Thursday, 5 February 2026

 


ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂളിയത്. ഞാനവർക്കു അത്രമേൽ ഭാരമായിരുന്നോ.!! അതോ എൻ്റെ വിനോദങ്ങളുടെ രസച്ചരടറുത്തു മാറ്റാനായിരുന്നോ..!! അല്ലെങ്കിൽ ഞാൻ ദത്തെടുക്കപ്പെട്ടതാണോ .....!! ഇടത്തേക്കും വലത്തേക്കും മാറി മാറി ചെരിഞ്ഞും മറിഞ്ഞും അവനവൻ്റെ അസ്വസ്ഥതക്ക് പരിഹാരം കാണാൻ കിണഞ്ഞു ശ്രമിച്ചു. അവൻ്റെ ചെറിയ കൈവിരലുകളിൽ അവൻ എണ്ണം പിടിക്കുന്നു .... ഡിസംബർ, ജനുവരി, ഫെബ്രുവരി , മാർച്ച്, ഏപ്രിൽ .......... "അഞ്ചു മാസമോ" അവൻ നീരസത്തോടെ ആത്മഗതം ചെയ്തു. 


ഉമൈർ ആറാം ക്ലാസിലാണ്. അവൻ്റെ ഉമ്മ പത്തു പെറ്റിട്ടുണ്ട്. അഞ്ച് വീതം ആൺ-പെൺ മക്കൾ. ഒരുമയുടെ പര്യായമെന്ന പോലെ അവരൊന്നിച്ച് ഉണ്ടും ഉറങ്ങിയും കളിച്ചും രസിച്ചും ജീവിച്ചുപോന്നു. അതിനിടക്കാണ് ഗൾഫിലുള്ള അമ്മാവനും അമ്മായിക്കും ഒരാശയമുദിച്ചത്. മൂന്നു പെൺമക്കൾ മാത്രമുള്ള നമുക്ക് ഒരാൺ തരിയെ കുടുംബത്തിൽ നിന്നെവിടെന്നെങ്കിലും പൊക്കിയെടുക്കാൻ കഴിയുമോ ?. ഭർത്താവ് ഗൾഫിൽ പോയാൽ വീട്ടിൽ ഒരാൺതരിയുടെ സാന്നിധ്യവും കടയിൽ പോയി സാധനവും മറ്റും വാങ്ങിത്തരാൻ ഒരാളുമാകും ........ അമ്മായിയുടെ ചിന്താചക്രവാളത്തിൽ ശരവേഗം ആലോചനകൾ പതഞ്ഞുപൊന്തി. അതിനുവേണ്ടി ഭർത്താവിനെ പ്രേരണയുടെ കയത്തിലേക്ക് തള്ളിയിടുകയും ചെയ്തു. വരുംവരായ്കകൾ കൂട്ടിക്കിഴിക്കുമ്പോഴൊക്കെയും ആശ്വാസത്തിലെത്തിച്ചേരുന്നതു കൊണ്ട് അമ്മാവനും അതങ്ങ് പാസാക്കി. അടുത്തതായി കുടുംബത്തിലെ ആരെയാണിതിന് സമീപിക്കുകയെന്നായി. രണ്ടാൾക്കുമിടയിൽ വാദങ്ങളും ന്യായീകരണങ്ങളും പ്രതികരണങ്ങളും നിഗമനങ്ങളും തിമിർത്തു പെയ്തു. അൽപം കഴിഞ്ഞ് മഴ പെയ്തൊഴിഞ്ഞ മാനം പോലെ രണ്ടു ഹൃദയങ്ങളും ശാന്തമായി. ഇരു ഹൃത്തുകളും ഒന്നായി ലയിച്ചു. ഭർത്താവിൻ്റെ പത്തു മക്കളുള്ള സഹോദരിയോട് ഒരു ചെക്കനെ ചോദിക്കാമെന്നായി. അമ്മാവന് ഏറ്റവും ഇഷ്ടമുള്ള അളിയനും ഉമൈറിൻ്റെ ഉപ്പയായിരുന്നു. ഉപ്പക്ക് തിരിച്ചങ്ങോട്ടും നല്ല ശുഷ്കാന്തി. അങ്ങനെ കാര്യങ്ങൾ തീരുമാനമായി . ആ തലവരക്ക് വിധേയമായത് ഉമൈറായിരുന്നു. 


അവധി ദിനങ്ങളിൽ പാറിനടക്കുന്ന മൈതാനങ്ങൾ , ജയന്തി ചേച്ചീടെ വീടിനോട് ചാരിയുള്ള കൊച്ചു കുളത്തിലെ കുഞ്ഞു മത്സ്യങ്ങൾ , ഉറ്റവരോടൊത്തുള്ള സൗന്ദര്യദായകമായ കൊച്ചു കൊച്ചു പിണക്കങ്ങൾ , സ്വന്തം മക്കളെ പോലെ വെച്ചും വിളമ്പിയും സ്നേഹസ്പർശം നടത്തുന്ന കൂട്ടുകാരുടെ ഉമ്മമാർ , സർവ്വ സ്വാതന്ത്ര്യവുമനുഭവിച്ച അവരുടെ വീടകങ്ങൾ , കാരണവന്മാരുടെ വീമ്പുകളും വാചാടോപങ്ങളും കട്ടുകേൾക്കാൻ ഒതുങ്ങി കൂടിയ പള്ളിക്കോലായികൾ , ഊടുവഴികളിലൂടെയും പൊതുനിരത്തുകളിലൂടെയും ട്ർണീം , ട്ർണീം ...... എന്ന് വായ് കൊണ്ട് ശബ്ദിച്ചും ഹവായ് ചെരുപ്പുകൾ നിലത്തുരച്ച് ബ്രേക്കിട്ടും അമിതവേഗതയിലോടിച്ച കൂട്ടുകാരുടെ മുക്കാവണ്ടി സൈക്കിളുകൾ , തുരുതുരാ വീണു കിടന്നിട്ടും ആരും പൊറുക്കിയെടുക്കാനില്ലാതെ വിഷമിക്കുന്ന സീനത്താത്താൻ്റെ പുളിച്ചോട്ടിലെ വാളൻപുളികളും കള്ളിക്കുന്നിലെ ഇരുമ്പൻ പുളികളും കോയാക്കാൻ്റെ കുറുക്കൻ മാങ്ങയും തങ്ങന്മാരെ ഞാവൽപഴവും എല്ലാം ഇട്ടേച്ച് ഉമൈർ അമ്മായിടെ വീട്ടിലേക്ക് പോകണമെന്നാണുപ്പ പറയുന്നത്. ഉമ്മക്ക് കൂടുതലൊന്നും പറയാനാവുന്നില്ല. അല്ലെങ്കിലും വിരഹത്തിൻ്റെ വേദന സ്ത്രീ ഹൃദയങ്ങളിൽ കൊത്തി വെക്കുന്ന തീക്ഷ്ണത അത്ര ചെറുതൊന്നുമല്ലല്ലോ. തെളിഞ്ഞവെള്ളത്തിൻ്റെ വർണ്ണമുള്ള ഉമൈറിൻ്റെ നിഘണ്ടുവിൽ അനുസരണക്കേട് എന്ന പദമില്ലായിരുന്നു. ഉപ്പയോട് നോ പറയാൻ ഉമൈറിനെ അവൻ്റെ കുടുംബസാഹചര്യം പഠിപ്പിച്ചിട്ടില്ലായിരുന്നു. പോകാനുള്ള നാൾ അടുത്തു വന്നു. നെഞ്ചു താളം തെറ്റി മിടിക്കാൻ തുടങ്ങി. ഏകാന്തനായി തേങ്ങിക്കരയാൻ അവനെയനുവദിക്കുന്ന രാത്രികളെ ഉമൈർ ഇഷ്ടപ്പെട്ടു തുടങ്ങി. ജലതുന്ദിലമായി വീർപ്പുമുട്ടുന്ന അണക്കെട്ട് കണക്കെ അവൻ്റെ ഇരു നേത്രങ്ങളും പൊട്ടിയൊഴുകാൻ വെമ്പൽ കൊണ്ടു. പല തുള്ളി പെരുവെള്ളം എന്നു പറഞ്ഞതുപോലെ മുറിപ്പെടുത്തുന്ന ചിന്തകൾ ഒന്നിനു പിറകെ ഒന്നായി വന്ന് അവസാനം കണ്ണുകളിൽ വിസ്ഫോടനം സൃഷ്ടിച്ചു. തലയിണയിലേക്കും പുതപ്പിലേക്കും നനവു പടർന്നു. ആ കണ്ണീരിൻ്റെ ഇളം ചൂടേറ്റ് അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീണ കുറച്ച് രാത്രികളായിരുന്നു അത്. ഓർമയുടെ മുള്ളുകൾ നെഞ്ചിൽ തറയ്ക്കുമ്പോൾ നമുക്കും ചെയ്യാനുള്ളത് അത്രയല്ലേയുള്ളൂ ?!...... കരയുക. അവഗണിക്കപ്പെടുന്നു എന്ന അറിവാണ് ഏറ്റവും വേദനാജനകമായ ശിക്ഷ. അതിലൂടെ കടന്നുപോകുന്നതായിട്ടാണ് ഉമൈറിന് ആ മണിക്കൂറുകൾ അനുഭവപ്പെട്ടത്. അവൻ വിധിയുടെ ദുരൂഹതയിലേക്കുള്ള യാത്രക്കായി ഒരുക്കംകൂട്ടി. അങ്ങനെ രണ്ടു വീടുകളിലും ലഗേജ് തയ്യാറാക്കലായി. ഒന്ന് കടൽ കടന്നുള്ള പ്രതീക്ഷാമുനമ്പിലേക്കും മറ്റൊന്ന് നിരാശകൾ കുത്തിനിറച്ച പാരതന്ത്ര്യ കൂട്ടിലേക്കും. എല്ലാം മുറപോലെ നടന്നു. ഉമൈർ അമ്മായിടെ വീട്ടിലും അമ്മാവൻ അറബിയുടെ വീട്ടിലുമെത്തി. 


വിശേഷദിവസമായതിനാൽ അന്ന് തീന്മേശയിൽ ഉമൈറിന് ലഭിച്ചത് വിഭവങ്ങളുടെ നീണ്ടനിരയായിരുന്നു. സുഭിക്ഷമായ ഭക്ഷണം കണ്ടിട്ടും പതിവിന് വിപരീതമായി ഉമൈറിൻ്റെ ഉമിനീർ ഗ്രന്ഥി സുഷുപ്തിയിലായിരുന്നു. 







No comments:

Post a Comment

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...