Sunday, 25 October 2020

പ്രവാചകാധ്യാപനങ്ങളിലേക്ക് ഉറ്റു നോക്കുന്ന നവസമൂഹം

 

ലോകത്ത് ഇന്നും ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന നേതാവ് അശ്റഫുൾ വറാ ത്വാഹാ റസൂലുള്ളാഹി ﷺ തങ്ങൾ മാത്രമാണ്. ശാസ്ത്രം വരെ അവിടുത്തെ ദർശനങ്ങൾക്ക് അംഗീകാരം നൽകികൊണ്ടിരിക്കുകയാണ്. എല്ലാ രംഗത്തും നമുക്ക് ഉത്തമ മാതൃക കാണിച്ചുതന്ന അവിടുന്ന് വഫാതിൻ സമയത്തും ഉമ്മത്തിനെ ഓർത്ത് കരഞ്ഞവരാണ്. അതുകൊണ്ട് തന്നെ നാം സ്വശരീരത്തേക്കാളും മാതാപിതാക്കളെക്കാളും മറ്റെന്തിനേക്കാളും ഹബീബ് ﷺ തങ്ങളെ സ്നേഹിക്കേണ്ടവരാണ്. അവിടുത്തെ സ്വഭാവഗുണങ്ങളും ശരീരപ്രകൃതിയും വർണ്ണനാതീതമാണ്. എത്ര എത്ര ഗ്രന്ഥങ്ങളാണ് അവിടുത്തെ സൗന്ദര്യത്തെ വർണ്ണിക്കുന്നത്. അവിടുത്തെ കമാലായ മുഖം കണ്ടവർക്ക് സിനിമയോ മറ്റു കാഴ്ചകളോ കാണാൻ മോഹമുണ്ടാവില്ല. അവിടുത്തെ കവച്ചുവച്ച ഒരു കാഴ്ചയും ലോകത്തില്ല...!ما شاء الله 

    AD 571 ഏപ്രിൽ 21 തിങ്കളിലുദിച്ച് 632 വരെയുള്ള 63 വർഷക്കാലത്തെ മനുഷ്യായുസിൽ ഒരു രാജകൊട്ടാരമോ സായുധ സേനകളോ അംഗരക്ഷകരോ ഇല്ലാതെ നൂറ്റാണ്ടുകൾ കൊണ്ട് ചെയ്ത് തീർക്കേണ്ട കാര്യങ്ങളാണ് ലോകത്തിന് കാഴ്ചവെച്ചത്. അനാഥ ബാലനായിരുന്ന മുഹമ്മദ്‌ നബി ﷺ അറേബ്യൻ ഭരണാധികാരിയിലേക്ക് നടന്നുനീങ്ങിയ വഴികൾ പരിശോധിച്ചാൽ അവിടുത്തെ ﷺ കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടും. മനുഷ്യ സൗഹാർദ്ദങ്ങൾ തകർന്നടിയുന്ന ആധുനിക യുഗത്തിൽ അവിടുത്തെ ﷺ മൊഴിമുത്തുകൾ നാം ചിന്തിക്കേണ്ടതുണ്ട്. കാഫിറാണെങ്കിലും നിന്റെ അയൽവാസികളെ നീ ആദരിക്കുക, ചെറിയവരോട് കരുണ കാണിക്കാത്തവരും വലിയരുടെ മഹത്വം തിരിച്ചറിയാത്തവരും എന്റെ സമുദായത്തിൽ പെട്ടവരല്ല,  അയൽവാസി പട്ടിണികിടക്കുമ്പോൾ നീ വയറ് നിറച്ച് ഭക്ഷിക്കരുത്, വഴിയിൽ മുള്ള് കണ്ടാൽ പോലും ആ തടസ്സം നീക്കണം, ഏറ്റവും ചെലവ് കുറഞ്ഞ വിവാഹമാണ് ഏറ്റവും മഹത്വം, അറിവ് വിശ്വാസിയുടെ കളഞ്ഞു പോയ സമ്പത്താണ് അതെവിടെ കണ്ടാലും പെറുക്കിയെടുക്കണം, പെണ്ണിന്റെ സുരക്ഷിതത്വം സമൂഹത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്, തുടങ്ങിയ മൊഴിമുത്തുകൾ ഈ സാഹചര്യത്തിൽ നമുക്ക് വിസ്മരിച്ചു കൂടാ... വൃദ്ധസദന വാസികളുടെ എണ്ണം അടിക്കടി പെരുകുമ്പോൾ മാതാപിതാക്കളുടെ തൃപ്തിയിലും കോപത്തിലുമാണ് റബ്ബിന്റെ തൃപ്തിയും കോപവും എന്ന തിരുദർശനവും വളരെ പ്രസക്തമാണ്. 

    'എന്റെ മകൾ ഫാത്തിമ കട്ടാലും ഞാൻ അവളുടെ കൈ മുറിക്കും ' സാഹചര്യങ്ങൾക്കു വേണ്ടി പരമോന്നത നീതി പീഠം വരെ ഉത്തരവാദിത്വങ്ങൾ വലിച്ചെറിയുന്ന കാലത്താണ് തിരു നബി ﷺ യുടെ ഈ പ്രഖ്യാപനത്തിന്റെ വലുപ്പം ലോകം തിരിച്ചറിയുന്നത്. നിസ്സാര കാര്യങ്ങൾക്കു പോലും കൊലപാതകങ്ങൾ തുടർക്കഥയാകുമ്പോൾ അത് വൻപാപങ്ങളിലെണ്ണിയ തിരുനബി ദർശനം  പ്രസക്തമാകുന്നു. കൊലയാളികളും പീഡന വീരന്മാരും ഹ്രസ്വകാല തടവറ കൊണ്ട് രക്ഷപ്പെടുകയും ഭയമന്യേ വീണ്ടും തെറ്റുകളിൽ വ്യാപൃതരാവുകയും ചെയ്യും വിധം പഴുതുകളുളള നിയമങ്ങൾ ഉൾകൊള്ളുന്ന ആധുനിക യുഗത്തിൽ അവിടുത്തെ ﷺ ശിക്ഷാനടപടികൾ പ്രാബല്യത്തിൽ വരുത്തൽ തന്നെ ശരണമെന്ന് നിരവധി വിദഗധർക്ക് പരസ്യമായി പറയേണ്ടി വന്നു. മദ്യം തിന്മകളുടെ താക്കോലാണ്. കവർച്ച, ബന്ധങ്ങളിലെ ബന്ധനം തുടങ്ങിയ അരുതായ്മകൾക്കും മദ്യം ഹേതുവാകുമ്പോൾ ഘട്ടം ഘട്ടമായി സമ്പൂർണ മദ്യ നിരോധനം നടപ്പിലാക്കിയ പ്രവാചകരിൽ ഇന്നിന്റെ ഭരണ കർത്താകൾക്കു മാതൃകയുണ്ട്. 

    വർഗ വിവേചനത്തിന്റെ പേരിൽ അമേരിക്കയിലും യൂറോപ്പിലും ഹത്യകൾ നിത്യമാകുമ്പോൾ കറുകറുത്ത ബിലാൽ തങ്ങളടക്കമുള്ളവരെയും, വെളുവെളുത്ത സൽമാനുൽ ഫാരിസി തങ്ങളെ പോലുള്ളവരെയും ഒരേ ചെരടിൽ കോർത്ത്‌, നിറമല്ല ഭക്തിയാണ് മർമ്മ പ്രധാനമെന്നോതിയ മാതൃകാ മുത്തിന്റെ ദർശന കീർത്തനം പാരാകെ പുതുകാലത്ത് അലയടിച്ചുകൊണ്ടിരിക്കുന്നു. 

    പകർച്ച വ്യാധി പകരുമ്പോൾ മറ്റുള്ളവരുടെ സുരക്ഷക്ക് വേണ്ടി വിദേശത്തേക്ക് പോകരുതെന്നും സ്വരക്ഷക്ക് വേണ്ടി വിദേശത്തു നിന്ന് പടർന്നാൽ സ്വദേശത്തേക്ക് വരരുതെന്നും അരുൾ ചെയ്ത ആ  ദർശനമെത്ര അർത്ഥഗർഭം.. ! മഹാമാരിയായ കൊറോണക്ക് ശാസ്ത്രം നിർദ്ദേശിക്കുന്ന പ്രതിവിധി ശരിയായ ശുചീകരണമാണെങ്കിൽ ആയിരത്തി നാന്നൂറ് വർഷം മുൻപ് മുത്ത് നബി ﷺ പഠിപ്പിച്ച 'ശുദ്ധി ഈമാനിൻ്റെ പാതിയാണ് ' എന്ന ആശയത്തിന്റ സൗന്ദര്യവും പ്രാധാന്യവും നാം ഗ്രഹിക്കേണ്ടതുണ്ട്. 

    19-ാം  നൂറ്റാണ്ടിൽ തന്നെ ചരിത്രകാരന്മാർ 'ചരിത്രം സൃഷ്ടിച്ച യുവ പുരുഷന്മാരെ ' കുറിച്ച് നടത്തിയ പഠനത്തിൽ മുഹമ്മദ്‌ നബി ﷺ തങ്ങൾക്ക് ഉന്നത സ്ഥാനം നൽകിയിട്ടുണ്ട്. മറ്റൊരു സാഹിത്യകാരൻ 'ലോകത്തെ സ്വാധീനിച്ച 100 വ്യക്തിളുടെ പട്ടികയിൽ മുത്ത് നബി ﷺ യെ ഒന്നാമനായി പരാമർശിച്ചിട്ടുണ്ട് '. ഇത്തരത്തിൽ അവിടുത്തെ കുറിച്ചൊരുപാട് പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. പ്രാവാചകരെ അടുത്തറിയാൻ ശ്രമിച്ചവരെല്ലാം ആ വ്യക്തിത്വത്തെ പുകയ്ത്താൻ മടി കാണിച്ചിട്ടില്ല. അടുക്കുന്തോറും ആകർഷിക്കുന്ന പ്രതിഭാസമാണ് മുത്ത് നബി ﷺ. വിശ്വാസികളായ നാം തിരുചര്യകൾ ജീവിതത്തിൽ പകർത്തി അവിടത്തോട് ﷺ കൂടുതൽ അടുക്കേണ്ടവരാണ് . 

💚🤍💙💚🤍💙💚🤍💙

Courtesy : ummunabeel.


No comments:

Post a Comment

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...