*സമർപ്പണത്തിന്റെ കനൽ വഴികൾ*
🌷🌷🌷
അല്ലാഹുവിൽ നിന്ന് നബി (സ) കൊണ്ടുവന്ന കാര്യങ്ങളെ ഹൃദയം കൊണ്ട് അംഗീകരിക്കലും അനുസരിക്കലുമാണ് ഈമാൻ . ആകയാൽ നബി (സ)യെ അറിയാതെ അവിടുന്ന് കൊണ്ടുവന്ന കാര്യങ്ങളെ അനുസരിക്കൽ ശ്രമകരം തന്നെ. അവിടത്തോടുള്ള സ്നേഹം ഹൃദയത്തിന്റെ ഉത്തുംഗതലത്തിൽ എത്തുമ്പോഴാണ് ഈമാൻ പൂർണ്ണമാകുന്നത്. നബി (സ) പറയുന്നു : നിങ്ങളിൽ നിന്ന് ഒരാളും സ്വന്തം ശരീരത്തേക്കാളും അവന്റെ മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും ഇതര ജനങ്ങളെക്കാളും എന്നെ സ്നേഹിക്കുന്നതുവരെ പരിപൂർണ്ണ വിശ്വാസിയാവുകയില്ല.
ഈ ഖുദ്സിയ്യായ ഹദീസിന്റെ പ്രതീകമാണ് ഈമാനിൽ മുൻപന്തിയിൽ നിൽക്കുന്ന നബി(സ)യുടെ സന്തതസഹചാരിയുമായ അബൂബക്ർ (റ). മഹാനവർകളുടെ ഈമാനിനെ കുറിച്ച് ഉമർ (റ) പറയുന്നു: അബൂബക്റി(റ)ന്റെ ഈമാൻ തുലാസിന്റെ ഒരു തട്ടിലും മറ്റു മുഴുവൻ ജനങ്ങളുടെ ഈമാൻ മറ്റേ തട്ടിലും വെച്ച് തൂക്കിയാൽ അബൂബക്റി(റ)ന്റെ ഈമാനിനായിരിക്കും മുൻതൂക്കം. പ്രവാചക സ്നേഹം തന്നെയായിരുന്നു അവിടുത്തെ ഈമാനിന്റെ വിലാസം . ഹിജ്റയും സൗർ ഗുഹയുമെല്ലാം അത് വിളിച്ചോതുന്നുണ്ട്. തന്നെക്കാൾ രണ്ട് വയസ്സ് മുതിർന്ന ഹബീബ്(സ) യെ തോളിലേറ്റിയിട്ടാണ് അവിടുന്ന് സൗർ മല കയറിയത്.
ഗുഹാമുഖത്തെത്തേണ്ട താമസം ഹബീബ് (സ) യെ മുൻകടന്ന് ഗുഹക്കകത്തു പ്രവേശിച്ച് ഭീതിജനകമായ ദ്വാരങ്ങൾ അടച്ച് ഹബീബിന് (സ) സുരക്ഷിതത്വം ഉറപ്പുവരുത്തി.ശേഷിച്ച ദ്വാരം പെരുവിരൽ കൊണ്ടടച്ചു പിടിച്ച് തന്റെ മടിത്തട്ട് ഹബീബിന് ഉപധാനമാക്കിക്കൊടുത്തു. ആ ദ്വാരത്തിൽ നിന്ന് സർപ്പ ദംശമേറ്റപ്പോഴും തന്റെ പ്രേമഭാജനം ഉണരുമെന്ന ആശങ്ക നിമിത്തം കാലനക്കാതെ അസഹ്യമായ വേദന ഏറ്റുവാങ്ങിയതും ഈമാനിന്റെ പത്തരമാറ്റു കൊണ്ടാണ്. ഹിജ്റയുടെ പ്രയാണ ഘട്ടത്തിൽ നബി (സ)ക്ക് മുന്നിലും പിന്നിലുമായി നടന്ന് സ്നേഹഭാജനത്തിന്റെ അതീവ സുരക്ഷയെ ലക്ഷ്യമാക്കിയ സിദ്ദീഖ് (റ) ന്റെ സ്നേഹാതിരേകത്തിന്റെ ആഴവും വൈപുല്യവുമെത്രയാണ് !!.സ്വന്തം ജീവനേക്കാൾ റസൂലിന് മുൻഗണന കൊടുത്ത ഇതര വിവിധ സ്വഹാബീ ജീവിതങ്ങളുടെ വർണാഭമായ ചരിതങ്ങൾ കൊണ്ടും നബിചരിത്രം നിർഭരമാണ്.
ഉഹ്ദ് രണാങ്കണം അതിന്റെ നേർചിത്രമാണ്.യുദ്ധം കൊടുമ്പിരി കൊണ്ടു , മുസ്ലിം സൈന്യം ചിന്നിച്ചിതറി, മൂർച്ചയേറിയ അസ്ത്രങ്ങൾ ശത്രു പക്ഷത്ത് നിന്ന് തിരുദൂതർക്കെതിരെ (സ) പാഞ്ഞടുത്തു. സ്വജീവനേക്കാൾ പ്രിയമേറിയ ഹബീബിന്റെ ദേഹത്തേക്ക് ദ്രുതവേഗതയിൽ വരുന്ന അസ്ത്രത്തിന് നേരെ മാർദ്ധവമേറിയ തന്റെ കവിൾ തടങ്ങൾ നീട്ടി കൊടുക്കുന്ന അബൂത്വൽഹ(റ)യുടെ സഹനവും വെട്ടേറ്റ് ജീവനുമായി മല്ലിടുന്ന വേളയിലും "റസൂലിനെ സംരക്ഷിക്കണേ .......... " എന്ന സഅദ് (റ) ന്റെ പ്രേമരോദനവും "തിരുദൂതരേ......... അവിടുത്തെ കാലൊന്ന് നീട്ടിത്തരൂ അതിൽ കിടന്നൊന്ന് മരിക്കട്ടെ " എന്ന അപേക്ഷയും സമർപ്പണത്തിന്റെ പ്രതിധ്വനികളാണ്.
യുവാക്കളായ സ്വഹാബികളുടെ ജീവാർപ്പണമാണ് ഇവിടെയൊക്കെ പ്രമേയമെങ്കിൽ ഇതാ വർഗ്ഗം മറന്ന് സ്ഥലകാല ബോധം നഷ്ടപ്പെട്ട് ഓടി വരുന്നൊരു കിളിനാദം. ഇരയെ കണ്ട പുലിയെക്കാൾ വേഗതയിൽ ബീവി ഉമ്മു സഅദ് (റ) രണാങ്കണമാകെ ഓടുകയാണ്. ചിരപരിചിതരതാ വെട്ടേറ്റ് കിടക്കുന്നു. പൊന്നുപ്പയുടെയും പ്രിയ ഭർത്താവിന്റെയും സ്വന്തം സഹോദരന്റെയും ചേതനയറ്റ ശരീരങ്ങളിലൊന്നും കണ്ണുടക്കിയില്ല. അവർക്കറിയേണ്ടത് പുന്നാര നബി (സ) എവിടെയെന്നാണ് . തിരുദൂതർക്ക്(സ) ഒന്നും സംഭവിച്ചിട്ടില്ലെന്ന് കണ്ടപ്പോൾ ഹൃദയം പുളകം കൊണ്ടു . രക്തസാക്ഷിത്വം വരിച്ച പ്രിയപ്പെട്ട മൂവരെയും ഹബീബിൽ സമർപ്പിച്ചു മടങ്ങുന്നു. അതിശയവും അതിലുപരി പ്രവാചകപ്രേമത്തിന്റെ രമ്യതയും തുളുമ്പുന്ന കാഴ്ച !!
ഉഹ്ദിൽ മുറിവേറ്റവർക്ക് മരുന്ന് നൽകിയും ദാഹിച്ചവർക്ക് വെള്ളം കൊടുത്തും പോരാളികൾക്ക് പിന്നണി ശക്തി നൽകി കൊണ്ടിരിക്കെയും യുദ്ധത്തിന്റെ അവസ്ഥ മാറി വന്നതറിഞ്ഞ് ഒരു വനിതാ സിംഹം അതാ പോർക്കളത്തിൽ . അതാണ് ഉമ്മു അമ്മാറ (റ). നേതാവായ മുത്ത് നബി (സ) ക്കെതിരെ ആയുധമണിഞ്ഞ് ശത്രുക്കൾ പാഞ്ഞ് വരുന്നു. ഏറ്റുമുട്ടലിന്റെ തീക്ഷ്ണതയിൽ പലരും ജീവൻ ത്യജിച്ച് നിലം പതിക്കുന്നു. ഒരു ഭാഗത്ത് മക്കളും ഭർത്താവും ശഹീദാകുന്നു. അതൊന്നും ഉമ്മു അമ്മാറയെ (റ) തളർത്തിയില്ല. പരിഭ്രമിച്ചില്ല, പേടിച്ചില്ല, വിരണ്ടോടിയില്ല, ധീരയായി ആവേശത്തോടെ ഉറച്ചു നിന്നു.
ശത്രുപക്ഷത്ത് നിന്നും ഹബീബിനു (സ) നേരെ പാഞ്ഞുവരുന്ന ഇബ്നു കുംഅയുടെ കുന്തത്തിന് മുന്നിലേക്ക് ഒരു നിമിഷത്തെ ആലോചനയ്ക്ക് പോലും ഇടം നൽകാതെ ചാടി വീഴുകയായിരുന്നു ഉമ്മു അമ്മാറ (റ). മഹതിയുടെ തോളെല്ല് തകർത്ത് കൊണ്ടാണ് ആ കുന്തം കടന്ന് പോയത്. രക്തം ചിതറി, നിലത്ത് വീണു. കാരുണ്യത്തിന്റെ കേദാരമായ മുത്ത് നബി (സ) മകനോട് സംരക്ഷണം കൊണ്ട് നിർദേശിച്ചു. പ്രണയാധിക്യം മൂലം ജീവൻ മറന്ന വിസ്മയത്തിന്റെ പര്യായമായ ആ വനിത പറയുകയുണ്ടായി : പുന്നാര നബിയേ ........... ഇത് അങ്ങേയ്ക്ക് സമർപ്പിച്ചതാണ്. ഇതിലെനിക്ക് ഭയമില്ല. തുടർന്നു മകനോടായി പറഞ്ഞു: മോനേ നീ ഉമ്മാനെ സംരക്ഷിക്കേണ്ടതില്ല ........ പകരം എന്റെ ഹബീബി(സ) ന്റെ ശരീരത്തിലൊരു പോറലുമേൽക്കാൻ സമ്മതിക്കരുത്.
പ്രേമസാഗരത്തിലെ പ്രവാചക സന്നിധിയിലെ അധ്യായമിതെങ്കിൽ അതിനേക്കാൾ അതിശയിപ്പിക്കുന്നതാണ് അസാന്നിധ്യത്തിലെ അനുരാഗ നിമിഷങ്ങൾ. ഇസ്ലാമിക പ്രചരണത്തിനിറങ്ങിയ പത്തുപേരിൽ അവശേഷിച്ച ഖുബൈബ് ഇബ്നു അദിയ്യ് (റ) നെ ശത്രുക്കൾ തൂക്കുമരത്തിലേക്ക് ആനയിച്ചു. കൈക്കാലുകൾ ചേദിക്കപ്പെട്ടു. മഹാൻ മരണത്തിന്റെ അയലത്തെത്തി.വേദന കൊണ്ട് പിടയുന്ന ഖുബൈബരോട് ശത്രുപക്ഷത്തുനിന്ന് കരുണയുടെ ഒരു വികൃത കവാടം " എടാ ഖുബൈബ് ......... നിന്റെ നേതാവ് മുഹമ്മദ് നീ ഇപ്പോഴുള്ള അവസ്ഥയിലാവുകയും നീ രക്ഷ പ്രാപിക്കുകയും ചെയ്യുന്നത് നീ ഇഷ്ടപ്പെടുമോ? സമ്മതിച്ചാൽ നിന്നെ അഴിച്ചുവിടാം" .അനുഭവിക്കുന്ന വേദനയേക്കാൾ അസഹ്യമായിരുന്നു ഖുബൈബിന് (റ) ഈ രക്ഷാ വാക്ക്. അവർ പറഞ്ഞു: അല്ലാഹുവാണ് സത്യം, എന്നെ എന്റെ കുടുംബത്തോടൊന്നിച്ച് സുഖമായി താമസിപ്പിച്ചാലും എൻ്റെ നേതാവിന്റെ കാലിൽ ഒരു മുള്ള് തറക്കുന്നതു പോലും ഞാൻ ഇഷ്ടപ്പെടുകയില്ല".
സ്വഹാബത്തിന്റെ അനുരാഗ കഥകളുടെ വ്യാപ്തി എഴുതി തീർക്കുക അസാധ്യമാണ്. അതിന്റെ ഭാവഹാദികൾ കേവലം കാമക്കഥകൾക്കോ നോവലുകൾക്കോ എത്തിപ്പിടിക്കാവുന്നതുമല്ല. ഇവ്വിധം ജീവാർപ്പണം നടത്തിയ മറ്റൊരു നേതാവിനെ ചരിത്രത്താളുകളിൽ ചികഞ്ഞന്വേഷിച്ചാലും കാണാൻ കഴിയില്ല. അതാണ് മുത്ത് മുഹമ്മദ് (സ). നബി സ്നേഹമാകുന്ന പാരാവാരത്തിലെ ഒരു തുള്ളിയാകണം ..... ആ പ്രണയ സാഗരത്തിലെ ഒരു ചെറിയ മത്സ്യമാകണം ........ നാഥൻ തുണക്കട്ടെ ..........ആമീൻ.
🔷🔷🔷🔷🔷
✍️ SA ATTEERI
No comments:
Post a Comment