Sunday, 21 December 2025

പ്രബോധനം


പ്രബോധനം

ഒരു മുസ്‌ലിമിൻ്റെ പ്രധാനപ്പെട്ട ജീവിത ദൗത്യമാണ് ദഅവത്ത്. ക്ഷണിക്കുക,വിളിക്കുക എന്നൊക്കെയാണ് ഈ അറബി പദത്തിൻ്റെ അർത്ഥം. സാങ്കേതികാർത്ഥത്തിൽ , തൗഹീദിന്റെയും അതുൾക്കൊള്ളുന്ന വിധിവിലക്കുകളുടെയും സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുകയും അല്ലാഹുവിൻ്റെ മാർഗത്തിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്യലാണ് ദഅവത്ത്. സാമൂഹിക സാമ്പത്തിക സാംസ്കാരിക നന്മകൾ ജനങ്ങളിൽ നിലനിൽക്കാൻ കൃത്യമായ മതാധ്യാപനങ്ങൾ പ്രബോധിതർക്ക് നൽകേണ്ടിയിരിക്കുന്നു. ആത്യന്തികമായി അല്ലാഹുവും തിരുദൂതരും കൽപ്പിച്ചു എന്നത് കൊണ്ടു തന്നെയാണ് മുസ്ലിംകൾ പ്രബോധന ദൗത്യം നിർവഹിക്കാൻ ബാധ്യസ്ഥരായിട്ടുള്ളത്. "യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക" ( വി.ഖു അന്നഹ്ൽ 125 ) എന്ന ഖുർആനിക വചനം ഇതിനാധാരമാണ്. വിശ്വാസിക്ക് പ്രബോധന ദൗത്യം ബാധ്യതയാകാനുള്ള മറ്റു കാരണങ്ങളുമുണ്ട്. അല്ലാഹുവിൻ്റെ വിധിവിലക്കുകളും പ്രമാണങ്ങളും പകർന്നു നൽകുന്ന ഒരു ദൂതൻ ജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കൽ അത്യന്താപേക്ഷിതമാണ്. കാരണം ഒരു പ്രവാചകന്റെ താക്കീതും വാഗ്ദാനങ്ങളും ലഭിക്കാത്ത ഒരു സമുദായത്തിന് മതവിധികൾ ബാധകമാകില്ല. ഖുർആൻ പറയുന്നു : ഒരു റസൂലിനെ അയക്കുന്നതുവരെ നാം ആരെയും ശിക്ഷിക്കുന്നവരായിരിക്കില്ല. (വി.ഖു : ഇസ്റാഅ് 15). സ്വന്തമായി യഥാർത്ഥ സത്യത്തിലേക്ക് നടന്ന് എടുക്കാൻ അപര്യാപ്തനായ മനുഷ്യസമുദായത്തെ തിന്മയുടെ വക്താക്കളിൽ നിന്ന് രക്ഷിക്കാൻ ഒരു പ്രബോധകൻ ആവശ്യമാണ് എന്നതാണ് മറ്റൊരു കാരണം. കൃത്യമായ ആവശ്യകതയുടെ അടിസ്ഥാനത്തിലാണ് ഇസ്ലാമിക പ്രബോധനം നടത്തപ്പെടുന്നത് എന്നതുപോലെ തന്നെ ചില പ്രധാന ലക്ഷ്യങ്ങളും പ്രബോധനത്തിനുണ്ട്. മനുഷ്യ സുരക്ഷ സമ്പൂർണ്ണമായി നിറവേറ്റുക എന്ന മാനവിക ധർമ്മമാണ് ഇസ്ലാം. ഈ വിജയ താൽപര്യം കുടുംബം,അയൽക്കാർ,നാട്ടുകാർ, കൂട്ടുകാർ എന്നീ സാമൂഹിക ഘടകങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് പ്രബോധനത്തിന്റെ ലക്ഷ്യം. "നിങ്ങള്‍, മനുഷ്യര്‍ക്ക് വേണ്ടി പുറപ്പെടുവിക്കപ്പെട്ട ഏറ്റം ഉത്തമ സമുദായമാകുന്നു. നിങ്ങള്‍ സദാചാരം കൊണ്ട് കല്‍പിക്കുകയും, ദുരാചാരത്തെ കുറിച്ച് വിരോധിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു" (ആലുഇംറാൻ 110) എന്ന ഖുർആനിക വചനം ഇതു വരച്ചു കാട്ടുന്നുണ്ട്. അതോടൊപ്പം പരിശുദ്ധമായ ദീനിന്റെ സംസ്ഥാപനവും പ്രബോധനത്തിന്റെ ലക്ഷ്യമാണ്. തിരുനബി (സ) യിൽ നിന്ന് കൈമാറി യുഗാന്തരങ്ങൾ പിന്നിട്ട ഇസ്ലാം ഇപ്പോഴും തനിമയോടെ നിലനിൽക്കുന്നത് അതാതു കാലങ്ങളിൽ നടന്ന പ്രബോധനത്തിന്റെ ഫലമായിട്ടാണ്. ചുരുക്കത്തിൽ പരമമായ ഇഹപര വിജയമാണ് പ്രബോധനം കൊണ്ടുള്ള ലക്ഷ്യം.   

ഓരോ മുസ്ലിമിന്റെയും നിർബന്ധ ബാധ്യതയാണ് പ്രബോധനം. വ്യക്തി വിശുദ്ധിയിൽ ആരംഭിച്ച് മനുഷ്യൻ്റെ നിഖില മേഖലകളെയും സംസ്കരിക്കുന്നതിന്റെ സമ്പൂർണ്ണ രൂപമാണ് പ്രബോധനം. പ്രബോധകന്റെ പ്രബോധന രീതികൾ എങ്ങനെയാകണമെന്ന് ഇസ്ലാം കൃത്യമായി പഠിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു : 
قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ۖ ( سورة يوسف 108) 
നബിയേ പറയുക: ഇതാണ് എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. (യൂസുഫ് 108). നബി (സ) പറയുന്നു : 
قالَ: لِيُبَلِّغِ الشَّاهِدُ منكمُ الغائِبَ ( البخاري) 
നിങ്ങളിൽ നിന്ന് സന്നിഹിതർ അസന്നിഹിതർക്ക് കാര്യങ്ങൾ എത്തിച്ചു നൽകണം. (ബുഖാരി ). ഓരോ കാലത്തിനും സമയത്തിനും സ്ഥലത്തിനും പരിഗണിച്ചു കൊണ്ടായിരിക്കണം പ്രബോധനം നടക്കേണ്ടത്. . സാഹചര്യത്തിനനുസരിച്ച് പ്രബോധന മാധ്യമങ്ങളും വ്യത്യസ്തമാകും. എന്നാലും പൊതുവായി ഹിക്മത്തും , മൗഇളതുൻ ഹസനയും അടിസ്ഥാനമാക്കിയായിരിക്കണം പ്രബോധനം. യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കാനാണ് ഖുർആൻ ആഹ്വാനം.
 ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ ( النحل 125) 
പ്രബോധനാശയം പൂർത്തിയാക്കിത്തരുന്ന മാർഗ്ഗങ്ങളാണ് പ്രബോധകൻ സ്വീകരിക്കേണ്ടത്. അതിനായി പ്രബോധിത ജനതയോടുള്ള സംബോധന രീതി മെച്ചപ്പെടുത്തേണ്ടതുണ്ട്. പ്രബോധകൻ ആശയ പ്രകടന സമയത്ത് ചില ചിട്ടകൾ പാലിക്കേണ്ടതുണ്ട്. മൃദുലത , കരുണ,വിനയം, ക്ഷമ, സദ്ഭാവന, സമാധാനം എന്നിവ അവയിൽ ചിലതാണ്. ആദ്യമായി പ്രബോധകൻ ജനഹൃദയങ്ങളിൽ സ്വാധീനം സ്ഥാപിക്കണം. അതിനായി ജനങ്ങൾക്ക് അർഹമായ സ്ഥാനങ്ങൾ നൽകുക, അവരുടെ നന്മകൾക്ക് പ്രോത്സാഹനം നൽകുക, ആവശ്യമായ രൂപത്തിൽ പ്രശംസിക്കുക തുടങ്ങിയ കാര്യങ്ങൾ സ്വീകരിക്കേണ്ടിവരും. ഇതുമൂലം പ്രബോധകന്റെ വാക്കുകൾക്ക് ജനസമക്ഷം സ്വീകാര്യത ലഭിക്കാൻ ഇടവരുന്നു. ആ സ്വാധീനം ഉപയോഗപ്പെടുത്തി സത്യമതത്തെ വളരെ എളുപ്പം പ്രചരിപ്പിക്കാനാവും. പ്രബോധനാവശ്യാർത്ഥം അവന് ജിഹ്വയും തൂലികയും ഉപയോഗപ്പെടുത്താവുന്നതുമാണ്. നബി(സ) യുടെ പ്രബോധന ശൈലികൾ പരിശോധിക്കുമ്പോൾ പ്രസംഗകലയിലെ മാസ്മരികത ദർശിക്കാവുന്നതാണ്. പ്രബോധന വീഥിയിലെ പ്രധാന രീതിയാണ് പ്രസംഗ പ്രബോധനം. ഇതര മാർഗങ്ങളെ അപേക്ഷിച്ച് പ്രസംഗത്തിന് അനിതര സാധാരണമായ സ്വാധീനമുണ്ട്. ആത്മീയ അന്തരീക്ഷം , പ്രസംഗകന്റെയും ശ്രോതാക്കളുടെയും ഇടയിൽ രൂപപ്പെടുന്ന ബന്ധം , ആരാധനയാണെന്ന ബോധ്യം , ആവർത്തിക്കപ്പെടൽ തുടങ്ങിയ പ്രഭാഷണത്തിന്റെ പ്രത്യേകതകൾ പ്രസംഗ പ്രബോധനത്തെ മികവുറ്റതാക്കുന്നു. പ്രബോധനത്തിന്റെ മറ്റൊരു രീതിയാണ് ലേഖനം. സാഹിത്യത്തിന് നിരവധി ശാഖകൾ ഉണ്ടെങ്കിലും പ്രബോധനത്തിൽ സുതാര്യതയുള്ളത് ലേഖനങ്ങൾക്കാണ്. എല്ലാവിധ രചനാ രൂപങ്ങളെയും ഇത് ഉൾക്കൊള്ളുന്നു. വിശിഷ്യാ കത്തുകൾ, ലേഖനങ്ങൾ, പ്രബന്ധങ്ങൾ എന്നിവ ഈ ഗണത്തിൽ പെടും. കത്തിടപാടുകളും എഴുത്തു കുത്തുകളും തിരുനബി(സ)യുടെ കാലത്ത് നിർബാധം നടത്തിയിട്ടുള്ളതാണ്. വിവിധ രാജ്യങ്ങളിലേക്ക് നബി(സ) എഴുതിയ കത്തുകൾ പ്രസിദ്ധമാണ്. പ്രസംഗ കലയിൽ എന്നതുപോലെ ലേഖനങ്ങളിലും പ്രബോധകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്. പ്രമേയം, ആരംഭം, പരാമർശ ബിന്ദുക്കൾ, നിലപാട് തുടങ്ങിയവ ലേഖന പ്രബന്ധ ഉപന്യാസ എഴുത്തിന്റെ നിർബന്ധ ഘടകങ്ങളാണ്. തിരുനബിയുടെ കത്തുകളിൽ മാന്യമായ ഉപചാരം പാലിച്ചതായും നന്മകളെ പുകഴ്ത്തി പറഞ്ഞതായും കാണാൻ സാധിക്കും. 

പ്രബോധിത ജനത പല വിഭാഗങ്ങളിലുള്ളവരായിരിക്കും. അവരിൽ കുട്ടികളും മുതിർന്നവരും ആശയവിരോധികളും എല്ലാം ഉണ്ടാവാം. അവരോടെല്ലാം അവർക്ക് അനുയോജ്യമായ രൂപത്തിൽ ആയിരിക്കണം പ്രബോധകൻ സംവദിക്കേണ്ടത്. ആദ്യം കുട്ടികളോട് എങ്ങനെ വർത്തിക്കണമെന്ന് നോക്കാം. ഏതൊരു കുടുംബനാഥൻ്റെയും വളരെ സങ്കീർണ്ണമായ ഒരു ആശങ്കയാണ് കുട്ടികളുടെ ശിക്ഷണം. ഭാവിയുടെ വരദാനങ്ങളായ സന്താനങ്ങൾ ശൈശവം,ബാല്യം, കൗമാരം എന്നി ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഓരോ ഘട്ടത്തിലും അവർക്ക് വ്യത്യസ്ത ശിക്ഷണ രീതിയാണ് ലഭിക്കപ്പെടേണ്ടത്. തങ്ങളുടെ മക്കൾ ഉത്തമ സന്താനങ്ങളായി വളരണം എന്നാഗ്രഹിക്കുന്ന രക്ഷിതാക്കൾ പ്രഥമപ്രധാനമായി നിർവഹിക്കേണ്ടത് സ്വജീവിതം കൊണ്ട് മാതൃക സൃഷ്ടിക്കലാണ്. കാരണം ഇതര മാതൃകകളെക്കാൾ ഉപരി കുട്ടികളിൽ സ്വാധീനം ചെലുത്തുന്നത് രക്ഷിതാവിൻ്റെ മാതൃകകളാണ്. അവരോട് കാരുണ്യത്തോടെയും മൃദുലതയോടെയും പെരുമാറൽ വളരെ പ്രധാനപ്പെട്ടതാണ്. ക്രൂരമായാണ് അവരോട് പെരുമാറുന്നതെങ്കിൽ അതിക്രൂരമായിട്ടായിരിക്കും അവർ ഭാവിയിൽ പ്രതികരിക്കുക. അതോടൊപ്പം ഫലപ്രദമായ കഥകളും അനുഭവങ്ങളും പകർന്നു കൊടുക്കുകയും ആവശ്യാനുസരണം നന്മതിന്മകൾ വേർതിരിച്ച് കാണിച്ചുകൊടുക്കുകയും ചെയ്യുന്നതിലൂടെ കുട്ടികളെ സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കുന്നു. ഇതുപോലെയാണ് പ്രബോധകനും കുട്ടികളോട് പെരുമാറേണ്ടത്. സ്ത്രീകളോടുള്ള പ്രബോധനം വലിയ സാധ്യതകളെയാണ് തുറന്നുവെക്കുന്നത് . ഒരു കുടുംബത്തെയും തലമുറയെയും വളർത്തി വലുതാക്കുന്നതിൽ ഒരു സ്ത്രീവഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ അവരോടുള്ള പ്രബോധന പ്രവർത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. മത ചുറ്റുപാടിൽ ആയി സ്ത്രീ കുട്ടികളെ വളർത്തി വലുതാക്കുക എന്നത് പരമപ്രധാനമാണ്. അവർക്ക് വീട്കങ്ങളിൽ ശരിയായ മതചിട്ടകളും പാഠങ്ങളും പകർന്നു കൊടുക്കലും ദീനി കുടുംബങ്ങളിലേക്ക് അവരെ കൈപിടിച്ച് ചേർക്കലും ശ്രദ്ധിക്കേണ്ട കാര്യമാണ്. ക്ഷമയും സഹനവും അവരെ പഠിപ്പിക്കുക, കാലത്തിൻ്റെ ഉയർന്നതകളെയും ചതിക്കുഴികളെയും സംബന്ധിച്ച് കൃത്യമായ അവബോധം നൽകുക മാന്യമായജീവിതക്രമവും ചിട്ടയും ശീലിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക , ഇതെല്ലാം അവരുടെ ബാധ്യതയാണ്. അതുകൊണ്ട് കൃത്യമായ ഇസ്ലാമിക നിയമങ്ങൾ പാലിച്ച് സ്ത്രീകൾക്ക് ആവശ്യമായതെല്ലാം പകർന്നുകൊടുക്കേണ്ടതുണ്ട്. സാധ്യമായതെല്ലാം മതചട്ടക്കൂടിൽ നിന്നുകൊണ്ട് പഠിച്ചെടുക്കാനുള്ള അവകാശവും ഇസ്ലാം അവർക്ക് വിഭാവനം ചെയ്യുന്നുണ്ട്. 
قدْ أذِنَ اللَّهُ لَكُنَّ أنْ تَخْرُجْنَ لِحَوائِجِكُنَّ. ( صحيح البخاري) 
അല്ലാഹു അവർക്ക് ആവശ്യനിർവഹണത്തിന് പുറത്തുപോകാൻ സമ്മതം നൽകിയിരിക്കുന്നു. എന്നാൽ ഇത് ഇസ്ലാം നിഷ്കർഷിച്ചിട്ടുള്ള എല്ലാ നിയമങ്ങളും സാധ്യതകളും പരിഗണിച്ചുകൊണ്ടായിരിക്കണം. വൈയക്തിക ബാധ്യതയായ കാര്യങ്ങൾ പഠിക്കാനാണെങ്കിൽ സ്വന്തം വീട്ടിൽ നിന്ന് പഠിക്കൽ സാധ്യമല്ലെങ്കിൽ പുറത്തുപോകൽ നിർബന്ധമാകും. ഇമാം ഇബ്നു ഹജറിൽ ഹൈതമി (റ) പറയുന്നു : സ്ത്രീകൾക്ക് ആവശ്യമുള്ള കാര്യങ്ങൾ പഠിക്കൽ നിർബന്ധമാണ്. അവളുടെ ഭർത്താവ് ഒരു പണ്ഡിതൻ ആണെങ്കിൽ അദ്ദേഹമാണത് പഠിപ്പിക്കേണ്ടത്. അല്ലെങ്കിൽ അല്ലെങ്കിൽ പുറത്തു പോകാവുന്നതാണ്. (മിൻഹാജുൽ ഖവീം ശർഹുൽ മുഖദ്ദിമത്തിൽ ഹള്റമിയ്യ: ) എന്നാൽ ഇതെല്ലാം കൃത്യമായ നിയമങ്ങൾ പാലിച്ചായിരിക്കണം. ഏതു സ്ത്രീക്കും അത്യാവശ്യമായ കാര്യങ്ങൾ പഠിക്കാൻ നിയന്ത്രണവിധേയരായി എവിടെയും പോകാം എന്നാണ് പണ്ഡിത വചനങ്ങളിൽ നിന്നും മനസ്സിലാകുന്നത്. അപ്പോൾ അതിനുള്ള സാഹചര്യം ഒരുക്കപ്പെടണം. സ്വന്തം വീട്ടിൽ ഇരുന്ന് ഭർത്താവിൽ നിന്നോ മറ്റോ പഠിക്കാൻ ആകുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം. അല്ലെങ്കിൽ പള്ളിയോ മദ്രസയോ കേന്ദ്രീകരിച്ച് പഠന കേന്ദ്രങ്ങൾ ഒരുക്കപ്പെടേണ്ടതാണ് ഇതാണ് സ്ത്രീകൾക്ക് നൽകാവുന്ന ഏറ്റവും വലിയ പ്രബോധനം. പിന്നീട് അവസരോചിതമായ മറ്റു പ്രബോധന പ്രവർത്തനങ്ങൾ കൂടി നടപ്പിലാക്കുന്നതിലൂടെ മികച്ച വനിതകളായി അവരെ പരിവർത്തിപ്പിക്കാനാവും. സമൂഹത്തിന്റെ ഗതി നിർണയിക്കുന്നതിൽ പ്രമുഖ പങ്കുവഹിക്കുന്ന വിഭാഗമാണ് യുവാക്കൾ. അതുകൊണ്ടുതന്നെ യുവതലമുറയുടെ ശരിയായ ദിശാബോധം ഈ സമൂഹത്തിന്റെയും പ്രബോധകന്മാരുടെയും ഉത്തരവാദിത്തമാണ്. "യാ മഅ്ശറ ശബാബ്" എന്ന് യുവസമൂഹത്തെ അഭിസംബോധന ചെയ്ത് തിരുനബി(സ)യുടെ ഹദീസുകൾ ഇതിനുദാഹരണമാണ്. സമൂഹത്തിൽ വളർന്നുവരുന്ന ദുരാചാരങ്ങളോടും സങ്കീർണതകളോടും കലഹിക്കാൻ പഠിപ്പിക്കുകയും അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്യേണ്ടതുണ്ട്. മോശമായ കൂട്ടുകെട്ടിൽ നിന്ന് സംരക്ഷണ കവചം തീർത്ത് മതപരമായ സംഘടനകളിൽ അവരെ എത്തിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. അവരെ കൃത്യമായ പ്രബോധന പ്രവർത്തനങ്ങൾ കൊണ്ട് നവീന പ്രസ്ഥാനങ്ങളിൽ നിന്നും മതനിരാസങ്ങളിൽ നിന്നും അകറ്റി നിർത്തണം. മുതിർന്നവരോടുള്ള പ്രബോധനം അവരുടെ പ്രായത്തെയും സ്ഥാനത്തെയും പരിഗണിച്ചു കൊണ്ടായിരിക്കണം. മുൻധാരണയും എടുത്തുചാട്ടവും വർജിച്ച് സൗമ്യതയോടെ അവരെ സമീപിക്കണം. 

ഇസ്ലാമിക പ്രബോധന ചരിത്രത്തിൽ രഹസ്യ പരസ്യ പ്രബോധന സംഭവങ്ങൾ കാണാം. തിരുനബി (സ) പ്രവാചക ലബ്ധിക്ക് ശേഷം ആദ്യം മൂന്നുവർഷം രഹസ്യ പ്രബോധനമായിരുന്നു നടത്തിയിരുന്നത്. പ്രവാചകത്വം ലഭിച്ച കുറച്ചു ദിവസങ്ങൾക്ക് ശേഷം അല്ലാഹു സൂറത്തുൽ മുദ്ദസിർ ആദ്യവചനങ്ങളിലൂടെ രഹസ്യ പ്രബോധനത്തിന് സമ്മതം നൽകുകയായിരുന്നു. വളരെ അടുത്ത ആളുകളെ മാത്രം സമീപിച്ച് കാര്യങ്ങൾ ബോധിപ്പിച്ചു. അബൂബക്ർ (റ) , ഖദീജ ബീവി , അലി (റ) , സൈദുബ്നു ഹാരിസ (റ) ആദ്യം വിശ്വസിച്ചയാളുകളാണ്. മക്കയിലെ മലഞ്ചെരുവുകളിൽ ആയിരുന്നു ആദ്യകാലങ്ങളിൽ മുസ്ലീങ്ങൾ സംഗമിച്ചിരുന്നതും മറ്റു ആരാധനകൾ നിർവഹിച്ചിരുന്നതും. പിന്നീട് ശത്രുക്കളുടെ ആക്രമണങ്ങൾ അവിടെയും എത്തിയപ്പോൾ അർഖമുബ്നു അബിൽ അർഖമിൻ്റെ വീട്ടിലേക്ക് മാറി. പിന്നീട് അവിടെയായിരുന്നു കാര്യങ്ങൾ നടന്നത്. മൂന്നുവർഷത്തെ രഹസ്യ പ്രബോധനത്തിനു ശേഷം ഒരു അടിത്തറ സ്ഥാപിച്ചതിനു ശേഷം അല്ലാഹുവിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം പരസ്യ പ്രബോധനം ആരംഭിച്ചു. അല്ലാഹു പറയുന്നു: 
فاصدع بما تؤمر وأعرض عن المشركين (الحجر 94) 
നിങ്ങളോട് കൽപ്പിക്കപ്പെട്ട കാര്യം പരസ്യമാക്കുക, മുശ്രിക്കുകളോട് തിരിഞ്ഞു കളയുക)
അപ്പോൾ തിരുനബി (സ) എല്ലാ സമുദായത്തെയും വിളിച്ചുചേർത്ത് നുബുവ്വത്ത് പ്രഖ്യാപിച്ചു. അതുവരെ "അൽ അമീൻ" ആയി കണ്ടിരുന്ന അടുത്ത ബന്ധുക്കൾ പോലും അക്രമങ്ങൾ കൊണ്ട് എതിരേറ്റു. തിരുനബിയുടെ പ്രബോധന പ്രവർത്തനങ്ങളിൽ നിന്ന് രഹസ്യ പരസ്യ മാർഗങ്ങളും അതിൻ്റെ രീതിയും നടത്തിപ്പും സ്വതരാം വ്യക്തമാണ്. ആകയാൽ പ്രബോധകന്റെ ആവശ്യാനുസരണം ഇതു സ്വീകരിക്കാവുന്നതുമാണ്. പ്രബോധനം നിർവഹിക്കൽ പ്രവാചകന്മാരെ അനുധാവനം ചെയ്യലും അവരെ പിൻപറ്റലുമായിട്ടാണ് ഖുർആൻ പരിചയപ്പെടുത്തുന്നത്. (യൂസുഫ് 108) അതോടൊപ്പം പ്രബോധനം നന്മകളിലേക്കുള്ള മുന്നേറ്റവും പ്രതിഫലങ്ങൾ നേടുന്നതിനുള്ള ഉൽക്കടമായ ഇച്ഛയുമാണ്. പ്രബോധകരെ ഖുർആൻ മുക്തകണ്ഠം പ്രശംസിക്കുന്നുണ്ട്. കുറഞ്ഞ കർമ്മത്തിൽ കൂടുതൽ കൂലിയും പുണ്യവും നേടാനുള്ള മാർഗമാണ് പ്രബോധനം. ഇതിന് ഉപോദ്ബലകമായ പ്രവാചകാധ്യാപനം ശ്രദ്ധേയമാണ്. " ആരെങ്കിലും ഒരു നന്മ അറിയിച്ചു നൽകിയാൽ അതു ചെയ്യുന്നവന് ലഭിക്കുന്നതു പോലുള്ള പ്രതിഫലം അവനുമുണ്ട്. (മുസ്ലിം) . അല്ലാഹുവിൽ നിന്ന് സന്മാർഗവും സൗഭാഗ്യവും ലഭിക്കുമെന്നത് പ്രബോധനത്തിന്റെ മറ്റൊരു നേട്ടമാണ്. പ്രബോധനത്തിന് ലഭിക്കുന്ന പാരത്രിക നേട്ടങ്ങൾ അനവധിയാണ് . അല്ലാഹു പറയുന്നു : "അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സുകൃതങ്ങൾ പ്രവർത്തിക്കുകയും ഞാനൊരു മുസ്ലിമാണെന്ന് പറയുകയും ചെയ്യുന്നവനെക്കാൾ ഉത്തമൻ ആരാണുള്ളത് ?!" ( ഫുസ്സിലത്ത് 33 ) പ്രവാചകാധ്യാപനവും പ്രസക്തമാണ് : "നന്മയിലേക്ക് ക്ഷണിക്കുന്ന ക്ഷണിതാവിന് ക്ഷണ സ്വീകർത്താവിന് ലഭിക്കുന്നതിനു തുല്യമായ പ്രതിഫലം ലഭിക്കും. എന്നാൽ സ്വീകർത്താവിന്റെ പ്രതിഫലത്തിൽ കുറവ് വരുകയുമില്ല". (മുസ്ലിം) ഇതിലുപരി പ്രബോധകന് സന്മാർഗം , വിശ്വാസ വർദ്ധന, വർദ്ധിത ആരാധന , പ്രതാപം, സ്വീകാര്യത തുടങ്ങി ഒട്ടനവധി പ്രതിഫലങ്ങൾ ഇരുലോകത്തും ലഭിക്കുമെന്ന് മഹത്തുക്കൾ പഠിപ്പിക്കുന്നു. 
ഏറ്റവും വലിയ മാതൃക പ്രബോധകർ അമ്പിയാക്കളും അവരുടെ അനന്തരഗാമികളുമായ ഉലമാക്കളുമാണ്. നിർദിഷ്ട ദൗത്യനിർവഹണത്തിൽ പ്രവാചകന്മാർ പൂർണാർത്ഥത്തിൽ വിജയിച്ചവരാണ്. മുൻകാല പ്രവാചകൻമാരുടെ ചരിത്രം ഖുർആനിൽ പരാമർശിച്ചതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ആ മാതൃക പഠിപ്പിക്കലാണ്. മുസ്ലിം രാഷ്ട്രത്തിലും മതേതര രാഷ്ട്രത്തിലും അനുവദിച്ച സ്വാതന്ത്ര്യത്തിലും പരിധിയിലും നിന്നുകൊണ്ട് പ്രബോധന പ്രവർത്തനങ്ങൾ നടത്താൻ നാം ശ്രമിക്കേണ്ടതുണ്ട്. മതപരമായ ശിആറുകൾ പ്രകടമാക്കിയും മതത്തിനു നേരെ വരുന്ന എതിർപ്പുകൾക്കും ആരോപണങ്ങൾക്കും സാധ്യമായ രീതിയിൽ പ്രതികരിച്ചു കൊണ്ടും പ്രബോധകൻ ഇത്തരം രാഷ്ട്രങ്ങളിൽ പ്രബോധന പ്രവർത്തനങ്ങളിൽ ഊർജ്ജസ്വലരാകേണ്ടതുണ്ട്. എന്നാൽ എക്കാലത്തും പ്രബോധകർ ഒരുപാട് പ്രാതികൂല്യങ്ങൾ നേരിട്ടിട്ടുണ്ട്. അവയെല്ലാം തരണം ചെയ്തു വേണം പ്രബോധകൻ മുന്നേറാൻ. പ്രബോധിതരുടെ അശ്രദ്ധ, മാതൃക ഇല്ലായ്മ, അലസത , ദൈവീക കൽപ്പനകളെ നിരാകരിക്കൽ, ഇസ്ലാമിനെ വർഗീയ വൽക്കരിക്കൽ എന്നിവ അതിൽ ചിലതാണ്. പ്രതികൂല്യങ്ങളെ എല്ലാം അവഗണിച്ച് ദിവ്യമായ ദൗത്യം നിർവഹിക്കുന്നതിലാണ് പ്രബോധകന്റെ വിജയം. എന്നാൽ ആധുനിക പ്രബോധനമെല്ലാം കേവലം കവല പ്രസംഗത്തിൽ ഒതുങ്ങുന്നു എന്നതാണ് വലിയ പ്രതിസന്ധി.



No comments:

Post a Comment

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...