽ ജിഹാദും അതിൻ്റെ പദഭേദങ്ങളും വ്യത്യസ്ത അർത്ഥത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ലുഖ്മാൻ സൂറത്തിൽ മാതാപിതാക്കളോട് നല്ല നിലവിൽ വർത്തിക്കാനും അവർക്ക് വിധേയപ്പെട്ടു ജീവിക്കാനും ആവശ്യപ്പെടുന്ന കൂട്ടത്തിൽ 'വ ഇൻ ജാഹദാക്ക' (സൂക്തം: 15) എന്ന് പ്രയോഗിക്കുന്നുണ്ട്. അതിനർത്ഥം അവർ രണ്ട് പേരും നിന്നോട് യുദ്ധം ചെയ്താൽ എന്നല്ലല്ലോ. നിർബന്ധിച്ചാൽ എന്നാണ്. അത് പോലെ അൽഫുർഖാൻ സൂറത്തിൽ ( സൂക്തം: 52 ) 'നിങ്ങൾ അവിശ്വാസികളെ അനുസരിക്കരുത്. അവരോട് ഖുർആൻ കൊണ്ട് ജിഹാദ് ചെയ്യുക ' എന്ന് പറഞ്ഞതിൻ്റെ താൽപ്പര്യം യുദ്ധമല്ലെന്ന് പ്രാമാണിക വ്യാഖ്യാന ഗ്രന്ഥങ്ങൾ വിശദീകരിക്കുന്നു. ഖുർആൻ ആയുധമാക്കി യുദ്ധം ചെയ്യുകയെന്നാൽ ആശയപരവും ബൗദ്ധികവുമായ യുദ്ധമെന്നാണ് അർത്ഥമെന്ന് അബ്ദുല്ലാഹിബ്നി അബ്ബാസി(റ)നെ ഉദ്ധരിച്ച് ഇമാം ഖുർതുബിയും മറ്റും വ്യക്തമാക്കുന്നു. അൻകബൂത് സൂറത്തിൽ സൂക്തം 69 ൽ "നമ്മുടെ വഴിയിൽ ജിഹാദ് ചെയ്യുന്നവരെ നമ്മുടെ വഴികളിലേക്ക് നാം ചേർക്കും" എന്നതിൻ്റെ പൊരുൾ വിശാലമാണ്. നൻമയുടെയും ധർമത്തിൻ്റെയും ഏത് വഴിയിലും കഠിനാധ്വാനം ചെയ്യുന്നവർക്ക് പുണ്യത്തിൻ്റെയും പ്രതിഫലത്തിൻ്റെയും ഉദാത്തമായ വഴികൾ തുറന്നുകൊടുക്കും എന്നാണെന്ന് വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നു. ആയുധം എടുത്ത് യുദ്ധം ചെയ്യുക മാത്രമല്ല ഇവിടെ ഉദ്ദേശ്യം. ജിഹാദ് മൂന്നു വിധമുണ്ടെന്ന് പണ്ഡിതർ വിശദീകരിക്കുന്നു. പ്രത്യക്ഷ ശത്രുവിനോടുള്ളത്, പിശാചിനോടുള്ളത്, സ്വന്തത്തോടുള്ളത്. ഇവ തന്നെ രണ്ട് വിധമാണ്; ഫർള് ഐനും ഫർള് കിഫായയും. അതായത് ഓരോ വ്യക്തിയും നിർവഹിക്കൽ ബാധ്യതപ്പെട്ടതും ചിലർക്ക് മാത്രം ബാധ്യതപ്പെട്ടതും. ചിലർ ചെയ്താൽ എല്ലാവരുടെയും ബാധ്യത ഒഴിഞ്ഞു. ആരും ചെയ്തില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാകും. സ്വന്തം ദേഹേച്ഛയോടുള്ള പോരാട്ടം വളരെ പ്രധാനമാണ്. പുറത്തെ ശത്രുക്കളോട് പോരാടുന്നതിനേക്കാൾ സങ്കീർണവും ഗൗരവതരവുമാണ് അകത്തെ ശത്രു വിനോടുള്ള സമരം. അത് കൊണ്ടാണ് ഒരു ഹദീസിൽ തബൂക് യുദ്ധം കഴിഞ്ഞു മടങ്ങി വരുന്ന തിരുനബി(സ), അനുയായികളോട് ഇങ്ങനെ ഉണർത്തിയത് : "നാം ചെറിയ യുദ്ധത്തിൽ നിന്ന് വലിയ യുദ്ധത്തിലേക്ക് മടങ്ങുകയാണ്". ശത്രുക്കളുമായുള്ള യുദ്ധം താരതമ്യേന ചെറിയ യുദ്ധമാണ്. സ്വന്തം ഇച്ഛയെ മെരുക്കിയെടുക്കുകയാണ് കൂടുതൽ ക്ലേശകരം. ഈ ഹദീസിൻ്റെ പ്രാബല്യത്തിൽ ചർച്ചയുണ്ടെങ്കിലും വൈയക്തിക മോഹങ്ങളെയും പൈശാചിക പ്രേരണകളേയും കീഴടക്കിയാലേ മറ്റേത് പോരാട്ടവും ഫലപ്രദമാവുകയുള്ളുവെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അത് കൊണ്ട് തന്നെ ഇതും പൈശാചിക സ്വാധീനത്തിനരിലുള്ള പോരാട്ടവും ഫർള് ഐനിൻ്റെ ഗണത്തിൽ പെടുന്നു; വൈയക്തിക ബാധ്യത.

പോരാട്ടം ജിഹാദായിത്തീരുന്ന സന്ദര്‍ഭത്തെക്കുറിച്ച് വിശദീകരിക്കുന്ന ഇസ്‌ലാമിക പ്രമാണങ്ങള്‍ അത് എന്തിന്, എങ്ങനെയാണ് നടത്തേണ്ടതെന്നു കൂടി കൃത്യമായി പഠിപ്പിക്കുന്നുണ്ട്. വിശ്വാസ ആരാധനാ പ്രബോധന സ്വാതന്ത്ര്യങ്ങള്‍ നേടിയെടുക്കുന്നതിനായി നടക്കുന്ന പോരാട്ടങ്ങളുടെ ലക്ഷ്യവും മാര്‍ഗവും ദൈവിക മാര്‍ഗദര്‍ശന പ്രകാരമുള്ളതായിത്തീരുമ്പോള്‍ മാത്രമാണ് അത് ജിഹാദായിത്തീരുക. "അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ ജിഹാദ് ചെയ്യുക" (22:78) എന്ന് കല്‍പിക്കുന്ന ഖുര്‍ആന്‍ വചനം ‘നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മാര്‍ഗമാണത്’ എന്നാണ് അനുബന്ധമായി പറഞ്ഞിരിക്കുന്നത്. ത്യാഗനിര്‍ഭരമായ ആദര്‍ശ സമരമായിരുന്നു ഇബ്‌റാഹീം നബി(അ)യുടെ ജീവിത്തില്‍ നിറഞ്ഞുനിന്നിരുന്നത് എന്ന വസ്തുത ഖുര്‍ആനിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും മനസ്സിലാകും. ഇബ്‌റാഹീം നബി(അ) നടത്തിയ സായുധ സമരങ്ങളെക്കുറിച്ച പരാമര്‍ശങ്ങളൊന്നും തന്നെ ഖുര്‍ആനിലില്ല. സ്രഷ്ടാവ് മാത്രമാണ് ആരാധനകള്‍ അര്‍ഹിക്കുന്നതെന്ന തത്ത്വം പ്രബോധനം ചെയ്യുകയും പ്രസ്തുത മാര്‍ഗത്തില്‍ ത്യാഗങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാണ് ഇബ്‌റാഹീം നബിയുടെ ജീവിതത്തില്‍ നിറഞ്ഞുനിന്നിരുന്ന ജിഹാദ്. വിശ്വാസികള്‍ക്ക് എന്നും മാതൃകയായ ജിഹാദാണത്; അവരുടെ ജീവിതത്തില്‍നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താനാവാത്ത ജിഹാദ്.  ജിഹാദിന് വിവിധങ്ങളായ ഇനങ്ങളുണ്ട്. സൽകർമ്മങ്ങൾ പ്രവർത്തിക്കൽ, മാതാപിതാക്കൾക്ക് നൻമ ചെയ്യൽ, ദഅ്​വത്ത് തുടങ്ങി ധാരാളം കാര്യങ്ങൾ. ഒരു അമീറിന്റെ കീഴിൽ ഇസ്ലാമിക ഭരണകൂടം നടത്തുന്ന ചെറുത്ത് നിൽപ്പും ജിഹാദിന്റെ ഇനമാണ്. ജിഹാദിന്റെ പ്രധാന ലക്ഷ്യം സമൂഹത്തിന്റെ സന്മാർഗദർശനമാണ്. ജിഹാദിന്റെ പ്രഥമ ലക്ഷ്യം ദൈവ ധിക്കാരത്തിനു പ്രേരണ നല്‍കിക്കൊണ്ടിരിക്കുന്ന സ്വന്തം മനസ്സിന്റെ ദുഷ്പ്രവണതകളെ കീഴ്‌പെടുത്തലാണ്. അതുകൊണ്ടാണ് തബൂക്ക് യുദ്ധത്തില്‍ നിന്ന് തിരിച്ചു വരവേ നബി(സ) അനുചരരോട് ഇപ്രകാരം അരുളിയത്: നാം ഒരു ചെറിയ ജിഹാദില്‍ നിന്ന് വലിയ ജിഹാദിലേക്കാണ് തിരിച്ചു പോകുന്നത്. തുടര്‍ന്ന് ഏതാണ് വലിയ ജിഹാദെന്ന് അവിടന്നു തന്നെ വ്യക്തമാക്കി: "ദാസന്‍ തന്റെ ദേഹേച്ഛകള്‍ക്കെതിരായ കഠിനയത്‌നം നടത്തൽ".

മുസ്ലിം രാഷ്ട്രങ്ങളിലെ അമുസ്ലിം പൗരന്മാർ പൊതുവേ നാലു ഇനങ്ങളാണ്. ഹർബിയ്യ്, ദിമ്മിയ്യ്, മുആഹിദ്, മുസ്തഅ്മൻ. മുസ്ലിംങ്ങളോട് ശത്രുത പുലർത്തുന്നവരാണ് ഹർബിയ്യ് . സൗഹൃദത്തിൽ കഴിയുന്നവർ ദിമ്മിയ്യ്. മുസ്ലിംങ്ങളോട് കരാറിലേർപ്പെട്ടവർ മുആഹിദ്. ഏതെങ്കിലും മുസ്‌ലിമിൻ്റെ അഭയത്തിൽ കഴിയുന്നവർ  മുസ്തഅ്മൻ. ഇതിൽ ഹർബിയിനോട് മാത്രമാണ് യുദ്ധം ചെയ്യാൻ ഇസ്ലാം അനുവദിച്ചിട്ടുള്ളൂ. ബാക്കി മൂന്നു വിഭാഗത്തെയും വേണ്ടതുപോലെ സംരക്ഷിക്കൽ നിർബന്ധമാണ്. ഇമാം മാവർദി പറയുന്നു : കരാറിലേർപ്പെട്ടവർ ഇസ്ലാമിക രാഷ്ട്രത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവരുടെ ശരീരത്തിനും സമ്പത്തിനും സുരക്ഷ ഒരുക്കണം. ( അൽ അഹ്കാമു സ്സുൽത്താനിയ്യ 185 ) തിരുനബി പഠിപ്പിക്കുന്നു : "ആരെങ്കിലും ഒരു മുആഹിദിനെ വധിച്ചാൽ 40 കൊല്ലത്തെ വഴി ദൂരം അടിച്ചുവീശുന്ന സ്വർഗീയവാസന പോലും അവനാസ്വദിക്കാൻ കഴിയില്ല". എന്നാൽ ഹർബിയ്യിൽ നിന്ന് തന്നെ സുരക്ഷിതരാണെങ്കിൽ അവരെ പോലും വധിക്കരുതെന്നാണ് ഇസ്ലാമിക ശാസന.

ഹിജ്റയുടെ രണ്ടാം വർഷത്തിലാണ് യുദ്ധം മതകീയമായി പ്രഖ്യാപിക്കപ്പെട്ടത്. അതുവരെ എഴുപതോളം ആയത്തുകളിൽ പോരാട്ടത്തെ ഇസ്ലാം നിരാകരിക്കുന്നുണ്ടായിരുന്നു. അവസാനം സ്വയം പ്രതിരോധാവശ്യാർത്ഥം അത്യാഹിത ഘട്ടത്തിലായിരുന്നു യുദ്ധം അനുവദിച്ചത്. സൂറത്തുൽ ഹജ്ജിലെ 39 ാം വചനത്തിലൂടെയായിരുന്നു പ്രഥമ സമ്മതം. " ആക്രമിക്കപ്പെട്ട ജനതക്ക് ആക്രമിക്കപ്പെട്ടു എന്ന കാരണത്താൽ പ്രതിരോധിക്കാനുള്ള സമ്മതം നൽകിയിരിക്കുന്നു. അവരെ സഹായിക്കാൻ അല്ലാഹുവിന് കഴിയും. അതുവരെ യുദ്ധം പൂർണ്ണാർത്ഥത്തിൽ നിഷിദ്ധമായിരുന്നു. ഇമാം ഇബ്നു ഹജറുൽ ഹൈത്തമി (റ) പറയുന്നു : തിരുനബിയുടെ കാലത്ത് ഹിജ്റക്ക് മുമ്പ് യുദ്ധം നിഷിദ്ധമായിരുന്നു. കാരണം അന്ന് കൽപ്പിക്കപ്പെട്ടത് പ്രബോധനവും താക്കീതും ശത്രുവാക്രമണത്തിൽ ക്ഷമിക്കലുമായിരുന്നു. (തുഹ്ഫത്തുൽ മുഹ്താജ് ) .

മുസ്ലിം രാഷ്ട്രത്തിലെ അമുസ്ലിം പൗരന്മാർക്ക് ഇസ്ലാം അർഹമായ പരിഗണന നൽകുന്നുണ്ട്. ഇസ്ലാമിക രാഷ്ട്രത്തിലേക്ക് കടന്നുവന്ന അമുസ്ലിമിനെ അവൻ തിരിച്ചു പോകും വരെ അഭയം ഒരുക്കൽ ഭരണാധികാരിക്ക് നിർബന്ധമാണ്. അല്ലാഹു പറയുന്നു : പരദൈവ വിശ്വാസികളിൽ ആരെങ്കിലും നിങ്ങളോട് അഭയം ആവശ്യപ്പെട്ടാൽ അവൻ ഖുർആൻ കേൾക്കുന്നതിനു വേണ്ടി അവരെ സംരക്ഷിക്കുക. (തൗബ 6) . പ്രസ്തുത ആയത്തു വിശദീകരിച്ച് ഇമാം ഇബ്നു കസീർ പറയുന്നു : പ്രസ്തുത ആയത്തിന്റെ ലക്ഷ്യം ദാറുൽ ഹർബിൽ നിന്ന് ദാറുൽ ഇസ്ലാമിലേക്ക് കച്ചവടം, സന്ദേശ പ്രചരണം, രഞ്ജിപ്പ്, ജിസിയ തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി കടന്നുവന്ന അഭയം തേടിയാൽ അതു നൽകൽ ഭരണാധികാരിക്ക് ബാധ്യതയാണ് . ( തഫ്സീർ ഇബ്നു കസീർ )

കൃത്യമായ ലക്ഷ്യങ്ങളുടെ പിൻബലത്തിലാണ് ഇസ്ലാമിക ജിഹാദ് നിയമ വൽക്കരിക്കപ്പെട്ടത്. ഒരുപാട് ത്യാഗപൂർണ്ണമായ സംഭവങ്ങൾക്ക് ശേഷമാണ് ഇസ്ലാമിൽ ജിഹാദ് മതകീയമായി പ്രഖ്യാപിക്കപ്പെടുന്നത്. ഇസ്ലാമേതര വിശ്വാസികളെ കൂട്ടക്കുരുതി വരുത്താനായി തയ്യാറാക്കിയ പദ്ധതിയായിരുന്നില്ല ജിഹാദ്. പ്രത്യുത , ഇങ്ങോട്ട് വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം. ബദ്ർ , ഉഹ്ദ് പോലോത്ത ആദ്യകാല പോരാട്ടങ്ങളെല്ലാം പ്രതിരോധമായിരുന്നു. തങ്ങളുടെ സമ്പത്തുകൾ അപഹരിച്ച് തങ്ങളെത്തന്നെ നശിപ്പിക്കാനുള്ള ശ്രമങ്ങൾ ഉടലെടുത്തപ്പോഴാണ് ബദറിൽ വെച്ച് കൊള്ള സംഘത്തെ പ്രതിരോധിക്കുന്നത്. പിന്നീട് ശത്രുപക്ഷത്തിന്റെ തന്നെ അപക്വമായ ഇടപെടൽ മാത്രമായിരുന്നു അത് യുദ്ധത്തിൽ കലാശിക്കാൻ കാരണമായത്. അതിലെ ശത്രുപക്ഷത്തിന്റെ പരാജയത്തിന് പ്രതികാരം തീർക്കാൻ വന്ന സൈന്യത്തെ പ്രതിരോധിക്കൽ ആയിരുന്നു ഉഹ്ദിൽ സംഭവിച്ചത്. എന്നാൽ പ്രതിരോധം മാത്രമല്ല , പ്രത്യാക്രമണവും ഇസ്ലാമിക ജിഹാദിന്റെ ഭാഗമായിരുന്നു. പുറത്തുനിന്നുയരുന്ന ബാഹ്യ ശക്തികളെ ഒതുക്കാൻ ചിലപ്പോഴെങ്കിലും പ്രത്യാക്രമണങ്ങൾ ആവശ്യമായി വരും. ഏതൊരു രാഷ്ട്രത്തിന്റെയും സുസ്ഥിരമായ നിലനിൽപ്പിന് അത് അത്യന്താപേക്ഷിതമാണ്. കാരണം രാഷ്ട്രത്തിൻ്റെ ശക്തിയും സൈനിക സന്നാഹങ്ങളും പ്രകടമാക്കപ്പെടുന്നതിലൂടെ പല രാഷ്ട്രീയ കലാപങ്ങളും ആഭ്യന്തര - ബാഹ്യ കലാപങ്ങളും ഒരുവിധം കെട്ടടങ്ങും. ശേഷമുള്ള കാലത്ത് നടന്ന ചില പോരാട്ടങ്ങൾ ഇതിനുദാഹരണങ്ങളാണ്.

ഇസ്ലാമിക ജിഹാദിലെ ഉത്തമ മാതൃക തിരുനബിയും സ്വഹാബത്തും തന്നെയാണ്. എന്താണ് ജിഹാദ് , അത് എങ്ങനെയാവണം, ഏതെല്ലാം രൂപത്തിൽ ശത്രുക്കളോട് പെരുമാറാം എന്നിങ്ങനെ ജിഹാദുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തിരുനബിയും സ്വഹാബത്തും സ്വന്തം ജീവിതത്തിലൂടെ ആവിഷ്കരിച്ചിട്ടുണ്ട്. പീഡനങ്ങളും അവഗണനകളും ആവോളം അനുഭവിച്ച കാലം ആയിരുന്നു മക്കയിലെ 13 വർഷങ്ങൾ . ഇക്കാലത്ത് തിരിച്ചൊരു പ്രത്യാക്രമണത്തിന് പ്രവാചകനോ സ്വഹാബത്തോ തുനിഞ്ഞില്ല. മറിച്ച് സഹനവും ക്ഷമയും കൈമുതലാക്കി ജീവിക്കുക എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ ജിഹാദ്. പിന്നീട് ഒരു നിലക്കും പിടിച്ചുനിൽക്കാൻ ആകില്ല എന്ന ഘട്ടം എത്തിയപ്പോൾ പ്രത്യേക ദൈവീക കൽപ്പന പ്രകാരം മാത്രമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ കൃത്യമായ നിയമവ്യവസ്ഥകൾ യുദ്ധവുമായി ബന്ധപ്പെട്ട തിരുനബി(സ) പഠിപ്പിക്കുന്നുണ്ട്. പ്രകൃതി സംരക്ഷണങ്ങൾക്ക് കൂടി പ്രാമുഖ്യം നൽകിയായിരുന്നു യുദ്ധനിയമങ്ങൾ തയ്യാറാക്കിയിരുന്നത്. ചില നിയമങ്ങൾ വായിക്കാം. നിരപരാധികളെ ആക്രമിക്കരുത്, വൃക്ഷങ്ങൾ, ജനവാസ കേന്ദ്രങ്ങൾ നശിപ്പിക്കരുത് , ശത്രു അഭയംതേടിയാൽ അതു നൽകുക. ഈ നിയമങ്ങൾ പാലിക്കാൻ അനുചരരെ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇതേ മാതൃക സ്വീകരിച്ചവരായിരുന്നു സ്വഹാബത്ത് . അബൂബക്കർ (റ) ൻ്റെ കാലത്തും അതിനുശേഷവുമായി ഹുറൂബു രിദ്ദത്ത് അടക്കം ഒട്ടനവധി യുദ്ധങ്ങൾ നടന്നിട്ടുണ്ട്. തിരുനബി(സ)യുടെ തിരുചര്യകൾ അവിടെയെല്ലാം പാലിക്കപ്പെട്ടിരുന്നു. ഉസാമത്തു ബ്നു സൈദ് (റ) നെ പോർമുഖത്തേക്ക് അയക്കുമ്പോൾ സിദ്ദീഖ് (റ) നൽകിയ ഉപദേശങ്ങൾ ഇങ്ങനെ വായിക്കാം : "നിങ്ങൾ ചതിക്കരുത്, വഞ്ചിക്കരുത് , അംഗവിച്ഛേദം വരുത്തരുത് , വൃദ്ധന്മാരെയും സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കരുത്, ഫലവൃക്ഷങ്ങൾ മുറിക്കരുത്, ഭക്ഷണ ആവശ്യത്തിനല്ലാതെ ആടിനെയോ പശുവിനെയോ അറുക്കരുത്".

ഏറ്റവും വലിയ ജിഹാദ് ആത്മസമരം ആണെന്ന് നാം പറഞ്ഞുവല്ലോ . അഥവാ ജിഹാദുന്നഫ്സ് , ജിഹാദുൽ അക്ബർ . ഇതിൻറെ ഏറ്റവും വലിയ നേട്ടം ആത്മീയ ഉന്നമനവും സ്വയം സംരക്ഷണവുമാണ്. അറിവ് എന്ന ആയുധം ഉപയോഗിച്ചാണ് ഈ പോരാട്ടം. അതിനുപുറമേ മൊത്തത്തിൽ ജിഹാദ് കൊണ്ട് സാമൂഹിക തിന്മയെ പ്രതിരോധിക്കാൻ സാധിക്കും. തിരുനബി(സ) പറഞ്ഞു : "നിങ്ങൾ ഒരു തിന്മ കണ്ടാൽ കൈകൊണ്ടു പ്രതിരോധിക്കണം ,അതിനു സാധിച്ചില്ലെങ്കിൽ നാവു കൊണ്ടും അതിനും സാധിച്ചില്ലെങ്കിൽ മനസ്സുകൊണ്ട് വെറുപ്പ് പ്രകടിപ്പിച്ചെങ്കിലും പ്രതിരോധിക്കുക". സമാധാന സഹവർത്വത്തിനുള്ള പ്രേരണ കൂടിയാണ് ജിഹാദ് . എന്നാൽ ജിഹാദ് പൂർണ്ണമായി എടുത്തു കളഞ്ഞാൽ അത് ഒരുപാട് പ്രതിസന്ധി സൃഷ്ടിക്കും. സമൂഹത്തിൽ അരാജകത്വം വർദ്ധിക്കും. വ്യക്തിത്വ നശീകരണത്തിന് ഹേതുവാകും.

രാജ്യത്ത് വർഗീയ കലാപങ്ങൾ ഉടലെടുക്കുന്ന സമയത്ത് കൃത്യമായ നിലപാട് മുസ്ലിം സമൂഹം സ്വീകരിക്കേണ്ടതുണ്ട്. രാഷ്ട്ര സുരക്ഷയും സമാധാനവും മുസ്ലിം ജീവിതത്തിൽ സുപ്രധാന ഘടകമാണ്. ഏതൊരു രാഷ്ട്രത്തിലും അതിന്റെ നിയമവ്യവസ്ഥിതിയും ചട്ടങ്ങളും പാലിച്ച് ജീവിക്കൽ മുസ്ലിമിൻ്റെ ബാധ്യതയാണ്. അതിനുവേണ്ടി ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം, രാഷ്ട്രീയ സാമൂഹിക ശക്തികളുമായി സഹകരിക്കണം, വർഗീയതക്കെതിരെ നിയമനടപടി സ്വീകരിക്കൽ, സാമൂഹ്യ സൗഹൃദം ശക്തിപ്പെടുത്തൽ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ശക്തി പകരൽ തുടങ്ങി ഒരുപാട് കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സ്വരാജ്യ സ്നേഹം ഇസ്ലാമിൻ്റെ ഭാഗമാണെന്ന് ഉറച്ച വിശ്വാസത്തോടുകൂടി ആയിരിക്കണം ഈ പ്രവർത്തനങ്ങൾ. യുദ്ധം ഇസ്ലാമിൻ്റെ ലക്ഷ്യമല്ല. അതുകൊണ്ടുതന്നെ ജീവഹാനിയും ഇസ്ലാമിൽ ലക്ഷ്യമല്ല. സ്വന്തം ജീവനും ആദർശവും സംരക്ഷിക്കാനുള്ള പരിശ്രമമാണ് അടിസ്ഥാനമായി സ്വീകരിക്കേണ്ടത്. ഏറ്റവും അവസാന ഘട്ടത്തിലാണ് ജീവഹാനിക്ക് കീഴ്പെടാവൂ.  അല്ലാഹു പറയുന്നു : നിങ്ങൾ അല്ലാഹുവിൻറെ മാർഗത്തിൽ ചെലവഴിക്കുക , സ്വന്തം ശരീരത്തെ നാശത്തിലേക്ക് നയിക്കരുത്. (അൽ ബഖറ 195)


പ്രബോധനം


പ്രബോധനം

ഒരു മുസ്‌ലിമിൻ്റെ പ്രധാനപ്പെട്ട ജീവിത ദൗത്യമാണ് ദഅവത്ത്. ക്ഷണിക്കുക,വിളിക്കുക എന്നൊക്കെയാണ് ഈ അറബി പദത്തിൻ്റെ അർത്ഥം. സാങ്കേതികാർത്ഥത്തിൽ , തൗഹീദിന്റെയും അതുൾക്കൊള്ളുന്ന വിധിവിലക്കുകളുടെയും സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുകയും അല്ലാഹുവിൻ്റെ മാർഗത്തിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്യലാണ് ദഅവത്ത്. സാമൂഹിക സാമ്പത്തിക സാംസ്കാരിക നന്മകൾ ജനങ്ങളിൽ നിലനിൽക്കാൻ കൃത്യമായ മതാധ്യാപനങ്ങൾ പ്രബോധിതർക്ക് നൽകേണ്ടിയിരിക്കുന്നു. ആത്യന്തികമായി അല്ലാഹുവും തിരുദൂതരും കൽപ്പിച്ചു എന്നത് കൊണ്ടു തന്നെയാണ് മുസ്ലിംകൾ പ്രബോധന ദൗത്യം നിർവഹിക്കാൻ ബാധ്യസ്ഥരായിട്ടുള്ളത്. "യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക" ( വി.ഖു അന്നഹ്ൽ 125 ) എന്ന ഖുർആനിക വചനം ഇതിനാധാരമാണ്. വിശ്വാസിക്ക് പ്രബോധന ദൗത്യം ബാധ്യതയാകാനുള്ള മറ്റു കാരണങ്ങളുമുണ്ട്. അല്ലാഹുവിൻ്റെ വിധിവിലക്കുകളും പ്രമാണങ്ങളും പകർന്നു നൽകുന്ന ഒരു ദൂതൻ ജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കൽ അത്യന്താപേക്ഷിതമാണ്. കാരണം ഒരു പ്രവാചകന്റെ താക്കീതും വാഗ്ദാനങ്ങളും ലഭിക്കാത്ത ഒരു സമുദായത്തിന് മതവിധികൾ ബാധകമാകില്ല. ഖുർആൻ പറയുന്നു : ഒരു റസൂലിനെ അയക്കുന്നതുവരെ നാം ആരെയും ശിക്ഷിക്കുന്നവരായിരിക്കില്ല. (വി.ഖു : ഇസ്റാഅ് 15). സ്വന്തമായി യഥാർത്ഥ സത്യത്തിലേക്ക് നടന്ന് എടുക്കാൻ അപര്യാപ്തനായ മനുഷ്യസമുദായത്തെ തിന്മയുടെ വക്താക്കളിൽ നിന്ന് രക്ഷിക്കാൻ ഒരു പ്രബോധകൻ ആവശ്യമാണ് എന്നതാണ് മറ്റൊരു കാരണം. കൃത്യമായ ആവശ്യകതയുടെ അടിസ്ഥാനത്തിലാണ് ഇസ്ലാമിക പ്രബോധനം നടത്തപ്പെടുന്നത് എന്നതുപോലെ തന്നെ ചില പ്രധാന ലക്ഷ്യങ്ങളും പ്രബോധനത്തിനുണ്ട്. മനുഷ്യ സുരക്ഷ സമ്പൂർണ്ണമായി നിറവേറ്റുക എന്ന മാനവിക ധർമ്മമാണ് ഇസ്ലാം. ഈ വിജയ താൽപര്യം കുടുംബം,അയൽക്കാർ,നാട്ടുകാർ, കൂട്ടുകാർ എന്നീ സാമൂഹിക ഘടകങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് പ്രബോധനത്തിന്റെ ലക്ഷ്യം. "നിങ്ങള്‍, മനുഷ്യര്‍ക്ക് വേണ്ടി പുറപ്പെടുവിക്കപ്പെട്ട ഏറ്റം ഉത്തമ സമുദായമാകുന്നു. നിങ്ങള്‍ സദാചാരം കൊണ്ട് കല്‍പിക്കുകയും, ദുരാചാരത്തെ കുറിച്ച് വിരോധിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു" (ആലുഇംറാൻ 110) എന്ന ഖുർആനിക വചനം ഇതു വരച്ചു കാട്ടുന്നുണ്ട്. അതോടൊപ്പം പരിശുദ്ധമായ ദീനിന്റെ സംസ്ഥാപനവും പ്രബോധനത്തിന്റെ ലക്ഷ്യമാണ്. തിരുനബി (സ) യിൽ നിന്ന് കൈമാറി യുഗാന്തരങ്ങൾ പിന്നിട്ട ഇസ്ലാം ഇപ്പോഴും തനിമയോടെ നിലനിൽക്കുന്നത് അതാതു കാലങ്ങളിൽ നടന്ന പ്രബോധനത്തിന്റെ ഫലമായിട്ടാണ്. ചുരുക്കത്തിൽ പരമമായ ഇഹപര വിജയമാണ് പ്രബോധനം കൊണ്ടുള്ള ലക്ഷ്യം.   

ഓരോ മുസ്ലിമിന്റെയും നിർബന്ധ ബാധ്യതയാണ് പ്രബോധനം. വ്യക്തി വിശുദ്ധിയിൽ ആരംഭിച്ച് മനുഷ്യൻ്റെ നിഖില മേഖലകളെയും സംസ്കരിക്കുന്നതിന്റെ സമ്പൂർണ്ണ രൂപമാണ് പ്രബോധനം. പ്രബോധകന്റെ പ്രബോധന രീതികൾ എങ്ങനെയാകണമെന്ന് ഇസ്ലാം കൃത്യമായി പഠിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു : 
قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ۖ ( سورة يوسف 108) 
നബിയേ പറയുക: ഇതാണ് എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. (യൂസുഫ് 108). നബി (സ) പറയുന്നു : 
قالَ: لِيُبَلِّغِ الشَّاهِدُ منكمُ الغائِبَ ( البخاري) 
നിങ്ങളിൽ നിന്ന് സന്നിഹിതർ അസന്നിഹിതർക്ക് കാര്യങ്ങൾ എത്തിച്ചു നൽകണം. (ബുഖാരി ). ഓരോ കാലത്തിനും സമയത്തിനും സ്ഥലത്തിനും പരിഗണിച്ചു കൊണ്ടായിരിക്കണം പ്രബോധനം നടക്കേണ്ടത്. . സാഹചര്യത്തിനനുസരിച്ച് പ്രബോധന മാധ്യമങ്ങളും വ്യത്യസ്തമാകും. എന്നാലും പൊതുവായി ഹിക്മത്തും , മൗഇളതുൻ ഹസനയും അടിസ്ഥാനമാക്കിയായിരിക്കണം പ്രബോധനം. യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കാനാണ് ഖുർആൻ ആഹ്വാനം.
 ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ ( النحل 125) 
പ്രബോധനാശയം പൂർത്തിയാക്കിത്തരുന്ന മാർഗ്ഗങ്ങളാണ് പ്രബോധകൻ സ്വീകരിക്കേണ്ടത്. അതിനായി പ്രബോധിത ജനതയോടുള്ള സംബോധന രീതി മെച്ചപ്പെടുത്തേണ്ടതുണ്ട്. പ്രബോധകൻ ആശയ പ്രകടന സമയത്ത് ചില ചിട്ടകൾ പാലിക്കേണ്ടതുണ്ട്. മൃദുലത , കരുണ,വിനയം, ക്ഷമ, സദ്ഭാവന, സമാധാനം എന്നിവ അവയിൽ ചിലതാണ്. ആദ്യമായി പ്രബോധകൻ ജനഹൃദയങ്ങളിൽ സ്വാധീനം സ്ഥാപിക്കണം. അതിനായി ജനങ്ങൾക്ക് അർഹമായ സ്ഥാനങ്ങൾ നൽകുക, അവരുടെ നന്മകൾക്ക് പ്രോത്സാഹനം നൽകുക, ആവശ്യമായ രൂപത്തിൽ പ്രശംസിക്കുക തുടങ്ങിയ കാര്യങ്ങൾ സ്വീകരിക്കേണ്ടിവരും. ഇതുമൂലം പ്രബോധകന്റെ വാക്കുകൾക്ക് ജനസമക്ഷം സ്വീകാര്യത ലഭിക്കാൻ ഇടവരുന്നു. ആ സ്വാധീനം ഉപയോഗപ്പെടുത്തി സത്യമതത്തെ വളരെ എളുപ്പം പ്രചരിപ്പിക്കാനാവും. പ്രബോധനാവശ്യാർത്ഥം അവന് ജിഹ്വയും തൂലികയും ഉപയോഗപ്പെടുത്താവുന്നതുമാണ്. നബി(സ) യുടെ പ്രബോധന ശൈലികൾ പരിശോധിക്കുമ്പോൾ പ്രസംഗകലയിലെ മാസ്മരികത ദർശിക്കാവുന്നതാണ്. പ്രബോധന വീഥിയിലെ പ്രധാന രീതിയാണ് പ്രസംഗ പ്രബോധനം. ഇതര മാർഗങ്ങളെ അപേക്ഷിച്ച് പ്രസംഗത്തിന് അനിതര സാധാരണമായ സ്വാധീനമുണ്ട്. ആത്മീയ അന്തരീക്ഷം , പ്രസംഗകന്റെയും ശ്രോതാക്കളുടെയും ഇടയിൽ രൂപപ്പെടുന്ന ബന്ധം , ആരാധനയാണെന്ന ബോധ്യം , ആവർത്തിക്കപ്പെടൽ തുടങ്ങിയ പ്രഭാഷണത്തിന്റെ പ്രത്യേകതകൾ പ്രസംഗ പ്രബോധനത്തെ മികവുറ്റതാക്കുന്നു. പ്രബോധനത്തിന്റെ മറ്റൊരു രീതിയാണ് ലേഖനം. സാഹിത്യത്തിന് നിരവധി ശാഖകൾ ഉണ്ടെങ്കിലും പ്രബോധനത്തിൽ സുതാര്യതയുള്ളത് ലേഖനങ്ങൾക്കാണ്. എല്ലാവിധ രചനാ രൂപങ്ങളെയും ഇത് ഉൾക്കൊള്ളുന്നു. വിശിഷ്യാ കത്തുകൾ, ലേഖനങ്ങൾ, പ്രബന്ധങ്ങൾ എന്നിവ ഈ ഗണത്തിൽ പെടും. കത്തിടപാടുകളും എഴുത്തു കുത്തുകളും തിരുനബി(സ)യുടെ കാലത്ത് നിർബാധം നടത്തിയിട്ടുള്ളതാണ്. വിവിധ രാജ്യങ്ങളിലേക്ക് നബി(സ) എഴുതിയ കത്തുകൾ പ്രസിദ്ധമാണ്. പ്രസംഗ കലയിൽ എന്നതുപോലെ ലേഖനങ്ങളിലും പ്രബോധകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്. പ്രമേയം, ആരംഭം, പരാമർശ ബിന്ദുക്കൾ, നിലപാട് തുടങ്ങിയവ ലേഖന പ്രബന്ധ ഉപന്യാസ എഴുത്തിന്റെ നിർബന്ധ ഘടകങ്ങളാണ്. തിരുനബിയുടെ കത്തുകളിൽ മാന്യമായ ഉപചാരം പാലിച്ചതായും നന്മകളെ പുകഴ്ത്തി പറഞ്ഞതായും കാണാൻ സാധിക്കും. 

പ്രബോധിത ജനത പല വിഭാഗങ്ങളിലുള്ളവരായിരിക്കും. അവരിൽ കുട്ടികളും മുതിർന്നവരും ആശയവിരോധികളും എല്ലാം ഉണ്ടാവാം. അവരോടെല്ലാം അവർക്ക് അനുയോജ്യമായ രൂപത്തിൽ ആയിരിക്കണം പ്രബോധകൻ സംവദിക്കേണ്ടത്. ആദ്യം കുട്ടികളോട് എങ്ങനെ വർത്തിക്കണമെന്ന് നോക്കാം. ഏതൊരു കുടുംബനാഥൻ്റെയും വളരെ സങ്കീർണ്ണമായ ഒരു ആശങ്കയാണ് കുട്ടികളുടെ ശിക്ഷണം. ഭാവിയുടെ വരദാനങ്ങളായ സന്താനങ്ങൾ ശൈശവം,ബാല്യം, കൗമാരം എന്നി ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഓരോ ഘട്ടത്തിലും അവർക്ക് വ്യത്യസ്ത ശിക്ഷണ രീതിയാണ് ലഭിക്കപ്പെടേണ്ടത്. തങ്ങളുടെ മക്കൾ ഉത്തമ സന്താനങ്ങളായി വളരണം എന്നാഗ്രഹിക്കുന്ന രക്ഷിതാക്കൾ പ്രഥമപ്രധാനമായി നിർവഹിക്കേണ്ടത് സ്വജീവിതം കൊണ്ട് മാതൃക സൃഷ്ടിക്കലാണ്. കാരണം ഇതര മാതൃകകളെക്കാൾ ഉപരി കുട്ടികളിൽ സ്വാധീനം ചെലുത്തുന്നത് രക്ഷിതാവിൻ്റെ മാതൃകകളാണ്. അവരോട് കാരുണ്യത്തോടെയും മൃദുലതയോടെയും പെരുമാറൽ വളരെ പ്രധാനപ്പെട്ടതാണ്. ക്രൂരമായാണ് അവരോട് പെരുമാറുന്നതെങ്കിൽ അതിക്രൂരമായിട്ടായിരിക്കും അവർ ഭാവിയിൽ പ്രതികരിക്കുക. അതോടൊപ്പം ഫലപ്രദമായ കഥകളും അനുഭവങ്ങളും പകർന്നു കൊടുക്കുകയും ആവശ്യാനുസരണം നന്മതിന്മകൾ വേർതിരിച്ച് കാണിച്ചുകൊടുക്കുകയും ചെയ്യുന്നതിലൂടെ കുട്ടികളെ സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കുന്നു. ഇതുപോലെയാണ് പ്രബോധകനും കുട്ടികളോട് പെരുമാറേണ്ടത്. സ്ത്രീകളോടുള്ള പ്രബോധനം വലിയ സാധ്യതകളെയാണ് തുറന്നുവെക്കുന്നത് . ഒരു കുടുംബത്തെയും തലമുറയെയും വളർത്തി വലുതാക്കുന്നതിൽ ഒരു സ്ത്രീവഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ അവരോടുള്ള പ്രബോധന പ്രവർത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. മത ചുറ്റുപാടിൽ ആയി സ്ത്രീ കുട്ടികളെ വളർത്തി വലുതാക്കുക എന്നത് പരമപ്രധാനമാണ്. അവർക്ക് വീട്കങ്ങളിൽ ശരിയായ മതചിട്ടകളും പാഠങ്ങളും പകർന്നു കൊടുക്കലും ദീനി കുടുംബങ്ങളിലേക്ക് അവരെ കൈപിടിച്ച് ചേർക്കലും ശ്രദ്ധിക്കേണ്ട കാര്യമാണ്. ക്ഷമയും സഹനവും അവരെ പഠിപ്പിക്കുക, കാലത്തിൻ്റെ ഉയർന്നതകളെയും ചതിക്കുഴികളെയും സംബന്ധിച്ച് കൃത്യമായ അവബോധം നൽകുക മാന്യമായജീവിതക്രമവും ചിട്ടയും ശീലിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക , ഇതെല്ലാം അവരുടെ ബാധ്യതയാണ്. അതുകൊണ്ട് കൃത്യമായ ഇസ്ലാമിക നിയമങ്ങൾ പാലിച്ച് സ്ത്രീകൾക്ക് ആവശ്യമായതെല്ലാം പകർന്നുകൊടുക്കേണ്ടതുണ്ട്. സാധ്യമായതെല്ലാം മതചട്ടക്കൂടിൽ നിന്നുകൊണ്ട് പഠിച്ചെടുക്കാനുള്ള അവകാശവും ഇസ്ലാം അവർക്ക് വിഭാവനം ചെയ്യുന്നുണ്ട്. 
قدْ أذِنَ اللَّهُ لَكُنَّ أنْ تَخْرُجْنَ لِحَوائِجِكُنَّ. ( صحيح البخاري) 
അല്ലാഹു അവർക്ക് ആവശ്യനിർവഹണത്തിന് പുറത്തുപോകാൻ സമ്മതം നൽകിയിരിക്കുന്നു. എന്നാൽ ഇത് ഇസ്ലാം നിഷ്കർഷിച്ചിട്ടുള്ള എല്ലാ നിയമങ്ങളും സാധ്യതകളും പരിഗണിച്ചുകൊണ്ടായിരിക്കണം. വൈയക്തിക ബാധ്യതയായ കാര്യങ്ങൾ പഠിക്കാനാണെങ്കിൽ സ്വന്തം വീട്ടിൽ നിന്ന് പഠിക്കൽ സാധ്യമല്ലെങ്കിൽ പുറത്തുപോകൽ നിർബന്ധമാകും. ഇമാം ഇബ്നു ഹജറിൽ ഹൈതമി (റ) പറയുന്നു : സ്ത്രീകൾക്ക് ആവശ്യമുള്ള കാര്യങ്ങൾ പഠിക്കൽ നിർബന്ധമാണ്. അവളുടെ ഭർത്താവ് ഒരു പണ്ഡിതൻ ആണെങ്കിൽ അദ്ദേഹമാണത് പഠിപ്പിക്കേണ്ടത്. അല്ലെങ്കിൽ അല്ലെങ്കിൽ പുറത്തു പോകാവുന്നതാണ്. (മിൻഹാജുൽ ഖവീം ശർഹുൽ മുഖദ്ദിമത്തിൽ ഹള്റമിയ്യ: ) എന്നാൽ ഇതെല്ലാം കൃത്യമായ നിയമങ്ങൾ പാലിച്ചായിരിക്കണം. ഏതു സ്ത്രീക്കും അത്യാവശ്യമായ കാര്യങ്ങൾ പഠിക്കാൻ നിയന്ത്രണവിധേയരായി എവിടെയും പോകാം എന്നാണ് പണ്ഡിത വചനങ്ങളിൽ നിന്നും മനസ്സിലാകുന്നത്. അപ്പോൾ അതിനുള്ള സാഹചര്യം ഒരുക്കപ്പെടണം. സ്വന്തം വീട്ടിൽ ഇരുന്ന് ഭർത്താവിൽ നിന്നോ മറ്റോ പഠിക്കാൻ ആകുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം. അല്ലെങ്കിൽ പള്ളിയോ മദ്രസയോ കേന്ദ്രീകരിച്ച് പഠന കേന്ദ്രങ്ങൾ ഒരുക്കപ്പെടേണ്ടതാണ് ഇതാണ് സ്ത്രീകൾക്ക് നൽകാവുന്ന ഏറ്റവും വലിയ പ്രബോധനം. പിന്നീട് അവസരോചിതമായ മറ്റു പ്രബോധന പ്രവർത്തനങ്ങൾ കൂടി നടപ്പിലാക്കുന്നതിലൂടെ മികച്ച വനിതകളായി അവരെ പരിവർത്തിപ്പിക്കാനാവും. സമൂഹത്തിന്റെ ഗതി നിർണയിക്കുന്നതിൽ പ്രമുഖ പങ്കുവഹിക്കുന്ന വിഭാഗമാണ് യുവാക്കൾ. അതുകൊണ്ടുതന്നെ യുവതലമുറയുടെ ശരിയായ ദിശാബോധം ഈ സമൂഹത്തിന്റെയും പ്രബോധകന്മാരുടെയും ഉത്തരവാദിത്തമാണ്. "യാ മഅ്ശറ ശബാബ്" എന്ന് യുവസമൂഹത്തെ അഭിസംബോധന ചെയ്ത് തിരുനബി(സ)യുടെ ഹദീസുകൾ ഇതിനുദാഹരണമാണ്. സമൂഹത്തിൽ വളർന്നുവരുന്ന ദുരാചാരങ്ങളോടും സങ്കീർണതകളോടും കലഹിക്കാൻ പഠിപ്പിക്കുകയും അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്യേണ്ടതുണ്ട്. മോശമായ കൂട്ടുകെട്ടിൽ നിന്ന് സംരക്ഷണ കവചം തീർത്ത് മതപരമായ സംഘടനകളിൽ അവരെ എത്തിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. അവരെ കൃത്യമായ പ്രബോധന പ്രവർത്തനങ്ങൾ കൊണ്ട് നവീന പ്രസ്ഥാനങ്ങളിൽ നിന്നും മതനിരാസങ്ങളിൽ നിന്നും അകറ്റി നിർത്തണം. മുതിർന്നവരോടുള്ള പ്രബോധനം അവരുടെ പ്രായത്തെയും സ്ഥാനത്തെയും പരിഗണിച്ചു കൊണ്ടായിരിക്കണം. മുൻധാരണയും എടുത്തുചാട്ടവും വർജിച്ച് സൗമ്യതയോടെ അവരെ സമീപിക്കണം. 

ഇസ്ലാമിക പ്രബോധന ചരിത്രത്തിൽ രഹസ്യ പരസ്യ പ്രബോധന സംഭവങ്ങൾ കാണാം. തിരുനബി (സ) പ്രവാചക ലബ്ധിക്ക് ശേഷം ആദ്യം മൂന്നുവർഷം രഹസ്യ പ്രബോധനമായിരുന്നു നടത്തിയിരുന്നത്. പ്രവാചകത്വം ലഭിച്ച കുറച്ചു ദിവസങ്ങൾക്ക് ശേഷം അല്ലാഹു സൂറത്തുൽ മുദ്ദസിർ ആദ്യവചനങ്ങളിലൂടെ രഹസ്യ പ്രബോധനത്തിന് സമ്മതം നൽകുകയായിരുന്നു. വളരെ അടുത്ത ആളുകളെ മാത്രം സമീപിച്ച് കാര്യങ്ങൾ ബോധിപ്പിച്ചു. അബൂബക്ർ (റ) , ഖദീജ ബീവി , അലി (റ) , സൈദുബ്നു ഹാരിസ (റ) ആദ്യം വിശ്വസിച്ചയാളുകളാണ്. മക്കയിലെ മലഞ്ചെരുവുകളിൽ ആയിരുന്നു ആദ്യകാലങ്ങളിൽ മുസ്ലീങ്ങൾ സംഗമിച്ചിരുന്നതും മറ്റു ആരാധനകൾ നിർവഹിച്ചിരുന്നതും. പിന്നീട് ശത്രുക്കളുടെ ആക്രമണങ്ങൾ അവിടെയും എത്തിയപ്പോൾ അർഖമുബ്നു അബിൽ അർഖമിൻ്റെ വീട്ടിലേക്ക് മാറി. പിന്നീട് അവിടെയായിരുന്നു കാര്യങ്ങൾ നടന്നത്. മൂന്നുവർഷത്തെ രഹസ്യ പ്രബോധനത്തിനു ശേഷം ഒരു അടിത്തറ സ്ഥാപിച്ചതിനു ശേഷം അല്ലാഹുവിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം പരസ്യ പ്രബോധനം ആരംഭിച്ചു. അല്ലാഹു പറയുന്നു: 
فاصدع بما تؤمر وأعرض عن المشركين (الحجر 94) 
നിങ്ങളോട് കൽപ്പിക്കപ്പെട്ട കാര്യം പരസ്യമാക്കുക, മുശ്രിക്കുകളോട് തിരിഞ്ഞു കളയുക)
അപ്പോൾ തിരുനബി (സ) എല്ലാ സമുദായത്തെയും വിളിച്ചുചേർത്ത് നുബുവ്വത്ത് പ്രഖ്യാപിച്ചു. അതുവരെ "അൽ അമീൻ" ആയി കണ്ടിരുന്ന അടുത്ത ബന്ധുക്കൾ പോലും അക്രമങ്ങൾ കൊണ്ട് എതിരേറ്റു. തിരുനബിയുടെ പ്രബോധന പ്രവർത്തനങ്ങളിൽ നിന്ന് രഹസ്യ പരസ്യ മാർഗങ്ങളും അതിൻ്റെ രീതിയും നടത്തിപ്പും സ്വതരാം വ്യക്തമാണ്. ആകയാൽ പ്രബോധകന്റെ ആവശ്യാനുസരണം ഇതു സ്വീകരിക്കാവുന്നതുമാണ്. പ്രബോധനം നിർവഹിക്കൽ പ്രവാചകന്മാരെ അനുധാവനം ചെയ്യലും അവരെ പിൻപറ്റലുമായിട്ടാണ് ഖുർആൻ പരിചയപ്പെടുത്തുന്നത്. (യൂസുഫ് 108) അതോടൊപ്പം പ്രബോധനം നന്മകളിലേക്കുള്ള മുന്നേറ്റവും പ്രതിഫലങ്ങൾ നേടുന്നതിനുള്ള ഉൽക്കടമായ ഇച്ഛയുമാണ്. പ്രബോധകരെ ഖുർആൻ മുക്തകണ്ഠം പ്രശംസിക്കുന്നുണ്ട്. കുറഞ്ഞ കർമ്മത്തിൽ കൂടുതൽ കൂലിയും പുണ്യവും നേടാനുള്ള മാർഗമാണ് പ്രബോധനം. ഇതിന് ഉപോദ്ബലകമായ പ്രവാചകാധ്യാപനം ശ്രദ്ധേയമാണ്. " ആരെങ്കിലും ഒരു നന്മ അറിയിച്ചു നൽകിയാൽ അതു ചെയ്യുന്നവന് ലഭിക്കുന്നതു പോലുള്ള പ്രതിഫലം അവനുമുണ്ട്. (മുസ്ലിം) . അല്ലാഹുവിൽ നിന്ന് സന്മാർഗവും സൗഭാഗ്യവും ലഭിക്കുമെന്നത് പ്രബോധനത്തിന്റെ മറ്റൊരു നേട്ടമാണ്. പ്രബോധനത്തിന് ലഭിക്കുന്ന പാരത്രിക നേട്ടങ്ങൾ അനവധിയാണ് . അല്ലാഹു പറയുന്നു : "അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സുകൃതങ്ങൾ പ്രവർത്തിക്കുകയും ഞാനൊരു മുസ്ലിമാണെന്ന് പറയുകയും ചെയ്യുന്നവനെക്കാൾ ഉത്തമൻ ആരാണുള്ളത് ?!" ( ഫുസ്സിലത്ത് 33 ) പ്രവാചകാധ്യാപനവും പ്രസക്തമാണ് : "നന്മയിലേക്ക് ക്ഷണിക്കുന്ന ക്ഷണിതാവിന് ക്ഷണ സ്വീകർത്താവിന് ലഭിക്കുന്നതിനു തുല്യമായ പ്രതിഫലം ലഭിക്കും. എന്നാൽ സ്വീകർത്താവിന്റെ പ്രതിഫലത്തിൽ കുറവ് വരുകയുമില്ല". (മുസ്ലിം) ഇതിലുപരി പ്രബോധകന് സന്മാർഗം , വിശ്വാസ വർദ്ധന, വർദ്ധിത ആരാധന , പ്രതാപം, സ്വീകാര്യത തുടങ്ങി ഒട്ടനവധി പ്രതിഫലങ്ങൾ ഇരുലോകത്തും ലഭിക്കുമെന്ന് മഹത്തുക്കൾ പഠിപ്പിക്കുന്നു. 
ഏറ്റവും വലിയ മാതൃക പ്രബോധകർ അമ്പിയാക്കളും അവരുടെ അനന്തരഗാമികളുമായ ഉലമാക്കളുമാണ്. നിർദിഷ്ട ദൗത്യനിർവഹണത്തിൽ പ്രവാചകന്മാർ പൂർണാർത്ഥത്തിൽ വിജയിച്ചവരാണ്. മുൻകാല പ്രവാചകൻമാരുടെ ചരിത്രം ഖുർആനിൽ പരാമർശിച്ചതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ആ മാതൃക പഠിപ്പിക്കലാണ്. മുസ്ലിം രാഷ്ട്രത്തിലും മതേതര രാഷ്ട്രത്തിലും അനുവദിച്ച സ്വാതന്ത്ര്യത്തിലും പരിധിയിലും നിന്നുകൊണ്ട് പ്രബോധന പ്രവർത്തനങ്ങൾ നടത്താൻ നാം ശ്രമിക്കേണ്ടതുണ്ട്. മതപരമായ ശിആറുകൾ പ്രകടമാക്കിയും മതത്തിനു നേരെ വരുന്ന എതിർപ്പുകൾക്കും ആരോപണങ്ങൾക്കും സാധ്യമായ രീതിയിൽ പ്രതികരിച്ചു കൊണ്ടും പ്രബോധകൻ ഇത്തരം രാഷ്ട്രങ്ങളിൽ പ്രബോധന പ്രവർത്തനങ്ങളിൽ ഊർജ്ജസ്വലരാകേണ്ടതുണ്ട്. എന്നാൽ എക്കാലത്തും പ്രബോധകർ ഒരുപാട് പ്രാതികൂല്യങ്ങൾ നേരിട്ടിട്ടുണ്ട്. അവയെല്ലാം തരണം ചെയ്തു വേണം പ്രബോധകൻ മുന്നേറാൻ. പ്രബോധിതരുടെ അശ്രദ്ധ, മാതൃക ഇല്ലായ്മ, അലസത , ദൈവീക കൽപ്പനകളെ നിരാകരിക്കൽ, ഇസ്ലാമിനെ വർഗീയ വൽക്കരിക്കൽ എന്നിവ അതിൽ ചിലതാണ്. പ്രതികൂല്യങ്ങളെ എല്ലാം അവഗണിച്ച് ദിവ്യമായ ദൗത്യം നിർവഹിക്കുന്നതിലാണ് പ്രബോധകന്റെ വിജയം. എന്നാൽ ആധുനിക പ്രബോധനമെല്ലാം കേവലം കവല പ്രസംഗത്തിൽ ഒതുങ്ങുന്നു എന്നതാണ് വലിയ പ്രതിസന്ധി.



  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...