*സലാം പറയലും മടക്കലും*
രണ്ടോ അതിലധികമോ വ്യക്തികളുള്ള സംഘത്തോട് സുന്നത്താക്കപ്പെട്ട സലാം പറയപ്പെട്ടാൽ അതു മടക്കൽ ഫർളു കിഫായയാണ്. ഫർളു കിഫായയായത് കൊണ്ട്തന്നെ ഒരാൾ മടക്കിയാൽ ബാക്കിയുള്ളവരുടെ നിർബന്ധ ബാധ്യതയും വീടുന്നതാണ്. സലാം മടക്കിയവന് മാത്രമേ മടക്കിയ കൂലി കിട്ടൂ. ഇനി എല്ലാവരും ക്രമാനുഗതമായിട്ട് മടക്കി, എങ്കിൽ ആദ്യം മടക്കിയവനെ പോലെതന്നെ എല്ലാവർക്കും ഫർളിൻ്റെ കൂലി കിട്ടും. ആദ്യത്തവൻ്റെ സലാം മടക്കൽ കൊണ്ട് ഫർള് വീടിയിട്ടുണ്ടെങ്കിലും ശേഷം മടക്കിയവർക്കും നിർബന്ധ ബാധ്യത നിർവ്വഹിച്ച പ്രതിഫലം കരസ്ഥമാകും. ഇതു പോലെയാണ് ജനാസ നിസ്ക്കാരവും.
സുന്നത്താക്കപ്പെട്ട എന്ന ഉപാധി കൊണ്ട് സുന്നത്തില്ലാത്ത സലാം പുറത്തുപോയി. അതു മടക്കൽ തന്നെ നിർബന്ധമില്ല. ഉദാ : വിസർജ്ജനം നടത്തുന്നയാളോട് സലാം പറയൽ. അത് സുന്നത്തില്ല. ആരെങ്കിലും അയാളോട് സലാം പറഞ്ഞാൽ അയാളുടെ മേൽ ആ സലാം മടക്കൽ നിർബന്ധവുമില്ല.
ഒരു സംഘമാളുകൾ ക്രമാനുഗതമായിട്ടോ ഒന്നിച്ചോ ഒരു വ്യക്തിയോട് സലാം പറഞ്ഞാൽ സലാമിൻ്റെയും മടക്കലിൻ്റെയും ഇടയിൽ ദീർഘസമയം കഴിയും മുമ്പ് എല്ലാവരെയും കരുതിക്കൊണ്ട് ഒറ്റത്തവണ സലാം മടക്കിയാൽ മതി. ഒന്നും കരുതാതെ ഒറ്റത്തവണ മടക്കിയാലും മതിയാകുമെന്നാണ് ന്യായയുക്തമായ വീക്ഷണം.
ഒരു സ്ത്രീ മറ്റൊരു സ്ത്രീയോടും വിവാഹബന്ധം നിഷിദ്ധമായവനോടും ഭർത്താവിനോടും സലാം പറയൽ സുന്നത്താണ്. ഇപ്രകാരം തന്നെ , ആ സ്ത്രീ വൃദ്ധയും ആഗ്രഹിക്കപ്പെടാത്തവളുമാണെങ്കിൽ അന്യപുരുഷനോടും സലാം പറയൽ സുന്നത്തുണ്ട്. എന്നാൽ വൃദ്ധയും ആഗ്രഹിക്കപ്പെടാത്തവളുമായ സ്ത്രീയോട് അന്യപുരുഷൻ സലാം പറഞ്ഞാൽ അത് മടക്കൽ അവൾക്ക് നിർബന്ധവുമാണ്. കൂടെ ഇതര സ്ത്രീകളില്ലാത്ത ആഗ്രഹിക്കപ്പെടുന്ന സ്ത്രീക്ക് അന്യപുരുഷനോട് സലാം പറയലും അവൻ്റെ സലാം മടക്കലും ഹറാമാണ്. എന്നാൽ ആഗ്രഹിക്കപ്പെടുന്ന സ്ത്രീയുടെ സലാം മടക്കലും അവളോട് സലാം പറയലും അന്യപുരുഷന് കറാഹത്തുമാണ്. ആഗ്രഹിക്കപ്പെടുന്ന സ്ത്രീ അന്യപുരുഷനോട് സലാം പറയലും അവൻ്റെ സലാം മടക്കലും ഹറാമും അന്യപുരുഷൻ ആഗ്രഹിക്കപ്പെടുന്ന സ്ത്രീയോട് സലാം പറയലും അവളുടെ സലാം മടക്കലും കറാഹത്തുമായതിൻ്റെ കാരണം സ്ത്രീയുടെ സലാം പറയലും മടക്കലും പുരുഷന്മാരെ കൂടുതൽ വശീകരിക്കുമെന്നതാണ്. അന്യപുരുഷൻ ഒരു സംഘം സ്ത്രീകൾക്ക് സലാം പറഞ്ഞാൽ അക്കൂട്ടത്തിൽ നിന്ന് ഒരു സ്ത്രീയെങ്കിലും സലാം മടക്കൽ നിർബന്ധമാണ്. കാരണം ഇവിടെ ഫിത്ന ഭയപ്പെടുന്നില്ല. അക്കൂട്ടത്തിലുള്ള എല്ലാവരും സലാം മടക്കിയാൽ എല്ലാവർക്കും ഫർളിൻ്റെ കൂലി കിട്ടുമെന്നതും വ്യക്തമാണ്. മുകല്ലഫായ ഒരു വ്യക്തിയോടാണ് സലാമെങ്കിൽ അത് മടക്കൽ ഫർള് അയ്നാണ്. സലാം പറഞ്ഞത് വകതിരിവെത്തിയ കുട്ടിയാണെങ്കിലും ശരി മടക്കൽ നിർബന്ധം തന്നെ.
കേൾവി കുറഞ്ഞവൻ പോലും ശരിക്കു കേൾക്കുമാർ ഉച്ചത്തിലാകണം സലാം പറയലും മടക്കലും . മടക്കൽ സലാം പറച്ചിലിനു ചേർന്നുവരണം. അങ്ങനെ തുടർന്ന് വരാതെ അകാരണമായി ദീർഘമായ ഇടവേള വന്നുകഴിഞ്ഞാൽ പിന്നീട് ആ സലാം മടക്കി ഖളാഅ് നിർവ്വഹണം നിർബന്ധമില്ല. അതവനു നഷ്ടപ്പെടുകയും അവൻ കുറ്റക്കാരനാകുകയും ചെയ്യും. ഊമയുടെ സലാം മടക്കുമ്പോൾ സലാം മടക്കലിൻ്റെ വാക്യവും കൈ കൊണ്ടോ മറ്റോ ഉള്ള ആംഗ്യവും നിർബന്ധമാണ്. ഊമയോട് സലാം പറയുമ്പോൾ , സലാം പറയുന്നയാൾ സലാം വചനവും ആംഗ്യവും നിർവ്വഹിച്ചാലേ ഊമക്കത് മടക്കൽ നിർബന്ധ ബാധ്യതയാവുകയുള്ളൂ. പുത്തനാശയക്കാരനും ഫാസിഖും ഒഴികെ എല്ലാ മുസ്‌ലിമിനെ കണ്ടുമുട്ടുമ്പോഴും വിട്ടുപിരിയുമ്പോഴും സലാം പറയൽ വ്യക്തികൾക്ക് വൈയക്തിക സുന്നത്തും സംഘത്തിന് സാമൂഹിക സുന്നത്തുമാണ്.സലാം പറഞ്ഞാൽ മടക്കുകയില്ലെന്ന് ധാരണയുണ്ടെങ്കിലും എല്ലാ മുസ്ലിമിനോടും സലാം പറയൽ സുന്നത്താണ്. വകതിരിവെത്തിയ കുട്ടിയോടു പോലും സലാം പറയൽ സുന്നത്തുണ്ട്.
إن أولى الناس بالله من بدأهم بالسلام
എന്ന ഹദീസാണ് ഇതിനാധാരം.
എന്നാൽ കാഫിറിനോടു സലാം പറയൽ ഹറാമാണ്.
സലാം പറയുമ്പോഴും മടക്കുമ്പോഴും ഒരാൾക്കു മാത്രമാണെങ്കിലും ആദരസൂചകമായും മലക്കുകളെ ഉദ്ദേശിച്ചും ആദരബഹുവചനം ഉപയോഗിക്കലും
ورحمة الله وبركاته ومغفرته
എന്ന് വർധിപ്പിക്കലും ശ്രേഷ്ഠമാണ്. സ്ഥലത്തു സന്നിഹിതരല്ലാത്തവരിലേക്കു സലാം പറഞ്ഞയക്കൽ സുന്നത്താണ്. ഏൽപ്പിക്കപ്പെട്ടവൻ ഒരു അമാനത്താണെന്ന നിലയിൽ ആ സലാമെത്തിച്ചു കൊടുക്കൽ നിർബന്ധവുമാണ്. ഏൽപ്പിക്കപ്പെട്ടവൻ എത്തിച്ചു കൊടുക്കാമെന്ന് തൃപ്തിപൂർവ്വം ഏറ്റെടുത്തിട്ടു ങ്കിൽ മാത്രമേ നിർബന്ധമാവുകയുള്ളൂ. നിരസിക്കുകയോ മൗനം പാലിക്കുകയേ ചെയ്താൽ എത്തിച്ചു കൊടുക്കണമെന്നില്ല. സലാം എത്തിക്കിട്ടിയ വ്യക്തി ഉടനടി ആ സലാം മടക്കണം. സലാം കൊണ്ടുവന്നയാളെ കൂടി ഉൾപ്പെടുത്തി നബിവചനത്തിലുള്ളത് പോലെ അയാൾക്കുള്ള വാചകം ആദ്യമാക്കി മടക്കലുമാണ് സുന്നത്ത് .
وعليك وعليه السلام
എന്നാണ് മടക്കേണ്ട രൂപം.വിജനസ്ഥലത്തു കടന്നു ചെല്ലുമ്പോൾ
السلام علينا وعلى عباد الله الصالحين
എന്നു പറയൽ സുന്നത്തുണ്ട്.
മലമൂത്ര വിസർജ്ജനം, സംയോഗം, ശൗചം, തീറ്റ, കുടി എന്നീ പ്രാഥമികാവശ്യങ്ങളിൽ മുഴുകിയവരോട് സലാം പറയൽ സുന്നത്തില്ല. തിന്നുന്നവൻ്റെ വായിൽ ഉരുളയിരിക്കുമ്പോഴാണ് സലാം പറയൽ സുന്നത്തില്ലാത്തത്. അതുപോലെ തന്നെ കുടിക്കുന്നവൻ്റെ വായിൽ വെള്ളം ഉണ്ടായിരിക്കുമ്പോഴും. ഇതുപോലെ തന്നെ കുളിപ്പുരയിലുള്ളവനോടും സലാം പറയൽ സുന്നത്തില്ല. കാരണമത് പിശാചിൻ്റെ കേന്ദ്രമാണ്. അധർമ്മിയോടും സലാം പറയൽ സുന്നത്തില്ല. നിസ്കാരം , സുജൂദ്, വാങ്ക്, ഇഖാമത്ത്, ഖുതുബാ , ഖുതുബാ ശ്രവണം ഇത്യാദി വിഷയങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരോട് സലാം പറയൽ സുന്നത്തില്ല. ഇവരിൽ ഖുതുബ ശ്രമിക്കുന്നയാൾക്കൊഴികെ മറ്റാർക്കും സലാം മടക്കൽ നിർബന്ധവുമില്ല. മാത്രമല്ല, പ്രാഥമിക കൃത്യങ്ങളിലും ശൗചത്തിലും സംയോഗത്തിലും ഏർപ്പെട്ടിരിക്കുന്നവർ സലാം മടക്കൽ കറാഹത്താണ്. എന്നാൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തന്നെ വായിൽ ഉരുളയുണ്ടെങ്കിലും ശരി സലാം മടക്കൽ സുന്നത്തുണ്ട്. എന്നല്ല , ഒരു പിടി വിഴുങ്ങിയതിനു ശേഷം അടുത്ത പിടി വായിലിടുന്നതിനു മുമ്പുള്ള ഇടവേളയിൽ അയാളോട് സലാം പറയൽ സുന്നത്തും അയാളതു മടക്കൽ നിർബന്ധവുമാണ്. കുളിമുറിയിൽ ആയിരിക്കെയും തൽബിയത്ത് ചൊല്ലുന്ന വേളയിലും സലാം മടക്കേണ്ടത് വാക്യരൂപത്തിലും നിസ്ക്കാരം, വാങ്ക്, ഇഖാമത്ത് എന്നിവയിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആംഗ്യഭാഷയിലുമാണ് . അന്നേരം ആംഗ്യരൂപത്തിൽ മടക്കുന്നില്ലെങ്കിൽ നിസ്ക്കാരം, വാങ്ക്, ഇഖാമത്ത് എന്നിവ കഴിഞ്ഞ് അൽപ്പസമയത്തിനകം മടക്കിയാൽ മതി. മലമൂത്ര വിസർജ്ജനം , സംയോഗം , ശൗചം, തീറ്റ, കുടി, നിസ്കാരം, സുജൂദ്, വാങ്ക്, ഇഖാമത്ത്, ഖുതുബ , തൽബിയത്ത് ചൊല്ലൽ ഇത്യാദി കർമ്മങ്ങളിൽ ഏർപ്പെട്ടവരോടും കുളിപ്പുരയിലുള്ളവനോടും സലാം പറയൽ സുന്നത്തില്ലാത്തതിനാൽ അവർക്ക് സലാം മടക്കലും നിർബന്ധമില്ല.
പരസ്പരം കണ്ടുമ്പോൾ കുട്ടികൾ മുതിർന്നവർക്കും നടക്കുന്നവർ ഇരിക്കുന്നവർക്കും വാഹന യാത്രികൻ വലിയവർക്കും നടക്കുന്നവർക്കും നിൽക്കുന്നവർക്കും ചെറുസംഘം വലിയ സംഘത്തിനുമാണ് സലാം പറയേണ്ടത്. ഇപ്പറഞ്ഞതിന് ക്രമരഹിതമായി സലാം പറഞ്ഞാൽ സുന്നത്തിന് വിരുദ്ധമാണെങ്കിലും കറാഹത്ത് ഇല്ല.
(ഫത്ഹുൽ മുഈൻ - ഇആനത്ത്)
No comments:
Post a Comment