Tuesday, 26 November 2024

ഖലമിൽ തീർത്ത അക്ഷരഹാരം.

 

ദാറുൽ മആരിഫ് പബ്ലിക്കേഷൻ : നിത്യവസന്തം പെയ്തിറങ്ങിയ മലർവാടി. 


കനപ്പെട്ട ധിഷണാവൈഭവമാണ് ഇതരരിൽ നിന്ന് ശൈഖുനാ കോടമ്പുഴ ബാവ മുസ്ലിയാരെ വ്യത്യസ്തനാക്കുന്നത്. ഉസ്താദിൻ്റെ വാക്കുകളിലെ കൃത്യതയും ചിന്തകളിലെ ആഴവും വരികളിലെ ഊർജ്ജവും എടുത്തു പറയേണ്ടതാണ്. ആഴവും പരപ്പുമുള്ള തന്റെ വായനയുടെയും അതുല്യമായ ജ്ഞാനത്തിൻ്റെയും ബഹിർസ്ഫുരണമായ ആ സുവർണ്ണതൂലിക കെട്ടിപ്പൊക്കിയ നയനാനന്ദകരമായ അംബരച്ചുംബി കണക്കെയുള്ള അക്ഷരഗോപുരം കണ്ട് അഭ്യുദയകാംക്ഷികളായ നമുക്കഭിമാനിക്കാൻ വകയുണ്ട്. അനുവാചക ലോകത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഉൽകൃഷ്ടവും പഠനാർഹങ്ങളുമായ , അറബിയിലും മലയാളത്തിലുമായുള്ള 150 ഓളം ഇസ്ലാമിക ഗ്രന്ഥങ്ങളാണ് ആ കൊച്ചു പണിപ്പുരയിൽ നിന്ന് വെളിച്ചം കണ്ടത്. ഒരായുഷ്‌കാലം മുഴുവന്‍ ദീനീ വിജ്ഞാനങ്ങളുടെ പോഷണത്തിനും പ്രചാരണത്തിനും പ്രസരണത്തിനും സമര്‍പ്പിച്ച മഹാനുഭാവന്റെ സൽജീവിതത്തിനുള്ള സത്യസാക്ഷ്യങ്ങളാണവ. 

തഫ്സീർ , ഹദീസ് , ഫിഖ്ഹ്, തസ്വവ്വുഫ്, വിശ്വാസ ശാസ്ത്രം , ജീവചരിത്രം, ചരിത്രം , സാഹിത്യം , സംഭവക്കഥ, പ്രശ്നോത്തരം , പഠനം , ലേഖന സമാഹാരം , പാഠ്യഗ്രന്ഥങ്ങൾ , നിലണ്ടു എന്നിങ്ങനെ പല കാറ്റഗറിയായി ഉസ്താദിൻ്റെ ഗ്രന്ഥങ്ങളെ വേർതിരിക്കാവുന്നതാണ്. തഫ്സീർ വിഭാഗത്തിൽ തൈസീറുൽ ജലാലൈനി 31 വാള്യങ്ങളും തസ്ഹീലുൽ ബൈളാവി ഒന്നാം ഭാഗവും ഉൾപ്പെടുന്നു. ഇമാം ബൈളാവി(റ) യുടെ അൻവാറുത്തൻസീൽ വ അസ്റാറു ത്തഅവീൽ എന്ന തഫ്സീറിൻ്റെ വ്യാഖ്യാനസംഗ്രഹമാണിത്. ആമുഖവും ഫാതിഹ വ്യാഖ്യാനവും അൽബഖറയുടെ ആദ്യ ഭാഗവുമാണ് തസ്ഹീലുൽ ബൈളാവി ഒന്നാം ഭാഗത്തിൽ ഉൾകൊള്ളിച്ചിട്ടുള്ളത്. ഹദീസ് വിഭാഗത്തിൽ മൊഴിയും പൊരുളും , ഹദീസ് : വിവർത്തനം വിശകലനം , ഹജ്ജ് മബ്റൂർ , ഇഖ്തിബാറു ന്നഫ്സ് ഫീ ളവ്ഇൽ അഹാദീസി ന്നബവിയ്യ , ആത്മപരിശോധന തിരുവചനങ്ങളിലൂടെ എന്നീ ഗ്രന്ഥങ്ങളാണ് ഉൾക്കൊള്ളുന്നത്. ഫിഖ്ഹ് വിഭാഗത്തിലേക്ക് വരുമ്പോൾ മാസ്റ്റർപീസ് ഗ്രന്ഥമായ ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി , അത്തഅ്മീൻ , ജനിതകശാസ്ത്രത്തിന്റെ ഇന്ദ്രജാലം , നിസ്കാരം വിഷമ ഘട്ടങ്ങളിൽ , തഖ്ലീദ് : സംശയങ്ങൾക്കും മറുപടി , ആലമുൽ ഔലാദ്, വിശുദ്ധ ഖുർആൻ : വാഹന സ്പർശന നിയമങ്ങൾ, ജമാഅത്ത് നിസ്കാരം, ഉള്ഹിയ്യത്ത് , പ്രശ്നങ്ങൾ പ്രതിവിധികൾ , ത്വലാഖ് ഫത്‌വകൾ , ശ്രദ്ധേയ ഫത്‌വകൾ, ശർഹു മൻളൂമത്തു ഇബ്നിൽ ഇമാദ് , അത്യുത്തമ കർമ്മങ്ങൾ , ഹജ്ജ് ഉംറ സിയാറത്ത് , അൽ അമലു ബിൽ അഫ്ളൽ , നെറ്റ്‌വർക്ക് ബിസിനസ് : ഇസ്ലാമിക വീക്ഷണത്തിൽ എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങൾ കാണാം. ആത്മീയോന്നതി പകരുന്ന സൂഫിസത്തിന്റെ മാർഗരേഖ വരച്ചു കാണിക്കുന്ന ഗ്രന്ഥങ്ങളുൾച്ചേർന്നതാണ് തസവ്വുഫ് വിഭാഗത്തിലെ ഗ്രന്ഥങ്ങൾ. ഇബ്റാഹീമുല്ലഖാനി (റ) യുടെ ജൗഹറത്തുത്തൗഹീദ് , സൈനുദ്ദീൻ മഖ്ദൂം(റ) ൻ്റെ ഹിദായത്തുൽ അദ്കിയാഅ് , ഉമർ ഖാളി (റ) യുടെ നഫാഇസുദ്ദുറർ എന്നിവയുടെ ഗദ്യവ്യാഖ്യാനമാണ് രിസ്‌ഖുൽ അസ്ഫിയാഅ് എന്ന ഗ്രന്ഥം. അത്വാഉല്ലാഹി സിക്കന്തരിയുടെ (റ) തത്വോപദേശ സമാഹാരമായ അൽഹികം എന്ന ഗ്രന്ഥത്തിൻ്റെ വിവർത്തന വ്യാഖ്യാനവും ഈ വിഭാഗത്തിലുൾപ്പെടുന്നു. ആത്മീയോൽക്കർഷത്തിന്റെ വിഹായസ്സിലേക്ക് , ഫിർദൗസുൽ അദ്കാർ , മാതാപിതാക്കളുടെ മഹിമകളും അവരോടുള്ള കടമകളും കടപ്പാടുകളും പ്രതിപാദിക്കുന്ന ഔസത്തു അബ്വാബിൽ ജന്ന എന്നീ ഗ്രന്ഥങ്ങളും തസ്വവ്വുഫ് വിഭാഗത്തിൽപ്പെടുന്നു. വിശ്വാസശാസ്ത്രത്തിലും അനൽപമായ രചന നടന്നിട്ടുണ്ട്. അല്ലാഹുവിന്റെ തിരുനാമങ്ങൾ ആധാരമാക്കി രചിക്കപ്പെട്ട പ്രൗഢമായ ഗ്രന്ഥമാണ് യനാബീഉൽ ഗിനാ. അത്തവസ്സുലുൽ അസ്നാ ബിൽ അസ്മാഇൽ ഹുസ്നാ , അതീദത്തുൽ മഹാം , അൽ അംസിലത്തുർ റായിഅ: , സഹാബു സുലാൽ ശർഹു കിതാബി സ്സുആൽ എന്നീ ഗ്രന്ഥങ്ങളും വിശ്വാസസംബന്ധമാണ്. ചരിത്രവും ജീവചരിത്രവുമായി 20 ഓളം ഗ്രന്ഥങ്ങൾ പിറന്നിട്ടുണ്ട്. ആദം നബി (അ) , മുഹമ്മദ് നബി (അ) , ഇബ്റാഹീം നബി (അ), യൂസുഫ് നബി (അ) , ഇമാം ശാഫിഈ (റ) , ഇമാം ബുഖാരി (റ) , അബ്ദുൽ ഖാദർ ജീലാനി (റ) , ഉമറുബ്നു അബ്ദിൽ അസീസ് (റ) , ഇബ്രാഹിം ഇബ്നു അദ്ഹം (റ) , നഫീസത്തുൽ മിസ്രിയ (റ) , ഖളിർ (അ) തുടങ്ങിയവരുടെ സംഭവബഹുലമായ ജീവചരിത്രവും ഇസ്ലാമിക ഭരണചരിത്രവും ആധികാരികമായും വസ്തുനിഷ്ഠമായും വിവരിക്കുന്ന ഗ്രന്ഥങ്ങളാണിക്കൂട്ടത്തിലുള്ളത്. സാഹിത്യ മേഖലയിലും ഉസ്താദ് കയ്യൊപ്പ് ചാർത്തിയിട്ടുണ്ട് . അറബി സാഹിത്യ ലോകത്ത് ഏറ്റവും വിശ്രുതരായ ഗദ്യ- പദ്യ സാഹിത്യകാരന്മാരുടെ ഏറ്റവും മികച്ച സാഹിത്യ സൃഷ്ടികളുടെ മാതൃകകളും അതിനാവശ്യമായ വ്യാഖ്യാനങ്ങളും രചയിതാക്കളെ കുറിച്ചുള്ള ലഘുപരിചയവും വിശദീകരിച്ചുള്ള ഗ്രന്ഥവും ഉസ്താദി രചിച്ചിട്ടുണ്ട്. ജിനാനുൽ അദബ് അഥവാ സാഹിത്യോദ്യാനം എന്നാണിതിന് നാമകരണം ചെയ്തിട്ടുള്ളത്. യുഗങ്ങളെ അതിജീവിച്ച സാഹിത്യകാരനായ ഇമ്രുൽ ഖൈസ് , സാഹിത്യത്തിലൂടെ നോബേൽ സമ്മാനം നേടിയ നജീബ് മഹ്ഫൂള് , ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യതാരമായ ഡോ. ത്വാഹാ ഹുസൈൻ , ഇന്ത്യയിലെ ഏറ്റവും വലിയ അറബി സാഹിത്യകാരനായ അബുൽ ഹസൻ അലി നദ്‌വി , പ്രസിദ്ധ ബാലസാഹിത്യകാരൻ കാമിൽ കൈലാനി , പേമാരിക്ക് തുല്യം കവിത വർഷിച്ച അഹമ്മദ് ശൗഖി , ആധുനികയുഗത്തിലെ ഏറ്റവും പ്രശസ്ത അറബി സാഹിത്യ ലേഖകൻ മൻഫലൂത്ത്വി എന്നിവരുടെ സാഹിത്യ നിദർശനങ്ങളിലേക്കുള്ള വാതായനം തുറന്നിടുന്ന ഗ്രന്ഥമാണിത്. സംഭവക്കഥകൾ വിവരിക്കുന്ന അനേകം ഗ്രന്ഥങ്ങളുമുണ്ട് ഈ പട്ടികയിൽ . ഗുണപാഠകഥകളും അത്ഭുതജനക സംഭവങ്ങളും ഔദാര്യക്കഥകളും നിസ്കാര കഥകളും തിരുദർശനങ്ങളും ആരെയും കൊതിപ്പിക്കുന്ന മഹാന്മാരുടെ വഫാത്തുകളും ഉൾച്ചേർന്നതാണീ വിഭാഗം . അൽഫു ഖിസ്സ്വത്തിൻ വ ഖിസ്സ്വ , അൽ അജ്സാദുൽ അജീബ: , കിതാബുൽ ജൂദി വ സഖാഅ, അൽ ഇംദാദ് , വഫയാത്തുൽ അബ്റാർ , ഖിസസു സ്സ്വലാത്ത് എന്നിവയാണ് സംഭവ കഥകൾ പറയുന്ന ശ്രദ്ധേയ ഗ്രന്ഥങ്ങൾ. ലിമാദാ , ലിഹാദാ , കൈഫ ദാലിക എന്നിവ വിജ്ഞാസ ഉളവാക്കുന്ന ആയിരത്തൊന്നു പ്രശ്നങ്ങൾക്കുള്ള മറുപടിയുടെ സമാഹരണങ്ങളാണ്. ഇവ്വിധം മൂന്ന് ഭാഗങ്ങളിലായാണ് 1001 പ്രശ്നങ്ങൾക്കുള്ള മറുപടികൾ പ്രശ്നോത്തരി രൂപത്തിൽ അവതരിപ്പിക്കുന്നത്. പഠനങ്ങളായും ലേഖന സമാഹാരങ്ങളായും പാഠ്യഗ്രന്ഥങ്ങളായും ഇനിയുമുണ്ട് 40 ഓളം ഗ്രന്ഥങ്ങൾ. എല്ലാം ഒന്നിനൊന്നു മെച്ചം എന്നുപറയാം. പ്രകൃതിയുടെ മതം, നീതിയുടെ മതം, സാഹോദര്യത്തിന്റെ മതം, സഹിഷ്ണുതയുടെ മതം, സാർവ്വലൗകിക മതം, മിതത്വത്തിന്റെ മതം , വിജ്ഞാനത്തിന്റെ മതം എന്നിങ്ങനെ ക്രമീകരിച്ച് അടുക്കും ചിട്ടയോടെയും ഇസ്ലാമിൻ്റെ കാഴ്ചപ്പാടുകളെ മകുടോദാഹരണങ്ങൾ കോർത്തിണക്കിക്കൊണ്ട് ആധികാരിക അവലംബങ്ങളോടെ പരിചയപ്പെടുത്തുന്ന ഒരനുപമ റഫറൻസ് ഗ്രന്ഥമാണ് കോടമ്പുഴ ബാവ മുസ്ലിയാരുടെ നൂറാമത്തെ ഗ്രന്ഥമായ അൽ ഇസ്ലാം. 


ഉസ്താദിന്റെ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ വായനക്കാരെ ഏറെ ആകർഷിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ മികച്ച അറബീ ഗ്രന്ഥം ‘സയ്യിദുൽ ബശർ’ ആണ് . എന്നാൽ ഏറ്റവും പ്രചാരം ലഭിച്ച അറബീ ഗ്രന്ഥം ‘ഖുലാസതുൽ ഫിഖ്ഹിൽ ഇസ്‌ലാമി’യുമാണ്. സീറത്തു സയ്യിദിൽ ബശർ (സ) , കേരളക്കരയിലെ പണ്ഡിതന്മാർക്കും മുതഅല്ലിമുകൾക്കും പരിചയപ്പെടുത്തേണ്ടതില്ലാത്ത വിധം പ്രസിദ്ധിയാർജിച്ചതും വളരെ മനോഹരമായി തിരുനബി (സ) യെ അടയാളപ്പെടുത്തുന്നതുമായ അനുഗൃഹീത അറബീരചന. ഇന്ത്യൻ ഗ്രാന്റ് മുഫ്തി സുൽത്വാനുൽ ഉലമാ കാന്തപുരം എ.പി. അബൂബകർ മുസ്ലിയാരും മർഹൂം നൂറുൽ ഉലമാ എം.എ അബ്ദുൽ ഖാദിർ മുസ്ലിയാരുമാണ് ഇതിന് അവതാരിക എഴുതിയിട്ടുള്ളത്. 496 പേജുകളിലായാണ് ഗ്രന്ഥകാരൻ തിരുനബി ജീവിതം വിവരിച്ചിട്ടുള്ളത്. ഇരുപത്തിയഞ്ച് അധ്യായങ്ങളിൽ 296 ഉപശീർഷകങ്ങളായാണ് ഗ്രന്ഥം വിന്യസിച്ചിരിക്കുന്നത്. ഈ അഞ്ഞൂറോളം പേജുകൾ മറിഞ്ഞു തീരുമ്പോൾ ഏത് അക്കാദമികന്റെയും സൂക്ഷ്മസംവേദനികളെ അത് തൃപ്തിപ്പെടുത്തുമെന്നതിൽ ശങ്കിക്കേണ്ടതില്ല. ജീവചരിത്ര വിവരണ ഗ്രന്ഥങ്ങളായ ഖിലാഫതുർ റാശിദ, ഖിലാഫതുൽ ഉമവിയ്യ , താരീഖുൽ ആലമിൽ ഇസ്ലാമിയ്യ എന്നീ ഗ്രന്ഥരചനകൾക്കു ശേഷമാണ് ഗ്രന്ഥകർത്താവ് മുർസലീങ്ങളുടെ ചരിതങ്ങൾ അടയാളപ്പെടുത്തി ബറകത്തെടുക്കാൻ ആശിച്ച് നബിചരിത്രങ്ങൾ രചിക്കുന്നത്. അങ്ങനെ ഈ സംശുദ്ധ പരമ്പരയിലെ ആദ്യ കണ്ണിയായ ആദം നബി (അ) യുടെ ജീവചരിത്രം തയ്യാറാക്കി. അതോടെ "അബുൽ ബശർ" പിറവിയെടുത്തു. തദനന്തരം തൂലികയുടെ കടിഞ്ഞാൺ പരമ്പരയുടെ അവസാന കണ്ണിയിലേക്ക് തിരിച്ചു. അങ്ങനെയാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ)യുടെ ജീവചരിത്ര രചനയിലേർപ്പെട്ടത്. ഹി 1422 റബീഉൽ അവ്വൽ 12 ( 2001 ജൂൺ 5 ) നാണ് ഗ്രന്ഥപൂർത്തീകരണം നടന്നത്. അതിനുശേഷം ഇരു ഹറമുകളിലും വിശിഷ്യാ തിരുസവിധത്തിൽ ചെന്ന് വായന നടത്തി ബറകത്തെടുക്കുകയും ഹബീബിനുള്ള സമ്മാനമായി സമർപ്പിക്കുകയും ചെയ്തു. അനുവാചകരുടെ വർധിത സ്വീകാര്യതയും വിപുല പ്രയോജനവും ഈ ഗ്രന്ഥത്തിനുള്ള അംഗീകാരമായി കണക്കാക്കാം. ദഅവാ കോളേജുകളിൽ പിന്തുടർന്ന് പോരുന്ന ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ സിലബസിൽ തിരുനബി(സ) യുടെ ജീവചരിത്രം പഠിക്കാനുള്ള പാഠ്യഗ്രന്ഥം കൂടിയാണ് സയ്യിദുൽ ബശർ. ഖുലാസതുൽ ഫിഖ്ഹിൽ ഇസ്‌ലാമി, ഖിലാഫതുർ റാശിദ, ഖിലാഫതുൽ ഉമവിയ്യ , താരീഖുൽ ആലമിൽ ഇസ്ലാമിയ്യ എന്നീ ഗ്രന്ഥകാരന്റെ മറ്റു കിതാബുകളും സിലബസിൽ പാഠ്യഗ്രന്ഥങ്ങളും തൈസീറുൽ ജലാലൈനി റഫറൻസ് ഗ്രന്ഥവുമാണെന്നത് വിസ്മരിക്കാവതല്ല. സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടി ചരിത്രം നിര്‍മ്മിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ചരിത്രാവബോധം വളരെ നിര്‍ണ്ണായകമാണ്. അവതരണത്തിന്റെ കൃത്യതയും പ്രതിപാദനഭംഗിയും ഗ്രന്ഥത്തെ ഏറെ വായനാക്ഷമമാക്കുന്നുണ്ടെന്നതിനാൽ പ്രാരംഭ പഠിതാക്കൾക്കും പഠനാർഹമായ പുസ്തകങ്ങൾ തയ്യാറാക്കുന്ന രചയിതാക്കൾക്കും തിരുനബിജീവിതം വിവരിക്കുന്ന പ്രഭാഷകർക്കും ഇതൊരു പ്രിഫർ ചെയ്യപ്പെടേണ്ട അത്യുചിതമായൊരു റഫറൻസ് ഗ്രന്ഥമാണെന്ന് പറയാം.


പഠനവിഭാഗത്തിൽ ഉസ്താദിന് 20 ഓളം ഗ്രന്ഥങ്ങളുണ്ട്. കളി വിനോദങ്ങളിലെ നെല്ലും പതിരും വേർതിരിക്കുന്ന ഉത്തമ കൃതിയാണ് "കളിയും വിനോദവും". പൂച്ചശാസ്ത്രം വിശദീകരിക്കുന്ന മാർജാരശാസ്ത്രമെന്ന ലഘുകൃതിയും ആധികാരികമാണ്. ആരോഗ്യത്തിനും മന:ശാന്തിക്കും യോഗയും ധ്യാനവും എത്രത്തോളം പ്രായോഗികമാവുന്നു എന്ന് അന്വേഷിക്കുന്ന കൊച്ചു കൃതിയാണ് യോഗ, ധ്യാനം ഇസ്‌ലാം. സപ്തങ്ങളുടെ വിസ്മയ പറുദീസയാണ് ബുസ്താനുസ്സബ്അ എന്ന ഗ്രന്ഥം . സഫീനത്തുസ്സഹ്റാഅ, ഖിസസും ലാ തുഖസ്സു , മഅൽ കുതുബ് , നുബദും മിൻ സുബദിൽ ഖുർആൻ , സകാഫത്തുർ റഈസ് , കിതാബുൻ ഉജാബ് എന്നിവയാണ് മറ്റു പഠനാർഹമായ അറബീഗ്രന്ഥങ്ങൾ. ഉറക്കവും സ്വപ്നവും , അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ , കാത്തിരുന്ന പ്രവാചകൻ, ഇൻഷൂറൻസും ഷെയർ ബിസിനസ്സും , പള്ളികൾ ഭൗമികപ്പറുദീസകൾ എന്നിവ മലയാളവും. 


വൈവിധ്യവും പ്രസ്ക്തവും ചിന്തോദ്ദീപവും കാലികവുമായ വിഷയങ്ങൾ പാത്രീഭവിക്കുന്ന ലേഖനസമാഹാരങ്ങൾ മികവുറ്റതാണ്. ചിന്താ കിരണങ്ങൾ, വിചാരവീചികൾ , നീതിയുടെ നിസ്തുല നിദർശനങ്ങൾ , തൂലികാ തരംഗങ്ങൾ , ദീപ്ത ലിഖിതങ്ങൾ , പഠന സരണി എന്നിവയാണവ. ഡി.എം.ഐ.സിക്കു കീഴിൽ നടത്തപ്പെടുന്ന ദൗറത്തുൽ ആരിഫ: യിലേക്കുള്ള കിതാബുകളും ഉസ്താദ് തയ്യാറാക്കിയതാണ്. തൻവീറുൽ ഈമാൻ (3 ഭാഗം) , അഖാഇദുൽ ഇസ്‌ലാം (2 ഭാഗം) , തൽഖീസു താരീഖിൽ ഇസ്‌ലാമി (5 ഭാഗം) , ബിദായത്തുന്നഹ് വി അസ്സ്വർഫ് ( 2 ഭാഗം) , അൽ മർഅതു ഫീ ളിലാലിൽ ഇസ്ലാം എന്നിവയാണ് ആരിഫ: കോഴ്സിലേക്ക് തയ്യാർ ചെയ്ത പാഠ്യ ഗ്രന്ഥങ്ങൾ. സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരിച്ച തസ്കിയത്തുൽ വിൽ ദാനും മആലിമുത്തുല്ലാബും ഉസ്താദ് മദ്രസാ പാഠപുസ്തകമായി തയ്യാർ ചെയ്തതാണ്. ഉസ്താദിൻ്റെ തന്നെ ഗ്രന്ഥങ്ങളായ അൽ മർഅ:ക്കും താരീഖുൽ ആലമിനുമുള്ള നിഘണ്ടുകളാണ് യഥാക്രമം മുഅജമുൽ മർഅയും മുഅജമു താരീഖിൽ ആലമിൽ ഇസ്ലാമിയും.

No comments:

Post a Comment

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...