വിശുദ്ധ ഖുർആനിലെ 89-ാം അദ്ധ്യായമാണ് സൂറത്തുൽ ഫജ്ർ. ഫജ്ർ എന്നാൽ പ്രഭാതം എന്നാണർത്ഥം. 30 ആയത്തുകളാണ് പ്രസ്തുത സൂറത്തിലുള്ളത്. അല്ലാഹു ഈ അധ്യായം തുടങ്ങുന്നത് തന്നെ സത്യവാക്യങ്ങൾ കൊണ്ടാണ്. പ്രഭാതം , പത്ത് രാത്രികള്‍, ഇരട്ടയും ഒറ്റയും , ചരിച്ചുകൊണ്ടിരിക്കുന്ന രാത്രികൾ ഇങ്ങനെ അഞ്ചു കാര്യങ്ങൾ വെച്ചാണ് അല്ലാഹു സത്യംചെയ്ത് പറയുന്നത്. അര്‍ത്ഥഗര്‍ഭങ്ങളായ അഞ്ച് സത്യവാചകങ്ങള്‍ മുഖേന സ്ഥാപിക്കുന്ന കാര്യം പ്രത്യേകം എടുത്തുപറയുന്നില്ലെങ്കിലും സുവ്യക്തമാണ്. തുടർന്നുവരുന്ന വചനങ്ങളില്‍ നിന്ന് അത് മനസ്സിലാക്കുകയും ചെയ്യാവുന്നതാണ്. മരണാനന്തര ജീവിതം, അതുമായി ബന്ധപ്പെട്ട വിചാരണ, രക്ഷാശിക്ഷകള്‍ മുതലായ യാഥാര്‍ത്ഥ്യങ്ങളെയാണ് സത്യവാചകങ്ങൾ മുഖേന സംസ്ഥാപിക്കുന്നത്. തുടർന്ന് അല്ലാഹു ഒരു ചോദ്യവുമുന്നയിക്കുന്നുണ്ട് . മേൽപ്പറഞ്ഞ അഞ്ചു കാര്യങ്ങളിൽ കാര്യബോധമുള്ളവന് സത്യത്തിനു വകയില്ലേ ? എന്നതാണാ ചോദ്യം. അതെ, ഉണ്ട്. സത്യം മുഖേന സ്ഥാപിക്കപ്പെടുന്ന കാര്യങ്ങള്‍ വാസ്തവമെന്ന് കാര്യബോധവും ബുദ്ധിയുമുള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ ഈ സത്യങ്ങളില്‍ തികച്ചും വകയുണ്ട് എന്ന് സാരം.
ഒന്നാമത്തെ സത്യം പ്രഭാതം കൊണ്ടാണ്. രാത്രിയുടെ ഇരുട്ട് അവസാനിച്ച് പകല്‍വെളിച്ചം ആരംഭിക്കുന്നത് പ്രഭാതം മുതല്‍ക്കാണല്ലോ. അതോടെ ലോകത്ത് സംഭവിക്കുന്ന പ്രകൃതിമാറ്റങ്ങളും, മനുഷ്യരടക്കമുള്ള ജീവികളില്‍ ഉണ്ടാകുന്ന സ്ഥിതിമാറ്റങ്ങളും കുറച്ചൊന്നുമല്ല. അതേവരെ മരണസമാനമായ നിദ്രയിലാണ്ട് കിടന്നിരുന്ന ശരീരങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. നിശ്ചലാവസ്ഥ പ്രാപിച്ച ഇന്ദ്രിയശക്തികള്‍ക്ക് നവബോധം സംജാതമാകുന്നു. ആത്മാവിന് ഒരു പുതിയ ഉണര്‍വ്വുണ്ടായിത്തീരുന്നു. ഇതുപോലെ, ഈ ജീവിതത്തിനുശേഷം മരണത്തോടുകൂടി പൂര്‍വസ്ഥിതിയില്‍ നിന്ന് എല്ലാ നിലക്കും വ്യത്യസ്തമായ മറ്റൊരു ജീവിതം ഉടലെടുക്കുന്നു. ഈ യാഥാര്‍ത്ഥ്യത്തിലേക്ക് പ്രഭാതത്തിലെ മാറ്റങ്ങള്‍ വിരല്‍ ചൂണ്ടുന്നുണ്ട് . പത്ത് രാത്രികളെ കൊണ്ടാണ് രണ്ടാമത്തെ സത്യംചെയ്യൽ. ഇവ ഏതാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല, മുഹര്‍റം മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണെന്നും, റമസാന്‍ മാസത്തിലെ ഒടുവിലത്തെ പത്ത് ദിവസങ്ങളാണെന്നും ചില സവിശേഷതകളെ മുന്‍നിറുത്തി ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നു. എങ്കിലും മുന്‍ഗാമികളും പിന്‍ഗാമികളുമായ ഭൂരിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നത് ദുല്‍ഹജ്ജു മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണെന്നാണ്. ഹജ്ജു കര്‍മ്മത്തിന്‍റെ പ്രധാന ഇനങ്ങളെല്ലാം നടക്കുന്നത് അന്നാണല്ലോ . അവയുടെ പിന്നിലുള്ള ചരിത്രപ്രധാനങ്ങളായ മഹല്‍സംഭവങ്ങളും അതിന്‍റെ അടിസ്ഥാനത്തില്‍ കൊല്ലം തോറും ആചരിക്കപ്പെട്ടുവരുന്ന സ്മരണകളും അറബികള്‍ക്കെല്ലാം അറിയാവുന്നതുമാണ്. ആ ദിവസങ്ങള്‍ ജാഹിലിയ്യത്തിലും ഇസ്ലാമിലും ആദരണീയ ദിവസങ്ങളുമാണ്. എന്നിരിക്കെ, ആ ദിവസങ്ങളെ കൊണ്ട് സത്യംചെയ്യുന്നത് അറബികളുടെ ശ്രദ്ധ പ്രത്യേകമായും, മറ്റുള്ളവരുടേത് പൊതുവിലും ആകര്‍ഷിക്കുവാന്‍ ഉതകുന്നതാണ്. ഇരട്ടയും ഒറ്റയും അഥവാ ഇണയുള്ളതും, ഇണയില്ലാത്തതും കൊണ്ടാണ് അടുത്ത രണ്ട് സത്യങ്ങള്‍. രണ്ടുകൊണ്ട് ഭാഗിച്ചാല്‍ ശിഷ്ടം വരാത്ത എണ്ണങ്ങള്‍ക്ക് ഇരട്ട ശഫ്അ് എന്നും, അല്ലാത്തതിന് വത്റ് എന്നും പറയുന്നു. അപ്പോള്‍ ഈ രണ്ട് ഇനങ്ങളില്‍ പെടുത്തുവാന്‍ കഴിയാത്ത വസ്തുക്കളൊന്നും ഇല്ലെന്ന് കാണാം. മറ്റൊരു വിധത്തില്‍ നോക്കുമ്പോള്‍ യാതൊരു തരത്തിലുള്ള ഇണയോ, തുല്യതയോ, സാമ്യതയോ, ഒന്നുമില്ലാതെ എല്ലാനിലക്കും പരിപൂര്‍ണ്ണമായി ഒറ്റയായുള്ളത് അല്ലാഹു മാത്രമേയുള്ളൂ. അവന്‍റെ സത്തയിലാകട്ടെ, ഗുണങ്ങളിലാകട്ടെ, പ്രവര്‍ത്തനങ്ങളിലാകട്ടെ അവന് ഇണയും തുണയും പങ്കും ഇല്ല. അവനല്ലാതെയുള്ള വസ്തുക്കള്‍ അഥവാ സൃഷ്ടികളെല്ലാം തന്നെ ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു അര്‍ത്ഥത്തില്‍ ഇരട്ടകളായിരിക്കും. അപ്പോള്‍, ഈ സത്യവാചകങ്ങളുടെ വിശാലതയും അഗാധതയും ഏറെ ഊഹിക്കാമല്ലോ. സംഖ്യകളിലെ ഒറ്റയും ഇരട്ടയും പോലെത്തന്നെ പദാര്‍ഥങ്ങളിലുമുണ്ട് ഒറ്റയും ഇരട്ടയും അഥവാ മൂലകങ്ങളും യൗഗികങ്ങളും. ഒന്നിനോടൊന്ന് ഇണചേര്‍ന്ന് ഇരട്ടയാകാനും ഇരട്ടിക്കാനുമുള്ള പ്രവണതയാണ് ജൈവസസ്യജാലങ്ങളുടെ വളര്‍ച്ചയ്ക്ക് നിദാനം. ഇങ്ങനെയൊക്കെയുള്ള പ്രാധാന്യം നിമിത്തമായിരിക്കാം അല്ലാഹു ഒറ്റയെയും ഇരട്ടയെയും കൊണ്ട് സത്യം ചെയ്യുന്നത്. അഞ്ചാമത്തെ സത്യം ചരിച്ചുകൊണ്ടിരിക്കുന്ന രാത്രിയെക്കൊണ്ടാണ്. ചരിക്കുക എന്നത് രാത്രിയുടെ വരവിനെയോ, പോക്കിനെയോ അല്ലെങ്കില്‍ അത് നീങ്ങിക്കൊണ്ടിരിക്കുന്നതിനെയോ ഉദ്ദേശിച്ച് പറഞ്ഞതാവാം. പ്രഭാതം രാത്രിയുടെ അവസാനത്തെ കുറിക്കുന്ന സ്ഥിതിക്ക് ഇവിടെ അതിന്‍റെ പ്രാരംഭത്തെ കുറിക്കുന്നതായിരിക്കുവാനാണ് കൂടുതല്‍ സാധ്യത. പ്രഭാതത്തെപ്പറ്റി പ്രസ്താവിച്ചത് പോലെ അനേകം മാറ്റങ്ങള്‍ രാത്രിമൂലവും ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവയെപ്പറ്റി ആലോചിച്ചുനോക്കുവാനും അതുവഴി ഖുര്‍ആന്‍ പ്രബോധനം ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കുവാനും സാധിക്കുന്നുണ്ട്. ഇമാം റാസി(റ) അവിടുത്തെ തഫ്സീറിൽ വിവരിക്കുന്നത് കാണാം : "രാപ്പകലുടെ വരവും പോക്കും അതിലുള്ള ഏറ്റവ്യത്യാസങ്ങളും നമുക്ക് വല്ലാത്ത അനുഗ്രഹം തന്നെയാണ്. അതിലെ മാറ്റങ്ങൾ ഒരു നിയന്ത്രിക്കുന്ന ശക്തിയിലേക്ക് സൂചന നൽകുന്നുണ്ട്. ആ ശക്തി അന്യൂന്യം പ്രവർത്തിക്കുന്നവനും എല്ലാം അറിയുന്നവനുമാണെന്നും മനസിലാക്കാവുന്നതാണ്".
തുടർന്നുള്ള വചനങ്ങളില്‍ ചില ചരിത്ര ദൃഷ്ടാന്തങ്ങളെയാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ആദ് ഗോത്രം, സമൂദ് ഗോത്രം,ഫിര്‍ഔനും ആള്‍ക്കാരും എന്നിവരെല്ലാം ഭൂമിയില്‍ നടത്തിയ ധിക്കാരത്തിന്‍റെയും അതിന്‍റെ ഫലമായി അവര്‍ അനുഭവിക്കേണ്ടി വന്ന ശിക്ഷയുടെയും ചരിത്രങ്ങളെയാണ് അല്ലാഹു തുടർന്നുള്ള ആയത്തുകളിലൂടെ ഓർമ്മപ്പെടുത്തുന്നത്. മൂന്ന് കൂട്ടരെ പറ്റിയും ഖുര്‍ആനില്‍ പലപ്പോഴും പ്രസ്താവിക്കപ്പെട്ടതായി കാണാം. ഇറമ് എന്ന് പേരുള്ള ഒരാളുടെ സന്തതികളായിരുന്നു ആദ് ജനതയെന്നും, അത് കൊണ്ടാണ് അവര്‍ക്ക് ഇറമ് എന്നൊരു വര്‍ഗപേരുണ്ടായതെന്നുമാണ് പല വ്യാഖ്യാതാക്കളും പറയുന്നത്. പിതാമഹന്‍റെ പേര്‍ ഗോത്രത്തിന്‍റെയും, വംശത്തിന്‍റെയും പേരായി സ്വീകരിക്കല്‍ അറബികളുടെ പാരമ്പര്യപതിവുമാണ്.അവരുടെ പ്രധാന പട്ടണത്തിന്‍റെയോ, വാസസ്ഥലത്തിന്‍റെയോ പേരായിരുന്നു ഇറമ് എന്നും അഭിപ്രായങ്ങളുണ്ട്. തൂണിന്‍റെ ആളുകള്‍ എന്നാണ് ‘ആദ്’ സമൂഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന കുന്നുകളിലും മറ്റും അനാവശ്യമായി ഉന്നതസ്തംഭങ്ങളും കെട്ടിടങ്ങളും അവര്‍ നിര്‍മ്മിച്ചിരുന്നതായി കാണാം. അവരുടെ താമസം ഉയര്‍ന്ന തൂണ്‍കാലുകളില്‍ കെട്ടിയുണ്ടാക്കിയ തമ്പുകളില്‍ ആയിരുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും വ്യാഖ്യാതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്. വലുപ്പത്തിലും കയ്യൂക്കിലും നിസ്തുല്യരായിരുന്നു ആദ് ജനത. അവർ വലിയ ധിക്കാരികളായി ഭൂമിയിൽ ജീവിക്കുകയും കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. അവരിലേക്ക് പ്രവാചകനായി വന്ന ഹൂദ് നബിയെ അവർ വിലവെച്ചില്ല. അതിനാൽ അവരെ അല്ലാഹു നശിപ്പിച്ചു യെന്നാണിവിടെ പരാമർശിക്കുന്നത്. അഹങ്കാരത്തിൽ മുഴുകിയ ഇവർ പ്രവാചകാദ്ധ്യാപനങ്ങൾക്ക് ചെവികൊടുക്കാതിരുന്നപ്പോൾ നിങ്ങളുടെ ഈ കൈക്കരുത്ത് അല്ലാഹുവിന്റെ ശിക്ഷക്ക് മുന്നിൽ നിഷ്‌പ്രഭമാണെന്ന് അവർക്ക് അല്ലാഹു കാണിച്ചു കൊടുത്തതാണിവിടുത്തെ ചർച്ച. സ്വാലിഹ് നബിയുടെ ജനതയാണ് ‘സമൂദ് ഗോത്രം’. പാറകൾ വെട്ടിത്തുറന്ന് വീടുകൾ നിർമ്മിക്കുന്നവരായിരുന്നു അവർ. കല്ലുകൾ കൊണ്ട് മാത്രം 1700 പട്ടണങ്ങൾ അവർ നിർമ്മിച്ചിരുന്നതായി ഇമാം റാസി(റ) രേഖപ്പെടുത്തുന്നുണ്ട്. പാറകൾ കൊണ്ട് നിർമ്മാണം നടത്താമെന്ന കണ്ടെത്തലുകൾ നടത്താൻ മാത്രം ബുദ്ധിയിൽ കേമന്മാരായിരുന്നു സമൂദ് വർഗം. പക്ഷെ സത്യ സന്ദേശവുമായി കടന്ന് വന്ന സ്വാലിഹ് നബിയെ അവർ ധിക്കരിച്ചതിനാൽ അല്ലാഹുവിന്റെ ശിക്ഷ അവരെ പിടികൂടുകയാണുണ്ടായത്. ആജ്ഞകളെന്തും നിറവേറ്റാൻ സദാ തയാറായി നിൽക്കുന്ന പട്ടാളക്കാരുള്ളവനായിരുന്നു ഫിർഔൻ. അതാണിവിടെ കുറ്റികളുള്ളവൻ എന്നതിന്റെ താൽപര്യമെന്നും തന്റെ ശിക്ഷക്ക് വിധേയമാവുന്നവരെ ആണിയിൽ തറക്കുന്നതിനാലാണ് കുറ്റികളുടെ ആൾ എന്ന് പറഞ്ഞതെന്നും മറ്റും അഭിപ്രായമുണ്ട്. സ്വന്തം ഭാര്യയായിരുന്ന ആസിയ ബീവിയെയും സത്യവിശ്വാസിനിയായി എന്ന ഒറ്റ കാരണത്താൽ ഫിർദൗൻ ആണികളിൽ കുരുക്കി ക്രൂരമായി കൊന്നു കളഞ്ഞതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.
ശേഷം അല്ലാഹു സഗൗരവം ഒരുണർത്തൽ നടത്തുന്നുണ്ട്. കുറ്റവാളികളെ അല്ലാഹു സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നും തക്ക സമയത്ത് അവരെ പിടിക്കുക തന്നെ ചെയ്യുമെന്നാണാ ഉണർത്തൽ. അവന്റെ നിയന്ത്രണത്തിൽ നിന്ന് മാറി തെറ്റ് ചെയ്യാൻ സാദ്ധ്യമല്ലെന്ന് വരുമ്പോൾ തെറ്റിൽ നിന്ന് മാറി അച്ചടക്കമുള്ളൊരു ദാസനായി ജീവിക്കാൻ മനുഷ്യൻ ശ്രമിച്ചേ മതിയാവൂ എന്നും ഇതിൽ നിന്ന് ഉൾക്കൊള്ളാവുന്നതാണ്. മനുഷ്യരിൽ പൊതുവെ കാണുന്ന ഒരു സ്വഭാവ പ്രകൃതത്തെക്കുറിച്ചാണ് പിന്നീടുള്ള ആയത്തുകൾ സൂചിപ്പിക്കുന്നത്. സമൃദ്ധിയും സന്തോഷവും ലഭിച്ചാൽ അത് തനിക്ക് അല്ലാഹു തന്ന അംഗീകാരവും ആദരവുമാണെന്ന് ധരിക്കുകയും വിഷമവും ദാരിദ്ര്യവുമാണ് ലഭിക്കുന്നതെങ്കിൽ അല്ലാഹു എന്നെ അപമാനിച്ചുവെന്ന് പരാതിപ്പെടുകയും ചെയ്യുക. വാസ്തവത്തിൽ ഭൗതിക ജീവിതത്തിൽ ലഭിക്കുന്ന സുഖങ്ങളാവട്ടെ ദുരിതങ്ങളാവട്ടെ അതൊന്നും അല്ലാഹുവിന്റെ ഇഷ്ടത്തിന്റെയോ വെറുപ്പിന്റെയോ മാനദണ്ഡമല്ല. പ്രത്യുത, രണ്ടും അല്ലാഹുവിൽ നിന്നുള്ള പരീക്ഷണമാകുന്നു. സൗഖ്യത്തിൽ അല്ലാഹുവിനു നന്ദി രേഖപ്പെടുത്തുകയും ദു:ഖത്തിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യുക വഴി താൻ പ്രതിഫലാർഹനാവുകയും ചെയ്യും ഇതാണ് ശരിയായ വിശ്വാസിയുടെ കാഴ്ചപ്പാട്. എന്നാൽ സുഖത്തിൽ മതിമറന്ന് ആഹ്ലാദിക്കാനും ദുരിതത്തിൽ പൊറുതികേട് കാണിക്കാനുമാണ് മനുഷ്യനു താൽപര്യം. ഇത് ശരിയായ നിലപാടല്ലെന്നു തെര്യപെടുത്തുകയാണിവിടെ. ആകയാൽ സത്യ വിശ്വാസി ഇവിടെയുള്ള സുഖവും ദു:ഖവും അനന്തമായ പരലോക ജീവിതത്തിന്റെ സന്തോഷത്തിനായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അതിന് സുഖത്തിനു നന്ദിയും ദു:ഖത്തിനു ക്ഷമയും കൈകൊള്ളേണ്ടതുണ്ട്. നന്മയിൽ നന്ദി രേഖപ്പെടുത്തുകയും തിന്മയിൽ ക്ഷമകൈക്കൊള്ളുകയും ചെയ്യുന്നില്ലെന്നു മാത്രമല്ല , അനാഥകളുടെയും പാവങ്ങളുടെയും കാര്യത്തിൽ നിങ്ങൾ ശ്രദ്ധിക്കുന്നുമില്ല. ഏതെങ്കിലും വിധേന സ്വത്ത് വാരിക്കൂട്ടാനും ധനത്തോട് അമിതമോഹം കാണിക്കാനുമാണ് നിങ്ങൾ വ്യഗ്രത കാണിക്കുന്നതെന്നാണ് അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നത്. ഇതേറെ ചിന്തനീയമാണ്. അനാഥകൾക്ക് സഹായം ചെയ്യുന്നില്ലെന്നോ അഗതികൾക്ക് അന്നം നൽകുന്നില്ലെന്നോ അല്ല അല്ലാഹു പറഞ്ഞത്. അനാഥയെ ആദരിക്കുന്നില്ലെന്നും അഗതികൾക്ക് അന്നം കൊടുക്കാൻ പ്രോൽസാഹിപ്പിക്കുന്നില്ലെന്നുമാണ്. അതായത് അവർക്ക് അന്നം കൊടുത്താൽ മാത്രം പോരാ. അവരെ ആദരിക്കണം. ചിലർ അനാഥകൾക്ക് അന്നം നൽകും പക്ഷെ അവരെ അവജ്ഞയോടെ കാണും. ഇത് ശരിയല്ല. പാവപ്പെട്ടവന്ന് ആഹാരം നൽകിയാൽ പോരാ അവരുടെ ഉന്നമനത്തിന്നായുള്ള പ്രവർത്തനത്തിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തി ഫലപ്രദമായ ഇടപെടൽ നടത്തണം. അപ്പോൾ അനാഥർക്ക് സഹായം ചെയ്യാത്തവരുടെയും അഗതികളെ പരിഗണിക്കാത്തവരുടെയും അവസ്ഥ എന്തു മാത്രം പരിതാപകരമായിരിക്കും!
നബി(ﷺ) പറഞ്ഞതായി അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്: ‘ഏറ്റവും നല്ല മുസ്‌ലിം ഭവനം തനിക്ക് വീട്ടുകാരാൽ ഗുണം ചെയ്യപ്പെടുന്ന അനാഥനുള്ള വീടും ഏറ്റവും ചീത്തഭവനം വിഷമിക്കപ്പെടുന്ന അനാഥനുള്ള മുസ്‌ലിം ഭവനവുമാണ്’ എന്നിട്ട് "ഞാനും അനാഥയെ സംരക്ഷിക്കുന്നവനും ഇപ്രകാരമാണെന്ന്" വിരലുകൾ ചേർത്ത് പിടിച്ച്കൊണ്ട് നബി(സ) പറഞ്ഞു. അന്യായമായി ധനസമ്പാദനത്തിനുള്ള വഴികൾ അന്വേഷിക്കുകയും അനന്തരവാകാശികളെപ്പോലും കബളിപ്പിക്കുകയും അക്രമിക്കുകയും ചെയ്തുകൊണ്ട് പണം പിടുങ്ങുന്നവരെ ഇന്ന് ധാരാളമായി കാണാവുന്നതാണ്. എന്തു ചെയ്തും പണം സമ്പാദിക്കുകയും ആർഭാഢമായി ജീവിക്കുകയും ചെയ്യലാണ് "മനുഷ്യന്റെ മഹത്വം" എന്ന ഒരു തെറ്റായ കാഴ്ച്ചപ്പാട് സമൂഹം വെച്ച് പുലർത്തുന്നുവെന്നത് വളരെ ദു:ഖകരം തന്നെ. ലോകത്ത് കാണുന്ന അനീതിയുടെയും അഴിമതിയുടെയും കാരണം മറ്റൊന്നല്ല. ധനം എങ്ങനെ സമ്പാദിച്ചുവെന്നും എന്തിൽ ചിലവഴിച്ചുവെന്നും കണക്ക് ബോധിപ്പിക്കാതെ പരലോകത്ത് രക്ഷപ്പെടാനാവില്ലെന്ന തിരുനബി വചനം എത്രമാത്രം ചിന്തനീയമാണ് !.
തദനന്തരം പരാമർശിക്കപ്പെടുന്ന "ഭൂമി പൊടി പൊടിയാക്കപ്പെടുക" എന്നത് ഖിയാമത്ത് നാളിനെ സംബന്ധിച്ചും "അല്ലാഹുവും മലക്കുകളും വരുമെന്ന് " പറഞ്ഞത് വിചാരണയെ സംബന്ധിച്ചുമാണ്. സർവ്വാധിപതിയായ ലോക രക്ഷിതാവിന്റെ മുന്നിൽ ഒരു അഭിഭാഷകന്റെയോ മദ്ധ്യവർത്തിയുടെയോ സഹായമില്ലാതെ വിചാരണ ചെയ്യപ്പെടുന്ന ആ ഘട്ടത്തിൽ അല്ലാഹുവിന്റെ മഹാ സൃഷ്ടികളായ കണക്കറ്റ മലക്കുകൾ വരിവരിയായി ആ മഹാ സദസ്സിനെ വലയം ചെയ്യും . ജഹന്നം എന്ന നരകം അവിടെ പ്രദർശിപ്പിക്കപ്പെടും ഈ സന്ദർഭത്തിൽ പാപിയായ മനുഷ്യന്ന് താൻ ഭൂമിയിൽ വെച്ച് ചെയ്ത കുറ്റങ്ങളെല്ലാം ഓർമ്മവരും. അങ്ങനെ വലിയ ദു:ഖത്തോടെ ഹാ കഷ്ടം! കഴിഞ്ഞ ജീവിതത്തിൽ വെച്ച് ഈ ജീവിതത്തിനു വേണ്ടി സൽക്കർമ്മങ്ങൾ ചെയ്തു വെച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ ?! എന്ന് അവൻ വിലപിക്കും. പക്ഷെ അപ്പോഴത്തെ ഓർമ്മകൊണ്ടോ വിലാപം കൊണ്ടോ യാതൊരു ഫലവും അവനു ലഭിക്കുകയില്ല. ശിക്ഷയിൽ നിന്ന് അവന്നു യാതൊരു ഒഴിവുമില്ല. അല്ലാഹുവിന്റെ ശിക്ഷയെന്ന പിടുത്തത്തിൽ നിന്ന് അവൻ രക്ഷപ്പെടില്ല. ഭൂമിയിലുണ്ടായിരുന്ന ഒരു ധിക്കാരിയുടെയും ശിക്ഷയുടെ പോലെയായിരിക്കില്ല അല്ലാഹുവിന്റെ ശിക്ഷ. അതി കഠിനമായിരിക്കും. ഭൂമിയിലെ പ്രവർത്തനത്തിന്റെ ഫലം നേരിൽ കാണുമ്പോൾ എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന് ആഗ്രഹിച്ചത് കൊണ്ട് കാര്യമില്ല. അതിനാൽ നല്ല പ്രതിഫലം വാങ്ങാനായി ഈ ജീവിതം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. "ബുദ്ധിമാൻ സ്വശരീരത്തെ അല്ലാഹുവിനു കീഴ്പ്പെടുത്തുകയും മരണശേഷമുള്ള ജീവിതത്തിനു വേണ്ടി അദ്ധ്വാനിക്കുകയും ചെയ്തവനാണ്" എന്ന നബി വചനം ശ്രദ്ധേയമാണ്. സൃഷ്ടിച്ചു പരിപാലിക്കുന്ന നാഥനിൽ വിശ്വസിച്ചും അവന്റെ മഹത്വം അംഗീകരിച്ചും അവനെ മാത്രം ആരാധിച്ചും അവന്റെ വിധിവിലക്കുകൾ പാലിച്ചും നിയമ നിർദ്ദേശങ്ങൾ നടപ്പാക്കിയും സന്തോഷത്തിൽ നന്ദി രേഖപ്പെടുത്തിയും വിഷമങ്ങളിൽ ക്ഷമിച്ചും സദാ സമയവും അല്ലാഹുവിനെ സ്മരിച്ചും കഴിഞ്ഞു കൂടുന്നവരത്രെ സമാധാനമടഞ്ഞ ആത്മാക്കൾ എന്നതിന്റെ വിവക്ഷ അത്തരക്കാരുടെ മരണ സമയത്തും ഖിയാമത്ത് നാളിലും ആശ്വാസത്തിന്റെ സന്ദേശങ്ങൾ നിരന്തരം അവർക്ക് ലഭിച്ചുകൊണ്ടിരിക്കുമെന്നും ജീവിതത്തിൽ സമാധാനമുണ്ടായിരുന്ന അവർക്ക് മരണ ശേഷമുള്ള ജീവിതത്തിലും സന്തോഷവും അഗീകാരവും ലഭിക്കുമെന്നുമാണ്. അല്ലാഹുവിന്റെ ഇഷ്ടത്തിലേക്കും ഇഷ്ട ദാസന്മാരുടെ കൂട്ടത്തിലേക്കും സുഖ സമ്പന്നമായ സ്വർഗ്ഗത്തിലേക്കും കടന്ന് വരാനുള്ള ക്ഷണം വിലമതിക്കാനാവാത്ത അംഗീകാരം തന്നെയാണ്. അതിനു യോഗ്യത നേടാനായി നാം അവിശ്രമം പരിശ്രമിക്കേണ്ടതുണ്ട്.
അല്ലാഹു നമുക്കെല്ലാം ആ മഹാഭാഗ്യം നൽകുമാറാവട്ടെ.... ആമീൻ.
No comments:
Post a Comment