Wednesday, 12 June 2024

വിദ്യാഭ്യാസം

ഏതൊരു സമൂഹത്തിൻ്റെ അഭിവൃദ്ധിയുടെയും പുരോഗതിയുടെയും അടിത്തറയായ വിദ്യാഭ്യാസം എന്ന വിഷയത്തിൽ സംവദിക്കാനാണ് നിങ്ങൾക്കു മുമ്പിൽ ഞാനിവിടെ എഴുന്നേറ്റു നിൽക്കുന്നത്. കേവലം പാഠപുസ്തകങ്ങളിൽ നിന്ന് സമ്പാദിക്കുന്ന വിജ്ഞാനമല്ല വിദ്യാഭ്യാസം കൊണ്ട് വിവക്ഷിക്കുന്നത്. പ്രത്യുത, നിരൂപണപരമായ ചിന്തയുടെയും സർഗാത്മകതയുടെയും ധാർമിക മൂല്യങ്ങളുടെയും പോഷണവും സമ്പൂർണ്ണ വ്യക്തിത്വവികസനവുമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസമെന്ന അടിത്തറയിലാണ് നാം നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നത്. സദാ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് പ്രയാണം നടത്തി വിജയിക്കാനനിവാര്യമായ വിജ്ഞാനങ്ങളും കഴിവുകളും നൽകി ഓരോ വ്യക്തികളെയും പ്രാപ്തമാക്കുന്നത് വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസം അവസരങ്ങളുടെ അനന്തമായ വാതായനങ്ങൾ മലർക്കെ തുറന്നു വയ്ക്കുകയും ദാരിദ്ര്യമാകുന്ന ചങ്ങലയെ പൊട്ടിച്ചു കളയുകയും സാമൂഹിക ധർമ്മം വളർത്തുകയും ചെയ്യുന്നു. ചുരുക്കത്തിൽ, വിദ്യാഭ്യാസം എന്നത് വൈയക്തികവും സാമൂഹികവുമായ പരിവർത്തനത്തിനുള്ള മൂർച്ചയേറിയ ആയുധമാണ്. പ്രശ്നപരിഹാര ശേഷിയും കൂലങ്കശ ചിന്താപരിപോഷണ പ്രാപ്തിയുമാണ് വിദ്യാഭ്യാസത്തിന്റെ അഗാധമായ സ്വാധീനങ്ങളിലൊന്ന്. അതിസങ്കീർണവും പരസ്പരബന്ധിതവുമായ ഒരു ലോകത്ത് ഇത്തരം കഴിവുകൾ അത്യന്താപേക്ഷിതമാണ്. നിലവിലുള്ള സ്ഥിതിയെ ചോദ്യം ചെയ്യാനും പുതിയ ചിന്തകളെ പര്യവേഷണം നടത്താനും നാം നേരിടുന്ന വെല്ലുവിളികൾക്കുള്ള നൂതനമായ പരിഹാരമാർഗ്ഗങ്ങൾ രൂപപ്പെടുത്താനും വിദ്യാഭ്യാസം നമ്മെ പ്രചോദിപ്പിക്കുന്നു. ആജീവനാന്ത പഠനതത്‌പരതയും ജിജ്ഞാസാബോധവും വിദ്യാഭ്യാസം നമ്മിൽ വളർത്തുന്നു. അതിലുപരി, അപരനെ തിരിച്ചറിയാനും സാമൂഹിക കെട്ടുറപ്പ് അഖണ്ഡതയോടെ കാത്തുസൂക്ഷിക്കാനുമുള്ള പ്രോത്സാഹനത്തിൽ വിദ്യാഭ്യാസം നിർണായക പങ്കുവഹിക്കുന്നു. വിവിധങ്ങളായ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾ ഒരുമിച്ചുകൂടുന്ന സംഗമവേദിയായ ക്ലാസ്റൂമുകളിൽ പരസ്പരഭിന്നതകളെ ബഹുമാനിക്കാനും വിവേചിച്ചറിയാനും അവർ പഠിക്കുന്നു. ഈയൊരു ആശയസംവേദനം സഹിഷ്ണുതയും സഹാനുഭൂതിയും ആഗോള പൗരാധികാരബോധവും വിദ്യാർത്ഥികളിൽ വളർത്തുന്നു. വിവേചനവും തെറ്റിദ്ധാരണകളും സംഘട്ടനത്തിലേക്ക് നയിക്കുന്ന ഈ ആധുനിക ലോകത്ത് വിദ്യാഭ്യാസം നമ്മെ പരസ്പരം ബന്ധിപ്പിക്കുന്ന പാലമായി വർത്തിക്കുന്നു. വിദ്യാഭ്യാസത്തിന് സുപ്രധാനമായ സാമ്പത്തിക സ്വാധീനവുമുണ്ട്. വിദ്യാസമ്പന്നരായ ജോലിക്കാർ അതീവ കാര്യക്ഷമമുള്ളവരും നൂതനാശയമുള്ളവരുമാണ്. അവർ സാമ്പത്തിക വളർച്ചയിലേക്കും പുരോഗതിയിലേക്കും നയിക്കും. വിദ്യാഭ്യാസത്തിൽ നിക്ഷേപിച്ച രാജ്യങ്ങൾ സാമ്പത്തിക മേഖലയിൽ ഉന്നതാഭിവൃദ്ധിയും സ്ഥിരതയും കൊയ്യുന്നു. തൊഴിലില്ലായ്മ ചുരുക്കിക്കൊണ്ടും സംരംഭകത്വം വർദ്ധിപ്പിച്ചുകൊണ്ടും ആഗോള സമ്പദ് വ്യവസ്ഥയിൽ പങ്കാളികളാകാൻ വിദ്യാഭ്യാസം വ്യക്തികളെ സജ്ജമാക്കുന്നു. എന്നിരുന്നാലും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടുക എന്നത് എല്ലാവർക്കും ഇന്നും യാഥാർത്ഥ്യമായിട്ടില്ലെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. വർഗ്ഗം, മതം, ലിംഗം, പ്രായം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം, സംഘട്ടനം , ദാരിദ്ര്യം ഇത്യാദി വിവിധങ്ങളായ തടസ്സങ്ങൾ നിമിത്തം മൗലികാവകാശമായ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട മില്യൺ കണക്കിന് കുട്ടികളും മുതിർന്നവരും ലോകത്തെമ്പാടുമുണ്ട്. പ്രതികൂല സാഹചര്യങ്ങളെ വകവക്കാതെ വിദ്യാഭ്യാസം എല്ലാവരെയും ഉൾചേർക്കുന്നുവെന്നും സർവ്വർക്കും ലഭ്യമാകുന്നുണ്ടെന്നും ഉറപ്പുവരുത്താൻ ആഗോള സമൂഹമെന്ന നിലയിൽ നാം ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിനു വേണ്ടി നിക്ഷേപിക്കുക എന്നാൽ നമ്മുടെ ഭാസുര ഭാവിക്കുവേണ്ടി നിക്ഷേപിക്കുക എന്നാണ് അർത്ഥമാക്കേണ്ടത്. ഗവൺമെന്റുകളും സംഘടനകളും വ്യക്തികളും വിദ്യാഭ്യാസ സംരംഭങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുകയും അവക്ക് മുൻഗണന നൽകുകയും ചെയ്യണം. സ്കൂളുകൾക്കും യൂണിവേഴ്സിറ്റികൾക്കും ഫണ്ടനുവദിക്കുക എന്നതിലപ്പുറം ടീച്ചേഴ്സ് ട്രൈനിംഗ്, വിദ്യാഭ്യാസ വിഭവങ്ങൾ, സാങ്കേതികവിദ്യകൾ ഇത്യാദി മേഖലകളിലേക്കുമുള്ള നിക്ഷേപവും ഇതുൾക്കൊള്ളുന്നു. ഇതുകൊണ്ടർത്ഥമാക്കുന്നത് വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനുള്ള സുരക്ഷയും പിന്തുണയും പ്രോത്സാഹനവും ലഭ്യമാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നുള്ളതാണ്. വ്യക്തിപരവും സാമൂഹികപരവുമായുള്ള വികസനത്തിന്റെ മൂലക്കല്ലാണ് വിദ്യാഭ്യാസം. അത് വ്യക്തികൾക്ക് ശക്തി പകരുന്നു, സമൂഹത്തിന് സൗഹാർദ്ദം കൈമാറുന്നു, രാജ്യത്തിന് സാമ്പത്തിക പുരോഗതി നൽകുന്നു. ഭാവിയിലേക്ക് കണ്ണും നട്ട് , വിദ്യാഭ്യാസം നമ്മുടെ ജീവിതത്തിലുണ്ടാക്കുന്ന ആഴമേറിയ സ്വാധീനം ഓർത്തുകൊണ്ട്, എല്ലാവർക്കും പഠിച്ച് വളരാനുള്ള അവസരലഭ്യത ഉറപ്പാക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാവുക. ഇങ്ങനെ ചെയ്താൽ ഏവർക്കും വേണ്ടി നമുക്ക് അത്യുചിതമായ , ഏറെ സമഭാവമായ, അതിസമൃദ്ധമായ ഒരു ലോകം തന്നെ എല്ലാവർക്കും വേണ്ടി പണിയാം.

No comments:

Post a Comment

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...