Sunday, 4 August 2024

ഓ ബിലാൽ, ഇതെന്തൊരു പിണക്കമാണ് !!

 

ഓ ബിലാൽ , ഇതെന്തൊരു പിണക്കമാണ് !!


മുത്തുനബി (സ) വഫാത്തായപ്പോൾ ബിലാൽ (റ) ശാമിലേക്ക് ധർമ്മ പോരാളിയായി പോകാനുദ്ദേശിച്ചു. ഇതറിഞ്ഞ അബൂബക്കർ (റ) താങ്കൾ പോകരുതെന്നും ഇവിടെ മുഅദ്ദിനായി ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. ഇതുകേട്ട ബിലാൽ (റ) പറഞ്ഞു: നിങ്ങൾക്കു വേണ്ടിയാണ് നിങ്ങൾ എന്നെ മോചിപ്പിച്ചതെങ്കിൽ എന്നെ നിങ്ങൾ ഇവിടെ പിടിച്ചുവെച്ചോളൂ.... അല്ലാഹുവിനു വേണ്ടിയാണെങ്കിൽ എന്നെ വിട്ടേക്കൂ... ഞാൻ അല്ലാഹുവിൻറെ മാർഗത്തിൽ പോകട്ടെ .......... അങ്ങനെ അബൂബക്കർ (റ) പലായനത്തിന് സമ്മതം കൊടുക്കുകയാണുണ്ടായത്. ബിലാൽ (റ) ശാമിലേക്ക് പോവുകയും ചെയ്തു. 



അങ്ങനെ കഴിയവെ, ഒരിക്കൽ ബിലാൽ (റ) മുത്ത് നബിയെ(സ) സ്വപ്നത്തിൽ ദർശിച്ചു. അവിടുന്ന് ചോദിച്ചു: ഓ ബിലാൽ......... ഇതെന്തൊരു പിണക്കമാണ് , താങ്കൾക്ക് എന്നെയൊന്ന് സന്ദർശിക്കാൻ സമയമായില്ലേ?  ഉറക്കിൽ നിന്ന് ബിലാൽ (റ) ഖിന്നനായി ഞെട്ടിയുണർന്നു. ദ്രുതഗതിയിൽ മദീനയിലേക്കുള്ള പുറപ്പാടിലായി. തിരുചാരത്ത് വീണു കരയാൻ തുടങ്ങി. പേരക്കിടകങ്ങളായ ഹസൻ ഹുസൈൻ (റ) വന്നപാടെ അവരെ ആശ്ലേഷിച് ചുംബനമർപ്പിച്ചു. 


ഇരുവരും ബിലാലിനോട് (റ) ആവശ്യപ്പെട്ടു. നിങ്ങളുടെ ബാങ്ക് ഞങ്ങൾ ആഗ്രഹിക്കുന്നു. അങ്ങനെ ബിലാൽ (റ) പള്ളിക്കു മുകളിൽ കയറി ബാങ്ക് തുടങ്ങി. അല്ലാഹു അക്ബർ അള്ളാഹു അക്ബർ ......  ശ്രവണമധുരമായ  ബാങ്കൊലി കൊണ്ട് മദീന പ്രകമ്പനം കൊണ്ടു.  ശഹാദത്തിൻ്റെ പ്രഖ്യാപനം മദീനയെ വിറപ്പിച്ചു. 

أشهد أن محمدا رسول الله  എന്ന പ്രഖ്യാപനം മദീനാന്തരീക്ഷത്തിൽ മുഖരിതമായപ്പോൾ വീടുകളിൽ നിന്ന് സ്ത്രീകൾ വെളിയിലേക്കിറങ്ങി. മുമ്പെങ്ങും മദീന സാക്ഷിയാകാത്ത വിധം അന്ന് ജനങ്ങളുടെ വിങ്ങലിന് മദീന സാക്ഷിയായി. 


(ഉസ്ദുൽ ഗാബ 1/ 274-275)


No comments:

Post a Comment

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...