വാഖിഅ: എന്ന വാക്കിനു സംഭവം എന്നാണർത്ഥം. ലോകാവസാനസമയമാകുന്ന ഖിയാമതിനെക്കുറിച്ചാണ് ‘സംഭവം’ എന്നു പറഞ്ഞിരിക്കുന്നത്. ലോകത്തു സംഭവിക്കുവാനിരിക്കുന്ന ഏറ്റവും ഭയങ്കര സംഭവമെന്ന നിലക്കും, അതിന്റെ സംഭവ്യത സുനിശ്ചിതമാണെന്ന നിലക്കുമാണ് അതിനു ഈ പേരു വന്നത്. വല്ലവനും എല്ലാ രാത്രിയിലും സൂറത്തുൽ വാഖിഅ ഓതിയാൽ അവനെ ദാരിദ്ര്യം ബാധിക്കുകയില്ല എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) രോഗശയ്യയിലായിരിക്കെ ഖലീഫ ഉസ്മാന്‍ (റ) മഹാനെ സന്ദര്‍ശിക്കാനെത്തുന്നു. അവര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഖലീഫ ചോദിച്ചു: ”എന്തെങ്കിലും പ്രയാസങ്ങള്‍ താങ്കളെ അലട്ടുന്നുണ്ടോ...?” ”എന്റെ പാപങ്ങള്‍ ” മഹാൻ മറുപടി പറഞ്ഞു. ”എന്താണ് താങ്കളുടെ ആഗ്രഹ"മെന്ന് ഉസ്മാൻ (റ) ചോദിച്ചപ്പോൾ ”അല്ലാഹുവിന്റെ കാരുണ്യ”മാണ് പ്രതീക്ഷിക്കുന്നതെന്ന് സ്വഹാബീ വര്യൻ മറുപടി പറഞ്ഞു. അപ്പോൾ ഉസ്മാൻ (റ) പറയുകയുണ്ടായി ”താങ്കള്‍ക്ക് ഒരു സഹായം തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”. ”സഹോദരാ! എനിക്കതിന്റെ ആവശ്യമില്ലല്ലോ...?”എന്നായിരുന്നു അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ൻ്റെ മറുപടി. ”താങ്കള്‍ക്ക് ശേഷം താങ്കളുടെ പെണ്‍മക്കള്‍ക്ക് അതുപകരിച്ചേക്കും” എന്നും ഉസ്മാൻ (റ) കൂട്ടിച്ചേർത്തപ്പോൾ മഹാനായ ഇബ്നു മസ്ഊദ് (റ) പറഞ്ഞ വാക്കുകൾ ആത്മവിശ്വാസത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു.”എന്റെ മക്കള്‍ ദരിദ്രരാകുമെന്ന ഭയം താങ്കള്‍ക്കുണ്ടോ...?നിത്യവും ‘സൂറത്തുല്‍ വാഖിഅ:’ ഓതാന്‍ ഞാനവരെ ശീലിപ്പിച്ചിട്ടുണ്ട്. സൂറത്തുൽ വാഖിഅ: പതിവായി ഓതിയാല്‍ ദാരിദ്ര്യം പിടിപെടില്ലെന്ന് നബി (സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്".
ഖിയാമത്ത് നാളിലുണ്ടാവുന്ന ചില സംഭവങ്ങളാണിവിടെ വിശദീകരിക്കുന്നത്. ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുന്നതും പർവതങ്ങൾ പൊടിപൊടിയായി പാറിപ്പോകുന്നതും ജനത്തെ മൂന്ന് വിഭാഗമായി തരം തിരിക്കപ്പെടുകയും ചെയ്യും. മൂന്നിൽ ഒരു വിഭാഗം സൗഭാഗ്യവാന്മാരാണ്.അവരെയാണ് വലതു പക്ഷം എന്ന് പരാമർശിച്ചിരിക്കുന്നത്. സത്യവിശ്വാസവും സൽക്കർമ്മങ്ങളും മുഖേന അള്ളാഹുവിന്റെ തൃപ്തിയും പാപമോചനവും നേടിയവർ എന്നാണിവിടെ ഉദ്ദേശ്യം വലതു കയ്യിൽ ഗ്രന്ഥം നൽകപ്പെടുന്നത് കൊണ്ടാണ് ഈ നാമം ലഭിച്ചതെന്നുംമറ്റും അഭിപ്രായമുണ്ട്.
മറ്റൊരു വിഭാഗം നിർഭാഗ്യവാന്മാരാണ് അവരെയാണ് ഇടതു പക്ഷം എന്ന് വിളിക്കുന്നത്. സത്യനിഷേധവും ദുഷ്ക്കർമ്മങ്ങളും വഴി അള്ളാഹുവിന്റെ ശാപ കോപത്തിനും അവന്റെ ശിക്ഷക്കും അർഹരായവർ എന്നാണിവിടെ ഉദ്ദേശ്യം. ഇടതു കൈയ്യിൽ ഗ്രന്ഥം നൽകപ്പെടുന്നവർ എന്നും ഇടതു പക്ഷക്കാർ എന്ന് പറയുന്നതിനു വ്യാഖ്യാനമുണ്ട്. മറ്റൊരു വിഭാഗം അതിഭാഗ്യവാന്മാരാണ്.എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തട്ടിമാറ്റി അള്ളാഹുവിന്റെ മാർഗത്തിൽ ത്യാഗം ചെയ്യുന്നതിലും അവന്റെ ഇഷ്ടം സമ്പാദിക്കുന്നതിലും മറ്റുള്ളവരെ കവച്ചു വെച്ച് മുന്നോട്ട് പോകുന്നവർ എന്നാണിവിടെ ഉദ്ദേശ്യം. മുർസലുകൾ.നബിമാർ.സിദ്ദീഖുകൾ.ശുഹദാക്കൾ എന്നിവരൊക്കെ ഈ മുൻ കടന്നവരിലുൾപ്പെടുന്നു. അതിഭാഗ്യവാന്മാരിൽ ആദ്യ തലമുറകളെ അപേക്ഷിച്ച് പിന്നീട് വന്നവർ കുറവായിരിക്കും. ഏറ്റവും ഉത്തമർ എന്റെ തലമുറയാണെന്ന നബിവചനം ഇവിടെ ശ്രദ്ദേയമാണ്. വലതുപക്ഷക്കാരായ ആ ഭാഗ്യവാന്‍മാര്‍ക്കു ലഭിക്കുന്ന സ്വര്‍ഗ്ഗീയ വിഭവങ്ങളുടെ ചില ഉദാഹരണങ്ങൾ ആയത്തുകളിലൂടെ അല്ലാഹു വിവരിക്കുന്നുണ്ട്. മുള്ളു ഉരിയപ്പെട്ട ഇലന്തവൃക്ഷങ്ങളും പഴം തിങ്ങിനിറഞ്ഞ ഫലവൃക്ഷങ്ങളും ദീര്‍ഘവിശാലമായ തണലുകളും ഉന്നതനിലവാരത്തിലുള്ള ഉയര്‍ന്ന വിരുപ്പുവിതാനങ്ങളും അതിൽ പെട്ട ചിലതാണ്. ശേഷം ഇടതുപക്ഷക്കാർ ക്കുള്ള അതികഠോരമായ ശിക്ഷാ മുറകളും പരിചയപ്പെടുത്തുന്നുണ്ട്. ഇടതുപക്ഷക്കാരുടെ പ്രധാന കുറ്റം അവര്‍ മരണാനന്തരജീവിതത്തെയും, അതിനെത്തുടര്‍ന്നുള്ള സംഭവങ്ങളെയും നിഷേധിക്കുന്നതാണല്ലോ. തൊട്ടടുത്ത വചനങ്ങളിലായി മരണാനന്തരജീവിതത്തിന്റെ സാധ്യതയും, അതിനുള്ള പല ദൃഷ്ടാന്തങ്ങളും അല്ലാഹു ചൂണ്ടിക്കാട്ടുന്നുണ്ട്.
മനുഷ്യജീവിതത്തില്‍ അത്യന്താപേക്ഷിതമായ ഒരു വിഭവമാണ് വെള്ളം. അതിനെ ആകാശത്തു നിന്നു ഇറക്കിയതിലും, മറ്റൊരു അത്യാവശ്യ വസ്തുവായ തീയിനെ ചില മരങ്ങളില്‍ നിന്നു ഉത്പാദിപ്പിച്ചതിലും, മനുഷ്യനു യാതൊരു പങ്കുമില്ലല്ലോ. ഇവയിലടങ്ങിയ ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിക്കുവാനും, അവയില്‍ നന്ദിയുള്ളവരായിരിക്കുവാനും ദൈവിക വചനങ്ങൾ ആഹ്വാനം ചെയ്യുന്നു. ഈ സൂറത്തിലെ മറ്റൊരു പ്രധാന പ്രതിപാദ്യവിഷയം ഖുർആനിന്റെ മഹത്വമാണ്. ആദരണീയവും, അല്ലാഹുവിങ്കല്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടതും, പരിശുദ്ധന്മാരല്ലാതെ സ്പര്‍ശിക്കാത്തതും, അല്ലാഹു അവതിരിപ്പിച്ചതുമായ ഒരു പരിപാവന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍ എന്നു മഹത്തായ ഒരു സത്യവാചകം മുഖേന അല്ലാഹു ഊന്നിപ്പറഞ്ഞിരിക്കയാണല്ലോ. അപ്പോള്‍, ആ ഗ്രന്ഥത്തെ ബാഹ്യമായും, ആന്തരികമായും നാം ബഹുമാനിക്കേണ്ടതുണ്ടെന്നു പറയേണ്ടതില്ല. അതിന്റെ ആശയങ്ങളും, തത്വങ്ങളും, ഉപദേശങ്ങളും, വിധിവിലക്കുകളും ഗ്രഹിച്ചു മനസ്സിലാക്കുക, അവ സ്വീകരിക്കുക, അനുഷ്ഠിക്കുക, അതിലെ ലക്ഷ്യങ്ങളെയും ദൃഷ്ടാന്തങ്ങളെയും പറ്റി ചിന്തിക്കുക, അതിന്റെ ദൗത്യങ്ങള്‍ പ്രചരിപ്പിക്കുക മുതലായതാണ് നാം അതിനോടു നിര്‍വ്വഹിക്കേണ്ട പ്രധാന കടമകളെന്നും അല്ലാഹു ഈ സൂറത്തിലൂടെ ഉണർത്തുന്നുണ്ട്.
No comments:
Post a Comment