മർക്കടമുഷ്ടി
ചുരുട്ടിപ്പിടിച്ച കൈപ്പടത്തിനു മുഷ്‌ടി എന്നു പറയാറുണ്ട്. മലയാളത്തിൽ കുരങ്ങിനു മർക്കടം എന്നും പറയും. ഈ മർക്കടവും മുഷ്ടിയും ചേർന്നാണ് മർക്കടമുഷ്‌ടിയുണ്ടായത്. ദുശ്ശാഠ്യം എന്ന അർഥത്തിനാണതു പൊതുവെ പ്രയോഗിക്കുക. അങ്ങനെയെങ്കിൽ കുരങ്ങിന്റെ ചുരുട്ടിപ്പിടിച്ച കൈപ്പടവും ദുശ്ശാഠ്യവും തമ്മിലെന്തു ബന്ധം എന്നായിരിക്കും സംശയം.
മറുപടി കേട്ടോളൂ
പണ്ടൊരു വേട്ടക്കാരൻ കുരങ്ങിനെ പിടിക്കാൻ കാണിച്ച വേല. വാവട്ടം ചെറുതായ ഒരു ചില്ലുഭരണിയെടുത്ത് അതിൽ അയാൾ ആകർഷകമായ കുറെ ആപ്പിളുകൾ നിക്ഷേപിച്ചു. എന്നിട്ടത് കുരങ്ങന്മാരുടെ വിഹാരകേന്ദ്രത്തിൽ കൊണ്ടുപോയി വെച്ചു. ഭരണിയിൽ ആപ്പിളുകൾ കണ്ട കുരങ്ങന്മാരിലൊരുത്തൻ മരച്ചില്ലയിൽനിന്നു ചാടിയോടി വന്ന് തൻ്റെ കൈ അതിലേക്കിട്ടു. കഷ്‌ടിച്ച് ഒരു കൈ കടക്കാനുള്ള വ്യാപ്‌തിയേ ആ ഭരണിയുടെ വായ്ക്കുള്ളൂ. ആപ്പിളിൽ കൈ മുറുക്കിയ കുരങ്ങൻ ആർത്തിയോടെ അതു പുറത്തെടുക്കാൻ നോക്കി. പക്ഷേ, കഴിഞ്ഞില്ല. പിന്നെയും പിന്നെയും നോക്കി; കഴിഞ്ഞില്ല. രണ്ടാലൊരു മാർഗമേ അപ്പോൾ അതിൻ്റെ മുന്നിലുണ്ടായിരുന്നുള്ളൂ. ഒന്നുകിൽ ആപ്പിൾ ഉപേക്ഷിച്ച് കൈ പിൻവലിക്കുക. അല്ലെങ്കിൽ, ആപ്പിളിൽ പിടിമുറുക്കി അങ്ങനെ കഴിയുക.
കുരങ്ങൻ ആപ്പിളുപേക്ഷിക്കാൻ തയ്യാറായില്ല. അതിൽ പിടി മുറുക്കിതന്നെ നിന്നു. പിന്നിലൂടെ പതുങ്ങിച്ചെന്ന വേട്ടക്കാരന് ഏതായാലും ലക്ഷ്യം നിറവേറ്റാനായി. കുരങ്ങിനെ കൈയോടെ പിടികൂടി. എന്നാൽ ആ സമയത്തെങ്കിലുമുണ്ടോ കുരങ്ങൻ ആപ്പിളുപേക്ഷിക്കുന്നു.. അപ്പോഴും ആപ്പിളിൽനിന്നു പിടിവിടാൻ മനസ്സു കാണിക്കാതെ അത് ഭരണി കൈയിൽ തൂക്കി. തൻ്റെ കൈ ആപ്പിളിലാണെങ്കിലും താൻ വേട്ടക്കാരൻ്റെ കൈയിലായി എന്നതൊന്നും അതിനു പ്രശ്‌നമേ ആയില്ല. എന്തു വന്നാലും ആപ്പിളുപേക്ഷിക്കാൻ തയ്യാറല്ലെന്ന വാശി. ആ വാശിയാണു പിന്നീട് മർക്കടമുഷ്ടിയെന്ന പേരിൽ അറിയപ്പെട്ടുവന്നത്.
🌑🌑🌑🌑
ദുഃശ്ശാഠ്യവും നിർബ്ബന്ധബുദ്ധിയും ഉള്ളവരെയാണ് നമ്മൾ മർക്കടമുഷ്ടിക്കാർ എന്നു വിളിക്കാറുള്ളത്. അതുകൊണ്ടാണല്ലോ പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരുന്നതും.
എന്താണ് മർക്കടമുഷ്ടി ?
മർക്കടം കുരങ്ങനാണ്. പക്ഷെ കുരങ്ങന്റെ മുഷ്ടിക്ക് എന്താണ് അസാധാരണത്വം.
അതൊരു പഴങ്കഥയാണ്.
പ്രാചീനകാലത്ത് കുരങ്ങന്മാർ മനുഷ്യർക്ക് വളരെ ഉപദ്രവങ്ങൾ ചെയ്തിരുന്നു. അവയെ പിടിക്കാനായി അന്നൊക്കെ അവർ ഒരു കൗശലം പ്രയോഗിച്ചിരുന്നു. ചുരയ്ക്കയുടെ വർഗ്ഗത്തിലേതുപോലെ ദൃഢമായ തൊണ്ടോടുകൂടിയ വലിയ കായ്കളിൽ ദ്വാരമുണ്ടാക്കി, കാമ്പ് എടുത്തുമാറ്റിയശേഷം അതിൽ, കുരങ്ങുകളുടെ ഇഷ്ടഭക്ഷണമായ ഉണങ്ങിയ കായ്കളും പഴങ്ങളുമൊക്കെയിട്ടു സ്ഥിരമായി കുരങ്ങുകൾ വരുന്നയിടങ്ങളിൽ മരത്തിലോ പാറയിലോ മറ്റോ ബന്ധിച്ചുവയ്ക്കും. കുരങ്ങുകൾ വന്ന് ദ്വാരത്തിലൂടെ കൈ കടത്തി എടുക്കാവുന്നത്ര മുഷ്ടിയിൽ ഒതുക്കും. പക്ഷേ മുഷ്ടി ദ്വാരത്തിലൂടെ പുറത്തെടുക്കാൻ കഴിയില്ല. എന്നാൽ മുഷ്ടിയിലുള്ള കായ്കനികൾ വിട്ടുകളയാൻ കുരങ്ങൻ തയ്യാറുമല്ല. ഫലം ഊഹിക്കാമല്ലോ.
സദ്ബുദ്ധിയില്ലാതെ സ്വന്തം നിർബ്ബന്ധബുദ്ധികൊണ്ടു ആപത്തിലകപ്പെട്ട കുരങ്ങനെപ്പോലെ മനുഷ്യരും പ്രവർത്തിക്കാറുണ്ടല്ലോ. സ്വത്തും സ്ഥാനമാനങ്ങളും ജാതിമതവർഗ്ഗവിദ്വേഷങ്ങളും ദുരഭിമാനവുമൊക്കെയാവും മനുഷ്യന്റെ മുഷ്ടിയിലുള്ളതെന്നുമാത്രം.
ഇംഗ്ലീഷിൽ monkey's fist എന്നുപറയുന്നത് സവിശേഷരീതിയിലുള്ള ഒരു കുടുക്കിനെയാണ്. ചരടിന്റെയോ കയറിന്റെയോ അറ്റത്ത് നിശ്ചിതമായ വിന്യാസങ്ങളിലൂടെ രൂപപ്പെടുത്തുന്ന ഈ കുരുക്കിന് ഒരു മർക്കടന്റെ മുഷ്ടിയുടെ ആകൃതിയായിരിക്കും. അതിനാലാണ് ഈ പേരുവന്നിരിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത ഉപയോഗങ്ങളാണ് ഈ മർക്കടമുഷ്ടികൾക്ക് .
No comments:
Post a Comment