കമ എന്നൊരക്ഷരം മിണ്ടരുത്.
എന്റെ കൂടെ നീ വരുന്നത് കൊള്ളാം പക്ഷേ അവിടെ ചെന്ന് ‘കമ’ എന്ന് ഒരക്ഷരം മിണ്ടിപ്പോകരുത്. ഈ വാചകം നമ്മളില്‍ പലരും കേട്ടിട്ടുണ്ട് , പറഞ്ഞിട്ടുണ്ട്. എന്താണ് ഈ ‘കമ’? . ഒരക്ഷരം ആണോ. അതോ ഒരു വാക്കോ?
കേരളത്തില്‍ പണ്ട് ഉപയോഗിച്ചിരുന്ന ഒരു അക്ഷര സംഖ്യാകോഡ് ആണ് കടപയാദി ‘അഥവാ’ പരല്‍പ്പേര് ‘അഥവാ’ അക്ഷരസംഖ്യ എന്നത്. സംഖ്യകള്‍ക്ക് പകരം അക്ഷരങ്ങള്‍ ഉപയോഗിക്കുന്ന ഒരു ആശയവിനിമയ സമ്പ്രദായമാണിത്. മലയാളത്തിലെ അന്‍പത്തി ഒന്ന് അക്ഷരങ്ങള്‍ക്ക് പകരം പൂജ്യം മുതല്‍ ഒന്‍പതുവരെയുള്ള അക്കങ്ങള്‍ നല്‍കി എഴുതുന്ന ഒരു രീതിയാണ് ഇത്. സംഖ്യകളെ എളുപ്പം ഓര്‍ത്തു വയ്‌ക്കത്തക്ക വിധം വാക്കുകളായും കവിതകളായും മാറ്റിയെഴുതുന്ന ഈ സമ്പ്രദായം പ്രധാനമായും ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, തച്ചുശാസ്ത്രം, ആയുര്‍വേദം എന്നീ മേഖലകളിലാണ് ഉപയോഗിച്ചിരുന്നത്.
യുദ്ധവേളകളില്‍ മാര്‍ത്താണ്ഡവര്‍മ്മ, പാലിയത്തച്ഛന്‍ എന്നിവര്‍ രഹസ്യ സന്ദേശങ്ങള്‍ കൈമാറിയിരുന്നത് ‘കടപയാദി’ രേഖകളിലായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
താഴെ കാണുന്ന പ്രകാരമാണ് കോഡിങ് നടത്തുന്നത്.
ക1 / ഖ 2 / ഗ 3 / ഘ 4 / ങ 5.
ച 6 / ഛ 7 / ജ 8 / ഝ 9 / ഞ 0.
ട 1 / ഠ 2 / ഡ 3 / ഢ 4 / ണ 5.
ത 6 / ഥ 7 / ദ 8 / ധ 9 / ന 0 .
പ1 / ഫ 2 / ബ 3 / ഭ 4 / മ 5.
യ 1 / ര 2 / ല 3 / വ 4 / ശ 5 / ഷ 6 / സ 7 / ഹ 8 / ള 9 ഴ / റ 0.
സ്വരാക്ഷരങ്ങള്‍ക്ക് എല്ലാം പൂജ്യമാണ് മൂല്യം. കൂട്ടക്ഷരങ്ങളില്‍ അവസാനത്തെ അക്ഷരത്തിനു മാത്രം വില. (ഉദാഹരണം: ‘ക്ത’ എന്നതില്‍ ‘ത’ക്ക് മാത്രം വില). ചില്ലക്ഷരങ്ങള്‍ക്ക് വിലയൊന്നുമില്ല. ഈ കണ്‍വേര്‍ഷന്‍ നടത്തിയതിനു ശേഷം അര്‍ത്ഥവത്തായ വാക്കുകള്‍ ഉണ്ടാക്കി വലത്തു നിന്നും ഇടത്തേക്ക് വായിക്കുക. ഇത് പ്രകാരം ‘കമ’ എന്നത് ക1 , മ5. തിരിച്ചു വായിച്ചാല്‍ 51. മലയാളത്തിലെ 51 അക്ഷരങ്ങളില്‍ ഒരക്ഷരം പോലും മിണ്ടരുത് എന്നാണ് കല്‍പ്പന!
കുറച്ച് ഉദാഹരണങ്ങള്‍ നോക്കുക.
കമലം : 351 ( ക1 / മ 5 / ല 3 )
ഭാരതം : 624 ( ഭ 4 / ര 2 / ത 6 )
രഹസ്യം: 182 ( ര 2 / ഹ 8 / യ1)
രാജ്യരക്ഷ: 6212 ( ര 2 / യ 1 / ര 2 / ഷ 6 )
ഇംഗ്ലീഷ് മാസങ്ങളിലെ ദിവസങ്ങളുടെ എണ്ണം കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്‍ തന്റെ ശ്ലോകത്തിലൂടെ പറഞ്ഞിരിക്കുന്നത് നോക്കുക.
‘പലഹാരേ പാലു നല്ലൂ
പുലര്‍ന്നാലോ കലക്കിലാം
ഇല്ല പാലെന്നു ഗോപാലന്‍
ആംഗ്ലമാസം ദിനം ക്രമാല്‍’
ഇവിടെ :
പല 31 / ഹാരേ 28 / പാലു 31 / നല്ലൂ 30
പുലര്‍ 31/ ന്നാലോ 30 / കല 31/ ക്കിലാം 31
ഇല്ല 30 / പാലെ 31 / ന്നുഗോ 30 / പാലന്‍ 31
എത്ര രസകരമായ മനോഹരമായ അവതരണം.
വിദ്യാരംഭത്തില്‍ കുറിക്കുന്ന ”ഹരിശ്രീ ഗണപതയെ നമ” എന്ന ശ്ലോകം കടപയാദിയിലേക്ക് മാറ്റിയാല്‍ മലയാള ഭാഷയിലെ അക്ഷരങ്ങളുടെ എണ്ണം ലഭിക്കുമെന്ന് കാണാം. ( അമ്പത്തൊന്നക്ഷരാളീ)
ഹരി 28 / ശ്രീ 2 / ഗ 3 / ണ 5 / പ1 / ത 6 / യ1 / ന 0 / മ 5.
28 + 2 + 3 + 5 + 1 + 6 + 1+ 0 + 5 = 51.
No comments:
Post a Comment