*"വിദ്യാർത്ഥിജീവിതത്തിന്റെ അവസാന താളിൽ പതിഞ്ഞ സ്നേഹമുഖങ്ങൾ "*
2021 മാർച്ച് 30 , വീണ്ടും ഒരു യാത്രപറച്ചിലിന്റെ തിരക്കിലാണ്. എന്നാൽ ജീവിതത്തിന്റെ ഒരു പ്രധാന ഘട്ടമായ ഔദ്യോഗിക വിദ്യാർത്ഥിക്കാലത്തിന്റെ ദിശാസൂചികയും നടന്നുനീങ്ങിയെന്നത് ഈ യാത്ര പറച്ചിലിന്റെ പ്രസക്തി വർധിപ്പിക്കുന്നു. ജീവിതാന്ത്യം വരെ വിദ്യാർത്ഥിയായി ജീവിക്കണമെന്ന മഹദ്വചനം ഉൾകൊണ്ട് അറിവാക്ഷരങ്ങളോടുള്ള നിതാന്ത പ്രണയവുമായി ഇനിയും മുന്നേറണം. നാഥൻ തുണയ്ക്കട്ടെ.
അത്യാധുനിക വൈജ്ഞാനിക സിദ്ധാന്തങ്ങളോട് കിടപിടിക്കുന്ന വിസ്മയാവഹമായ മുന്നേറ്റം സാധ്യമാക്കിയ സമന്വയ വിദ്യാഭ്യാസം എന്ന ആശയത്തിലേക്ക് വഴിതെളിച്ച രണ്ട് അഗ്രേസരരായ ജ്ഞാന നിറകുടങ്ങളുടെ അക്ഷീണയത്ന ഫലമായ *കോടമ്പുഴ ദഅവ കോളേജിലാണ്* പത്താം ക്ലാസിന് ശേഷം ഒമ്പതാണ്ട് പഠിച്ചത്. ആ വിജ്ഞാന മലർവാടിയിൽ നിന്ന് നവവർഷം വിജ്ഞാനമധു നുകരാൻ ഭാഗ്യം ലഭിച്ചതിൽ നാഥനെ സ്തുതിക്കുന്നു.
കോടമ്പുഴയിലെ അവസാന വർഷത്തിന്റെ സിംഹഭാഗവും പിന്നിട്ടതിന് ശേഷമാണ് ഇനിയെന്ത്? എന്ന ചോദ്യശരം മനസ്സിനെ കുത്തി നോവിച്ചത്. ഉപരിപഠനവും ഭാഷാപഠന വിപുലീകരണവും അന്നേ ലക്ഷ്യം വെച്ചിരുന്നു. സഅദിയയിലെ അദബ് തഖസ്സുസിനെ കുറിച്ച് ആ നാളുകളിൽ ഒരുപാട് കേട്ടു. ജ്യേഷ്ഠൻ ഇസ്സുദ്ധീൻ സഅദിയും അഫ്ളലികളായ ഇർഫാനി സുഹൃത്തുക്കളും കോഴ്സിനെ കുറിച്ച് കൂടുതൽ പറഞ്ഞു തന്നു. സഹപാഠികളും തുടർ പഠനത്തിന് സഅദിയ്യയിലേക്കുണ്ടെന്നറിഞ്ഞപ്പോൾ സന്തോഷം പതിന്മടങ്ങ് വർധിച്ചു.
അങ്ങനെ ആഗ്രഹം *ശൈഖുനയെ* അറിയിച്ചു. തുടർപഠനം സഅദിയ്യയിൽ അദബ് വിഭാഗത്തിലാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞപ്പോൾ ശൈഖുന പറഞ്ഞു: " അവിടെ പി.എ. ഉസ്താദിന്റെ മകനുണ്ടല്ലോ , അദ്ദേഹം കുട്ടികളെ നല്ലോണം നോക്കും. എന്നാൽ വേഗം അപേക്ഷ കൊടുത്തോളൂ".
കൊറോണ കാരണം കോടമ്പുഴ വാർഷിക പരീക്ഷ വീഡിയോ കോൾ വഴിയായിരുന്നു. തദവസരം *ശൈഖുന മാടവന ഉസ്താദ്* പരീക്ഷാചോദ്യങ്ങൾക്കു ശേഷം " ഇനിയെന്താ അടുത്ത പ്ലാൻ " എന്നു ചോദിച്ചു. അപ്പോൾ ഉസ്താദിനോട് സഅദിയയിൽ തഖസ്സുസിന് ചേരാനാഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ആശീർവാദം വാങ്ങി. അങ്ങനെ സഅദിയ ഓൺലൈൻ ഇന്റർവ്യൂ ഡേറ്റ് പബ്ലിഷ് ചെയ്യപ്പെട്ടു. ഇന്റർവ്യൂവിന് മുമ്പായി എല്ലാ ഉസ്താദുമാരെയും വിവരമറിയിച്ചു.
ഇന്റർവ്യൂ കഴിഞ്ഞു. സെലക്ഷൻ കിട്ടി. ഓൺലൈൻ ക്ലാസ് ഉടനെ ആരംഭിക്കുകയും ചെയ്തു. ഗൂഗിൾ മീറ്റിൽ ക്ലാസുകൾ തകൃതിയായി നടന്നു. സഅദിയ തഖസ്സുസ് *അദബ് ഡിപാർട്ട്മെന്റ് ഹെഡായ ഉസ്താദ് ഉബൈദുല്ലാഹ് നദ്വിയുടെ* ക്ലാസുകൾ ഹഠാദാകർഷിച്ചു. ഉസ്താദിന്റെ ഭാഷാവൈദഗ്ധ്യം ഏവരെയും അമ്പരപ്പെടുത്തുന്നതാണ്. അലിയ്യുത്ത്വൻത്ത്വാവിയുടെ സുവറും വ ഖവാത്വിറിലെയും തൗഫീഖുൽ ഹകീമിന്റെ അഹ്ലുൽ ഖഹ്ഫിലെയും ഷേക്സ്പിയറിന്റെ ശ്രദ്ധേയ രചനയായ ജൂലിയസ് സീസറിന്റെ ഭാഷാന്തരത്തിലും വരുന്ന അറബി പദങ്ങൾക്ക് അറബിയിൽ തന്നെ പര്യായങ്ങൾ നിരത്തി പദവൈജാത്യം സൃഷ്ടിച്ച് വിസ്മയം തീർക്കുന്ന ക്ലാസ നുഭവങ്ങൾ ഉസ്താദ് ആർജ്ജിച്ച പദസമ്പത്തിന്റെ വൈപുല്യത്തെയാണ് ദ്യോതിപ്പിക്കുന്നത്. മാത്രമല്ല , അറബീ പദങ്ങൾക്ക് തതുല്യമായ ശുദ്ധ മലയാളത്തിലുള്ള അർത്ഥങ്ങളും കൂടി കേട്ടാൽ ഉസ്താദിന്റെ മലയാള ഭാഷാ പരിജ്ഞാനവും ബോധ്യമാകും. ചില പദങ്ങൾക്കുള്ള ഉസ്താദിന്റെ മലയാളാർത്ഥം കേട്ട് ദഹിക്കാത്ത സ്ഥിതി സംജാതമായപ്പോൾ വീണ്ടും വീണ്ടും ലഘൂകരണം തേടിയ രസാവഹമായ സന്ദർഭങ്ങൾ ഓർമ്മയിൽ ഒളി മങ്ങാതെ തെളിയുന്നുണ്ട്. മറ്റു ചിലപ്പോൾ ഇംഗ്ലീഷ് അർത്ഥം കൂടി പറയും. ക്ലാസ് വേളകളിൽ ഉസ്താദിന്റെ ജിഹ്വയിൽ നിന്നു നിർഗളിക്കുന്ന മൊഴിമുത്തുകൾ ഒപ്പിയെടുക്കാൻ ചാരത്ത് സാവേശം വെമ്പുന്ന ശിഷ്യഗണങ്ങളിൽ ഇംഗ്ലിഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരുണ്ട്. അവരെയും മുട്ടുകുത്തിക്കുന്ന തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ഉസ്താദിന്റെ ആംഗലേയ ഭാഷാ പാടവവും പ്രസ്താവ്യമാണ്.
മുഴു സമയവും ഞങ്ങളുടെ വൈജ്ഞാനിക മുന്നേറ്റമാണ് ഉസ്താദ് ലക്ഷ്യം വെച്ചത്. മജ്ജയിലും മാംസത്തിലും ഇഴുകിച്ചേര്‍ന്ന ഒരു സദുദ്ദേശ്യമായി ആദ്യന്തം അത് നിലകൊണ്ടുവെന്നത് സുതരാം വ്യക്തമാണ്.
അറബീ പത്രങ്ങളും പ്രസക്ത ലേഖനങ്ങളും കഥാസമാഹാരവും ഉസ്താദിന്റെ ക്ലാസുകൾക്ക് ചമൽക്കാരമേകി. ഉസ്താദും സതീർത്ഥ്യരായ സകല കുട്ടികളുമുൾകൊള്ളുന്ന ബാച്ച് വാട്സ് ആപ്പ് ഗ്രൂപ്പ് അറബീപത്രങ്ങൾ കൊണ്ടും ഇതര എഴുത്തുകൾ കൊണ്ടും ഭാഷാ പുരോഗതി ലക്ഷ്യം വെച്ചുള്ള വിഡിയോകൾ കൊണ്ടും രാപ്പകലില്ലാതെ നിബിഡമാവാറുണ്ട്. ശാരീരിക ക്ഷീണങ്ങൾ വകവെക്കാതെ സദാ സമയവും വൈജ്ഞാനിക സേവനങ്ങളിൽ നിരതനാവുന്ന ഉസ്താദിന്റെ ജീവിത രീതി അനുകരണീയമാണ്. "മൂത്തവരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും " എന്ന ചൊല്ല് ഉസ്താദിന്റെ ക്ലാസുകളിൽ സ്മരണീയമാണ്.
ദുഷ്പ്രാപ്യമെന്ന് കരുതിയിരുന്ന പല മേഖലകളിലേക്കും സധൈര്യം മുന്നേറാൻ സഹായകമാകും വിധം അവയുടെ വാതായനങ്ങൾ ഉസ്താദ് തന്റെ അധ്യാപനത്തിലൂടെ ഞങ്ങൾക്കു മുമ്പിൽ മലർക്കെ തുറന്നു വെച്ചു. ഉസ്താദിന്റെ വിമര്‍ശനങ്ങള്‍ പോലും ഇഷ്ടത്തിന്റെ അടയാളങ്ങളായിരുന്നു. നന്മകള് അംഗീകരിക്കാനും അഭിനന്ദിക്കാനും തയ്യാറാകുന്നവരുടെ വിമര്‍ശനങ്ങള്‍ അര്ഥവത്തായിരിക്കുമെന്നതിന്റെ മകുടോദാഹരണമാണ് ഉസ്താദ്. തന്റെ ശിഷ്യഗണങ്ങളുടെ ഔന്നത്യം മാത്രം ലക്ഷ്യം വെച്ച് ഉസ്താദ് നിഷ്കർഷിക്കുന്ന ആശയങ്ങളും കൈകൊള്ളുന്ന നടപടികളും ചിലപ്പോഴെങ്കിലും ചിലരെങ്കിലും വിമുഖതയോടെ സ്വീകരിച്ചേക്കുമോ എന്ന് കരുതി ഉസ്താദ് ഇടക്കിടെ ഓർമ്മിപ്പിക്കാറുള്ള ഒരു മഹത്തായ വാക്യവും കൂടി എഴുതിച്ചേർക്കുന്നു. *"മഹദ്വചനങ്ങൾക്ക് മാർദ്ദവമില്ലെങ്കിൽ ഉദ്ദേശ്യശുദ്ധിക്ക് മാപ്പു നൽകൂ "*.നിർഭരമായ മഷിക്കുപ്പിയിൽ മുക്കിയെടുത്ത തൂവലിൽ നിന്ന് ഇറ്റിവീണ ഒരു തുള്ളി മാത്രമാണിത്.വിഭവം തീരാ അക്ഷയപാത്രത്തിൽ നിന്നുള്ള ഒരു പിടി മാത്രമാണിത്.പ്രവിശാലമായ സമുദ്രത്തിൽ നിന്ന് അലയടിച്ച ഒരു തിര മാത്രമാണിത്. ഇനിയും എഴുതാനേറെയുണ്ട്. കുറിപ്പ് നീളുമെന്ന് ഭയന്ന് ചുരുക്കുന്നു.
വാത്സല്യത്തിന്റെ പര്യായമാണ് *ലത്തീഫ് സഅദി ഉസ്താദ്*. അലകടൽ പോലെ വിശാലമായ മാനസത്തിന്റെയുടമയാണ് ഉസ്താദെന്ന് ആ സുസ്മേരവദനം കൊട്ടിഘോഷിക്കുന്നതായി തോന്നാറുണ്ട്. വ്യക്തിപ്രഭാവം പകര്‍ന്നു നല്കുന്ന ഹൃദ്യമായ മന്ദസ്മിതമാണ് ഉസ്താദിനെ വ്യത്യസ്തനാക്കുന്നത്. തിരുനബിയുടെ പാഠം നിറപുഞ്ചിരി ധര്മമാണെന്നാണല്ലോ. എത്ര ചമയങ്ങൾ വാരി അണിഞ്ഞാലും ഹൃദയത്തിൽ നിന്നുള്ള ഒരു പുഞ്ചിരി ആയിരിക്കും ഏവരേയും ആകർഷിക്കുന്നത് എന്നതിൽ സംശയമില്ല. ഹൃദയങ്ങളുടെ ചേർച്ചയാണ് എന്നും സൗന്ദര്യം. മറ്റുള്ളവരുമായി സംവദിക്കുമ്പോൾ ഹൃദയം കൊണ്ട് സംസാരിക്കാനുള്ള ആ വിശാലമനസ്കത പ്രശംസാർഹമാണ്. അവിടെ വലിപ്പ ചെറുപ്പങ്ങൾക്ക് സ്ഥാനമില്ലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഉള്ളതിനപ്പുറം പെരുപ്പിച്ച് പറഞ്ഞും പ്രകടിപ്പിച്ചും അഹന്തകളിൽ അഭിരമിച്ച് പ്രശസ്തിക്കും മറ്റും നെട്ടോട്ടമോടുന്ന നടപ്പുകാലത്ത് വിശുദ്ധിയുടെ നിഷ്കളങ്കതയിൽ വേറിട്ട് നിൽക്കുന്ന മഹാമനസ്കനായ ഒരു മഹാ മനുഷ്യനാണ് ജ്ഞാനതൃഷ്ണയാൽ ജീവിതം സ്ഫുടം ചെയ്തെടുത്ത ഉസ്താദ് . ഇൽമിലും തഖ്വയിലും ഉദ്ഗതി കൈവരിച്ച ഉസ്താദ് എല്ലായിടത്തും സ്വയം ചെറുതായി ചെറുതായി വിനയാന്വിതനാവുന്നത് കാണുമ്പോൾ വല്ലാത്ത മതിപ്പ് തോന്നാറുണ്ട്. ക്ലാസുകളിൽ സമയാധിക്യം മൂലമോ മറ്റോ കുട്ടികളുടെ മുഖത്ത് ആലസ്യത്തിന്റെയോ വിരസതയുടെയോ ചെറു ലാഞ്ഛന പോലും പ്രകടമാകാതെ പൂർവ്വോപരി ആവേശത്തോടെ ഉസ്താദിന്റെ നർമ്മോക്തികൾ കലർത്തിയ ക്ലാസുകൾ കുട്ടികൾ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നത് തന്നെ ഉസ്താദിന്റെ മികച്ച അവതരണ പാടവത്തിനുള്ള തെളിവാണ്. വാക്കുകൾ കിട്ടിയാൽ അതിന്റെ മൂലധാതുവും അതിൽ നിന്ന് നിഷ്പന്നമായ വാക്കുകളും കൈയ്യിലെടുത്ത് അമ്മാനമാടൽ ഉസ്താദിന്റെ സബ്ഖുകളിലെ നിത്യ കാഴ്ചയാണ്. ആത്മവിശ്വാസത്തിന്റെ കരുത്തിൽ മനസ്സിലെ അടിമത്വമാകുന്ന അപകർഷതയെ തുടച്ചുനീക്കി വിജയത്തിന്റെ പുത്തൻ അധ്യായങ്ങൾ രചിക്കാനാണ് ഉസ്താദ് ശ്രമിച്ചത്. അപകർഷതയുടെ ഐസ് ഉരുകി ആത്മവിശ്വാസത്തിന്റെ ജലമായി മാറുന്ന സന്തോഷകരമായ പ്രക്രിയ അനുഭവവേദ്യമായ കഥകൾ പറയാനുണ്ടാവും അവിടുത്തെ ശിഷ്യർക്ക്. സഹനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബലത്തിൽ എല്ലാം സഹിക്കാനും ക്ഷമിക്കാനും കരുത്തില്ലാത്തവർ ജീവിത യാഥാർഥ്യത്തിനു മുന്നിൽ കാലിടറി വീഴുന്നത് പലപ്പോഴും നാം കാണാറുണ്ട്. ചിലർ പ്രതിസന്ധി വരുമ്പോൾ പിന്മാറും. മറ്റു ചിലർ പ്രതികൂല സാഹചര്യങ്ങളുണ്ടായാലും തളരാതെ വീണ്ടുമതു പടുത്തുയർത്താൻ ശ്രമിക്കും. ഇത്തരുണത്തിൽ വിവിധ ഭാഷാ പ്രസരണത്തിനും വൈജ്ഞാനിക മുന്നേറ്റങ്ങൾക്കും ഏതറ്റം വരെയും ഉസ്താദ് മുന്നിലുണ്ടാവും. പിടക്കുന്ന ഹൃദയവുമായി തന്റെ മുമ്പിലിരിക്കുന്ന ശിഷ്യരുടെ ഹൃദയ സ്പന്ദനങ്ങൾ മനസ്സിലാക്കി അവരുടെ കഷ്ടതയിലേക്ക് ആശ്വാസത്തിന്റെ തെളിനീർ ചൊരിയുന്ന ഉസ്താദ് മിഴികളിലൂടെയല്ല മനസ്സിലൂടെയാണ് കാഴ്ചയ്ക്ക് ഇടം നൽകേണ്ടതെന്ന് പഠിപ്പിച്ചു. ഇത്തരത്തിൽ അക്ഷരങ്ങൾ ചേർത്തു വെച്ച് പലയാവർത്തി വായിച്ചത് കൊണ്ട് മാത്രം ഗ്രഹിക്കാനാവാത്ത പല നല്ലപാഠങ്ങളും ഉസ്താദ് പകർന്നു തന്നു. അര്‍ത്ഥപൂര്‍ണമായ വാക്കുകള്‍ക്കൊണ്ട് ഉസ്താദ് വരച്ചിട്ട സ്നേഹവും വാത്സല്യവും അറിവനുഭവങ്ങളും എന്നും നെഞ്ചകത്തിൽ മായാതെ കിടക്കും. ഉസ്താദ് പകര്‍ന്നു തന്ന സമത്വബോധവും സ്നേഹവും ഭാഷാബോധവും വളരെ വലുതാണെന്ന് ഒരിക്കൽ കൂടി കൃതജ്ഞതയോടെ സ്മരിക്കുന്നു.
*അച്ചൂർ സഅദി ഉസ്താദ്.* എന്നും ഞങ്ങളുടെ ആവേശമായിരുന്നു ഉസ്താദ് . തന്റെ വ്യക്തിത്വത്തെ പൊടിയിട്ട് വിളക്കാതെ ആത്മാർത്ഥതയുടെ ആൾരൂപമായി നിസ്വാർത്ഥമായി ദീനി സേവനം നടത്തുന്ന യുവപണ്ഡിതനും എഴുത്തുകാരനുമാണ് ഉസ്താദ് . ജാമിഅത്തുൽ ഹിന്ദിന്റെ പുസ്തക നിർമ്മാണ കമ്മിറ്റിയിൽ മുഖ്യ പങ്ക് വഹിച്ചിരുന്ന ഉസ്താദ് കുറഞ്ഞ കാലം കൊണ്ട് തന്നെ നിരവധി ഗ്രന്ഥങ്ങൾ സിലബസിന് സമ്മാനിച്ചിട്ടുണ്ട്. വളർന്നു വരുന്ന കുട്ടികൾക്ക് വളരെ സഹായകമാകുന്ന തരത്തിലായിരുന്നു അവയുടെ ക്രമീകരണം. ആലസ്യവും അനവധാനതയും ഗ്രസിക്കാതിരിക്കാൻ പ്രചോദനാത്മകമായ വാക്കുകൾ കൊണ്ട് നിരന്തരം ഇഞ്ചക്ഷൻ നൽകി ഉസ്താദ് ഞങ്ങൾക്ക് കരുത്തേകാറുണ്ട്. പ്രസംഗിപ്പിച്ചും എഴുതിപ്പിച്ചും പരിശീലനങ്ങൾ നൽകി ഉസ്താദ് എല്ലാ പുരോഗമന പ്രവർത്തനങ്ങൾക്കും ഞങ്ങളുടെ സന്തത സഹചാരിയായി കൂടെ നിന്നു. വാക്കുകളുടെ കൃത്യമാർന്ന ഉപയോഗങ്ങളിലും ഭാഷാ പ്രയോഗങ്ങളിലും ഉസ്താദിനുള്ള കഴിവ് അപാരം തന്നെ. മഖാമാത്തുൽ ഹരീരി യിലെ പദാവലികൾ സമ്മാനിക്കുന്ന അന്ധാളിപ്പ് വകവെക്കാതെ നെല്ലും പതിരും വേർതിരിച്ച് അവയുടെ വകഭേദങ്ങൾ തെര്യപ്പെടുത്തുന്ന ടീച്ചിംഗ് മെത്തേഡ് കേമം തന്നെ. വാക്കുകളുടെ പര്യായമോ നാനാർത്ഥമോ ആരാഞ്ഞാൽ പിന്നെ വാക്കുകളുടെ ഘോഷയാത്രയായിരിക്കും ഫലം. മനഃസാക്ഷിയുടെ സ്വാഭാവിക മാർഗനിർദേശങ്ങളെ അപേക്ഷിച്ച്, നന്മ ചെയ്യാനുള്ള ശക്തമായ ഒരു പ്രേരകഘടമായാണ് വിശ്വാസം വർത്തിക്കേണ്ടതെന്നും ഒരാളിൽ വേരൂന്നിയ വിശ്വാസം മനഃസാക്ഷിക്ക് അറിവ് പകരുകയും തെറ്റും ശരിയും വിവേചിച്ചറിയാനുള്ള അതിന്റെ പ്രാപ്തിയെ കൂടുതൽ സൂക്ഷ്മമാക്കുന്നുവെന്നും ഉസ്താദിനെ വായിച്ചാൽ കൂടുതൽ ബോധ്യമാകും. നാം ഓരോരുത്തരും നമ്മുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ജീവിതത്തിലെ മാനസിക സംഘര്‍ഷങ്ങളെ അതിജീവിച്ച് സമൂഹത്തിന് ശാശ്വതമായ വൈജ്ഞാനികമായ സംഭാവനകള്‍ അർപ്പിക്കണമെന്ന് ഉസ്താദ് ഉപദേശിക്കാറുണ്ട്.
*اترك أثرا قبل الرحيل*
നിലപാടുകളുടെ തോഴനാണ് ഉസ്താദെന്നത് വിസ്മരിച്ചു കൂടാ . ഏത് വിഷയത്തിലും വസ്തുതയുടെ നിലപാടു തറയിൽ കാലുറപ്പിച്ചുള്ള ആ അഭിപ്രായപ്രകടനം വസ്തുനിഷ്ഠമായിരിക്കും. *"യോജിക്കാം വിയോജിക്കാം , സ്നേഹാദരവുകൾ എന്നും അവശേഷിക്കും "* എന്ന ഉസ്താദിന്റെ പോളിസി തന്നെ ആത്മാർത്ഥതയിൽ നിന്ന് ഉരുവം കൊണ്ടതാണ്.
ഉസ്താദാണെങ്കിലും ഞങ്ങളിലൊരുവനായി കൂടെ നിന്ന് കാണുമ്പോഴൊക്കെ കുശലാന്വേഷണം നടത്തുന്ന ആ വ്യക്തിത്വത്തെ *ചിയ്യൂർ ഉസ്താദ്* എന്ന് വിളിക്കാം. കളിയും ചിരിയും ഉണ്ടെങ്കിലും ക്ലാസ് റൂമിൽ അധ്യാപക സീറ്റിൽ മിന്നും പ്രകടനം തന്നെ കാഴ്ച വെക്കാറുണ്ട്. അപാകതകൾ സംഭവിച്ചു പോയാൽ സദുദ്ദേശ്യപരമായി ഉണർത്താറുമുണ്ട്. അറബി ഇൻശാഇൽ കഴിവു തെളിയിച്ച പ്രതിഭ കൂടിയാണ് ഉസ്താദ്.
തന്റെ കൃത്യാന്തര ബാഹുല്യങ്ങൾക്കിടയിലും അവസരങ്ങൾ സൃഷ്ടിച്ച് ഇംലാഇന്റെ ക്ലാസുകൾ സമ്മാനിച്ച് ഖത്തുർറുഖഅ പഠിപ്പിച്ച *സൈഫു ഉസ്താദിനെയും* നന്ദിയോടെ ഓർക്കുന്നു.
ക്ലാസുകൾ ഇല്ലെങ്കിലും *കെ.കെ. ഉസ്താദ് , മാണിക്കോത്ത് ഉസ്താദ് , കുട്ടശ്ശേരി ഉസ്താദ് , സ്വാലിഹ് ഉസ്താദ് , തുവ്വൂർ ഉസ്താദ് ,കെ.സി. റോഡ് ഉസ്താദ് , തങ്ങൾ ഉസ്താദ് , തൃക്കരിപ്പൂർ ഉസ്താദ്* തുടങ്ങിയ പണ്ഡിതശ്രേഷ്ഠരോട് ബന്ധം പുലർത്താനയതിൽ അതിയായി സന്തോഷിക്കുന്നു.
ജ്യേഷ്ഠന്റെ സതീർത്ഥ്യരായ *ഫാസിൽ സഅദിയെയും സലീം സഅദിയെയും* പരിചയപ്പെടാനായതും സന്തോഷപൂർവ്വം ഓർക്കുന്നു.
*"പിണങ്ങി നില്ക്കുന്നവരുടെ ആരാധനകള്‍ പോലും മാറ്റിവെക്കപ്പെടും, അവര്‍ പരസ്പരം ഇണങ്ങുവോളം "* എന്നത് ഒരു പ്രധാനപ്പെട്ട നബിവചനമാണ്. ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായാലും കൂടെ നില്ക്കാന് എന്നും *നല്ല സൗഹൃദങ്ങളുണ്ടാകും.* സ്വന്തബന്ധുക്കള്‍ തള്ളിപ്പറയുമ്പോഴും വേദനകള്‍ നൂലാമാലയായി കെട്ടുപിണഞ്ഞു കിടക്കുമ്പോഴും കൂടെനില്ക്കാന് *കൂട്ടുകാര്‍* ഉണ്ടാകും. അതെ, സൗഹൃദങ്ങള്‍ എപ്പോഴും താങ്ങും തണലുമാണ്. അതുകൊണ്ടു തന്നെ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യമാണ് സൗഹൃദം. സൗഹൃദം എപ്പോഴും ആത്മാര്‍ഥത നിറഞ്ഞതായിരിക്കണം. ആത്മാര്‍ഥതയില്ലാത്ത സൗഹൃദം ഭയാനകമാണ്. *സഅദിയ്യ എനിക്കും സമ്മാനിച്ചു അനേകം ആത്മാർത്ഥ സൗഹൃദങ്ങൾ.* ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ കൈവരുന്ന സൗഭാഗ്യമാണ് നല്ല സുഹൃത്തുക്കള്‍. ഭൗതിക താല്പര്യങ്ങളില് നിന്ന് മുക്തമായ സൗഹൃദത്തിന് മാറ്റ് കൂടുക തന്നെ ചെയ്യും. സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ് പ്രാര്‍ഥന. സുഹൃത്തിന്റെ നന്മക്കായി, വിജയങ്ങള്‍ക്കായി, കുടുംബത്തിനായി, ഭാവി ജീവിതത്തിനായി നാം പ്രാര്‍ഥിക്കുമ്പോള്‍ അത് സ്നേഹമാണ്. *നാം അങ്ങനെയുള്ള സുഹൃത്തുക്കളാവുക. നാഥൻ തുണക്കട്ടെ .....*
*സ്നേഹനിധികളായ നമ്മുടെ മാതാപിതാക്കൾ, ഉസ്താദുമാർ , ഇതര ബന്ധുക്കൾ എല്ലാവരെയും നാളെ തിരുനബി (സ) യുടെ ജിവാറിലായി സ്വർഗത്തിൽ അള്ളാഹു ഒരുമിച്ചു കൂട്ടട്ടെ ........ആമീൻ*
Super
ReplyDelete