വിദ്യാസമ്പാദനത്തിന്റെ ഉറവിടങ്ങളാൽ കോർക്കപ്പെട്ട അനർഘ രത്നമാല പരിശോധിച്ചാല്‍ അതില്‍ സമീപകാലം വിടവാങ്ങിയ മിന്നിത്തിളങ്ങുന്ന ഒരു മാണിക്യം കാണാം. ആറു വർഷത്തിലേറെ കാലമായി അണമുറിയാത്ത പ്രസരണത്തോടെ ഞങ്ങളോടൊപ്പം നിലകൊണ്ട ആ അഗാധ വിജ്ഞാന പാരാവാരത്തെ ഖാദിർ ഉസ്താദ് എന്ന് വിളിക്കാം. ഏവർക്കും പ്രിയങ്കരനായിരുന്നു ഉസ്താദ്. സംശുദ്ധമായ ജീവിതത്തിനുടമ. എളിമയുടെ തെളിമ. പാണ്ഡിത്യത്തിന്റെ വിനയപൂമരം. വിജ്ഞാന കുതുകി . തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ കാര്യങ്ങള്‍ വളച്ചു കെട്ടുകളില്ലാതെ അവതരിപ്പിക്കുന്ന അധ്യാപന രീതി. ലഭ്യമായ റഫറന്‍സുകളും സാധ്യമായ ലൈബ്രറികളുമെല്ലാം ഉപയോഗപ്പെടുത്തി വിവര ശേഖരണം നടത്തി, ചോദ്യചിഹ്നങ്ങൾക്ക് പഴുതു നൽകാതെ, തഹ്ഖീഖ് ചെയ്തുള്ള തദ്‌രീസിന്റെ മാധുര്യം ഉസ്താദിന്റെ പൂമുഖത്ത് നിഴലിച്ചു കാണാറുണ്ടായിരുന്നു. ഔപചാരികതയുടെ ഒരു മറയുമില്ലാതെ വളരെ വാത്സല്യപൂര്‍വ്വം സംവദിക്കുന്ന ഉസ്താദിന്റെ മുഖകാന്തി ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു. ശ്രമകരമായ ഇബാറത്തുകൾ കെട്ടഴിച്ച് പദപരിഛേദം നടത്തി അതിന് ഉസ്താദുമാരിൽ നിന്ന് കിട്ടിയ മലയാളത്തിലെ പഴയ വാക്കുകളും ശേഷം പുതിയ വാക്കുകൾ കൊണ്ട് നിറം പകർന്ന് ഏഴഴകും തെളിയുന്ന മാരിവില്ലാക്കാൻ ഉസ്താദിനു കഴിഞ്ഞിരുവെന്നത് ഉസ്താദിന്റെ ക്ലാസിനുള്ള ഊഷ്മളമായ തയ്യാറെടുപ്പിന്റെ ഫലമാണ്. തന്റെ അവതരണം നിമിത്തം വിദ്യാർത്ഥികൾക്ക് ആശയ സുതാര്യതാരാഹിത്യമോ അർത്ഥശങ്കാലാഞ്ഛനയോ ഉണ്ടാകാതിരിക്കാൻ ഉസ്താദ് കാണിച്ചിരുന്ന ജാഗ്രത ഏവർക്കും മാതൃകയാണ്.
അതിസൂക്ഷ്മങ്ങളായ സംശയങ്ങളുടെ ദൂരീകരണത്തിനും ഇബാറത്തുകളിലെ ആശയപ്പൊരുത്ത രൂപീകരണത്തിനും ഇതര വ്യാഖ്യാനങ്ങൾക്കും വേണ്ടി സ്വന്തം അനിയസഹോദരനും വിജ്ഞാന നിറകുടവുമായ ബാവ ഉസ്താദിന്റെ കതകിൽ ഊഹം കാത്ത് നിൽക്കാനുള്ള ആ മഹാമനസ്സ് കണ്ട് അമ്പരന്നിട്ടുണ്ട് ഈയുള്ളവൻ. ജ്യേഷ്ഠപദവി ചൂഷണം ചെയ്ത് ശൈഖുനയുടെ സമയം കവർന്നെടുക്കാനോ അമിത സ്വാതന്ത്ര്യം നേടി കാര്യലാഭം സാധിക്കാനോ ഉസ്താദ് മുതിരാറില്ലായിരുന്നു. എങ്കിലും അവർ തമ്മിലുള്ള കൂലങ്കശമായ ഇൽമിയ്യയായ ഒരുപാട് ചർച്ചകൾക്കും സാക്ഷിയാകാൻ കഴിഞ്ഞിട്ടുണ്ട്.
തഫ്സീറുൽ ജലാലൈനി , മുഖദ്ദിമത്തുൽ മിശ്കാത്ത്, മിശ്കാത്തുൽ മസാബീഹ് , രിയാളുസ്സ്വാലിഹീൻ , ജൗഹറതുത്തൗഹീദ് തുടങ്ങി അനേകം കിതാബുകൾ ഉസ്താദിൽ നിന്ന് നുകർന്നു .ആദ്യവർഷങ്ങളിൽ തഫ്സീറുൽ ജലാലൈനിയുടെ ദർസ് ശൈഖുനയുടെ രചനയായ തൈസീറുൽ ജലാലൈനിയുടെ അകമ്പടിയോടെയായിരുന്നു. ആയത്തുകളുടെ സിയാഖും സബബുന്നുസൂലും അലാ ഹാമിശിൽ ആയ:യും അത്തഫ്‌സീറുമൊക്കെ വിശകലനം ചെയ്ത് ഉസ്താദ് ഖുർആൻ വചനങ്ങളുടെ അർത്ഥതലങ്ങളിലേക്ക് ഞങ്ങളെ കൈപ്പിടിച്ചു നടത്തി. ശൈഖുന തൈസീറുൽ ജലാലൈനിയിൽ സന്ദർഭോചിതമായി കൃത്യതയോടെയും വ്യക്തതയോടെയും ആധികാരികതയോടെയും അവതരിപ്പിക്കുന്ന മബ്ഹസുകൾ ചർച്ചീകരിക്കാനും ഉസ്താദ് അത്യുത്സാഹം കാണിച്ചിരുന്നു. ക്ലാസിന് ഹാശിയത്തുൽ ജമലും ഹാശിയത്തുസ്സ്വാവിയും ഖാസിനും റാസിയും അബു സ്സുഊദുമെല്ലാം അകമ്പടി സേവിക്കാറുണ്ട്. എങ്കിലും "ഓൾ ഇൻ വൺ " ആയ ശൈഖുനയുടെ മാസ്റ്റർപീസ് രചന തൈസീറുൽ ജലാലൈനി തന്നെയായിരുന്നു അകമ്പടി കാര്യക്കാരൻ. തൈസീറിനെയും അതിന് വേണ്ടിയുള്ള ശൈഖുനയുടെ ഭഗീരഥയത്നത്തെയും മുക്തകണ്ഠം പ്രശംസിക്കുകയും അവ സ്വന്തമായി വാങ്ങിച്ച് മുത്വാലഅ ചെയ്യാനും നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നു. അനിയന്റെ കിതാബിന് ജ്യേഷ്ഠന്റെ പ്രമോശനെന്ന് പറഞ്ഞ് ഞങ്ങൾ വിദ്യാർത്ഥികൾ തമാശയാക്കാറുണ്ടായിരുന്നു.അപ്പോഴും സുസ്മേര വദനനായി അപ്പറഞ്ഞതിന്റെ സാംഗത്യം തെര്യപ്പെടുത്തിത്തരുമായിരുന്നു.
ഒ.കെ ഉസ്താദിന്റെ അരുമസന്താനം ഡോ. അബ്ദുൽ ഗഫൂർ ഖാസിമിയുടെ ദുർഗ്രാഹ്യതാ വിപാടനവും സുഗ്രാഹ്യതാ വിഭാവനവും ചെയ്യുന്ന, അനുവാചകർക്ക് നയനാനന്ദദായകമായ കെട്ടിലും മട്ടിലും രചിച്ച ഒന്നാന്തരം ശർഹ് "തസ്ഖീലുൽ മിർആത്ത്" വെച്ചായിരുന്നു ഉസ്താദിന്റെ മുഖദ്ദിമയുടെ ക്ലാസ് . അപരിചിതങ്ങളായ വാക്കുകളുടെയും അജ്ഞേയങ്ങളായ വാക്യങ്ങളുടെയും അർത്ഥങ്ങൾ സുതരാം വ്യക്തമാക്കി വിഷയാടിസ്ഥാനത്തിലുള്ള സജീവമായ ചർച്ചകളും ഉദാഹരണ സഹിതം സുഗ്രഹമാം വിധമുള്ള ഉസ്താദിന്റെ വിശദീകരണവും ഇൽമുൽ ഹദീസിലെ സാങ്കേതിക പദങ്ങൾ ഇഴകീറി ചർച്ച ചെയ്യുന്ന ക്ലാസിന് സൗഷ്ഠവമേകിയിരുന്നു. അതുപോലെ വിശ്വാസ ശാസ്ത്രത്തിലെ കാവ്യഗ്രന്ഥമായ ജൗഹറത്തുത്തൗഹീദിന്റെ ക്ലാസിലും ശൈഖുനയുടെ രിസ്ഖുൽ അസ്ഫിയാഇലെ ഗഹനമായ വിഷയങ്ങൾ വിരുന്നെത്തുമായിരുന്നു. എല്ലാ ബൈത്തുകളുടെയും ആശയങ്ങൾ കുറിച്ചെടുക്കാനായി ആറ്റിക്കുറുക്കി ക്ലാസിൽ തന്നെ നിർബന്ധബുദ്ധ്യാ പറഞ്ഞുതന്നിരുന്നു. ക്ലാസുകളിലൊക്കെ സ്വർഫ്-നഹ്‌വിന്റെ അതിപ്രാധാന്യം അടിക്കടി ഉണർത്തുമായിരുന്നു. ഉസ്താദിന്റെ പഠനകാലത്തെ ഗൗരവതരവും രസാവഹവുമായ സംഭവവികാസങ്ങളും അതിനിപുണരായ പർവ്വതസമാനരായ ഉസ്താദുമാരൊത്തുമുള്ള സ്മര്യ നിമിഷങ്ങളും അയവിറക്കാറുണ്ടായിരുന്നു.
ഉസ്താദിന്റെ ഏകസന്താനം അബ്ദുൽ വദൂദ് ശാമിൽ ഇർഫാനിയുടെ സതീർത്ഥ്യത ഉസ്താദുമായുള്ള ഞങ്ങളുടെ ബന്ധത്തിന് സുദൃഢത വർധിപ്പിച്ചു. ഉസ്താദിന്റെ വീട്ടിൽ ഞങ്ങൾ സതീർത്ഥ്യർ പലവുരു സന്ദർശനം നടത്തിയിട്ടുണ്ട്. അഭിവാദനമർപ്പിച്ച് പൂമുഖത്ത് കയറേണ്ട താമസം ഉസ്താദ് ആനയിച്ച് കസേരയിൽ ഇരുത്തും. സംസാരത്തിനിടെ അകത്തേക്ക് ചെന്ന് ചായയും മറ്റും ഏർപ്പാടാക്കി ആതിഥേയന്റെ റോൾ ചാരുതയോടെ നിർവ്വഹിക്കുമായിരുന്നു. ഗുരു-ശിഷ്യ ബന്ധത്തിൽ നിന്ന് ആതിഥേയൻ-അതിഥി സമീപനത്തിലേക്കുള്ള ചുവടു മാറ്റം ഉസ്താദിൽ പ്രകടമായിരുന്നു. അവസാന കാല സന്ദർശനങ്ങളിൽ പോലും കിതാബ് ഓതി കൊടുക്കാനുള്ള ഉൽക്കടമായ ആഗ്രഹം പറഞ്ഞിരുന്നു. ദീർഘമായ കുശലാന്വേഷണങ്ങൾക്ക് ശേഷം കൈപിടിച്ചിറങ്ങാൻ നേരം ഉസ്താദ് ഞങ്ങളെ കൊണ്ട് ദുആ ചെയ്യിപ്പിക്കുകയും ഞങ്ങളുടെ കൂടെ ഇരുന്ന് ദുആഇൽ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. എത്ര ഭക്തിസാന്ദ്രമായ കൂടിച്ചേരലുകൾ ......!!! അല്ലാഹു ഖബൂലാക്കുമാറാകട്ടെ ....
പഠനം കഴിഞ്ഞ് ഒളവണ്ണ മദീനത്തു സി.എമ്മിൽ സേവനമേറ്റതിനു ശേഷം ഉസ്താദിനെ കാണാൻ പോയപ്പോൾ " ഉസ്താദ് ഓതിത്തന്ന കിതാബുകൾ ഓതി കൊടുക്കുന്നുണ്ടെന്ന് " സന്തോഷം പറഞ്ഞപ്പോൾ രോഗത്തിന്റെ കരാളഹസ്തത്തിലകപ്പെട്ട് വേദനയുടെ കൈപ്പുനീർ കടിച്ചിറക്കുമ്പോഴും "അൽഹംദുലില്ലാഹ്, എല്ലാം ഖൈറിലാകട്ടെ ... " എന്ന് പ്രതിവചിച്ച് ആശീർവദിക്കാനും ഉസ്താദ് മറന്നില്ല.
രോഗഗ്രസ്ഥനായി പരവശതയുടെ തീച്ചൂളയിൽ കഴിയുമ്പോഴും ജുമുഅ - ജമാഅത്തിൽ ഉസ്താദ് കാണിച്ച കണിശത ഒന്നു മാത്രം മതി ഉസ്താദിന്റെ ആരാധനകളോടുള്ള ആഭിമുഖ്യവും അർപ്പണബോധവും മനസ്സിലാക്കാൻ . ക്ലാസുകൾ ലീവാക്കൽ തുലോം തുച്ഛമായിരുന്നു. സഹജമായ ശാരീരിക ബുദ്ധിമുട്ടുകളൊന്നും തന്നെ ഒരളവോളം ഉസ്താദിന്റെ വിദ്യാപ്രസരണത്തിന് വിഘ്നമായിരുന്നില്ല. വല്ലായ്മകൾ നൈരന്തര്യം അലട്ടിയിട്ടും തളരാതെ അന്നാന്ന് ഓതിക്കൊടുക്കാനുള്ള കിതാബുകൾ കൈയ്യിലേന്തി മന്ദം മന്ദം നടന്ന് ഗോവണിപ്പടി കയറിവന്ന് ക്ലാസെടുക്കുന്ന ആ മഹാമനീഷിയുടെ ആത്മാർത്ഥത വരച്ചു കാണിക്കാൻ വിനീതന്റെ വാക്കുകൾ അശക്തമാണ്.
*ഈ കുറിപ്പിലൂടെ കണ്ണ് പായിക്കുന്നവരോട് ഒരു എളിയ അപേക്ഷയുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന്റെ പരലോക ഗുണത്തിന് വേണ്ടി ഒരു ഫാതിഹ ഓതണേ .........*
*വിജ്ഞാനപ്രസരണത്തിന്റെ ദീപ്തകിരണങ്ങൾ അവിടുത്തെ മണ്ണറയെ എന്നെന്നും പ്രഭാപൂരിതമാക്കട്ടെ ......ആമീൻ*
✍️ സഅദുദ്ധീൻ ശാമിൽ ഇർഫാനി കൂരിയാട്
No comments:
Post a Comment