തിരുനബി(സ)യെ സ്‌നേഹിക്കുന്നതിലൂടെ നമുക്ക് ഇഹപര വിജയം നേടാൻ സാധിക്കും. സ്‌നേഹം ഹൃദയത്തിലൊളിപ്പിച്ചതാണെങ്കിലും സ്‌നേഹത്തില്‍ നിന്നുല്‍ഭവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുറത്തേക്ക് ഒഴുകും. തിരുനബി(സ) യോടുള്ള സ്‌നേഹം പ്രകടമാക്കുന്നതാണ് അവിടുത്തെ ചര്യ ജീവിതത്തില്‍ പകര്‍ത്തുക എന്നത്. തിരുനബി(സ)യെ സ്‌നേഹിക്കുന്നതിലൂടെ ഒരാള്‍ നബി(സ)യുടെ ചര്യ ജീവിതത്തില്‍ പകര്‍ത്തുന്നവനായിരിക്കും. അതിലൂടെ ലോകത്തെ സ്‌നേഹിക്കാന്‍ പഠിക്കുന്നു. ലോക സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ സാധ്യമാകുന്നു. മാതാപിതാക്കളോട്, ഗുരുജനങ്ങളോട്, ഭാര്യയോട്, ഭര്‍ത്താവിനോട്, മക്കളോട്, കുടുംബത്തോട്, അയല്‍വാസികളോട്, ഭരണാധികാരികളോട്, തൊഴിലാളിയോട്, ജീവജാലങ്ങളോട്, പരിസ്ഥിതിയോട്, ജീവിതത്തിന്റെ വൈവിധ്യങ്ങളിലെല്ലാം പെരുമാറ്റങ്ങളില്‍ സ്‌നേഹത്തിന്റേയും, സമാധാനത്തിന്റേയും, മാന്യതയുടേയും വഴിയാണ് തിരുനബി(സ) പഠിപ്പിച്ചത്.ആ ജീവിതം മാനവിക മൂല്യങ്ങളുടെ സാകല്യമായിരുന്നു. അല്ലാഹുവില്‍ നിന്നുള്ള വെളിപാടുകള്‍ക്കനുസരിച്ച് ജീവിച്ച് മാതൃക സൃഷ്ടിക്കുകയായിരുന്നു നബി (സ). മുത്ത് റസൂലിൽ(സ) നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ടെന്നും ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നുണ്ട്. തിരുനബി(സ)യെ സ്‌നേഹിക്കുന്നതിലൂടെ അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനും പരലോക മോക്ഷത്തിനും സാധിക്കുമെന്ന് ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
തിരുദൂതരുടെ വഫാത്തിനുശേഷം നബിയില്ലാത്ത മദീന വിട്ട് ബിലാല്‍ (റ) പോയത്, യമനിലെ ഗവര്‍ണ്ണറായി ഉദ്യോഗം നല്‍കിയപ്പോള്‍ തിരുനബിയെ വിട്ടുപിരിയുന്ന ദു:ഖത്താല്‍ അവിടുത്തെ മുഖത്ത്‌നിന്നും കണ്ണെടുക്കാതെ മുആദ് (റ) കരഞ്ഞത്,നബി (സ)യുടെ വഫാത്തിന്റെ വേളയില്‍ നബി വിടപറഞ്ഞു എന്ന് പറഞ്ഞാല്‍ തലയെടുക്കുമെന്ന് വാളുയര്‍ത്തി ഉമര്‍ (റ) ശബ്ദിച്ചത് ........ എല്ലാം അടങ്ങാത്ത സ്നേഹത്തിൻറെ മകുടോദാഹരണങ്ങളാണ്. ആ സ്‌നേഹം ആയിരത്തി അഞ്ഞൂറ് വര്‍ഷമായി പെയ്തുകൊണ്ടേയിരിക്കുന്നു. ഗദ്യമായും പദ്യമായും ഇഷ്ഖിന്റെ ദാഹം തീര്‍ത്തുകൊണ്ടേയിരിക്കുന്നു. മദീനയില്‍ അവിടുത്തെ ചാരത്ത്‌വന്ന് നന്‍മകള്‍ വര്‍ഷിക്കാനുള്ള ഹൃദയങ്ങളുടെ ഒഴുക്കും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. കാലദേശങ്ങളുടെ അതിര്‍ത്തികളില്ലാത്ത പ്രണയത്തിന്റെ ഒഴുക്കാണത്.
No comments:
Post a Comment