സത്യവിശ്വാസിക്ക് പ്രപഞ്ചനാഥനായ അല്ലാഹുവിൻ്റെ മഹത്വം മനസ്സിലാക്കാനുതകുന്ന ചിന്തനീയ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് പ്രകൃതിക്ഷോഭങ്ങൾ. ഭൂമിക്കുലുക്കങ്ങൾ, മണ്ണിടിച്ചിലുകൾ, കൊടുങ്കാറ്റുകൾ, പ്രളയങ്ങൾ ഇത്യാദി പ്രകൃതിക്ഷോഭങ്ങൾ അല്ലാഹുവിന്റെ അപാരമായ കഴിവുകളെക്കുറിച്ചും ആ കഴിവുകൾക്കു മുമ്പിൽ മനുഷ്യരായ നാം ദുർബലരും നിസ്സഹായരുമാണെന്നുള്ള ഓർമ്മപ്പെടുത്തലുകളാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത്തരം കാലക്കേടുകൾ കേവലം യാദൃശ്ചികമായ പ്രകൃതി സംഭവങ്ങൾ മാത്രമല്ല. പ്രത്യുത അവ താക്കീതുകളും പാഠങ്ങളുമുൾക്കൊള്ളുന്ന ഇലാഹീ സന്ദേശങ്ങളാണ്. സൂറത്തുൽ ഇസ്റാഇൽ അല്ലാഹു തആല ( ആയത്ത് 59) പറയുന്നു : ഭയപ്പെടുത്തുവാനായിട്ടല്ലാതെ, നാം ദൃഷ്ടാന്തങ്ങളെ അയക്കുന്നില്ല.
ആകയാൽ , പ്രകൃതി ദുരന്തങ്ങൾ ഈ ഇഹലോകം പരീക്ഷണങ്ങളുടെ വീടാണെന്നും ഇവിടെയുള്ള ജീവിതം ഞൊടിയിടയിൽ മാറിമറിയുമെന്നും അല്ലാഹുവല്ലാതെ അഭയകേന്ദ്രമില്ലെന്നും നമ്മെ ഉണർത്തുന്നു. വിശ്വാസികളുടെ ക്ഷമാശീലതയും വിശ്വാസത്തിലുള്ള അചഞ്ചലതയും പരിശോധിക്കാനാണ് തന്റെ അടിമകൾക്ക് അല്ലാഹുവിന്റെ ഭാഗത്തുനിന്ന് ഇത്തരം പരീക്ഷണങ്ങളാകുന്ന അത്യാഹിതങ്ങൾ ഉണ്ടാകുന്നത്. ഇത്തരം സന്ദിഗ്ധ ഘട്ടങ്ങളിൽ വിശ്വാസികൾ അല്ലാഹുവിനോടുള്ള സാമീപ്യം വർദ്ധിപ്പിക്കുകയും പാപമോചനവും പ്രാർത്ഥനയും കൊണ്ട് അവനിലേക്ക് അഭയം തേടുകയും ദുരന്തബാധിതരായ സഹോദരന്മാർക്ക് സഹായഹസ്തമാവുകയുമാണ് ചെയ്യേണ്ടത്. അല്ലാഹുവിനോടുള്ള സാമീപ്യം വർധിപ്പിക്കാനും അവനു വിധേയപ്പെട്ട് സുകൃതങ്ങൾ ചെയ്യാനുമുള്ള ഒരവസരമായി ഇതിനെ കാണുകയും വേണം.
അല്ലാഹുവിന്റെയടുക്കൽ നിന്നുള്ള ഇത്തരം പരീക്ഷണങ്ങൾ കൊണ്ട് അടിപതറുന്നവരല്ല യഥാർത്ഥ വിശ്വാസി. കാരണം അല്ലാഹു തന്നെ ഇവ്വിഷയകവുമായി വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അല്ലാഹു തആല സൂറത്തു ബഖറയിൽ (ആയത്ത് 155) പറയുന്നു : "ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവയിൽ പെട്ട വല്ലതും മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക". ഈയിടെ നാമും ഇത്തരുണത്തിൽ പ്രകൃതിക്ഷോഭങ്ങൾക്ക് സാക്ഷിയായി കൊണ്ടിരിക്കുന്നു. മഴക്കെടുതികളും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും പ്രളയവുമെല്ലാം നമ്മുടെ ഉറക്കം കെടുത്തുന്നവയാണ്. ദുരന്തമുഖത്തുള്ളവർക്ക് നിർഭയരായി കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥ. ഒറ്റരാത്രികൊണ്ട് ജീവസന്ധാരണോപാധികളും സമ്പാദ്യങ്ങളും ഉറ്റവരും ഉടയവരുമായി സർവ്വവിലാസങ്ങളും നഷ്ടപ്പെട്ട എത്രയെത്ര നിരപരാധികൾ. ഇതെല്ലാം ജഗന്നിയന്താവിൻ്റെ കെടുകാര്യസ്ഥതയോ അങ്ങനെയൊരു ദൈവമില്ലെന്നതിനു തെളിവോ അല്ലേയല്ല. കാരണം ഈ ഒരു സാഹചര്യത്തെ കുറിച്ചുള്ള മുന്നറിയിപ്പും അതിൽ വിശ്വാസികൾ കൈക്കൊള്ളേണ്ട നിലപാടുകളും വെച്ചുപുലർത്തേണ്ട സമീപനങ്ങളും അതിൽ നിന്നവർ ഉൾക്കൊള്ളേണ്ട ഗുണപാഠങ്ങളും ലോകരക്ഷിതാവായ അള്ളാഹു തന്റെ അടിമകൾക്ക് വ്യക്തവും കൃത്യവുമായ രീതിയിൽ വിവരിച്ചു തന്നിട്ടുണ്ട്. ഈ യാതനകളും വേദനകളും വിശ്വാസികളുടെ ക്ഷമയും ഈമാനും പരിശോധിക്കാനുള്ള പരീക്ഷണമാണ്. ഇലാഹീപ്രണയത്തിലായി കഴിയുന്ന വിശ്വാസിയുടെ ജീവിതം പരീക്ഷണകലുഷിതമായിരിക്കും.തിരുനബി (സ) പഠിപ്പിക്കുന്നതും കാണാം : "ജനങ്ങളിൽ വെച്ച് ഏറ്റവും കഠിനമായ പരീക്ഷണങ്ങൾ ഏറ്റുവാങ്ങുന്നവർ യഥാക്രമം അമ്പിയാക്കളും സജ്ജനങ്ങളും അവരോടടുത്തവരുമാകുന്നു". എന്തിനേറെ പറയണം , ഏവരുടെ മുമ്പിലും തുറന്നുവെക്കപ്പെട്ട മുത്ത് നബി (സ്വ) യുടെ ശുഭ്രമായ ജീവിത സാഹചര്യങ്ങൾ ഉൾചേർക്കപ്പെട്ട ഏടുകൾ ഒന്നു മറിച്ചു നോക്കൂ...
അബൂജഹലുൾപ്പെടെയുള്ള പൈശാചിക പ്രതീകങ്ങളുടെ അസഹ്യമായ പീഡനമുറകൾക്ക് മുന്നിൽ വിശ്വാസക്കരുത്തിൽ തലയുയർത്തി നിന്നതിന്റെ പേരിൽ സുമയ്യാ ബീവി (റ) അനുഭവിക്കേണ്ടിവന്നതും തൻ്റെ ദൈവങ്ങളെ പുകഴ്ത്താൻ ആജ്ഞാപിച്ചിട്ടും ഏകദൈവമായ അല്ലാഹുവിനെ പുകഴ്ത്തിയതിന്റെ പേരിൽ ഖുറൈശി മുഖ്യൻ ഉമയ്യ വെയിലേറ്റു പഴുത്ത മരുഭൂമിയുടെ മാറിൽ തൻ്റെ അടിമയായ ബിലാലിനെ മലർത്തിക്കിടത്തി വലിച്ചിഴച്ചപ്പോൾ ബിലാൽ (റ) ക്ഷമാപൂർവ്വം സഹിക്കേണ്ടിവന്നതും സഹോദര പുത്രനായ മുഹമ്മദ് നബി (സ) യോട് നിസ്സീമമായ വാത്സല്യം കാണിച്ച അബൂ ത്വാലിബും കുടുംബവും കോപാന്ധരായ ഖുറൈശീ പ്രമുഖരാൽ സാമൂഹിക ബഹിഷ്കരണ വിധേയരാകേണ്ടി വന്നതും നാടും വീടും കുടുംബവും ഇട്ടെറിഞ്ഞ് തിരുനബി(സ) പലായനം ചെയ്യേണ്ടി വന്നതും ഉഹ്ദ് രണാങ്കണത്തിൽ നബി (സ) യുടെ പിതൃവ്യനും സ്വഹാബി പ്രമുഖനുമായ ഹംസ (റ) വധിക്കപ്പെട്ടിട്ടും ആ തിരുശരീരം വൈകൃതങ്ങൾക്കു പാത്രമാകേണ്ടിവന്നതും , എല്ലാം അല്ലാഹുവിന്റെ ഇഷ്ടക്കാർക്കുള്ള പരീക്ഷണങ്ങളുടെ ഉദാത്തമായ ഉദാഹരണങ്ങളാണ്.
പരീക്ഷണാർത്ഥം ദുരിതങ്ങളും പ്രശ്നങ്ങളും നൽകുക എന്നുള്ളത് ദൈവാസ്തിക്യമില്ല എന്നതിനു തെളിവല്ല. അങ്ങനെയായിരുന്നുവെങ്കിൽ ഏറ്റവും സമീപസ്ഥനായ തിരുനബിയെയും അനുചരന്മാരെയും ഇവ്വിധം തീക്ഷ്ണമായ പരീക്ഷണതീച്ചൂളയിലൂടെ നടത്തുമായിരുന്നില്ലല്ലോ. പൂർണ്ണസംരക്ഷണവും ഉത്തരവാദിത്വവും അല്ലാഹു ഏറ്റെടുത്ത് സുഖലോലുപതയും രമ്യഹർമ്മങ്ങളും നൽകി പ്രബോധനവഴി പരവതാനി വിതാനിച്ച് സരളവും ആയാസരഹിതവുമാക്കുമായിരുന്നല്ലോ.
ആകയാൽ , ഈ ദുനിയാവ് ഹ്രസ്വമായ പരീക്ഷണകാലം മാത്രമാണ്. അതിനുശേഷം അനന്തമായ ജീവിതമുണ്ട്. അവിടെ വിജയിക്കാൻ എന്തുവേണമെന്നതാണ് മനുഷ്യനെ സംബന്ധിച്ചു ഏറ്റവും പ്രസക്തം. ജീവിതവും മരണവും ഏർപ്പെടുത്തിയതു തന്നെ സുകൃതങ്ങൾ ചെയ്ത് വിജയം കൊയ്യുന്നത് ആരാണെന്ന് പരീക്ഷിക്കാൻ വേണ്ടിയാണെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നുണ്ട്. നമ്മുടെ മനസ്സുകളിൽ കുടികൊള്ളേണ്ട വിശ്വാസത്തിന്റെ ആണികല്ലാണിത്.
No comments:
Post a Comment